ഭാഗ്യക്കുറി സുവര്‍ണ്ണ ജൂബിലി

ഭാഗ്യക്കുറി വകുപ്പ് അമ്പതാണ്ടു വിജയകരമായി പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനമാണ് ഇന്നിവിടെ നടക്കുന്നത്. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല സമാപനം.

ജനുവരി 15 ന് വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ, സബ് ജില്ല ഓഫീസുകളിലും സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്കാണ് ഇന്നിവിടെ സമാപ്തിയാകുന്നത്. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട ജന വിഭാഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ആഘോഷപരിപാടികള്‍ എല്ലായിടത്തും ഗംഭീരമായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു എന്നു കാണുന്നതു സന്തോഷകരമാണ്. വകുപ്പിന്‍റെ ഉത്ഭവം, വളര്‍ച്ച, നേട്ടം, ഭാവി മുതലായവ സംബന്ധിച്ച് വ്യക്തമായ ധാരണ ജനങ്ങളിലുണ്ടാക്കുന്നതിന് ജൂബിലി ആഘോഷങ്ങള്‍ക്ക് അനുബന്ധമായി നടന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

കേരള സംസ്ഥാന ഭാഗ്യക്കുറി കഴിഞ്ഞ അര നൂറ്റാണ്ടു കൊണ്ട് നേടിയ ജനകീയതയുടെയും വിശ്വാസ്യതയുടെയും തെളിവാണ് ആഘോഷ പരിപാടികളിലുണ്ടാവുന്ന ജനപങ്കാളിത്തം. ആഘോഷ പരിപാടികള്‍ക്കൊപ്പം ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് വില്‍പ്പനക്കാര്‍ക്കായി തയ്യാറാക്കിയ യൂണിഫോമുകളുടെയും വിദ്യാഭ്യാസ ആനുകൂല്യം, ക്ഷേമപദ്ധതികള്‍ തുടങ്ങിയവയുടെയും വിതരണവും നടന്നു. വിരമിച്ച ഉദ്യോഗസ്ഥരെയും, ആദ്യകാല ഏജന്‍റുമാരെയും ആഘോഷ ചടച്ചുകളില്‍ ആദരിച്ചപ്പോള്‍ വകുപ്പിന്‍റെ ഇന്നത്തെ നേട്ടത്തിന് അടിത്തറപാകിയവര്‍ക്ക് ഉചിതമായ ആദരം നല്‍കുകയായിരുന്നു നമ്മള്‍.

ഭാഗ്യക്കുറി വകുപ്പും മാധ്യമങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്‍റെ ഭാഗമായി വയനാട്, കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ദൃശ്യമാധ്യമങ്ങള്‍ ‘ഭാഗ്യോത്സവം’ കലാസാംസ്കാരിക പരിപാടി അവതരിപ്പിച്ചത് ആഘോഷ പരിപാടികള്‍ക്ക് സ്വീകാര്യതയുടെ മറ്റൊരു തലം നല്‍കി. സമാപന സമ്മേളനം നടക്കുന്ന ഈ നിശാഗന്ധിയിലും ഭാഗ്യോത്സവം കലാസാംസ്കാരിക പരിപാടി അവതരിപ്പിക്കുന്നുണ്ട്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനെ സംബന്ധിച്ച കൃത്യമായ ധാരണ പൊതുജനമനസ്സില്‍ സൃഷ്ടിക്കാന്‍ ഇത്തരം പരിപാടികള്‍കൊണ്ട് കഴിഞ്ഞിട്ടുണ്ട് എന്നുവേണം കരുതാന്‍.

നമ്മുടെ രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍തലത്തില്‍ ലോട്ടറി ആരംഭിച്ച സംസ്ഥാനം എന്ന ബഹുമതി കേരളത്തിന് അവകാശപ്പെട്ടതാണ്. 1967 ല്‍ ഇ.എം.എസിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഭാഗ്യക്കുറി ആരംഭിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. കേവലം ധന സമ്പാദനത്തിനുള്ള കുറുക്കു വഴിയായി വ്യക്തികളും ധനകാര്യ സ്ഥാപനങ്ങളും ഭാഗ്യക്കുറിയെ കണക്കാക്കിയിരുന്ന കാലത്ത് തികഞ്ഞ ലക്ഷ്യ ബോധത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഈ രംഗത്തേക്കു കടന്നു വരികയായിരുന്നു. വളരെ മൗലികവും നവീനവുമായ ഒരു വിഭവസമാഹരണ പരിപാടിയായിരുന്നു അത്. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്സിന്‍റെയും ധനകാര്യമന്ത്രിയായിരുന്ന പി.കെ.കുഞ്ഞുസാഹിബിന്‍റെയും അതുല്യമായ ഭാവനയും പ്രാഗത്ഭ്യവും അതിനു പിന്നിലുണ്ട്. അങ്ങനെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ഥാപിതമായി. തികഞ്ഞ ലക്ഷ്യബോധത്തോടെയാണ് 1967 ലെ സര്‍ക്കാര്‍ ഈ രംഗത്തേക്ക് കടന്നുവന്നത്. അതു കൊണ്ടുതന്നെ കേരള സംസ്ഥാന ഭാഗ്യക്കുറി ജനങ്ങളുടെ ശ്രേയസ്സിനും നാടിന്‍റെ വികസനത്തിനും ഗണ്യമായ സംഭാവന ചെയ്യുന്ന ഒരു പ്രസ്ഥാനമായി വളര്‍ന്നു പന്തലിച്ചു.

1968 ലെ ആദ്യ നറുക്കെടുപ്പില്‍ ടിക്കറ്റ് വില ഒരു രൂപയും ഒന്നാം സമ്മാനം അമ്പതിനായിരം രൂപയുമായിരുന്നു. അവിടെ നിന്ന് നമ്മള്‍ എത്രയോ മുമ്പോട്ടുപോയി. മാസങ്ങള്‍ കൂടുമ്പോള്‍ ഒരു നറുക്കെടുപ്പ് മാത്രം നടത്തിക്കൊണ്ടിരുന്ന ഭാഗ്യക്കുറി വകുപ്പ് ഇപ്പോള്‍ ആഴ്ചയില്‍ 7 ദിവസവും നറുക്കെടുപ്പ് നടത്തുകയാണ്. അരലക്ഷത്തിന്‍റെ ഒന്നാം സമ്മാനം വളര്‍ന്ന് കഴിഞ്ഞ ഓണം ബംമ്പറിന് 10 കോടി രൂപയിലെത്തി. 30 രൂപ വിലയുള്ള സംസ്ഥാന ഭാഗ്യക്കുറിയുടെ 96 ലക്ഷം ടിക്കറ്റുകളാണ് പ്രതിദിനം ഇപ്പോള്‍ സംസ്ഥാനത്ത് വിറ്റഴിയുന്നത്. കഴിഞ്ഞ 50 വര്‍ഷം കൊണ്ട് ഭാഗ്യക്കുറി വകുപ്പ് ജനങ്ങളില്‍ സൃഷ്ടിച്ച വിശ്വാസ്യതയാണ് ഇവിടെ പ്രതിഫലിക്കുന്നത്.

1967-68 ല്‍ കേവലം 20 ലക്ഷം രൂപയായിരുന്നു ഭാഗ്യക്കുറിയുടെ മൊത്ത വരുമാനമെങ്കില്‍ 2016-17 ല്‍ ഏഴായിരത്തി മുന്നൂറ്റി തോണ്ണൂറ്റി അഞ്ച് കോടി രൂപയുടെ മൊത്ത വരുമാനം നേടി. 1967-68 ല്‍ 14 ലക്ഷം രൂപ ലാഭമുണ്ടാക്കിയ ഭാഗ്യക്കുറി വകുപ്പ് 50 വര്‍ഷം പിന്നിട്ടപ്പോള്‍ 2016-17 ല്‍ ആയിരത്തി അറുന്നൂറ്റി തോണ്ണൂറ്റി ഒന്ന് കോടി രൂപ ലാഭം നേടി സംസ്ഥാന ഖജനാവിന് ഗണ്യമായ നികുതിയേതര വരുമാനം നേടിക്കൊടുക്കുന്ന പ്രമുഖ വകുപ്പ് എന്ന പദവിയില്‍ എത്തി. സംസ്ഥാന ഭാഗ്യക്കുറിയുടെ മുഴുവന്‍ ലാഭവും സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യപരിരക്ഷാ പദ്ധതിക്ക് വിനിയോഗിക്കും എന്നതാണ് സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ ഭാഗ്യക്കുറിക്ക് വന്നിട്ടുള്ള മാറ്റം. ഇത് സംബന്ധിച്ച പ്രഖ്യാപനം ബഡ്ജറ്റില്‍ വന്നുകഴിഞ്ഞു. ഇനി മുതല്‍ കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റ് എടുക്കുന്നവര്‍ ഭാഗ്യം പരീക്ഷിക്കുക മാത്രമല്ല കേരള ജനതയുടെ ആരോഗ്യപരിരക്ഷയ്ക്ക് സംഭാവന നല്‍കുക കൂടിയാണ് ചെയ്യുന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നേട്ടം നാടിനാണ് എന്ന സന്ദേശമാണ് സര്‍ക്കാര്‍ ഇതിലൂടെ നല്‍കുന്നത്.

50 വര്‍ഷം കൊണ്ട് ലക്ഷക്കണക്കിനു ഭാഗ്യശാലികളെ സൃഷ്ടിച്ച സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സാമൂഹ്യ പ്രതിബദ്ധതയുടെ മറ്റൊരു ദൃഷ്ടാന്തമാണ് കാരുണ്യ ബനവലന്‍റ് ഫണ്ട് പദ്ധതി. മാരക രോഗങ്ങളാല്‍ വലയുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്ന കാരുണ്യ പദ്ധതിയിലൂടെ ഇതു വരെ ഏകദേശം 1600 കോടി രൂപ ചികിത്സാ സഹായമായി വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് സമാനതകളില്ലാത്ത പദ്ധതിയാണിത്. ഇതിനൊപ്പം ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി കൂടി ചേരുമ്പോള്‍ കേരള ജനതയുടെ ആരോഗ്യപരിരക്ഷയ്ക്ക് എല്ലാ അര്‍ത്ഥത്തിലും ഉതകുന്ന പ്രസ്ഥാനമായി മാറുകയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്.

സംസ്ഥാന ഭാഗ്യക്കുറിയെ ഒരു ബഹുജന പ്രസ്ഥാനമായി വളര്‍ത്തിയെടുക്കുന്നതില്‍ ഗണ്യമായ സംഭാവന ചെയ്തത് ആയിരക്കണക്കിന് വരുന്ന അംഗീകൃത ഏജന്‍റുമാരും അവരുടെ സബ് ഏജന്‍റുമാരും വില്‍പ്പനക്കാരും മറ്റ് അനുബന്ധ തൊഴിലാളികളും അടങ്ങുന്ന സമൂഹമാണ്. ഇന്ന് ഭാഗ്യക്കുറിയെ അടിസ്ഥാനപ്പെടുത്തി രണ്ടരലക്ഷത്തോളം ആളുകള്‍ ഉപജീവനം കണ്ടെത്തുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. മറ്റൊരു തൊഴിലിലും ഏര്‍പ്പെടാനാകാത്ത നിരാലംബരും അശരണരുമാണ് ഇവരില്‍ ബഹു ഭൂരിപക്ഷം ആളുകളും. സംസ്ഥാന ഭാഗ്യക്കുറി ഏജന്‍റുമാരുടെയും വില്‍പ്പനക്കാരുടെയും സാമ്പത്തിക, സാമൂഹിക ഉന്നമനത്തിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്‍റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി പദ്ധതി.

പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് ചികിത്സാ സഹായം, വിവാഹ ധന സഹായം, പ്രസവാനുകൂല്യം, ഉപരിപഠനത്തിന് സ്കോളര്‍ഷിപ്പ്, വിദ്യാഭ്യാസ അവാര്‍ഡ്, മരണാനന്തരധനസഹായം, പെന്‍ഷന്‍, അവശതാ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, പ്രഖ്യാപിത അലവന്‍സ് മുതലായ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. 2017-18 ലെ ഓണം അലവന്‍സിനത്തില്‍ സജീവ അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും യഥാക്രമം 5500 രൂപയും 1500 രൂപയും അനുവദിച്ചു. ഭാഗ്യക്കുറി വില്‍പ്പനക്കാരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേമനിധി ബോര്‍ഡ് സുവര്‍ണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് യൂണിഫോം വിതരണം നടത്താന്‍ തയ്യാറായിട്ടുള്ളത്. കഴിഞ്ഞ ഘഉഎ സര്‍ക്കാരാണ് 2008 ല്‍ ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്കും ഏജന്‍റുമാര്‍ക്കുമായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചത്. നിലവില്‍ അറുപതിനായിരത്തോളം പേര്‍ ക്ഷേമനിധിയില്‍ അംഗങ്ങളാണ്.

സംസ്ഥാനം പൊതുവില്‍ എന്നും ഭാഗ്യക്കുറി വകുപ്പിന്‍റെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിച്ചിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന് 18 പുതിയ ഓഫീസുകളും തസ്തികകളും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതിലൂടെ വകുപ്പ് വളര്‍ച്ചയില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. വ്യാജലോട്ടറി നിര്‍മ്മാണം തടയുന്നതിന് ഈ ഗവണ്‍മെന്‍റിന്‍റെ കാലത്ത് രൂപീകരിച്ച ഹൈസെക്യൂരിറ്റി ലാബിലാണ് ഭാഗ്യക്കുറി ടിക്കറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഉന്നത സുരക്ഷാ മാനദണ്ഡങ്ങളുള്ള ഹൈ സെക്യൂരിറ്റി പ്രസ്സുകളിലാണ് ടിക്കറ്റുകള്‍ അച്ചടിക്കുന്നത്. ഇതിലൂടെ ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്ക് പരമാവധി സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നു. ഭാഗ്യക്കുറി നറുക്കെടുപ്പ് ഈ വര്‍ഷം തന്നെ തല്‍സമയം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് ഇതിലൂടെ വളര്‍ച്ചയുടെ മറ്റൊരു ഘട്ടം കൂടി നാം പിന്നിടും.

സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നു എന്നതാണ് കേരള ഭാഗ്യക്കുറിയെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. സാമൂഹിക സേവനത്തിന്‍റെ പുതിയൊരു മുഖം കൂടി ഭാഗ്യക്കുറിക്ക് കേരളീയ സമൂഹം നല്‍കുന്നുണ്ട്. സൗജന്യ ചികിത്സാ പദ്ധതിക്കായുള്ള കാരുണ്യ, നാടിന്‍റെ ശുചിത്വത്തിനായുള്ള നിര്‍മ്മല്‍, സ്ത്രീശാക്തീകരണ ത്തിനായുള്ള സ്ത്രീശക്തി എന്നിവ ഇക്കൂട്ടത്തില്‍പ്പെടും.

ലോട്ടറി ടിക്കറ്റുകളുടെ സുരക്ഷ സംബന്ധിച്ച് ഉയരുന്ന ആശങ്കകളെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. എഴുത്ത് ലോട്ടറി, അന്യസംസ്ഥാന ലോട്ടറി എന്നിവയാണ് സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ ഭാഗ്യക്കുറി പ്രസ്ഥാനം നേരിടുന്ന പ്രധാനപ്പെട്ട രണ്ട് ഭീഷണികള്‍. എഴുത്ത് ലോട്ടറിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. സംസ്ഥാന ഭാഗ്യക്കുറിയുടെ അവസാന മൂന്ന് അക്കം വച്ച് ചൂതാട്ടം നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഭാഗ്യക്കുറിക്ക് നേരെയുള്ള വലിയ ഭീഷണിയാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയുടെ ഭാഗമായി 62 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കേന്ദ്രീകൃതമായി മാഫിയ സ്വഭാവത്തില്‍ സംഘടിപ്പിക്കുന്നതാണ് എഴുത്ത് ലോട്ടറി എന്നാണ് മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുള്ളത്. ഭാഗ്യക്കുറി വ്യവസായത്തെ തകര്‍ക്കുന്ന ഏര്‍പ്പാടാണിത്. ഈ അപകടത്തിനെതിരെ കേരളത്തിലെ മുഴുവന്‍ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ഞാന്‍ ഈയവസരത്തില്‍ ഓര്‍മ്മിപ്പിക്കുകയാണ്.

ഇതര സംസ്ഥാന ഭാഗ്യക്കുറികളാണ് മറ്റൊരു വലിയ ഭീഷണി. കേരളത്തിലേക്കു വീണ്ടും കടന്നുവരാനുള്ള അവരുടെ നീക്കത്തെ നാം ഒറ്റക്കെട്ടായി വീണ്ടും തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. തിരിച്ചു വരാനുള്ള ഇവരുടെ ശ്രമം സര്‍ക്കാര്‍ അനുവദിക്കില്ല. അന്യസംസ്ഥാന ഭാഗ്യക്കുറി കടന്നുവരാന്‍ കേരള ജനത അനുവദിക്കില്ല എന്ന് പ്രതിജ്ഞയെടുക്കുവാനുള്ള അവസരമായി ഈ 50-ാം വാര്‍ഷിക വേളയെ നാം ഉപയോഗിക്കണം. കേരള ഭാഗ്യക്കുറിയെ തകര്‍ക്കാന്‍ പല ശ്രമങ്ങളുമുണ്ടായിട്ടുണ്ട്. അതൊന്നും വിജയിച്ചിട്ടില്ല. 2005 ല്‍ ലോട്ടറി നിരോധിച്ചെങ്കിലും പിന്നീട് നിരോധനം പിന്‍വലിക്കേണ്ടി വന്നു. സംസ്ഥാന ഭാഗ്യക്കുറിയെ പൂര്‍ണ്ണമായും സംരക്ഷിക്കുന്ന നയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പുലര്‍ത്തുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം പതിനായിരം കോടി രൂപ മൊത്ത വരുമാനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിലാണ് വകുപ്പും സര്‍ക്കാരും. സംസ്ഥാന ഭാഗ്യക്കുറിയുടെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നവരാണ് ഭാഗ്യക്കുറി വകുപ്പ് ജീവനക്കാര്‍. വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളോട് അകമഴിഞ്ഞ് സഹകരിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. ഭാഗ്യക്കുറിയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നവരാണ് ഏജന്‍റുമാരും വില്‍പ്പനക്കാരും. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ ഇവരെല്ലാവരെയും ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ. ലോട്ടറി ഇന്ന് കേവലം ഒരു സാമ്പത്തിക ഇടപാടുമാത്രമല്ല, മറിച്ച് മനുഷ്യസ്നേഹത്തിന്‍റ മഹത്തായ സേവനകര്‍മം കൂടിയാണ്. ഇതു മനസ്സിലുറപ്പിച്ചുകൊണ്ട് കൂടുതല്‍ ഊര്‍ജ്ജസ്വലമായി ഈ സംരംഭത്തെ മുമ്പോട്ടുകൊണ്ടുപോകണമെന്ന അഭ്യര്‍ത്ഥനയോടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. നന്ദി