നിങ്ങളേവരുടേയും അനുവാദത്തോടെ 57-മത് സ്കൂള്‍ കലോല്‍സവം ഞാന്‍ ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.
ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി ഇരുന്നൂറ്റിയന്പതോളം ഇനങ്ങളില്‍ പന്ത്രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഇവിടെ മത്സരിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. സ്കൂള്‍, സബ് ജില്ല, റവന്യൂജില്ലാതലങ്ങളിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വിജയം വരിച്ചവരാണ് ഇവിടെ മാറ്റുരയ്ക്കുന്നത്.
വിവിധങ്ങളായ കലാ സാഹിത്യ ഇനങ്ങളില്‍ മിടുക്കു തെളിയിച്ച് ഇവിടെയത്തിയ പ്രതിഭകളെ അഭിനന്ദിക്കുവാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. എല്ലാവര്ക്കും മികച്ച പ്രകടനം നടത്തുവാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
ഇത് നാലാം തവണയാണ് സ്കൂള്‍ കലോല്‍സവത്തിന് കണ്ണൂര്‍ ആതിഥ്യം വഹിക്കുന്നത്. ഏഷ്യയിലെ ഏറ്റുവും വലിയ കലാമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്കൂള്‍ കലോല്‍സവം കണ്ണൂരിന്റെ മണ്ണിലേക്ക് വീണ്ടും എത്തുമ്പോള്‍ അതിന് സവിശേഷതകളേറെയാണ്. കലോത്സവത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേളയാണിത്. മത്സരങ്ങള്‍ നടക്കുന്ന 16 വേദികള്‍ക്ക് ഇത്തവണ കേരളത്തിലെ നദികളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്.
കലയും സാഹിത്യവും സമ്പുഷ്ടമാക്കപ്പെടുന്ന സംസ്കാരവാഹിനികള് കൂടിയാണ് നദികള്‍. നദികളുടെ പേരുകള്‍ വേദികള്‍ക്ക് നല്‍കിയത് അതുകൊണ്ടുതന്നെ, ഏറ്റുവും ഉചിതമായിയെന്ന് സൂചിപ്പിക്കട്ടെ. സാങ്കേതികവിദ്യ ഏറെ മുന്നേറിയ കാലമാണിത്. അതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കിയെന്നതും ഈ കലോത്സവത്തിന്റെ സവിശേഷതയാണ്. രജിസ്ട്രേഷന്
മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റുകളുടെ അച്ചടിയും വരെ ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍വഹിക്കപ്പെടുന്ന ഹൈടെക് കലോത്സവമാണിത്.
കണ്ണൂരിലെ എല്ലാ മേളകളുടേയും ഏറ്റുവും വലിയ സവിശേഷതകളിലൊന്ന് അതിന്റെ ജനകീയതയാണ്. കലയേയും സാഹിത്യത്തേയും ഹൃദയംകൊണ്ട് സ്വീകരിക്കുന്ന ഈ നാട്ടുകാരുടെ അഭൂതപൂര്‍വ്വമായ പിന്തുണ, പരാതികളും വിവാദങ്ങളും ഇല്ലാതെ ഈ മേള ഭംഗിയായി സംഘടിപ്പിക്കുന്നതിന് വലിയ കരുത്താകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മികച്ച പിന്തുണ നല്കി ഈ മേളയെ നെഞ്ചേറ്റുന്ന കണ്ണൂരിലെ പ്രബുദ്ധജനതയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
പഠനപ്രക്രിയയ്ക്ക് പുറത്തുള്ള ഒരു സംഗതിയാണ് കലാസാഹിത്യരംഗത്തെ പ്രവര്‍ത്തനങ്ങളെന്ന കാഴ്ചപ്പാട് ഇന്ന് മാറികഴിഞ്ഞു. സമഗ്രമായ ഒരു വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന് അനുസൃതമായാണ് നമ്മുടെ കരിക്കുലവും സിലബസും ചിട്ടപ്പെടുത്തിയിരിക്കുന്നത്. കേവലം വൈജ്ഞാനിക വികാസം മാത്രമല്ല, മറിച്ച് കുട്ടിയുടെ കലാപരവും കായികവുമായ കഴിവുകള്‍ ഉള്‍പ്പെടെ വ്യക്തിത്വത്തിന്റെ സര്‍വ്വതല സ്പര്‍ശിയായ വളര്‍ച്ചയും വികാസവുമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ പ്രക്രിയയുടെ അനിവാര്യമായ ഭാഗമാണ് കലാസാഹിത്യ പ്രവര്‍ത്തനങ്ങളും അവയുടെ സമ്മേളനം ഒരുക്കുന്ന മേളകളും.
എല്‍പി തലം മുതല്‍ ഹയര്സെക്കന്ഡറിവരേയും സ്കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെയുമുള്ള മത്സരങ്ങള്‍, അവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ എന്നിവയിലൂടെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ കടന്നു പോവുമ്പോള്‍ അതുവഴി നേടുന്ന വ്യക്തിത്വവികാസം ഭാവിയിലെ യഥാര്‍ത്ഥ പൗരന്മാരെ വളര്‍ത്തിയെടുക്കാന്‍ ഉപകരിക്കുന്ന ഒന്നാണ്. എന്നാല്‍, കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെ ഈ വിദ്യാഭ്യാസപരമായ ധര്‍മം വിസ്മരിച്ചുപോയാല് അത് ഇവയുടെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നതിന് തുല്യമാകും.പങ്കെടുക്കുന്നവരുടെ കലാപരമായ കഴിവുകളുടെ യഥാതഥമായ പ്രകാശനം എന്നതിനപ്പുറം അനാരോഗ്യകരമായ മത്സരത്തിന്റേയും പണക്കൊഴുപ്പിന്റെയും പ്രകടനമായി കലോത്സവവേദികള്‍ മാറുന്നുവെന്ന ആക്ഷേപം ചിലര്‍ ഉന്നയിക്കാറുണ്ട്. അത്തരം പരാതികള്‍ ഒഴിവാക്കുന്നതിന് ഗ്രേഡിങ് സമ്പ്രദായം ആവിഷ്കരിക്കുകയും കലാപ്രതിഭ-കലാതിലകങ്ങള്‍ പോലുള്ള പട്ടങ്ങള്‍ ഒഴിവാക്കുകയും മാനുവലുകള്‍ പലവട്ടം പരിഷ്കരിക്കുകയും ചെയ്തുവെങ്കിലും ഇപ്പോഴും അത്തരം ആക്ഷേപങ്ങള്‍ അവിടവിടെ ഉയരാറുണ്ട്. വിവിധ തലങ്ങളിലായി നടന്ന ഈ വര്‍ഷത്തെ കലോത്സവങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അത്തരം വിവാദങ്ങളും പരാതികളും ഒഴിവാക്കുന്നതിന്
ആവശ്യമെങ്കില്‍ കലോല്‍സവ മാന്വലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്.
വിദ്യാഭ്യാസ പ്രക്രിയ എന്നതിലുപരി നമ്മുടെ സംസ്കാരത്തെ പ്രോല്‍സാഹിപ്പിക്കുകയെന്ന വലിയയൊരു ധര്‍മ്മം കൂടി കലോത്സവം നിര്വ്വഹിക്കുന്നുണ്ടെന്നുള്ളത് കാണാതിരിന്നുകൂടാ. കേരളത്തിന്റെ നിരവധിയായ തനതുകലകളും നാടന്‍ കലകളും ഈ മേളകളില്‍ മത്സര ഇനങ്ങളായി വരുന്നത് അന്യഥാ അന്യം നിന്നുപോകുമായിരുന്ന അത്തരം കലകളുടെ പുനരുജ്ജീവനത്തിന് ഏറെ സഹായിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ടു നില്ക്കുന്ന പരിശീലനപ്രക്രിയയിലൂടെ വിവിധ ഇനങ്ങളില്‍ പ്രാവീണ്യം നേടി കലോത്സവങ്ങളില്‍ വിജയികളാവുന്നവര്‍ ആ രംഗത്തെ പ്രഗത്ഭ കലാകാരന്മാരും കലാകാരികളുമായി മാറുന്ന ചരിത്രവും നമ്മുടെ മുന്പില് ഉണ്ട്. നമ്മുടെ കാലത്തെ മഹാഗായകരും മഹാനടന്മാരും മികച്ച നര്‍ത്തകീ-നര്‍ത്തകരും സംഗീതജ്ഞരും എഴുത്തുകാരും ചിത്രകാരന്മാരും നാടന്‍ കലാരംഗത്തെ പ്രഗത്ഭരുമുള്പ്പെടെ നിരവധിപേര്‍ യുവജനോത്സവ വേദികളിലൂടെ കടന്നുവന്നവാരണെന്നത് ഇവയുടെ പ്രസക്തി ഒന്നുകൂടി ഉറപ്പിക്കുന്നു.
അതേസമയം, ഇതില്‍നിന്നു വിഭിന്നമായി, മത്സരരംഗത്ത് തിളങ്ങിയ പലരും പിന്നീട് ആ മേഖലയില്‍ കാര്യമായി മുന്നോട്ടുപോകാത്ത സ്ഥിതിയുണ്ടെന്ന വിമര്‍ശനവും ഉന്നയിക്കപ്പെടുന്നുണ്ട്. ഓരോയിനങ്ങളിലും പരിശീലനം നേടുന്നത് മത്സരിച്ച് വിജയിക്കാന്‍ വേണ്ടിമാത്രമാകരുത്. മറിച്ച്, തങ്ങള്‍ പരിശീലിക്കുന്ന ഇനങ്ങളില്‍ വലിയ കാലകാരډാരായി മാറാനും ആ രംഗത്ത് മികച്ച സംഭാവന ചെയ്യാനും കഴിഞ്ഞാലേ ഈ മേളകള്കൊണ്ടുള്ള പൂര്‍ണ പ്രയോജനം നാടിനു ലഭിക്കൂ. കലോത്സവത്തില്‍ മത്സരിക്കുന്ന ഓരോരുത്തരും ഈ ലക്ഷ്യം മനസ്സില്‍ സൂക്ഷിക്കണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. സമൂഹത്തിന്റെ പുരോഗമന മുന്നേറ്റങ്ങള്‍ക്ക് എന്നും ചാലകശക്തിയായി നില്‍ക്കുന്നവരാണ് കലാകാരډാരും എഴുത്തുകാരും. എന്നാല്‍ അത്തരം സമീപനങ്ങള്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്ന കാലംകൂടിയാണിത്. ആവിഷ്കാര സ്വാതന്ത്ര്യം നമ്മുടെ ജനാധിപത്യത്തിന്റെ കാതലായ അംശമാണ്. പക്ഷേ അത് തടയപ്പെടുന്ന സാഹചര്യം നാട്ടില്‍ വളര്‍ന്നുവരുന്നത് കാണാതിരുന്നുകൂടാ. തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാത്തത് പ്രകാശിപ്പിക്കുന്ന എഴുത്തുകാരന് എഴുത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെടുക, തങ്ങള്‍ക്ക് ഹിതകരമല്ലാത്ത സൃഷ്ടികള്‍ നടത്തുന്ന ചിത്രകാരനും ചലച്ചിത്രകാരനും രാജ്യം വിടണമെന്ന് ആവശ്യപ്പെടുക, തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാത്ത പാട്ടുകാരനെ ഇവിടെ പാടാന്‍ അനുവദിക്കാതിരിക്കുക, തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത ചിന്തകള്‍ പങ്കുവയ്ക്കുന്നവരുടെ ജീവന് തന്നെ കവര്‍ന്നെടുക്കുക- എല്ലാം ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കലാണ്.
ഫാസിസത്തിന്റെ പിന്‍വാതില്‍ പ്രവേശമാണ്.അത്തരത്തില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ധാബോല്‍ക്കറും പന്‍സാരെയും കാല്ബുര്ഗിയും രാജ്യം വിടേണ്ടിവന്ന എം എഫ് ഹുസൈനും ഇവിടെ പാടാന്‍ വേദി നിഷേധിക്കപ്പെട്ട ഗുലാം അലിയും എഴുത്തു നിര്‍ത്തേണ്ടി വന്ന പെരുമാള്‍ മുരുകനുമൊക്കെ ഈ ഭീഷണികള്‍ക്ക് ഇരയായവരാണ്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ചലച്ചിത്രകാരനായ കമല്‍ ഉള്‍പ്പെടെ പലരും ഈ ഭീഷണികളെ നേരിടുന്നു. ആവിഷ്കാര സ്വാതന്ത്ര്യം തടയുന്നവര്ക്കെതിരെയുള്ള മറുപടി എല്ലാ സര്‍ഗാവിഷ്കാരങ്ങളും കൂടുതല്‍ ശക്തിയോടെ, കൂടുതലുച്ചത്തില്‍ പ്രകടിപ്പിക്കുക എന്നതാണ്. കലയും സാഹിത്യവും സംഗീതവും തുടങ്ങി എല്ലാ ആവിഷ്കാരരൂപങ്ങളും തടസ്സങ്ങളില്ലാതെ ഒഴുകുന്ന ഒരു മഹാപ്രവാഹമായി കണ്ണൂരിലെ ഈ കലാമേള മാറട്ടെയെന്ന് ആശംസിക്കുന്നു. എല്ലാ വിദ്യാര്‍ഥികളെയും അവരെ അനുഗമിച്ചെത്തിയ എല്ലാ രക്ഷിതാക്കളെയും അധ്യാപകരെയും സര്‍വോപരി ഈ മേളയുടെ നിറസാന്നിധ്യമായ കണ്ണൂര്ജനതയെയും ഒരിക്കല്‍ക്കൂടി അഭിവാദ്യം ചെയ്തുകൊണ്ട് നിറുത്തുന്നു.