Category: Public Speeches

കയര്‍ കേരള 2017

നമ്മുടെ നാടിന് അഭിമാനിക്കാന്‍ വകതരുന്ന ഒരു പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചവരാണ് കയര്‍ത്തൊഴിലാളികള്‍. ദേശീയ സ്വാതന്ത്ര്യസമരത്തിലടക്കം വലിയ സാന്നിധ്യമായിരുന്നിട്ടുണ്ട് അവര്‍. അതുകൊണ്ടുതന്നെയാണ്, ഈ ആലപ്പുഴയുടെ മണ്ണില്‍ നിന്നുകൊണ്ട് വയലാര്‍ രാമവര്‍മ അവരെക്കുറിച്ച് ഹൃദയാവര്‍ജകമായി ഇങ്ങനെ കവിതയെഴുതിയത്.
‘കയറുപിരിക്കും തൊഴിലാളിക്കൊരു
കഥയുണ്ടുജ്വലസമരകഥ;
അതു പറയുമ്പോള്‍ എന്നുടെ
നാടിന്നഭിമാനിക്കാന്‍ വകയില്ലേ’
എന്നു തുടങ്ങുന്ന ആ വയലാര്‍ കവിതയിലൂടെയാണ് കയര്‍ത്തൊഴിലാളികളെക്കുറിച്ച്, അവരുടെ സമരങ്ങളെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ആ വയലാറിന്‍റെ നാട്ടിലാണല്ലോ ഇന്ന് കേരളത്തിന്‍റെ പ്രധാന പരമ്പരാഗത വ്യവസായങ്ങളിലൊന്നായ കയര്‍വ്യവസായത്തിന്‍റെ വിപുലമായ സാധ്യതകള്‍ വിളംബരം ചെയ്യുന്ന ‘കയര്‍ കേരള 2017’ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കാനാകുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. (more…)

വേള്‍ഡ് സ്പേസ് വീക്ക്

ലോക ബഹിരാകാശ വാരാഘോഷങ്ങളുമായി ഈ വിധത്തില്‍ സഹകരിക്കാന്‍ കഴിയുന്നതില്‍ എനിക്ക് അനല്‍പമായ സന്തോഷമുണ്ട്. വിഎസ്എസ്സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ആഘോഷവാരവുമായി ഇതര ബഹിരാകാശ സാങ്കേതിക സ്ഥാപനങ്ങളായ എല്‍പിഎസ്സി, ഐഐഎസ്യു, ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സ് എന്നിവയും കൈകോര്‍ക്കുന്നു എന്നു കാണുന്നത് സന്തോഷകരമാണ്.

ലോകത്തിന്‍റെ ബഹിരാകാശ പര്യവേഷണ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ ആദ്യ ബഹിരാകാശ പേടകമാണല്ലോ സ്പുട്നിക് 1. 1957
ഒക്ടോബര്‍ 4ലെ അതിന്‍റെ വിക്ഷേപണസ്മരണകള്‍ മുന്‍നിര്‍ത്തിയാണ് നാം ഇപ്പോള്‍ ലോക ബഹിരാകാശവാരം ആഘോഷിക്കുന്നത്. യുഎന്‍ പൊതുസഭയുടെ തീരുമാനപ്രകാമാണ് എല്ലാ വര്‍ഷവും ഈ ആഘോഷം നടന്നുവരുന്നത്. (more…)

സഹകരണ പരിശീലനകേന്ദ്രം ഉദ്ഘാടനം

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വാഗ്ദാനപാലനവുമായി ബന്ധപ്പെട്ട ചടങ്ങാണിത്. സഹകരണ വകുപ്പിനെ ആധുനികവല്‍ക്കരിക്കും എന്നത് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. അത് പടിപടിയായി യാഥാര്‍ഥ്യമാകുകയാണ്. മൂന്നു പരിപാടികളാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഇന്‍റഗ്രേറ്റഡ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്‍റ് സോഫ്റ്റ്വെയര്‍, ഓണ്‍ലൈന്‍ ഇലക്ഷന്‍ മാനേജ്മെന്‍റ് സോഫ്റ്റ്വെയര്‍ എന്നിവയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനകേന്ദ്രവും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇവ മൂന്നും വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ളതാണ് എന്ന് ഞാന്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

സാങ്കേതികവിദ്യകള്‍ അനുദിനം പുരോഗമിക്കുന്ന ഇക്കാലത്ത് കാലത്തിനൊപ്പം മുന്നേറിയില്ലെങ്കില്‍ സഹകരണമേഖല പിന്തള്ളപ്പെട്ടുപോകും. ഇത് തിരിച്ചറിഞ്ഞ് വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് സഹകരണവകുപ്പ് കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നു എന്നതിന്‍റെ തെളിവാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ സംരംഭങ്ങള്‍. (more…)

ബാലസാഹിത്യ പുസ്തകപ്രകാശനം

കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാര്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ 25 കൃതികളാണ് ഇന്നിവിടെ പ്രകാശനം ചെയ്യുന്നത്. കഥയും കവിതയും ജീവചരിത്രവും എന്നുവേണ്ട നിരവധി സാഹിത്യശാഖകളിലെ പുസ്തകങ്ങള്‍ ഇതിലുണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഇവ പ്രകാശനം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട് എന്നറിയിക്കട്ടെ.

കുറഞ്ഞ വിലയ്ക്ക് കുട്ടികള്‍ക്ക് നല്ല പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിനുകീഴില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് രൂപീകരിച്ചത്. കേവലം പുസ്തകപ്രസാധനം മാത്രമായിരുന്നില്ല ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കര്‍മരംഗമായി ഇതു സ്ഥാപിച്ച ധീഷണാശാലികള്‍ കണ്ടിരുന്നത്. കുട്ടികളുടെ സര്‍വതോډുഖമായ സാംസ്കാരിക വികസനമായിരുന്നു അവര്‍ ലക്ഷ്യമായി കണ്ടത്. കുട്ടികളുടെ ബൗദ്ധികവും സാംസ്കാരികവും മാനസികവുമായ വികാസത്തിന് സഹായകമായ കര്‍മപരിപാടികള്‍ കൂടി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപിത ലക്ഷ്യമായിരുന്നു. കേവലം പുസ്തക പ്രകാശനത്തില്‍ ഒതുങ്ങിനില്‍ക്കാതെ, ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ഇന്‍സ്റ്റിറ്റ്യൂട്ട് മുമ്പോട്ടു കൊണ്ടുപോകണമെന്ന് ഓര്‍മിപ്പിക്കട്ടെ. (more…)

കണ്ണൂര്‍ എയര്‍പോര്‍ട്ട്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ എട്ടാമത് വാര്‍ഷിക പൊതുയോഗമാണിത്. ഈ ഘട്ടത്തില്‍ വിമാനത്താവളത്തിന് കാര്യമായ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചു എന്നത് അഭിമാനകരമായ കാര്യമാണ്.

ലാര്‍സണ്‍ ആന്‍റ് ട്രൂബോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം 90 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ് മനസ്സിലാക്കുന്നത്. റണ്‍വെ ആന്‍റ് സേഫ്ടി ഏരിയയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം ജനുവരിയോടുകൂടി പൂര്‍ത്തിയാക്കാനാവും. ഇന്‍റഗ്രേറ്റഡ് പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം നിര്‍മാണമടക്കമുള്ളവ അന്തിമഘട്ടത്തിലാണ്. അതും അടുത്ത ജനുവരിയോടെ പൂര്‍ത്തിയാവും.

ടെര്‍മിനല്‍ കെട്ടിടനിര്‍മാണവും അനുബന്ധ ജോലികളും 498 കോടി രൂപയ്ക്കാണ് എല്‍ ആന്‍റ് ടി ഏറ്റെടുത്തിട്ടുള്ളത് എന്നത് അറിയാമല്ലോ. (more…)

SCERT ദേശീയ ശില്‍പശാല

കുരുന്നുകളുടെ ശൈശവകാല പരിചരണത്തെയും അറിവിന്‍റെ വിന്യാസത്തെയും കുറിച്ചുള്ള ഈ ദേശീയ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ കഴിയുന്നതിലെ സന്തോഷം ആദ്യം തന്നെ പങ്കുവയ്ക്കട്ടെ. ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഉതകുന്നതാണ് എസ് സി ഇ ആര്‍ ടിയുടെ ഈ ബൃഹത്തായ സംരംഭം.

ജനനം മുതല്‍ ആറു വയസുവരെയുള്ള കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവുമാണല്ലോ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ശൈശവകാല പരിചരണം സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട സംഗതിയാണ്. എന്നിരിക്കിലും ബോധപൂര്‍വ്വമോ അല്ലാതെയോ പലപ്പോഴും സമൂഹം അവഗണിക്കുന്ന ഒന്നാണ് ഈ ഇളം പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ മനോഭാവം മനസ്സിലാക്കി അവരോടു പെരുമാറേണ്ടതിന്‍റെ ആവശ്യകത. കുഞ്ഞുങ്ങളുടെ ജീവിതത്തിലെ നിറപ്പകിട്ടാര്‍ന്ന കാലഘട്ടമാണിത്. അതിനാല്‍ അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട ഈ ഘട്ടത്തെക്കുറിച്ചുള്ള ചര്‍ച്ച എന്തുകൊണ്ടും അനുയോജ്യമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. (more…)

ഗൗരി ലങ്കേഷ് അനുസ്മരണം

ആശയങ്ങളെ സംവാദങ്ങളിലൂടെ എതിരിടുവാന്‍ ഭയക്കുന്നവരാണ് ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന വ്യക്തികളെ ആയുധങ്ങളിലൂടെ ഇല്ലാതെയാക്കുവാന്‍ ശ്രമിക്കുന്നത്. മഹാത്മാ ഗാന്ധി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ള വ്യക്തികളുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ അത്തരം ഭയത്താല്‍ വിറയ്ക്കുന്ന കൈകളാണുള്ളതെന്ന് നിസ്സംശയം പറയുവാന്‍ സാധിക്കും.

ഗൗരി ലങ്കേഷിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് ഈ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്ന ദിവസത്തിനൊരു പ്രത്യേകതയുണ്ട്. ഇന്ന് ഐക്യരാഷ്ട്രഭയുടെ സാര്‍വദേശീയ ജനാധിപത്യദിനമാണ്. ജനാധിപത്യമില്ലാത്തയിടങ്ങളില്‍ അവ പ്രോല്‍സാഹിപ്പിക്കുവാനും, സാമൂഹികഇടപെടലുകളില്‍ ജനാധിപത്യതത്വങ്ങള്‍ മുറുകെപ്പിടിക്കുവാനുമാണ് ജനാധിപത്യദിനം ആഹ്വാനം ചെയ്യുന്നത്.

ജനാധിപത്യവും സംഘര്‍ഷനിവാരണവും (democracy and conflict prevention) എന്നതാണ് സാര്‍വദേശീയ ജനാധിപത്യദിനം ഈ വര്‍ഷം മുന്നോട്ട് വയ്ക്കുന്ന വിഷയം. ആധുനികമനുഷ്യന്‍ സംഘര്‍ഷത്തിലൂടെയല്ല തീരുമാനങ്ങളിലെത്തേണ്ടത്. സംവാദങ്ങളിലൂടെയും സമവായങ്ങളിലൂടെയുമാണ്. ഭിന്നാഭിപ്രായങ്ങള്‍ക്കിടയില്‍ സംവാദങ്ങളിലൂടെ സമവായം സാധ്യമാക്കുവാന്‍ കഴിയണം. (more…)

സമൃദ്ധി 2017

കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ തന്നെ ഉദ്ഘാടനം ചെയ്ത സരംഭകത്വ അവബോധ പരിശീലന പരിപാടിയായ ‘സമൃദ്ധി 2017’ന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്നിവിടെ തുടക്കമാവുന്നത്.

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളെയും കോര്‍ത്തിണക്കി മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്കു കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണിത്.

തളിപ്പറമ്പ് മണ്ഡലം വിപുലവും വിശാലവുമായ പദ്ധതികളാണ് ഏറ്റെടുക്കാന്‍ പോകുന്നതെന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ട്. 2020 നവംബര്‍ ഒന്നിനുമുമ്പ് ജലസുഭിക്ഷത, സമ്പൂര്‍ണ മാലിന്യ സംസ്ക്കരണം, ജൈവകൃഷി, ഊര്‍ജസംരക്ഷണം എന്നീ രംഗങ്ങള്‍ മെച്ചപ്പെടുത്തി മണ്ഡലത്തില്‍ സുസ്ഥിര ജീവനോപാധി ഉറപ്പാക്കാനുള്ള പദ്ധതികളാണ് നിങ്ങള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. തളിപ്പറമ്പ് മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളും തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങളുടെയും സമഗ്ര വികസനത്തിന് ഉപകാരപ്പെടുന്ന പദ്ധതിയാകും ഇത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. (more…)

ചലച്ചിത്ര അവാര്‍ഡ്ദാനം

2016ലെ ഏറ്റവും മികച്ച ചിത്രങ്ങള്‍ക്കും ചലച്ചിത്രപ്രതിഭകള്‍ക്കുമുള്ള പുരസ്കാരങ്ങളാണ് ഇന്നിവിടെ വിതരണം ചെയ്യുന്നത്.

അംഗീകാരങ്ങള്‍ ലഭിച്ച സിനിമകള്‍ എല്ലാം തന്നെ പുരോഗമനപരമായ സാമൂഹിക കാഴ്ചപ്പാടുകള്‍ പങ്കിടുന്നവയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. നാളിതുവരെ തമസ്കരിക്കപ്പെട്ടിരുന്ന കറുത്തവരെയും കീഴാളരെയും ദളിതരെയും സംബന്ധിച്ച മികച്ച ചലച്ചിത്രാഖ്യാനങ്ങള്‍ക്ക് ജൂറി അര്‍ഹിക്കുന്ന അംഗീകാരം നല്‍കി. ദളിത് വിരുദ്ധത ഒരു ഭരണകൂട പദ്ധതി തന്നെയായി മാറുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള കീഴാളപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സിനിമകള്‍ മലയാളത്തില്‍ നിര്‍മിക്കപ്പെടുന്നുവെന്നത് ആശാവഹമായ കാര്യമാണ്. (more…)

ഗവ. ഐടിഐ പിണറായി

വ്യാവസായിക പരിശീലന വകുപ്പിന്‍റെ കീഴില്‍ സംസ്ഥാനത്തെ 85-ാമത് ഗവ. ഐടിഐയായ പിണറായി ഗവ. ഐടിഐ ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

നിലവില്‍ പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ 44 ഐടിഐകളും പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ കീഴില്‍ 2 ഐടിഐകളും സ്വകാര്യ മേഖലയില്‍ 456 ഐടിഐകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഐടിഐകളില്‍ എല്ലാം കൂടി എഴുപത്തി അയ്യായിരത്തോളം ട്രെയിനികള്‍ക്ക് പരിശീലനം നടത്തുന്നതിനുള്ള സൗകര്യമാണുള്ളത്.

പിണറായി ഐടിഐയില്‍ ഏറ്റവും ജോലി സാധ്യതയുള്ള ഇലക്ട്രീഷ്യന്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഫിറ്റര്‍ എന്നീ ദ്വിവത്സര ട്രേഡുകളുടെ 2 യൂണിറ്റുകള്‍ വീതമാണ് അനുവദിച്ചിട്ടുള്ളത്. (more…)