ജലസാക്ഷരത നടപ്പാക്കാന്‍ നിയമസഭാസാമാജികര്‍ മുന്‍കൈയെടുക്കണം

ഓരോ പ്രദേശത്തെയും വരള്‍ച്ചയില്‍ നിന്നും രക്ഷിക്കാനും വെളളത്തിന്റെ ഉപയോഗത്തെക്കുറിച്ച് ബോധവാന്‍മാരാക്കുന്ന ജലസാക്ഷരത ജനങ്ങളില്‍ എത്തിക്കാനും നിയമസഭാ സാമാജികര്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും തന്മൂലമുണ്ടാകുന്ന ആഘാതങ്ങളും അവ നേരിടാനുളള മാര്‍ഗങ്ങളും സംബന്ധിച്ച് കാലാവസ്ഥാ പഠനകേന്ദ്രം നിയമസഭാ സാമാജികര്‍ക്കായി നിയമസഭയില്‍ സംഘടിപ്പിച്ച ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനം നേരിട്ടത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുളള കാലവര്‍ഷത്തില്‍ 21% കുറവാണുണ്ടായത്. സെപ്റ്റംബര്‍ മുതല്‍ പെയ്യേണ്ട തുലാവര്‍ഷവും കൂടുതല്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഈ സാഹചര്യത്തില്‍ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ജലത്തിന്റെ ശരിയായ ഉപയോഗം നാം ശീലിക്കണം. ഉപയോഗിച്ച വെളളം കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പുനരുപയോഗിക്കാന്‍ ശീലിക്കണം.

ലഭിക്കുന്ന മഴവെളളം മുഴുവന്‍ സംഭരിക്കാന്‍ സംവിധാനം ഉണ്ടാവണം. ഭൂഗര്‍ഭ ജലനില താഴ്ന്നുകൊണ്ടിരിക്കുകയാണ്. മഴവെളളം കിണറുകളിലേക്ക് ഇറക്കിവിട്ട് റീചാര്‍ജിംഗ് നടത്തിയാല്‍ പ്രദേശം മുഴുവന്‍ ജല സമ്പന്നമാക്കാം.

ഹരിതകേരള മിഷന്‍ കുളങ്ങളും തോടുകളും വൃത്തിയാക്കുന്ന പദ്ധതി നാടെങ്ങും തുടങ്ങിയിട്ടുണ്ട്. അതും ഈ ഘട്ടത്തില്‍ ഊര്‍ജ്ജിതമാക്കി നീരുറവകള്‍ സംരക്ഷിക്കണം. ക്വാറികളെ മാലിന്യകേന്ദ്രമാക്കാന്‍ അനുവദിക്കാതെ ക്വാറികളിലെ വെളളം ഉപയോഗ യോഗ്യമാക്കണം. വയലുകള്‍ പോലുളള ജലസംഭരണികള്‍ അതേ രീതിയില്‍ നിലനിര്‍ത്താനും നാട് അഭിമുഖീകരിക്കാന്‍ പോകുന്ന ദുരന്തത്തെ നേരിടാനും നിയമസഭാ സാമാജികര്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാന കേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകം ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. നിയമസഭയുടെ 60-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഡി.സി തയ്യാറാക്കിയ ഹ്രസ്വചിത്രത്തിന്റെ സി.ഡി പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ജലം എന്ന വിഭവത്തെ ഏറ്റവും അനിവാര്യമായ ഒരു മൂലധനമായി കാണുന്ന മനോഭാവം കേരളീയര്‍ക്ക് ഉണ്ടാവണമെന്ന് അധ്യക്ഷത വഹിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഡോ. മുരളി തുമ്മാരുകുടി മുഖ്യപ്രഭാഷണം നടത്തി. കാലാവസ്ഥാ വ്യതിയാനകേന്ദ്രം ഡയറക്ടര്‍ ഡോ. ജോര്‍ജ് ചാക്കച്ചേരി സ്വാഗതം പറഞ്ഞു.