ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണം

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ട മുന്നൊരുക്ക നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കടുത്ത വേനല്‍ക്കാലമായതിനാല്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ വാട്ടര്‍ അതോറിറ്റി ജാഗ്രതയോടെ നിര്‍വഹിക്കണം. പൊങ്കാല മാര്‍ച്ച് പതിനൊന്നിനാണെങ്കിലും മാര്‍ച്ച് മൂന്നിന് ഉത്സവം ആരംഭിക്കുമെന്നതിനാല്‍ ഈ മാസം 28നകം പൊതുമരാമത്ത് പണികളും മറ്റും പൂര്‍ത്തിയാക്കണം. ദേവസ്വം മന്ത്രി ക്ഷേത്ര ട്രസ്റ്റുമായി നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. കളക്ടറും മേയറും ട്രസ്റ്റ് ചെയര്‍മാനും സംയുക്തമായി കാര്യങ്ങള്‍ ആലോചിച്ച് പൊങ്കാലയില്‍ പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ളവിതരണത്തിന് 29 ടാങ്കറുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ആയിരം ജീവനക്കാര്‍ക്കു പുറമേ രണ്ടായിരം ജീവനക്കാരെക്കൂടി നിയോഗിക്കുമെന്നും മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും. നാല് ആംബുലന്‍സ് സര്‍വീസുകള്‍ നടത്തും. 31 വാര്‍ഡുകളില്‍ മരാമത്തു ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും മേയര്‍ പറഞ്ഞു.

തിരക്ക് നിയന്ത്രിക്കാന്‍ വോളന്റിയര്‍ സേനയെ നിയോഗിക്കുമെന്നും സ്‌പെഷ്യല്‍ ഓഫീസര്‍മാരായി വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും എഡിജിപി ബി. സന്ധ്യ പറഞ്ഞു. ഇരുളടഞ്ഞ പ്രദേശങ്ങളില്‍ വെളിച്ചമെത്തിക്കാനുള്ള നടപടികള്‍ കെ.എസ്.ഇ.ബി ഉടന്‍ സ്വീകരിക്കണമെന്നും എഡിജിപി പറഞ്ഞു.

പൊങ്കാല പ്രമാണിച്ച് നഗരപ്രദേശങ്ങളിലെ ഡിപ്പോകളില്‍നിന്നും ആറ്റുകാല്‍ പ്രദേശത്തേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തും. ആവശ്യമുള്ള സ്ഥലങ്ങളില്‍ അഡീഷണല്‍ സര്‍വീസ് ആരംഭിക്കും. കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ആരോഗ്യ പരിപാലനം ഉറപ്പു വരുത്താന്‍ ആറ്റുകാല്‍ ക്ഷേത്രത്തിനു സമീപം ആരോഗ്യ വകുപ്പ് 24 മണിക്കൂറും ശിശുരോഗ വിദഗ്ധനെ നിയമിക്കും. ആറ് കേന്ദ്രങ്ങളില്‍ മെഡിക്കല്‍ കേന്ദ്രങ്ങളും ഓക്‌സിജന്‍ പാര്‍ലറുകളുമൊരുക്കും.

പൊങ്കാല പ്രമാണിച്ച് ഏഴ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആറെണ്ണം തിരുവനന്തപുരം-കൊല്ലം സെക്ടറിലും ഒരെണ്ണം തിരുവനന്തപുരം നാഗര്‍കോവില്‍ സെക്ടറിലുമായിരിക്കും. പാസഞ്ചര്‍ ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും.

പൊങ്കാല ദിവസമായ പതിനൊന്നിന് വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഴുവന്‍ സമയവും സ്ഥലത്തുണ്ടാവണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.