ശിശുദിനാഘോഷം

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ശിശുദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാകുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. ഒക്ടോബര്‍ 20 മുതല്‍ നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ഈ പൊതുസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന മുഴുവന്‍ കുട്ടികളെയും ഞാന്‍ സ്നേഹപൂര്‍വ്വം അഭിവാദ്യം
ചെയ്യുന്നു.

കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജډദിനമാണല്ലോ നാം ശിശുദിനമായി ആഘോഷിക്കുന്നത്. നമ്മുടെ കര്‍ഷകരുടെയും തൊഴിലാളികളുടെയും വിയര്‍പ്പിലും ഗ്രാമത്തിന്‍റെ വിശുദ്ധിയിലും ഇന്ത്യയെ കണ്ടെത്താനുള്ള കരുത്ത് കുട്ടികള്‍ക്കുണ്ടാകണമെന്ന് നെഹ്രു ആഗ്രഹിച്ചിരുന്നു. കാരണം രാജ്യത്തിന്‍റെ ഭദ്രത വരുംതലമുറയുടെ കൈകളിലാണെന്ന് അദ്ദേഹത്തിന് വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നു. ഇന്നത്തെ കുട്ടികള്‍ നാളത്തെ സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും ഭാഗധേയം നിര്‍ണയിക്കുന്നവരാണ്. ബുദ്ധിയും പഠിപ്പും തൊഴിലും സ്വന്തം കാര്യം നേടുക എന്നതിനപ്പുറം സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനു കൂടിയുള്ളതാണെന്ന ചിന്ത കുട്ടികളില്‍ വളര്‍ന്നുവരണം.

എന്നാല്‍, ഇന്നത്തെ സാമൂഹ്യസാഹചര്യം അതിന് അനുവദിക്കുന്നുണ്ടോ എന്ന കാര്യം നാം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഇന്നത്തെ കുഞ്ഞുങ്ങളാണ് രാഷ്ട്രത്തിന്‍റെ നാളത്തെ ശില്‍പികള്‍. കുട്ടികളുടെ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലാണ്
രാഷ്ട്രത്തിന്‍റെ ഭാവി എന്നു ചുരുക്കം. എന്നാല്‍, ഇത്തരത്തിലുള്ള ഒരു ഭാവി രൂപപ്പെടുത്താനാവുന്ന സാമൂഹ്യസാഹചര്യമാണോ നിലവിലുള്ളത്? ജനിക്കുന്ന കുഞ്ഞുങ്ങളില്‍ നല്ല ഒരു ശതമാനം വേണ്ട പരിചരണമൊന്നും കിട്ടാത്തതിനാല്‍ ജനനാനന്തര ഘട്ടത്തില്‍ത്തന്നെ മരിച്ചുപോകുന്നു. അതിജീവിക്കുന്ന കുഞ്ഞുങ്ങളില്‍ നല്ല ഒരു ഭാഗം പോഷകാഹാരക്കുറവുകൊണ്ടും ചികിത്സയില്ലായ്മകൊണ്ടും പിന്നീടൊരു ഘട്ടത്തില്‍ ഇല്ലാതെയായിപ്പോകുന്നു.

ഇതിനെയൊക്കെ മറികടന്നെത്തുന്ന കുഞ്ഞുങ്ങളില്‍ വലിയ ഒരു വിഭാഗത്തിന് അക്ഷരാഭ്യാസം പോലും നിഷേധിക്കപ്പെടുന്നു. പഠിക്കാന്‍ അവസരമുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ വലിയൊരു വിഭാഗം പ്രൈമറി ക്ലാസ് ഘട്ടത്തില്‍ത്തന്നെ കൊഴിഞ്ഞുപോകുന്നു. സ്കൂളില്‍ പഠിക്കേണ്ട ഘട്ടത്തില്‍ കഠിനമായ പണികളില്‍ ഏര്‍പ്പെടേണ്ടിവരുന്നു. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ളവര്‍ക്കറിയാം, ധാബ എന്നറിയപ്പെടുന്ന വഴിയോര ചായക്കടകളില്‍ രാത്രി പന്ത്രണ്ടരയ്ക്ക് പോലും പത്തുവയസ്സു തികയാത്ത കുട്ടികള്‍ ഉറക്കമിളച്ച് പാത്രം കഴുകുന്ന കാഴ്ച.

അര്‍ധരാത്രിക്കുശേഷവും ഇങ്ങനെ ജോലിചെയ്യുന്ന കുട്ടികള്‍ക്ക് വെളിപ്പിനുതന്നെ വീണ്ടും പണി പുനരാരംഭിക്കേണ്ടിവരും. ഇളംപ്രായത്തില്‍ ഉറക്കം പോയിട്ട് വിശ്രമം പോലും കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നില്ല. കുഞ്ഞുങ്ങളെക്കുറിച്ച് വാത്സല്യത്തോടെ സംസാരിക്കുകയും ശിശുദിനാഘോഷമൊക്കെ നടത്തുകയും ചെയ്യുമ്പോള്‍ ഇതാണ് കുഞ്ഞുങ്ങളെ സംബന്ധിച്ച ഇന്ത്യന്‍ യാഥാര്‍ത്ഥ്യം എന്നത് മറന്നുകൂടാ. ഇത് ഒരു രംഗം. മറുരംഗത്തോ? അവിടെ കുട്ടികള്‍ പിറന്നുവീഴുന്നതു തന്നെ മത്സരരംഗത്താണ്. ചിറകുകള്‍ക്ക് ബലം കിട്ടുന്നതിനുമുമ്പേ അവര്‍ പന്തയംവെച്ച് പറക്കുകയാണ്. ജീവിതം മത്സരിക്കാനും പകതീര്‍ക്കാനും കീഴടക്കാനുമുള്ളതാണെന്ന പാഠമാണ് അവര്‍ക്കു പഠിക്കാനിടവരുന്നത്.

അവരെ ഇത്തരത്തില്‍ ആക്കിത്തീര്‍ക്കുന്നതില്‍ മാതാപിതാക്കള്‍ക്കെന്ന പോലെ സമൂഹത്തിനും വലിയ പങ്കാണുള്ളത്. രക്ഷാകര്‍ത്താക്കളുടെ അളവറ്റ മോഹങ്ങളാണ് ഇളംതലമുറയെ നശിപ്പിക്കുന്നതിനു പ്രധാന കാരണം എന്നു പറയാതിരിക്കാനാകില്ല. ഇഷ്ടമില്ലാത്ത ഭാഷ സംസാരിക്കുന്നതിനും ഇഷ്ടമില്ലാത്ത വിഷയം ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്നതിനും നിര്‍ബന്ധിക്കുകവഴി ഓരോ കുട്ടിയുടെയും വ്യക്തിത്വമാണ് നശിപ്പിക്കപ്പെടുന്നത് എന്ന കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്.

ബാല്യകാലം ആസ്വദിക്കുക എന്നത് കുട്ടികളുടെ ഏറ്റവും അടിസ്ഥാനപരമായ അവകാശമാണ്. അല്ലലില്ലാത്ത, കളങ്കമറ്റ ബാല്യത്തിന്‍റെ മധുരം നുകരാന്‍ എല്ലാ കുട്ടികള്‍ക്കും കഴിയേണ്ടതുണ്ട്. എന്നാല്‍, ഭൂരിപക്ഷം ബാലികാബാലډാരെ സംബന്ധിച്ചിടത്തോളം അത്തരമൊരു കുട്ടിക്കാലം കയ്യെത്താദൂരത്താണ് എന്നതാണു യാഥാര്‍ഥ്യം. യുദ്ധത്തിന്‍റെ കെടുതികള്‍ക്ക് ഇരയാകുക വഴി വീണുടയുന്ന ഒരുപാടൊരുപാട് കുരുന്നു ജീവിതങ്ങളുണ്ട്. അടിമത്തത്തിനും ശാരീരിക – മാനസിക പീഡനങ്ങള്‍ക്കും ഇരകളായി, ജീവിതം മുളയിലേ വാടിക്കരിയുന്നവര്‍ വേറെ.

യൂണിസെഫ് അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് ഇക്കാര്യം ശരിവെയ്ക്കുന്നുണ്ട്. 2016ല്‍ സിറിയയില്‍ മാത്രം കൊല്ലപ്പെട്ടത് 652 കുരുന്നുകളാണ്. ഇവരില്‍ 255 പേരും കൊല്ലപ്പെട്ടത് സ്കൂളിലോ വീടിനടുത്തോ വെച്ചാണ്. ഇത്തരത്തില്‍ ചുറ്റുമുള്ള യാഥാര്‍ഥ്യങ്ങളിലേക്ക് കണ്ണു തുറന്നുനോക്കിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന വലിയൊരു സത്യമുണ്ട്. ശിശുദിനം ആഘോഷമാക്കാന്‍ കഴിയാത്ത ധാരാളം കുരുന്നുകള്‍ ലോകത്തെമ്പാടുമുണ്ട്. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍, വീടില്ലാത്തവര്‍, തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍, സംഘര്‍ഷ ഭൂമിയില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നവര്‍, ബാലവേല ചെയ്യാന്‍ നിര്‍ബന്ധിതരായവര്‍, വിദ്യാഭ്യാസത്തിന് അവസരമില്ലാത്തവര്‍ അങ്ങനെ പലരും. ഇത്തരത്തില്‍ ലക്ഷക്കണക്കിന് കുട്ടികളാണ് ലോകത്തിന്‍റെ സ്നേഹത്തിനും ദയക്കുമായി കേഴുന്നത്.

നമ്മുടെ രാജ്യത്തെ കുട്ടികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. നിരവധിയായ പ്രശ്നങ്ങളാണ് അവര്‍ അഭിമുഖീകരിക്കുന്നത്. ബാലവേലമൂലമുള്ള പീഡനം, പട്ടിണി, രോഗങ്ങള്‍, പോഷകാഹാരങ്ങളുടെ കുറവ്, സുരക്ഷിതത്വമില്ലായ്മ, വിദ്യാഭ്യാസത്തിന്‍റെ അപര്യാപ്തത ഇങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക. ഇതുമാത്രമല്ല, ലൈംഗിക പീഡനങ്ങള്‍, മാതാപിതാക്കളില്‍ നിന്നുള്ള ക്രൂരമര്‍ദ്ദനങ്ങള്‍ എന്നിവയ്ക്ക് വിധേയമാകുന്നവരുടെ എണ്ണവും കൂടിവരികയാണ്. ലഹരി മാഫിയയും തീവ്രവാദി സംഘങ്ങളും ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നതും കുട്ടികളെ തന്നെ.

ലഹരിമാഫിയയുടെ നീരാളിപ്പിടുത്തമാണ് മറ്റൊരു വെല്ലുവിളി. ലഹരി വസ്തുക്കളുടെ വില്‍പനക്കുള്ള ഇടനിലക്കാരായി വിദ്യാര്‍ത്ഥികളെ മാറ്റിത്തീര്‍ക്കുകയാണിവര്‍. ആദ്യം കുട്ടികളെ ലഹരിക്കടിമകളാക്കി, പിന്നീട് അവരെ ഉപയോഗിച്ച് കൂടുതല്‍ കുട്ടികളെ ഈ ശൃംഖലയിലേക്ക് കണ്ണിചേര്‍ക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി വെളിച്ചത്തു വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കടുത്ത ജാഗ്രതയാണ് സര്‍ക്കാര്‍ പുലര്‍ത്തിവരുന്നത്. സ്കൂള്‍, കോളേജ് പരിസരങ്ങളില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയും ലഹരിവിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയും ഇതിനെ പ്രതിരോധിച്ചുവരികയാണ്.

എന്നാല്‍, ഇവയ്ക്കൊപ്പം ഭീകരമായ മറ്റൊരു വിപത്താണ് ബാലമനസ്സുകളെ വര്‍ഗീയമായും ശാസ്ത്രയുക്തികള്‍ക്കു വിരുദ്ധമായും ചിന്തിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പരിശ്രമങ്ങള്‍. പിഞ്ചുമനസ്സുകളില്‍ വര്‍ഗീയത കുത്തിനിറച്ച് അടുത്തിരിക്കുന്നവരെ ജാതി നോക്കി സ്നേഹിക്കാനും വെറുക്കാനും പഠിപ്പിക്കുന്ന പ്രവണത എതിര്‍ക്കപ്പെടേണ്ടതാണ്. രാമായണത്തില്‍ പരാമര്‍ശമുള്ളതിനാല്‍ വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണെന്നും ഗണപതിയെ ഉയര്‍ത്തിക്കാട്ടി പ്ലാസ്റ്റിക്ക് സര്‍ജറി നമ്മുടേതാണെന്നുമാണ് ഉത്തരവാദപ്പെട്ടവരാണ് പറയുന്നത്. യുക്തിബോധമില്ലാത്ത തലമുറ ഏതൊരു നാടിനെയും പിന്നോട്ടു നയിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നു നിങ്ങള്‍ തിരിച്ചറിയണം എന്നു മാത്രമേ ഞാനിപ്പോള്‍ പറയുന്നുള്ളൂ.

പൂക്കളെയും ശലഭങ്ങളെയും പൂത്തുമ്പികളെയും കുളിരരുവികളെയും ഒക്കെ സ്നേഹിക്കുന്ന മനസ്സ് കുഞ്ഞുങ്ങളില്‍ ഉണ്ടാക്കണം. പ്രകൃതിയോടു തോന്നുന്ന ആ സ്നേഹമാണ് സഹജാതരോടാകെ തോന്നുന്ന സ്നേഹമായി വളരേണ്ടത്. കുഞ്ഞുങ്ങളുടെ മനസ്സ് കാലി പേഴ്സു പോലെയാണ്. അതിലേക്ക് നല്ല നാണയങ്ങള്‍ ഇട്ടാല്‍ അത് നല്ല നാണയങ്ങള്‍ തിരിച്ചുതരും. കള്ളനാണയങ്ങളാണ് ഇടുന്നതെങ്കില്‍ കള്ളനാണയങ്ങളേ തിരിച്ചുതരൂ. അതുകൊണ്ട് കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് നല്ല നാണയങ്ങളേ ചെല്ലൂ എന്നുറപ്പുവരുത്താനുള്ള ജാഗ്രത അധ്യാപകരും രക്ഷകര്‍ത്താക്കളും കാട്ടണം.നډ മനസ്സിലാക്കിയാണ് അവര്‍ വളരേണ്ടത്.

ഒപ്പമിരിക്കുന്നവരെ പരാജയപ്പെടുത്തി വിജയിക്കണമെന്നല്ല. അവരോടൊപ്പം വിജയിക്കണമെന്നാണ് കുട്ടികളോട് പറഞ്ഞുകൊടുക്കേണ്ടത്. നډയുടേതായ അന്തരീക്ഷത്തില്‍ ആവണം കുട്ടികള്‍ വളരേണ്ടത്. എങ്കിലേ അവരില്‍നിന്നും നډ പ്രതീക്ഷിക്കേണ്ടൂ. സ്നേഹത്തിന്‍റെയും നډയുടെയും അന്തരീക്ഷം വീടുകളില്‍ തന്നെ ഉണ്ടാവണം. ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്കും ടിവി സീരിയല്‍ ഭ്രമങ്ങള്‍ക്കുമൊക്കെ ഇടയില്‍ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാന്‍ അച്ഛനമ്മമാര്‍ക്ക് കഴിയാതെ പോകരുത്. അവര്‍ക്കു പറയാനുള്ള കൊച്ചുകൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും കേള്‍ക്കാനുള്ള മനസ്സുണ്ടാവണം. അവരോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താന്‍ കഴിയണം. അങ്ങനെ വന്നാല്‍ കുട്ടികള്‍ ഒറ്റപ്പെടില്ല.

ഡെല്‍ഹിയില്‍ ഒരു മുതിര്‍ന്ന കുട്ടി പരീക്ഷ മാറ്റിവെയ്പ്പിക്കാനായി ഇളയ കുട്ടിയെ കഴുത്തറുത്തു കൊന്ന ഞെട്ടിക്കുന്ന വാര്‍ത്ത നമ്മള്‍ വായിച്ചിട്ട് ഒരാഴ്ച ആവുന്നതേയുള്ളു. കുഞ്ഞുങ്ങള്‍ക്ക് ഇത് എങ്ങനെ കഴിയുന്നുവെന്ന് പലരും അമ്പരന്നു. കുഞ്ഞുങ്ങള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നുന്നത് അവരുടെ മനസ്സിനൊപ്പം നില്‍ക്കാന്‍ അച്ഛനമ്മമാര്‍ പോലും ഇല്ലാതെ വരുമ്പോഴാണ്. താന്‍ എന്തുകൊണ്ട് ഇങ്ങനെയായി എന്ന് പൊലീസ് ചോദിച്ചപ്പോള്‍ കൊലപാതകിയായ ആ കുട്ടി പറഞ്ഞ ഉത്തരത്തിലുണ്ട് വീട്ടിലെ സ്നേഹം കിട്ടാത്ത അവസ്ഥയുടെ പ്രതിഫലനം. അത്തരം അന്തരീക്ഷം സ്കൂളിലും വീട്ടിലും ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
അതുകൊണ്ടാണ് രക്ഷകര്‍ത്താക്കള്‍ കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തണം എന്നു പറയുന്നത്.

ശിശുദിനം ആഹ്ലാദത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും പ്രതീകമാണ്. നിങ്ങള്‍ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും, അവ സാക്ഷാല്‍ക്കരിക്കാനുള്ള വഴിതേടാനും ഈ ദിനം പ്രചോദനമാകണം. നിങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപാരമായ കഴിവുകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ഉതകുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ഓരോ കുട്ടിയിലും വ്യത്യസ്തമായ
കഴിവുകളാണുള്ളത്. അവ ഏത് രൂപത്തിലാണ് പ്രകാശിതമാകുക എന്ന് പറയാന്‍ സാധിക്കുകയില്ല. ഒരു കാര്യം നിങ്ങള്‍ ഓര്‍മയില്‍ വയ്ക്കണം. സധൈര്യം പ്രതികരിച്ചിട്ടുള്ള, ഉയര്‍ന്ന പ്രതികരണ ശേഷിയുള്ള കുട്ടികള്‍ ലോകത്തിനാകെ മാതൃകയായിട്ടുണ്ട്.

ഇന്ത്യയുടെ ദേശീയ വിമോചനപോരാട്ടത്തില്‍ തിളങ്ങുന്ന ഏടുകള്‍ കൂട്ടിച്ചേര്‍ത്തവരാണ് കുട്ടികള്‍. നാസി ഭീകരതയുടെ അകംപൊരുള്‍ വെളിച്ചത്തുകൊണ്ടുവന്നത് ആന്‍ ഫ്രാങ്ക് എന്ന കൊച്ചു പെണ്‍കുട്ടിയാണ്. ശൈശവ വിവാഹം എന്ന ദുഷിച്ച വ്യവസ്ഥിതിക്കെതിരെ യമനിലെ സര്‍ക്കാരിനോട് കലഹിച്ച നുജൂദ് അലി എന്ന പത്തു വയസ്സുകാരിയെ നിങ്ങള്‍ ഓര്‍മിക്കുന്നുണ്ടാകും. പിഞ്ചു പ്രായത്തില്‍ വിവാഹമല്ല വിദ്യാഭ്യാസമാണ് വേണ്ടതെന്ന് യെമനിലെ കോടതിയില്‍ ആ കൊച്ചു മിടുക്കി വിളിച്ചുപറഞ്ഞതാണ് ഒരു വ്യവസ്ഥിതി തന്നെ മാറുന്നതിന് കാരണമായത്.

യുദ്ധക്കെടുതിമൂലം അതിദാരുണമായ അവസ്ഥയില്‍ കഴിയുന്ന സിറിയയിലെ കുട്ടികളുടെ അവസ്ഥ ട്വിറ്ററിലൂടെ ലോകത്തോടു വിളിച്ചുപറഞ്ഞ ബന ഇല്‍ ആബിദ്, പാകിസ്ഥാനിലെ മലാല, ഗാസയിലെ ഫറാ ബക്കര്‍ തുടങ്ങിയവര്‍ ലോകമാകമാനമുള്ള കുട്ടികള്‍ക്ക് എന്നും ആവേശമാണ്. അവരുടെയൊക്കെ ചരിത്രം ആവര്‍ത്തിച്ച് വായിക്കാന്‍ നിങ്ങള്‍ തയ്യാറാകണം. കുട്ടികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് അവരുടെ ബാല്യം. അതിനാല്‍ ആ കാലഘട്ടത്തില്‍ നാം അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം. അതിനുതകുന്ന പരിപാടികള്‍ ആവിഷ്ക്കരിക്കാന്‍ ശിശുക്ഷേമ സമിതി മുന്‍കൈയ്യെടുക്കണം. ‘സുരക്ഷിത ബാല്യത്തിന് താങ്ങാകാം, തണലാകാം’ എന്ന നിങ്ങളുടെ ശിശുദിന മുദ്രാവാക്യം ഏറെ അര്‍ത്ഥവത്താണ്. അനാഥബാല്യങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും ഉറപ്പാക്കാനും ഇത് സഹായിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

വ്യത്യസ്തമായ നിരവധി പരിപാടികള്‍ക്ക് ശിശുക്ഷേമ സമിതി ഇതിനകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തണല്‍ എന്ന കുട്ടികളുടെ അഭയകേന്ദ്രം. സംസ്ഥാനത്തെ ഏത് കോണിലുമുള്ള കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും അരികിലേക്ക് സമിതിയുടെ സന്നദ്ധപ്രവര്‍ത്തകര്‍ എത്തുകയും അവരുടെ വിഷയങ്ങള്‍ പരിഹരിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതാകട്ടെ ഏറെ അഭിനന്ദനാര്‍ഹമായ ഒന്നാണെന്ന് പറയാതിരിക്കാനാകില്ല.

അനുനിമിഷം വികസിക്കുന്ന അറിവിന്‍റെ ലോകത്തേക്ക് നിങ്ങള്‍ക്ക് നീന്തിക്കയറാനാകണം. കാറ്റില്‍ കെടാത്ത കൈത്തിരിയുമായി യുക്തിബോധത്തിന്‍റെയും ശാസ്ത്രീയ ചിന്തയുടെയും മഹാപര്‍വതങ്ങളെ കീഴടക്കാന്‍ കഴിയണം. തമസ്സിലേക്കല്ല ജ്യോതിസ്സിലേക്കാണ് പ്രയാണം തുടരാനുള്ളത് എന്ന ബോധം നിങ്ങളില്‍ അലയടിക്കണം. അതിനാലാണ് ‘വളരും, വളര്‍ന്ന് വലിയ ആളാകും, കൈകള്‍ക്ക് നല്ല കരുത്തുണ്ടാകും, അന്ന് ആരെയും ഭയക്കാതെ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കും’ എന്ന് എം ടിയുടെ നാലുകെട്ട് എന്ന നോവലില്‍ ‘അപ്പുണ്ണി’ എന്ന ബാലന്‍ ചിന്തിക്കുന്നത്.

നമ്മുടെ കുട്ടികളുടെ മനസ്സുനിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്. അവര്‍ നേരിടുന്ന പലതരത്തിലുള്ള വെല്ലുവിളികള്‍ ഇതിനൊക്കെ വിഘാതമാവുകയാണ്. അത് ഒഴിവാക്കാന്‍ ഏവര്‍ക്കും ഉത്തരവാദിത്തമുണ്ട്. നമ്മുടെ നാട്ടില്‍ ഒരു കുഞ്ഞുപോലും ഒറ്റപ്പെടലിന് വിധേയമാകുന്നില്ല എന്ന് ഉറപ്പാക്കാന്‍ നമുക്കു സാധിക്കണം. ഇതിന് സര്‍ക്കാരിന്‍റെ എല്ലാവിധ പിന്തുണയും ഉറപ്പു നല്‍കി കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. നന്ദി.