Category: Featured Articles

മന്ത്രിസഭാ തീരുമാനങ്ങള്‍ 16-01-2019

തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് പുനരധിവാസ പദ്ധതി

2014-15-ല്‍ പുതിയ അബ്കാരി നയം നടപ്പാക്കിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ പുനരധിവാസത്തിനുളള കരട് പദ്ധതി അംഗീകരിച്ചു. ‘സുരക്ഷാ സ്വയം തൊഴില്‍ പദ്ധതി’ എന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നത്. ഈ പദ്ധതിയില്‍ വരുന്ന ഗുണഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 2.5 ലക്ഷം രൂപ ടേം ലോണായും അര ലക്ഷം രൂപ ഗ്രാന്‍റ്/സബ്സിഡി ആയും അനുവദിക്കുന്നതാണ്. ഈ വായ്പയ്ക്ക് നാലു ശതമാനമാണ് പലിശ. അഞ്ചു വര്‍ഷത്തിനുള്ളില്‍ മാസ ഗഡുക്കളായി വായ്പ തിരിച്ചടക്കണം. സ്വയം തൊഴില്‍ പദ്ധതി നടത്തുന്നതിന് ആവശ്യമായ പരിശീലനം വ്യവസായ പരിശീലന വകുപ്പ് നല്‍കും. (more…)

സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സ്

പുതിയ വളര്‍ച്ചാമേഖല എന്ന നിലയില്‍ ഐടി പോലുളള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലാണ് ഈ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന ടെക്‌നോളജി ഇന്നവേഷന്‍ സോണും (TIZ) ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സും.
കേരളത്തില്‍നിന്നുള്ള സോഫ്ട്‌വെയര്‍ കയറ്റുമതി വര്‍ധിപ്പിക്കാനും അതിനുതകുന്ന വിധത്തില്‍ പുതിയ വ്യവസായമേഖലകളിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനുമായി വേണ്ട ഭൗതികപശ്ചാത്തല സൗകര്യങ്ങളും സാമൂഹ്യ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കുകയാണ് സര്‍ക്കാര്‍. അതിനുതകുന്ന വിധത്തില്‍ നൂതന ആശയങ്ങളെയും സ്റ്റാര്‍ട്ട് അപ്പുകളെയും പ്രോത്സാഹിപ്പിക്കുകയാണ്.
കേരളത്തിലെ ഐടി പാര്‍ക്ക് വിസ്തൃതി 1.3 കോടി ചതുരശ്ര അടിയില്‍ നിന്നും 2.3 കോടി ചതുരശ്ര അടിയായി വര്‍ധിപ്പിക്കുന്നതിനാണ് നാം ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 30 ലക്ഷം ചതുരശ്ര അടി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഐടി മേഖലയില്‍ 2.5 ലക്ഷം പേര്‍ക്ക് പ്രത്യക്ഷ തൊഴില്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നത്. ആ ലക്ഷ്യം സാക്ഷാല്‍കരിക്കാന്‍ സഹായിക്കുന്ന ചരിത്രപരമായ ഒരു ചുവടുവെയ്പ്പിനാണ് ഇന്ന് നാം ഇവിടെ സാക്ഷ്യം വഹിക്കുന്നത്.
സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട്അപ്പ് ഹബ്ബ് എന്ന് വിലയിരുത്തപ്പെടുന്നത് രാജസ്ഥാനിലെ ജയ്പൂരിലുള്ള ഭാമാഷാ ടെക്‌നോ ഹബ്ബാണ്. ഒരുലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഇന്‍ക്യുബേഷന്‍ സ്‌പേസാണ് അവിടെയുള്ളത്. എന്നാല്‍, ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സിന് ഒരുലക്ഷത്തി എണ്‍പത്തിരണ്ടായിരം ചതുരശ്ര അടി വലിപ്പമുണ്ട്. അതായത്, കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍ (TIZ) ഉള്‍പ്പെടുന്ന ഈ കോംപ്ലക്‌സ് ഇന്ത്യയിലെ എന്നുമാത്രമല്ല, സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സായി മാറുകയാണ്.
ലോകത്തെ ഏറ്റവും വലിയ ഇന്‍ക്യുബേറ്റര്‍ പാരീസിലുള്ള മൂന്നുലക്ഷത്തി അറുപത്തിയേഴായിരം ചതുരശ്ര അടി വലിപ്പമുള്ള ‘Station F’- ആണ്. സമീപഭാവിയില്‍ തന്നെ മൂന്നരലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഒരു ടെക്‌നോളജി ഹബ്ബ് ‘റിയാക്ടര്‍’ എന്ന പേരില്‍ തെലുങ്കാനയില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. എന്നാല്‍, പതിമൂന്ന് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഏഴ് കെട്ടിടങ്ങളിലായി അഞ്ചുലക്ഷത്തിലധികം ചതുരശ്ര അടി വലിപ്പമുള്ള ഒന്നായി ഈ ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍ ഭാവിയില്‍ വളരും. അതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ ടെക്‌നോളജി ഹബ്ബായി TIZ മാറും. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു അഭിമാന നിമിഷമാണ്. ഒരിക്കല്‍ കൂടി ഇന്ത്യയ്ക്കു തന്നെ മാതൃകയാവുകയാണ് കേരളം.
ഇതുവരെ ഇവിടെ ഉണ്ടായിരുന്ന പരിമിതമായ സ്ഥലസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഠകദ ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തനക്ഷമമാണ്.അതിന്റെ ഭാഗമായി നൂറിലധികം സ്റ്റാര്‍ട്ട്അപ്പുകള്‍ ഇവിടെയുണ്ട്. കഴിഞ്ഞ 12 മാസം കൊണ്ട് ഇവര്‍ മുപ്പതിലധികം പേറ്റെന്റുകള്‍ക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നത് അഭിനന്ദനാര്‍ഹമാണ്. ആ വസ്തുത കണക്കിലെടുത്താല്‍ത്തന്നെ ഒരുപക്ഷെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയില്‍ അധിഷ്ഠിതമായ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ക്യുബേഷന്‍ സ്‌പേസാണിത് എന്നത് അഭിമാനകരമാണ്.
ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മനുഷ്യപുരോഗതിക്കും സാമൂഹ്യനന്മയ്ക്കുമായി പ്രയോജനപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ നയം. അതിനുതകുന്ന വിധത്തില്‍ സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുകയും അവയില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്ന നൂതന ആശയങ്ങളെ സ്വാംശീകരിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. അത്തരത്തില്‍ മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ റോബോട്ടിക് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയ കേരളത്തിന്റെ നടപടി ലോകമെമ്പാടും പ്രശംസയാര്‍ജിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും.
ഇപ്പോള്‍ കേരളം വലിയ ഒരു പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അതിബൃഹത്തായ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്. പുനര്‍നിര്‍മാണം സുസ്ഥിരമാക്കാന്‍ സാങ്കേതികവിദ്യയ്ക്ക് വലിയ സംഭാവനകള്‍ ചെയ്യുവാന്‍ കഴിയും എന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് ഐഡിയ എക്‌സ്‌ചേഞ്ചുകള്‍, ഹാക്കത്തോണുകള്‍ മുതലായവ സംഘടിപ്പിക്കുന്നത്. ഇത്തരം നടപടികളിലൂടെ കേരളത്തിന്റെ യുവതലമുറയെ നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയാണ്.
ശാസ്ത്രസാങ്കേതിക വിദ്യകളെയും സ്റ്റാര്‍ട്ട്അപ്പുകളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനം സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ നാം സ്വീകരിച്ചുവരുന്നുണ്ട്. അതിനുതകുന്ന വിധത്തില്‍ സ്‌കൂളുകള്‍, കോളേജുകള്‍, സാങ്കേതിക വൈദഗ്ധ്യമുള്ളവരുടെ സമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ നൂതനതയും സംരംഭകത്വവും പ്രചരിപ്പിക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. ഉന്നത നിലവാരമുള്ള സാങ്കേതിക സ്റ്റാര്‍ട്ട്അപ്പുകളുടെ വികസനത്തിനുതകുന്ന അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിരുന്നു.
സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും മറ്റും അനുകൂലമായ ഭൗതികവും ഡിജിറ്റലുമായ സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം പൗരന്മാര്‍ക്കുവേണ്ടിയും അത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. അങ്ങനെ ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി.
പൊതു ഇടങ്ങളിലും ലൈബ്രറികളിലും മറ്റും സൗജന്യ വൈ ഫൈ സേവനം ലഭ്യമാക്കാനും സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തു. ഇവയിലൂടെയൊക്കെ മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യയെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യമായി ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതും നമ്മുടെ രാജ്യത്തിനാകെ മാതൃകയായി തീര്‍ന്ന ഇടപെടലാണ്.
ഇന്‍ക്യുബേറ്ററുകള്‍ സ്ഥാപിക്കുന്നതിലൂടെ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് കേന്ദ്രീകൃത പരിപാലനവും ആക്‌സിലേറ്ററുകളിലൂടെ അവയുടെ വികസനവും സാധ്യമാക്കിയ സര്‍ക്കാരാണിത്. നൂതനമായ മാര്‍ഗങ്ങളിലൂടെ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് വേണ്ട വിഭവസമാഹാരണം സാധ്യമാക്കുകയും ചെയ്തു ഈ സര്‍ക്കാര്‍. അവയുടെ ബിസിനസ് ഉന്നമനത്തിനായുള്ള ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സഹായിക്കുകയും അവയുടെ നൂതന ഉല്‍പന്നങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് ലഭ്യമാക്കുന്നതിനായി സ്റ്റാര്‍ട്ട്അപ്പുകളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന പ്രൊക്യുവര്‍മെന്റ് നയം രൂപീകരിക്കുകയും ചെയ്തു.
സ്റ്റാര്‍ട്ട്അപ്പ് ആവാസവ്യവസ്ഥയില്‍ രണ്ടായിരത്തോളം സാങ്കേതിക സ്റ്റാര്‍ട്ട്അപ്പുകളെ വികസിപ്പിക്കുന്നതിനും അവയില്‍ നിരവധി എണ്ണത്തിന് ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ ലഭ്യമാക്കുന്നതിനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രൊമോഷന്‍ വകുപ്പ് ‘ടോപ്പ് പെര്‍ഫോര്‍മര്‍’ ആയി കേരളത്തെ ഈ അടുത്തിടെ തെരഞ്ഞെടുത്തത്.
ടോപ്പ് പെര്‍ഫോര്‍മര്‍ എന്ന ബഹുമതി അന്വര്‍ത്ഥമാക്കുന്ന നടപടികള്‍ കൈക്കൊണ്ടുകൊണ്ടാണ് കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണും ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സും യാഥാര്‍ത്ഥ്യമായിരിക്കുന്നത്. സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ക്ക് ‘വര്‍ക്ക്-ലിവ്-പ്ലേ’ സൗകര്യം ലഭ്യമാക്കുന്ന ഈ സംവിധാനം ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ട്അപ്പ് കാമ്പസുകളില്‍ ഒന്നായി മാറും.
ഇലക്‌ട്രോണിക്‌സ് ഹാര്‍ഡ്‌വെയര്‍ വികസനത്തിന് ഊന്നല്‍ നല്‍കുന്ന മേക്കര്‍ വില്ലേജ്, ഇഎസ്ഡിഎം (ഇലക്‌ട്രോണിക് സിസ്റ്റംസ് ഡിസൈന്‍ ആന്റ് മാനുഫാച്ച്വറിങ്) സൗകര്യം, കാന്‍സര്‍ പ്രതിവിധിക്ക് ഊന്നല്‍ നല്‍കുന്ന ഇന്‍ക്യുബേറ്റര്‍, ബയോടെക്‌നോളജി ഉല്‍പന്നങ്ങള്‍ക്കായുള്ള ബയോനെസ്റ്റ്, ഡിജിറ്റര്‍ ഫ്രാബിക്കേഷന് സഹായകരമാകുന്ന ഫാബ് ലാബ്, സ്റ്റാര്‍ട്ട്അപ്പുകള്‍ക്കായി കോ-വര്‍ക്കിങ് സ്‌പേസ്, സ്‌കെയില്‍ അപ്പ് സേപ്‌സ്, ട്രെയിനിങ് സെന്ററുകള്‍, സോഫ്റ്റ്‌വെയര്‍ ലബോറട്ടറികള്‍, ഭാവിക്കനുയോജ്യമായ ആശയവിനിമയം സാധ്യമാക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്നിവയെല്ലാം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഈ സമഗ്രസംവിധാനത്തിന്റെ ഭാഗമാണ്.
സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിവിധ മേഖലകളെ ഇത്തരത്തില്‍ സംയോജിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഒരു കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാക്കി എന്നത് സൂചിപ്പിക്കുന്നത് ശാസ്ത്രസാങ്കേതിക വിദ്യയെ ആകെ നാം സമഗ്രമായി വിലയിരുത്തുന്നു എന്നും അവയെ അത്തരത്തില്‍ തന്നെ സാമൂഹ്യനന്മയ്ക്കും പുരോഗതിക്കുമായി പ്രയോജനപ്പെടുത്തുന്നു എന്നുമാണ്. ഇത് കേരളചരിത്രത്തില്‍ തന്നെ ഒരു പുതിയ ചുവടുവെയ്പ്പാണ്.
സംസ്ഥാന സര്‍ക്കാര്‍ ഐടി മേഖലയില്‍ സ്വീകരിക്കുന്ന നയസമീപനത്തിന്റെയും നടപ്പാക്കുന്ന പദ്ധതികളുടെയും ഫലമായി കേരളം  ഒരു ആഗോള ഐടി ഡെസ്റ്റിനേഷനായി വളര്‍ന്നുവരുന്ന കാലഘട്ടമാണിത്. ഐടി മേഖലയിലെ പ്രബലരായ നിസാനും ഫുജിറ്റ്‌സുവും കേരളത്തിലേക്കു വരുന്നു എന്നതുതന്നെ ഈ വളര്‍ച്ചയുടെ നിദര്‍ശനമാണ്. കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണും ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സും ഈ വളര്‍ച്ചയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തെ ഇന്ത്യയിലെ എന്നല്ല ലോകത്തെ തന്നെ ഏറ്റവും പ്രബലമായ ഐടി ഡെസ്റ്റിനേഷന്‍ ആക്കി പരിവര്‍ത്തനം ചെയ്യാന്‍ നമുക്കെല്ലാവര്‍ക്കും കൂട്ടായി പരിശ്രമിക്കാം.
സാങ്കേതികവിദ്യയുടെയും അനുബന്ധ മേഖലകളുടെയും രംഗത്ത് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചരിത്രപരമായ ഈ വളര്‍ച്ച ഒരു കുതിച്ചുചാട്ടം തന്നെയാക്കി തീര്‍ക്കാന്‍ ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. വളരെ സന്തോഷത്തോടെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു. നന്ദി.

മന്ത്രിസഭാ തീരുമാനങ്ങള്‍ 10-01-2019

നിയമസഭാ സമ്മേളനം 25 മുതല്‍

കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ജനുവരി 25 മുതല്‍ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 19-12-2018

നിയമനങ്ങള്‍ / മാറ്റങ്ങള്‍

പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധന റാവുവിന് ഉദ്യോഗസ്ഥഭരണ പരിഷ്കാര വകുപ്പിന്‍റെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 13-12-2018

പ്രളയം: ക്ഷീരകര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ജീവിതോപാധി വായ്പയ്ക്ക് പദ്ധതി

പ്രളയബാധിത / ഉരുള്‍പൊട്ടല്‍ ബാധിതമായി പ്രഖ്യാപിച്ച 1,260 വില്ലേജുകളിലെ ക്ഷീരകര്‍ഷകര്‍ക്കും പൗള്‍ട്രി കര്‍ഷകര്‍ക്കും അലങ്കാര പക്ഷി കര്‍ഷകര്‍ക്കും തേനീച്ച കര്‍ഷകര്‍ക്കും ചെറുകിട-ഇടത്തര വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും ‘ഉജ്ജീവന വായ്പാപദ്ധതി’ എന്ന പേരില്‍ ജീവിതോപാധി പുനരാരംഭിക്കുന്നതിന് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുളള പണം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 05-12-2018

വനിതാ മതില്‍: ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബര്‍ 10, 11, 12 തീയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്ക് രൂപം നല്‍കുന്നതാണ്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 28-11-2018

14 പാലങ്ങള്‍ക്ക് ടോള്‍ പിരിവ് ഒഴിവാക്കി

പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂല്‍ മടക്കര, നെടുംകല്ല്, മണ്ണൂര്‍ കടവ് എന്നീ പാലങ്ങളുടെ ടോള്‍ പിരിവാണ് നിര്‍ത്തുന്നത്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 21-11-2018

പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുളള നിയമനം സംബന്ധിച്ച് അപേക്ഷിക്കുന്നതിനുളള വാര്‍ഷിക വരുമാനപരിധി ആറു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനു കീഴില്‍ 2005 ജൂണ്‍ മുതല്‍ വിവിധ തസ്തകികളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 13 പേരുടെ സേവനം 01-06-2006 മുതല്‍ പ്രാബല്യത്തോടെ ക്രമപ്പെടുത്താന്‍ തീരുമാനിച്ചു.

ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കെതിരെയുളള അക്രമങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ അതിവേഗം വിചാരണ ചെയ്യുന്നതിന് എല്ലാ ജില്ലയിലും ഓരോ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയെ പ്രത്യേക കോടതികളായി പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുക്കാന്‍ തീരുമാനിച്ചു.

കോളേജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയത്തില്‍ ഭാവിയില്‍ ഒഴിവുവരുന്ന രണ്ട് ഓഫീസ് അറ്റന്‍ഡന്‍റ് തസ്തികകള്‍ നിര്‍ത്തലാക്കി നിയമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി തലത്തില്‍ ഒരു ലോ ഓഫീസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ക്ലിനിക്കല്‍ മൈക്രോബയോളജിയില്‍ ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്‍റിന്‍റെ സ്ഥിരം തസ്തിക സൃഷിക്കാന്‍ തീരുമാനിച്ചു.

 

മന്ത്രിസഭാ തീരുമാനങ്ങള്‍ 13-11-2018

മത്സ്യത്തൊഴിലാളികള്‍ക്ക് നാവിക് ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണും ലഭ്യമാക്കാനുളള 25.36 കോടി രൂപയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.

(more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 07-11-2018

മാറ്റങ്ങള്‍, നിയമനങ്ങള്‍

ഐ.ടി. മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവുവിനെ കോഴിക്കോട് കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

കോഴിക്കോട് കലക്ടര്‍ യു.വി. ജോസിനെ ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മീഷണറായി മാറ്റി നിയമിക്കും. (more…)