Press Release : 05-10-2019

നിക്ഷേപക സംരംഭം – മൊത്തം പതിനായിരം കോടിയുടെ വാഗ്ദാനം

കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നത് സംബന്ധിച്ച് ദുബായിൽ സംരംഭകരുടെ യോഗം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. മൊത്തം പതിനായിരം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചു. ഡിപി വേള്‍ഡ് 3500 കോടി, ആര്‍പി ഗ്രൂപ്പ് 1000 കോടി, ലുലു ഗ്രൂപ്പ് 1500 കോടി, ആസ്റ്റര്‍ 500 കോടി, മറ്റു ചെറുകിട സംരംഭകര്‍ 3500 കോടി എന്നിങ്ങനെയാണ് വാഗ്ദാനം. ഇതിൽ ഡിപി വേള്‍ഡ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് വിഭാഗത്തിലും, ആര്‍പി ഗ്രൂപ്പ് ടൂറിസം മേഖലയിലും, ലുലു റീ ടെയിൽ മേഖലയിലും, ആസ്റ്റര്‍ ആരോഗ്യമേഖലയിലുമാണ് നിക്ഷേപം നടത്തുന്നത്.


സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, നോര്‍ക്ക റൂട്സ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എം. എ. യൂസഫലി, പ്രിന്‍സിപ്പൽ സെക്രട്ടറി കെ ഇളങ്കോവന്‍, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍, ഡോ. ഷംഷീര്‍ വയലിൽ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.


ജഡ്സണ്‍ ബെര്‍ഗ് മാന്‍, ഭാര്യ മേരി മില്ലര്‍ എന്നിവരുടെ അപകട മരണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
പ്രമുഖ അമേരിക്കന്‍ ഐടി കമ്പനിയായ എന്‍വെസ്റ്റ്നെറ്റിന്‍റെ സിഇഒയും സ്ഥാപകനുമായ ജഡ്സണ്‍ ബെര്‍ഗ്മാന്‍, ഭാര്യ മേരി മില്ലര്‍ എന്നിവരുടെ അപകട മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.


കേരളത്തിന്‍റെ നിക്ഷേപ സാധ്യതകളിൽ വിശ്വസിക്കുകയും കേരളത്തോട് അതിയായ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ജഡ്സണ്‍ ബര്‍ഗ്മാന്‍റേത്. കേരളത്തെ ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമായി വികസിപ്പിക്കുന്നതിലും എന്‍വെസ്റ്റ്നെറ്റ് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിലും അദ്ദേഹം സ്മരണീയമായ പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.