കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സ് സമാപന സമ്മേളനം

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കുട്ടികളുടെ സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ്സിന്‍റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. മനുഷ്യന്‍റെ മാത്രമല്ല മറ്റു ജീവജാലങ്ങളും ഇവിടെ നിലനില്‍ക്കണം. പ്രകൃതിയുടെ ഹരിതാഭ നിലനിര്‍ത്തണം. ശുദ്ധജലവും ശുദ്ധവായുവും ലഭിക്കണം. ഇതിനൊക്കെ ജൈവവൈവിധ്യ സംരക്ഷണം അനിവാര്യമാണെന്ന ബോധം ഊട്ടിയുറപ്പിക്കാന്‍ ഇത്തരം പരിപാടികള്‍ സഹായകമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ജൈവവൈവിധ്യ സംരക്ഷണവും അതിന്‍റെ സുസ്ഥിരമായ പരിപാലനവും നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗം തന്നെയാണ്. എല്ലാതലങ്ങളിലും ജീവശാസ്ത്രപരമായ വൈവിധ്യം നിലില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 24.16 ശതമാനം വനമാണ്. അതാകട്ടെ വ്യത്യസ്ത ജീവജാതികളാല്‍ സമ്പന്നവുമാണ്. ആഗോളതലത്തില്‍ കണ്ടെത്തിയിട്ടുള്ള 34 ജൈവവൈവിധ്യ കേന്ദ്രങ്ങളില്‍ മൂന്നെണ്ണം നമ്മുടെ രാജ്യത്താണ്. ഹിമാലയം, ഇന്തോ-ബര്‍മ്മ, പശ്ചിമഘട്ടം എന്നിവയാണവ. അടുത്തയിടെ ലോക പൈതൃക പദവി ലഭിച്ച പശ്ചിമഘട്ടം ജൈവവൈവിധ്യത്തിന്‍റെ പിള്ളത്തൊട്ടിലാണ് എന്ന വസ്തുത നാം തിരിച്ചറിയണം.

ജീവിലോകത്തു കാണുന്ന അവര്‍ണനീയമായ വൈവിധ്യത്തെയാണ് ജൈവവൈവിധ്യം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം മുതല്‍ ഒരു മില്ലിമീറ്ററിന്‍റെ പത്തുലക്ഷത്തിലൊന്നോളം മാത്രം വലിപ്പം വരുന്ന മൈക്കോപ്ലാസ്മ വരെ ഇതില്‍ ഉള്‍പ്പെടും. ഭൂമണ്ഡലത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍വേണ്ട എല്ലാ സാഹചര്യവുമൊരുക്കുന്നത് ജൈവവൈവിധ്യമാണ്. അതുകൊണ്ടാണ് ‘ജൈവവൈവിധ്യം തന്നെയാണ് ഭാവി’ എന്ന മുദ്രാവാക്യം ഉയര്‍ത്തി 2011 മുതല്‍ നാം ജൈവവൈവിധ്യ ദശകം ആചരിച്ചുവരുന്നത്. പ്രകൃതിയുടെ സൗന്ദര്യം ആവാഹിച്ചെടുത്ത് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സങ്കേതങ്ങളായി വര്‍ത്തിക്കുന്ന പ്രദേശങ്ങള്‍ ജൈവവൈവിധ്യത്തിന്‍റെ സംഭാവനയാണ്. പ്രകൃതിയിലെ വിവിധ ഘടകങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും കാലാവസ്ഥയെ ജീവലോകത്തിനനുകൂലമായി നിയന്ത്രിക്കു ന്നതിനും, മണ്ണിന്‍റെ രൂപീകരണത്തിനും സംരക്ഷണത്തിനു മൊക്കെ ജൈവവൈവിധ്യം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് ജൈവവൈവിധ്യ സംരക്ഷണം ഒഴിച്ചുകൂടാനാകാത്ത പ്രക്രിയയാണെന്ന് പറയപ്പെടുന്നത്. അത്, സത്യത്തില്‍ ജീവന്‍റെ സംരക്ഷണം തന്നെയാണ്.

നമ്മുടെ നാട്ടിലെ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളിലൊന്ന് ജൈവവൈവിധ്യ സംരക്ഷണമാണ്. അതിന് ഭീഷണിയുയര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ട്. മനുഷ്യന്‍റെ ചെയ്തികളാണ് ഇതിലേറ്റവും പ്രധാനമെന്ന് പറയാതിരിക്കാനാകില്ല. ജീവിതസൗകര്യങ്ങളുടെ വിപുലീകരണത്തിനായി കരയിലെയും തീരപ്രദേശങ്ങളിലെയും പ്രകൃതിദത്തമായ ജൈവവ്യവസ്ഥകളുടെ നശീകരണത്തിന് അവന്‍ നേതൃത്വം നല്‍കുന്നു. തന്നെക്കുറിച്ച് മാത്രം ചിന്തിക്കുകയും സഹജീവികളെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന ഈ പ്രവൃത്തി ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് നാം തിരിച്ചറിയണം.

പ്രകൃതിയിലെ ജീവിവര്‍ഗ്ഗങ്ങള്‍ പരസ്പരം ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് വ്യത്യസ്തതകളാല്‍ കോര്‍ത്തിണക്കപ്പെട്ട ബൃഹദ്ശൃംഖലയാണ് ആവാസവ്യവസ്ഥ എന്നു പറയുന്നത്. ഇതിലൊരു കണ്ണിയുടെ നാശം പോലും ഭാവിയില്‍ മനുഷ്യരാശിയുടെ മൊത്തം നാശത്തിനു കാരണമായേക്കാം. മരം മുറിക്കുമ്പോള്‍, ചതുപ്പു നികത്തുമ്പോള്‍, പുല്‍മേടുകള്‍ ഉഴുതു മറിക്കുമ്പോള്‍, കാടുകള്‍ കത്തിക്കുമ്പോള്‍ നൂറുകണക്കിനു ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകള്‍ കൂടിയാണ് നാം ഇല്ലായ്മ ചെയ്യുന്നത്. സസ്യങ്ങളുടെ വംശനാശം ഇപ്പോഴത്തെ നിരക്കില്‍ തുടര്‍ന്നാല്‍ 2025 ഓടെ ലോകത്തിലെ 25 ശതമാനം സസ്യങ്ങളും നശിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നമ്മുടെ ഭക്ഷ്യസുരക്ഷ കൂടിയാണ് ഇതിലൂടെ അപകടപ്പെടുക. ജൈവവൈവിധ്യ സംരക്ഷണം എത്രമാത്രം പ്രധാനമാണെന്ന് ബോധ്യപ്പെടുത്താനായി ഞാനിതൊക്കെ സൂചിപ്പിച്ചുവെന്നേയുള്ളൂ.

ജൈവവൈവിധ്യ സംരക്ഷണം എന്ന ലക്ഷ്യം സമ്പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിന് കുട്ടികളുടെ പങ്കാളിത്തം തികച്ചും അനിവാര്യമാണ്. കാരണം കുട്ടികളാണല്ലോ നാളത്തെ പൗരന്‍മാര്‍. പ്രകൃതിയെക്കുറിച്ചും പ്രകൃതിയിലെ വിലമതിക്കാനാകാത്ത സമ്പത്തായ ജൈവവൈവിധ്യത്തെക്കുറിച്ചും അവയുടെ സംരക്ഷണത്തെക്കുറിച്ചും കുട്ടികളില്‍ ഉറച്ച ബോധ്യമുണ്ടാകണം. അതു കേവലം മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനോ ട്രോഫി വാങ്ങുന്നതിനോ വേണ്ടിയുള്ളത് മാത്രമാകരുത്. നമ്മളും പ്രകൃതിയുടെ ഭാഗമാണെന്ന തിരിച്ചറിവോടെയുള്ള പ്രവര്‍ത്തനങ്ങളാണ് അനിവാര്യം. സഹജീവി സ്നേഹത്തിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്കാകണം നിങ്ങള്‍ മുന്‍തൂക്കം നല്‍കേണ്ടത്. അപ്പോള്‍ മാത്രമേ പ്രകൃതിയിലെ സസ്യജന്തുജാലങ്ങളുടെ സംരക്ഷണവും പരിപാലനവും നമ്മുടെ പ്രധാന കര്‍ത്തവ്യമാണെന്നു തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. കുട്ടികളെ ഇതിനായി പ്രാപ്തരാക്കുന്നതിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കാന്‍ ജൈവവൈവിധ്യ ബോര്‍ഡിനും ബാധ്യതയുണ്ട് എന്നോര്‍മ്മിപ്പിക്കട്ടെ.

ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ജൈവവൈവിധ്യ ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നുള്ള വസ്തുത ആശാവഹമാണ്. എന്നാല്‍ ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ കാമ്പസുകളില്‍ മാത്രം ഒതുക്കി നിര്‍ത്തുന്ന പ്രവണത ഒഴിവാക്കണം. ജൈവവൈവിധ്യ ക്ലബ്ബ് എന്നതിലുപരി, നമുക്കാവശ്യം കുട്ടികളുടെ നേതൃത്വത്തിലുള്ള څജൈവവൈവിധ്യ സംരക്ഷണ സേനچയാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ജൈവവൈവിധ്യ ക്ലബ്ബുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള ജൈവവൈവിധ്യ പരിപാലന സമിതികള്‍ പ്രാദേശികതലത്തില്‍ നടത്തുന്ന ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ കുട്ടികളെക്കൂടി പങ്കാളികളാക്കാന്‍ ശ്രദ്ധിക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി സ്കൂളുകളില്‍ ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി വരുന്നുണ്ട്. കേരളത്തിന്‍റെ തണ്ണീര്‍ത്തടങ്ങള്‍, കാവുകള്‍, കണ്ടലുകള്‍, കായലുകള്‍, നദികള്‍, വനങ്ങള്‍, തീരപ്രദേശങ്ങള്‍ തുടങ്ങിയ തനതു ആവാസവ്യവസ്ഥകളെപ്പറ്റിയും, ജൈവജാതിയിനങ്ങളെപ്പറ്റിയും, അവയുടെ പരിപാലനത്തിന്‍റെ പ്രാധാന്യത്തെപ്പറ്റിയും കുട്ടികളില്‍ അവബോധമുണ്ടാക്കുന്നതിന് ഇത് വലിയൊരളവുവരെ സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ജൈവവൈവിധ്യ ബോര്‍ഡ് കഴിഞ്ഞ പത്ത് വര്‍ഷമായി കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സ്, നടത്തിവരുന്നുണ്ട്. ജില്ലാതല ജൈവവൈവിധ്യ കോണ്‍ഗ്രസ്സിലെ മത്സരവിജയികളാണ് ഇവിടെ പങ്കെടുത്തിട്ടുള്ളത്. വിജയികളെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാകുക എന്നതിലുപരി, പാരിസ്ഥിതിക – ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നതിനു കൂടി അധ്യാപകരുടെ നേതൃത്വത്തില്‍ നിങ്ങള്‍ മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വളരെ സന്തോഷത്തോടെ ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു നന്ദി.