കണ്ണൂര്‍ എയര്‍പോര്‍ട്ട്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ എട്ടാമത് വാര്‍ഷിക പൊതുയോഗമാണിത്. ഈ ഘട്ടത്തില്‍ വിമാനത്താവളത്തിന് കാര്യമായ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചു എന്നത് അഭിമാനകരമായ കാര്യമാണ്.

ലാര്‍സണ്‍ ആന്‍റ് ട്രൂബോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം 90 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ് മനസ്സിലാക്കുന്നത്. റണ്‍വെ ആന്‍റ് സേഫ്ടി ഏരിയയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം ജനുവരിയോടുകൂടി പൂര്‍ത്തിയാക്കാനാവും. ഇന്‍റഗ്രേറ്റഡ് പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം നിര്‍മാണമടക്കമുള്ളവ അന്തിമഘട്ടത്തിലാണ്. അതും അടുത്ത ജനുവരിയോടെ പൂര്‍ത്തിയാവും.

ടെര്‍മിനല്‍ കെട്ടിടനിര്‍മാണവും അനുബന്ധ ജോലികളും 498 കോടി രൂപയ്ക്കാണ് എല്‍ ആന്‍റ് ടി ഏറ്റെടുത്തിട്ടുള്ളത് എന്നത് അറിയാമല്ലോ.

എക്സ്റേ മെഷീന്‍ സ്ഥാപിക്കല്‍ ജോലികള്‍ ഈ ഡിസംബറോടെ പൂര്‍ത്തിയാവും. ബാഗേജ് കൈകാര്യം ചെയ്യുന്ന സിസ്റ്റം അടുത്ത മാര്‍ച്ചോടെയും പാസഞ്ചര്‍ ബോര്‍ഡിങ് ബ്രിഡ്ജ് ഫെബ്രുവരിയോടെയും പൂര്‍ത്തിയാവും. എവിലേറ്ററുകള്‍, എസ്കലേറ്ററുകള്‍ എന്നിവയുടെ നിര്‍മാണം ഡിസംബര്‍, ജനുവരി മാസങ്ങളിലായി പൂര്‍ണമാകും.

ഗ്രൗണ്ട് ഹാന്‍റിലിങ് സേവനങ്ങള്‍ക്കായി എയര്‍ ഇന്ത്യയുടെ സബ്സിഡിയറിയായ എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിനെയും സെലിബി ഗ്രൗണ്ട് ഹാന്‍റിലിങ് കമ്പനിയെയുമാണ് നിയോഗിച്ചിട്ടുള്ളത്. എയര്‍പോര്‍ട്ടിനുള്ളില്‍ തന്നെ അന്താരാഷ്ട്ര എയര്‍ കാര്‍ഗോ കോംപ്ലക്സ്, നാലുനിലയുള്ള ഓഫീസ് സമുച്ചയം, അഞ്ചുനിലയുള്ള സിഐഎസ്എഫ് പാര്‍പ്പിട സമുച്ചയം, ചുറ്റുമതിലിനോടു ചേര്‍ന്ന് 23 കിലോമീറ്റര്‍ റോഡ്, അവിടത്തെ ലൈറ്റിങ്, എയര്‍പോര്‍ട്ടിന്‍റെ ലാന്‍റ് സ്കേപ്പിങ് എന്നിവയെല്ലാം ഉള്‍പ്പെട്ട 126 കോടി രൂപയുടെ പ്രൊജക്ട് ടെന്‍ഡര്‍ ചെയ്യനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. ഒരുവര്‍ഷം കൊണ്ട് ഈ ജോലികള്‍ പൂര്‍ത്തിയാക്കാനാവും. കമേഴ്സ്യല്‍ കോണ്‍ട്രാക്ട് കണ്‍സള്‍ട്ടന്‍സി കരാര്‍ കിറ്റ്കോയുമായി ഒപ്പുവെച്ചിട്ടുണ്ട്. ഡിസംബര്‍ 31നുമുമ്പ് ഇതിന്‍റെയും ടെന്‍ഡര്‍ പൂര്‍ത്തിയാവും.

ഡ്യൂട്ടിഫ്രീ ഷോപ്പ്, പരസ്യ സംവിധാനങ്ങള്‍, എന്‍റടൈന്‍മെന്‍റ് സോണ്‍, റീട്ടൈയില്‍ ഔട്ട്ലെറ്റുകള്‍, കാര്‍പാര്‍ക്ക്, ആധുനിക ടാക്സി സര്‍വീസ്, ലൈന്‍ മെയിന്‍റനന്‍സ് തുടങ്ങിയവയുടെയെല്ലാം നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഒരുവര്‍ഷം വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് വിമാനസര്‍വീസ് നടത്താന്‍ ആഭ്യന്തര, അന്താരാഷ്ട്ര എയര്‍ലൈന്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അധികാരികളുമായി ചര്‍ച്ചനടത്തി വരുന്നുണ്ട്. ഇതില്‍ ജെറ്റ് എയര്‍വേഴ്സിന് കണ്ണൂര്‍-അബുദാബി സെക്ടറിലും ദിനംപ്രതി ഒരു വിമാനവും ഗോ എയറിന് കണ്ണൂര്‍-ദമാം സെക്ടറിലും ദിനംപ്രതി ഒരു സര്‍വീസ് നടത്താനുള്ള കേന്ദ്ര വ്യോമയാന വകുപ്പിന്‍റെ പ്രവര്‍ത്തനാനുമതി ലഭ്യമാക്കികഴിഞ്ഞു.

റണ്‍വെയുടെ ദൈര്‍ഘ്യം 3050 മീറ്ററില്‍നിന്ന് 4000 മീറ്ററാക്കി വര്‍ധിപ്പിക്കുന്നതിന് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. അതിലേയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പുരോഗമിക്കുന്നുണ്ട്. ദൈര്‍ഘ്യം 3400 മീറ്റര്‍ വരെ കൂട്ടാന്‍ വേണ്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി രൂപ സമാഹരിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. 4000 മീറ്റര്‍ പൂര്‍ത്തിയാവുമ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് കേരളത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടായി മാറും.

വിവിധ തസ്തികകളിലായി 178ഓളം ജീവനക്കാരെയാണ് കണ്ണൂരില്‍ മൊത്തത്തില്‍ വേണ്ടത്. ഇപ്പോള്‍ 84 ഉദ്യോഗസ്ഥര്‍ ഉണ്ട്. ബാക്കിവരുന്ന 94 തസ്തികകളിലെ നിയമനപ്രക്രിയ നടന്നുവരികയാണ്. വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുത്തപ്പോള്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങള്‍ക്കായി 41 ഒഴിവുകള്‍ നീക്കിവെച്ചിരിക്കുകയാണ്.

നാവിഗേഷന്‍ സംവിധാനമായ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കമ്യൂണിക്കേഷന്‍ വിഭാഗം പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഇതിന്‍റെ കാലിബറേഷനും ഏറോനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്കേഷനും അടുത്ത ഏപ്രിലോടുകൂടി പൂര്‍ത്തിയാവും. പൊതുവില്‍ ആഗസ്തില്‍ കമ്മീഷനിങ് പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നത്. ഇതേത്തുടര്‍ന്ന് ഡിജിസിഎയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിമാനത്താവള ലൈസന്‍സ് കിട്ടും.
ഇതുകൂടാതെ അഗ്നിശമന സേന അടക്കമുള്ള വിഭാഗങ്ങളുടെ ലൈസന്‍സ്, കാലാവസ്ഥാ നിരീക്ഷണവകുപ്പിന്‍റെ ഉദ്യോഗസ്ഥതല വിന്യാസം, സിഐഎസ്എഫ്, കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങളുടെ പോസ്റ്റിങ് തുടങ്ങിയവ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പൊതുവില്‍ പറഞ്ഞാല്‍ കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടിക്രമങ്ങളെല്ലാംതന്നെ 2018 സെപ്തംബറോടെ തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അറിയിക്കുന്നതില്‍ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. എയര്‍പോര്‍ട്ടിന്‍റെ കാര്യക്ഷമമായ പൂര്‍ത്തിയാക്കലിന് ഉതകുന്ന അഭിപ്രായങ്ങള്‍ നിങ്ങളില്‍നിന്ന് ഉണ്ടാകണമെന്ന് അറിയിക്കട്ടെ.