ഗൗരി ലങ്കേഷ് അനുസ്മരണം

ആശയങ്ങളെ സംവാദങ്ങളിലൂടെ എതിരിടുവാന്‍ ഭയക്കുന്നവരാണ് ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന വ്യക്തികളെ ആയുധങ്ങളിലൂടെ ഇല്ലാതെയാക്കുവാന്‍ ശ്രമിക്കുന്നത്. മഹാത്മാ ഗാന്ധി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ള വ്യക്തികളുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ അത്തരം ഭയത്താല്‍ വിറയ്ക്കുന്ന കൈകളാണുള്ളതെന്ന് നിസ്സംശയം പറയുവാന്‍ സാധിക്കും.

ഗൗരി ലങ്കേഷിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് ഈ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്ന ദിവസത്തിനൊരു പ്രത്യേകതയുണ്ട്. ഇന്ന് ഐക്യരാഷ്ട്രഭയുടെ സാര്‍വദേശീയ ജനാധിപത്യദിനമാണ്. ജനാധിപത്യമില്ലാത്തയിടങ്ങളില്‍ അവ പ്രോല്‍സാഹിപ്പിക്കുവാനും, സാമൂഹികഇടപെടലുകളില്‍ ജനാധിപത്യതത്വങ്ങള്‍ മുറുകെപ്പിടിക്കുവാനുമാണ് ജനാധിപത്യദിനം ആഹ്വാനം ചെയ്യുന്നത്.

ജനാധിപത്യവും സംഘര്‍ഷനിവാരണവും (democracy and conflict prevention) എന്നതാണ് സാര്‍വദേശീയ ജനാധിപത്യദിനം ഈ വര്‍ഷം മുന്നോട്ട് വയ്ക്കുന്ന വിഷയം. ആധുനികമനുഷ്യന്‍ സംഘര്‍ഷത്തിലൂടെയല്ല തീരുമാനങ്ങളിലെത്തേണ്ടത്. സംവാദങ്ങളിലൂടെയും സമവായങ്ങളിലൂടെയുമാണ്. ഭിന്നാഭിപ്രായങ്ങള്‍ക്കിടയില്‍ സംവാദങ്ങളിലൂടെ സമവായം സാധ്യമാക്കുവാന്‍ കഴിയണം.

എന്നാല്‍ ജനാധിപത്യ തത്വങ്ങള്‍ക്കും മര്യാദകള്‍ക്കും ഒരു വിലയും നല്‍കാത്ത ഒരവസ്ഥ പലയിടങ്ങളിലും നിലനില്‍ക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന, മൗലികമെന്ന് ഉറപ്പ് നല്‍കിയിട്ടുള്ള, പല അവകാശങ്ങളും നിഷേധിക്കപ്പെടുന്ന ഒരവസ്ഥ നല്ലതാണെന്ന് കരുതുന്നില്ല.

ജനാധിപത്യം എന്ന ആശയത്തെ ശരിയായ വിധത്തില്‍ തന്നെയാണോ നാം മനസ്സിലാക്കിയിട്ടുള്ളത്? തെരെഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുന്നവരുടെ ഇഷ്ടം നടപ്പിലാക്കലാണ് ജനാധിപത്യം എന്നാണ് ഒരു കൂട്ടര്‍ ധരിച്ചുവെച്ചിരിക്കുന്നത്. അധികാരം കയ്യിലുണ്ട്, അതുകൊണ്ട് തങ്ങള്‍ക്കിഷ്ടമില്ലാത്ത കലാ-സാഹിത്യപ്രവര്‍ത്തകരെയും, പത്രപ്രവര്‍ത്തകരെയും ഒക്കെ തങ്ങള്‍ക്കിഷ്ടപ്പെട്ട പോലെ കൈകാര്യം ചെയ്തുകളയാം എന്നുള്ള ധാരണ ശരിയല്ല.

എല്ലാവര്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യമുള്ള, പൂര്‍ണമായ അഭിപ്രായസ്വാതന്ത്ര്യമുള്ള ഒരു തുറന്നസമൂഹം എന്ന നിലയ്ക്കാണ് ജനാധിപത്യത്തെ മനസ്സിലാക്കേണ്ടത്. അംഗീകരിക്കുന്നവരോടും വിമര്‍ശിക്കുന്നവരോടും ഒരുപോലെ സംവദിക്കാന്‍ ജനാധിപത്യത്തില്‍ കഴിയണം. അങ്ങനെ, ജയിച്ചവര്‍ പരാജയപ്പെട്ടവരെക്കൂടി തങ്ങളുടെയൊപ്പം ഒരുമിച്ചു കൂട്ടുമ്പോഴാണ് ജനാധിപത്യം പൂര്‍ണമാകുന്നത്.

അത് വെറും പാര്‍ലമെന്ററി ജനാധിപത്യം മാത്രമായി ചുരുങ്ങേണ്ടതല്ല. മറിച്ച്, ഒരു ജനതയുടെ ജീവിതരീതിയായി വികസിച്ചുവരേണ്ടതാണ് ജനാധിപത്യവും അതിലധിഷ്ഠിതമായ മൂല്യങ്ങളും.

എന്നാല്‍ ജനാധിപത്യമൂല്യങ്ങള്‍ക്ക് വില കുറച്ചുകാണുന്ന, ഭിന്നാഭിപ്രായങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന ഒരു സമൂഹമായിരുന്നില്ല നമ്മുടേത്. നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുവാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനുമുള്ള സ്വാതന്ത്ര്യവും, ശരിയെന്ന് തോന്നുന്ന രാഷ്ട്രീയവും പറയുവാനുള്ള അവകാശം നഷ്ടപ്പെട്ട് തുടങ്ങിയത് എന്നു തൊട്ടാണെന്നുള്ള കാര്യവും ഓര്‍ത്തിരിക്കണം. ശരിയാണ്, മുമ്പും ആ സ്വാതന്ത്ര്യങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അന്നെല്ലാം ആ സ്വാതന്ത്ര്യങ്ങള്‍ തിരികെവാങ്ങുവാന്‍ നമ്മള്‍ സമരം നടത്തിയിട്ടുണ്ട്. അങ്ങനെ, പിടിച്ചു വെക്കപ്പെട്ട സ്വാതന്ത്ര്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന ഒരു ചരിത്രമാണ് ഇന്ത്യയുടേത്.

ആ ചരിത്രത്തെ പ്രതിനിധാനം ചെയ്യുന്നവരാണ് ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും ധാബോല്‍ക്കറും പന്‍സാരെയും ഗാന്ധിയുമെല്ലാം. ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തവരെല്ലാം ആ ചരിത്രത്തിനെ ഒറ്റുകൊടുത്തവരാണ് എന്നതൊരു യാദൃച്ഛികതയല്ല. നമ്മുടെ പൊതുവായ ചരിത്രത്തെ തിരുത്തിയെഴുതി തങ്ങളുടേതാക്കുവാനാണ് അത്തരക്കാര്‍ ശ്രമിക്കുന്നത്.

മതനിരപേക്ഷതയും ജനാധിപത്യവും സോഷ്യലിസവുമൊന്നും നമ്മുടെ ചരിത്രത്തിന്റെ ഭാഗമേയല്ല എന്നാണവര്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍, നേരെ മറിച്ചാണ് കാര്യങ്ങള്‍. ഇന്ത്യയെന്ന ആശയവും എഴുപത് വര്‍ഷത്തോളമുള്ള അതിന്റെ വികാസപരിണാമങ്ങളും, ഭൂരിഭാഗവും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് മതനിരപേക്ഷതയും ജനാധിപത്യവും സോഷ്യലിസവും തീര്‍ത്ത അടിത്തറയിലാണ്. ആ അടിത്തറ തകര്‍ന്നാല്‍ അതിന്റെയൊപ്പം ഇടിഞ്ഞുവീഴുന്നത് ആധുനിക ഇന്ത്യ എന്ന സങ്കല്പം കൂടിയായിരിക്കും.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗോസംരക്ഷണത്തിന്റെ പേരില്‍, ഭിന്നാഭിപ്രായം പറയുന്നതിന്റെ പേരില്‍, ജാതിയുടെ പേരില്‍ ക്രിമിനലുകള്‍ അക്രമം അഴിച്ചുവിടുകയാണ്. മറ്റൊരുവശത്ത് നോട്ട് നിരോധനം പോലെയുള്ള വികല സാമ്പത്തികനയങ്ങള്‍ മൂലം സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ വ്യാവസായികോല്പാദനം ഇടിയുന്നു. തൊഴില്‍ വളര്‍ച്ച ഇടിയുന്നു. കര്‍ഷകരും തൊഴിലാളികളും തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങുവാന്‍ പ്രേരിരതരാകുന്നു. ആധുനിക ഇന്ത്യ എന്ന് പറയുന്ന സങ്കല്പം ഇതായിരുന്നില്ല.

സമൂഹത്തിലെ അതിശക്തര്‍ക്കൊപ്പം അതിദുര്‍ബലര്‍ക്കും തുല്യാവസരങ്ങളുള്ള ഒരാശയമായിട്ടാണ് മഹാത്മാ ഗാന്ധി ജനാധിപത്യത്തെ അവതരിപ്പിച്ചിട്ടുള്ളത്. വര്‍ഗീയശക്തിക്കള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തത് കൊണ്ടുമാത്രമേ ഇന്ത്യയെ മുന്നോട്ട് നയിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായ ശേഷം മുഖ്യമന്ത്രിമാര്‍ക്കയച്ച ആദ്യത്തെ കത്തില്‍ വ്യക്തമാക്കുന്നത്. സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹമാണ് ലക്ഷ്യം വെക്കേണ്ടത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാല്‍, ആധുനിക ഇന്ത്യയെ പറ്റിയുള്ള അത്തരം മനോഹരസങ്കല്പങ്ങള്‍ എന്ന് മുതലാണ് നമുക്കന്യമായിത്തുടങ്ങിയത്?

ആ സങ്കല്പങ്ങള്‍ തിരിച്ചുപിടിക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങേണ്ടത് അവിടെ നിന്നുമാണ്. എന്നുമുതലാണ് നാം സോഷ്യലിസത്തെ കൈവിട്ടത്? എന്നുമുതലാണ് നാം രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് തുടങ്ങിയത്? എന്നുമുതലാണ് നാം ഇതരമതക്കാരെ ശത്രുക്കളായി കാണുവാന്‍ ആരംഭിച്ചത്? ഇതെല്ലാം സംഭവിച്ചതിന് ശേഷമല്ലേ നമ്മുടെ മൗലികാവകാശങ്ങള്‍ക്ക് മേല്‍ ഒന്നൊന്നായി കടന്നുകയറ്റങ്ങളുണ്ടാകുവാന്‍ തുടങ്ങിയത്?

നാം ഏത് ചേരിയുടെ കൂടെ നില്‍ക്കുന്നു എന്നത് പ്രധാനമാണ്. ഒരു ചേരിയിലുമില്ല എന്നു വേണമെങ്കില്‍ ഭംഗിവാക്കു പറയാം. എന്നാല്‍, അത്തരം നിലപാടുകളില്ലായ്മകള്‍ തന്നെയാണ് ഇന്നത്തെ അവസ്ഥയ്ക്കിടയാക്കിയത്. അസഹിഷ്ണുത ഇത്ര ഭീകരമായി അഭിപ്രായ സ്വാതന്ത്ര്യത്തെ, എഴുത്തിനുള്ള സ്വാതന്ത്ര്യത്തെ ഞെരിച്ചമര്‍ത്തിയ മറ്റൊരു അവസ്ഥയുണ്ടായിട്ടില്ല. അടിയന്തിരാവസ്ഥയില്‍ പോലും സാഹിത്യകാരന്മാരെ തുടരെ കൊന്നൊടുക്കിയിട്ടില്ല.

ഗൗരി ലങ്കേഷുള്‍പ്പടെയുള്ളവര്‍ ചെയ്തത് എന്തു കുറ്റമാണ്? പേനയല്ലാതെ ആയുധമെടുത്തവരല്ല ഇവരാരും. ശാസ്ത്രചിന്തയും മനുഷ്യപുരോഗതിയും മുന്‍നിര്‍ത്തിയാണ് ഇവര്‍ എഴുതിയിരുന്നത്. മതനിരപേക്ഷമായ മനുഷ്യ ഐക്യത്തിനുവേണ്ടിയാണ് ഇവര്‍ പ്രസംഗിച്ചിരുന്നത്.