തിക്കുറിശ്ശി ഫൗണ്ടേഷന്‍ അവാര്‍ഡ്

കലാരംഗത്തുള്ള പലര്‍ക്കും സമൂഹം നല്‍കാറുള്ള വിശേഷണമാണ് സകലകലാവല്ലഭന്‍ എന്നത്. എന്നാല്‍, ഇത് പലരെയുംകാള്‍ കൂടുതലായി ചേരുന്നത് തിക്കുറിശ്ശിക്കാണ്. വിസ്മയകരമാം വിധം വിവിധ രംഗങ്ങളില്‍ വ്യാപരിക്കുകയും അതിലൊക്കെ മികവിന്‍റെ മുദ്ര ചാര്‍ത്തുകയും ചെയ്ത വ്യക്തിയാണ് തിക്കുറിശ്ശി സുകുമാരന്‍നായര്‍. നടന്‍ എന്ന നിലയ്ക്കാണ് അദ്ദേഹം ഏറെ അറിയപ്പെട്ടത്. എന്നാല്‍, അതിനപ്പുറം എന്തൊക്കെ ആയിരുന്നു അദ്ദേഹം? കഥാകൃത്ത്, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംഗീതസംവിധായകന്‍, സംഭാഷണ രചയിതാവ്, നാടകകൃത്ത്, നാടക സംവിധായകന്‍, ചലച്ചിത്ര സംവിധായകന്‍ എന്നിങ്ങനെ വിവിധങ്ങളായ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. എല്ലാ രംഗത്തും സര്‍ഗ്ഗാത്മകമായ മികവിന്‍റെ കൈയൊപ്പിടുകയും ചെയ്തു.

ഇങ്ങനെയുള്ള ബഹുമുഖപ്രതിഭയായ ഒരു വലിയ കലാകാരന്‍റെ ജډശതാബ്ദിയാണ് നാമിവിടെ ആഘോഷിക്കുന്നത്. അതായത്, തിക്കുറിശ്ശി ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നൂറുവയസ്സിലെത്തുമായിരുന്നു. നൂറുവയസ്സുവരെ ജീവിക്കുക എന്നത് അസാധ്യമായ കാര്യമൊന്നുമല്ല ഈ ആധുനിക കാലത്ത്. അങ്ങനെ ചിന്തിക്കുമ്പോള്‍ തിക്കുറിശ്ശിക്ക് ഇന്നും നമ്മോടൊപ്പം ഉണ്ടാവാന്‍ കഴിയുമായിരുന്നു എന്നു തോന്നിപ്പോകുന്നു. ഉണ്ടായിരുന്നെങ്കില്‍ എത്രയോ രംഗങ്ങളില്‍ അദ്ദേഹത്തിന്‍റെ വിലപ്പെട്ട സംഭാവനകള്‍ ഉണ്ടാകുമായിരുന്നു.

ഏതായാലും അദ്ദേഹം നമുക്കൊപ്പം ഇല്ല. അതുകൊണ്ടുതന്നെ അങ്ങനെ ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇതറിയുമായിരുന്നിട്ടും നാം അദ്ദേഹം ഇന്നുമുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിച്ചുപോകുന്നില്ലേ. അതുതന്നെയാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിനും സ്മരണയ്ക്കും ലഭിക്കുന്ന വലിയ അംഗീകാരം. ഇന്നുമുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് അദ്ദേഹത്തില്‍നിന്നു സമൂഹത്തിനു ലഭിക്കാമായിരുന്നതു പലതും ഇല്ലാതായല്ലോ എന്ന നഷ്ടബോധം കൊണ്ടുകൂടിയാണ്. ആ നഷ്ടബോധം നമ്മുടെ മനസ്സില്‍ ഉണര്‍ത്താന്‍ കഴിയുന്ന വിധത്തില്‍ സമൃദ്ധവും സമ്പന്നവുമായിരുന്നു അദ്ദേഹത്തിന്‍റെ സംഭാവനകള്‍. ലോകസിനിമയുടെ നൂറാം വാര്‍ഷികാഘോഷ
വേളയില്‍ വിഖ്യാത ചലച്ചിത്രതാരമായ ശിവാജി ഗണേശനാണ് മലയാള ചലച്ചിത്രരംഗത്തെ വിസ്മയമായ തിക്കുറിശ്ശിയുടെ പേരിലുള്ള ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തത്. ഗംഭീരമായ തുടക്കമായിരുന്നു അത്. ആ ഗാംഭീര്യം തിക്കുറിശ്ശി ഫൗണ്ടേഷന്‍ തുടര്‍ന്നിങ്ങോട്ട് എന്നും നിലനിര്‍ത്തി എന്നത് അഭിമാനകരമായ കാര്യമാണ്.

തിക്കുറിശ്ശി സ്മരണ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ നിരവധി രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ക്ക് അവരുടെ മികവാര്‍ന്ന സംഭാവനകള്‍ മുന്‍നിര്‍ത്തി പുരസ്കാരങ്ങള്‍ നല്‍കുന്നുണ്ട്.

തിക്കുറിശ്ശിയുടെ പേരിലുള്ളതാണ് എന്നതുകൊണ്ടുതന്നെ ഈ അവാര്‍ഡുകള്‍ അര്‍ഹരായവര്‍ക്കെല്ലാം വലിയതോതില്‍ സ്വീകാര്യമായിരിക്കും എന്ന് എനിക്കറിയാം. പുരസ്കാര ജേതാക്കളെ ഞാന്‍ ഹൃദയംഗമമായി അനുമോദിക്കട്ടെ. സാഹിത്യ-മാധ്യമ രംഗങ്ങളെ കൂടുതല്‍ ശുദ്ധീകരിക്കുന്നതിനും സമ്പുഷ്ടമാക്കുന്നതിനും ഈ അവാര്‍ഡുകള്‍ക്കു കഴിയട്ടെ. കൂടുതല്‍ കൂടുതല്‍ ശ്രദ്ധേയമായ തലങ്ങളിലേക്കുയരാന്‍ ഈ പുരസ്കാര ജേതാക്കള്‍ക്ക് സാധ്യമാകട്ടെ എന്ന് ആശംസിക്കുക കൂടി ചെയ്യുന്നു.

കൊച്ചുകുട്ടിയായിരിക്കെ തന്നെ കവിതയിലും അഭിനയത്തിലും ആകൃഷ്ടനായ തിക്കുറിശ്ശി പില്‍ക്കാലത്ത് കലയ്ക്കുവേണ്ടി ജീവിതം തന്നെ സമര്‍പ്പിക്കുകയായിരുന്നു. നാടകം എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത തിക്കുറിശ്ശി നാടകങ്ങളുടെ വൈകാരിക ഭാവം ചോര്‍ത്തിക്കളയും വിധമുള്ള തട്ടുപൊളിപ്പന്‍ ഗാനങ്ങളെ ഒഴിവാക്കി. ഗായകസംഘത്തെ മുന്നണിയില്‍നിന്നു പിന്നണിയിലേക്കു മാറ്റി. രംഗത്തെത്തുന്നവര്‍ പാടി അഭിനയിച്ചേ മതിയാവൂ എന്ന വ്യവസ്ഥ മാറ്റി. പാടാത്ത നായകډാരെ അവതരിപ്പിച്ചു. ഇതൊക്കെ ഒരര്‍ത്ഥത്തില്‍ പരീക്ഷണങ്ങളായിരുന്നു. എന്നാല്‍, ആ പരീക്ഷണങ്ങള്‍ വിജയിച്ചു. അതിലൂടെ നമ്മുടെ നാടകങ്ങള്‍ തമിഴ് നാടകങ്ങളുടെ സ്വാധീനത്തില്‍നിന്നും പതിയെ പതിയെ മുക്തമായി സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന തലത്തിലേക്കുയര്‍ന്നു. ഇങ്ങനെ മലയാള നാടകകലയെ ജനായത്തവല്‍ക്കരിക്കുന്നതില്‍ ചരിത്രപരമായ പങ്കുവഹിച്ച കലാകാരനാണ് തിക്കുറിശ്ശി.

തിക്കുറിശ്ശിയുടെ ‘സ്ത്രീ’ എന്ന നാടകത്തിനു വലിയ സ്വീകാര്യതയാണ് അക്കാലത്തുണ്ടായത്. ആ സ്വീകാര്യത കൊണ്ടാണ് ‘സ്ത്രീ’ സിനിമയായതും. ആ സിനിമയിലെ അഭിനയത്തിലൂടെ തിക്കുറിശ്ശി മലയാള ചലച്ചിത്രാസ്വാദകരുടെ മനസ്സില്‍ ഇടം നേടി. തുടര്‍ന്ന് പതിറ്റാണ്ടുകളായി തിക്കുറിശ്ശി മലയാള സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറുകയായിരുന്നു. ആ പ്രക്രിയയിലാണ് ചലച്ചിത്ര രംഗത്തിന്‍റെ അരഡസനിലേറെ മേഖലകളില്‍ അദ്ദേഹം ശ്രദ്ധേയമാംവിധം വ്യാപരിച്ചത്.

തിക്കുറിശ്ശി അഭിനയിച്ച എത്രയോ രംഗങ്ങള്‍ മലയാളിയുടെ മനസ്സില്‍ പതിഞ്ഞുനില്‍ക്കുന്നു. ‘ഹരിശ്ചന്ദ്ര’ എന്ന സിനിമയിലെ ‘ആത്മവിദ്യാലയമേ’ എന്ന ഗാനവും അതിനു ഭാവതീവ്രത കൂട്ടുന്ന വിധത്തിലുള്ള തിക്കുറിശ്ശിയുടെ അഭിനയവും ആര്‍ക്കാണ് മറക്കാനാവുക. ആ സിനിമ കണ്ടിട്ടില്ലാത്തവരുടെ കൂടി മനസ്സില്‍ ഇടയ്ക്കിടെ ടിവിയിലും മറ്റും വരുന്ന ആ പാട്ടും ദൃശ്യവും പൊള്ളുന്ന അനുഭവം പോലെ പതിഞ്ഞുകിടക്കും. വിവിധ രംഗങ്ങളില്‍ പ്രകടമാക്കിയ മികവുകള്‍ മുന്‍നിര്‍ത്തിയാണ് തിക്കുറിശ്ശിയെ രാജ്യം പിന്നീട് പത്മശ്രീ നല്‍കി ആദരിച്ചത്.

ജനപ്രിയമായ നിരവധി ഗാനങ്ങള്‍ തിക്കുറിശ്ശി സിനിമയ്ക്കുവേണ്ടി എഴുതി. ധാരാളം പുസ്തകങ്ങളെഴുതി. പരിചയപ്പെട്ടവരെയൊക്കെ നര്‍മ്മരസം കലര്‍ന്ന സംഭാഷണങ്ങളാല്‍ സ്വാധീനിച്ചു. പല തലമുറകള്‍ക്കു പ്രിയങ്കരനായി. വലിയൊരു സൗഹൃദവലയമുണ്ടാക്കി.

ഇങ്ങനെ ജനമനസ്സുകളില്‍ പതിഞ്ഞുനില്‍ക്കുന്ന തിക്കുറിശ്ശിയുടെ പേരിലുള്ള ഫൗണ്ടേഷന്‍ കൂടുതല്‍ കൂടുതല്‍ ശ്രദ്ധേയമായ തലങ്ങളിലേക്കുയരട്ടെ എന്ന് ആശംസിക്കുന്നു. തിക്കുറിശ്ശി സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു. തിക്കുറിശ്ശി പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരെ അനുമോദിക്കുന്നു. അവര്‍ക്ക് ഭാസുരമായ ഭാവി കലാരംഗത്തുണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.