Cabinet Decision : 31-10-2019

പതിനൊന്നാം ശമ്പള കമ്മീഷന്‍
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം
പരിഷ്കരിക്കുന്നതിന് കെ. മോഹന്‍ദാസ് (റിട്ട. ഐ.എ.എസ്) ചെയര്‍മാനായി
കമ്മീഷനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രൊഫ. എം.കെ. സുകുമാരന്‍
നായര്‍ (ഹോണററി ഡയറക്ടര്‍, സെന്‍റര്‍ ഫോര്‍ ബജറ്ററി സ്റ്റഡീസ്, കുസാറ്റ്),
അഡ്വ. അശോക് മാമന്‍ ചെറിയാന്‍ എന്നിവര്‍ പതിനൊന്നാം ശമ്പള കമ്മീഷന്‍
അംഗങ്ങളാണ്.


കമ്മീഷന്‍ ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നിലവിലെ പത്താം ശമ്പള
പരിഷ്കരണത്തിന്‍റെ കാലാവധി 2019 ജൂണ്‍ 30-ന് അവസാനിച്ചിട്ടുണ്ട്.
അതിനാല്‍ 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍
ശമ്പളം പരിഷ്കരിക്കാനാണ് തീരുമാനം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍
ശമ്പളപരിഷ്കരണം എന്ന തത്വമനുസരിച്ചാണ് പുതിയ കമ്മീഷനെ നിയമിച്ചത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍
രൂപീകരിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ന്യായമായ താല്‍പര്യങ്ങളും
അക്കാദമിക് അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു
വരുത്താനും ലക്ഷ്യമിട്ട് നിയമ നിര്‍മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം
നല്‍കി.  2019-ലെ കേരള വിദ്യാര്‍ത്ഥി യൂണിയനുകളും വിദ്യാര്‍ത്ഥി പരാതി
പരിഹാര അതോറിറ്റിയും ആക്ട് എന്നാണ് നിര്‍ദിഷ്ട നിയമത്തിന്‍റെ
പേര്. സംസ്ഥാനത്തെ കേന്ദ്ര സര്‍വകലാശാലയും കല്‍പ്പിത സര്‍വകലാശാലകളും
ഉള്‍പ്പെടെയുള്ള എല്ലാ സര്‍വകലാശാലകളും മറ്റു ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളും ഇതിന്‍റെ പരിധിയില്‍ വരും. വിദ്യാര്‍ത്ഥികളുടെയും
രക്ഷിതാക്കളുടെയും ന്യായമായ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള
അതോറിറ്റി രൂപീകരണം ബില്ലില്‍ ഉള്‍പ്പെടുന്നുണ്ട്. ജില്ലാ
ജഡ്ജിയായി സേവനമനുഷ്ഠിച്ച വ്യക്തിയോ ജില്ലാ ജഡ്ജിയാകാന്‍
യോഗ്യതയുള്ള അഭിഭാഷകനോ അധ്യക്ഷനായി പരാതി പരിഹാര അതോറിറ്റി
രൂപീകരിക്കണമെന്നാണ് ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്.


കടല്‍ക്ഷോഭം – ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം
മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തവരും കടല്‍ക്ഷോഭം
കാരണം ജീവനോപാധി നഷ്ടപ്പെട്ടവരുമായ മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക് എന്‍.ഡി.ആര്‍.എഫിന്‍റെ നിലവിലെ വ്യവസ്ഥകള്‍ അനുസരിച്ച്
നല്‍കാവുന്ന ധനസഹായത്തിന് പുറമെ ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്നും പരമാവധി 2000 രൂപ വീതം നല്‍കാന്‍
തീരുമാനിച്ചു.


വിവിധ ആവശ്യങ്ങള്‍ക്ക് ലാന്‍റ് റവന്യൂ വകുപ്പിന്‍റെ നിയന്ത്രണത്തിലും ലാന്‍റ്
ബോര്‍ഡ് ഓഫീസിന്‍റെ നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലെ
1977 താല്‍ക്കാലിക തസ്തികകള്‍ക്ക് 2019 ഏപ്രില്‍ ഒന്നു മുതല്‍ ഒരു
വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.
കൃഷി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ബി. പ്രമോദിനെ പ്ലാന്‍റേഷന്‍
കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.


വനം വകുപ്പില്‍ വിവിധ തസ്തികകളിലായി ജോലി ചെയ്യുന്ന 30 ദിവസ വേതന
ജീവനക്കാരെ വാച്ചര്‍ തസ്തികയില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ചും
വിരമിക്കല്‍ പ്രായമായ 5 ജീവനക്കാരെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് മാത്രം
പരിഗണിച്ചുകൊണ്ട് നോഷണലായും സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.


72-ാമത് സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിലെ 11 പേരെ
പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയില്‍
സൂപ്പര്‍ന്യൂമററി ആയി നിയമിക്കാന്‍ തീരുമാനിച്ചു.


വൈറ്റില മൊബിലിറ്റി ഹബ്ബ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കൊച്ചി മെട്രോ
റെയില്‍ സമര്‍പ്പിച്ച പദ്ധതി രൂപരേഖക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകാരം
നല്‍കാന്‍ തീരുമാനിച്ചു. മൊത്തം 571 കോടി രൂപ അടങ്കല്‍ വരുന്ന പദ്ധതിക്ക്
ഭരണാനുമതി നല്‍കാനും നിശ്ചയിച്ചു.


1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങളും 2011-ലെ
കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങളും പരിഷ്കരിക്കുന്നതിനുള്ള കരട്
നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു.


2020 വര്‍ഷത്തെ പൊതു അവധിയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട്
പ്രകാരമുള്ള അവധിയും അംഗീകരിച്ചു.


പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴുള്ള രക്ഷാപ്രവര്‍ത്തനം, മാവോയിസ്റ്റ് വിരുദ്ധ
ഓപ്പറേഷന്‍, വി.ഐ.പികളുടെ യാത്രാ സുരക്ഷ, വ്യോമ നിരീക്ഷണം, തീരദേശ
പട്രോളിംഗ് മുതലായ ആവശ്യങ്ങള്‍ക്ക് പോലീസ് വകുപ്പിന് ഹെലികോപ്ടര്‍
വാടകയ്ക്ക് എടുക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു.


ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീയവും വിപുലവുമാക്കുന്നതിന് ആവശ്യമായ
പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ആരോഗ്യ മന്ത്രി അധ്യക്ഷയായി കമ്മിറ്റി
രൂപീകരിക്കാന്‍ തീരുമാനിച്ചു. ധനകാര്യ മന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി, ഭക്ഷ്യ
മന്ത്രി എന്നിവര്‍ കമ്മിറ്റിയുടെ സഹ ചെയര്‍മാന്‍മാരായിരിക്കും.


ഡിലിമിറ്റേഷന്‍ കമ്മീഷന്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയോജകമണ്ഡല അതിര്‍ത്തി
പുനര്‍നിര്‍ണയിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍
ചെയര്‍മാനായി ഡിലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.
2020 ഒക്ടോബറില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് കമ്മീഷന്‍ രൂപീകരിച്ചത്. ശാരദ മുരളീധരന്‍ (പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ്), സജ്ഞയ് ഗാര്‍ഗ് (പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ്), കെ.ആര്‍. ജ്യോതിലാല്‍
(ഗതാഗത വകുപ്പ്), എ. ഷാജഹാന്‍ (പൊതുവിദ്യാഭ്യാസ വകുപ്പ്) എന്നിവര്‍
കമ്മീഷന്‍ അംഗങ്ങളാണ്.


നിയമനങ്ങള്‍, മാറ്റങ്ങള്‍
കൊല്ലം കലക്ടര്‍ ബി. അബ്ദുള്‍ നാസറിനെ വയനാട് കലക്ടറായി
നിയമിക്കാന്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എം.
അഞ്ജനയാണ് പുതിയ കൊല്ലം കലക്ടര്‍.


വയനാട് കലക്ടര്‍ അജയകുമാറിനെ കൃഷി ഡയറക്ടറായി നിയമിക്കും.


കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടര്‍ ആനന്ദ് സിംഗിനെ
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ജി.എസ്.ടി. സ്പെഷല്‍ കമ്മീഷണറുടെ അധിക ചുമതല
അദ്ദേഹം വഹിക്കും.


അവധിയിലായിരുന്ന രാജമാണിക്യമാണ് പുതിയ കെ.എസ്.ടി.പി.
പ്രൊജക്ട് ഡയറക്ടര്‍.


സ്പോര്‍ട്സ് ആന്‍റ് യൂത്ത് അഫയേഴ്സ് ഡയറക്ടര്‍ ജെറോമിക്
ജോര്‍ജിന് തുറമുഖ വകുപ്പിന്‍റെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.


ജി.എ.ഡി. ഡെപ്യൂട്ടി സെക്രട്ടറി രേണു രാജിന് ചീഫ് സെക്രട്ടറിയുടെ
സ്റ്റാഫ് ഓഫീസര്‍ ചുമതല നല്‍കാനും തീരുമാനിച്ചു.


ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍

മുഖ്യമന്ത്രി അനുശോചിച്ചു

മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയുടെ
നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

പാര്‍ലമെന്‍റേറിയന്‍ എന്ന നിലയിലും തൊഴിലാളി നേതാവെന്ന നിലയിലും

അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.