ദൂഷ്ടതകളോട് എതിരിട്ട് സ്വാതന്ത്ര്യം സംരക്ഷിക്കണം

വര്‍ഗീയത മുതല്‍ ഭീകര പ്രവര്‍ത്തനം വരെയുള്ള ദൂഷ്ടതകളോട് എതിരിട്ട് സ്വാതന്ത്യത്തെ പരിരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക് നമ്മുടെ കുട്ടികള്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങളെ ചെറുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളോട് ഏവരും സഹകരിക്കുകയും വേണം. ഇന്ത്യന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളേക്കുറിച്ച് ചിന്തിക്കേണ്ട അവസരം കൂടിയാണ് ഈ സ്വാതന്ത്ര്യ ദിനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ രാജ്യത്തിന് അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങളുണ്ടായെങ്കിലും പരാധീനതകളും നിലനില്‍ക്കുന്നു. ഇക്കാലയളവില്‍ ജനാധിപത്യം നിലനിന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം. നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പലപ്പോഴും ജനാധിപത്യം ധ്വംസിക്കപ്പെട്ടിട്ടുള്ള പശ്ചാത്തലത്തിലാണ് ഇത് കാണേണ്ടത്. ആഭ്യന്തരമായും വൈദേശികമായും ഭീഷണികള്‍ ഉയരുന്ന ഇക്കാലത്ത് നിതാന്ത ജാഗ്രത പാലിക്കുകയാണ് സ്വാതന്ത്ര്യ സംരക്ഷണത്തിനുള്ള മാര്‍ഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാവിലെ 8.30ന് മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തി സായുധ സേനാ വിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. മൂന്നാര്‍ അസി. പോലീസ് സൂപ്രണ്ട് മെറിന്‍ ജോസഫായിരുന്നു പരേഡ് കമാന്‍ഡര്‍. സായുധ സേനാ വിഭാഗങ്ങളായ മലബാര്‍ സ്‌പെഷ്യല്‍ പോലീസ്, സ്‌പെഷ്യല്‍ ആംഡ് പോലീസ്, കേരള ആംഡ് പോലീസിന്റെ വിവിധ ബറ്റാലിയനുകള്‍, ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയന്‍, കര്‍ണ്ണാടക സ്റ്റേറ്റ് പോലീസ്, തിരുവനന്തപുരം സിറ്റി സായുധ റിസര്‍വ് പോലീസ്, തിരുവനന്തപുരം സിറ്റി വനിത പോലീസ്, ജയില്‍ വകുപ്പ്, സായുധരല്ലാത്ത ഘടങ്ങളായ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ്, വനം വകുപ്പ്, എക്‌സൈസ് വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, സൈനിക സ്‌കൂള്‍, എന്‍.സി.സി. സീനിയര്‍, ജൂനിയര്‍ ഡിവിഷനുകള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റസ്(ബോയ്‌സ്, ഗേള്‍സ്), സ്‌കൗട്ടസ്, ഗൈഡ്‌സ്,അശ്വാരൂഢ സേന,, ബാന്‍ഡുകളായ സ്‌പെഷ്യല്‍ആംഡ് പോലീസ് തിരുവനന്തപുരം, കേരള സായുധ പോലീസ് 3-ാം ബറ്റാലിയന്‍, കേരള സായുധ പോലീസ് 5-ാം ബറ്റാലിയന്‍, തിരുവനന്തപുരം സിറ്റി പോലീസ് എന്നിവര്‍ പരേഡില്‍ അണിനിരന്നു. തിരുവനന്തപുരം സിറ്റി ആംഡ് റിസര്‍വ് അസി. കമാന്‍ഡന്റ് എന്‍. സുരേഷായിരുന്നു സെക്കന്റ് ഇന്‍ കമാന്‍ഡ്. തുടര്‍ന്ന്, രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് മെഡലുകള്‍, ജീവന്‍ രക്ഷാ പതക്കങ്ങള്‍, മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് മെഡലുകള്‍, പ്രിസണ്‍സ് മെഡലുകള്‍, എക്‌സൈസ് മെഡലുകള്‍, ട്രാന്‍സ്‌പോര്‍ട്ട് മെഡലുകള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. 2016 ലെ ഏറ്റവും നല്ല പോലീസ് കണ്ടിജന്റിനുള്ള മുഖ്യമന്ത്രിയുടെ റോളിംഗ് ട്രോഫി സ്‌പെഷ്യല്‍ ആംഡ് പോലീസിനും മികച്ച പ്രകടനത്തിനുള്ള ഈഗിള്‍സ് ട്രോഫി കെ.എ.പി നാലാം ബറ്റാലിയനും ഏറ്റവും നല്ല നോണ്‍ പോലീസ് കണ്ടിജന്റിനുള്ള റോളിംഗ് ട്രോഫി എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ ബോയ്‌സിനും മുഖ്യമന്ത്രി സമ്മാനിച്ചു. സായുധസേന പതാകദിനത്തില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ റോളിംഗ് ഷീല്‍ഡും സമ്മാനിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ സൂപ്രണ്ട് ഓഫ് പോലീസ് എസ്. ഷാജഹാന്‍ ഫിറോസ്, ഡെപ്യൂട്ടി കമ്മീഷണര്‍ തമ്പി എസ്. ദുര്‍ഗ്ഗാദത്ത്, സബ് ഇന്‍സ്‌പെക്ടര്‍ ജി. ഹരിപ്രസാദ്, സബ് ഇന്‍സ്‌പെക്ടര്‍ കെ.എന്‍. രാമരാജന്‍, സബ് ഇന്‍സ്‌പെക്ടര്‍ തലോകരന്‍ റാഫേല്‍ ഗ്‌ളാഡ്‌സ്റ്റണ്‍, ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.കെ. ശ്രീനിവാസന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ എ.ജെ. വര്‍ഗീസ് എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് മെഡല്‍ മരണാനന്തര ബഹുമതിയായി ഫയര്‍മാന്‍ ടി.വി ചിത്തേന്ദ്രനു വേണ്ടി പത്‌നി ഏറ്റുവാങ്ങി. സ്തുത്യര്‍ഹ സേവനത്തിനുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് മെഡലുകള്‍ ഡയറക്ടര്‍ ടെക്‌നിക്കല്‍ ഇ.ബി. പ്രസാദും ഡ്രൈവര്‍ മെക്കാനിക്ക് എ.ടി. ജോര്‍ജും ഏറ്റുവാങ്ങി. സര്‍വോത്തം ജീവന്‍ രക്ഷാപതക് മരണാനന്തര ബഹുമതിയായി ആലുവാ മണപ്പുറം കടവില്‍ മുങ്ങിത്താഴുകയായിരുന്ന അയ്യപ്പഭക്തന്റെ ജീവന്‍ രക്ഷിച്ച ഉല്ലാസ് ഉണ്ണികൃഷ്ണനു വേണ്ടി ഭാര്യ ആരതി ഏറ്റുവാങ്ങി. തളിപ്പറമ്പ് സ്വദേശി മാസ്റ്റര്‍ അഭിഷേക് പി.വി, കാഞ്ഞിരപ്പള്ളി സ്വദേശി ടോമി തോമസ്, മലപ്പുറം മൊറയൂര്‍ സ്വദേശി പ്രവീണ്‍ പി.കെ, മഞ്ചേരി സ്വദേശി ജിനീഷ്, മഞ്ചേരി സ്വദേശി രബീഷ്, മഞ്ചേരി സ്വദേശി വിപിന്‍, കരുവാമ്പ്രം സ്വദേശി കിരണ്‍ദാസ്, മല്ലശ്ശേരി സ്വദേശി പ്രദീപ് എം.വി, വളാഞ്ചേരി സ്വദേശി മാസ്റ്റര്‍ മുഹമ്മദ് വാഹിദ് പി, ചാലക്കുടി സ്വദേശി മാസ്റ്റര്‍ റൊമാരിയോ ജോണ്‍സണ്‍ എന്നിവരും ജീവന്‍ രക്ഷാ പതക് ഏറ്റുവാങ്ങി.