KIIFB

ആയിരം ദിനങ്ങള്‍ക്കുള്ളില്‍ 42,363 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ 533 പദ്ധതികൾക്കാണ് ഇതിനോടകം കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. ഇവയിൽ 9928 കോടി രൂപയുടെ 238 പ്രവൃത്തികൾ/ടെണ്ടർ നടപടികളിലേയ്ക്ക് കടന്നു. 7893 കോടി രൂപ അടങ്കലുള്ള 193 പ്രവൃത്തികളുടെ നിർമ്മാണം/പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു.

കേരളത്തിന്റെ പ്രധാന പദ്ധതിയായ ഹൈടെക് ക്ലാസ് റൂം പദ്ധതി 45,000 ക്ലാസ്റൂമുകളില്‍ പൂര്‍ത്തിയാക്കിയത് കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. സാധാരണക്കാര്‍ക്ക് ആശ്രയമാകും വിധം താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടവും കിഫ്ബി വഴി നടപ്പാക്കി. ഹൃദ്രോഗ ചികിത്സക്കുള്ള കാത്ത് ലാബുകള്‍ ജില്ലാ ആശുപത്രികളില്‍ നിര്‍മ്മിക്കുന്ന പദ്ധതി നടപ്പാക്കുന്നതും കിഫ്ബി വഴി തന്നെ. വനാതിര്‍ത്തികളില്‍ സോളാര്‍ ഫെന്‍സിംഗ് നിര്‍മ്മിക്കാനുള്ള പദ്ധതി പൂര്‍ത്തീകരിച്ചതും കിഫ്ബി ഫണ്ടുപയോഗിച്ചാണ്.

പൊതുവിദ്യാഭ്യാസ മേഖലയിൽ 2038 കോടി രൂപയുടെ 76 പ്രവൃത്തികൾക്ക് അംഗീകാരം നൽകി. അതിൽ 1376 കോടി രൂപയുടെ 49 എണ്ണം പ്രവൃത്തികൾ ടെണ്ടർ ചെയ്യുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ആരോഗ്യ മേഖലയിൽ 1614.42 കോടി രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം നൽകിയപ്പോൾ 963.33 കോടി രൂപയുടെ പ്രവൃത്തികൾ ടെണ്ടർ ചെയ്തു. 678.02 കോടി രൂപയുടെ പ്രവൃത്തികൾ നിർമ്മാണത്തിലാണ്. 10491 കോടി രൂപയുടെ 249 പ്രവൃത്തികൾക്കാണ് പൊതുമരാമത്ത് വകുപ്പിൽ അനുമതി നൽകിയത്. ഇതിൽ 3717 കോടി രൂപയുടെ 111 പ്രവൃത്തികൾ ടെണ്ടർ നടപടികളിലേയ്ക്ക് കടക്കുകയും 3104 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കുടിവെള്ള മേഖലയിൽ 66 പദ്ധതികൾക്കായി 3252.54 കോടി രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം നൽകി. 1083.15 കോടി രൂപയുടെ 23 പദ്ധതികൾ നിർമ്മാണത്തിലേയ്ക്ക് നീങ്ങി. തീരസംരക്ഷണത്തിനായി നേരത്തെ കിഫ്ബി അംഗീകാരം നൽകിയിരുന്ന താഴെപ്പറയുന്ന ഗ്രോയിൻ ഫീൽഡുകൾക്ക് അന്തിമാനുമതി നൽകി ഉത്തരവിറക്കി. ഇവ ടെണ്ടർ നടപടികളിലേയ്ക്ക് നീങ്ങുകയാണ്.