സംസ്ഥാന വികസന കൗണ്‍സില്‍ യോഗം

പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ വികസന കൗണ്‍സിലിന്‍റെ മാതൃകയില്‍ സംസ്ഥാനത്തു മുഖ്യമന്ത്രി അദ്ധ്യക്ഷനായി രൂപീകരിച്ചിട്ടുള്ള വികസനകൗണ്‍സില്‍ കൊണ്ട് മുഖ്യമായും ഉദ്ദേശിച്ചിട്ടുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യലും ഈ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കലുമാണ്.

നിര്‍ഭാഗ്യവശാല്‍, നമുക്ക് കൃത്യമായ ഇടവേളകളില്‍ ഈ സമതിയുടെ യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. കുറേ വര്‍ഷങ്ങളായി ഇതാണു സ്ഥിതി. ഈ സ്ഥിതിക്കു മാറ്റംവരുത്താന്‍ പോവുകയാണ് ഇനി നമ്മള്‍. അതിന്‍റെ തുടക്കമാണ് ഈ യോഗം.

പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുമ്പിലുള്ളത് അനന്തമായ വികസന സാധ്യതകളാണ്. മൂലധനമില്ലാതെ ആസ്തിയുണ്ടാക്കാന്‍ കഴിയുന്നതു നിങ്ങള്‍ക്കു മാത്രമാണ്. നാട്ടില്‍ ഒരു പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കണമെന്നു തോന്നിയാല്‍, ജനങ്ങളുടെ സഹകരണത്തോടും സാമ്പത്തിക സഹായത്തോടും കൂടി സര്‍ക്കാര്‍ പിന്തുണ ഇല്ലാതെ പോലും നിങ്ങള്‍ക്ക് അതു നടപ്പിലാക്കാന്‍ കഴിയും. ഇത് മറ്റേതെങ്കിലും സര്‍ക്കാര്‍ വകുപ്പുകള്‍ക്കു ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല. പത്തുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയാല്‍ പതിനഞ്ചു ലക്ഷത്തിന്‍റേതായി അധികവിഭവ സമാഹരണത്തോടെ പദ്ധതി നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും, അനുവദിച്ച തുകയുടെ മുക്കാല്‍ഭാഗം കൊണ്ട് പദ്ധതി തീര്‍ത്ത് കാല്‍ഭാഗം മിച്ചം വക്കാനുള്ള അവകാശവും നിങ്ങള്‍ക്കുണ്ട്. ഇതൊക്കെ മനസ്സില്‍ വെച്ചുകൊണ്ടാണ് മൂലധനമില്ലാതെ ആസ്തി നിര്‍മ്മാണം സാധ്യമാക്കാന്‍ ഇടയുള്ള സാധ്യതകള്‍ നിങ്ങള്‍ക്കുണ്ടെന്നു പറഞ്ഞത്.

പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ നയമുണ്ട്. അധികാരം താഴേത്തലത്തിലേക്ക് കൈമാറാനുള്ള ശ്രമം കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലത്തുതന്നെ ആരംഭിച്ചിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നത് ആ നയത്തിന്‍റെ തുടര്‍ച്ചയായിത്തന്നെയാണ്. 73, 74 ഭരണഘടനാ ഭേദഗതികളോടെയാണ് അധികാരം താഴെത്തട്ടിലേക്ക് കൈമാറുന്നതിന് മൂര്‍ത്തരൂപം കൈവന്നത്. 1994 ല്‍ കേരള പഞ്ചായത്ത് രാജ് നിയമവും കേരള മുനിസിപ്പാലിറ്റി നിയമവും പാസ്സാക്കുകയുണ്ടായി. അങ്ങനെ തദ്ദേശസ്ഥാപനങ്ങള്‍ക്കു ഭരണഘടനാ പദവി നിലവില്‍ വന്നു.

എന്നാല്‍ നിയമപരിരക്ഷ കൊണ്ടു മാത്രം അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുകയില്ല എന്ന് മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് 1996 ല്‍ അധികാരത്തില്‍ വന്ന ഇ.കെ. നായനാര്‍ സര്‍ക്കാര്‍ എസ്.ബി. സെന്‍ ചെയര്‍മാനായി അധികാരവികേന്ദ്രീകരണ കമ്മിറ്റിയെ നിയമിച്ചത്. ഈ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ചാണ് 1999 ല്‍ നിലവിലുണ്ടായിരുന്ന പഞ്ചായത്ത്, മുനിസിപ്പല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയത്. ഇത് ഒരു ചരിത്ര സംഭവമാണ്. ഗ്രാമസഭകളെയും വാര്‍ഡുസഭകളെയും ശക്തിപ്പെടുത്തുകയും സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ക്ക് പ്രാധാന്യം നല്‍കുകയും പൗരാവകാശരേഖ, അറിയാനുള്ള അവകാശം, പെര്‍ഫോമന്‍സ് ഓഡിറ്റ്, അപ്പലൈറ്റ് ട്രൈബ്യൂണല്‍, ഓംബുഡ്സ്മാന്‍, സംസ്ഥാനവികസന കൗണ്‍സില്‍ തുടങ്ങിയ പരിഷ്ക്കാരങ്ങള്‍ വരുത്തുകയുമെല്ലാം ചെയ്തത് ഈ കാലയളവിലാണ്. 35 അനുബന്ധനിയമങ്ങള്‍ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തുകൊണ്ട് 2000 ല്‍ കേരള നിയമസഭ അധികാരവികേന്ദ്രീകരണ ബില്‍ പാസ്സാക്കുകയുണ്ടായി. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ഇത്രയും സമഗ്രമായ ഒരു നിയമനിര്‍മ്മാണം അധികാരവികേന്ദ്രീകരണത്തിനുവേണ്ടി നടത്തിയിട്ടില്ല.

അധികാരം മാത്രം നല്കിയതുകൊണ്ട് പ്രാദേശിക ഭരണ നിര്‍വ്വഹണം ഫലപ്രദമാവുകയില്ല. ഭരണാധികാരത്തോടൊപ്പം ആസൂത്രണാധികാരവും ധനാധികാരവും ജീവനക്കാരുടെ ലഭ്യതയും ഉറപ്പുവരുത്തിയതുകൊണ്ടാണ് ഇന്ത്യയില്‍ ഏറ്റവും ശക്തമായ പ്രാദേശിക സര്‍ക്കാരുകളായി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാറിയത്. ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനത്തിനുമുള്ള പദ്ധതിവിഹിതം നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റിലൂടെ നല്‍കാനെടുത്ത തീരുമാനം ധീരമായ നടപടിയായി. ഇതും ഇന്ത്യയില്‍ ആദ്യത്തെ അനുഭവമാണ്. എല്ലാ പ്രദേശത്തിനും ഒരുപോലെ ബാധകമായ സന്തുലിതമായ വികസനം ഉറപ്പാക്കുന്നതിന് നിശ്ചിതമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള ധനവിതരണമാണ് സര്‍ക്കാര്‍ നടത്തിയത്.

ആസൂത്രണത്തില്‍ ജനങ്ങളെക്കൂടി പങ്കാളികളാക്കണമെന്ന ലക്ഷ്യബോധത്തോടെയാണ് നാം ജനകീയാസൂത്രണ പ്രസ്ഥാനത്തിന് രൂപംനല്‍കിയത്. 1957 മുതല്‍ക്കിങ്ങോട്ട് എന്നും അധികാര വികേന്ദ്രീകണരത്തിന്‍റെ വക്താവായി നില്ക്കുകയും ജനകീയാസൂത്രണ ഘട്ടത്തില്‍ അതിന്‍റെ മാര്‍ഗ്ഗദര്‍ശിയായി നിലയുറപ്പിക്കുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ഇ.എം.എസ്സിനെ ഇത്തരുണത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. അധികാരവികേന്ദ്രീകരണ രംഗത്ത് സര്‍ക്കാര്‍ സ്വീകരിച്ച ദൃഢവും നൂതനവുമായ നടപടികളിലൂടെ നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും പുതിയൊരു ഉണര്‍വ് ഉണ്ടായി. സമ്പത്തുല്പാദനത്തിലും സാമൂഹ്യക്ഷേമ കാര്യങ്ങളിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇതുമൂലം കഴിഞ്ഞു.

എന്നാല്‍ അധികാരവികേന്ദ്രീകരണ രംഗത്ത് തുടക്കത്തിലുണ്ടായിരുന്ന ആവേശം ഇപ്പോള്‍ കാണാനില്ല. 20 വര്‍ഷം പിന്നിടുമ്പോള്‍ ഗ്രാമസഭകളിലും വാര്‍ഡുസഭകളിലും എത്തുന്നവരുടെ എണ്ണം കുറഞ്ഞു. മുന്‍കാലങ്ങളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ സ്ഥിരമായി നിലനിര്‍ത്തുന്നതിന് കഴിയാതെ വന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് പുതിയ ചില പരിശ്രമങ്ങള്‍ കൂടി ആവശ്യമാണെന്ന് ബോധ്യമായത്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഊര്‍ജ്ജിതമായ നടപടികള്‍ ആവശ്യമാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നാല് മിഷനുകള്‍ക്ക് രൂപംനല്‍കിയത്. ഇപ്രകാരം രൂപീകരിച്ച മിഷനുകളില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല, മാത്രവുമല്ല പ്രാദേശിക സാമ്പത്തിക വികസനം സാമൂഹ്യനീതിയോടൊപ്പം ആര്‍ജ്ജിക്കുന്നതിനും ഇതു വഴിയൊരുക്കും. മിഷനുകള്‍ രൂപീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ അതിന്‍റെ സദ്ഫലങ്ങള്‍ സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് ലഭിക്കാന്‍ തുടങ്ങിയെന്നത് ചാരിതാര്‍ത്ഥ്യം പകരുന്ന കാര്യമാണ്. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്ന കാര്യത്തില്‍ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെങ്കിലും വീഴ്ചവരുത്തിയതായി കണ്ടിട്ടുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്.

അധികാരവികേന്ദ്രീകരണത്തിന്‍റെ രണ്ടാംഘട്ടമെന്ന നിലയില്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇനിയും ചിലത് സ്വീകരിക്കാനുണ്ടുതാനും. സെന്നിന്‍റേയും വി.ജെ. തങ്കപ്പന്‍റെയും നേതൃത്വത്തിലുണ്ടായിരുന്ന അധികാര വികേന്ദ്രീകരണ കമ്മിറ്റികളുടെ ശുപാര്‍ശകളില്‍ പ്രധാനമായും ഇനി നടപ്പിലാക്കാനുള്ളത് ഓഡിറ്റ് കമ്മീഷന്‍റെ രൂപീകരണം മാത്രമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാത്രമായുള്ള ഓഡിറ്റ് കമ്മീഷന്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 1994 ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ട് ഭേദഗതി ചെയ്ത് ഓഡിറ്റ് കമ്മീഷന്‍ രൂപീകരിക്കുന്നതോടെ അധികാര വികേന്ദ്രീകരണ ചക്രം പൂര്‍ത്തിയാകുന്നതാണ്.

ജില്ലാ ആസൂത്രണ സമിതിയുടെ പ്രധാന ഉത്തരവാദിത്വം ജില്ലാ പദ്ധതികള്‍ക്ക് രൂപംനല്‍കുക എന്നതാണ്. ഇതുവരെ ഇതിനു കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ജില്ലാ പദ്ധതികള്‍ തയ്യാറാക്കി എന്നു മാത്രമല്ല, അവ വിലയിരുത്തുന്നതിനുള്ള ശില്പശാല കൂടി നടത്തപ്പെട്ടു. ജില്ലാ പദ്ധതികള്‍ വിവിധ വകുപ്പുകളുടെയും പദ്ധതികളുടെയും ഏകോപനത്തിനുള്ള ഉപകരണമാണ് എന്ന കാഴ്ചപ്പാടാണ് നമ്മെ നയിക്കേണ്ടത്. സംയുക്ത പ്രോജ്ക്ടുകള്‍ ഏറ്റെടുക്കുമ്പോള്‍ നദികളുടെ സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും പുതുമയുള്ളതുമായ ബഹുവര്‍ഷ പ്രോജക്ടുകള്‍ തയ്യാറാക്കാന്‍ ആസൂത്രണ സമിതി നേതൃത്വം നല്‍കണം. ജില്ലാ ആസൂത്രണ സമിതിയിലെ പ്രവര്‍ത്തനങ്ങളില്‍ നഗരസഭകള്‍ക്ക് കുറച്ചുകൂടി പ്രാധാന്യം നല്‍കേണ്ടതുണ്ട്. ജില്ലാ പദ്ധതികള്‍ക്ക് നാം അംഗീകാരം നല്‍കേണ്ടതുണ്ട്.

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ അഞ്ചുവകുപ്പുകള്‍ പ്രത്യേകം പ്രത്യേകം പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ല. പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചിട്ടയായും കാര്യക്ഷമമായും മുന്നോട്ടുകൊണ്ടുപോകുന്നതിന് ഭരണതലത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു വകുപ്പാക്കാന്‍ തീരുമാനിക്കുകയും ഏകോപിത വകുപ്പിന്‍റെ അദ്ധ്യക്ഷനായി പ്രിന്‍സിപ്പല്‍ ഡയറക്ടറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ഏകോപനം മാത്രമല്ല പദ്ധതികളുടെ ഏകോപനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലുള്ള ഏകോപനവും കൂടി സാധ്യമാക്കാനാണ് തദ്ദേശസ്വയംഭരണ സര്‍വ്വീസിന് രൂപംനല്‍കാന്‍ തീരുമാനിച്ചത്. ലോക്കല്‍ ഗവണ്‍മെന്‍റ് കമ്മീഷന്‍ ഇതിനുള്ള കരട് ചട്ടങ്ങള്‍ തയ്യാറാക്കുകയാണ്. ഈ വര്‍ഷംതന്നെ ഏകോപിത സര്‍വ്വീസ് നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നാളിതുവരെ സംസ്ഥാന വികസന കൗണ്‍സില്‍ രൂപീകരിച്ചിട്ടില്ല. ഇവിടെയുള്ള സംസ്ഥാന വികസന കൗണ്‍സിലിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കാര്‍ഷികമേഖലയിലെ മുരടിപ്പ് മാറ്റണം, ക്ഷീരോല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കണം, സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ലാത്തവര്‍ക്ക് അത് നല്‍കണം, ജല സ്രോതസ്സുകള്‍ സംരക്ഷിക്കണം, ഗ്രാമങ്ങളുടെ വികസനം ഉറപ്പുവരുത്തണം, മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണം, വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെ മുരടിപ്പ് മാറ്റണം, പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവയ്ക്കണം. ഇതൊക്കെ യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന വികസന കൗണ്‍സിലിന്‍റെ ശ്രദ്ധവേണം.

പദ്ധതി പ്രവര്‍ത്തനം പ്രതീക്ഷിച്ചതലത്തിലേക്ക് ഉയരാത്ത സാഹചര്യത്തിലാണ് ഈ വര്‍ഷം മുതല്‍ അതിന് സമയക്രമം നിശ്ചയിച്ചത്. അത് നല്ല ഫലം കാണുകയും ചെയ്തു. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ പദ്ധതി പ്രവര്‍ത്തനത്തിനുള്ള സമയക്രമം കര്‍ശനമായി പാലിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറായേ പറ്റൂ.

നിലവിലുള്ള പഞ്ചായത്ത് നിയമത്തിലെ പല വ്യവസ്ഥകളും മുനിസിപ്പല്‍ നിയമത്തിലില്ല എന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ കുറവ് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതാണ്. നിലവിലുള്ള നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതുമാണ്.
നിയമം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിലെ കാലതാമസം വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. പദ്ധതി രൂപീകരണനിര്‍വഹണ ചട്ടങ്ങള്‍ രൂപീകരിക്കാനുണ്ടാകുന്ന കാലതാമസം ഒഴിവായേ പറ്റൂ. ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ടതാണ്.

വിവിധ വകുപ്പുകളില്‍ നിന്ന് കൈമാറി കിട്ടിയ അധികാരങ്ങള്‍ പ്രായോഗികമാക്കുന്നതില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തില്‍ വകുപ്പുമേധാവികളും വകുപ്പിലെ ജീവനക്കാരും ആത്മപരിശോധന നടത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പല വകുപ്പുകള്‍ക്കും ഇപ്പോഴും മടിയാണ്. അധികാരവികേന്ദ്രീകരണത്തിന്‍റെ വിജയം കുടികൊള്ളുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ജനപ്രതിനിധികളും ജീവനക്കാരും മറ്റു വകുപ്പുകളില്‍ നിന്ന് വന്നവരും ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ്. മറ്റുവകുപ്പുകളിലെ ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തിയുള്ള തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരിക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ എന്നു കരുതുന്നവരുണ്ട്.

എന്തായാലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ജനസൗഹൃദമാക്കുന്നതിനും ക്ഷേമപരിപാടികളുടേയും വികസനത്തിന്‍റെയും കേന്ദ്രങ്ങളാകുന്നതിനുമുള്ള സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പുതരുന്നു. കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെ ഒരു പുതിയ വിതാനത്തിലേക്ക് ഉയര്‍ത്താനുള്ള സാദ്ധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്.

സ്റ്റേറ്റ് ഡെവലെപ്മെന്‍റ് കൗണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്‍റെ സമഗ്ര വികസനത്തിനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിലൂടെ അധികാര വികേന്ദ്രീകരണത്തിന്‍റെ പുത്തനധ്യായം രചിക്കുന്നതിനും സഹായകരമാവട്ടെ എന്നാശംസിക്കുന്നു.