വൈറൽ വ്യാധികളെ പ്രതിരോധിക്കാൻ ലോകോത്തര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം അഭിമാനിക്കുമ്പോഴും നമ്മുടെ കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി വിവിധ തരത്തിലുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. വൃത്തിയും വെടിപ്പും പരിസര ശുചിത്വവുമൊക്കെ  മറ്റാരേക്കാളുംനിത്യജീവിതത്തിൽ പുലർത്തുന്ന ഒരു ജനതയാണ് നാം.എന്നിട്ടും  ഇത്തരത്തിൽ പകർച്ചവ്യാധികൾ നമ്മുടെ നാടിനെ രോഗാതുരമാക്കിയത് എങ്ങനെയെന്നും  അവയെ എങ്ങനെ നിർമ്മാർജ്ജനം ചെയ്യാമെന്നുമുള്ള ആലോചനയിലാണ്  ലോകോത്തര നിലവാരമുള്ള ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആശയം ഉദിച്ചത്.  മുൻകാലങ്ങളിൽ പൂർണ്ണമായും തുടച്ചു നീക്കപെട്ടുവെന്ന് നാം വിശ്വസിച്ച പകർച്ച വ്യാധികളും,മറ്റു ചില പുതിയ രോഗങ്ങളും, പ്രായമുള്ളവർ നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഈ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ അഭിമുഖീകരിച്ചിരുന്നു. അതിനെ പ്രതിരോധിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടുകയും സ്വീകരിച്ച നടപടികൾക്ക് പ്രയോജനം ഉണ്ടാവുകയും ചെയ്തു. അപ്പോഴും ചികുൻ ഗുനിയ,ഡെങ്കിപ്പനി,എച്ച് വൺ എൻ വൺ എന്നീ രോഗങ്ങൾ ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ അവശേഷിച്ചു.ഈ പശ്ചാത്തലത്തിലാണ് പകർച്ചവ്യാധികളെയും പുതിയ രോഗങ്ങളെയും കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കാനുള്ള വഴികൾ ആലോചിച്ചത്. രോഗനിർണ്ണയവും ഗവേഷണവും പ്രതിവിധികളിൽ പ്രധാനം എന്ന വിദഗ്ദഭിപ്രായമാണ്  തിരുവനന്തപുരം തോന്നയ്ക്കൽ ബയോലൈഫ് സയൻസ് പാർക്കിൽ ആരംഭിച്ച  അന്താരാഷ്ട നിലവാരമുള്ള വൈറോളജി ഇൻസ്റ്റിട്യൂട്ട്  യാഥാർഥ്യമാക്കിയത്.
                    ആദ്യ ഘട്ടമെന്ന നിലയിൽ പകർച്ച വ്യാധികൾ ഫലപ്രദമായി നേരിടുന്നതിൽ ഏറ്റവും വിദഗ്ദരായ ആഗോള പ്രശസ്തരായ ശാസ്ത്രജ്ഞരുമായി  ഒരു കൂടിക്കാഴ്ച നടത്തി. കേരളത്തിൽ ഒരു വൈറോളജി ഇൻസ്റ്റിട്യൂട്ട് സ്ഥാപിക്കുന്നതിന്റെ ആവശ്യകത അവരിൽ നിന്നും മനസിലാക്കി.  തുടർന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ (KSCSTE) പദ്ധതി സമയബന്ധിതമായി സ്ഥാപിക്കുവാൻ വേണ്ട നടപടികൾ ഏറ്റെടുത്ത് നടപ്പിലാക്കുവാൻ കഴിഞ്ഞ വർഷം ചുമതലപ്പെടുത്തുകയുണ്ടായി. അവർ വളരെ ചിട്ടയോടും ഗൗരവത്തോടും കൂടി പല ശ്രേണിയിലുള്ള വൈറോളജി വിദഗ്ധരുമായി ഈകാര്യം കൂടിയാലോചന നടത്തി. ഇതിന്റെ ഭാഗമായി തന്നെ 2017 ഡിസംബറിൽ ഒരു അന്താരാഷ്ട്ര വൈറോളജി സംഗമവും നടത്തുകയുണ്ടായി.അതിൽ പങ്കെടുത്ത ലോക പ്രശസ്ത വൈറോളജി ശാസ്ത്രജ്ഞരുടെ നിർദ്ദേശങ്ങൾ ഏകോപിപ്പിച്ച്  ഒരു രൂപരേഖ തയ്യാറാക്കുകയും ചെയ്തു. അത് സർക്കാർ അംഗീകരിക്കുകയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി 202 കോടി രൂപയുടെ പദ്ധതി വിഹിതം അനുവദിക്കുകയും 15 കോടി രൂപ ബജറ്റിൽ  ഉൾപ്പെടുത്തുകയും ചെയ്തു.പിന്നീട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിലേക്കായി ആലോചനകൾ. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനുമായി (KSIDC) ചർച്ച നടത്തുകയും തിരുവനന്തപുരം തോന്നയ്ക്കലുള്ള ലൈഫ് സയൻസ് പാർക്കിൽ  25 ഏക്കർ സ്ഥലം നൽകാമെന്ന് അവർ സമ്മതിക്കുകയും ചെയ്തു.അങ്ങനെ സ്ഥലം കണ്ടെത്തുക എന്ന അടിസ്ഥാന ആവശ്യത്തിനും  വേഗത്തിൽ പരിഹാരമായി. നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നടപടി ആരംഭിക്കുകയും ചെയ്തു.
                       ഈ ഘട്ടത്തിലാണ് നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. നിപയെ നാം ഫലപ്രദമായി തുരത്തി ഓടിച്ചു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദ്ദേശം ഈ ഘട്ടത്തിൽ നൽകി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  അഡ്വാൻസ്ഡ്  വൈറോളജി രണ്ടു ഘട്ടങ്ങളിലായി നിർമ്മിക്കാനായിരുന്നു തീരുമാനം. ആദ്യഘട്ടത്തിൽ  2.07 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന  പ്രീ ഫാബ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന് നൽകി..ഇതിനായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ 2.07 ഏക്കർ സ്ഥലം ഒരു പ്രത്യേക ധാരണാപത്രത്തിലൂടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കൈമാറുകയും ചെയ്തു.വിദഗ്ധരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി ഈ കെട്ടിടത്തിന്റെ രൂപരേഖയ്ക്ക്  അംഗീകാരം നൽകി .തുടർന്ന് മെയ് 30 നു സ്ഥാപനത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു.പ്രീ ഫാബ് കെട്ടിടത്തിന്റെ സിവിൽ സ്‌ട്രക്‌ചറിന്റെ നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തീകരിച്ച്  2019 ഫെബ്രുവരി 9 നു ഉത്ഘാടനം നടത്തണമെന്നും നിർദേശിച്ചു.ആ നിർദേശങ്ങൾ എല്ലാം പാലിച്ചുകൊണ്ട് സമയബന്ധിതമായി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച്  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആദ്യ ഘട്ടം ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്.
 80,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ  അന്താരാഷ്ട്ര നിലവാരവും മാനദണ്ഡവുമനുസരിച്ചുള്ള പ്രധാന കെട്ടിട സമുച്ചയത്തിന്റെ നിർമാണചുമതല കെ.എസ്.ഐ.ഡി.സിക്കാണ് നൽകിയിരിക്കുന്നത്. നൂതന സൗകര്യങ്ങളുള്ള ഈ പ്രധാന ഇൻസ്റ്റിറ്റ്യൂട്ട് മന്ദിരത്തിന്റെ നിർമ്മാണം  ഈ വർഷം പൂർത്തിയാകും.
മാരക പ്രഹരശേഷിയുള്ള നിപ പോലുള്ള വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകൾ തിരിച്ചറിഞ്ഞ് കാലവിളംബം കൂടാതെ പ്രതിവിധി സ്വീകരിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നതോടെ കഴിയും.

രോഗനിർണയവും ഉന്നതതല ഗവേഷണവുമാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ചുമതലകൾ. രോഗബാധ സംബന്ധിച്ച സാമ്പിളുകൾ ശേഖരിച്ച് എത്തിച്ചാൽ പൂനെയിലെ വൈറോളജി ലാബിൽ ലഭ്യമാകുന്നതിനേക്കാൾ നിലവാരത്തിലുള്ള നിർണയത്തിന് ഇവിടെ സാധ്യമാകും. വിവിധ വൈറസുകൾക്കുള്ള പ്രതിരോധ മരുന്ന് നിർമാണത്തിനുള്ള ആധുനിക ഗവേഷണത്തിനും സൗകര്യമുണ്ടാകും. പകർച്ചവ്യാധികൾ കണ്ടെത്താനും പ്രതിരോധിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായിരിക്കും പുതിയ ഇൻസ്റ്റിറ്റ്യൂട്ട്. പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ ലോകത്തെതന്നെ മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലും ഇത് ഇടംപിടിക്കും.കൂടാതെ, അന്താരാഷ്ട്രതലത്തിൽ ഗവേഷണസംബന്ധ സൗകര്യങ്ങൾ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജൻസിയായ ‘ഗ്‌ളോബൽ വൈറൽ നെറ്റ്‌വർക്കി’ന്റെ സെന്റർ കൂടി ഇവിടെ പ്രവർത്തിപ്പിക്കാൻ സൗകര്യമൊരുക്കും. ഇന്ത്യയിൽ ആദ്യമായാണ് ഈ ഏജൻസിയുടെ സെന്റർ വരുന്നത്. ഈ നെറ്റ്വർക്കിന്റെ ഭാഗമാകുന്നതോടെ ഗവേഷണരംഗത്തെ നൂതനമായ എല്ലാ പരിഷ്കാകാരങ്ങളും അറിയാനും അവ ഏർപ്പെടുത്താനും കഴിയും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായി ബയോ സേഫ്റ്റി ലെവൽ-3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബിൽ ഒരുക്കുക. ഭാവിയിൽ ഇത് ബയോ സേഫ്റ്റി ലെവൽ-4 ലേക്ക് ഉയർത്തും. എട്ടുലാബുകളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുക. ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്‌നോസ്റ്റിക്‌സ്, വൈറൽ വാക്‌സിൻസ്, ആന്റി വൈറൽ ഡ്രഗ് റിസർച്ച്, വൈറൽ ആപ്ലിക്കേഷൻസ്, വൈറൽ എപിഡെർമോളജി-വെക്ടർ ഡൈനാമിക്‌സ് ആന്റ് പബ്‌ളിക് ഹെൽത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇൻഫർമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറൽ വൈറോളജി എന്നീ ഗവേഷണ വിഭാഗങ്ങളാണിവ. പരീക്ഷണത്തിനുള്ള ആധുനിക അനിമൽ ഹൗസുകളും പ്രധാന സമുച്ചയം പൂർത്തിയാകുമ്പോൾ സജ്ജമാകും. വിവിധ അക്കാദമിക പദ്ധതികളും ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടാകും. പി.ജി ഡിപ്ലോമ (വൈറോളജി)-ഒരു വർഷം, പി.എച്ച്.ഡി (വൈറോളജി) എന്നിവയാണ് ആരംഭിക്കക.

/ In Achievements / By CM Kerala / Comments Off on വൈറൽ വ്യാധികളെ പ്രതിരോധിക്കാൻ ലോകോത്തര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്