ശബരിമലയിൽ എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും

മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. മകരവിളക്ക് മഹോത്സവ ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

തീര്‍ത്ഥാടകര്‍ക്ക് അരവണ, അപ്പം തുടങ്ങിയ പ്രസാദങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കണമെന്നും സന്നിധാനത്തും ക്യൂ കോംപ്ലക്‌സിലും ഉള്‍പ്പെടെ തീര്‍ത്ഥാടകരുടെ തിരക്കു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

പുല്ലുമേട് ഉള്‍പ്പെടെ തീര്‍ത്ഥാടന പാതകളില്‍ മതിയായ വെളിച്ചവും കുടിവെള്ളവും ഉറപ്പു വരുത്തണമെന്നും, പമ്പയില്‍ വെള്ളം കവിഞ്ഞ് മലിനമാകുന്നത് തടയാനും ആവശ്യമായ വെള്ളം സംഭരിക്കുന്നതിനുമായി മകരവിളക്കു വരെ കൂടുതല്‍ വെള്ളം പമ്പയിലേക്ക് ഒഴുക്കിവിടാനും നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി., വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ വകുപ്പുകളോടും പത്തനംതിട്ട ജില്ലാ കളക്ടറോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെയും പറവൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെയും വിധിന്യായം പാലിച്ച് എരുമേലി പേട്ടതുള്ളല്‍ സമാധാനപരമായി നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡിനും കോട്ടയം ജില്ലാ കളക്ടര്‍ക്കും കോട്ടയം എസ്പിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ശബരിമലയിലും പുല്ലുമേട്, ഉപ്പുപാറ, പാലിമേട്, പരുന്തന്‍പാറ തുടങ്ങിയ സ്ഥലങ്ങളിലും മകരവിളക്ക് ദര്‍ശിക്കാന്‍ കഴിയുന്ന സ്ഥലങ്ങളിലും തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കണമെന്ന് പോലീസ് അധികാരികള്‍ക്കും ഇടുക്കി ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കി. ഹോട്ടലുകളിലും മറ്റും ഗ്യാസ് സിലിണ്ടറുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഫയര്‍ ഫോഴ്‌സും, ഓരോ മൂന്നു കിലോമീറ്റര്‍ ദൂരത്തിലും ഉദ്യോഗസ്ഥരെ വിന്യസിക്കാനും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൂടുതല്‍ ടീമുകളെ നിയോഗിക്കാനും മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിക്കണം. കോഴിക്കോനം, സത്രം എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് കെ.എസ്.ആര്‍.ടി.സി. യോടും, ആവശ്യമായ അസ്‌കാ ലൈറ്റുകള്‍ എല്ലാ ജില്ലകളില്‍നിന്നും ലഭ്യമാക്കണമെന്ന് പോലീസിനോടും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതിയും കുടിവെള്ളവും തടസമില്ലാതെ ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി., വാട്ടര്‍ അതോറിറ്റി വകുപ്പുകളിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വര്‍ഷം ശബരിമല ദര്‍ശനസമയം അഞ്ചുമണിക്കൂറോളം ദീര്‍ഘിപ്പിച്ചത് തീര്‍ത്ഥാടകര്‍ക്ക് ഏറെ ഗുണകരമായെന്നും ഈ തീരുമാനമെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ശൈലജ ടീച്ചര്‍, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോ, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മറ്റുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.