ജനമൈത്രി പൊലീസ്

കേരള പോലീസ് 267 സ്റ്റേഷനുകളില് നൈടപ്പാക്കിവരുന്ന ജനമൈത്രി സുരക്ഷാ പദ്ധതി എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സമ്മേളനമാണ് ഇവിടെ നടക്കുന്നത്. എല്ലാവരുടെയും അനുവാദത്തോടെ ഈ സമ്മേളനം ഞാന് ഉദ്ഘാടനം ചെയ്യുന്നു. ജനമൈത്രി സുരക്ഷാ പദ്ധതി സംസ്ഥാനത്തെ എല്ലാ പോലീസ്സ്റ്റേ ഷനുകളിലും നിലവില് വന്നതായി സന്തോഷപൂര്വം പ്രഖ്യാപിക്കുന്നു.

ജസ്റ്റിസ് കെ.ടി.തോമസ് കമ്മീഷന്റെ ശുപാര്ശപ്രകാരം 2008ല് അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സര്ക്കാരാണ് പരീക്ഷണാടിസ്ഥാനത്തില് 20 പോലീസ് സ്റ്റേഷനുകളില് ഈ പദ്ധതി ആരംഭിച്ചത്. തുടര്ന്ന് പല ഘട്ടങ്ങളിലായി 267 പോലീസ് സ്റ്റേഷനുകളില് ഈ പദ്ധതി വ്യാപിപ്പിച്ചു. ഇക്കാലയളവിനുള്ളില് കേരള പോലീസിന്റെ അഭിമാനപദ്ധതികളിലൊന്നായി രാജ്യത്തിന്റെയാകെ ശ്രദ്ധപിടിച്ചുപറ്റാന് ജനമൈത്രീ പദ്ധതിക്കായിട്ടുണ്ട്. അതിനുപിന്നില് പ്രവര്ത്തിച്ച പോലീസ് സേനയിലെ മുഴുവന് ഉദ്യോഗസ്ഥരെയും ഈ അവസരത്തില് അഭിനന്ദനമറിയിക്കുകയാണ്.

ഒരു ജനാധിപത്യ സമൂഹത്തില് പോലീസിന്റെ പരമ പ്രധാനമായ കര്ത്തവ്യം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും കുറ്റകൃത്യങ്ങള് തടയുകയും നിയമവാഴ്ച്ച ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണല്ലോ. അംഗബലം കൊണ്ടോ ആയുധശക്തി കൊണ്ടോ അല്ല, മറിച്ച്, ജനങ്ങളുടെ പൂര്ണമായ സഹകരണം ഉറപ്പാക്കുന്നതിലൂടെ മാത്രമേ പരിപൂര്ണ സുരക്ഷ ഉറപ്പാക്കാന് കഴിയൂ. പോലീസ് കേവലം സുരക്ഷയും സമാധാനവും ഉറപ്പാക്കുക മാത്രമല്ല വികസനത്തിന്റെയും ക്ഷേമത്തിന്റെയും സാമൂഹ്യ പരിവര്ത്തനത്തിന്റെയും ചാലക ശക്തികൂടിയാവണം എന്നതാണ് ആധുനിക കാഴ്ച്ചപ്പാട്.

1957-ലെ ഇ.എം.എസ്. സര്ക്കാര് പോലീസ് പരിഷ്കരണ നിര്ദ്ദേശങ്ങള്ക്കായി നിയോഗിച്ച എന്.സി.ചാറ്റര്ജി കമ്മീഷന് തന്നെ ഈ കാഴ്ചപ്പാട് അവതരിപ്പിച്ചിരുന്നു. പോലീസിന്റെ മുഖ്യചുമതലയായ നിയമപരിപാലനത്തില്പ്പോലും ആധുനിക സമൂഹങ്ങളില് പുതിയ പല രീതികകളും നിലവില് വന്നിട്ടുണ്ട്. കൊളോണിയല് കാലത്തെ മര്ദ്ദകശൈലിയല്ല ഇന്നു പോലീസില് നിന്നു പ്രതീക്ഷിക്കുന്നത്. ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും മാത്രം നിയമപരിപാലനം സാധ്യമാവുകയില്ല. അവ അനിവാര്യമാകുന്ന സന്ദര്ഭങ്ങളുണ്ടായേക്കാം. എന്നാല് അതിനുമപ്പുറം, ജനങ്ങളുമായുളള ക്രിയാത്മക ബന്ധങ്ങളിലൂടെയും സഹകരണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും സുസ്ഥിതി ഉറപ്പാക്കാന് മാത്രമല്ല, നാടിന്റെ പരിവര്ത്തന പ്രക്രിയയില് പങ്കാളിയാകാനും പോലീസിനു കഴിയും എന്നതാണ് വസ്തുത.

ഈ കാഴ്ചപ്പാടോടെയാണ് അന്നത്തെ ഇടതുപക്ഷമുന്നണി സര്ക്കാര് ജനമൈത്രി പോലീസ് പദ്ധതിക്ക് രൂപം നല്കിയത്. ഓരോ സ്റ്റേഷന് പരിധിയിലുമുള്ള ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുകയും അവരുടെ പ്രശ്നങ്ങള് മനസ്സിലാക്കുകയും അവരില് നിന്ന് വിവരങ്ങളും നിര്ദ്ദേശങ്ങളും സ്വീകരിക്കുകയും അങ്ങനെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്ത്തിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ കാതലായ ഘടകം. അതുകൊണ്ടുതന്നെ ജനങ്ങളില് നിന്ന് വലിയ സ്വീകാര്യതയാണ് ഈ പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. തങ്ങളുടെ വാതില്ക്കല് മുട്ടി ക്ഷേമം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ ആദ്യം അത്ഭുതത്തോടെയും പിന്നീട് ഏറെ താല്പര്യത്തോടെയയും ജനങ്ങള് സ്വീകരിച്ചു. പ്രാദേശികതലങ്ങളിലുളള മദ്യം, മയക്കുമരുന്ന് പ്രശ്നങ്ങള്, ചൂതുകളി, വര്ഗീയസംഘര്ഷങ്ങള്, ഗുണ്ടാ-മാഫിയ പ്രവര്ത്തനങ്ങള് എന്നിവ വലിയ തോതില് തടയുന്നതിനും സുരക്ഷ വര്ധിപ്പിക്കുന്നതിനും ജനങ്ങളോടൊത്തുള്ള ഈ പാരസ്പര്യം സഹായിച്ചു. അത്തരം പ്രവര്ത്തനങ്ങളും കടന്ന്, രക്തദാന ക്യാമ്പ്, പി.എസ്.സി. കോച്ചിങ്, കായികമത്സരങ്ങള് പോലുള്ള വ്യത്യസ്തമായ പ്രവര്ത്തനങ്ങള് പോലും ജനമൈത്രി പദ്ധതിയുടെ ഭാഗമായി നടന്നിട്ടുണ്ട്. ഇപ്പോഴും നടന്നുവരുന്നുമുണ്ട്.

ഈ നേട്ടങ്ങള് പറയുമ്പോള്ത്തന്നെ ശ്രദ്ധയില്പ്പെടുന്ന ചില പരിമിതകള് കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ആരംഭ വര്ഷങ്ങളിലെ ആവേശവും ഊര്ജ്ജവും ഈ പദ്ധതിക്ക് പിന്നീട് പൂര്ണമായും നിലനിര്ത്താനായോ എന്നുകൂടി ഈ അവസരത്തില് പരിശോധിക്കേണ്ടതുണ്ട്. വ്യത്യസ്തങ്ങളായ ജീവകാരുണ്യ പ്രവര്ത്തനങ്ങളും വലിയ പ്രചാരം ലഭിക്കുന്ന ഫുട്ബോള് ടൂര്ണമെന്റ് പോലുള്ള പരിപാടികളുമൊക്കെ നടത്തുന്നത് നല്ലതുതന്നെ. എന്നാല് ഈ പദ്ധതിയുടെ കാതല് അതല്ല. ഒരു പോലീസ് സ്റ്റേഷന് പരിധിയില് കമ്യൂണിറ്റി റിലേഷന് ഓഫീസറുടെ നേതൃത്വത്തില് ബീറ്റ് ചുമതലയുള്ള 15-20 സിവില് പോലീസ് ഓഫീസര്മാരാണല്ലോ ഈ പദ്ധതിയുടെ മുഖ്യചുമതലക്കാര്. കൃത്യമായ ഇടവേളകളില് ഈ ബീറ്റ് ഓഫീസര്മാര് ജനങ്ങളുടെ ഇടയില് എത്തുകയും ഓരോ വീടിന്റെയും നാടിന്റെയാകെയും പ്രശ്നങ്ങള് മനസിലാക്കി സുരക്ഷ ഉറപ്പാക്കുക, കഴിയുന്നത്ര പ്രശ്നങ്ങള് പരിഹരിക്കുന്നതിന് ഊന്നല് കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം. ഓരോ പ്രദേശത്തും അരക്ഷിതാവസ്ഥയിലായ മുതിര്ന്ന പൗരന്മാര് ഉണ്ടാകാം, അടിച്ചമര്ത്തലുകള്ക്ക് വിധേയരാകുന്ന സാധാരണക്കാരുണ്ടാകാം, അതിക്രമ ഭീഷണിയില് ആശങ്കയോടെ കഴിയുന്ന സ്ത്രീകള് ഉണ്ടാകാം, മയക്കുമരുന്ന് മാഫിയയും മറ്റും പിടികൂടുന്ന കുട്ടികള് ഉണ്ടാകാം, അരക്ഷിതസാഹചര്യങ്ങളില് ജീവിക്കുന്ന ദുര്ബലവിഭാഗത്തില്പ്പെട്ടവരുണ്ടാകാം. അവരുടെ അവസ്ഥ തൊട്ടറിഞ്ഞ് അവര്ക്കൊപ്പം നിന്ന് പ്രവര്ത്തിക്കുക എന്നതാണ് വേണ്ടത്. അത് നടക്കാതെവരികയും ജനശ്രദ്ധനേടുന്ന പ്രവര്ത്തനങ്ങള്മാത്രം വലിയ പ്രചാരത്തോടെ നടക്കുകയും ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുകയും അങ്ങനെയുണ്ടെങ്കില് അത് തിരുത്തുകയും വേണം. ജനമൈത്രി പദ്ധതി പുതുതായി ആരംഭിക്കുന്ന സ്റ്റേഷനുകളിലും എസ്.എച്ച്.ഒ.മാരും മറ്റ് ഉദ്യോഗസ്ഥരും ഇക്കാര്യം മനസില്വയ്ക്കേണ്ടതുണ്ട്.

ഇത് പറയുമ്പോള് നിലവിലുള്ള ചില പരിമിതികള് സര്ക്കാര് കാണാതിരിക്കുന്നില്ല. ബീറ്റ് പോകാനും മറ്റും വേണ്ടത്ര പോലീസുകാരില്ലാത്ത അവസ്ഥ പല സ്റ്റേഷനുകളുമുണ്ടാകാം. ആവശ്യത്തിന് വാഹനങ്ങളുടെയും പണത്തിന്റെയും അപര്യാപ്തതയുള്ള സ്ഥലങ്ങളുണ്ടാകാം. അത്തരം പ്രശ്നങ്ങള് പരിഹരിക്കുന്നതിന് കഴിയുന്നത്ര എന്തെല്ലാം ചെയ്യാന് കഴിയുമെന്ന് സര്ക്കാര് ആലോചിക്കുന്നതാണ്. പക്ഷേ, ആ പരിമിതകളിരിക്കെത്തന്നെ നിലവിലുള്ള സാഹചര്യത്തില് ചെയ്യാന് കഴിയുന്നവയെല്ലാം ചെയ്യാനാകുന്നുണ്ടോ എന്നു പരിശോധിക്കണം.

ജനമൈത്രി പദ്ധതി ബീറ്റ് ചുമതലയുള്ള പോലീസുകാരുടെ മാത്രം പരിപാടി ആകുന്നുവെന്നും സ്റ്റേഷന് ഹൗസ് ഓഫീസറും മറ്റുള്ളവരും ഇതില് താല്പര്യം കാണിക്കുന്നില്ല എന്നുമുള്ള വിമര്ശനം പല സ്ഥലങ്ങളില് നിന്നും ഉയര്ന്നുവരുന്നുണ്ട്. ആ അവസ്ഥ മാറണം. ജനകീയമായ ശൈലിയെന്നത് ഈ പദ്ധതിയുടെ ഭാഗം മാത്രല്ല, പോലീസ് സേനയാകെ സ്വീകരിക്കേണ്ട ഒരു സമീപനമാണ്. അതുകൊണ്ടുതന്നെ, ജനങ്ങളോടൊപ്പം നിന്ന്, അവരെ വിശ്വാസത്തിലെടുത്ത് പ്രവര്ത്തിക്കുന്ന ശൈലിയിലേക്ക് ഒരു പോലീസ് സ്റ്റേഷന് പൂര്ണമായും മാറേണ്ടതുണ്ട്. ജനമൈത്രീ പദ്ധതി നടത്തിപ്പ് സ്റ്റേഷന്റെയാകെ പ്രവര്ത്തനമായി മാറണം. അതിനാവശ്യമായ പിന്തുണ മുകള്ത്തലങ്ങളില് നിന്ന് ലഭ്യമാക്കുകയും വേണം.

ഒരു കാര്യംകൂടി ഓര്മിപ്പിക്കേണ്ടതുണ്ട്. ജനങ്ങളോടൊപ്പം നിന്ന് പ്രവര്ത്തിക്കുക എന്നത് ഏറെ സൂക്ഷ്മതയോടെ ചെയ്യേണ്ട കാര്യമാണ്. സങ്കീര്ണമായ പ്രശ്നങ്ങള് മികച്ച കൈയ്യടക്കത്തോടെ പരിഹരിക്കുന്ന നിരവധി പോലീസ് ഉദ്യോഗസ്ഥര് പോലീസ് സ്റ്റേഷനുകളിലുണ്ട്. അവരെ അഭിനന്ദിക്കുവാന് ഈ അവസരം ഉപയോഗിക്കുന്നു. എന്നാല് തെറ്റായ ഇടപെടലിലൂടെ പ്രാദേശിക സംഘര്ഷങ്ങള് വര്ധിപ്പിച്ചിട്ടുള്ള അനുഭവങ്ങളും ചിലയിടങ്ങളിലുണ്ടായിട്ടുണ്ട്. അത്തരം സമീപനം ഉണ്ടാകാതെ നോക്കണം.

സ്റ്റേഷന് തലങ്ങളില് പ്രവര്ത്തിക്കുന്ന ജനമൈത്രി സമിതികളാണല്ലോ ഈ പദ്ധതിയുടെ മറ്റൊരു പ്രധാന ഘടകം. ഇത്തരം സമിതികള്ക്ക് രൂപം കൊടുക്കുമ്പോള് എല്ലാ വിഭാഗങ്ങളുടെയും ശരിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന കാര്യത്തിലും ശ്രദ്ധവേണം. പോലീസിന്റെ പ്രവര്ത്തനങ്ങള്ക്ക് ശരിയായ പിന്തുണ കിട്ടാന് ഉതകുന്ന തരത്തിലാവണം സമിതി രൂപവത്കരിക്കേണ്ടത്.

അവസാനമായി ഒരു കാര്യം കൂടി. കൃത്യമായ ഒരു വിലയിരുത്തലിന്റെയും ചര്ച്ചയുടെയും അടിസ്ഥാനത്തില് ഒരു വാര്ഷിക പ്രവര്ത്തന കലണ്ടര് തയ്യാറാക്കിയാവണം പ്രവര്ത്തനം നടത്തേണ്ടത്. സ്ത്രീസുരക്ഷ ഉറപ്പാക്കല്, വ്യാജ മദ്യ-മയക്കുമരുന്ന് പ്രശ്നങ്ങള് തടയല്, മുതിര്ന്ന പൗരന്മാരുടെയും ദുര്ബല വിഭാഗങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കല്, കുറ്റകൃത്യങ്ങള് തടയല്, ഗുണ്ടാ മാഫിയാ പ്രവര്ത്തനങ്ങള് തടയല്, മോഷണം, കവര്ച്ച തുടങ്ങിയവയ്ക്കെതിരെ ഫലപ്രദമായ പട്രോളിങ്, പ്രദേശത്തെ മാലിന്യപ്രശ്നങ്ങള് പരിഹരിക്കല് തുടങ്ങിയവയ്ക്ക് അതില് മുന്ഗണന നല്കണം. അത്തരത്തില് കൃത്യമായ മുന്നൊരുക്കത്തോടെ പ്രവര്ത്തിക്കുമെന്നു പ്രതീക്ഷിക്കട്ടെ.

കേരള പോലീസിന്റെ തൊപ്പിയിലെ ഒരു പൊന്തൂവലാണ് ജനമൈത്രി സുരക്ഷ പദ്ധതി. അതിനുപിന്നില് പ്രവര്ത്തിക്കുന്ന എല്ലാവരെയും ഓരിക്കല്ക്കൂടി അഭിനന്ദിക്കുന്നു. എല്ലാ സ്റ്റേഷനുകളിലും ജനമൈത്രി സുരക്ഷ പദ്ധതി വരുന്നതോടെ, പരിമിതികള് പരിഹരിച്ച് ഈ അഭിമാന പദ്ധതിയിലൂടെ നാടിന്റെ സുരക്ഷയും ക്ഷേമവും കൂടുതല് മികച്ചതാക്കാന് കേരള പോലീസിന് കഴിയട്ടെ എന്നാശംസിക്കുന്നു.