മന്ത്രിസഭാ തീരുമാനങ്ങള്‍   21/03/2018

  • അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എം. സുകുമാരന്റെ ഭാര്യ മീനാക്ഷിക്ക് പ്രതിമാസം നാലായിരം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രമുഖ സാഹിത്യകാരന്‍മാരുടെയും കലാകാരന്‍മാരുടെയും വിധവകള്‍ക്കും ആശ്രിതര്‍ക്കും സഹായം നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ ധനസഹായം അനുവദിച്ചത്.
  • എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍ പുഴ പുറമ്പോക്ക് വടുതല ജനകീയ കോളനിയില്‍ രണ്ടുമുതല്‍ നാലു സെന്റു വരെ ഭൂമിയില്‍ താമസിക്കുന്ന 179 കുടുംബങ്ങള്‍ക്ക് വീട് നിര്‍മാണത്തിനു വേണ്ടി സ്ഥലം പതിച്ചു നല്‍കാന്‍ തീരുമാനിച്ചു. പട്ടയഭൂമി വീടിനല്ലാതെ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാന്‍ പാടില്ല. ശേഷിക്കുന്ന പുഴപുറമ്പോക്ക് ഭൂമിയെ കൈയേറ്റങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് കൊച്ചി കോര്‍പറേഷന്‍ സംരക്ഷണഭിത്തി നിര്‍മിക്കേണ്ടതാണ്. അതിനു ശേഷമേ പട്ടയം അനുവദിക്കാന്‍ പാടുളളൂ എന്നാണ് തീരുമാനം.
  • ആറളം ഫാമിംഗ് കോര്‍പറേഷനിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും സ്വയം വിരമിക്കല്‍ പദ്ധതി തുടര്‍ന്നും അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി സര്‍ക്കാര്‍ 11.93 കോടി രൂപ അനുവദിക്കും.
  • സംസ്ഥാന പിന്നോക്ക കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് 2014 ജൂലൈ മുതല്‍ ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.
  • എക്സൈസ് വകുപ്പില്‍ അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ (ഭരണം) തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
  • തിരുവനന്തപുരം ആനയറയില്‍ കെ.എസ്.ആര്‍.റ്റി.സിയുടെ കൈവശമുളള മൂന്നര ഏക്കറില്‍ 1.78 ഏക്കര്‍ സി.എന്‍.ജി/എല്‍.എന്‍.ജി. റ്റെര്‍മിനല്‍ സ്ഥാപിക്കുന്നതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.
  • ODEPCല്‍ പി.എസ്.സി. മുഖേനയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയും ജോലി ലഭിച്ച ആറ് പേര്‍ക്ക് ശമ്പളപരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.
  • ബൗദ്ധികസ്വത്തവകാശവും ബന്ധപ്പെട്ട വിഷയങ്ങളും നിയമവകുപ്പില്‍ നിന്ന് ശാസ്ത്ര-സാങ്കേതികവകുപ്പിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.