Category: Press Release

എച്ച്എംടി ജീവനക്കാരുടെ പെന്‍ഷന്‍

കളമശ്ശേരി എച്ച്എംടിയില്‍നിന്ന് വിരമിച്ച 1058 ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടും എച്ച്എംടി അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. മികച്ച സേവനം നല്‍കിയവരായിട്ടും ഈ മുന്‍ ജീവനക്കാര്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. അതിനാല്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ട് ജീവനക്കാര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ട്രഷറികളില്‍ സംയോജിത ധനമാനേജ്‌മെന്റ് സംവിധാനം

ട്രഷറികളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് സര്‍ക്കാരിന്റെയും സഹകരണമേഖലയുടെയും കീഴിലുള്ള സ്ഥാപനങ്ങളില്‍നിന്നു സാധനങ്ങളും സേവനങ്ങളും ഓണ്‍ലൈനായി വാങ്ങാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൊബൈല്‍ ഫോണിലൂടെ ഇത്തരം ഇടപാടുകള്‍ നടത്താനുള്ള സംവിധാനവും ഉണ്ടാക്കും. ട്രഷറികളില്‍ ഏര്‍പ്പെടുത്തിയ സംയോജിത ധനമാനേജ്മെന്റ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാങ്കേതികവിദ്യാരംഗത്തു ട്രഷറി കൈവരിച്ചിരിക്കുന്നനേട്ടം അഭിമാനകരമാണ്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ധനമാനേജ്മെന്റ് സാമ്പത്തിക സുതാര്യത ഉറപ്പാക്കും. ഇത് സര്‍ക്കാരിനു പലതരത്തില്‍ മെച്ചമുണ്ടാക്കും. ട്രഷറിയിലെ യഥാര്‍ത്ഥധനസ്ഥിതി അപ്പപ്പോള്‍ അറിയാന്‍ കഴിയുന്നതിനാല്‍, ഊഹത്തിന്റെ അടിസ്ഥാനത്തില്‍ കടമെടുക്കുന്നത് ഒഴിവാക്കാനാകും. പലിശയിനത്തില്‍ വലിയ തുക ഇതുവഴി ലാഭിക്കാനാകും. ആവശ്യമില്ലാത്ത കടഭാരം പേറേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഇത് സര്‍ക്കാരിനെ സഹായിക്കും. (more…)

ജനമൈത്രി സുരക്ഷാ പദ്ധതിക്ക് തുടക്കമായി

തെറ്റായ പ്രവണതകള്‍ തുടച്ചുനീക്കി പുതിയ സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ പോലീസ് തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികളോടല്ല, ജനങ്ങളോടാകണം പോലീസിന്റെ മൈത്രി. കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളും ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ബീറ്റിനുപോകുന്ന പോലീസുകാര്‍ മാത്രമല്ല, എല്ലാതലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും ജനമൈത്രീ സംസ്‌കാരം ഉള്‍ക്കൊള്ളണം. ഇതിനായി അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരണം. (more…)

കാന്‍സര്‍ ഭീഷണി തടയാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം

പൊതുജനാരോഗ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്ന കാന്‍സര്‍ ഉള്‍പ്പെടെയുള്ള ജീവിതശൈലീരോഗങ്ങളുടെ ഭീഷണി വൈദ്യശാസ്ത്ര സമൂഹവും പൊതുസമൂഹവും സര്‍ക്കാരും എല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാലേ ഫലപ്രദമായി നേരിടാനാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാന്‍സര്‍ വ്യാപനം വര്‍ധിക്കുന്നു എന്നതാണ് വസ്തുത. റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ തന്നെ പ്രതിവര്‍ഷം 55,000 പുതിയ രോഗികള്‍ രജിസ്റ്റര്‍ ചെയ്യുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനങ്ങള്‍ക്ക് ഗുണകരമായ പങ്കു വഹിക്കാനാകുമെന്നും മുഖ്യമന്ത്രി

പറഞ്ഞു. റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ഇന്‍ഫോസിസ് ചെയര്‍ രൂപീകരിക്കുന്നതിന് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ നല്‍കുന്ന 5.25 കോടിയുടെ എന്‍ഡോവ്‌മെന്റ് ഫണ്ട് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഫണ്ട് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കൈമാറി. (more…)

ജനപങ്കാളിത്തത്തോടെ ജൈവവൈവിധ്യ സംരക്ഷണം നടപ്പാക്കും

ജൈവ വൈവിധ്യ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കാനാണ് സര്‍ക്കാരിന്റെ താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച ദേശീയ ജൈവവൈവിധ്യ സമ്മേളനവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹജീവിയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട ബാധ്യത നമുക്കുണ്ട്. ജൈവവൈവിധ്യം ഏതൊരു രാജ്യത്തിന്റെയും നാഡീസ്പന്ദനമാണ്. അത് നിലനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. 2015ലെ ഐക്യ രാഷ്ട സഭ ഉച്ചകോടിയോടനുബന്ധിച്ച് തയ്യാറാക്കിയ രൂപരേഖയില്‍ ഭൂമിയുടെ പരിരക്ഷ നിലനിര്‍ത്തി ജൈവ വൈവിധ്യാധിഷ്ഠിത വികസനത്തിലൂടെ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള നിര്‍ദേശങ്ങളുണ്ട്. സമ്പന്നമായ ജൈവ വൈവിധ്യത്തെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സുസ്ഥിര വികസനത്തിന് ഉപയോഗിച്ചാല്‍ രാജ്യത്തിന്റെ സമ്പദ്ഘടന സുശക്തമാക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

ഭക്ഷ്യവിഹിതം പുനഃസ്ഥാപിക്കാന്‍ സര്‍വകക്ഷി സംഘം കേന്ദ്രത്തെ സമീപിക്കും

വരള്‍ച്ച നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണനിധിയില്‍ നിന്ന് 991.54 കോടി അധികസഹായം തേടും

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്ന അരിവിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍വകക്ഷി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിയമം നടപ്പാക്കുംമുമ്പ് കേരളത്തിന് ലഭിച്ചിരുന്ന അരിവിഹിതത്തില്‍ രണ്ടുലക്ഷത്തോളം മെട്രിക് ടണ്‍ കുറവുണ്ട്. നേരത്തെ 16 ലക്ഷം മെട്രിക് ടണ്‍ അരി ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 14.2 മെട്രിക് ടണ്‍ അരിയാണ് നല്‍കുന്നത്. ലഭിച്ചുകൊണ്ടിരുന്ന അരിവിഹിതം തുടരണമെന്നാണ് സര്‍വകക്ഷി യോഗത്തില്‍ പൊതുഅഭിപ്രായമുയര്‍ന്നത്. (more…)

പി.എസ്.സി നിയമനങ്ങളില്‍ കായികതാരങ്ങള്‍ക്ക് സംവരണം

പി.എസ്.സി നിയമനങ്ങളില്‍ കായികതാരങ്ങള്‍ക്ക് നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായിക താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കി 2024 ഒളിംപിക്‌സിന് പ്രാപ്തരാക്കണം. ദീര്‍ഘവീക്ഷണത്തോടെയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ 2024 ലെ ഒളിംപിക്‌സില്‍ കേരളത്തിന് മികച്ച പ്രകടനം സാധ്യമാകുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. (more…)

ഇ-പേയ്‌മെന്റിലൂടെ അഴിമതിയില്ലാത്ത കാര്യക്ഷമമായ സേവനം ഉറപ്പാക്കും

ഇ-പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ അഴിമതിയുടെ സാധ്യത ഇല്ലാതാക്കി കാര്യക്ഷമമായ സേവനം നല്‍കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. രജിസ്‌ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ക്ക് ഫീസ് അടയ്ക്കാനുള്ള ഇ-പേയ്‌മെന്റ് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവനകാര്യങ്ങളില്‍ ഐ.ടി രംഗത്തെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കും. നോട്ടുപ്രതിസന്ധിയുണ്ടായപ്പോള്‍ നാട്ടുകാരില്‍ നിന്നുയര്‍ന്ന ആവശ്യം കൂടി പരിഗണിച്ചാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഓഫീസുകളില്‍ സ്വീകരിക്കപ്പെടുന്ന തുക ദുരുപയോഗം ചെയ്യുന്നതായ പരാതികള്‍ പുതിയ സംവിധാനത്തിലൂടെ പരിഹരിക്കാനാകും. ജനങ്ങളില്‍നിന്ന് കൃത്യമായ തുക ഈടാക്കുകയും അപ്പോള്‍ തന്നെ ഖജനാവില്‍ എത്തുന്നതോടെ അഴിമതിക്കുള്ള സാധ്യത ഇല്ലാതാകും. (more…)

മലയാളത്തെ വൈജ്ഞാനിക ഭാഷയായി ഉയര്‍ത്തണം

ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പോലും മലയാളത്തില്‍ രചിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന വിധത്തില്‍ മലയാളം വൈജ്ഞാനിക ഭാഷയായി വളരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളം മിഷന്‍ സംഘടിപ്പിച്ച മലയാണ്‍മ 2017 മാതൃഭാഷാദിനാഘോഷം വിജെടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാള ഭാഷയുടെ വ്യാപനത്തിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഏതു രംഗത്തും ഏതുരാജ്യത്തെ പൗരനും മാതൃഭാഷ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ അവകാശം ഏറ്റവും കുറച്ച് ഉപയോഗിക്കുന്നവര്‍ മലയാളികളാണ്. മാതൃഭാഷയോട് സ്‌നേഹവും കൂറുമില്ലാത്തവരുമായി നാം മാറുന്നത് ഉത്കണ്ഠയോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. (more…)

വരള്‍ച്ചയെ നേരിടാന്‍ ഹരിതകേരളം മിഷന്‍ സജ്ജമാകണം

രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടാന്‍ പോകുന്നതെന്നും വരള്‍ച്ചയെ നേരിടാന്‍ ജലസ്രോതസ്സുകള്‍ സജീവമാക്കാനുള്ള നടപടികളുമായി ഹരിതകേരളം മിഷന്‍ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉറവ വറ്റിയ കിണറുകളും കുളങ്ങളും നവീകരിച്ച് ജലലഭ്യത ഉറപ്പാക്കണം. ജലത്തിന്റെ ദുരുപയോഗം തടയാനും പാഴ്ജലം പുനരുപയോഗിക്കാനും മിഷന്‍ പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

മഴയെ വരവേല്‍ക്കുന്നതിന് ഓരോ വീട്ടിലും മഴക്കുഴികളും മഴവെള്ള സംഭരണികളും തയ്യാറാക്കാനും വിദ്യാലയങ്ങളെയും കുടുംബശ്രീകളെയും സന്നദ്ധ സംഘടനകളെയും സാമൂഹ്യ വനവത്കരണ വരിപാടികളില്‍ സജീവമായി പങ്കാളികളാക്കാനും ഹരിതകേരളം മിഷന്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)