പ്രിസണ്‍ പാസിങ് ഔട്ട്

അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍മാരാകുന്നതിനുള്ള ഒമ്പതുമാസത്തെ അടിസ്ഥാന പരിശീലനം കഴിഞ്ഞ് ഇന്ന് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്ന എല്ലാവരെയും ഞാന്‍ ആദ്യമായി അഭിവാദ്യം ചെയ്യുന്നു.

128 പേരാണ് ഇന്നത്തെ ഈ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ പരിശീലന കേന്ദ്രങ്ങളില്‍നിന്ന് വിദഗ്ധ പരിശീലനം നേടിയാണ് നിങ്ങള്‍ പൂര്‍ണ ജയില്‍ ജീവനക്കാരായി മാറുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും ബിടെക്, ബിഎഡ് പോലുള്ള പ്രൊഫഷണല്‍ യോഗ്യതകളുള്ളവരുമാണ് നിങ്ങളില്‍ ഭൂരിഭാഗവും എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

പരിശീലന കാലയളവില്‍ ജയില്‍ നിയമങ്ങള്‍, ക്രിമിനല്‍ നിയമങ്ങള്‍, മനഃശാസ്ത്രം, സാമൂഹിക ശാസ്ത്രം, പ്രഥമ ശുശ്രൂഷ, ക്രിമിനോളജി, ജയില്‍ ഭരണം, സാങ്കേതിക വിദ്യകളുടെ ഉപയോഗം, ഡ്രൈവിങ്, നീന്തല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ധ പരിശീലനം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ വിദഗ്ധ പരിശീലനവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളും നിങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ കൂടുതല്‍ മികവോടെ നിര്‍വ്വഹിക്കുവാന്‍ നിങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു.

പഴയകാലത്തില്‍നിന്നു വ്യത്യസ്തമായി, തടവുകാരെക്കുറിച്ചുള്ള കാഴ്ചപ്പാടിലും അവരോടുള്ള സമീപനത്തിലുമൊക്കെ വലിയ മാറ്റങ്ങള്‍ ഇന്ന് വന്നിട്ടുണ്ട്. മുന്‍കാലത്ത് പ്രിസണ്‍ ഡിപ്പാര്‍ട്ട്മെന്‍റ് എന്നതായിരുന്നു ഈ വകുപ്പിന്‍റെ പേര്. പിന്നീട് അത് പ്രിസണ്‍ ആന്‍റ് കറക്ഷണല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് എന്നാക്കി മാറ്റിയത് ഈ മാറ്റങ്ങള്‍ കണക്കിലെടുത്തായിരുന്നു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവര്‍, അവരുടെ ജയില്‍വാസം കഴിയുമ്പോഴേക്കും ഒരു തെറ്റുതിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയരാകണം. അങ്ങനെ, ക്രിമിനല്‍ വാസനകളില്‍നിന്നും മുക്തമാകണം- ഈ കാഴ്ചപ്പാടാണ് ഇന്നുള്ളത്.

ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവര്‍ക്കുള്‍പ്പെടെ അത്തരമൊരു മാനസിക പരിവര്‍ത്തനം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് സമൂഹത്തിന് ഏറെ ഗുണകരമാകും. എന്നുമാത്രമല്ല, ജയിലില്‍ കഴിയുന്നകാലത്ത് തങ്ങളുടെ അധ്വാനശേഷി ഉപയോഗപ്പെടുത്തി ചെറിയ വരുമാനമുണ്ടാക്കുന്നതിനും വിവിധതരം തൊഴില്‍ പരിശീലനം നേടുന്നതിനും ഇന്ന് തടവുകാര്‍ക്ക് അവസരമുണ്ട്. ജയില്‍ ചപ്പാത്തിയും മറ്റ് ഭക്ഷണ സാധനങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളും തുടങ്ങി ജയില്‍ അന്തേവാസികള്‍ തയ്യാറാക്കുന്ന നിരവധി പുതിയ ഉല്‍പന്നങ്ങള്‍ക്ക് ഇന്ന് പൊതുസമൂഹത്തിലും വിപണിയിലും നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഒരാള്‍ കുറ്റവാളിയാകുന്നത് ചിലപ്പോള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തലാകാം. ചിലപ്പോള്‍ യാദൃശ്ചികമായാവാം. അതുമല്ലെങ്കില്‍ സഹജമായ ക്രിമിനല്‍വാസന കൊണ്ടാവാം. ഏതു കാരണത്താലായാലും ജയിലില്‍ എത്തപ്പെടുന്നവരെ തിരികെ പോകുമ്പോള്‍ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഉത്തമവ്യക്തികളായി എത്തിക്കാന്‍ കഴിയുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുന്നത് തടവുകാരുമായി ഏറ്റവും അടുത്തിടപഴകാന്‍ നിയോഗിക്കപ്പെട്ട നിങ്ങള്‍ക്കാണ്. എന്നാല്‍, ഈ സമീപനത്തിനുപകരം, കുറ്റവാളികളെ കൂടുതല്‍ കുറ്റവാസനയുള്ളവരായി മാറ്റിത്തീര്‍ക്കുന്ന തരത്തിലുള്ള പെരുമാറ്റവും സമീപനവും കൈക്കൊള്ളുന്ന ഉദ്യോഗസ്ഥന്‍മാരെക്കുറിച്ചുള്ള പരാതികള്‍ ധാരാളമുണ്ട്. അത്തരം പരാതികളോട് ഈ സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കില്ല. അത്തരമൊരു സമീപനം സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനല്ല, വര്‍ധിക്കാനാണ് സഹായിക്കുക എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

ജയിലുകളില്‍ എത്തുന്നവരില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കു പുറമെ സമരങ്ങളില്‍ പങ്കെടുത്തും മറ്റും എത്തുന്ന രാഷ്ട്രീയ തടവുകാരുമുണ്ടാകാം. അതുപോലെ ശിക്ഷിക്കപ്പെട്ടവരോടൊപ്പം വിചാരണത്തടവുകാരും ഉണ്ടാകാം. അത്തരക്കാര്‍ കുറ്റാരോപിതര്‍ മാത്രമാണ്. കുറ്റവാളികളല്ല. വിചാരണയിലൂടെ കോടതിയാണ് അവര്‍ കുറ്റം ചെയ്തോ എന്നു തീരുമാനിക്കുന്നത്. അതുവരെ അവരെ നിരപരാധികളായി കാണണമെന്നാണ് നമ്മുടെ നിയമം അനുശാസിക്കുന്നത്. തടവുകാരോട് ഇടപെടുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ മനസ്സിലുണ്ടാവണം.ജയിലിനുള്ളിലെ എല്ലാത്തരം പ്രവര്‍ത്തനങ്ങളും നിയമാനുസൃതമാവണം. തടവുകാരോടുള്ള സര്‍ക്കാരിന്‍റെ സമീപനവും തികച്ചും നിയമാനുസൃതമായിരിക്കും. കാലാകാലങ്ങളില്‍ നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സര്‍ക്കാരിനു ലഭിക്കാറുണ്ട്. എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ച് തികച്ചും നിയമാനുസൃതമായി മാത്രമേ അക്കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുക്കുകയുള്ളു. നിയമവാഴ്ചയും നീതിയും ഉറപ്പാക്കുക, നിയമാനുസൃതം
പ്രവര്‍ത്തിക്കുക എന്ന ഈ സമീപനം നിങ്ങളുടെ പ്രവര്‍ത്തനത്തിന്‍റെയും അടിസ്ഥാന മാര്‍ഗരേഖയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പാസിങ്ഔട്ട് പരേഡില്‍ പങ്കെടുക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും ശോഭനമായ ഒരു സര്‍വീസ് ജീവിതം ആശംസിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു. നന്ദി.