Category: Media Update

Press Release: 11-11-2019

കോടതി ഭാഷ മലയാളത്തിൽ : നടപടികള്‍ വേഗത്തിലാക്കും
കീഴ്കോടതി നടപടികളുടെ ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി 222 പരിഭാഷകരുടെ തസ്തിക സൃഷ്ടിക്കും. ജുഡീഷ്യൽ അക്കാദമിയിൽ ജുഡീഷ്യൽ ഓഫീസര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കും.


കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ‘നിയമധ്വനി’ എന്ന പേരിൽ നിയമപ്രസിദ്ധീകരണം നിയമവകുപ്പ് ആരംഭിച്ചിട്ടുണ്ട്. നിയമപദങ്ങളുടെ പദകോശവും നിയമവകുപ്പ് തയ്യാറാക്കി. നിയമങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് ആരംഭിക്കുവാന്‍ യോഗം തീരുമാനിച്ചു.


യോഗത്തിൽ നിയമമന്ത്രി എ.കെ. ബാലന്‍, ധനമന്ത്രി തോമസ് ഐസക്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീ , നിയമ സെക്രട്ടറി അരവിന്ദ ബാബു, ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.


ടി.എന്‍. ശേഷന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിപൂര്‍വകവുമാക്കുന്നതിൽ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി.എന്‍ ശേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവും ആകണമെന്നും അതിൽ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകാന്‍ പാടില്ല എന്നുമുള്ള നിലപാട് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍റെ സ്വതന്ത്രമായ ഭരണഘടനാ പദവിയും അധികാരങ്ങളും പ്രയോഗത്തിലൂടെ അദ്ദേഹം സ്ഥാപിച്ചെടുത്തു. കമ്മീഷന്‍റെ അധികാരത്തിൽ കടന്നു കയറാനും പ്രവര്‍ത്തനത്തെ സ്വാധീനിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം നിര്‍ഭയമായി ചെറുത്തുനിന്നു. കമ്മീഷന്‍റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നവര്‍ക്ക് ടി.എന്‍ ശേഷന്‍ മാതൃകയാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ശബരിമല: ഒരുക്കങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു

മണ്ഡല-മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നതിന്‍റെ മുന്നോടിയായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു.


ഇടത്താവളങ്ങളിലെ സൗകര്യങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗത്തി പറഞ്ഞു. ശുദ്ധജല വിതരണം, ചികിത്സാ സൗകര്യം, മലിനീകരണ നിയന്ത്രണം, ശുചിമുറി സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, റോഡുകളുടെ അറ്റകുറ്റപ്പണി, ശബരിമലയി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യം തുടങ്ങിയ കാര്യങ്ങളെല്ലാം യോഗം അവലോകനം ചെയ്തു.


ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധികമായി 300 ജീവനക്കാരെ ശബരിമലയിലേക്ക് നിയോഗിച്ചു. നിലയ്ക്ക – പമ്പ റൂട്ടിൽ കെ.എസ്.ആര്‍.ടി.സി.യുടെ 210 സര്‍വ്വീസുണ്ടാകും. ശബരിമലയിലേക്കുള്ള റൂട്ടുകളിൽ നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമേ 379 സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


യോഗത്തിൽ എം.എ .എ മാരായ രാജു അബ്രഹാം, ഇ.എസ്. ബിജിമോള്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം. പത്മകുമാര്‍, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപി മാരായ അനന്തകൃഷ്ണന്‍, ആര്‍. ശ്രീലേഖ ദേവസ്വം വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിഹ്ന തുടങ്ങിയവരും വിവിധ വകുപ്പുമേധാവികളും പങ്കെടുത്തു.

/ In Press Release / By CM WEB / Comments Off on ശബരിമല: ഒരുക്കങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു

Press Release – 07-11-2019

കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളില്‍ അറ്റകുറ്റ പണികളും പുനര്‍നിര്‍മ്മാണവും നടത്തേണ്ടവ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ പരിശോധിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ കീഴില്‍ 295 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 31 റോഡുകള്‍ക്കായി മുന്നൂറ് കോടി രൂപ ലോകബാങ്കിന്‍റെ വികസനനയ വായ്പയില്‍ നിന്നു അനുവദിക്കാന്‍ കഴിഞ്ഞ ആഗസ്റ്റ് മാസം തീരുമാനിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ 602 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 322 റോഡുകള്‍ക്കായി 488 കോടി രൂപയും ഇതുപ്രകാരം അനുവദിച്ചിരുന്നു. ഇതിന്‍റെ തുടര്‍ നടപടികള്‍ യോഗം വിലയിരുത്തി. നിലവില്‍ സുഗമമായ യാത്രാ
സൗകര്യം ഒരുക്കാനാവാത്ത റോഡുകളുടെ ജില്ല തിരിച്ചുള്ള കണക്കും പ്രവര്‍ത്തന പദ്ധതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.


മെച്ചപ്പെട്ട ദുരന്ത പ്രതിരോധ ശേഷിയോടെ നിര്‍മ്മിക്കുന്ന റോഡുകളുടെ പ്രവൃത്തി 2020 ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അറ്റകുറ്റപണികള്‍ മാത്രമുള്ളവ 2020 മെയ് മാസത്തോടെയും പൂര്‍ത്തിയാക്കണം. മഴക്കാലം മുന്‍കൂട്ടികണ്ട് പ്രവൃത്തികള്‍ ആസൂത്രണം ചെയ്യണം. മഴമാറിയാല്‍ ഉടന്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ഊര്‍ജിതമായും സുതാര്യമായും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെയും വകുപ്പുതല സമിതിയുടെയും സംയുക്തയോഗത്തില്‍ ചര്‍ച്ചചെയ്യണം.


2018ലെ  മഹാപ്രളയത്തിന് ശേഷം പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടി ആകെ 613.71 കോടി രൂപ ചെലവില്‍ 9064.49 കിലോമീറ്റര്‍ റോഡിന്‍റെ അറ്റകുറ്റപണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ഇതില്‍ കുറച്ചു ഭാഗത്ത് 2019 ലെ പ്രളയത്തില്‍ നാശനഷ്ടം വീണ്ടും ഉണ്ടായി. ബാക്കിയുള്ള അറ്റകുറ്റ പണികള്‍ പൊതുമരാമത്ത് വകുപ്പു റോഡുകളില്‍ ഡിസംബര്‍ 31നു മുമ്പും തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള റോഡുകളില്‍ ജനുവരി 31നു മുമ്പും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തദ്ദേശ സ്വയംഭരണ വകുപ്പിന് ലഭ്യമാക്കിയിട്ടുള്ള മെയിന്‍റനന്‍സ് ഗ്രാന്‍റും ഇക്കാര്യത്തില്‍ ഉപയോഗിക്കും. ഈ സമയക്രമം ഉറപ്പാക്കി റോഡുകള്‍ സഞ്ചായരയോഗ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.


നിര്‍മ്മിക്കപ്പെടേണ്ട റോഡുകളെ മൂന്നു മാസത്തിനുള്ളില്‍ പണിതീര്‍ക്കാവുന്ന പാക്കേജുകളായി തിരിച്ച് നിര്‍വ്വഹണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. ഫീല്‍ഡ് സര്‍വ്വേ നടത്തി വിശദാംശരേഖ തയ്യാറാക്കാന്‍ മുന്‍പരിചയവും തെളിയിക്കപ്പെട്ട ശേഷിയുമുള്ള ഏജന്‍സികളെയും റോഡുനിര്‍മ്മാണത്തിന് ആധുനിക സന്നാഹങ്ങളുള്ള നിര്‍മ്മാണ കമ്പനികളെയും മുന്‍കൂട്ടി എംപാനല്‍ ചെയ്യണം. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Cabinet Decision : 06-11-2019

കെ-ഫോണ്‍ പദ്ധതിയ്ക്ക് ഭരണാനുമതി
പാവപ്പെട്ടവര്‍ക്ക് സൗജന്യമായി അതിവേഗ ഇന്‍റര്‍നെറ്റ്
1548 കോടിരൂപയുടെ പദ്ധതി

സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കാനും ലക്ഷ്യമിടുന്ന കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സൗജന്യം ലഭിക്കാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഇന്‍റര്‍നെറ്റ്
കണക്ഷന്‍ ഇതുവഴി ലഭിക്കും. പൗരന്മാരുടെ അവകാശമായി ഇന്‍റര്‍നെറ്റ് പ്രഖ്യാപിച്ച കേരളം, എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന ലക്ഷ്യം നേടുന്നതിനാണ് ഈ പദ്ധതി  നടപ്പാക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 1548 കോടി രൂപയാണ്. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.


സംസ്ഥാനത്ത് ശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ച് അത് വഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി.  കെ എസ് ഇ ബി യും കേരളാ സ്റ്റേറ്റ്  ഐ ടി   ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ്  ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ ടെണ്ടര്‍ നല്‍കിയത്. 2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങള്‍ നല്ല നിലയില്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിന് കെ-ഫോണുമായി സഹകരിക്കാന്‍ അവസരമുണ്ടാകും.


പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് നിലവില്‍ വരും. വിദ്യാഭ്യാസ രംഗത്ത് ഈ പദ്ധതി ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.


സംസ്ഥാനത്തെ ഐ ടി മേഖലയില്‍ വന്‍ കുതിപ്പിന് ഇതു വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍  വലിയ വികസന സാധ്യത തെളിയും. മുപ്പതിനായിരത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ ഡിജിറ്റലാക്കാന്‍ കഴിയും. ഇ-ഹെല്‍ത്ത് പോലുള്ള പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാനാകും.  ഐ.ടി. പാര്‍ക്കുകള്‍, എയര്‍ പോര്‍ട്ട്, തുറമുഖം തുടങ്ങിയ കേന്ദ്രങ്ങളിലേയ്ക്ക് ഹൈസ്പീഡ് കണക്റ്റിവിറ്റി ലഭ്യമാക്കും.


ഗ്രാമങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഇ-കൊമേഴ്സ് വഴി വില്‍പ്പന നടത്താം. ഉയര്‍ന്ന നിലവാരമുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം, ഗതാഗതമേഖലയില്‍ മാനേജ്മെന്‍റ് കാര്യക്ഷമമാക്കല്‍ തുടങ്ങിയവയും ഈ പദ്ധതിയിലൂടെ സാധ്യമാകും.


നിലവില്‍ മൊബൈല്‍ ടവറുകളില്‍ ഏതാണ്ട് 20 ശതമാനം മാത്രമേ ഫൈബര്‍ നെറ്റ് വര്‍ക്കുവഴി ബന്ധിപ്പിച്ചിട്ടുള്ളൂ. കെ-ഫോണ്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ മൊബൈല്‍ ടവറുകളും ഫൈബര്‍ ശൃംഖലവഴി ബന്ധിപ്പിക്കാനാകും. ഇതുവഴി ഇന്‍റര്‍നെറ്റ്, മൊബൈല്‍ സേവന ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കഴിയും.


വിമുക്തിമിഷന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘നാളത്തെ കേരളം, ലഹരി മുക്ത കേരളം’ എന്ന 90 ദിവസത്തെ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ടി.വി. അനുപമയെ അധിക ചുമതല നല്‍കി സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു.


കണ്ണൂര്‍ ജില്ലാ ഗവണ്‍മെന്‍റ് പ്ലീഡര്‍ ആന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ മൂന്നുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന ബി.പി. ശശീന്ദ്രനെ 14.11.2019 മുതല്‍ മൂന്നുവര്‍ഷത്തേയ്ക്കു കൂടി പുനര്‍നിയമിക്കാന്‍ തീരുമാനിച്ചു.


എസ്.എല്‍. ഷൈലജയെ ഹൈക്കോടതിയിലെ ഗവണ്‍മെന്‍റ് പ്ലീഡറായി നിലവിലെ ഒഴിവിലേയ്ക്ക് നിയമിക്കാന്‍ തീരുമാനിച്ചു.


സംസ്ഥാന ജലഗതാഗത വകുപ്പില്‍ നിലവിലുള്ള കാര്‍പെന്‍റര്‍ തസ്തിക റദ്ദ് ചെയ്ത് ഷീറ്റ്മെറ്റല്‍ വര്‍ക്കര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.


ഏറ്റുമാനൂര്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്കൂളില്‍ രണ്ട് ബാച്ചുകളും ഇടുക്കി ഏകലവ്യ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്കൂളില്‍ ഒരു ബാച്ചും ഹയര്‍ സെക്കന്‍ററി കോഴ്സ് അനുവദിക്കാന്‍ തീരുമാനിച്ചു.


കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ വില്ലേജ് വിഭജിച്ച് തുരുത്തി എന്ന പുതിയ വില്ലേജ് രൂപീകരിക്കാന്‍ തീരുമാനിച്ചു.


ഔഷധിയുടെ തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന 100 കിടക്കകളുള്ള പഞ്ചകര്‍മ്മ ആശുപത്രിയില്‍ 23 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.  സാമ്പത്തിക ബാധ്യത കമ്പനിയുടെ സ്വന്തം വരുമാനത്തില്‍ നിന്ന് കണ്ടെത്തണമെന്ന വ്യവസ്ഥയോടെയാണ് തസ്തിക അനുവദിച്ചത്.

Press Release : 05-11-2019

പോക്സോ കേസുകളുടെ നടത്തിപ്പ് : ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിക്കും

കുട്ടികള്‍ ഇരകളാകുന്ന പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോള്‍ ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാന്‍ സംവിധാനമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വീടുകളിലടക്കം ഉണ്ടാവുന്ന പീഢനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികള്‍ക്ക് ലഭിക്കണം. ഇതിനായി കൗണ്‍സലര്‍മാര്‍ക്ക് പരിശീലനവും നിയമബോധവത്ക്കരണവും നല്‍കാനും യോഗം തീരുമാനിച്ചു. ലൈംഗികതയെപ്പറ്റി സമൂഹത്തില്‍ തെറ്റായ പല ധാരണകളും നിലനില്‍ക്കുന്നുണ്ട്. കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് പാഠ്യപദ്ധതിയില്‍ ഇടമുണ്ടാകണം.


സ്കൂള്‍ പരിസരത്ത് ലഹരി വസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി തടയണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പോലീസ്, എക്സൈസ് വകുപ്പുകള്‍ ഇക്കാര്യത്തില്‍ കര്‍ക്കശമായ ഇടപെടല്‍ നടത്തണം. കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനും സൈബര്‍ ഫോറന്‍സിക് ലബോറട്ടറി സംവിധാനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.


അമ്മയും പെണ്‍മക്കളും മാത്രം താമസിക്കുന്ന ധാരാളം വീടുകള്‍ ഉണ്ട്. ഇങ്ങനെയുള്ള കുടുംബങ്ങളെ കണ്ടെത്തുകയും സംരക്ഷണം നല്‍കുകയും വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പോലീസും സാമൂഹ്യനീതി വകുപ്പും യോജിച്ച് ഈ പ്രശ്നം കൈകാര്യം ചെയ്യണം.


കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്കും ബോധവത്ക്കരണം നല്‍കണം. അധ്യാപക രക്ഷാകര്‍തൃസമിതി യോഗങ്ങള്‍ ഇതിന് പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം. ബാലനീതി നിയമപ്രകാരം എല്ലാ പോലീസ് സ്റ്റേഷനിലും ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍മാര്‍ ഉണ്ട്. അവര്‍ സ്കൂളുകളുമായി നിരന്തര ബന്ധം പുലര്‍ത്തുന്നത് കുറ്റകൃത്യം തടയാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


പോക്സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ പോക്സോ കോടതികള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കും. പരാതിയുമായി കുട്ടികള്‍ വരുമ്പോള്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരോട് മന:ശാസ്ത്രപരമായ സമീപനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Cabinet Decision : 31-10-2019

പതിനൊന്നാം ശമ്പള കമ്മീഷന്‍
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം
പരിഷ്കരിക്കുന്നതിന് കെ. മോഹന്‍ദാസ് (റിട്ട. ഐ.എ.എസ്) ചെയര്‍മാനായി
കമ്മീഷനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രൊഫ. എം.കെ. സുകുമാരന്‍
നായര്‍ (ഹോണററി ഡയറക്ടര്‍, സെന്‍റര്‍ ഫോര്‍ ബജറ്ററി സ്റ്റഡീസ്, കുസാറ്റ്),
അഡ്വ. അശോക് മാമന്‍ ചെറിയാന്‍ എന്നിവര്‍ പതിനൊന്നാം ശമ്പള കമ്മീഷന്‍
അംഗങ്ങളാണ്.


കമ്മീഷന്‍ ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നിലവിലെ പത്താം ശമ്പള
പരിഷ്കരണത്തിന്‍റെ കാലാവധി 2019 ജൂണ്‍ 30-ന് അവസാനിച്ചിട്ടുണ്ട്.
അതിനാല്‍ 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍
ശമ്പളം പരിഷ്കരിക്കാനാണ് തീരുമാനം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍
ശമ്പളപരിഷ്കരണം എന്ന തത്വമനുസരിച്ചാണ് പുതിയ കമ്മീഷനെ നിയമിച്ചത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍
രൂപീകരിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ന്യായമായ താല്‍പര്യങ്ങളും
അക്കാദമിക് അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു
വരുത്താനും ലക്ഷ്യമിട്ട് നിയമ നിര്‍മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം
നല്‍കി.  2019-ലെ കേരള വിദ്യാര്‍ത്ഥി യൂണിയനുകളും വിദ്യാര്‍ത്ഥി പരാതി
പരിഹാര അതോറിറ്റിയും ആക്ട് എന്നാണ് നിര്‍ദിഷ്ട നിയമത്തിന്‍റെ
പേര്. സംസ്ഥാനത്തെ കേന്ദ്ര സര്‍വകലാശാലയും കല്‍പ്പിത സര്‍വകലാശാലകളും
ഉള്‍പ്പെടെയുള്ള എല്ലാ സര്‍വകലാശാലകളും മറ്റു ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളും ഇതിന്‍റെ പരിധിയില്‍ വരും. വിദ്യാര്‍ത്ഥികളുടെയും
രക്ഷിതാക്കളുടെയും ന്യായമായ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള
അതോറിറ്റി രൂപീകരണം ബില്ലില്‍ ഉള്‍പ്പെടുന്നുണ്ട്. ജില്ലാ
ജഡ്ജിയായി സേവനമനുഷ്ഠിച്ച വ്യക്തിയോ ജില്ലാ ജഡ്ജിയാകാന്‍
യോഗ്യതയുള്ള അഭിഭാഷകനോ അധ്യക്ഷനായി പരാതി പരിഹാര അതോറിറ്റി
രൂപീകരിക്കണമെന്നാണ് ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്.


കടല്‍ക്ഷോഭം – ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം
മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തവരും കടല്‍ക്ഷോഭം
കാരണം ജീവനോപാധി നഷ്ടപ്പെട്ടവരുമായ മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക് എന്‍.ഡി.ആര്‍.എഫിന്‍റെ നിലവിലെ വ്യവസ്ഥകള്‍ അനുസരിച്ച്
നല്‍കാവുന്ന ധനസഹായത്തിന് പുറമെ ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്നും പരമാവധി 2000 രൂപ വീതം നല്‍കാന്‍
തീരുമാനിച്ചു.


വിവിധ ആവശ്യങ്ങള്‍ക്ക് ലാന്‍റ് റവന്യൂ വകുപ്പിന്‍റെ നിയന്ത്രണത്തിലും ലാന്‍റ്
ബോര്‍ഡ് ഓഫീസിന്‍റെ നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലെ
1977 താല്‍ക്കാലിക തസ്തികകള്‍ക്ക് 2019 ഏപ്രില്‍ ഒന്നു മുതല്‍ ഒരു
വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.
കൃഷി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ബി. പ്രമോദിനെ പ്ലാന്‍റേഷന്‍
കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.


വനം വകുപ്പില്‍ വിവിധ തസ്തികകളിലായി ജോലി ചെയ്യുന്ന 30 ദിവസ വേതന
ജീവനക്കാരെ വാച്ചര്‍ തസ്തികയില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ചും
വിരമിക്കല്‍ പ്രായമായ 5 ജീവനക്കാരെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് മാത്രം
പരിഗണിച്ചുകൊണ്ട് നോഷണലായും സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.


72-ാമത് സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിലെ 11 പേരെ
പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയില്‍
സൂപ്പര്‍ന്യൂമററി ആയി നിയമിക്കാന്‍ തീരുമാനിച്ചു.


വൈറ്റില മൊബിലിറ്റി ഹബ്ബ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കൊച്ചി മെട്രോ
റെയില്‍ സമര്‍പ്പിച്ച പദ്ധതി രൂപരേഖക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകാരം
നല്‍കാന്‍ തീരുമാനിച്ചു. മൊത്തം 571 കോടി രൂപ അടങ്കല്‍ വരുന്ന പദ്ധതിക്ക്
ഭരണാനുമതി നല്‍കാനും നിശ്ചയിച്ചു.


1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങളും 2011-ലെ
കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങളും പരിഷ്കരിക്കുന്നതിനുള്ള കരട്
നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു.


2020 വര്‍ഷത്തെ പൊതു അവധിയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട്
പ്രകാരമുള്ള അവധിയും അംഗീകരിച്ചു.


പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴുള്ള രക്ഷാപ്രവര്‍ത്തനം, മാവോയിസ്റ്റ് വിരുദ്ധ
ഓപ്പറേഷന്‍, വി.ഐ.പികളുടെ യാത്രാ സുരക്ഷ, വ്യോമ നിരീക്ഷണം, തീരദേശ
പട്രോളിംഗ് മുതലായ ആവശ്യങ്ങള്‍ക്ക് പോലീസ് വകുപ്പിന് ഹെലികോപ്ടര്‍
വാടകയ്ക്ക് എടുക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു.


ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീയവും വിപുലവുമാക്കുന്നതിന് ആവശ്യമായ
പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ആരോഗ്യ മന്ത്രി അധ്യക്ഷയായി കമ്മിറ്റി
രൂപീകരിക്കാന്‍ തീരുമാനിച്ചു. ധനകാര്യ മന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി, ഭക്ഷ്യ
മന്ത്രി എന്നിവര്‍ കമ്മിറ്റിയുടെ സഹ ചെയര്‍മാന്‍മാരായിരിക്കും.


ഡിലിമിറ്റേഷന്‍ കമ്മീഷന്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയോജകമണ്ഡല അതിര്‍ത്തി
പുനര്‍നിര്‍ണയിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍
ചെയര്‍മാനായി ഡിലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.
2020 ഒക്ടോബറില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് കമ്മീഷന്‍ രൂപീകരിച്ചത്. ശാരദ മുരളീധരന്‍ (പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ്), സജ്ഞയ് ഗാര്‍ഗ് (പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ്), കെ.ആര്‍. ജ്യോതിലാല്‍
(ഗതാഗത വകുപ്പ്), എ. ഷാജഹാന്‍ (പൊതുവിദ്യാഭ്യാസ വകുപ്പ്) എന്നിവര്‍
കമ്മീഷന്‍ അംഗങ്ങളാണ്.


നിയമനങ്ങള്‍, മാറ്റങ്ങള്‍
കൊല്ലം കലക്ടര്‍ ബി. അബ്ദുള്‍ നാസറിനെ വയനാട് കലക്ടറായി
നിയമിക്കാന്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എം.
അഞ്ജനയാണ് പുതിയ കൊല്ലം കലക്ടര്‍.


വയനാട് കലക്ടര്‍ അജയകുമാറിനെ കൃഷി ഡയറക്ടറായി നിയമിക്കും.


കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടര്‍ ആനന്ദ് സിംഗിനെ
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ജി.എസ്.ടി. സ്പെഷല്‍ കമ്മീഷണറുടെ അധിക ചുമതല
അദ്ദേഹം വഹിക്കും.


അവധിയിലായിരുന്ന രാജമാണിക്യമാണ് പുതിയ കെ.എസ്.ടി.പി.
പ്രൊജക്ട് ഡയറക്ടര്‍.


സ്പോര്‍ട്സ് ആന്‍റ് യൂത്ത് അഫയേഴ്സ് ഡയറക്ടര്‍ ജെറോമിക്
ജോര്‍ജിന് തുറമുഖ വകുപ്പിന്‍റെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.


ജി.എ.ഡി. ഡെപ്യൂട്ടി സെക്രട്ടറി രേണു രാജിന് ചീഫ് സെക്രട്ടറിയുടെ
സ്റ്റാഫ് ഓഫീസര്‍ ചുമതല നല്‍കാനും തീരുമാനിച്ചു.


ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍

മുഖ്യമന്ത്രി അനുശോചിച്ചു

മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയുടെ
നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

പാര്‍ലമെന്‍റേറിയന്‍ എന്ന നിലയിലും തൊഴിലാളി നേതാവെന്ന നിലയിലും

അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Press Release : 28-10-19

ആറളം: വീടുകള്‍ പുതുക്കിപ്പണിയും

ആറളം ഫാമിലെ വാസയോഗ്യമല്ലാത്ത 286 വീടുകള്‍ പുതുക്കിപ്പണിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ട അധികൃതരുടെ
യോഗം തീരുമാനിച്ചു. ലൈഫ് മിഷനില്‍ പെടുത്തിയോ
പട്ടികവര്‍ഗക്കാര്‍ക്കുള്ള ട്രൈബല്‍ റിഹാബിലിറ്റേഷന്‍ ഡവലപ്മെന്‍റ് മിഷനില്‍
(ടി.ആര്‍.ഡി.എം) പെടുത്തിയോ വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കും.
യോഗത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍,
ചീഫ് സെക്രട്ടറി ടോം ജോസ്, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ്
പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാമുരളീധരന്‍, തൊഴില്‍ വകുപ്പ് അഢീഷണല്‍
ചീഫ് സെക്രട്ടറി ആശാതോമസ്, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജന്‍
ഖൊബ്രഗഡെ, ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആന്‍റണി തുടങ്ങിയവര്‍ പങ്കെടുത്തു.
ഫാമിലെ 79 തൊഴിലാളികള്‍ക്ക് വി.ആര്‍.എസ് അനുവദിക്കാനുള്ള
തീരുമാനം നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാനും യോഗം
തീരുമാനിച്ചു. ഫാമിന് അനുവദിച്ച ആംബുലന്‍സ് കേടായതി നാല്‍
ആരോഗ്യവകുപ്പ് പുതിയ ആംബുലന്‍സ് അനുവദിക്കും.
വന്യമൃഗശല്യം തടയുന്നതിന് ചുറ്റുമതില്‍ നിര്‍മിക്കുന്നതാണ്. 13.5
കിലോമീറ്ററില്‍ ചുറ്റുമതില്‍ വേണ്ടിവരും. നബാര്‍ഡ് സഹായത്തോടെ
മൂന്നുവര്‍ഷം കൊണ്ട് ഈ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കു ന്നത്.


കൃഷി അഭിവൃദ്ധിപ്പെടുത്തി ഫാം ലാഭകരമക്കുന്നതിനുള്ള പദ്ധതി നടപ്പാക്കണമെന്ന്
മുഖ്യമന്ത്രി നിര്‍ദേശിച്ചു. മാങ്കോസ്റ്റിന്‍, റംബൂട്ടാന്‍ തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍
പരീക്ഷിക്കണം. കാര്‍ഷിക സര്‍വകലാശാല യുടെ ഉപദേശത്തോടെ ഫാമിന്‍റെ
വികസനത്തിന് സമഗ്രപദ്ധതി തയാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Cabinet Decision : 23-10-2019

സംസ്ഥാന ധനകാര്യ കമ്മീഷന്‍
മുന്‍ കേരള ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചെയര്‍മാനായി ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനും അവയ്ക്കുള്ള അവാര്‍ഡു തുക നിര്‍ണയിക്കുന്നതിനും വരുമാന സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനാണ് കമ്മീഷന്‍ രൂപീകരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ കമ്മീഷനില്‍ അംഗങ്ങളായിരിക്കും.

പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മാണം ഡി.എം.ആര്‍.സിക്ക്
പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മാണം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. പാലം പുതുക്കി പണിയണമെന്ന ഇ. ശ്രീധരന്‍റെ അഭിപ്രായം സ്വീകരിക്കാനാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്. പുതുക്കി പണിതാല്‍ പാലത്തിന് 100 വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്.

പാലത്തിന്‍റെ പുനര്‍നിര്‍മാണം ഏറ്റെടുക്കാമെന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍റെ (ഡി.എം.ആര്‍.സി) വാഗ്ദാനം സ്വീകരിക്കാന്‍ തീരുമാനിച്ചു. പാലത്തിന്‍റെ തകരാറു കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കോണ്‍ട്രാക്ടറില്‍ നിന്ന് ഈടാക്കുന്നതിന് റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കും. ഈ തീരുമാനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചു.

മോട്ടോര്‍ വാഹന (ഭേദഗതി) നിയമം കുറഞ്ഞ കോമ്പൗണ്ടിംഗ് ഫീസ്
മോട്ടോര്‍ വാഹന (ഭേദഗതി) നിയമം 2019 പ്രകാരം വര്‍ധിപ്പിച്ച പിഴ സംഖ്യയില്‍ ചില കുറ്റങ്ങള്‍ക്ക് വാഹനങ്ങള്‍ തരംതിരിച്ച് കുറഞ്ഞ കോമ്പൗണ്ടിംഗ് ഫീസ് നിശ്ചയിക്കാന്‍ തീരുമാനിച്ചു.

പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും വൈന്‍
ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ തീരുമാനിച്ചു. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.

അഫീല്‍ ജോണ്‍സന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ
സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് മരണപ്പെട്ട അഫീല്‍ ജോണ്‍സന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പ്രളയബാധിതരുടെ പുനരധിവാസത്തിന് നല്‍കുന്ന ദാനാധാരങ്ങള്‍ക്ക് മുദ്രവിലയിലും രജിസ്ട്രേഷന്‍ ഫീസിലും 2020 മാര്‍ച്ച് 31 വരെ ഇളവ് നല്‍കാന്‍ തീരുമാനിച്ചു.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ ഭാഗമായുള്ള പദ്ധതികളുടെ നടത്തിപ്പിന് 40 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കരാര്‍ അടിസ്ഥാനത്തിലും ഡെപ്യൂട്ടേഷന്‍ വഴിയുമായിരിക്കും നിയമനം.
അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിന് അധിക സാമ്പത്തിക ബാധ്യത കൂടാതെ സംസ്ഥാന ക്യാബിനറ്റ് മന്ത്രിയുടെ പദവി നല്‍കാന്‍ തീരുമാനിച്ചു.

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമഗ്രമായ ബോധവല്‍ ക്കരണ പരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചു. വിമുക്തി മിഷന്‍റെ നേതൃത്വത്തിലാണ് പരിപാടി നടപ്പാക്കുക.

സര്‍വ്വെയും ഭൂരേഖയും വകുപ്പിലെ 2999 താല്‍ക്കാലിക തസ്തിക കള്‍ക്ക് 2020 സെപ്റ്റംബര്‍ 30 വരെ തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ വില്ലേജില്‍ സ്ഥാപിക്കുന്ന ഇന്‍ഡോ – ഷാര്‍ജ കള്‍ച്ചറല്‍ സെന്‍ററിനും വൈക്കം മുഹമ്മദ് ബഷീര്‍ സാംസ്കാരിക സമുച്ചയത്തിനും അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍ററിനും വേണ്ടി മുപ്പത് ഏക്ര സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള തുക കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം ഷാര്‍ജാ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ക്വാസിമി 2017-ല്‍ കേരളം സന്ദര്‍ശിച്ചപ്പോഴാണ് കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം ശ്രീചിത്രാഹോമിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്കരണാനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു.
കണ്ണൂര്‍ ജില്ലയിലെ കല്ല്യാട് വില്ലേജില്‍ അന്താരാഷ്ട്ര ആയൂവേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കിറ്റ്കോ തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന ജലഗതാഗത വകുപ്പിലെ ബോട്ടു യാത്രാനിരക്ക് ഏറ്റവും കുറഞ്ഞത് മൂന്നു കിലോമീറ്റര്‍ ദൂരത്തിന് 6 രൂപയായി നിശ്ചയിക്കാന്‍ തീരുമാനിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 21 എന്‍ട്രി കേഡര്‍ തസ്തികകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. മുഴുവന്‍ ശമ്പളച്ചെലവും ദേവസ്വം ബോര്‍ഡ് തന്നെ വഹിക്കണം എന്ന വ്യവസ്ഥയോടെയാണ് ഈ തീരുമാനം.

മട്ടന്നൂര്‍ നീന്തല്‍കുളത്തിന് 15 കോടി രൂപയുടെയും തൃശ്ശൂര്‍ അക്ക്വാട്ടിക് കോംപ്ലക്സിന് 5 കോടി രൂപയുടെയും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു.

നെടുമങ്ങാട് ഗവ. കോളേജ് (4), പാലക്കാട് ഗവ. വിക്ടോറിയ കോളേജ് (4), ചാലക്കുടി പി.എം ഗവ. കോളേജ് (4), പത്തനംതിട്ട ഇലന്തൂര്‍ ഗവ. കോളേജ് (1), നിലമ്പൂര്‍ ഗവ. കോളേജ് (1), കരുനാഗ പ്പള്ളി തഴവ ഗവ. കോളേജ് (2) എന്നീ 6 ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളില്‍ 16 മലയാളം അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഭൂപരിഷ്കരണ നിയമത്തിന് ഭേദഗതി
കേരള ഭൂപരിഷ്കരണ നിയമത്തിലെ 81-ാം വകുപ്പ് പ്രകാരം പ്രത്യേക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഇളവ് ലഭിച്ച ഭൂമി, മറ്റാവശ്യങ്ങള്‍ക്കായി തരം മാറ്റുകയോ വില്‍ക്കുകയോ ചെയ്താല്‍ പ്രസ്തുത ഭൂമിയും സ്ഥാവര-ജംഗമ വസ്തുക്കളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് നിയമത്തില്‍ പുതിയ വകുപ്പ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇളവ് ലഭിച്ച ഭൂമി തുണ്ടുകളാക്കി വില്‍പ്പനയിലൂടെയോ അല്ലാതെയോ കൈമാറ്റം ചെയ്യുന്നത് തടയുന്നതിനാണ് നിയമത്തില്‍ 87എ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തുന്നത്.

മഹാത്മാഗാന്ധിയുടെ 150-ാം ജډവാര്‍ഷികം പ്രമാണിച്ച് 11 തടവു കാര്‍ക്ക് ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കി വിട്ടയക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ഭൂജല വകുപ്പിലെ 206 എസ്.എല്‍.ആര്‍ ജീവനക്കാര്‍ക്ക് 2014 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.

ഐ.എച്ച്.ആര്‍.ഡിയിലെയും അതിനു കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പള സ്കെയില്‍ പത്താം ശമ്പളപരിഷ്കരണത്തിന് ആനുപാതികമായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്ത് പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്നു കിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.

സര്‍ക്കാര്‍ സര്‍വ്വീസിലെ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭാഷാ ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികളെ നിലവില്‍ മലയാളം ടൈപ്പ്റൈറ്റിംഗ് യോഗ്യത നേടുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ ആനുകൂല്യം വിവിധ സര്‍ക്കാര്‍ കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയിലേക്ക് പി.എസ്.സി മുഖേനയുള്ള എല്‍.ഡി.ടൈപ്പിസ്റ്റ് നിയമനത്തിനു കൂടി ബാധകമാക്കും.

നിയമനങ്ങള്‍, മാറ്റങ്ങള്‍
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗിനെ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം പിന്നോക്ക വിഭാഗ വകുപ്പിന്‍റെയും വ്യവസായ വകുപ്പിന്‍റെയും അധിക ചുമതലകള്‍ വഹിക്കും.


പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരനെ തദ്ദേശസ്വയംഭരണ (റൂറല്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും.

തുറമുഖ വകുപ്പ് സെക്രട്ടറിയും കെ.എസ്.ഐ.ഡി.സി എം.ഡിയുമായ സഞ്ജയ് എം കൗളിന് നിലവിലുള്ള ചുമതലയ്ക്കു പുറമെ എക്സ്പോര്‍ട്ട് ട്രേഡ് കമ്മീഷണറുടെ അധിക ചുമതല നല്‍കും.

സ്പോര്‍ട്സ് ആന്‍റ് യൂത്ത് അഫയേഴ്സ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജ് രാജീവ് ഗാന്ധി അക്കാഡമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജി സെക്രട്ടറിയുടെ അധികചുമതല വഹിക്കും.

Press Release : 11-10-2019

നദികളിലെയും പുഴകളിലെയും മണൽ നീക്ക 
സമയബന്ധിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

2018-ലെ മഹാപ്രളയത്തിലും ഈ വര്‍ഷത്തെ തീവ്രമഴയിലും പുഴകളിലും നദികളിലും അടിഞ്ഞുകൂടിയ മണലും എക്കൽ മണ്ണും നീക്കം ചെയ്യാന്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. പുഴകളുടെയും നദികളുടെയും സംരക്ഷണത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും ഈ നടപടി അനിവാര്യ മാണെന്ന് യോഗം വിലയിരുത്തി.


ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, വനം മന്ത്രി കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, ജലവിഭവ വകുപ്പ് അഡീഷണ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, റവന്യൂ പ്രിന്‍സിപ്പൽ സെക്രട്ടറി ഡോ. വി. വേണു, ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍. സീമ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.


മണൽ നീക്കൽ സംബന്ധിച്ച നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. ജലവിഭവം, തദ്ദേശ സ്വയംഭരണം വകുപ്പുകളുടെ അഡീഷണ ചീഫ് സെക്രട്ടറിമാര്‍, റവന്യൂ പ്രിന്‍സിപ്പ സെക്രട്ടറി, മൈനിംഗ് ആന്‍റ് ജിയോളജി ഡയറക്ടര്‍ എന്നിവര്‍ അടങ്ങുന്നതാണ് കമ്മിറ്റി.


പ്രളയകാലത്ത് അടിഞ്ഞുകൂടിയ അധിക മണലും എക്കലും അടിയന്തരമായി നീക്കുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം കലക്ടര്‍മാര്‍ക്ക് അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മണൽ നീക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.


ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേര്‍ഡ് കമ്മിറ്റിയുടെ അംഗീകാരത്തോടെ മംഗളം, ചുള്ളിയാര്‍ ഡാമുകളിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ മണൽ നീക്കാന്‍ ജലവിഭവ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. ജലസേചന വകുപ്പിന്‍റെയും വൈദ്യുതി ബോര്‍ഡിന്‍റെയും കീഴിലുള്ള ഡാമുകളിൽ നിന്നും മണൽ നീക്കേണ്ടതുണ്ട്. ജലവിഭവം, വൈദ്യുതി, വനം വകുപ്പുകളെ ഏകോപിപ്പിച്ച് ഇതും സമയബന്ധിതമായി ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.


കാലവര്‍ഷത്തിനു ശേഷം ലഭിക്കുന്ന മഴവെള്ളം ഫലപ്രദമായി സംഭരിക്കുന്നതിന് അടിയന്തര ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിയാവുന്നത്ര സ്ഥലങ്ങളിൽ പരമാവധി മഴവെള്ളം സംഭരിക്കണം. അതോടൊപ്പം കുളങ്ങളും മറ്റു ജലസ്രോതസ്സുകളും ശുദ്ധീകരിക്കാനും നടപടി വേണം. തദ്ദേശസ്വയംഭരണ, ജലവിഭവ വകുപ്പുകളും ഹരിതകേരള മിഷനും യോജിച്ച് നവംബര്‍ മുത തന്നെ ഈ പ്രവൃത്തി ആരംഭിക്കണം. ജില്ലാതലത്തിൽ ഏകോപനത്തിന് സംവിധാനം ഉണ്ടാകണം. ഓരോ പഞ്ചായത്തിലും ഈ പരിപാടി കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്തണം. എല്ലാ മാസവും ഇക്കാര്യം അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Press Release : 10-10-2019

രണ്ടാം ലോക കേരളസഭ ജനുവരി 2, 3

ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളിൽ നിയമസഭാ കോംപ്ലക്സിൽ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ചേര്‍ന്ന സംഘാടക സമിതിയോഗം പരിപാടിയുടെ വിജയത്തിന് വിവിധ ഉപസമിതികള്‍ രൂപീകരിച്ചു.


ലോക കേരള സഭയുടെ ഭാഗമായി ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സും തൊഴിൽ മേളയും സംഘടിപ്പിക്കാന്‍ തീരുമാനി ച്ചിട്ടുണ്ട്. ഡിസംബര്‍ 7-ന് കൊച്ചിയിലായിരിക്കും പരിപാടി. പ്രവാസി കുടുംബങ്ങള്‍ കൂടുതലുള്ള മേഖലകളിൽ അവരുടെ കലാപരിപാടികള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രവാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്താരാഷ്ട്ര സെമിനാറുകള്‍ നടത്താനും സംഘാടക സമിതി തീരുമാനിച്ചു.


ലോക കേരളസഭയുടെ മുന്നോടിയായി ഓപ്പണ്‍ ഫോറങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ശിൽ പ്പശാല എന്നിവയുണ്ടാകും. തിരുവനന്തപുരത്ത് പുഷ്പ്പോത്സവം, ഭക്ഷ്യമേള എന്നിവയും സംഘടിപ്പിക്കു ന്നുണ്ട്. സമാപന സമ്മേളനം 3-ന് വൈകിട്ട് നിശാഗന്ധിയിലായിരിക്കും.


പ്രവാസികള്‍, അവരുടെ കുട്ടികള്‍ എന്നിവര്‍ക്ക് ചെറുകഥ, നാടകം, കവിത, ലേഖനം തുടങ്ങിയവയിൽ മത്സരങ്ങള്‍ ഉണ്ടാകും. സഭ നടക്കുമ്പോള്‍ സമ്മേളനവേദിയിലും പുറത്തും കലാപരിപാടികള്‍ നടത്തും.


ലോക കേരള സഭയുടെ നിയമാവലി പ്രകാരം അംഗങ്ങളിൽ മൂന്നിലൊന്ന് പേര്‍ വിരമിക്കുന്നതിനാൽ പകരം അംഗങ്ങളെ തെരഞ്ഞെ ടുക്കുന്നതാണ്. പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ പരമാവധി രാജ്യങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്ന രീതിയി വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസത്തിന്‍റെ പുതിയ മേഖലകള്‍ കണ്ടെത്തി കേരളത്തിലെ യുവജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള വേദിയായി വിദേശ തൊഴിലുടമാ സമ്മേളനം മാറണം.


ഒന്നാം ലോക കേരള സഭയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവ പൂര്‍വ്വം പരിഗണിച്ച് നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഴു വിഷയ നിര്‍ണയ സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ ഒന്നാം ലോക കേരളസഭ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റികള്‍ മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശങ്ങള്‍ ഒന്നൊന്നായി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. പ്രവാസികളിൽ നിന്ന് ഓഹരി മൂലധനം സംഭരിച്ച് നിക്ഷേപ കമ്പനിയുണ്ടാ ക്കാനുള്ള നിര്‍ദേശം അതിലൊന്നായിരുന്നു. ആ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കി. വിദേശ മലയാളികളുടെ പങ്കാളിത്തത്തോടെ കേരളത്തിൽ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് കമ്പനി രൂപീകരിച്ചത്. ഇതിന്‍റെ ഭാഗമായി ദുബായിയി ഈ മാസം ആദ്യം സംഘടിപ്പിച്ച ചെറുകിട-ഇടത്തരം സംരംഭകരുടെ സമ്മേളനം പ്രതീക്ഷിച്ചതിലധികം വിജയമായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ജനുവരിയിൽ രണ്ടാം ലോക കേരള സഭ സമ്മേളനത്തിനു ശേഷം കൊച്ചിയിൽ നിക്ഷേപ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


യോഗത്തിൽ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവന്‍ സ്വാഗതം പറഞ്ഞു. വിവിധ ഉപസമിതികള്‍ ഉടനെ യോഗം ചേര്‍ന്ന് സമ്മേളനം വിജയിപ്പിക്കാനുള്ള പരിപാടികള്‍ക്ക് വിശദ രൂപം നൽകും.


വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകള്‍ 
2020 മാര്‍ച്ചിൽ തുറക്കും

എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമായി രണ്ട് ഫ്ളൈ ഓവറുകള്‍ പൂര്‍ത്തിയാകുന്നു. വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകളാണ് 2020-മാര്‍ച്ചിൽ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനാകുക. പദ്ധതികളുടെ പ്രവൃത്തി പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിൽ വിലയിരുത്തി. എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വര്‍ക്ക് അദ്ദേഹം നിര്‍ദേശം നൽകി.


ആറു വരി പാതകളിലായി 717 മീറ്ററാണ് വൈറ്റില ഫ്ളൈ ഓവറിന്‍റെ നീളം. 78.37 കോടി രൂപ ആണ് ചെലവ്. ദേശീയ പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റില പല ഭാഗത്തുനിന്നും വരുന്ന നിരവധി റോഡുകള്‍ സംഗമിക്കുന്ന സ്ഥലമാണ്. 2017 ഡിസംബര്‍ 11-നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലത്തിന്‍റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ഇപ്പോള്‍ 75 ശതമാനം പണി പൂര്‍ത്തിയായി. 2020 മാര്‍ച്ചോടെ ഫ്ളൈ ഓവര്‍ ഗതാഗതയോഗ്യമാക്കാനാകും


750 മീറ്റര്‍ നീളമുള്ള കുണ്ടന്നൂര്‍ ഫ്ളൈ ഓവറിന് 74.45 കോടി രൂപയാണ് ചെലവ്. 68 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ദേശീയ പാതയിലെ തിരക്കേറിയ മറ്റൊരു കവലയാണിത്. രണ്ട് മേൽപ്പാലങ്ങള്‍ വരുന്നതോടെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. രണ്ട് പാലവും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ചെയ്യേണ്ടതെങ്കിലും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യാമെന്ന് സമ്മതപത്രം നൽ കിയതിനാൽ കേന്ദ്രം ജോലി ഏറ്റെടുത്തില്ല. അതുകൊണ്ട് മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കേണ്ടിവന്നു.