അബുദാബി ശക്തി അവാർഡ്

ഏതു രാജ്യത്തു ചെന്നു ജീവിക്കുമ്പോഴും ആ രാജ്യത്തെ സാമൂഹ്യ ജീവിതത്തിന്റെ മുഖ്യധാരയില്‍ തന്നെ നിലകൊള്ളാനും അതേസമയം ജനിച്ച നാടിന്റെ സാംസ്കാരികമായ സവിശേഷതകളെ ഒട്ടുംതന്നെ കൈവിടാതെ നോക്കാനും മലയാളികൾക്കു എപ്പോഴും കഴിയാറുണ്ട്. ഈ പൊതുതത്വത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് യു.എ.ഇ.യിലെ മലയാളികള്‍. ഉപജീവനത്തിനുവേണ്ടി മണലാരണ്യത്തില്‍ ഒരുപാടു പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ കഴിയുമ്പോഴും മലയാളത്തെയും കേരളീയമായ സംസ്കാരത്തെയും അവര്‍ ഹൃദയപൂർവം സ്നേഹിക്കുന്നു.

ആ സ്നേഹത്തിന്റെ ദൃഷ്ടാന്തമാണ് അബുദാബി ശക്തി ഓരോ വർഷവും കേരളത്തിലെ മികച്ച സാഹിത്യ-സാംസ്കാരിക പ്രവർത്തകർക്കു നൽകുന്ന ഈ പുരസ്കാരങ്ങള്‍. അബുദാബിയിലെ മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ സജീവ സാന്നിധ്യമായിക്കഴിഞ്ഞിട്ടുള്ള സംഘടനയാണ് ശക്തി.
അവിടെ എത്തിപ്പെട്ട് ബുദ്ധിമുട്ടുന്ന മലയാളികളെ സഹായിക്കാനും അവിടെയുള്ള മലയാളി സമൂഹത്തിന്റെ സാംസ്കാരികപ്രവർത്തനങ്ങളെ ഊർജസ്വലമാക്കാനും അതേസമയം തന്നെ കേരളത്തിലെ പുരോഗമന സ്വഭാവമുള്ള പ്രസ്ഥാനങ്ങളെ എല്ലാവിധത്തിലും സഹായിക്കാനും ശക്തിയുടെ പ്രവർത്തകർ എപ്പോഴും മുൻനിരയിലുണ്ട്. ജാതി-മത വേർതിരിവുകൾക്കെല്ലാമതീതമായി മുഴുവന്‍ മലയാളി സമൂഹത്തിന്റെയും നന്മ ലക്ഷ്യമാക്കി
പ്രവർത്തിക്കുന്ന ശക്തി പോലുള്ള മറുനാടന്‍ സംഘടനകളുടെ പ്രവർത്തന സത്യത്തില്‍ കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക സംഘടനകൾക്കാകെ മാതൃകയാണ്.

മൂന്നു പതിറ്റാണ്ടിലേറെ കാലമായി നമ്മുടെ സാഹിത്യത്തിലെ ഉല്കൃുഷ്ട കൃതികളെയും ശ്രദ്ധേയരായ സാഹിത്യ വ്യക്തിത്വങ്ങളെയും അബുദാബി ശക്തി ആദരിക്കുന്നു. ആരംഭഘട്ടത്തില്‍ ശക്തി അവാർഡ് നേടിയവരില്‍ പലരും ഇന്ന് മലയാളി സാഹിത്യരംഗത്തെ ഒന്നാംനിരക്കാരായി ഉയർന്നു നില്ക്കുന്നു. ആ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ശക്തി തിയറ്റേഴ്സിന്റെ ദീർഘവീക്ഷണം പ്രശംസനീയമാണ്. പല അവാർഡുകളും ഇടയ്ക്കുവെച്ച് നിന്നുപോകാറുള്ള അവസ്ഥയുണ്ട്. എന്നാല്‍, അബുദാബി ശക്തി അവാർഡ് മൂന്നര പതിറ്റാണ്ടിലേറെക്കാലമായി തടസ്സമില്ലാതെ തുടരുന്നു. കൂടുതല്‍ മേഖലകളില്‍ അവാര്ഡ്സ നല്കാലന്‍ കഴിയുംവിധം വളരുന്നു. കൂടുതല്‍ തുക അവാർഡായി നല്കാൻ കഴിയുംവിധം ഉയരുന്നു.

നമുക്ക് അവാർഡുകൾ പലതുണ്ട്. എന്നാല്‍, മണലാരണ്യങ്ങളില്‍ പ്രതികൂല സാഹചര്യത്തോട് മല്ലിട്ട് ജീവിക്കുന്ന പ്രവാസികളുടെ വിയർപ്പിന്റെ വിലയിൽ നിന്നു നീക്കിവെച്ച പണംകൊണ്ട് നടക്കുന്ന അവാർഡുകൾ അധികമില്ല. അധികമില്ലാത്ത ഈ നിര അവാർഡുകളിൽ പ്രമുഖ സ്ഥാനമാണ് അബുദാബി ശക്തി അവാർഡിനുള്ളത്. അബുദാബിയിലെ മലയാളി സമൂഹത്തിന്റെ വിയർപ്പും സ്നേഹവായ്പ്പും കലർന്ന അവാർഡാണിത്.
ഇക്കാര്യം അവാർഡ് വാങ്ങുന്നവര്‍ ഓർമിക്കണം. അവാർഡിലൂടെ വലിയൊരു ഉത്തരവാദിത്വമാണ് തങ്ങളേൽക്കുന്നതെന്ന് എഴുത്തുകാര്‍ ഓർമിക്കണം. ഇവര്‍ അർപ്പിക്കുന്ന സ്നേഹവിശ്വാസങ്ങളെ വഞ്ചിക്കുന്ന നിലപാടുകള്‍ തങ്ങളില്‍ നിന്നുണ്ടാവില്ലെന്നു അവര്‍ ചിന്തിക്കുമെങ്കില്‍ അതൊരു വലിയ കാര്യമാണ്.
ഇങ്ങനെയുള്ള സാധാരണക്കാരുടെയും അവരുടെ പ്രസ്ഥാനത്തിന്റെയും പരിലാളനങ്ങളേറ്റു വളർന്ന ശേഷം കൂടുതല്‍ അംഗീകാരങ്ങൾക്കായുള്ള വ്യഗ്രതയില്‍ അതുവരെയുള്ളതിനെയൊക്കെ തള്ളിപ്പറഞ്ഞ എഴുത്തുകാരും ഈ സമൂഹത്തിലുണ്ട്.

സ്വന്തം വിശ്വാസപ്രമാണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ പൊതുസമൂഹത്തിന്റെ് സ്വീകാര്യത നേടിയെടുക്കാന്‍ ശ്രമിക്കണം. അങ്ങനെ ചെയ്യുന്നവരെയേ സമൂഹം ആദരിക്കൂ. കാലം അംഗീകരിക്കൂ. പത്രഉടമകളുടെ അംഗീകാരമാണോ അതോ സാധാരണക്കാരായ സഹൃദയരുടെ അംഗീകാരമാണോ പ്രധാനമെന്ന് അവര്‍ ചിന്തിക്കണം. ഈ കേരളത്തെ ഇന്നു കാണുന്ന പുരോഗമന നിലയിലാക്കിയ പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും ഉണ്ട്.
അവയെ അപകീർത്തിപ്പെടുത്തുന്ന കഥകളും നോവലുകളും സിനിമകളും വരുന്നു. കാലത്തോടും ചരിത്രത്തോടും നാടിനോടും ചെയ്യുന്ന വലിയ കുറ്റകൃത്യമാണിത്. കാലത്തെ പിന്നോട്ടടിപ്പിക്കലാണിത്. അതിന് തക്കവിധമുള്ള സാഹിത്യമെഴുതാന്‍ പത്രാധിപരോ പത്രഉടമയോ ആവശ്യപ്പെട്ടാല്‍ ‘സാധ്യമല്ല’എന്നു പറയാന്‍ കഴിയുന്ന ആർജവമുള്ള എഴുത്തുകാര്‍ ഉണ്ടാവണം.

ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട് എന്ന് സമൂഹം ഈ പുരസ്കാരങ്ങളിലൂടെ എഴുത്തുകാരോട് പറയുകയാണ്. അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഭാവിയില്‍ ഉയരുക എന്നതാണ് പ്രധാനപ്പെട്ട ഉത്തരവാദിത്വം. സമൂഹത്തെ മറന്ന് ദന്തഗോപുരങ്ങളിലേക്ക് പോവാതെ മണ്ണില്‍ ചവിട്ടിത്തന്നെ നിൽക്കുക എന്നതാണ് മറ്റൊരു ഉത്തരവാദിത്വം. അക്കാര്യം കൂടി ഓർമിപ്പിക്കട്ടെ. മനുഷ്യരെ, അതും നിസ്വരായ മനുഷ്യരെ മറക്കരുത് എന്നാണ് ഈ അവാർഡുകൾ നിങ്ങളോടു പറയുന്നത്.

സമൂഹത്തെ പിന്നോക്കം പായിക്കാന്‍ വ്യഗ്രതപ്പെടുന്ന ജീർണചിന്തകളുണ്ട്, അന്ധവിശ്വാസങ്ങളുണ്ട്, അനാചാരങ്ങളുണ്ട്. അവയുടെ പ്രചാരണമാവരുത് എഴുത്തുകാരന്റെ ദൗത്യം. സമൂഹത്തെ മുമ്പോട്ടുകൊണ്ടുപോവുന്ന ശക്തികളുണ്ട്. അവയെ ത്വരിതപ്പെടുത്തുന്ന ശക്തിയാവണം എഴുത്തുകാരന്റെ തൂലിക.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച മാതൃഭൂമി ദിനപ്പത്രത്തില്‍ ഒരു പരസ്യം കണ്ടു. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റേതാണു പരസ്യം. കേരളത്തിലെ ഓപ്പണ്‍ ബേസിക് എജ്യുക്കേഷന്‍ ഏജൻസികളുടെ കോ-ഓർഡിനേറ്റർമാർക്കുള്ള ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഉദ്ഘാടനച്ചടങ്ങ് മുൻനിർത്തിയുള്ള പരസ്യമാണത്. അതു ഞാന്‍ ശ്രദ്ധിക്കാന്‍ കാരണം അധ്യാപക
പരിശീലനത്തിനായുള്ള ചടങ്ങില്‍ മുഖ്യാഥിയായി എത്തുന്ന വ്യക്തി പ്രത്യേക തരത്തിലുള്ള ഒരാളായതുകൊണ്ടാണ്. അധ്യാപകർക്കായുള്ള ഓറിയന്റേഷൻ പ്രോഗ്രാമില്‍ മുഖ്യാതിഥിയായി എത്തുക വിദ്യാഭ്യാസ മന്ത്രിയോ വൈസ് ചാൻസലറോ അക്കാദമീഷ്യനോ ഒക്കെ ആയിരിക്കുമെന്നല്ലേ നമ്മള്‍
കരുതുക. എന്നാല്‍, ഈ ചടങ്ങിലെ മുഖ്യാതിഥി ഇവരൊന്നുമല്ല. ആർ.എസ്.എസിന്റെ സഹപ്രചാര്‍ പ്രമുഖ് ആണ് മുഖ്യാതിഥി. കേന്ദ്ര ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആർ.എസ്.എസ്. മേധാവിക്ക് എന്താണു കാരണമെന്ന് സാംസ്കാരിക പ്രബുദ്ധമെന്നു പറയുന്ന ഈ നാട്ടില്‍ ഒരാളും ചോദിച്ചില്ല. അതുകൊണ്ടാണു ഞാനിതു പറയുന്നത്. ഒരുപക്ഷെ, നമ്മുടെ സാംസ്കാരിക നായകർക്ക് വിശ്വസിക്കാന്‍ കഴിയുന്ന കാര്യമല്ലായിരിക്കും ഒരു ആർ.എസ്.എസ്. നേതാവ് സർക്കാരിന്റെ അധ്യാപന പരിശീലന പരിപാടിക്ക് മുഖ്യ അതിഥിയായി എത്തുക എന്നത്. ഇതു വിശ്വസിക്കാന്‍ കഴിയാത്തവരുണ്ടെങ്കില്‍ ചൊവ്വാഴ്ചത്തെ മാതൃഭൂമിയുടെ ഏഴാം പേജ് എടുത്തുനോക്കാവുന്നതാണ്. വിദ്യാഭ്യാസരംഗം എങ്ങനെ പടിപടിയായി വർഗീയവൽക്കരിക്കപ്പെടുന്നു എന്നത് ഇതുപോലുള്ള കാര്യങ്ങളിൽക്കൂടി തന്നെ വ്യക്തമായിവരുന്നുണ്ട്. സാംസ്കാരികരംഗത്തെയും വിദ്യാഭ്യാസരംഗത്തെയുമൊക്കെ വർഗീയവൽക്കരിക്കുന്ന പ്രക്രിയ അതിവേഗത്തില്‍ നടക്കുകയാണ്. ഇതിനെ ചെറുക്കാന്‍ സാംസ്കാരികരംഗത്ത് സജീവമായ ജാഗ്രതയുണ്ടാവേണ്ടതുണ്ട്.

പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും നളന്ദ സർവകലാശാലയിലും ജവഹർലാൽ നെഹ്റു സർവകലാശാലയിലും ഹൈദരാബാദ് സർവകലാശാലയിലും ഒക്കെ നടന്നതു കാമ്പസിന്റെ വർഗീയവൽക്കരണവും അതിനെതിരായ കുട്ടികളുടെ ചെറുത്തുനില്പുമാണ്. ഇത്തരം ചെറുത്തുനില്പുകൾ രാജ്യവ്യാപകമായി ഉണ്ടാവുന്നു.
ചെറുത്തുനില്പുകൾക്ക് വലിയ വില ഇടയ്ക്കിടെ കൊടുക്കേണ്ടിവരുന്നുണ്ട് എന്നതും നാം ഓർമിക്കണം. നരേന്ദ്ര
ധാബോൽക്കർക്കും കൽബുർഗിക്കും ഗോവിന്ദ് പൻസാരയ്ക്കും ഒക്കെ ജീവന്‍ ബലികൊടുക്കേണ്ടിവന്നത്, അവര്‍ ശാസ്ത്രചിന്തയിലും യുക്തിബോധത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായില്ല എന്നതുകൊണ്ടാണ്. വർഗീയശക്തികളുടെ കല്പനകൾ ഏറ്റുപറയാന്‍ സന്നദ്ധരായില്ല എന്നതുകൊണ്ടാണ്. ചരിത്രരംഗത്ത് ഡോ. കെ എന്‍ പണിക്കരെപ്പോലുള്ളവർക്കു പോലും ഈ അസഹിഷ്ണുത നേരിടേണ്ടിവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രചിക്കപ്പെട്ട ഭഠീംമൃറെ എൃലലറീാ’ എന്ന ചരിത്ര ഗ്രന്ഥപരമ്പരയ്ക്കുമേല്‍ വിലക്കുവീണു. ചലച്ചിത്രരംഗത്ത് ഷബ്നാ ആസ്മിയെയും ദീപാമേത്തയെയും കമലഹാസനെയും പോലുള്ളവർക്ക് ഈ അസഹിഷ്ണുതയ്ക്ക് ഇരയാകേണ്ടിവന്നിട്ടുണ്ട്. സാഹിത്യരംഗത്ത് യു ആര്‍ അനന്തമൂർത്തി മുതല്‍ പെരുമാള്‍ മുരുകന്‍ വരെയുള്ളവർക്ക് ഈ വർഗീയ വിദ്വേഷം സഹിക്കേണ്ടതായി വന്നിട്ടുണ്ട്. മരണക്കിടക്കയില്‍ കിടക്കുമ്പോഴാണ് യു ആര്‍ അനന്തമൂർത്തിക്ക് പാകിസ്ഥാനിലേക്കു പോകാനുള്ള ടിക്കറ്റ് ചില വർഗീയശക്തികൾ എടുത്ത് അയച്ചുകൊടുത്തത്. ഒരു നോവല്‍ എഴുതിയതിന്റെ‍ പേരിലാണ് പെരുമാള്‍ മുരുകന് എഴുത്തുനിർത്തുന്നു എന്നു പ്രഖ്യാപിക്കേണ്ടിവന്നത്.

ഇങ്ങനെയൊക്കെയുള്ള ഒരു സാമൂഹ്യസാഹചര്യം ഇന്ത്യയിലാകെ രൂപപ്പെട്ടുവരുന്നുണ്ട് എന്നത് എഴുത്തുകാര്‍ കാണണം. അത്തരം ഒരു അന്ധകാരം രാജ്യത്ത് പലയിടത്തും വ്യാപിക്കുമ്പോള്‍ എഴുത്തുകാര്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുള്ള വെളിച്ചത്തിന്റെ തുരുത്താണു കേരളം പോലുള്ള ഒരു സംസ്ഥാനത്തുള്ളത് എന്നതും കാണണം. കാവല്‍ നിൽക്കാൻ പുരോഗമന ശക്തികളുള്ളതുകൊണ്ടാണ് ഇവിടെ ഈ വെളിച്ചം നിലനിൽക്കുന്നത്. ഇതു കെട്ടാല്‍ ഇവിടെയും കലബുർഗിക്കു നേരിടേണ്ടിവന്നതു മാതിരിയുള്ള ദുരന്തങ്ങള്‍ ഉണ്ടാവും. അതുണ്ടാവാതിരിക്കാനുള്ള ഉത്തരവാദിത്വം എഴുത്തുകാർക്കുമുണ്ട്. എഴുത്തുകാർക്ക്
സ്വതന്ത്രമായി എഴുതാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ എന്ന് അറിയിക്കട്ടെ. എഴുതിയതിന്റെ പേരില്‍ കൊല്ലാനിറങ്ങുന്നവരെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുന്ന മണ്ണല്ല കേരളം.

ഇന്ത്യയെ പ്രത്യേകിച്ച് കേരളത്തെ പുലര്ത്തു ന്നതില്‍ വലിയ പങ്കുവഹിക്കുന്നവരാണ് പ്രവാസി മലയാളികള്‍. പ്രത്യേകിച്ച് ഗൾഫ് മലയാളികള്‍. എന്നാല്‍, കേന്ദ്ര സർക്കാരിനാൽ ഇത്രയേറെ അവഗണിക്കപ്പെടുന്ന മറ്റൊരു സമൂഹമില്ല. കേരളത്തിൽ നിന്നും ഗൾഫ് മേഖലകളില്‍ പോയി ജോലി ചെയ്യുന്നവര്‍ അയക്കുന്ന പണമാണ് കേരളത്തെ സാമ്പത്തികമായി നിലനിർത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന്. എന്നാല്‍ ആ പ്രവാസി സമൂഹത്തിനുവേണ്ടി എന്തു ചെയ്യുന്നു എന്നത് അധികമാരും ആലോചിക്കാറില്ല. കേന്ദ്ര ഭരണാധികാരികള്‍ തീരെ
ആലോചിക്കാറില്ല.

സംസ്ഥാനത്തിന്റെ പൊതുവരുമാനത്തിന്റെ 31 ശതമാനം ഗൾഫിൽ ജോലിയുള്ളവര്‍ ഇവിടേക്കയക്കുന്ന തുകയാണ് എന്ന് സെന്റർ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് ഒരു പഠനത്തില്‍ പറയുന്നു. നമ്മുടെ വിദേശനാണ്യ ശേഖരത്തെ ശക്തിപ്പെടുത്തുന്ന പ്രധാന ഘടകവും അതാണ്. എന്നാല്‍, ഗൾഫ് മലയാളികളുടെ പുനരധിവാസത്തിനുള്ള ഒരു സമഗ്രപദ്ധതിയോ, അവരുടെ നിക്ഷേപം കൂടി ഉൾപ്പെടുത്തി അവർക്കായി ഒരു വ്യവസായപദ്ധതിയോ ഒരു സാമ്പത്തിക ആശ്വാസഫണ്ടോ ഒന്നും കേന്ദ്ര സർക്കാർ ആലോചിക്കുന്നു പോലുമില്ല. ഇത്തരത്തിലുള്ളവ മുൻനിർത്തിയുള്ള നിർദേശങ്ങൾ കേന്ദ്രസർക്കാരിനു മുമ്പില്‍ കേരള ഗവണ്മെന്റ് സമർപ്പിക്കും എന്ന് അറിയിക്കാന്‍ എനിക്ക് സന്തോഷമുണ്ട്.

കുടിയേറ്റ നിയമങ്ങള്‍ പ്രവാസികളുടെ താല്പര്യങ്ങൾ പരിരക്ഷിക്കും വിധം മാറ്റിയെടുക്കാനോ, യുക്തിസഹമായ നിരക്കില്‍ വിമാനയാത്രാ സൗകര്യം ഏർപ്പെടുത്താനോ തൊഴിൽസ്ഥലങ്ങളിൽ ഇവർക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനോ ഒന്നും ആരുമില്ലാത്ത സ്ഥിതിയാണ്. ഇത് പ്രവാസി സമൂഹത്തോടു കാട്ടുന്ന വലിയ കൃതഘ്നതയാണ്. തൊഴില്‍ നഷ്ടപ്പെട്ടോ തൊഴില്‍ അവസാനിപ്പിച്ചോ തിരിച്ചുവരുന്നവരില്‍ നല്ലൊരു ഭാഗം വലിയ ബാധ്യതകളുള്ളവരാണ്. അവരെ പുനരധിവസിപ്പിക്കാന്‍ കഴിയണം. ഇതിന് സഹായകമാണ് കേരളം വളരെ മുമ്പേ കൊടുത്തതും കേന്ദ്രം അനുമതി നല്കാാതെ ഫ്രീസറില്‍ സൂക്ഷിച്ചിട്ടുള്ളതുമായ നായനാര്‍ സർക്കാരിന്റെ പുനരധിവാസപദ്ധതി. അന്ന് 900 കോടിയുടേതായിരുന്ന പദ്ധതി പുതുക്കി കൂടുതല്‍ ഉയർന്ന തുകയുടേതാക്കി സമർപ്പിക്കാൻ ആലോചിക്കുന്നുണ്ട്. കേരള സർക്കാരും കേന്ദ്രസർക്കാരും പ്രവാസികളും അവരവരുടെ വിഹിതം ഇടുന്ന തരത്തിലുള്ള ഒരു കൺസോർഷ്യം ഉണ്ടായാല്‍ അത് വലിയ ഫലം ചെയ്യും. അങ്ങനെ വന്നാല്‍ ഗൾഫ് പുനരധിവാസത്തിനുള്ള ഒരു ബൃഹദ് പദ്ധതി രൂപപ്പെടും. ഇത്തരമൊരു നിർദേശവും ആലോചനയിലുണ്ട്. പ്രവാസിവകുപ്പിന്റെയും നോർക്കയുടെയും പ്രവർത്തനങ്ങൾ കൂടുതല്‍ ലളിതവും വ്യാപകവും പ്രവാസി സൗഹൃദപരവുമാക്കി മാറ്റുമെന്നറിയിക്കാന്‍ കൂടി ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു.

ആയിരക്കണക്കിന് മലയാളികള്‍ ഗൾഫിലെ ജയിലുകളിലുണ്ട്. ഇതിന്റെ കൃത്യമായ കണക്കുപോലും കേന്ദ്രസർക്കാരിന്റെ പക്കലില്ല എന്നതു ദയനീയമായ സ്ഥിതിവിശേഷത്തിന്റെ സൂചനയാണ്. ശിക്ഷാകാലാവധി കഴിഞ്ഞിട്ടും വിമാന ടിക്കറ്റില്ലാത്തതുകൊണ്ട് ജയിലില്‍ തുടരുന്നവരുണ്ട്. മാനുഷികമായ ഒരു സമീപനം ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്നുണ്ടാവേണ്ടതുണ്ട്. ഇടപെടലുണ്ടാവേണ്ടതുണ്ട്.

നേരത്തേതന്നെ ഉണ്ടായിരുന്ന അബുദാബി ശക്തി അവാർഡുകൾക്ക് പുറമെ പിൽക്കാലത്ത് ടി കെ പുരസ്കാരം, തായാട്ട് പുരസ്കാരം, എരുമേലി പുരസ്കാരം തുടങ്ങിയവ കൂടിയായി. സാഹിത്യരംഗത്ത് മൗലികമായ സംഭാവനകള്‍ നല്കിയിട്ടുള്ള പ്രതിഭകൾക്കാണ് ഇക്കുറിയും പുരസ്കാരങ്ങള്‍ എന്നു കാണുന്നത് സന്തോഷകരമാണ്. ടി കെ പുരസ്കാരം നേടിയ ഡോ. എന്‍ വി പി ഉണിത്തിരി, ഡോ. എം വി വിഷ്ണുനമ്പൂതിരി എന്നിവര്‍ നിരവധി പതിറ്റാണ്ടുകളായി നമ്മുടെ സാംസ്കാരിക ജീവിതത്തില്‍ പുരോഗമനപരമായി ഇടപെട്ടുപോരുന്നവരാണ്. ഉണിത്തിരി മാഷ് നമ്മുടെ സാംസ്കാരിക രംഗത്തെ അതിന്റെ യഥാർഥ ചരിത്ര പശ്ചാത്തലത്തില്‍ വസ്തുനിഷ്ഠമായി പരിശോധിക്കുന്നു. അതിലൂടെ പുരോഗമനപരമായ നിലപാടുകള്‍ മുമ്പോട്ടുവെക്കുന്നു. ഡോ. എന്‍ വി വിഷ്ണുനമ്പൂതിരിയാകട്ടെ നാടോടി വിജ്ഞാനീയ രംഗത്ത് ഗവേഷണപരമായ അന്വേഷണങ്ങളിലൂടെ മുമ്പോട്ടുപോകുന്നു. ഇരുവർക്കും നമ്മുടെ സാംസ്കാരികരംഗത്ത് ഇനിയും പല പതിറ്റാണ്ടുകള്‍ പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. അബുദാബി ശക്തി അവാര്ഡു്കള്ക്ക് അർഹരായവരെ അനുമോദിക്കുന്നു. ഇനിയും ഏറെ വിലപ്പെട്ട കൃതികള്‍ ഇവരില്‍ നിന്നുണ്ടാവട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. അബുദാബിയിലെ പുരോഗമനസ്വഭാവമുള്ള മലയാളി സമൂഹം അർപ്പിച്ച വിശ്വാസത്തിനൊത്ത് ഉണർന്നു പ്രവര്ത്തിച്ച സർഗാത്മകതയുടെ പുതിയ തലങ്ങള്‍ കണ്ടെത്താന്‍ ഇവിടെ പുരസ്കാരത്തിനർഹമായ എഴുത്തുകാർക്ക് കഴിയട്ടെ.