കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

ഏതുകാര്യവും ശരിയായ രീതിയില്‍, നമ്മുടെ നാടിന് ഉപകാര പ്രദമായ നിലയ്ക്ക് നടക്കണമെങ്കില്‍ ആ മേഖലയില്‍ കുട്ടികളിലുള്ള അവബോധം വളര്‍ത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 10-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് നാളത്തെ തലമുറ ജൈവവൈവിധ്യത്തെക്കുറിച്ച് ബോധവാന്‍മാരാക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ.് ജൈവവൈവിധ്യ പാര്‍ക്കുകളും, ഉദ്യാനങ്ങളും എല്ലാ വിദ്യാലയങ്ങളുടെയും ഭാഗമായിത്തന്നെ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അങ്ങനെ കുട്ടികള്‍ക്ക് നല്ല നിലക്ക് ഇതിന്റെ ഭാഗമാകാനും, ഓരോചെടിയെയും പ്രകൃതിയിലുള്ള ഓരോന്നിനെയും കുറിച്ച് കൃത്യമായി മനസിലാക്കുന്നതിനും സാധിക്കും.

സമ്മേളനത്തില്‍ നിയമം, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. ഓരോ ജീവജാലത്തിനും അതിന്റെ നിലനില്പ്പിന് അനുയോജ്യമായ ആവാസ വ്യവസ്ഥ അനിവാര്യമാണെന്നും, ഓരോ ജീവജാലവും ആ ആവാസ വ്യവസ്ഥക്കുള്ളില്‍ നിലനില്‍പ്പിനായി പോരാടുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെന്നും മന്ത്രി പറഞ്ഞു.

ജൈവ വൈവിധ്യത്തിന്റെ വലിയൊരു കലവറയാണ് നമ്മുടെ നാട്. ആഗോള തലത്തില്‍ കണ്ടെത്തിയിട്ടുള്ള 34 ജൈവ വൈവിധ്യ സ്ഥലങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയിലാണ്. ഹിമാലയം, ഇന്തോബര്‍മ്മ, പശ്ചിമഘട്ടം എന്നിവയാണവ. അതില്‍ പശ്ചിമഘട്ടത്തിന് അടുത്തകാലത്ത് ലോക പൈതൃക പദവി ലഭിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2017 ലെ വനം റിപ്പോര്‍ട്ട് പ്രകാരം 2015 മുതല്‍ 2017 വരെയുള്ള രണ്ട് വര്‍ഷങ്ങളില്‍ കേരളം ഉള്‍പ്പെടെ ഉള്ള അഞ്ച് സംസ്ഥാനങ്ങളില്‍ വനം വിസ്തൃതി വര്‍ധിച്ചിട്ടുണ്ട്. ഇത് നമുക്ക് വലിയ ആശ്വാസം നല്‍കുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാന തലത്തില്‍ ജൈവ വൈവിധ്യ ബോര്‍ഡ് സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് മുഖ്യമന്ത്രി, മന്ത്രി എ.കെ. ബാലന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.