മകളുടെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി സാബുവും മായയും ഡല്‍ഹിയില്‍

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി നിര്‍ധന കുടുംബം ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തി. ഇടുക്കി ജില്ലയില്‍ തൊടുപുഴ നെയ്യാശ്ശേരി വില്ലേജില്‍ കോട്ടയില്‍ വീട്ടില്‍ സാബു-മായ ദമ്പതികളുടെ പുത്രിക്കാണ് ഏറെ നാളത്തെ പരിശോധനയ്ക്ക് ശേഷം എ.ഐ.ഐ.എം.എസ്. ഹൃദയമാറ്റ ശസ്ത്രക്രിയ വിധിച്ചത്. ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് അതുല്യയ്ക്ക് ഇടയ്ക്കിടെ ഹൃദയം നിന്നുപോവുകയും കൈകാലുകള്‍ സ്തംഭിച്ചുപോവുകയും ചെയ്യുന്ന അവസ്ഥ പ്രകടമായത്. തൊടുപുഴ സെന്റ്‌മേരീസ് ആശുപത്രിയില്‍ ചികിത്സ തേടിയ ഈ കുട്ടിക്ക് പിന്നീടങ്ങോട്ട് വിവിധ ആശുപത്രികളില്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിചരണം വേണ്ടിവന്നിരുന്നു. ആഴ്ചകളോളം വെന്റിലേറ്ററുകളുടെ സഹായത്തോടെയാണ് അതുല്യയുടെ ജീവിതം നിലനിര്‍ത്തിവന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലും ശ്രീചിത്ര മെഡിക്കല്‍ സെന്ററിലും ദീര്‍ഘനാളത്തെ പരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം അതുല്യയെ കൂടുതല്‍ ആധുനികമായ പരിശോധനയ്ക്കായി അഖിലേന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് അയക്കുകയായിരുന്നു. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ കുട്ടിയെ ആശുപത്രിയിലേക്ക് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ക്ഷണിച്ചിട്ടുള്ളത്. നിര്‍ധനരായ ഈ കുടുംബത്തിന് മകളുടെ ജീവന്‍ രക്ഷിക്കാനായി ചെലവിടാന്‍ പണം ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലം വിറ്റുപോയി. ഇടുക്കി എം.പി. ജോയിസ് ജോര്‍ജ്ജിന്റെ സഹായത്തോടെയാണ് കഴിഞ്ഞ വര്‍ഷം അഖിലേന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പരിശോധനയ്ക്കായി ഇവര്‍ കുട്ടിയെ കൊണ്ടുപോയത്. പ്രവാസികള്‍ ഒരുലക്ഷം രൂപയും അമൃത ചാനല്‍ 20,000 രൂപയും സഹായം നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച കുടുംബം ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടുകയും മുഖ്യമന്ത്രി ആറ് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ കുട്ടിയുടെ ചികിത്സയ്ക്ക് പ്രത്യേകം പരിഗണന നല്‍കണമെന്ന് അഖിലേന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്റെ ഡയറക്ടറോട് മുഖ്യമന്ത്രി നേരിട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഹൃദയമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായുള്ള പരിശോധനകള്‍ രണ്ട് നാള്‍ക്കകം ആരംഭിക്കും.