Author: CM WEB

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 16-09-2020

നിയമനം / മാറ്റം

1.വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പാര്‍ലമെന്‍ററി കാര്യ വകുപ്പിന്‍റെ അധിക ചുമതല കൂടി ഇവര്‍ വഹിക്കും.

2.കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന രാജേഷ് കുമാര്‍ സിന്‍ഹയെ വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. ഇന്‍ഡസ്ട്രീസ് (കാഷ്യൂ) പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.

3.സപ്ലൈക്കോ ചെയര്‍മാന്‍ &  മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോകിനെ റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണറായി മാറ്റി നിയമിക്കും.

4.തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിനെ ആഭ്യന്തരവും വിജിലന്‍സും വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം നിലവില്‍ വഹിക്കുന്ന ചുമതലകള്‍ തുടര്‍ന്നും വഹിക്കും.

5.ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിനെ സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പ്രിന്‍റിംഗ് & സ്റ്റേഷനറി വകുപ്പിന്‍റെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.

6.ലാന്‍റ് റവന്യൂ കമ്മീഷണര്‍ സി.എ. ലതയെ ഫിഷറീസ് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.

7.തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി കെ. ബിജുവിനെ ലാന്‍റ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിക്കും. സ്പെഷ്യല്‍ സെക്രട്ടറി (ലാന്‍റ് അക്വിസിഷന്‍) റവന്യൂ വകുപ്പിന്‍റെ അധിക ചുമതല തുടര്‍ന്നും വഹിക്കും.

8.കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി വഹിക്കും.

9.ഫിഷറീസ് ഡയറക്ടര്‍ എം.ജി. രാജമാണിക്യത്തെ കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും.

10.വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടര്‍ യു.വി. ജോസിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും.

വാര്‍ത്താകുറിപ്പ്: 15-09-2020


കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

തീയതി: 15-09-2020
————————————-

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ഇന്ന് സംസ്ഥാനത്ത് 3215 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 2532 പേര്‍ രോഗവിമുക്തരായി. 3013 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 313. രോഗബാധ സ്ഥിരീകരിച്ചവരില്‍ 89 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കോവിഡ്മൂലം 12 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 41,054 സാമ്പിളികള്‍ പരിശോധിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് ആകെ 31,156 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്.

കോവിഡ് 19 അസാധാരണമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ മഹാമാരി സൃഷ്ടിച്ചതിന് സമാനമായ മറ്റൊരു സാഹചര്യം ലോകം മുന്‍പ് നേരിട്ടത് 1918ലെ സ്പാനിഷ് ഫ്ളൂ ആയിരുന്നു. നാലുവര്‍ഷം കൊണ്ട് ഏതാണ്ട് 50 കോടി ആളുകള്‍ക്ക് രോഗബാധയുണ്ടാവുകയും അഞ്ചുകോടിയോളം മനുഷ്യര്‍ മരിക്കുകയും ചെയ്തു.ആ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ശാസ്ത്രം ബഹുദൂരം പുരോഗമിച്ച ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കോവിഡിനെ ചെറുക്കാന്‍ മനുഷ്യരാശിക്ക് സാധിച്ചിട്ടുണ്ട്. എന്നിട്ടും ഏതാണ്ട് മൂന്നു കോടി പേര്‍ക്ക് രോഗബാധയുണ്ടാവുകയും പത്തു ലക്ഷം പേര്‍ മരണമടയുകയും ചെയ്തു. ഇന്ത്യയില്‍ മാത്രം ഇതുവരെ ഏകദേശം 50 ലക്ഷം പേര്‍ രോഗബാധിതരായി. മരണം എണ്‍പതിനായിരം കവിഞ്ഞു.

സ്പാനിഷ് ഫ്ളൂ പോലെ തന്നെ കുറച്ചുസമയം കഴിയുമ്പോള്‍ കോവിഡും അപ്രത്യക്ഷമായേക്കാം. മറക്കാന്‍ പാടില്ലാത്ത കാര്യം, അഞ്ചുകോടി മനുഷ്യരുടെ ജീവന്‍ കവര്‍ന്ന ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട് എന്നതാണ്. നമ്മുടെ കഴിവിന്‍റെ കഠിനാധ്വാനത്തിന്‍റേയും പരമാവധി ഉപയോഗിച്ച് മനുഷ്യരുടെ ജീവന്‍ രക്ഷിക്കുക എന്ന ചരിത്രപരമായ കടമ സമൂഹം എന്ന നിലയില്‍ നിറവേറ്റിയേ തീരൂ.

ഇത് ഇവിടെ പറയാന്‍ കാരണം സംസ്ഥാനത്ത് പല മേഖലകളിലും ജാഗ്രതക്കുറവ് കാണുന്നു എന്ന റിപ്പോര്‍ട്ടുകളാണ്. മാസ്ക് ധരിക്കാത്ത 5901 സംഭവങ്ങള്‍ ഇന്നു മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച ഒമ്പതുപേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ഇതിനര്‍ത്ഥം സ്വയം നിയന്ത്രണം പാലിക്കാന്‍ പലരും മടികാണിക്കുന്നു എന്നാണ്. അതോടൊപ്പം ചില പ്രചാരണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍, ആശങ്ക തുടരുകയാണ്. രോഗവ്യാപനം അനിയന്ത്രിതമായി എന്നും മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ ഇനി വലിയ കാര്യമില്ല എന്നും പ്രചാരണം നടക്കുന്നുണ്ട്. വരുന്നിടത്തു വച്ചു നോക്കാം എന്ന ചിന്താഗതിയും വളര്‍ത്തുന്നുണ്ട്. ഇത്  അപകടകരമാണ്.

ലോകത്തെ മൊത്തം സാഹചര്യവുമായി താരതമ്യം ചെയ്താല്‍ മികച്ച രീതിയില്‍ രോഗവ്യാപനവും മരണങ്ങളും പിടിച്ചുനിര്‍ത്താന്‍ നമുക്കു സാധിച്ചത് തുടക്കം മുതല്‍ കാണിച്ച ജാഗ്രതയും ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും കാരണമാണ്. കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഒരു മാസത്തിനും ശേഷമാണ് നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ രോഗബാധയുണ്ടാകുന്നത്. തമിഴ്നാട്ടില്‍ അഞ്ചു ലക്ഷത്തിനു മുകളില്‍ കേസുകളും എണ്ണായിരത്തിനു മുകളില്‍ മരണങ്ങളും ഇതുവരെയുണ്ടായി.

ലോകത്തിതു വരെ 10 ലക്ഷത്തില്‍ 119 പേരെന്ന നിരക്കിലാണ് മരണങ്ങളുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ അത് 58 ആണ്. കര്‍ണ്ണാടകയില്‍ 120ഉം തമിഴ്നാട്ടില്‍ 117ഉം ആണ് ഡെത്ത് പെര്‍ മില്യണ്‍. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ അത് 13 ആണ്. ഇതു നമ്മുടെ പ്രവര്‍ത്തനങ്ങളുടെ മികവാണ് തെളിയിക്കുന്നത്. നമ്മുടെ ചികിത്സാ സൗകര്യങ്ങളുടെ വിശദാംശം ഇന്നലെ ഇവിടെ പറഞ്ഞിരുന്നു. രോഗവ്യാപനത്തിന്‍റെ തോത് ചികിത്സാ സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിലും അധികമായാല്‍ മരണസംഖ്യയും കൂടും. അങ്ങനെ സംഭവിക്കില്ല എന്ന് നമ്മളെല്ലാവരും ഉറച്ച തീരുമാനമെടുക്കണം.

ഈ സാഹചര്യത്തില്‍ പിന്തുണ്ടരേണ്ട പ്രസക്തമായ മൂന്നു കാര്യങ്ങള്‍ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ എന്ന പ്രശസ്തമായ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്. ഒന്ന്, വാക്സിനുകള്‍ വരുന്നതുവരെ പ്രതിരോധമാര്‍ഗം മാസ്ക് ധരിക്കുക എന്നതാണ്. മാസ്ക് ധരിക്കുന്നവരില്‍ രോഗബാധയുണ്ടായാല്‍ തന്നെ രോഗതീവ്രത കുറമായിരിക്കുമെന്ന് ജേര്‍ണല്‍ പറയുന്നു.  

രണ്ടാമത്തെ കാര്യം, നമുക്ക് ചുറ്റും ഒരു സുരക്ഷാവലയം തീര്‍ക്കുക എന്നതാണ്. നമ്മുടെ വീട്ടിലെ അംഗങ്ങള്‍ ഒഴികെ മറ്റെല്ലാവരും ആ സുരക്ഷാ വലയത്തിന് പുറത്താണെന്ന് മനസ്സിലാക്കണം. ജോലി സ്ഥലങ്ങളില്‍ ഒപ്പമുള്ളവരും സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ അശ്രദ്ധ കാണിക്കരുത്. ഓരോരുത്തരും അവര്‍ക്കു ചുറ്റും ഒരു സുരക്ഷാവലയം തീര്‍ത്തേ തീരൂ. അതുപോലെ, ജനക്കൂട്ടം ഒഴിവാക്കുക, അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ ഒരുമിച്ച് ഇരിക്കുന്നത് ഒഴിവാക്കുക എന്നിവ പ്രധാനമാണ്.

രോഗവ്യാപനത്തിന്‍റെ ആദ്യത്തെ തരംഗം (വേവ്) പിന്നിട്ട മിഡില്‍ ഈസ്റ്റ്, യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ അടുത്ത വേവ് ഉടനെ സംഭവിക്കാന്‍ പോകുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ ആദ്യത്തെ വേവില്‍ രോഗത്തെ ഉച്ചസ്ഥായിയിലെത്തിക്കാതെ നീട്ടിക്കൊണ്ടു പോകാന്‍ നമുക്ക് സാധിച്ചു. ഈ ജാഗ്രത നഷ്ടപ്പെടാതെ മുന്നോട്ടു കൊണ്ടുപോയേ തീരൂ. മാസ്ക് ധരിച്ചും, സുരക്ഷാവലയം തീര്‍ത്തും, ശാരീരിക അകലം പാലിച്ചും ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പെയിന്‍ കൂടുതല്‍ ശക്തമാക്കണം.

ഇതുമായി ബന്ധപ്പെട്ട് മറ്റു ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട്. രോഗം പടരാതിരിക്കാന്‍ നാടാകെ ശ്രമിക്കുകയാണ്. അതിനുവേണ്ടി ത്യാഗപൂര്‍ണമായി മാസങ്ങളോളം നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തുണ്ട്. സന്നദ്ധപ്രവര്‍ത്തകരും പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും വിശ്രമമില്ലാതെ ഇടപെടുന്നുണ്ട്. എന്നിട്ടും രോഗവ്യാപനം നമ്മെ വിഷമിപ്പിച്ചുകൊണ്ട് തുടരുകയാണ് എന്ന വസ്തുത ഓര്‍ക്കണം. ആ വ്യാപനത്തിന്‍റെ തോത് വര്‍ധിപ്പിക്കാനുള്ള ചില രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് നേരത്തേ തന്നെ നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. രോഗം പടര്‍ത്താനുള്ള നേരിട്ടുള്ള ശ്രമങ്ങള്‍ ഇവിടെ നടന്നു. അത് ഇപ്പോള്‍ എല്ലാ പരിധിയും വിട്ടിരിക്കുന്നു.

ഇന്ന് സംസ്ഥാന തലസ്ഥാനത്തടക്കം പല കേന്ദ്രങ്ങളിലും പ്രതിപക്ഷം കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കമാണ് നടത്തിയത്. സെക്രട്ടറിയറ്റിനു മുന്നിലെ സമരത്തെ സമരമെന്ന് പറയാനാകില്ല. കുറേ ആളുകളെ കൂട്ടിവന്നുള്ള സമരാഭാസമാണ് അത്. കോവിഡ്കാലത്ത് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകരുത് എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രോട്ടോകോള്‍ ലംഘിച്ചുള്ള സമരങ്ങള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി വിലക്കിയതാണ്.

മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും പൊതുസ്ഥലത്ത് ഇടപഴകാന്‍ നിയമപ്രകാരം ആര്‍ക്കും അനുവാദമില്ല. പരസ്യമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനുനേരേ ചീറിയടുക്കുന്ന കുറേ ആളുകളെയാണ് അവിടെ കണ്ടത്. അവര്‍ സ്വന്തം സുരക്ഷയല്ല, ഈ നാടിന്‍റെ തന്നെ സുരക്ഷയും സമാധാനവുമാണ് നശിപ്പിക്കുന്നത്. അത്തരം നീക്കങ്ങളെ ഒരു കാരണവശാലും അനുവദിക്കാനാവില്ല.

സമരം നടത്തുന്നതിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, കോവിഡ് പ്രതിരോധം തകര്‍ക്കാനും അതിലൂടെ നാടിന്‍റെ നിയമസമാധാനത്തിനൊപ്പം ആരോഗ്യകരമായ നിലനില്‍പ്പുകൂടി അട്ടിമറിക്കാനുള്ള നീക്കം ഏതു ഭാഗത്തുനിന്നും ഉണ്ടായാലും അത് തടയുന്നത് സര്‍ക്കാരിന്‍റെ പ്രാഥമിക ഉത്തരവാദിത്വമാണ്. സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി പന്താടാനുള്ളതല്ല ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതം. അത്തരം നീക്കങ്ങളില്‍ ജനപ്രതിനിധികള്‍ കൂടി ഉണ്ടാകുന്നു എന്നത് നിസ്സാര കാര്യമല്ല. നാട്ടിലാകെ കോവിഡ് പരത്താനുള്ള ശ്രമത്തെ വെച്ചുപൊറുപ്പിക്കാനാവില്ല എന്ന് ആവര്‍ത്തിച്ചു പറയുന്നു.

കോവിഡുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി പൊലീസിന് ധാരാളം സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്‍മാരും ഇതിനായി സ്വയം മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇങ്ങനെ നിയോഗിക്കപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അവരുടെ കഴിവും പരിചയസമ്പത്തും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കും.

സാമൂഹിക അകലം പാലിക്കല്‍, മാസ്കിന്‍റെ ശരിയായ ഉപയോഗം, രോഗപരിശോധനയ്ക്ക് സ്വയം മുന്നോട്ടുവരേണ്ടതിന്‍റെ ആവശ്യകത എന്നിവ പ്രചരിപ്പിക്കുന്ന അടുത്ത ക്യാമ്പയിന്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ ആരംഭിക്കും.

കേരളത്തിലേക്ക് ഇതുവരെ 10,05,211 പേരാണ് മടങ്ങിവന്നത്. അതില്‍ 62.16 ശതമാനം (6,24,826 പേര്‍) ആഭ്യന്തര യാത്രക്കാരാണ്. മടങ്ങിവന്നവരില്‍ അന്താരാഷ്ട്ര യാത്രക്കാരാര്‍ 3,80,385 (37.84 ശതമാനം). ആഭ്യന്തര യാത്രക്കാരില്‍ 59.67 ശതമാനം പേരും റെഡ്സോണ്‍ ജില്ലകളില്‍ നിന്നുമാണ് വന്നത്.

ആഭ്യന്തര യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ വന്നിട്ടുള്ളത് കര്‍ണാടകയില്‍ നിന്നുമാണ് 1,83,034 പേര്‍, തമിഴ്നാട്ടില്‍ നിന്നും 1,67,881 പേരും മഹാരാഷ്ട്രയില്‍ നിന്നും 71,690 പേരും വന്നിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാരില്‍ കൂടുതല്‍ വന്നിട്ടുള്ളത് യുഎഇയില്‍ നിന്നാണ്, 1,91,332 പേര്‍. ആകെ വന്ന അന്താരാഷ്ട്ര യാത്രക്കാരുടെ 50.29 ശതമാനം വരും ഇത്. സൗദി അറേബ്യയില്‍ നിന്നും 59,329 പേരും ഖത്തറില്‍ നിന്നും 37,078 പേരും വന്നു.

ജോലി നഷ്ടപ്പെട്ടു മടങ്ങി വരുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക വഴി ലഭ്യമാക്കുന്ന 5000 രൂപയുടെ സഹായം 78,000 പേര്‍ക്കായി 39 കോടി രൂപ ഇതുവരെ വിതരണം ചെയ്തു.

ഒരു ഘട്ടത്തില്‍, കേരളം പ്രവാസികള്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടക്കുന്നു എന്ന് പ്രചരിപ്പിച്ചവര്‍ ഇവിടെയുണ്ട്. അതല്ല, വരാനുള്ള എല്ലാവരെയും സ്വീകരിക്കുകയാണ് നാം ചെയ്തത് എന്ന് തെളിയിക്കുന്ന കണക്കാണിത്.

വാര്‍ത്താകുറിപ്പ്: 14-09-2020

കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

തീയതി: 14-09-2020
———————————–

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ഇന്ന് സംസ്ഥാനത്ത് 2540 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 2110 പേര്‍ രോഗവിമുക്തരായി. അതില്‍ 2346 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 212. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 64 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് സംസ്ഥാനത്ത് കോവിഡ്മൂലം 15 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 22,279 സാമ്പിളികള്‍ പരിശോധിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് ആകെ 39,486 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്.

സമ്പൂര്‍ണ ലോക്ക്ഡൗണില്‍നിന്നും രാജ്യം ഘട്ടംഘട്ടമായി പൂര്‍ണ സജീവതയിലേക്കു വരികയാണ്. നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പഴയതോതിലില്ല. ഓടുന്നവയില്‍ മിക്കതിലും യാത്രക്കാരുടെ ബാഹുല്യവുമില്ല. എന്നാല്‍, വരുന്ന ദിവസങ്ങളില്‍ ആ സ്ഥിതി മാറും. എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങുകയും അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ ഇന്നുള്ളതിനേക്കാള്‍ രോഗ്യവ്യാപന തോത് വര്‍ധിക്കും എന്നു തന്നെയാണ് കണക്കാക്കേണ്ടത്. ഇപ്പോഴും വര്‍ധിക്കുകയാണ്.

രാജ്യത്താകെ കോവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി അഞ്ചുദിവസമായി രോഗബാധിതരാകുന്നവരുടെ എണ്ണം 90,000നു മുകളിലാണ്. ആകെ കോവിഡ് ബാധിച്ചവര്‍ 48 ലക്ഷത്തിലധികം. പത്തുലക്ഷത്തോളം പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഒറ്റ ദിവസത്തെ മരണം 1136. നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. കര്‍ണാടകത്തില്‍ 99,222 ആക്ടീവ് കേസുകളാണുള്ളത്. മരണസംഖ്യ 7225. തമിഴ്നാട്ടില്‍ 8381 പേര്‍ മരണമടഞ്ഞു. ഇപ്പോഴുള്ള കേസുകളുടെ എണ്ണം 47,012. മഹാരാഷ്ട്രയില്‍ 2.9 ലക്ഷം കേസുകളാണുള്ളത്. മരണമടഞ്ഞത് 29,531 പേര്‍. ഈ സംസ്ഥാനങ്ങളില്‍നിന്നാണ് നമ്മുടെ നാട്ടിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ ഹ്രസ്വ സന്ദര്‍ശനത്തിനുള്‍പ്പെടെ എത്തുന്നത് എന്നതും ഓര്‍ക്കേണ്ടതുണ്ട്.

കഴിഞ്ഞദിവസം 34,756 പരിശോധന നടത്തിയതില്‍ 3139 പേര്‍ക്കാണ് പോസിറ്റീവായത്. ഇന്നലെ ഞായറാഴ്ചയായതിനാല്‍ പരിശോധനയുടെ എണ്ണം കുറഞ്ഞു. എന്നാല്‍, രോഗം ബാധിക്കുന്നവരുടെ എണ്ണം തത്തുല്യമായി കുറഞ്ഞില്ല. ടെസ്റ്റിന്‍റെ എണ്ണം 45,000 വരെ ഉയര്‍ന്നിരുന്നു. അത് അരലക്ഷത്തിലെത്തിക്കാന്‍ കഴിയണം എന്നാണ് കണ്ടിട്ടുള്ളത്.

സിഎസ്ഐആറിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്ക് ആന്‍റ് ഇന്‍റഗ്രേറ്റഡ് ബയോളജി എന്ന സ്ഥാപനത്തിന്‍റെ സഹകരണത്തോടെ വടക്കന്‍ ജില്ലകളിലെ രോഗികളില്‍ നടത്തിയ ജനിതക പഠനം നടത്തിയിരുന്നു. സംസ്ഥാനത്ത് വ്യാപന നിരക്ക് വളരെ കൂടുതലുള്ള വൈറസിന്‍റ സാന്നിധ്യമാണ്. അതില്‍ കണ്ടെത്തിയതെന്ന് വിദഗ്ധര്‍ പറയുന്നു. രോഗം പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രായാധിക്യമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ മരണ നിരക്ക് കൂടാന്‍ സാധ്യതയുണ്ട്.  ഈ പഠനത്തിന്‍റെ വെളിച്ചത്തില്‍ ബ്രേക്ക് ചെയിന്‍ കൂടുതല്‍ കര്‍ശനവും കാര്യക്ഷമമാക്കണം. ഈ പഠനം സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലും നടത്തും.

രോഗികള്‍ കൂടുന്ന അവസ്ഥയില്‍ എല്ലാ ജില്ലകളിലും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കുന്നത് ദ്രുതഗതിയിലാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ നേരിടുന്നതിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായാണ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളെ മാറ്റുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് സ്റ്റാഫിനെയും ഉള്‍പ്പെടെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍ററില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 194 സിഎഫ്എല്‍ടിസികളാണ് പ്രവര്‍ത്തിക്കുന്നത്.

അതില്‍ 26,425 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ പകുതിയോളം കിടക്ക ഇപ്പോള്‍ ഒഴിവുണ്ട്. ഒന്നാം ഘട്ടത്തില്‍ 133 സിഎഫ്എല്‍ടിസികളും 16,936 കിടക്കകളുമാണ് തയ്യാറാക്കിയത്. രണ്ടാം ഘട്ടത്തില്‍ 400 സിഎഫ്എല്‍ടിസികളും 31,359 കിടക്കകളും മൂന്നാംഘട്ടത്തില്‍ 664 സിഎഫ്എല്‍ടിസികളിലായി 46,155 കിടക്കകളുമാണ് ഉണ്ടാവുക. ആകെ 1391 സിഎഫ്എല്‍ടിസികളിലായി 1,21,055 കിടക്കകള്‍ സജ്ജമാവും.

കോവിഡ് പോസിറ്റിവായ എന്നാല്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ മാത്രം ഉള്ളവരെയുമാണ് ഫസ്റ്റ്ലൈന്‍ സെന്‍ററില്‍ ചികിത്സിക്കുന്നത്. ഭക്ഷണവും താമസവും ചികിത്സയുമെല്ലാം ഇവിടെ സൗജന്യമാണ്. സിഎഫ്എല്‍ടിസി രോഗികള്‍ക്ക് ആവശ്യമായ കിടത്തി ചികിത്സ ഡോക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൊടുക്കും. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സൗകര്യം ടെലിമെഡിസിന്‍ മുഖാന്തരം ലഭ്യമാകുകയും ചെയ്യുന്നുണ്ട്.

സിഎഫ്എല്‍ടിസികളില്‍ ഉള്ള രോഗികള്‍ ഡോക്ടര്‍മാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ഓരോ സിഎഫ്എല്‍ടിസിയെയും ഒരു കോവിഡ് ആശുപത്രിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. രോഗിയുടെ അസുഖം മൂര്‍ച്ഛിക്കുന്ന സാഹചര്യമുണ്ടായാല്‍ സിഎഫ്എല്‍ടിസിയിലെ ഡോക്ടര്‍ പരിശോധിക്കുകയും കൂടുതല്‍ ചികിത്സ ആവശ്യമാണെന്നു തോന്നിയാല്‍ കോവിഡ് ആശുപത്രിയിലേക്ക് ഉടന്‍ റഫര്‍ ചെയ്യുകയും ചെയ്യും. രോഗികള്‍ക്ക് ആവശ്യമായ കൗണ്‍സലിങ് കൊടുക്കുന്നതിനായി മാനസികാരോഗ്യ വിദഗ്ധരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്നാണ് കോവിഡ് ബ്രിഗേഡിന് രൂപം നല്‍കിയത്. വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങളും മനുഷ്യ വിഭവശേഷിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം കൂടുതലായി ആവശ്യമുണ്ട്.

ഈ സാഹചര്യത്തിലാണ് കോവിഡ് ബ്രിഗേഡ് വിപുലീകരിക്കുന്നത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യന്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് കോവിഡ് ബ്രിഗേഡിലെ അംഗങ്ങള്‍. കോവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത സേവനതത്പ്പരരാണ് ബ്രിഗേഡില്‍ അംഗങ്ങളായിരിക്കുന്നത്.

കോവിഡ് ബ്രിഗേഡില്‍ ചേരാന്‍ കൂടുതല്‍ ആളുകള്‍ രംഗത്തുവരണം. ഓണ്‍ലൈന്‍ വഴി രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. ഇതുവരെ 13,577 പേരാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 2562 ഡോക്ടര്‍മാരും 833 ബിഎഎംഎസ്കാരും, 1080 ബിഡിഎസ്കാരും, 293 എംബിബിഎസ്കാരും, 2811 നഴ്സുമാരും, 747 ലാബ് ടെക്നീഷ്യന്‍മാരും, 565 ഫാര്‍മസിസ്റ്റും, 3827 നോണ്‍ ടെക്നീഷ്യന്‍മാരും ഉള്‍പ്പെടുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ കുറവുള്ള ജില്ലകളിലാണ് കോവിഡ് ബ്രിഗേഡംഗങ്ങളെ നിയോഗിക്കുക. കാസര്‍കോട്ടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് ബ്രിഗേഡ് ഏറ്റെടുത്ത ആദ്യ ദൗത്യം. 6 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 26 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇതുകൂടാതെ മറ്റ് ജില്ലകളിലും ആവശ്യാനുസരണം കോവിഡ് ബ്രിഗേഡിനെ നിയോഗിക്കുന്നുണ്ട്.

സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തുറക്കാനാവില്ല എന്നുതന്നെയാണ് കാണുന്നത്. അങ്ങനെ ഇന്ത്യാ ഗവണ്‍മെന്‍റും പറഞ്ഞിട്ടില്ല.

സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികള്‍ വലിയതോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. അതിന് ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം. വീടുകളില്‍ കഴിഞ്ഞുകൊണ്ടുള്ള നിരീക്ഷണം വിജയകരമായാണ് സംസ്ഥാനത്ത് നടപ്പാകുന്നത്.

സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനും ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും ചില വ്യക്തികളും സംഘടനകളും ശ്രമിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ. കെ ടി ജലീലിനെ വഴിയില്‍ കാര്‍ കുറുകെ കയറ്റി തടയാന്‍ ശ്രമിച്ചത് അത്തരത്തിലൊന്നാണ്. ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് കൊല്ലം പാരിപ്പള്ളി ജങ്ഷനിനടുത്ത് മന്ത്രിയെ തടഞ്ഞത്. ഒരു കാര്‍ റോഡിലേക്ക് കയറ്റി ഇടുകയായിരുന്നു.
വലിയ അപകടം ക്ഷണിച്ചുവരുത്തുന്ന കൃത്യമാണ് ഉണ്ടായത്. കാറുകണ്ട് മന്ത്രിയുടെ വാഹനം വേഗം കുറച്ചപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാടിവീണു. അതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. സമരം പല തരത്തില്‍ നടക്കാറുണ്ട്. ദേശീയപാതയില്‍ വാഹനം കയറ്റിയിട്ട് അപകടം ക്ഷണിച്ചുവരുത്തുന്ന ഏര്‍പ്പാടിനെ സമരം എന്നു വിളിക്കാന്‍ കഴിയില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കൊല്ലം ജില്ലയില്‍ തന്നെയുണ്ടായ മറ്റൊരു അനുഭവമുണ്ട്.

കുന്നത്തൂര്‍ എംഎല്‍എ ശ്രീ. കോവൂര്‍ കുഞ്ഞുമോനെതിരെ തുടര്‍ച്ചയായി നടത്തുന്ന അതിക്രമമാണത്. അവിടെ സമരമല്ല, ഒരു പ്രത്യേകതരം ആഭാസമാണ് അരങ്ങേറുന്നത്. എംഎല്‍എയുടെ നേരെ മുണ്ടുപൊക്കിക്കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. ഇന്നലെ രാവിലെ ശാസ്താംകോട്ട മൈനാഗപ്പള്ളിയില്‍ ഒരു പൊതുപരിപാടി കഴിഞ്ഞ് മടങ്ങിപ്പോകാന്‍ കാറില്‍ കയറിയ എംഎല്‍എയുടെ വാഹനം തടയുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അത് ചെയ്തത്. കോവൂര്‍ കുഞ്ഞുമോന്‍റെ കുറ്റം നിയമസഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ രാഷ്ട്രീയം പറഞ്ഞു എന്നതാണ്.

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് കുഞ്ഞുമോന്‍ സഭയില്‍ പറഞ്ഞത്. അതിനാണ് അദ്ദേഹത്തെ ആക്രമിക്കുന്നത്. ഏതു തരം ജനാധിപത്യരീതിയാണ് ഇത് എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ഇത്തരം തെറ്റായ രീതികള്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളാനും ജാഗ്രത പുലര്‍ത്താനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി പൊലീസ് സ്വീകരിക്കും.

വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാനതല പൊലീസ് സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലായിരിക്കും ഈ സംഘം പ്രവര്‍ത്തിക്കുക.

മാസ്ക് ധരിക്കാത്ത 5068 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച രണ്ടുപേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ഇടപാടുകളും നിക്ഷേപങ്ങളും സംസ്ഥാനത്തിനും  രാജ്യത്തിനും വെളിയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തീരുമാനിച്ചു.

വാര്‍ത്താകുറിപ്പ്: 05-09-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിൽ നിന്ന്
05.09.2020

ഇന്ന് സംസ്ഥാനത്ത് 2655 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതില്‍ 2433 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 61 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 2111 പേര്‍ രോഗവിമുക്തരായി. ഇന്ന് സംസ്ഥാനത്ത് കോവിഡ്മൂലം 11 പേര്‍ മരണമടഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറില്‍ 40,162 സാമ്പിളികള്‍ പരിശോധിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് ആകെ 21,800 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്.

പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് ലാബിന്‍റെ ഉദ്ഘാടനം നാളെ നടക്കും. കോവിഡ് 19 മലാപ്പറമ്പിലെ ആരോഗ്യവകുപ്പിന്‍റെ പരിശീലന കേന്ദ്രത്തിലെ കെട്ടിടത്തിലാണ് റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറിയുടെ ആര്‍ടി പിസിആര്‍ വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇതോടെ ഇപ്പോള്‍ 23 സര്‍ക്കാര്‍ ലാബുകളിലും 10 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 33 സ്ഥലങ്ങളില്‍ കോവിഡ് 19 ആര്‍ടി പിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുണ്ട്.

ഇതുകൂടാതെ 800ഓളം സര്‍ക്കാര്‍ ലാബുകളിലും 300ഓളം സ്വകാര്യ ലാബുകളിലും ആന്‍റിജന്‍, എക്സ്പെര്‍ട്ട്/സിബിനാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ നടത്തുന്നുണ്ട്. ലാബ് സൗകര്യം കൂട്ടിയതോടെ പരിശോധനകള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കാനായിട്ടുണ്ട്.

ജില്ലകളിലെ പൊതുസ്ഥിതി
തിരുവനന്തപുരം ജില്ലയില്‍ തീരപ്രദേശങ്ങളില്‍ നിന്നുമാറി മിക്ക പ്രദേശങ്ങളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധയുള്ളത് തലസ്ഥാന ജില്ലയില്‍ തന്നെയാണ്. നിലവിലുള്ള ആക്ടീവ് കേസുകളുടെ എണ്ണം 4459 ആണ്. ഇന്ന് 512 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഏറ്റവും ഉയര്‍ന്ന രോഗബാധാ നിരക്ക് തലസ്ഥാനത്തു തന്നെയാണ്. ഇന്ന് 590 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് കൂടുതല്‍ ജാഗ്രതയോടെ ഇടപെടേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് രോഗബാധിതരുടെ എണ്ണക്കൂടുതല്‍ വിരല്‍ചൂണ്ടുന്നത്. ഓണാവധി കഴിഞ്ഞതോടെ നഗരത്തിലും ഗ്രാമങ്ങളിലും ഒരുപോലെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ അധികം രോഗബാധിതര്‍ കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലാണ്. തിരുവനന്തപുരത്തു നിന്നും രാത്രി കൊല്ലം തീരക്കടലില്‍ വള്ളങ്ങളിലെത്തി ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തിയത് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് കോസ്റ്റല്‍ പൊലീസ് സേനകളുടെ സംയുക്ത പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചു. കോവിഡ് പോസിറ്റീവ് ആകുന്ന കുടുംബങ്ങളിലെ രോഗബാധിതരല്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക കേന്ദ്രങ്ങളില്‍ സംരക്ഷണ സൗകര്യം ഒരുക്കുന്നുണ്ട്.
പത്തനംതിട്ട ജില്ലയില്‍ സെപ്റ്റംബര്‍ ഏഴു  മുതല്‍ സെന്‍റിനല്‍ സര്‍വലൈന്‍സിന്‍റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും റാപ്പിഡ് ആന്‍റിജന്‍ പരിശോധന നടത്തും.  

ആലപ്പുഴയിലെ ക്ലസ്റ്ററുകളിലെല്ലാം സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി ആന്‍റിജന്‍ പരിശോധനയിലൂടെ രോഗനിര്‍ണ്ണയം നടത്തി ആവശ്യമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആന്‍റിജന്‍ പരിശോധനയ്ക്കായി 2 കോടി 80 ലക്ഷം രൂപ ചെലവഴിച്ച് 50,000 ആന്‍റിജന്‍ ടെസ്റ്റ് കിറ്റുകളും 23 കിയോസ്ക്കുകളും ജില്ല പഞ്ചായത്ത് സ്ഥാപിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 190ലധികം ജീവനക്കാര്‍ ക്വാറന്‍റീനില്‍ പോയിരുന്നു. അത്യാഹിത വിഭാഗം, ഹൃദ്രോഗ വിഭാഗം, ട്രോമാ ഐസിയു, കാര്‍ഡിയാക് ഐസിയു, ലേബര്‍ റൂം, പീഡിയാട്രിക് ഐസിയു  എല്ലാ വിഭാഗത്തിലെയും വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുടര്‍ച്ചയായി മരുന്ന് കഴിക്കുന്ന രോഗികള്‍ക്ക് രണ്ടു മാസം വേണ്ട മരുന്നുകള്‍ ഒപി ഫാര്‍മസിയില്‍ നിന്ന് നല്‍കുന്നുണ്ട്.

കോട്ടയം ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ജില്ലയില്‍ ദിവസം ശരാശരി 1500 പേരെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. നാലു വ്യവസായശാലകള്‍ പുതിയ കോവിഡ് ഇന്‍സിറ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ 87 ശതമാനമാണ് രോഗമുക്തി.

എറണാകുളത്ത് ഫോര്‍ട്ട് കൊച്ചി, നെല്ലിക്കുഴി കോതമംഗലം ക്ലസ്റ്ററുകളില്‍ ആണ് രോഗവ്യാപനം ശക്തമായി തുടരുന്നത്.

കോഴിക്കോട് ജില്ലയില്‍ തീരദേശമേഖലകളിലാണ് രോഗവ്യാപനം കൂടുതലും. ഒന്‍പത് ക്ലസ്റ്ററുകളുള്ളതില്‍ അഞ്ചെണ്ണവും  തീരദേശത്താണ്. ചോറോട്, വെള്ളയില്‍, മുഖദാര്‍, കടലുണ്ടി മേഖലകളിലാണ് രോഗവ്യാപനം കൂടിവരുന്നത്. കടലുണ്ടിയില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 70 പേര്‍ക്ക് രോഗം ബാധിച്ചു. രോഗപരിശോധനയ്ക്ക് ചില പ്രദേശങ്ങളില്‍ ആളുകള്‍ വിമുഖത കാണിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

വയനാട് ജില്ലയില്‍ മേപ്പാടി ചൂരല്‍മല ക്ലസ്റ്ററില്‍ രോഗികള്‍ വര്‍ധിച്ചു വരികയാണ്. 858 പേരെ പരിശോധിച്ചതില്‍ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായ വാളാട് കേസുകള്‍ കുറഞ്ഞു വരുന്നുണ്ട്. ഇവിടെ 5065 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 347 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

കണ്ണൂര്‍ ജില്ലയില്‍ 15 ക്ലസ്റ്ററുകള്‍ ഉണ്ടായതില്‍ ആറെണ്ണമാണ് ആക്ടീവ് ആയി തുടരുന്നത്. ഇതില്‍ തലശ്ശേരി ഗോപാല്‍പേട്ട, തളിപ്പറമ്പ്, കണ്ണൂര്‍ തയ്യില്‍, കണ്ണര്‍ ഗവ. മെഡിക്കല്‍ കോളേജ്, മുഴപ്പിലങ്ങാട് എഫ്സിഐ എന്നിവയാണ് പ്രധാന ക്ലസ്റ്ററുകള്‍. പാട്യം  ക്ലസ്റ്ററില്‍  കേസുകള്‍ കുറഞ്ഞുവരികയാണ്. മറ്റ് ഒമ്പത് ക്ലസ്റ്ററുകളില്‍ രോഗബാധ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഇവിടെ പുതിയ കേസുകള്‍ ഉണ്ടാകുന്നില്ല.

കാസര്‍കോട് 276 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് മരണസംഖ്യ ഉയരുന്നത് കാസര്‍കോട്ട് ആശങ്കക്ക് കാരണമായിട്ടുണ്ട്. കോവിഡ് രോഗവ്യാപനത്തിന്‍റെ ആദ്യ രണ്ടു ഘട്ടത്തിലും ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ജില്ലയില്‍, മൂന്നാംഘട്ടത്തിലാണ് 42 പേര്‍ മരിച്ചത്. തീരദേശ പ്രദേശങ്ങളിലെ രോഗവ്യപനവും പ്രധാന വെല്ലുവിളിയാണ്.

എല്ലാ ജില്ലകളിലും രോഗവ്യാപനം തുടരുകയാണ്. ഓണാഘോഷവുമായി ബന്ധപ്പെട്ട് എത്രത്തോളം വ്യാപനമുണ്ടായി എന്നത് മനസ്സിലാവാനിരിക്കുന്നതേയുള്ളു. ഇതൊക്കെയാണെങ്കിലും കഴിഞ്ഞദിവസം സൂചിപ്പിച്ചതുപോലെ സംസ്ഥാനത്ത് കോവിഡ് വ്യാപനം മെച്ചപ്പെട്ട നിലയില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നുണ്ട് എന്നതാണ് ഈ കഴിഞ്ഞ ദിവസങ്ങളിലെ താരതമ്യ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ ഒറ്റ ദിവസം രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത്
86,432 പേര്‍ക്കാണ്.

പ്രതിരോധം- കേരളത്തിന്‍റെ മികവ്
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളം പുലര്‍ത്തിയ ജാഗ്രതയുടേയും നടത്തിയ പ്രവര്‍ത്തനങ്ങളുടേയും മികവ് മനസ്സിലാക്കാന്‍ കഴിയുന്നത് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോഴാണ്. ഏതു സൂചകങ്ങള്‍പരിശോധിച്ചാലും താരതമ്യേന മെച്ചപ്പെട്ട രീതിയിലാണ് ഈ മഹാമാരിയെ നാം നേരിടുന്നത്.

ഇന്ത്യയില്‍ ആദ്യത്തെ കോവിഡ് 19 കേസ് ഈ വര്‍ഷം ജനുവരി 30ന് കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നിട്ടും, ഈ കാലയളവിനുള്ളില്‍ കേസ് പെര്‍ മില്യണ്‍, അതായത് പത്തുലക്ഷം ജനങ്ങളില്‍ എത്ര പേര്‍ക്ക് രോഗബാധ ഉണ്ടായി, എന്നു നോക്കിയാല്‍ കേരളത്തിലത് 2168 ആണ്. 8479 ആണ് ആന്ധ്ര പ്രദേശിലെ കേസ് പെര്‍ മില്യണ്‍. 5000ത്തിനും മുകളിലാണ് തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും. തെലുങ്കാനയില്‍ 3482 ആണ്. ഇന്ത്യന്‍ ശരാശരി 2731 ആണ്. ജനസാന്ദ്രതയില്‍ ഈ സംസ്ഥാനങ്ങളേക്കാള്‍ എല്ലാം ഒരു പാട് മുന്നിലാണ് നമ്മളെന്നു കൂടെ ഓര്‍ക്കണം.

ആക്റ്റീവ് കേസുകളുടെ എണ്ണത്തില്‍ കേരളം അയല്‍ സംസ്ഥാനങ്ങളേക്കാള്‍ വളരെ ഭേദപ്പെട്ട നിലയിലാണ്. ഈ ഒന്നാം തീയതിയിലെ നിലയെടുത്താല്‍ 22,578 ആക്റ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. കര്‍ണ്ണാടകത്തില്‍ 91,018 ആക്റ്റീവ് കേസുകളാണ് ഉള്ളത്. 1,01,210 കേസുകളാണ് ആന്ധ്രപ്രദേശിലുള്ളത്. തമിഴ്നാട്ടില്‍ 52,379 കേസുകളും തെലുങ്കാനയില്‍ 32,341 കേസുകളാണുമുള്ളത്.

കര്‍ശനമായ ഡിസ്ചാര്‍ജ് പോളിസിയാണ് നമ്മള്‍ പിന്തുടരുന്നത് എന്നും ഓര്‍ക്കണം. മറ്റു പ്രദേശങ്ങളില്‍ 10 ദിവസങ്ങള്‍ കഴിഞ്ഞ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍, ആന്‍റിജന്‍ പരിശോധന നടത്തി നെഗറ്റീവായ ശേഷം മാത്രമാണ് കേരളത്തില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിക്കും എന്ന നിശ്ചയദാര്‍ഢ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല.
അതുകൊണ്ടാണ് ഏറ്റവും കുറഞ്ഞ മരണങ്ങള്‍ മാത്രം ഇവിടെ സംഭവിക്കുന്നത്. നമ്മുടെ ഡെത്ത് പെര്‍ മില്യണ്‍, അതായത് പത്തു ലക്ഷത്തില്‍ എത്ര പേര്‍ മരിച്ചു എന്നത്, 8.4 ആണ്. തമിഴ്നാട്ടില്‍ അത് ഏതാണ്ട് 11 ഇരട്ടിയാണ്. കര്‍ണ്ണാടകയില്‍ നമ്മുടേതിന്‍റെ ഏകദേശം 12 ഇരട്ടി മരണങ്ങള്‍ ആണ് ഉണ്ടായിരിക്കുന്നത്. ആന്ധ്ര പ്രദേശില്‍ 77.2 ആണ് ഡെത്ത് പെര്‍ മില്യണ്‍. ഇന്ത്യന്‍ ശരാശരി 48 ആണ്.

കേസ് ഫറ്റാലിറ്റി റേറ്റ്, അതായത് രോഗബാധിതരായ 100 പേരില്‍ എത്ര പേര്‍ മരിച്ചു എന്ന കണക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ 0.4 ആണ്. തമിഴ്നാട്ടിലും കര്‍ണാടകയിലും 1.7 ഉം, ആന്ധ്രപ്രദേശില്‍ 0.9 ഉം ആണ്. വയോജനങ്ങളുടെ എണ്ണവും, കാന്‍സര്‍, പ്രമേഹം പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണവും ജനസംഖ്യാനുപാതികമായി ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് നമ്മുടേത്. എന്നിട്ടും ഏറ്റവും കുറഞ്ഞ മരണ സംഖ്യ നില നിര്‍ത്താന്‍ സാധിക്കുന്നത് നമ്മുടെ നാടാകെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മികവിന്‍റെ ദൃഷ്ടാന്തമാണ്.
ടെസ്റ്റുകളുടെ കാര്യത്തിലും കേരളം ബഹുദൂരം മുമ്പിലാണ്. ലോകാരോഗ്യ സംഘടനയും ഐസിഎംആറും ഉള്‍പ്പെടെയുള്ള വിദഗ്ധ ഏജന്‍സികളെല്ലാം നിഷ്കര്‍ഷിക്കുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. അതനുസരിച്ച് ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എന്ന ശാസ്ത്രീയ സൂചകമുപയോഗിച്ച് പരിശോധിച്ചാല്‍ മെച്ചപ്പെട്ട രീതിയിലാണ് നമ്മള്‍ ടെസ്റ്റുകള്‍ നടത്തുന്നതെന്ന് കാണാം.

കേരളത്തിന്‍റെ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ 22 ആണ്. തമിഴ് നാടിന്‍റേത് 11 ആണ്. അതായത് 22 പേര്‍ക്ക് ടെസ്റ്റുകള്‍ ചെയ്യുമ്പോഴാണ് ഇവിടെ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നത്. തമിഴ്നാട്ടില്‍ 11 ടെസ്റ്റുകള്‍ നടത്തുമ്പോള്‍ ഒന്ന് എന്ന തോതിലാണ് രോഗം കണ്ടെത്തുന്നത്. തെലുങ്കാനയില്‍ അത് 10.9 ഉം, കര്‍ണ്ണാടകയിലും ആന്ധ്രപ്രദേശിലും 8.4 ഉം ആണ്.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, അതായത് 100 ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ എത്ര എണ്ണം പോസിറ്റീവ് ആകുന്നു എന്ന കണക്കു നോക്കിയാലും നമ്മള്‍ മികച്ച നിലയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിരിക്കുകയാണ് അഭികാമ്യം. കേരളത്തിന്‍റെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.3 ആണ്. തമിഴ്നാട്ടില്‍ 8.9ഉം തെലുങ്കാനയില്‍ 9.2ഉം, കര്‍ണാടകയിലും ആന്ധ്രയിലും 11.8ഉം ആണ്. കേരളം ഈ സംസ്ഥാനങ്ങളേക്കാള്‍ മികച്ച രീതിയില്‍ ടെസ്റ്റുകള്‍ നടത്തി എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതുകൊണ്ട് കോവിഡ് പ്രതിരോധത്തില്‍ തുടക്കം മുതലുള്ള മികവ് നമുക്ക് നിലനിര്‍ത്താനാവുന്നുണ്ട് എന്ന് നിസ്സംശയം പറയാം. എന്നാല്‍, നാം അവിടെ നില്‍ക്കുകയല്ല. ഈ കണക്കുകള്‍ വിശകലനം ചെയ്ത് രോഗവ്യാപനം കുറയ്ക്കാനുള്ള എല്ലാ സാധ്യതയും വരും നാളുകളില്‍ പരിശോധിച്ച് സര്‍ക്കാര്‍ ഇടപെടും.

സര്‍വകക്ഷിയോഗം
കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വകക്ഷി യോഗം ചേര്‍ന്നു. 2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്മെന്‍റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് സര്‍വകക്ഷിയോഗം പിന്തുണ നല്‍കി.

ഖരമാലിന്യ ശേഖരണവും സംസ്കരണവും ഇപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നിര്‍വ്വഹിക്കുന്നത്. 3500 ഹരിതകര്‍മ്മസേന യൂണിറ്റുകളും 888 ശേഖരണ കേന്ദ്രങ്ങളും 151 റിസോഴ്സ് റിക്കവറി സൗകര്യങ്ങളും കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ നിലവില്‍ വന്നിട്ടുണ്ട്. രാജ്യത്തെ തന്നെ മികച്ച സംവിധാനമാണ് സംസ്ഥാനത്തുള്ളത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെങ്കിലും ഖരമാലിന്യ ശേഖരണത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ജൈവ മാലിന്യങ്ങള്‍ വീടുകളിലും സ്രോതസ്സുകളിലും സംസ്കരിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഇന്നില്ല. നൂറു ശതമാനം അജൈവ മാലിന്യങ്ങള്‍ സംസ്കരിക്കാനുംപദ്ധതി ഉണ്ടാകേണ്ടതുണ്ട്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിന്തുണ ആവശ്യമാണ്.

മാലിന്യസംസ്കരണത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സാനിട്ടറി ലാന്‍റ് ഫില്‍ നിലവില്‍ വേണ്ടതുണ്ട്. വേസ്റ്റ് ട്രേഡിങ് സെന്‍ററുകള്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാകണം. ഇതിന് സമഗ്രമായ പദ്ധതി ആവശ്യമാണെന്ന് സര്‍ക്കാര്‍ കാണുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തമ്മില്‍ മാലിന്യസംസ്കരണ ശേഷിയില്‍ വലിയ അന്തരമുണ്ട്. ലക്ഷ്യം നേടണമെങ്കില്‍ ഈ അന്തരം മാറണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യസംസ്കരണത്തില്‍ തുല്യശേഷി കൈവരിക്കണം.
പദ്ധതി വിഹിതത്തിന്‍റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഫണ്ട് കൈമാറുന്നുണ്ട്. അതിനുപരിയായി ലോകബാങ്കില്‍നിന്നുള്ള വായ്പയാണ് കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ടിലൂടെ ലഭ്യമാക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഈ പ്രോജക്ടിലൂടെ 2100 കോടി രൂപയാണ് വായ്പ ലഭ്യമാവുക. ഇതില്‍ ലോകബാങ്കിന്‍റെ വിഹിതം 1470 കോടി രൂപയും കേരള സര്‍ക്കാരിന്‍റെ വിഹിതം 630 കോടി രൂപയുമാണ്. പ്രത്യേക പദ്ധതിക്കായി നല്‍കുന്ന വായ്പയായതിനാല്‍ ഇതിന് ലോകബാങ്ക് പൊതുവായ നിബന്ധനകളൊന്നും തന്നെ വയ്ക്കുന്നില്ല.
ഈ പദ്ധതിക്ക് പ്രധാനമായും മൂന്ന് ഭാഗങ്ങളുണ്ട്.
1.ശാക്തീകരണവും സാങ്കേതിക പിന്തുണയും
2. പ്രാദേശിക പശ്ചാത്തല സൗര്യങ്ങള്‍ സാനിറ്റേഷന്‍ രംഗത്ത് അധിക വിഭവങ്ങള്‍ ലഭ്യമാക്കുക.
ഏകോപനവും പ്രകൃതി സൗഹൃദമായ പുനഃചംക്രമണവും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരമുണ്ടാക്കാനും പ്രത്യേക സംവിധാനമുണ്ടാകും. പദ്ധതി കാലാവധി ആറുവര്‍ഷമാണ്.
ഒന്നും രണ്ടും ഘടകങ്ങള്‍ക്ക് ശുചിത്വ മിഷനും മൂന്നാമത്തേതിന് നഗരത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ് നടത്തിപ്പ് മേല്‍നോട്ടം. 93 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 183 ഗ്രാമപഞ്ചായത്തുകള്‍ക്കും ഈ പ്രോജക്ടിന്‍റെ ഗുണം ലഭിക്കും. പ്രോജക്ടിന്‍റെ ഭാഗമായി പ്രാരംഭ പഠനം നടത്താനും വിശദമായ പ്രോജക്ടുകള്‍ നടത്താനും വിവിധ ചട്ടങ്ങളുടെ പരിപാലനം നിരീക്ഷിക്കാനും സര്‍ക്കാരിന്‍റെയും ലോകബാങ്കിന്‍റെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താനും സര്‍ക്കാരിനെ സഹായിക്കാന്‍ പ്രോജക്ടിന്‍റെ ഭാഗമായി കണ്‍സള്‍ട്ടന്റുകൾ ഉണ്ടാകും.
ഗ്ലോബല്‍ ബിഡ്ഡിങ് പ്രക്രിയയിലൂടെയാണ് കണ്‍സള്‍ട്ടന്‍റുകളെ തെരഞ്ഞെടുക്കുന്നത്. 

വാര്‍ത്താകുറിപ്പ്: 03-09-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിൽ നിന്ന്
03.09.2020

ഇന്ന് സംസ്ഥാനത്ത് 1553 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. 1950 പേര്‍ രോഗവിമുക്തരായി. കോവിഡ്മൂലം 10 പേര്‍ മരണമടഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറില്‍ 30,342 സാമ്പിളികള്‍ പരിശോധിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് ആകെ 21,516 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്.
രാജ്യത്ത് ഒറ്റ ദിവസത്തെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 83,883 ആയി വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനകം 1043 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ  ഇന്ത്യയിലാകെ കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 38.54 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. 8.16 ലക്ഷം പോസിറ്റീവ് കേസുകള്‍ നിലവിലുണ്ട്. മരണസംഖ്യ 67,400ലെത്തിനില്‍ക്കുന്നു.

തത്തുല്യമായ വര്‍ധന കേരളത്തിലില്ലെങ്കിലും ഇവിടെയും സ്ഥിതി ആശ്വാസത്തിന് വകനല്‍കുന്നതല്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി പോസിറ്റീവ് ആകുന്ന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍, അത് നമ്മുടെ ജാഗ്രത കുറയ്ക്കാനുള്ള ഒരു സൂചനയല്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ഓണ അവധിയും മറ്റും ആയിരുന്നു. അതുകൊണ്ടുതന്നെ ആളുകള്‍ ടെസ്റ്റിന് പോകാന്‍ പൊതുവെ വിമുഖത പ്രകടിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും അടക്കം ടെസ്റ്റിന്‍റെ  എണ്ണത്തില്‍ കുറവുമുണ്ടായി. പൊതുവില്‍ അങ്ങനെ ടെസ്റ്റിന്‍റെ എണ്ണം കുറഞ്ഞത് കൊണ്ടാണ് കേസുകളുടെ എണ്ണത്തിലും കുറവുണ്ടായത്. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കൂടുതലുമാണ് എന്നത് പ്രത്യകം ശ്രദ്ധിക്കണം. ടെസ്റ്റുകള്‍ കൂടുന്ന സമയത്ത്  കേസുകളുടെ എണ്ണം സ്വാഭാവികമായും കൂടും. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് നമുക്ക് അഞ്ചിനു താഴെ ഈ ഘട്ടത്തില്‍ നിര്‍ത്തേണ്ടതാണ്.
എന്നാല്‍, കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ അത് എട്ടിന് മുകളിലാണ്. മറ്റൊരു കാര്യം കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ആണ് മൊത്തം കേസുകളുടെ 50 ശതമാനത്തില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടായത്. പകുതിയിലധികം കേസുകളും കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് വന്നത്. ഇതില്‍ നിന്നും കേസുകള്‍ വ്യാപിക്കുന്ന സാഹചര്യം തന്നെയാണ് നിലവിലുള്ളത് എന്ന് മനസ്സിലാക്കാം.

ഇപ്പോള്‍ ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഒക്ടോബര്‍ അവസാനത്തോടുകൂടി കേസുകള്‍ വീണ്ടും വര്‍ധിക്കും എന്നാണ്.

കഴിഞ്ഞ ജനുവരി മുതല്‍ നമ്മള്‍ കോവിഡിനെതിരെ പോരാടുകയാണ്. വ്യാപനം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തുന്നത് പിടിച്ചുനിര്‍ത്താനും നമുക്ക് കഴിഞ്ഞു. അതിലൂടെ നമുക്ക് മരണനിരക്ക് കുറയ്ക്കുവാനും സാധിച്ചു. കഴിഞ്ഞമാസം നമ്മള്‍ പ്രതീക്ഷിച്ച അത്ര രീതിയില്‍ പോസിറ്റീവ് കേസുകളുടെ വര്‍ധന ഉണ്ടായിട്ടില്ല. ജനങ്ങളാകെ ഒരു പരിധിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി എന്നതുകൊണ്ടാണ് അത് സാധ്യമായത്. നമ്മുടെ സംവിധാനങ്ങള്‍ അടക്കം കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തു.വിദഗ്ധര്‍ പറഞ്ഞത് ഈ സമയത്ത് 10000നും 20000നും ഇടയില്‍ കേസുകള്‍ വരുമെന്നായിരുന്നു. എന്നാല്‍, അത് പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. അതേസമയം രോഗവ്യാപനം ഉയരുകയും ചെയ്തു.

ഓണാവധിക്കാലത്ത് നമ്മുടെ മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളും സജീവമായിരുന്നു. ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിന്‍റെ തോത് വര്‍ധിച്ചിട്ടുണ്ട്. ആളുകള്‍ കൂടുതലായി ഓണാഘോഷത്തിന് നാട്ടിലെത്തിട്ടുണ്ട്. ഇതിന്‍റെയെല്ലാം ഫലമായി രോഗവ്യാപനം വര്‍ധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകാന്‍ ഇനിയും ദിവസങ്ങളെടുക്കും. അടുത്ത രണ്ടാഴ്ച പ്രധാനമാണ് എന്നര്‍ത്ഥം. കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടുകൂടി പൊതുവെ എല്ലായിടത്തും തിരക്ക് വര്‍ധിച്ചിട്ടുണ്ട്.

കോവിഡിനൊപ്പം തന്നെ ജീവിതം കൊണ്ടു പോവുക എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇളവുകള്‍ കൂടുതലായി നല്‍കുന്നത്. ഇളവുകള്‍  ഉള്ളപ്പോള്‍ തന്നെ വ്യക്തിപരമായി ജാഗ്രതയും നമ്മള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്.
ലോക്ക്ഡൗണ്‍ നാലാംഘട്ട ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കാലത്തും അടച്ചിട്ടുപോകാനാവില്ല. സംസ്ഥാനവും ഉചിതമായ രീതിയില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. ഇങ്ങനെ ഔപചാരികമായ നിയന്ത്രണങ്ങള്‍ ഒഴിവാകുമ്പോള്‍ ഒരുതരത്തിലുമുള്ള നിയന്ത്രണം വേണ്ട എന്നല്ല അതിനര്‍ത്ഥം. നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി കോവിഡ് പ്രതിരോധം മാറുകയാണ്. അതായത്, ശരീരിക അകലം പാലിക്കലും രോഗം പകരാനുള്ള എല്ലാ സാധ്യതകളില്‍നിന്നും അകന്നുനില്‍ക്കലും നാം ഓരോരുത്തരും നമ്മുടെ പ്രതിജ്ഞയായി തന്നെ ഏറ്റെടുക്കണം.

വയോജനങ്ങളുമായി കുറച്ചധികം സമ്പര്‍ക്കം ഉണ്ടായ ദിവസങ്ങളാണ് കഴിഞ്ഞു പോയത്. അതുകൊണ്ടുതന്നെ ഈ ഓണ ദിവസങ്ങളുമായി ബന്ധപ്പെട്ട് അടുത്ത 14 ദിവസം നാം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍. ഓണം ക്ലസ്റ്റര്‍ എന്ന തരത്തില്‍ തന്നെ  വിപുലീകരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ സംവിധാനങ്ങളും വ്യക്തികളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രോഗവ്യാപനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്ക് എത്താതിരിക്കാനുള്ള സ്വയം പരിശ്രമം ഉണ്ടാകണം. വയോജനങ്ങളിലേക്ക് വ്യാപനം കൂടിയാല്‍ മരണനിരക്കും അതിനനുസരിച്ച് വര്‍ധിക്കുമെന്ന് നാം ഓര്‍ക്കണം.

നമ്മള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വ്യാപനതോത് കഴിഞ്ഞ ദിവസങ്ങളില്‍  ഉണ്ടായില്ലെങ്കിലും  അടുത്ത 14 ദിവസം നാം വലിയ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പുതിയ ക്ലസ്റ്ററുകള്‍ ഉണ്ടാവാനും ശക്തമായ വ്യാപനത്തിനുമുള്ള സാധ്യത മുന്നില്‍ കണ്ട് വേണം ജാഗ്രത പുലര്‍ത്താന്‍. ജാഗ്രത എത്രകാലം തുടരണം എന്നത് പലരും ആലോചിക്കുന്നുണ്ടാകും. വാക്സിന്‍ വരുന്നതുവരെ സോഷ്യല്‍ വാക്സിന്‍ എന്ന തരത്തില്‍ ഈ ജാഗ്രത നാം തുടരുക തന്നെ വേണം. ബ്രേക്ക് ദി ചെയിന്‍ പോലെയുള്ള സോഷ്യല്‍ വാക്സിനാണ് നാം ഫലവത്തായി  നടപ്പാക്കേണ്ടത്. കോവിഡ് ബ്രിഗേഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു ശേഷം വലിയ സ്വീകാര്യതയാണ് അതിന് ലഭിച്ചത്.

കോവിഡ് ജാഗ്രത പോര്‍ട്ടലില്‍  രജിസ്ട്രേഷന്‍ വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതുവരെ 12,804 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 6236 പേര് മെഡിക്കല്‍ പ്രൊഫഷനല്‍സ് ആണ്. അലോപ്പതി, ആയുര്‍വേദ, ഹോമിയോ അടക്കം 2397 ഡോക്ടര്‍മാരും 2605 നഴ്സുമാരും 706 ലാബ് ടെക്നീഷ്യന്‍ മാരും 530 ഫാര്‍മസിസ്റ്റുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ രജിസ്റ്റര്‍ ചെയ്തവരൊക്കെ ഒരു കരുതല്‍ ഫോഴ്സായി നമ്മുടെ കൂടെയുണ്ടാകും. വിദഗ്ധര്‍ പ്രവചിച്ചതുപോലെ കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ഇവരുടെ സേവനം ആശുപത്രികളിലും സിഎഫ് എൽടിസികളിലും ഉപയോഗിക്കാനാകും. ഇവരുടെ ആദ്യ ടീമിനെ കഴിഞ്ഞദിവസം കാസര്‍കോട്ടേക്ക് അയക്കുകയുണ്ടായി. കോവിഡ് ബ്രിഗേഡിലേക്ക് കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
ഈ ഓണക്കാലത്ത് കടകളിലും ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങള്‍ നല്ല തോതില്‍ പാലിച്ചിട്ടുണ്ട്. എന്നാല്‍, തീരേ നിയന്ത്രണങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ ചില കേന്ദ്രങ്ങളിലുണ്ടായി. കടകളിലോ മാര്‍ക്കറ്റുകളിലോ ചെല്ലുന്നവര്‍ പേരെഴുതി ഇടണം എന്നത് നിര്‍ബന്ധമാക്കിയിരുന്നു. അതില്‍ വീഴ്ചയുണ്ടായി. അവിടെ സൂക്ഷിച്ച പേന ഉപയോഗിക്കുന്നതില്‍ പലര്‍ക്കും വിമുഖതയുമുണ്ടായി.
ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുന്ന സംവിധാനം കോഴിക്കോട്ട് വിജയകരമായി പരീക്ഷിക്കുകയാണ്. ഒരു കേന്ദ്രത്തില്‍, അത് സര്‍ക്കാര്‍ ഓഫീസിലായാലും ഷോപ്പുകളിലായാലും മാളുകളിലായാലും എത്തുന്നവര്‍ അവിടെ പ്രദര്‍ശിപ്പിച്ച ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക എന്നതാണ് രീതി. അതോടെ അവിടെ എത്തിയ ആളിനെക്കുറിച്ച് ഇലക്ട്രോണിക്കായി ആവശ്യമായ വിവരങ്ങള്‍ രേഖയില്‍ വരും. പിന്നീട് ആ ഷോപ്പിലോ സ്ഥലത്തോ കോവിഡ് ബാധയുണ്ടാവുകയാണെങ്കില്‍ അവിടെ സന്ദര്‍ശിച്ച എല്ലാവര്‍ക്കും സന്ദേശവും ആവശ്യമായ നിര്‍ദേശവും നല്‍കാന്‍ ഇത് സഹായകമാകും. ഇത്തരം രീതി പൊതുവേ എല്ലായിടത്തും പ്രായോഗികമാക്കാവുന്നതാണ്.

മാസ്ക് ധരിക്കാത്ത 7477 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനര്‍ത്ഥം സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച രീതിയിലുള്ള പ്രതിരോധ ഇടപെടല്‍ കുറയുന്നു എന്നാണ്. ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരായ കേസുകളുടെ എണ്ണവും കൂടുന്നുണ്ട്. മാസ്ക് ധരിക്കുന്നത് സ്വന്തം രക്ഷയ്ക്കുവേണ്ടി മാത്രമല്ല, ചുറ്റുമുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനുമാണ്. അക്കാര്യത്തില്‍ നമ്മള്‍ ഓരോരുത്തരും തുടര്‍ന്നും ജാഗ്രത പാലിച്ചേ മതിയാകൂ.
ലോക്ക്ഡൗണിനുശേഷം കേരളത്തിലേക്ക് എത്തിയവരുടെ എണ്ണം ഒമ്പതുലക്ഷം കഴിഞ്ഞിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 9,10,684. അതില്‍ 61 ശതമാനവും (5,62,693) മറ്റു സംസ്ഥാനങ്ങളില്‍നിന്നാണ്. വിദേശ രാജ്യങ്ങളില്‍നിന്ന് 3,47,991 പേര്‍ വന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരില്‍ 61.26 ശതമാനം പേരും തീവ്ര രോഗവ്യാപനമുള്ള റെഡ്സോണുകളില്‍നിന്നുള്ളവരാണ്.

ഓപ്പണ്‍ സര്‍വകലാശാലാ പ്രഖ്യാപനം

ഇന്നലെ ശ്രീനാരായണ ഗുരു ജയന്തിയായിരുന്നു. ഗുരുവിന് ഉചിതമായ സ്മാരകങ്ങള്‍ ഉണ്ടാവുക എന്നത് ഓരോ മലയാളികളുടെയും ആഗ്രഹമാണ്. അനൗപചാരിക വിദ്യാഭ്യാസത്തിന്‍റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്‍റെ കെടാവിളക്കുമായ ശ്രീനാരായണ ഗുരുവിന്‍റെ നാമധേയത്തില്‍ കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല രൂപീകരിക്കാനുള്ള തീരുമാനം ഇവിടെ പ്രഖ്യാപിക്കുകയാണ്. ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തിലാണ് ഈ ഓപ്പണ്‍ സര്‍വകലാശാലാ നിലവില്‍വരിക.  
കേരളത്തിലെ പ്രാചീന തുറമുഖ നഗരവും തൊഴിലാളി കേന്ദ്രവുമായ കൊല്ലമായിരിക്കും പുതിയ സര്‍വകലാശാലയുടെ ആസ്ഥാനം. നിലവിലെ നാല് സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങള്‍ സംയോജിപ്പിച്ചാണ്ഈ ഓപ്പണ്‍ യൂണിവേഴ്സിറ്റി ആരംഭിക്കുക.

ഏതു പ്രായത്തിലുള്ളവര്‍ക്കും പഠിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും. കോഴ്സ് പൂര്‍ത്തിയാക്കാതെ ഇടയ്ക്ക് പഠനം നിര്‍ത്തുന്നവര്‍ക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് കഴിയും. ദേശീയ, അന്തര്‍ദേശീയ രംഗത്തെ പ്രഗല്‍ഭരായ അധ്യാപകരുടെയും വിദഗ്ധരുടെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഓപ്പണ്‍  സര്‍വകലാശാലയുടെ പ്രത്യേകതയായിരിക്കും.
സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ ലാബുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും പുതിയ സര്‍വകലാശാലക്കായി പ്രയോജനപ്പെടുത്തും. പരമ്പരാഗത കോഴ്സുകള്‍ക്ക് പുറമെ നൈപുണ്യ വികസന കോഴ്സുകളും ഓപ്പണ്‍ സര്‍വകലാശാല നടത്തും. ഇതിലൂടെ വിദ്യാഭ്യാസത്തിന്‍റെ ജനകീയവല്‍ക്കരണ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാകുക.

സഹായം
ലൈഫ് പദ്ധതിയുടെ ഭാഗമായി സഹകരണവകുപ്പ് നടപ്പാക്കുന്ന കെയര്‍ഹോം ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതിന് കല്‍പറ്റ വാരമ്പറ്റ റോഡിനടുത്ത് ഒരേക്കര്‍ സ്ഥലം ബോബി ചെമ്മന്നൂര്‍ സംഭാവന നല്‍കി. 

വാര്‍ത്താകുറിപ്പ്: 30-08-2020

മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനത്തിൽ നിന്ന്
30.08.2020

മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നാണ് ഓണസങ്കല്‍പ്പം. അത്തരമൊരു കാലം നമുക്ക് ഇനിയും ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതേയുള്ളൂ. സമത്വസുന്ദരമായ, മനുഷ്യനും മനുഷ്യനും തമ്മില്‍ വേര്‍തിരിവുകളില്ലാത്ത ഒരു കാലം.

എല്ലാവരും സ്‌നേഹത്തില്‍, സമാധാനത്തില്‍, സമൃദ്ധിയില്‍ സന്തോഷപൂര്‍വ്വം കഴിയുന്ന കാലത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ക്രിയാത്മകമായ ഇടപെടലും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും കൂടിയേ തീരൂ.

ദീര്‍ഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലുമുള്ള പ്രവര്‍ത്തന പദ്ധതിയുംവേണം.
ഈ ലക്ഷ്യം മുന്‍നിര്‍ത്തി ക്ഷേമപദ്ധതികളും വികസന പദ്ധതികളും നടപ്പാക്കുമെന്നാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നല്‍കിയ വാഗ്ദാനം. അത് ഒന്നൊന്നായി പാലിച്ചുവരികയാണ്. നടപ്പില്‍ വരുത്തിയ കാര്യങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും ജനസമക്ഷം സമര്‍പ്പിച്ചിട്ടുമുണ്ട്. ഇന്ന് അടുത്ത 100 ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതും തുടക്കം കുറിക്കാനാകുന്നതുമായ കര്‍മപദ്ധതി ഓണ സന്ദേശത്തോടൊപ്പം ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിക്കുകയാണ്. നൂറുദിവസത്തിനുള്ളില്‍ നൂറ് പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കും.

കര്‍ക്കിടകം പഞ്ഞമാസമാണെന്നാണല്ലോ. ആ പഞ്ഞമാസത്തെ നമ്മള്‍ മറികടക്കുന്നത് അതിനപ്പുറത്ത് ഒരു പൊന്‍ചിങ്ങവും അതിന്റെ ഭാഗമായി തിരുവോണവുമുണ്ട് എന്ന പ്രത്യാശകൊണ്ടാണ്. ഇന്നത്തെ ദുഃഖപൂര്‍ണ്ണമായ കോവിഡ് കാലത്തെ നമ്മള്‍ മറികടക്കുന്നതും ഇതിനപ്പുറത്ത് സൗഖ്യപൂര്‍ണ്ണമായ ഒരു നല്ല കാലമുണ്ട് എന്ന പ്രത്യാശ കൊണ്ടാണ്. ആ പ്രത്യാശ തന്നെയാണ് കോവിഡ് മഹാമാരിയെ മുറിച്ചുകടക്കാന്‍ ഉപയുക്തമാകുന്ന 100 ദിന കര്‍മ്മപരിപാടികളുടെ ആവിഷ്‌കാരത്തിനു പിന്നിലുള്ളത്. ഈ മഹാമാരിക്കിടയിലും സന്തോഷകരമായ ഓണം മലയാളികള്‍ക്ക് ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. കോവിഡിനെ പ്രതിരോധിച്ചുകൊണ്ടുതന്നെ ജീവിതത്തെയും മുന്നോട്ടുകൊണ്ടുപോകുകയാണ് നമ്മള്‍.

പകര്‍ച്ചവ്യാധി നമ്മുടെ സമൂഹത്തിലും സമ്പദ്ഘടനയിലും ഗൗരവമായ തകര്‍ച്ച സൃഷ്ടിച്ചു. ഒരു നവകേരളം സൃഷ്ടിക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി മുന്നേറുമ്പോഴാണ് ഈ മഹാവ്യാധി നേരിടേണ്ടിവന്നത്. അതിനുമുമ്പ് പ്രകൃതിദുരന്തങ്ങളും നാം നേരിട്ടു. അതുമൂലം വേഗം കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിതോത്സാഹത്തോടെ മുന്നോട്ടുകൊണ്ടുപോയേ മതിയാകൂ. ഇത് സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷമാണ്. നാലാം വാര്‍ഷികാഘോഷങ്ങള്‍ കോവിഡ് സാഹചര്യത്തില്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കുന്നില്ല.

സാധാരണക്കാര്‍ക്കു സംരക്ഷണം
ഇനിയുള്ള ദിവസങ്ങളിലും കോവിഡ് 19 ശക്തമായി തുടരുമെന്നതിനാല്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരിട്ടുതന്നെ പരമാവധി സമാശ്വാസ സഹായങ്ങള്‍ എത്തിക്കും. ഒരാളും പട്ടിണികിടക്കാന്‍ പാടില്ല. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വളരെയേറെ പ്രശംസ നേടിയ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലുമാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെയായിരിക്കും കിറ്റ് വിതരണം.

ഈ  സര്‍ക്കാരിന്റെ ഏറ്റവും  നല്ല പ്രവൃത്തി  ഏതെന്നു ചോദിച്ചാല്‍ ആദ്യം പറയാവുന്നത് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എന്നാണ്.  യു.ഡി.എഫ് ഭരണം ഒഴിയുമ്പോള്‍ 35 ലക്ഷം പേര്‍ക്ക് 600 രൂപ നിരക്കില്‍ ആയിരുന്നു പെന്‍ഷന്‍.  അത്  പോലും കൃത്യമായി വിതരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല.  നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രകടന പത്രികയില്‍  ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രധാന വാഗ്ദാനമായിരുന്നു സാമൂഹ്യക്ഷേമ പെന്‍ഷനുകളിലെ വര്‍ധന.  അത് അക്ഷരംപ്രതി പാലിക്കുവാന്‍  കഴിഞ്ഞു എന്നതില്‍ അത്യധികം അഭിമാനമുണ്ട്. പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് 1000 രൂപയായും തുടര്‍ന്ന് 1200 രൂപയായും 1300  രൂപയായും വര്‍ധിപ്പിച്ചു.  
35 ലക്ഷം ഗുണഭോക്താക്കള്‍ എന്നത് 58 ലക്ഷമാക്കി ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ചു. അര്‍ഹരായ 23 ലക്ഷം പേരെ പുതുതായി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു എന്നത് ചെറിയ കാര്യമല്ല. കുടിശികയില്ലാതെ പെന്‍ഷന്‍ വിതരണം ചെയ്യാനും കഴിയുന്നുണ്ട്. ഇപ്പോള്‍ ആ രംഗത്ത് രണ്ട് സുപ്രധാന തീരുമാനങള്‍ എടുക്കുകയാണ്.

ഒന്ന്: സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ദ്ധിപ്പിക്കുന്നു.

രണ്ട്: ഇനി പെന്‍ഷന്‍ മാസംതോറും വിതരണം ചെയ്യും.

ആരോഗ്യ സംരക്ഷണം
കോവിഡിനെതിരെ പൊതു ആരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രികളുടെ പശ്ചാത്തലസൗകര്യ വികസനം, മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയില്‍ വലിയ കുതിപ്പാണ് സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളത്. പകര്‍ച്ചവ്യാധി തുടങ്ങിയതിനുശേഷം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി 9,768 ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ചു. ഇതിനു പുറമെ 1200 ഹൗസ് സര്‍ന്മാരെയും 1152 അഡ്‌ഹോക്ക് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

ഇനിയും ആവശ്യം വന്നാല്‍ അടുത്ത 100 ദിവസത്തിനുള്ളില്‍ വേണ്ട ജീവനക്കാരെക്കൂടി ആരോഗ്യസംവിധാനത്തിന്റെ ഭാഗമാക്കി മാറ്റും. ഫസ്റ്റ്‌ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷം ആയി ഉയര്‍ത്തും.

സംസ്ഥാനത്തെ  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സമ്പൂര്‍ണ്ണ സൗകര്യമുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ഇതുവരെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. വരുന്ന നൂറുദിവസങ്ങളില്‍  153 കുടുംബാംരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇവിടങ്ങളില്‍ രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകും. മെഡിക്കല്‍ കോളേജ്/ ജില്ലാ/ ജനറല്‍ / താലൂക്ക് ആശുപത്രികളുടെ ഭാഗമായ  24 പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കും. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍, 9 സ്‌കാനിംഗ് കേന്ദ്രങ്ങള്‍, 3 പുതിയ കാത്ത് ലാബുകള്‍, 2 ആധുനിക ക്യാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ എന്നിവ പൂര്‍ത്തീകരിക്കും.

പൊതു വിദ്യാലയങ്ങള്‍
2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ സാധാരണഗതിയില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഏതാണ്ട് ഒരു വര്‍ഷക്കാലം വിദ്യാലയ അന്തരീക്ഷത്തില്‍ നിന്ന് അകന്നു നിന്നതിനുശേഷം സ്‌കൂള്‍ അങ്കണത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തല സൗകര്യവും ഒരുക്കി  വരവേല്‍ക്കും.  

500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കിഫ്ബി ധനസഹായത്തോടെ കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്. ഓരോ സ്‌കൂളിനും 5 കോടി രൂപ വീതം മുടക്കി നിര്‍മിക്കുന്ന 35 സ്‌കൂള്‍ കെട്ടിടങ്ങളും 3 കോടി രൂപ ചെലവില്‍ പണി തീര്‍ക്കുന്ന 14 സ്‌കൂള്‍ കെട്ടിടങ്ങളും 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്‌കൂള്‍ കെട്ടിടങ്ങളുടെയും പണി പൂര്‍ത്തിയാകും. 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി ആരംഭിക്കും.

45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റിയിട്ടുണ്ട്. എല്ലാ എല്‍പി സ്‌കൂളുകളും ഹൈടെക്കാക്കി മാറ്റാനുള്ള പരിപാടി കിഫ്ബി സഹായത്തോടെ പുരോഗമിക്കുകയാണ്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ 11,400 സ്‌കൂളുകളില്‍ ഹൈടെക് കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കും.

ഫസ്റ്റ്‌ബെല്‍ ഓണ്‍ലൈന്‍ അധ്യയന പരിപാടി കേരളത്തിന് നവീനമായ അനുഭവങ്ങളാണ് നല്‍കിയത്. കെഎസ്എഫ്ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ അഞ്ചുലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി 100 ദിവസത്തിനുള്ളില്‍ വിതരണം ആരംഭിക്കും.

18 കോടി രൂപയുടെ ചെങ്ങന്നൂര്‍ ഐടിഐ അടക്കം നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ അനുവദിക്കും. ആദ്യത്തെ 100 കോഴ്‌സുകള്‍ സെപ്തംബര്‍ 15നകം പ്രഖ്യാപിക്കും. എ പി ജെ അബ്ദുള്‍കലാം സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല എന്നിവയ്ക്ക് സ്ഥിരം കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലാസ്ഥാപനം നടത്തും. 126 കോടി രൂപ മുതല്‍മുടക്കില്‍ 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കും.

തൊഴില്‍
ഈ സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ട് 1,41,615 പേര്‍ക്ക് തൊഴില്‍ നല്‍കി. ഇതില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് ഉള്‍പ്പെടുത്തിയിട്ടില്ല.

പിഎസ്‌സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെ നിയമ-ധന-പൊതുഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ സൃഷ്ടിക്കും.

നിയമനം പിഎസ്‌സിയെ ഏല്‍പ്പിച്ചാലും   സ്‌പെഷ്യല്‍ റൂള്‍സിന്റെ അപാകം മൂലം ഉദ്ദേശ്യം പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പേഴുള്ളത്. ഈ പ്രശ്‌നം പരിഹരിക്കു എന്നത് ഉദ്യോഗാര്‍ത്ഥികളുടെ ഏറെനാളായുള്ള ആവശ്യമാണ്. ഈ സ്ഥാപനങ്ങളുടെ സ്‌പെഷ്യല്‍ റൂള്‍സിന് അവസാനരൂപം നല്‍കും. ടാസ്‌ക്ക് ഷോഴ്‌സ് സമയബന്ധിതമായി ഈ വിഷയത്തിന് പരിഹാരം കാണും.

100 ദിവസത്തിനുള്ളില്‍ കോളേജ്, ഹയര്‍ സെക്കണ്ടറി മേഖലകളിലായി 1000 തസ്തികകള്‍ സൃഷ്ടിക്കും.
100 ദിവസത്തിനുള്ളില്‍ 15,000 നവസംരംഭങ്ങളിലൂടെ 50,000 പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കും.  പ്രാദേശിക സഹകരണ ബാങ്കുകള്‍,  കുടുംബശ്രീ, കെഎഫ്‌സി , ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയായിരിക്കും മുഖ്യ ഏജന്‍സികള്‍. ഒരു പ്രത്യേക പോര്‍ട്ടലിലൂടെ ഓരോ ഏജന്‍സികളും അധികമായി സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ പ്രസിദ്ധീകരിക്കും.

ഗതാഗതം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 961 കോടി രൂപ മുടക്കി 5,000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും റീബില്‍ഡ് കേരളയുമായി ഭാഗമായി 392.09 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ള ഗ്രാമീണ റോഡുകള്‍ക്കും തുടക്കം കുറിക്കും.

1,451 കോടി രൂപയുടെ 189 പൊതുമരാമത്ത്-കിഫ്ബി റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. 901 കോടി രൂപയുടെ 158 കിലോമീറ്റര്‍ കെഎസ്ടിപി റോഡുകള്‍, കുണ്ടന്നൂര്‍, വെറ്റില ഫ്‌ളൈഓവറുകളടക്കം 21 പാലങ്ങള്‍ എന്നിവയും ഉദ്ഘാടനം ചെയ്യും.

671.26 കോടി രൂപയ്ക്ക് ടെണ്ടര്‍ നല്‍കിയ   41 കിഫ്ബി പദ്ധതികള്‍ നവംബറിനകം ഉദ്ഘാടനം ചെയ്യും. പുനലൂര്‍ നഗരറോഡ് നവീകരണം, ചങ്ങനാശ്ശേരി കവിയൂര്‍, ശിവഗിരി റിംഗ് റോഡ്, ചെറുന്നിയൂര്‍-കിളിമാനൂര്‍ റോഡ്, ഇലഞ്ഞിമേല്‍ ഹരിപ്പാട്, നന്ദാരപ്പടവ്  ചേവാര്‍ ഹില്‍ ഹൈവേ റീച്ച്  എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. സ്റ്റേഡിയങ്ങള്‍, മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍, പ്രീ-മെട്രിക് ഹോസ്റ്റലുകള്‍ തുടങ്ങിയവയും ഇതില്‍പ്പെടുന്നുണ്ട്.

കോവളം ബേക്കല്‍ ജലപാതയുടെ 590 കിലോമീറ്ററില്‍ 453 കിലോമീറ്റര്‍ ഗതാഗതയോഗ്യമാക്കും. ചമ്പക്കുളം, പറശ്ശിനിക്കടവ്, പഴയങ്ങാടി എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളും കല്ലായി പറമാംമ്പില്‍ പാലങ്ങളും പൂര്‍ത്തീകരിക്കും.

കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി,  സെയ്ഫ് കേരള കണ്‍ട്രോള്‍ റൂം എന്നിവ ഉദ്ഘാടനം ചെയ്യും. ആദ്യത്തെ ഇലക്ട്രിക് ഹൈബ്രിഡ് ക്രൂയിസ് വെസല്‍, രണ്ട് കാറ്റമറന്‍ ബോട്ടുകള്‍, രണ്ട് വാട്ടര്‍ ടാക്‌സികള്‍ എന്നിവ നീരണിയും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പോര്‍ട്ട് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും.
വയനാട് തുരങ്കം റൂട്ടിന്  കൊങ്കണ്‍ റെയില്‍ കേര്‍പ്പറേഷന്‍ അന്തിമ രൂപം നല്‍കിയിട്ടുണ്ട്.  ഇന്‍വെസ്റ്റിഗേഷനും ടെണ്ടറിങ്ങും അടക്കമുള്ള നിര്‍വ്വഹണച്ചുമതല കൊങ്കണ്‍ റെയില്‍വേയ്ക്കാണ്. തുരങപാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നിര്‍ണ്ണായക മുന്നേറ്റം നൂറു ദിവസത്തിനകം നടത്താനാകും.

കൃഷി
സുഭിക്ഷ കേരളം പദ്ധതി പച്ചക്കറി ഉല്‍പ്പാദനത്തില്‍ കുതിച്ചുചാട്ടം സൃഷ്ടിച്ചിരിക്കുകയാണ്. വിപണനം പ്രധാനം പ്രശ്‌നമായി ഉയര്‍ന്നു വന്നിരിക്കുന്നു. അടുത്ത കേരളപ്പിറവി ദിനത്തില്‍  14 ഇനം പച്ചക്കറികള്‍ക്ക്  തറവില പ്രഖ്യാപിക്കും. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം പച്ചക്കറിക്ക് തറവില ഏര്‍പ്പെടുത്തുന്നത്. പച്ചക്കറി ന്യായവിലയ്ക്ക് ഉപഭോക്താവിന് ഉറപ്പുവരുത്തുന്നതിനും കൃഷിക്കാരില്‍ നിന്നും സംഭരിക്കുന്നതിനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ കടകളുടെ ശൃംഖല ആരംഭിക്കും.

കൃഷിക്കാര്‍ക്ക് തത്സമയം തന്നെ അക്കൗണ്ടിലേയ്ക്ക് പണം നല്‍കും. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ മിച്ച പഞ്ചായത്തുകളില്‍ നിന്നും കമ്മിയുള്ള പഞ്ചായത്തുകളിലേക്ക് പച്ചക്കറി നീക്കുന്നതിനുള്ള ചുമതലയെടുക്കും. തറവില നടപ്പാക്കുമ്പോള്‍ വ്യാപാര നഷ്ടം ഉണ്ടായാല്‍ നികത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. കരട് രൂപരേഖ ചര്‍ച്ചയ്ക്കുവേണ്ടി സെപ്തംബര്‍ രണ്ടാംവാരത്തില്‍ പ്രസിദ്ധീകരിക്കും.

രണ്ടാം കുട്ടനാട് വികസന പാക്കേജിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി പുതുക്കിയ കാര്‍ഷിക കലണ്ടര്‍ പ്രകാശിപ്പിക്കും. 13 വാട്ടര്‍ഷെഡ്ഡ് പദ്ധതികള്‍ പൂര്‍ത്തീകരിക്കും.
500 ടെക്‌നീഷ്യന്‍മാരുടെ പരിശീലനം പൂര്‍ത്തിയാക്കി 500 കേന്ദ്രങ്ങളില്‍ക്കൂടി ആടുകളുടെ ബീജദാന പദ്ധതി നടപ്പിലാക്കും.
കേരള ചിക്കന്‍ 50 ഔട്ട്‌ലറ്റുകള്‍കൂടി തുടങ്ങും.

മണ്‍റോതുരുത്തിലും കുട്ടനാട്ടിലും കാലാവസ്ഥ അനുരൂപ കൃഷിരീതി ഉദ്ഘാടനം ചെയ്യും.

250 തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണ ഖരമാലിന്യ സംസ്‌കരണ പദവി കൈവരിക്കും.

പരമ്പരാഗത വ്യവസായങ്ങള്‍
അടുത്ത 100 ദിവസത്തിനുള്ളില്‍ കയര്‍ ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ദ്ധന നേടും. ഓരോ ദിവസവും ഒരു യന്ത്രവല്‍കൃത ഫാക്ടറി ഉദ്ഘാടനം ചെയ്യും. തൊഴിലാളികളുടെ കൂലി പരമ്പരാഗത മേഖലയില്‍ 350 രൂപയായിരിക്കുന്നത് ഈ യന്ത്രവല്‍കൃത മേഖലയില്‍ ശരാശരി 500 രൂപയായി ഉയരും. കശുവണ്ടി മേഖലയില്‍ 3000 തൊഴിലാളികളെക്കൂടി കശുവണ്ടി കോര്‍പ്പറേഷന്‍, കാപ്പക്‌സ് എന്നിവിടങ്ങളില്‍ തൊഴില്‍ നല്‍കും. പനമ്പ്, കയര്‍ കോമ്പോസിറ്റ് ബോര്‍ഡുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിക്കും.
ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ സംരക്ഷണ ഭിത്തികളുടെ നിര്‍മാണം ആരംഭിക്കും. 35 കിലോമീറ്റര്‍ തീരദേശ കടല്‍ഭിത്തി നിര്‍മാണം നടക്കുന്നുണ്ട്. ചെല്ലാനം തീരസംരക്ഷണ പദ്ധതി പൂര്‍ത്തീകരിക്കും. 192 കോടി രൂപയുടെ 140 ഗ്രോയിനുകളുടെ നിര്‍മാണം ആരംഭിക്കും. പുനര്‍ഗേഹം പദ്ധതിയില്‍ 5000 പേര്‍ക്ക് ധനസഹായം നല്‍കും. മത്സ്യഫെഡ്ഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. ചെത്തി ഹാര്‍ബറിനും തീരദേശ പാര്‍ക്കിനും തറക്കല്ലിടും. തീരദേശത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെയും 60 മത്സ്യ മാര്‍ക്കറ്റുകളുടെയും പുനര്‍നിര്‍മ്മാണം ആരംഭിക്കും. 69 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്യും.

അതിഥിത്തൊഴിലാളികള്‍ക്ക് വാടകയ്ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തുന്ന ഗസ്റ്റ് വര്‍ക്കര്‍ ഫ്രണ്ട്‌ലി റസിഡന്റ്‌സ് ഇന്‍ കേരള ഉദ്ഘാടനം ചെയ്യും.

കുടിവെള്ളം
ജലജീവന്‍ മിഷന്‍ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കും. 490 കോടി രൂപയുടെ 39 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. കടമക്കുടി കുടിവെള്ള പദ്ധതി, കാസര്‍കോട് നഗരസഭാ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, കുണ്ടറ കുടിവെള്ള പദ്ധതി നവീകരണം, രാമനാട്ടുകര കുടിവെള്ള പദ്ധതി നവീകരണം, താനൂര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, തിരുവാലി  വണ്ടൂര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങള്‍,  പൊന്നാനി കുടിവെള്ള പദ്ധതി, തച്ചനാട്ടുകാര  ആലനല്ലൂര്‍ കുടിവെള്ള പദ്ധതി, മലമ്പുഴ കുടിവെള്ള പദ്ധതി എന്നീ കിഫ്ബി പദ്ധതികള്‍ 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. 1.5 ലക്ഷം ആളുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കും.

വൈദ്യുതി
കോതമംഗലം, ചാലക്കുടി, കലൂര്‍ എന്നീ സബ്‌സ്റ്റേഷനുകള്‍ നവംബറിനുള്ളില്‍ ഉദ്ഘാടനം ചെയ്യും. പുഗലൂര്‍-മാടക്കത്തറ ഹൈവോള്‍ട്ടേജ് ഡിസി ലൈന്‍ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും ഈ കാലയളവില്‍ നടക്കും.
വ്യവസായവും ടൂറിസവും
ഒറ്റപ്പാലം പ്രതിരോധ പാര്‍ക്ക്, പാലക്കാട്ടെയും ചേര്‍ത്തലയിലെയും മെഗാഫുഡ് പാര്‍ക്കുകള്‍ എന്നിവ തുറക്കും. കേരള സെറാമിക്‌സിന്റെ നവീകരിച്ച പ്ലാന്റുകള്‍, ആലപ്പുഴ സ്പിന്നിംഗ് മില്ലിന്റെ വൈവിധ്യവല്‍ക്കരണം എന്നിവയും ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക്, പാലക്കാട് സംയോജിത റൈസ് ടെക്‌നോളജി പാര്‍ക്ക്, കുണ്ടറ സിറാമിക്‌സില്‍ മള്‍ട്ടി പര്‍പ്പസ് പാര്‍ക്ക്, നാടുകാണി ടെക്സ്റ്റയില്‍ പ്രോസസിംഗ് സെന്റര്‍ എന്നിവയുടെ നിര്‍മാണം ആരംഭിക്കും.

വിവിധ ജില്ലകളിലായി 66 ടൂറിസം പദ്ധതികള്‍ 100 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതില്‍ വേളി മിനിയേച്ചര്‍ റെയില്‍വേ, വെള്ളാളര്‍ ക്രാഫ്റ്റ് വില്ലേജ്, ആലപ്പുഴ മെഗാ ടൂറിസം ഹൗസ്‌ബോട്ട് ടെര്‍മിനല്‍, ചമ്രവട്ടം പുഴയോര സ്‌നേഹപാത, കോഴിക്കോട് ബീച്ച് കള്‍ച്ചറല്‍ ഹബ്ബ്, തലശ്ശേരി ടൂറിസം പദ്ധതി ഒന്നാംഘട്ടം എന്നിവ ഉള്‍പ്പെടുന്നു.

സ്‌പോര്‍ട്‌സും സംസ്‌കാരവും
കൂത്തുപറമ്പ്, ചാലക്കുടി മുനിസിപ്പല്‍ സ്റ്റേഡിയങ്ങളടക്കം 10 സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യും. നവീകരിച്ച ആലപ്പുഴയിലെ രാജാകേശവദാസ് സ്വിമ്മിംഗ്പൂള്‍ തുറന്നുകൊടുക്കും.

കനകക്കുന്നിലെ ശ്രീനാരായണഗുരു പ്രതിമയും, ചെറായിയിലെ പണ്ഡിറ്റ് കറുപ്പന്‍ സ്മാരകവും,  ആറ് വിവിധ ഗ്യാലറികളും ഉദ്ഘാടനം ചെയ്യും. ആലപ്പുഴയിലെ മ്യൂസിയം പരമ്പരയില്‍ ആദ്യത്തേതായി കയര്‍ യാണ്‍ മ്യൂസിയം പൂര്‍ത്തിയാകും. എറണാകുളം ടി കെ പത്മിനി ആര്‍ട്ട് ഗാലറിയുടെ നിര്‍മാണം ആരംഭിക്കും.
ശബരിമലയില്‍ 28 കോടി രൂപയുടെ മൂന്നു പദ്ധതികള്‍ പൂര്‍ത്തീകരിക്കും. നിലയ്ക്കലെ വാട്ടര്‍ ടാങ്ക് നിര്‍മാണം ആരംഭിക്കും.

പട്ടികജാതി-പട്ടികവര്‍ഗം
പട്ടികജാതി മേഖലയില്‍ 6000 പഠനമുറികള്‍, 1000 സ്പില്‍ ഓവര്‍ വീടുകള്‍, 3000 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം, 700 പേര്‍ക്ക് പുനരധിവാസ സഹായം, 7000 പേര്‍ക്ക് വിവാഹധനസഹായം എന്നിവയാണ് ലക്ഷ്യമിടുന്നത്. 5 ഹോസ്റ്റലുകള്‍, 4 ഐടിഐകള്‍, 2 മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയുടെ നവീകരണം പൂര്‍ത്തിയാക്കും. എല്ലാവിധ സ്‌കോളര്‍ഷിപ്പുകളും കുടിശികയില്ലാതെ നല്‍കും.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നാല് മെട്രിക് ഹോസ്റ്റലുകള്‍ പൂര്‍ത്തിയാക്കി തുറക്കും. 23 പട്ടികവര്‍ഗ കോളനികളില്‍ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പരിപാടി നടപ്പിലാക്കും.

ഭിന്നശേഷിക്കാര്‍
7027 ഭിന്നശേഷിക്കാര്‍ക്ക് കൈവല്യ പദ്ധതിക്കു കീഴില്‍ സഹായം നല്‍കും. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ഈ വര്‍ഷത്തെ ഗ്രാന്റ് നവംബര്‍ മാസം നല്‍കും.

പാര്‍പ്പിടം
ലൈഫ് മിഷന്‍ പദ്ധതിയുടെ കീഴില്‍ ഇതിനകം 2,25,750 വീടുകള്‍ പൂര്‍ത്തിക്കിയിട്ടുണ്ട്. അടുത്ത 100 ദിവസത്തിനുള്ളില്‍ 25,000 വീടുകള്‍ പൂര്‍ത്തിയാക്കും. 30 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിക്കും.

കുടുംബശ്രീ
1000 ജനകീയ ഹോട്ടലുകള്‍ പദ്ധതി പൂര്‍ത്തീകരിക്കും. 300 കോടി രൂപ പലിശ സബ്‌സിഡി വിതരണം ചെയ്യും. ഹരിത കര്‍മ്മസേനകളോട് യോജിച്ച് 1000 ഹരിത സംരംഭങ്ങള്‍ പൂര്‍ത്തീകരിക്കും.

തദ്ദേശഭരണം
തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ബൃഹത്തായിട്ടുള്ള പദ്ധതികള്‍ ബന്ധപ്പെട്ട മേഖലകളില്‍ സൂചിപ്പിച്ചുകഴിഞ്ഞു. വിവിധ ഇനങ്ങളിലുള്ള ഗ്രാന്റുകളുടെ വിതരണത്തില്‍ ഒരു പരാതിയും ഉണ്ടായിട്ടില്ല. മൂന്നാംഗഡു വികസന ഫണ്ട് പൂര്‍ണ്ണമായും അനുവദിക്കും. ചെലവഴിച്ചു തീരുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അടുത്ത ഗഡു ലഭിക്കുന്നതിനു തടസ്സമുണ്ടാവില്ല. കോവിഡ് പ്രതിരോധത്തിനായി ചെലവഴിക്കുന്ന പണം പ്ലാന്‍ ഫണ്ടില്‍ അധികമായി ലഭ്യമാക്കും. അപേക്ഷകളുടെ തീര്‍പ്പാക്കലിനും പരാതി പരിഹാരത്തിനുമായി ഏകീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനം 100 ദിവസത്തിനുള്ളില്‍ 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആദ്യഘട്ടമായി നടപ്പാക്കും.

റെഗുലേറ്ററി വകുപ്പുകള്‍
15 പൊലീസ് സ്റ്റേഷനുകളും 15 സൈബര്‍ പൊലീസ് സ്റ്റേഷനുകളും 6 എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളും ഉദ്ഘാടനം ചെയ്യും. 10,000 ക്രയ സര്‍ട്ടിഫിക്കറ്റുകളും 20,000 പട്ടയങ്ങളും വിതരണം ചെയ്യും. 19 സ്മാര്‍ട്ട് വില്ലേജുകള്‍ ഉദ്ഘാടനം ചെയ്യപ്പെടും. റവന്യു രേഖകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കും. ട്രഷറിയുടെ ഫംഗ്ഷന്‍ ഓഡിറ്റ് പൂര്‍ത്തീകരിച്ച് സോഫ്ട്‌വെയര്‍ കുറ്റമറ്റതാക്കും.
മറ്റു പരിപാടികള്‍
വന്‍കിട പശ്ചാത്തല സൗകര്യ പദ്ധതികളുടെ ഭാഗമായ ഗെയില്‍ പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. പ്രളയാഘാതശേഷി താങ്ങുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. ശംഖുമുഖം തീരദേശ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഈ കാലയളവില്‍ നടത്തും. 2021 ഫെബ്രുവരിക്കു മുമ്പായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

നമ്മുടെ സംസ്ഥാനത്തെ യുവാക്കള്‍ക്ക് വിവിധ മേഖലങ്ങളില്‍ നേതൃപാടവം കൈവരിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കാന്‍ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് കോഴ്‌സുകള്‍ നടത്താന്‍ കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി ആരംഭിക്കും. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭരണഘടന, നിയമം, പാര്‍ലമെന്ററി പരിചയം, ദുരന്തനിവാരണം എന്നിങ്ങനെയുള്ള മേഖലകളില്‍ പ്രാവീണ്യമുള്ളവരെ പരിശീലകരായി ക്ഷണിക്കും.  
100 ദിവസങ്ങള്‍കൊണ്ടുള്ള 100 പദ്ധതികളുടെ വിശദാംശങ്ങള്‍ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. കൊറോണക്കാലത്ത് കേരള സമൂഹവും സമ്പദ്ഘടനയും സ്തംഭിച്ചു നിന്നുകൂടാ. കൊറോണയെ പ്രതിരോധിക്കുന്നതിനൊപ്പം നമ്മുടെ വികസന നേട്ടങ്ങളെ സ്ഥായിയാക്കുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യേണ്ടതുണ്ട്. ഇതിനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.

2016ല്‍ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്കു മുന്നില്‍വെച്ച പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും അക്കമിട്ട് നടപ്പാക്കുക മാത്രമല്ല, പുതിയകാലത്ത് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ തരണം ചെയ്യാനുള്ള പദ്ധതികള്‍ കൂടി ഏറ്റെടുക്കുകയാണ് സര്‍ക്കാര്‍. ഇന്ന് ഇവിടെ പ്രഖ്യാപിച്ച നൂറിന-നൂറുദിന പരിപാടിയുടെ പ്രവര്‍ത്തനം എല്ലാ തലത്തിലും വരും ദിവസങ്ങളില്‍അവലോകനം ചെയ്യും. ഈ സര്‍ക്കാരിന് ജനങ്ങള്‍ക്കു  നല്‍കാനുള്ള ഓണ സമ്മാനവും സന്ദേശവും പദ്ധതികളുടെ പ്രഖ്യാപനം മാത്രമല്ല, അവ സമയബന്ധിമായി പൂര്‍ത്തിയാക്കും എന്ന ഉറപ്പുമാണ്.

മൊറട്ടോറിയം
റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ലോണ്‍ തിരിച്ചടവിന്റെ മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31 നു അവസാനിക്കുകയാണ്. കോവിഡ് കാലയളവിലെ സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചു.

സൂക്ഷ്മചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളും (എം എസ് എം ഇ ) ചെറുകിട വ്യാപാരികളും കടുത്ത പണ ഞെരുക്കം അനുഭവിക്കുന്ന സമയത്ത് മൊറട്ടോറിയം തുടരേണ്ടത്  അനിവാര്യമാണ്. മൊറട്ടോറിയം കാലയളവില്‍ വന്നു ചേര്‍ന്ന ഭീമമായ പലിശയും ഇത്തരക്കാര്‍ക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൊറട്ടോറിയം പരിധി 2020 ഡിസംബര്‍ 31 വരെ നീട്ടി നല്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും,  പലിശയുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കികൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും മന്ത്രിയോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

എല്ലാവര്‍ക്കും തിരുവോണാശംസകൾ
കോവിഡ് കാലത്ത് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും സന്നദ്ധസേനാ പ്രവര്‍ത്തകര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും  ജീവനക്കാര്‍ക്കും  കോവിഡ് പ്രതിരോധ രംഗത്തുള്ള മറ്റെല്ലാവര്‍ക്കും ഹൃദയംഗമായ ആശംസകള്‍ ഒരിക്കല്‍ക്കൂടി നേരുന്നു.

100 ദിവസത്തിൽ 100 പദ്ധതികൾ – മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ നിന്നും

88 ലക്ഷം കാർഡുടമകൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 4 മാസം കൂടി തുടരും.

100 രൂപ വർദ്ദിപ്പിച്ചു 58 ലക്ഷം പേർക്ക് മാസംതോറും 1400 രൂപ പെൻഷൻ

പുതിയ 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കും.
 
മെഡിക്കല്‍ കോളേജ്/ ജില്ലാ/ ജനറല്‍ / താലൂക്ക് ആശുപത്രികളുടെ ഭാഗമായ  24 പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കും.

10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍
9 സ്‌കാനിംഗ് കേന്ദ്രങ്ങള്‍
3 പുതിയ കാത്ത് ലാബുകള്‍
2 ആധുനിക ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങൾ

5 കോടി രൂപ ചിലവിൽ 35 സ്കൂളുകൾ
3 കോടി രൂപ ചിലവിൽ 14 സ്കൂളുകൾ
27 സ്‌കൂള്‍ കെട്ടിടങ്ങളുടെയും പണി പൂര്‍ത്തിയാകും.
250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി ആരംഭിക്കും.
11,400 സ്‌കൂളുകളില്‍ ഹൈടെക് കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കും.

അഞ്ചുലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി ആരംഭിക്കും.
18 കോടി രൂപയുടെ ചെങ്ങന്നൂര്‍ ഐടിഐ അടക്കം നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ അനുവദിക്കും.

ആദ്യത്തെ 100 കോഴ്‌സുകള്‍ സെപ്തംബര്‍ 15നകം പ്രഖ്യാപിക്കും.

എ പി ജെ അബ്ദുള്‍കലാം സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല എന്നിവയ്ക്ക് സ്ഥിരം കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലാസ്ഥാപനം നടത്തും.

126 കോടി രൂപ മുതല്‍മുടക്കില്‍ 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കും.

നാലുവര്‍ഷം കൊണ്ട് 1,41,615 പേര്‍ക്ക് തൊഴില്‍ നല്‍കി. (പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിച്ച് )

പിഎസ്‌സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെ നിയമ-ധന-പൊതുഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ സൃഷ്ടിക്കും.

സ്‌പെഷ്യല്‍ റൂള്‍സിന് അവസാനരൂപം നല്‍കും.

100 ദിവസത്തിനുള്ളില്‍ കോളേജ്, ഹയര്‍ സെക്കണ്ടറി മേഖലകളിലായി 1000 തസ്തികകള്‍ സൃഷ്ടിക്കും.

100 ദിവസത്തിനുള്ളില്‍ 15,000 നവസംരംഭങ്ങളിലൂടെ 50,000 പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കും.  
പ്രാദേശിക സഹകരണ ബാങ്കുകള്‍,  കുടുംബശ്രീ, കെഎഫ്‌സി , ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയായിരിക്കും മുഖ്യ ഏജന്‍സികള്‍.
ഒരു പ്രത്യേക പോര്‍ട്ടലിലൂടെ ഓരോ ഏജന്‍സികളും അധികമായി സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ പ്രസിദ്ധീകരിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 961 കോടി രൂപ മുടക്കി 5,000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം.

റീബില്‍ഡ് കേരളയുമായി ഭാഗമായി 392.09 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ള ഗ്രാമീണ റോഡുകള്‍ക്ക് തുടക്കം കുറിക്കും.

1,451 കോടി രൂപയുടെ 189 പൊതുമരാമത്ത്-കിഫ്ബി റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും.

901 കോടി രൂപയുടെ 158 കിലോമീറ്റര്‍ കെഎസ്ടിപി റോഡുകള്‍, കുണ്ടന്നൂര്‍, വെറ്റില ഫ്‌ളൈഓവറുകളടക്കം 21 പാലങ്ങള്‍ ഉദ്ഘാടനം ചെയ്യും.

671.26 കോടി രൂപയ്ക്ക് ടെണ്ടര്‍ നല്‍കിയ
41 കിഫ്ബി പദ്ധതികള്‍ നവംബറിനകം ഉദ്ഘാടനം ചെയ്യും.

പുനലൂര്‍ നഗരറോഡ് നവീകരണം, ചങ്ങനാശ്ശേരി കവിയൂര്‍, ശിവഗിരി റിംഗ് റോഡ്, ചെറുന്നിയൂര്‍-കിളിമാനൂര്‍ റോഡ്, ഇലഞ്ഞിമേല്‍ ഹരിപ്പാട്, നന്ദാരപ്പടവ്  ചേവാര്‍ ഹില്‍ ഹൈവേ റീച്ച്  എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
സ്റ്റേഡിയങ്ങള്‍, മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍, പ്രീ-മെട്രിക് ഹോസ്റ്റലുകള്‍ തുടങ്ങിയവയും ഇതില്‍പ്പെടുന്നുണ്ട്.

കോവളം ബേക്കല്‍ ജലപാതയുടെ 590 കിലോമീറ്ററില്‍ 453 കിലോമീറ്റര്‍ ഗതാഗതയോഗ്യമാക്കും.

ചമ്പക്കുളം, പറശ്ശിനിക്കടവ്, പഴയങ്ങാടി എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളും കല്ലായി പറമാംമ്പില്‍ പാലങ്ങളും പൂര്‍ത്തീകരിക്കും.

കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി,  സെയ്ഫ് കേരള കണ്‍ട്രോള്‍ റൂം എന്നിവ ഉദ്ഘാടനം ചെയ്യും.

ആദ്യത്തെ ഇലക്ട്രിക് ഹൈബ്രിഡ് ക്രൂയിസ് വെസല്‍, രണ്ട് കാറ്റമറന്‍ ബോട്ടുകള്‍, രണ്ട് വാട്ടര്‍ ടാക്‌സികള്‍ എന്നിവ നീരണിയും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പോര്‍ട്ട് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും.

വയനാട് തുരങ്കം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നിര്‍ണ്ണായക മുന്നേറ്റം നൂറു ദിവസത്തിനകം നടത്തും.

അടുത്ത കേരളപ്പിറവി ദിനത്തില്‍  14 ഇനം പച്ചക്കറികള്‍ക്ക്  തറവില പ്രഖ്യാപിക്കും.
രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം പച്ചക്കറിക്ക് തറവില ഏര്‍പ്പെടുത്തുന്നത്.

പച്ചക്കറി ന്യായവിലയ്ക്ക് ഉപഭോക്താവിന് ഉറപ്പുവരുത്തുന്നതിനും കൃഷിക്കാരില്‍ നിന്നും സംഭരിക്കുന്നതിനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ കടകളുടെ ശൃംഖല ആരംഭിക്കും.

കൃഷിക്കാര്‍ക്ക് തത്സമയം തന്നെ അക്കൗണ്ടിലേയ്ക്ക് പണം നല്‍കും.

വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ മിച്ച പഞ്ചായത്തുകളില്‍ നിന്നും കമ്മിയുള്ള പഞ്ചായത്തുകളിലേക്ക് പച്ചക്കറി നീക്കുന്നതിനുള്ള ചുമതലയെടുക്കും.

തറവില നടപ്പാക്കുമ്പോള്‍ വ്യാപാര നഷ്ടം ഉണ്ടായാല്‍ നികത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും.

കരട് രൂപരേഖ ചര്‍ച്ചയ്ക്കുവേണ്ടി സെപ്തംബര്‍ രണ്ടാംവാരത്തില്‍ പ്രസിദ്ധീകരിക്കും.

രണ്ടാം കുട്ടനാട് വികസന പാക്കേജിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ഇതിന്റെ ഭാഗമായി പുതുക്കിയ കാര്‍ഷിക കലണ്ടര്‍ പ്രകാശിപ്പിക്കും.

13 വാട്ടര്‍ഷെഡ്ഡ് പദ്ധതികള്‍ പൂര്‍ത്തീകരിക്കും.

500 ടെക്‌നീഷ്യന്‍മാരുടെ പരിശീലനം പൂര്‍ത്തിയാക്കി 500 കേന്ദ്രങ്ങളില്‍ക്കൂടി ആടുകളുടെ ബീജദാന പദ്ധതി നടപ്പിലാക്കും.

കേരള ചിക്കന്‍ 50 ഔട്ട്‌ലറ്റുകള്‍കൂടി തുടങ്ങും.

മണ്‍റോതുരുത്തിലും കുട്ടനാട്ടിലും കാലാവസ്ഥ അനുരൂപ കൃഷിരീതി ഉദ്ഘാടനം ചെയ്യും.

250 തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണ ഖരമാലിന്യ സംസ്‌കരണ പദവി കൈവരിക്കും.

കയര്‍ ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ദ്ധന നേടും.

ഓരോ ദിവസവും ഒരു യന്ത്രവല്‍കൃത ഫാക്ടറി ഉദ്ഘാടനം ചെയ്യും.

തൊഴിലാളികളുടെ കൂലി പരമ്പരാഗത മേഖലയില്‍ 350 രൂപയായിരിക്കുന്നത് ഈ യന്ത്രവല്‍കൃത മേഖലയില്‍ ശരാശരി 500 രൂപയായി ഉയരും.

കശുവണ്ടി മേഖലയില്‍ 3000 തൊഴിലാളികളെക്കൂടി കശുവണ്ടി കോര്‍പ്പറേഷന്‍, കാപ്പക്‌സ് എന്നിവിടങ്ങളില്‍ തൊഴില്‍ നല്‍കും.

പനമ്പ്, കയര്‍ കോമ്പോസിറ്റ് ബോര്‍ഡുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിക്കും.

ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ സംരക്ഷണ ഭിത്തികളുടെ നിര്‍മാണം ആരംഭിക്കും.

ചെല്ലാനം തീരസംരക്ഷണ പദ്ധതി പൂര്‍ത്തീകരിക്കും.

192 കോടി രൂപയുടെ 140 ഗ്രോയിനുകളുടെ നിര്‍മാണം ആരംഭിക്കും.

പുനര്‍ഗേഹം പദ്ധതിയില്‍ 5000 പേര്‍ക്ക് ധനസഹായം നല്‍കും.

മത്സ്യഫെഡ്ഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും.

ചെത്തി ഹാര്‍ബറിനും തീരദേശ പാര്‍ക്കിനും തറക്കല്ലിടും.

തീരദേശത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെയും 60 മത്സ്യ മാര്‍ക്കറ്റുകളുടെയും പുനര്‍നിര്‍മ്മാണം ആരംഭിക്കും.

69 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്യും.

അതിഥിത്തൊഴിലാളികള്‍ക്ക് വാടകയ്ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തുന്ന ഗസ്റ്റ് വര്‍ക്കര്‍ ഫ്രണ്ട്‌ലി റസിഡന്റ്‌സ് ഇന്‍ കേരള ഉദ്ഘാടനം ചെയ്യും.

ജലജീവന്‍ മിഷന്‍ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കും.

490 കോടി രൂപയുടെ 39 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

കടമക്കുടി കുടിവെള്ള പദ്ധതി, കാസര്‍കോട് നഗരസഭാ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, കുണ്ടറ കുടിവെള്ള പദ്ധതി നവീകരണം, രാമനാട്ടുകര കുടിവെള്ള പദ്ധതി നവീകരണം, താനൂര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, തിരുവാലി  വണ്ടൂര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങള്‍,  പൊന്നാനി കുടിവെള്ള പദ്ധതി, തച്ചനാട്ടുകാര  ആലനല്ലൂര്‍ കുടിവെള്ള പദ്ധതി, മലമ്പുഴ കുടിവെള്ള പദ്ധതി എന്നീ കിഫ്ബി പദ്ധതികള്‍ 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും.

1.5 ലക്ഷം ആളുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കും.

കോതമംഗലം, ചാലക്കുടി, കലൂര്‍ എന്നീ സബ്‌സ്റ്റേഷനുകള്‍ നവംബറിനുള്ളില്‍ ഉദ്ഘാടനം ചെയ്യും.

പുഗലൂര്‍-മാടക്കത്തറ ഹൈവോള്‍ട്ടേജ് ഡിസി ലൈന്‍ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും ഈ കാലയളവില്‍ നടക്കും.

വ്യവസായവും ടൂറിസവും
ഒറ്റപ്പാലം പ്രതിരോധ പാര്‍ക്ക്, പാലക്കാട്ടെയും ചേര്‍ത്തലയിലെയും മെഗാഫുഡ് പാര്‍ക്കുകള്‍ എന്നിവ തുറക്കും.

കേരള സെറാമിക്‌സിന്റെ നവീകരിച്ച പ്ലാന്റുകള്‍, ആലപ്പുഴ സ്പിന്നിംഗ് മില്ലിന്റെ വൈവിധ്യവല്‍ക്കരണം എന്നിവയും ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക്, പാലക്കാട് സംയോജിത റൈസ് ടെക്‌നോളജി പാര്‍ക്ക്, കുണ്ടറ സിറാമിക്‌സില്‍ മള്‍ട്ടി പര്‍പ്പസ് പാര്‍ക്ക്, നാടുകാണി ടെക്സ്റ്റയില്‍ പ്രോസസിംഗ് സെന്റര്‍ എന്നിവയുടെ നിര്‍മാണം ആരംഭിക്കും.

വിവിധ ജില്ലകളിലായി 66 ടൂറിസം പദ്ധതികള്‍ 100 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും.

ഇതില്‍ വേളി മിനിയേച്ചര്‍ റെയില്‍വേ, വെള്ളാളര്‍ ക്രാഫ്റ്റ് വില്ലേജ്, ആലപ്പുഴ മെഗാ ടൂറിസം ഹൗസ്‌ബോട്ട് ടെര്‍മിനല്‍, ചമ്രവട്ടം പുഴയോര സ്‌നേഹപാത, കോഴിക്കോട് ബീച്ച് കള്‍ച്ചറല്‍ ഹബ്ബ്, തലശ്ശേരി ടൂറിസം പദ്ധതി ഒന്നാംഘട്ടം എന്നിവ ഉള്‍പ്പെടുന്നു.

കൂത്തുപറമ്പ്, ചാലക്കുടി മുനിസിപ്പല്‍ സ്റ്റേഡിയങ്ങളടക്കം 10 സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യും.

നവീകരിച്ച ആലപ്പുഴയിലെ രാജാകേശവദാസ് സ്വിമ്മിംഗ്പൂള്‍ തുറന്നുകൊടുക്കും.

കനകക്കുന്നിലെ ശ്രീനാരായണഗുരു പ്രതിമയും, ചെറായിയിലെ പണ്ഡിറ്റ് കറുപ്പന്‍ സ്മാരകവും, ആറ് വിവിധ ഗ്യാലറികളും ഉദ്ഘാടനം ചെയ്യും.

ആലപ്പുഴയിലെ മ്യൂസിയം പരമ്പരയില്‍ ആദ്യത്തേതായി കയര്‍ യാണ്‍ മ്യൂസിയം പൂര്‍ത്തിയാകും.

എറണാകുളം ടി കെ പത്മിനി ആര്‍ട്ട് ഗാലറിയുടെ നിര്‍മാണം ആരംഭിക്കും.

ശബരിമലയില്‍ 28 കോടി രൂപയുടെ മൂന്നു പദ്ധതികള്‍ പൂര്‍ത്തീകരിക്കും. നിലയ്ക്കലെ വാട്ടര്‍ ടാങ്ക് നിര്‍മാണം ആരംഭിക്കും.

പട്ടികജാതി മേഖലയില്‍
6000 പഠനമുറികള്‍
1000 സ്പില്‍ ഓവര്‍ വീടുകള്‍
3000 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം 700 പേര്‍ക്ക് പുനരധിവാസ സഹായം
7000 പേര്‍ക്ക് വിവാഹധനസഹായം.

5 ഹോസ്റ്റലുകള്‍, 4 ഐടിഐകള്‍, 2 മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയുടെ നവീകരണം പൂര്‍ത്തിയാക്കും.

എല്ലാവിധ സ്‌കോളര്‍ഷിപ്പുകളും കുടിശികയില്ലാതെ നല്‍കും.

പട്ടികവര്‍ഗ വികസന വകുപ്പിന്റെ നാല് മെട്രിക് ഹോസ്റ്റലുകള്‍ പൂര്‍ത്തിയാക്കി തുറക്കും.

23 പട്ടികവര്‍ഗ കോളനികളില്‍ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പരിപാടി നടപ്പിലാക്കും.

7027 ഭിന്നശേഷിക്കാര്‍ക്ക് കൈവല്യ പദ്ധതിക്കു കീഴില്‍ സഹായം നല്‍കും.

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ഈ വര്‍ഷത്തെ ഗ്രാന്റ് നവംബര്‍ മാസം നല്‍കും.

ലൈഫ് മിഷന്‍ പദ്ധതിയുടെ കീഴില്‍ ഇതിനകം 2,25,750 വീടുകള്‍ പൂര്‍ത്തിക്കി.

അടുത്ത 100 ദിവസത്തിനുള്ളില്‍ 25,000 വീടുകള്‍ പൂര്‍ത്തിയാക്കും.

30 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിക്കും.

1000 ജനകീയ ഹോട്ടലുകള്‍ പദ്ധതി പൂര്‍ത്തീകരിക്കും.

300 കോടി രൂപ പലിശ സബ്‌സിഡി വിതരണം ചെയ്യും.

ഹരിത കര്‍മ്മസേനകളോട് യോജിച്ച് 1000 ഹരിത സംരംഭങ്ങള്‍ പൂര്‍ത്തീകരിക്കും.

അപേക്ഷകളുടെ തീര്‍പ്പാക്കലിനും പരാതി പരിഹാര സെല്ലിനുമായി ഏകീകൃത സോഫ്റ്റ്‌വെയർ 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആദ്യഘട്ടമായി നടപ്പാക്കും.

15 പൊലീസ് സ്റ്റേഷനുകളും 15 സൈബര്‍ പൊലീസ് സ്റ്റേഷനുകളും 6 എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളും ഉദ്ഘാടനം ചെയ്യും.

10,000 ക്രയ സര്‍ട്ടിഫിക്കറ്റുകളും 20,000 പട്ടയങ്ങളും വിതരണം ചെയ്യും.

19 സ്മാര്‍ട്ട് വില്ലേജുകള്‍ ഉദ്ഘാടനം ചെയ്യപ്പെടും.

റവന്യു രേഖകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കും.

ട്രഷറിയുടെ ഫംഗ്ഷന്‍ ഓഡിറ്റ് പൂര്‍ത്തീകരിച്ച് സോഫ്ട്‌വെയര്‍ കുറ്റമറ്റതാക്കും.

വന്‍കിട പശ്ചാത്തല സൗകര്യ പദ്ധതികളുടെ ഭാഗമായ ഗെയില്‍ പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും.

പ്രളയാഘാതശേഷി താങ്ങുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും.

ശംഖുമുഖം തീരദേശ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഈ കാലയളവില്‍ നടത്തും.
2021 ഫെബ്രുവരിക്കു മുമ്പായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

യുവാക്കള്‍ക്ക് വിവിധ മേഖലങ്ങളില്‍ നേതൃപാടവം കൈവരിക്കാന്‍ കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി ആരംഭിക്കും.

ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭരണഘടന, നിയമം, പാര്‍ലമെന്ററി പരിചയം, ദുരന്തനിവാരണം എന്നിങ്ങനെയുള്ള മേഖലകളില്‍ പ്രാവീണ്യമുള്ളവരെ പരിശീലകരായി ക്ഷണിക്കും.

വാര്‍ത്താകുറിപ്പ്: 27-08-2020

കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

വാര്‍ത്താ സമ്മേളനത്തിൽ നിന്ന്
തീയതി: 27-08-2020

——————————————————–

ഇന്ന് സംസ്ഥാനത്ത് 2406 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 2067 പേര്‍ രോഗവിമുക്തരായി. ഇന്ന് സംസ്ഥാനത്ത് കോവിഡ്മൂലം 10 പേര്‍ മരണമടഞ്ഞു.

കോവിഡ് മഹാമാരിയുടെ അതിനിര്‍ണായകമായ ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രോഗത്തിന്‍റെ നിലവിലെ അവസ്ഥ അപ്രതീക്ഷിതമല്ല. ലോകത്ത് തന്നെ ഏറ്റവും ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ ഒന്നാണ് കേരളം. ആ പ്രത്യേകത കൂടി കണക്കിലെടുത്താല്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗത്തെ അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്താന്‍ അനുവദിക്കാതെ കൂടുതല്‍ സമയം നമുക്ക് പിടിച്ചു നിര്‍ത്താനായി.

ഇന്ത്യ ഇപ്പോള്‍ ലോകത്തേറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി മാറിയിരിക്കുന്നു. 75995 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 47,828 കേസുകളുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലുമായി താരതമ്യം ചെയ്യുമ്പോളാണ് ഇന്ത്യയിലെ സ്ഥിതി എത്ര ഗുരുതരമാണെന്ന് മനസ്സിലാവുക. മരണങ്ങള്‍ ഒരു ദിവസം ആയിരത്തില്‍ കൂടുതല്‍ ഉണ്ടാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1017 മരണങ്ങളാണ്.

ദക്ഷിണേന്ത്യയിലും രോഗവ്യാപനം കൂടുതല്‍ രൂക്ഷമാകുന്നു. കര്‍ണാടകയില്‍ കേസുകള്‍ മൂന്നു ലക്ഷം കവിഞ്ഞു. 5107 പേരാണ് അവിടെ മരണമടഞ്ഞത്. തമിഴ്നാടില്‍ കേസുകള്‍ ഏകദേശം 4 ലക്ഷമാവുകയും ഏതാണ്ട് 7000 പേര്‍ മരിക്കുകയും ചെയ്തു.

കര്‍ണാടകത്തില്‍ പത്തു ലക്ഷത്തില്‍ 82 പേരും തമിഴ്നാടില്‍ പത്തു ലക്ഷത്തില്‍ 93 പേരുമാണ് കോവിഡ് 19മൂലം മരിച്ചത്. കേരളത്തില്‍ പത്തു ലക്ഷത്തില്‍ 8 പേര്‍ എന്ന നിലയ്ക്ക് മരണസംഖ്യ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. കര്‍ണാടകയിലെയോ തമിഴനാട്ടിലേയോ അതേ നിലയിലായിരുന്നു ഇവിടേയും കാര്യങ്ങളെങ്കില്‍ ആയിരക്കണക്കിനു മരണങ്ങള്‍ നമ്മുടെ സംസ്ഥാനത്തും സംഭവിച്ചേനെ.

ഈ സംസ്ഥാനങ്ങള്‍ തൊട്ടടുത്തായിട്ടും, അവയേക്കാള്‍ വളരെ കൂടിയ തോതില്‍ ജനസാന്ദ്രതയും വയോജനങ്ങളുടെ ജനസംഖ്യാനുപാതവും പ്രമേഹം ഹൃദ്രോഗം പോലുള്ള രോഗാവസ്ഥകളും ഉണ്ടായിരുന്നിട്ടും രോഗവ്യാപനവും മരണനിരക്കും നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്  സര്‍ക്കാര്‍ സംവിധാനങ്ങളുടെ മികച്ച പ്രവര്‍ത്തനവും ജനങ്ങളുടെ സഹകരണവും കാരണമാണ്.

രണ്ടു പ്രധാനവശങ്ങളാണ് ഈ പോരാട്ടത്തില്‍ നമ്മള്‍ പരിഗണിക്കുന്നത്. ഒന്ന് ആരോഗ്യസംവിധാനങ്ങളുടെ ശാക്തീകരണം, 2 ജനങ്ങളുടെ പങ്കാളിത്തത്തോടെ ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പെയിന്‍ കൂടുതല്‍ ഫലപ്രദമാക്കല്‍.

രോഗവ്യാപനത്തിന്‍റെ തോത് ഫലപ്രദമായി നിയന്ത്രിച്ചതിനാല്‍ കേരളത്തിനുണ്ടായ ഗുണങ്ങള്‍ അനവധിയാണ്. നമ്മുടെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താന്‍ നമുക്ക് അവസരം ലഭിച്ചു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍, ആവശ്യത്തിനു ലാബ് പരിശോധന സൗകര്യങ്ങള്‍, കോവിഡ് കെയര്‍ ഹോസ്പ്റ്റിലുകള്‍, പരിശോധന സൗകര്യങ്ങള്‍, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് ബ്രിഗേഡ് തുടങ്ങി രോഗാവസ്ഥ അതിന്‍റെ പരമാവധിയിലെത്തുമ്പോള്‍ തടയാന്‍ ആവശ്യമായ സൗകര്യങ്ങള്‍ കൃത്യമായി സജ്ജമാക്കാന്‍ സാധിച്ചു. ഇപ്പോഴുള്ളതിലും 8 മടങ്ങ് രോഗികള്‍ വര്‍ധിച്ചാല്‍ വരെ ചികിത്സ നല്‍കാനുതകുന്ന സൗകര്യങ്ങള്‍ നമ്മള്‍ സജ്ജമാക്കിയിട്ടുണ്ട്.

ലോക്ക്ഡൗണുകള്‍ പിന്‍വലിച്ചു കൊണ്ട് ജീവന്‍ സംരക്ഷിക്കുന്നതിനൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട സാഹചര്യം അതിനിടയില്‍ അനിവാര്യമായി. കുറേയധികം ഇളവുകള്‍ അതിന്‍റെ ഭാഗമായി നല്‍കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ഈ സാഹചര്യത്തില്‍ ബ്രെയ്ക്ക് ദ ചെയിന്‍ പ്രവര്‍ത്തനങ്ങളും ജാഗ്രതയും കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോയേ തീരൂ. ജീവന്‍റെ വിലയുള്ള ജാഗ്രത എന്ന ക്യാമ്പെയിന്‍ മുന്നോട്ടുവെയ്ക്കുന്ന സന്ദേശം അതാണ്. അകലം പാലിക്കുന്നതിനും, കൈകള്‍ നിരന്തരം ശുചിയാക്കുന്നതിനും, മാസ്കുകള്‍ ധരിക്കുന്നതിനും വിട്ടുവീഴ്ച ഉണ്ടാകാതിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാവലയം ഒരുക്കണം.

കോവിഡ് നിരുപദ്രവകാരിയായ ഒരു രോഗമാണെന്നും, മരണനിരക്ക് ഒരു ശതമാനമേയുള്ളൂവെന്നും, അതിനാല്‍ വന്നു പോയാലും കുഴപ്പമില്ല എന്നുമുള്ള അപകടകരമായ ഒരു പ്രചരണം ഒരു വശത്ത് നടക്കുന്നുണ്ട്. ഇത്തരമൊരു ധാരണ ആളുകളില്‍ പ്രബലമാകുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും. മൂന്നരക്കോടിയോളം ജനസംഖ്യയുള്ള കേരളത്തില്‍ ഒരു ശതമാനമെന്നാല്‍ ഏതാണ്ട് മൂന്നര ലക്ഷമാണെന്ന് ഓര്‍ക്കണം. അതിന്‍റെ പകുതിയാണെങ്കില്‍ പോലും വരുന്ന സംഖ്യ എത്രയെന്ന് ചിന്തിച്ചു നോക്കുക. അതുപോലൊരു സാഹചര്യം അനുവദിക്കാന്‍ സാധിക്കുമോ എന്നാണ് ഈ പ്രചരണം നടത്തുന്നവര്‍ ആലോചിക്കേണ്ടത്. അതിലുപരി, മരണനിരക്ക് എത്ര ചെറുതാണെങ്കില്‍ പോലും രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മരണങ്ങളുടെ എണ്ണവും ആനുപാതികമായി വര്‍ധിക്കും.

സ്വീഡനെ നമുക്ക് മാതൃകയാക്കിക്കൂടെ എന്ന ചോദ്യവുമുയരുന്നുണ്ട്. അവിടെ പത്തുലക്ഷത്തില്‍; 575 പേര്‍ എന്ന നിലയ്ക്കാണ് മരണമുണ്ടായിരിക്കുന്നത്. കേരളത്തിന്‍റെ നൂറിരട്ടി മരണങ്ങളാണ് സ്വീഡനിലുണ്ടായത്. മരണങ്ങള്‍ ഒഴിവാക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്. ഈ നാട്ടിലെ ഓരോരുത്തരുടേയും ജീവന്‍ വിലപ്പെട്ടതാണ്.

ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള പ്രദേശമായി കേരളത്തെ നിലനിര്‍ത്തിയേ തീരൂ എന്ന് നമ്മളെല്ലാവരും ദൃഢനിശ്ചയം ചെയ്യണം. ഇതുവരെ കാണിച്ച ജാഗ്രത കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. കൈ കഴുകുമ്പോളും മാസ്ക് ധരിക്കുമ്പോളും ശാരീരിക അകലം പാലിക്കുമ്പോളും രക്ഷിക്കുന്നത് സ്വയം മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവനുകള്‍ കൂടിയാണ്. ആ പ്രതിബദ്ധത നാം കൈ വെടിയരുത്.

അഭിമാനകരമായ സവിശേഷതകള്‍ നമ്മുടെ കോവിഡ് പ്രതിരോധത്തിനുണ്ട്. ഇവിടെ കോവിഡ് രോഗികള്‍ക്കുള്ള ചികിത്സ തികച്ചും സൗജന്യമാണ്. കോവിഡ് പരിശോധന, രോഗിയുടെ ഭക്ഷണം, മരുന്നുകള്‍, കിടക്കകള്‍, വെന്‍റിലേറ്റര്‍, പ്ലാസ്മ തെറാപ്പി തുടങ്ങിയവ എല്ലാം സൗജന്യമായി തന്നെ നല്‍കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളില്‍ കോവിഡ് 19 പരിശോധനയ്ക്കായി സ്വമേധയാ വരുന്ന എല്ലാവര്‍ക്കും ടെസ്റ്റ്  നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമേ ഈടാക്കാന്‍ പാടുള്ളു.

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കുകയുള്ളു. നിശ്ചയിച്ച നിരക്ക് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കുറഞ്ഞതാണ്. ഉദാഹരണത്തിന് ഐസിയു ചാര്‍ജായി കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ 6500 രൂപ ഈടാക്കുമ്പോള്‍ ആന്ധ്രാപ്രദേശില്‍ അത്
46,365 രൂപയും തമിഴ്നാട്ടില്‍ 11,000 രൂപയും ഹരിയാനയിലും ഡെല്‍ഹിയും 15,000 രൂപയും കര്‍ണാടകത്തില്‍ 8,500 രൂപയുമാണ്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ ചെലവ് പൂര്‍ണമായും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് വഹിക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ സംവിധാനം റഫര്‍ ചെയ്യുന്ന കോവിഡ് രോഗികളുടെ ചികിത്സ ചെലവും  സര്‍ക്കാരാണ് വഹിക്കുന്നത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജനുവരി 30ന് ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമായിരുന്നു  കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യമുണ്ടായിരുന്നത്. ഇപ്പോള്‍ 19 സര്‍ക്കാര്‍ ലാബുകളിലും 10 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 24 സ്ഥലങ്ങളില്‍ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുണ്ട്. 234 സ്വകാര്യ ലാബുകളില്‍ ആന്‍റിജന്‍ പരിശോധന നടത്തുന്നുണ്ട്.

പ്രതിദിന കോവിഡ് പരിശോധന 40,000 കടന്നു. ഇന്നലെ 40,352 പരിശോധനകളാണ് നടത്തിയത്. ഇന്നലെ വരെ ആകെ 15,25,792 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്.   (ആകെ റുട്ടീന്‍ സാമ്പിള്‍ – 6,08,939, വിമാനത്താവള നിരീക്ഷണ സാമ്പിള്‍ – 77,231, സെന്‍റിനല്‍ നിരീക്ഷണ സാമ്പിള്‍ – 1,69,312 സിബി നാറ്റ് – 7580,   ട്രൂ നാറ്റ് – 68,286 ആന്‍റിജെന്‍ പരിശോധന – 5,94,454)

155 സിഎഫ്എല്‍ടിസികളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 21,700 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍തന്നെ പകുതിയോളം കിടക്കകള്‍ ഒഴിവാണ്. ഇതുകൂടാതെ ഒന്നാം ഘട്ടത്തില്‍ തന്നെ 148 സിഎഫ്എല്‍ടിസികളും 20,104 കിടക്കകളും തയ്യാറാണ്. ആകെ 1076 സിഎഫ്എല്‍ടിസികളിലായി 90,785 കിടക്കകളാണ് സജ്ജമാക്കിയത്. സിഎഫ്എല്‍ടിസികളിലേക്ക് മാത്രമായി ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് ടെക്നിഷ്യന്‍മാര്‍, ഫാര്‍മസിസ്റ്റ് മുതലായ 1843 പേരെ നിയമിച്ചു.

‘അതിജീവനം കേരളീയം’
മുഖ്യമന്ത്രിയുടെ ലോക്കല്‍ എംപ്ലോയ്മെന്‍റ് അഷ്വറന്‍സ് പ്രോഗ്രാമിന്‍റെ ഭാഗമായി കുടുംബശ്രീ മുഖാന്തിരം 50,000 പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍ നല്‍കുന്നതിനായി ‘അതിജീവനം കേരളീയം’ എന്ന പേരില്‍ പദ്ധതി നടപ്പാക്കും. റീബില്‍ഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാന്‍ ഫണ്ടിനത്തിലായി 20.50 കോടി രൂപയുമാണ് ഈ പദ്ധതിക്കായി ചെലവഴിക്കുക. ഈ പദ്ധതിക്ക് പ്രധാനമായും അഞ്ച് ഉപഘടകങ്ങള്‍ ഉണ്ടാകും.

യുവ കേരളം പദ്ധതി (60 കോടി)
10,000 യുവതീ യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ദരിദ്ര കുടുംബങ്ങളിലെ 18നും 35നും ഇടയില്‍ പ്രായമുള്ള അംഗങ്ങളായിരിക്കും ഇതിന്‍റെ ഗുണഭോക്താക്കള്‍. പട്ടികവര്‍ഗവിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 45 വയസ്സുവരെ അംഗങ്ങളാകാം. 100 ശതമാനം സൗജന്യ പരിശീലനം, സൗജന്യ യാത്ര, താമസം, ഭക്ഷണം, യൂണിഫോം, പോസ്റ്റ് പ്ലേസ്മെന്‍റ് സപ്പോര്‍ട്ട് , കൗണ്‍സിലിങ്, ട്രാക്കിങ് (ഒരു വര്‍ഷം) എന്നിവ പദ്ധതിയുടെ സവിശേഷതകളാണ്.

കണക്ട് ടു വര്‍ക്ക്
തൊഴില്‍ വൈദഗ്ധ്യവും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത നേടിയിട്ടും അഭിമുഖങ്ങളെ മികച്ച രീതിയില്‍ നേരിടുന്നതിനു കഴിയാത്തതിനാല്‍ തൊഴില്‍ ലഭിക്കാതെ പോകുന്ന ധാരാളം യുവതീയുവാക്കള്‍ ഉണ്ട്. പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍. ഇത്തരം യുവതീ യുവാക്കളുടെ മൃദുനൈപുണികള്‍ (സോഫ്റ്റ് സ്കില്‍) വികസിപ്പിക്കുക, അവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, തൊഴില്‍ വിപണിയുമായി ബന്ധിപ്പിക്കുക ഈ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന പരിപാടിയാണ് ‘കണക്ട് ടു വര്‍ക്ക്.’ 5,000ത്തോളം യുവതീ യുവാക്കള്‍ക്ക് പരിശീലനം നല്‍കി ഇവരെ തൊഴില്‍ദാതാക്കളുമായി ബന്ധപ്പെടുത്തി തൊഴില്‍ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കേരള സംരംഭകത്വ വികസന പദ്ധതി
തെരഞ്ഞെടുത്ത ഓരോ ബ്ലോക്ക് പ്രദേശത്തും പരമാവധി സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ പ്രളയബാധിതമായ 14 ബ്ലോക്കുകളില്‍ കാര്‍ഷിക  കാര്‍ഷികേതര മേഖലകളില്‍ 16,800പുതിയ സംരഭങ്ങള്‍ ആരംഭിക്കും. ഏകദേശം 20,000ത്തോളം ആളുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അംഗങ്ങളാകാം. സംരഭകര്‍ക്കാവശ്യമായ മൂലധനം കുറഞ്ഞ പലിശക്ക് ബ്ലോക്ക്തല സമിതികള്‍ ലഭ്യമാക്കും. വ്യക്തിഗത സംരഭങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് പരമാവധി അഞ്ചു ലക്ഷം രൂപയുമാണ് വായ്പയായി അനുവദിക്കുക. നാലുശതമാനം പലിശയാണ് ഈടാക്കുക. 70 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചത്.

എറൈസ് പദ്ധതി
2020-21 സാമ്പത്തിക വര്‍ഷം 10,000 യുവതീ യുവാക്കള്‍ക്ക് എറൈസ് പദ്ധതിയിലുള്‍പ്പെടുത്തി തൊഴില്‍ ലഭ്യമാക്കും. തൊഴില്‍ വിപണിയില്‍ വളരെയധികം ആവശ്യമുള്ള പത്തുമേഖലകളില്‍ യുവതീ യുവാക്കള്‍ക്കും, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി വേഗത്തില്‍ വേതനം ലഭിക്കുന്ന തൊഴില്‍ (വേജ് എംപ്ലോയ്മെന്‍റ്) ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ  ലക്ഷ്യം. സംസ്ഥാനത്ത് പ്രളയക്കെടുതികള്‍മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായി 2018-19 വര്‍ഷത്തിലാണ് ‘എറൈസ്’ പ്രോഗ്രാം ആരംഭിച്ചത്.
 
സൂക്ഷ്മ സംരംഭക വികസന പദ്ധതി
ഈ പദ്ധതി പ്രകാരം 3,000 വ്യക്തിഗത സംരംഭങ്ങളും 2,000 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിക്കും. കുടുംബശ്രീ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ പദ്ധതി പ്രകാരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ ലഭ്യമാക്കും. ഏകദേശം 10,000 പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും. വ്യക്തിഗത സംരംഭകര്‍ക്ക് പരമാവധി 2.50 ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് പരമാവധി പത്തു ലക്ഷം രൂപ വരെയുള്ളതുമായ പ്രോജക്ടുകള്‍ ഈ പദ്ധതി പ്രകാരം ഏറ്റെടുക്കാന്‍ കഴിയും.

ശമ്പളവിതരണം
ശമ്പളവും പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തു.

ശമ്പളം, ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ്- 2,304.57, സര്‍വ്വീസ് പെന്‍ഷന്‍- 1,545.00, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍-1,170.71, ക്ഷേമനിധി പെന്‍ഷന്‍ സഹായം-158.85, ഓണക്കിറ്റ്- 440.00, നെല്ല് സംഭരണം-710.00, ഓണം റേഷന്‍-112.00, കണ്‍സ്യൂമര്‍ഫെഡ്-35.00, പെന്‍ഷന്‍, ശമ്പളം, ഗ്രാറ്റുവിറ്റി കുടിശിക എന്നിവയ്ക്ക് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്-140.63, ആശാ വര്‍ക്കര്‍മാര്‍-26.42, സ്കൂള്‍ യൂണിഫോം-30.00.

ഇതുകൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍,  അങ്കണവാടി വര്‍ക്കര്‍മാര്‍, അടഞ്ഞുകിടന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്കുള്ള സഹായങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സഹായങ്ങള്‍ എന്നിവയെല്ലാമടക്കം ഏഴായിരത്തിലധികം കോടി രൂപയാണ് ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്തിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിന്‍റെ വരുമാനം ഗണ്യമായി കുറഞ്ഞ സാഹചര്യം എല്ലാവര്‍ക്കും അറിയുന്നതാണ്. ഏതൊരു സാഹചര്യത്തിലും ഓണം ഉണ്ണുക എന്നത് മലയാളിയുടെ വലിയ ആഗ്രഹമാണ്. മഹാദുരിതത്തിന്‍റെ കാലത്തും ഒരാള്‍ക്കും ഇതിന് വിഘ്നം വരാന്‍ പാടില്ലെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് പെന്‍ഷനുകളടക്കം മുന്‍കൂറായി ഈ പഞ്ഞസമയത്തും വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

ഓണക്കാലത്ത് അവശതയനുഭവിക്കുന്നവര്‍ക്ക് പ്രത്യേക സഹായം നല്‍കുന്നുണ്ട്. അവയില്‍ ചിലത്. ഒരു വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന 287 കശുവണ്ടി ഫാക്ടറികളിലെ 23,632 തൊഴിലാളികള്‍ക്ക് ഓണത്തോടനു ബന്ധിച്ച് 2000 രൂപ വീതം എക്സ്ഗ്രേഷ്യയും കിലോഗ്രാമിന് 25 രൂപ നിരക്കില്‍ 10 കിലോഗ്രാം വീതം അരിയും വിതരണം ചെയ്യുന്നതിന് 5,31,72,000 രൂപ അനുവദിച്ചിട്ടുണ്ട്.

മരംകയറ്റത്തിനിടെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാതെ അവശരായ 153 അപേക്ഷകര്‍ക്കും, മരം കയറ്റത്തിനിടെ മരണമടഞ്ഞവരുടെ ആശ്രിതരുടെ 97 അപേക്ഷകളും ഉള്‍പ്പെടെ ആകെ 250 അപേക്ഷകളില്‍ 1,71,85,000 രൂപ അനുവദിച്ചു.

ഒരു വര്‍ഷത്തിലധികം കാലയളവില്‍ പൂട്ടിക്കിടക്കുന്ന സ്വകാര്യ, പൊതുമേഖലാ സ്ഥാപങ്ങള്‍, കയര്‍ സൊസൈറ്റികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കായുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിലേയ്ക്കായി 6065 ഫാക്ടറി തൊഴിലാളികള്‍ക്കായി 1,21,30,000 രൂപ, 2666 എസ്റ്റേറ്റ് തൊഴിലാളികള്‍ ക്കായി 53,32,000 രൂപ, 2178 കയര്‍ തൊഴിലാളികള്‍ക്കായി 43,56,000രൂപ എന്നിങ്ങനെ ആകെ 2,18,18,000 രൂപ അനുവദിച്ചു.

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് വിതരണം നടത്തുന്നതിന് (20 കിലോഗ്രാം അരി, 1 കിലോ വെളിച്ചെണ്ണ, 2 കിലോ പഞ്ചസാര) 19,06,632 രൂപ അനുവദിച്ച് നല്‍കി.

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍കാരായ തൊഴിലാളികള്‍ക്ക് 2000 രൂപ പ്രത്യേക ധനസഹായം അനുവദിച്ചു.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് 19മായി ബന്ധപ്പെട്ട് 1000 രൂപ വീതം രണ്ടാംഗഡു ധനസഹായം നല്‍കും.

കോവിഡ് 19മായി ബന്ധപ്പെട്ട് ബോണസ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മുന്‍ വര്‍ഷം അനുവദിച്ച തുകയില്‍ കുറയാത്ത തുക ബോണസ് ആയി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി 2020-ലെ ബോണസ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍ വര്‍ഷം അനുവദിച്ച തുകയില്‍ കുറയാത്ത തുക ബോണസ് അനുവദിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. കയര്‍, കശുവണ്ടി മേഖലകളിലെ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിച്ചിട്ടുണ്ട്.

ഓണക്കാലത്ത് കോവിഡുമായി ബന്ധപ്പെട്ട ചുമതല നിര്‍വ്വഹിക്കുന്നതിനായി 20,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കൂടാതെ പോലീസ് സ്റ്റേഷനുകളിലേത് ഉള്‍പ്പെടെയുള്ള സാധാരണ പൊലീസ് ജോലികള്‍ക്കായി ഏകദേശം 10,000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങള്‍ വീടുകളില്‍ ഇരുന്നുതന്നെ ഓണം ആഘോഷിക്കുന്നുവെന്ന് പൊലീസ് ഉറപ്പുവരുത്തും. ഓണക്കാലത്തെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനായി ജനമൈത്രി പോലീസും രംഗത്തുണ്ടാവും.

പൂ കച്ചവടം
കോവിഡ് കാലമായതിനാല്‍ ഓണാഘോഷത്തില്‍ വരുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് നേരത്തേ തന്നെ പറഞ്ഞിരുന്നു. അത് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുകയാണ്. നേരത്തേ ഉണ്ടായിരുന്ന ഉത്തരവില്‍നിന്ന് വ്യത്യസ്തമായി മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള പൂക്കച്ചവടക്കാരെയും ഓണക്കാലത്ത് കര്‍ശന നിബന്ധനകള്‍ക്കു വിധേയമായി കച്ചവടത്തിന് അനുവദിക്കും.

പൂ കൊണ്ടുവരുന്നവരും കച്ചവടം ചെയ്യുന്നവരും മാസ്ക് ധരിക്കുന്നതും ഇടയ്ക്കിടെ കൈ കഴുകുന്നതും ഉള്‍പ്പെടെയുള്ള സുരക്ഷാ നിബന്ധനകളും പാലിക്കണം. പൂ കൊണ്ടുവരുന്ന കുട്ടകളും മറ്റും ഉപയോഗത്തിനുശേഷം നശിപ്പിക്കുകയും അത് കഴിഞ്ഞയുടനെ കൈകള്‍ വൃത്തിയാക്കുകയും വേണം. കച്ചവടക്കാര്‍ ഇടകലര്‍ന്നു നില്‍ക്കരുത്. ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. കാഷ്ലെസ് സംവിധാനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. പൂക്കളുമായി വരുന്നവര്‍ ഇ-ജാഗ്രത രജിസ്ട്രേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. പൂക്കളം ഒരുക്കുന്നവര്‍ക്കും കൃത്യമായ കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമാണ്.

തീപ്പിടുത്തം
ചൊവ്വാഴ്ച്ച വൈകുന്നേരം സെക്രട്ടറിയേറ്റിലെ പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന ചില ഫയലുകള്‍ ഭാഗീകമായി കത്തിയെന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. സംഭവത്തെക്കുറിച്ച് എ.ഡി.ജി.പി മനോജ് ഏബ്രഹാമിന്‍റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തീപ്പിടിത്തത്തിന്‍റെ കാരണം ഉള്‍പ്പെടെയുള്ള സാങ്കേതിക വശം പരിശോധിക്കാന്‍ ഡിസാസ്റ്റര്‍മാനേജ്മെന്‍റ് കമ്മീഷണര്‍ എ. കൗശികന്‍റെ നേതൃത്വത്തില്‍ ഒരു ഉന്നതതല സമിതിയെ കൂടി നിയോഗിച്ചിട്ടുണ്ട്. കെ.എസ്.ഡി.എം.എ. മെമ്പര്‍ സെക്രട്ടറി, ഫയര്‍ ആന്‍റ് റെസ്ക്യൂ ടെക്നിക്കല്‍ ഡയറക്ടര്‍, പി.ഡബ്ല്യൂ.ഡി ചീഫ് എഞ്ചിനീയര്‍, വൈദ്യുതിവകുപ്പിലെ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ എന്നവര്‍ അടങ്ങുന്നതാണ് ഈ കമ്മിറ്റി.
 
തീപ്പിടിത്തത്തിന്‍റെ കാരണം, നഷ്ടം ഏതെല്ലാം ഫയലുകള്‍ നഷ്ടപ്പെട്ടു, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ എന്നിവയാണ് ഈ സമിതി പരിശോധിക്കേണ്ടത്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും സമിതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തീപ്പിടിത്തം ചെറുതാണെങ്കിലും സെക്രട്ടറിയേറ്റിലെ സുരക്ഷാസംവിധാനങ്ങള്‍ പരിശോധിച്ച് ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ഇന്നലെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തുകയുണ്ടായി.

ദുരിതാശ്വാസം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകളും സഹായങ്ങളും നിരവധി ലഭിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തിന് ഇടവേള വന്നതിനാല്‍ എല്ലാം ഇവിടെ വായിക്കുന്നത് അസാധ്യമായിരിക്കുന്നു.

കോട്ടയം ജില്ലയിലെ ക്വാറി, ക്രഷര്‍ ഉടമകള്‍ 52 ലക്ഷം.

കോണ്‍ഗ്രസ് എസിന്‍റെ സ്ഥാപകദിനാഘോഷം നടത്താനായി മാറ്റിവെച്ച 4,70,500 രൂപ കോണ്‍ഗ്രസ് എസ് പ്രസിഡന്‍റ് കൂടിയായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൈമാറിയിട്ടുണ്ട്.

അയ്യായിരം കുടുംബങ്ങള്‍ക്ക് ആയിരം രൂപ വെച്ച് ഉദ്ദേശം അരക്കോടി രൂപ സഹായധനം നല്‍കിയതായി കണിച്ചുകളങ്ങര ദേവസ്വം പ്രസിഡന്‍റ് ശ്രീ. വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചിട്ടുണ്ട്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 26-08-2020

മന്ത്രിസഭായോഗ തീരുമാനം
……………………….

റീബില്‍ഡ് കേരള : കൃഷി വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ ഇ-ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന് 12 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

കൃഷിയും കര്‍ഷക ക്ഷേമവും വകുപ്പില്‍ ഇ-ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് മുഖേന നടപ്പാക്കുന്ന 12 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

വിവിധ ആനുകൂല്യങ്ങള്‍ക്കായി കര്‍ഷകരുടെ അപേക്ഷ സ്വീകരിച്ച് നടപടിയെടുക്കുന്നതും ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ കമ്പ്യൂട്ടര്‍വല്‍കൃത മാക്കുന്നതാണ്  പദ്ധതി. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനും കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകും. കൃഷിഭവനുകള്‍ മുതലുള്ള നടപടികളെല്ലാം ഓണ്‍ലൈനാക്കുന്നതിന് അഗ്രികള്‍ച്ചര്‍ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആരംഭിക്കുക, കാര്‍ഷിക മേഖലയിലെ ദുരിത്വാശാസ വിതരണത്തിനായി സ്മാര്‍ട് സംവിധാനം ഒരുക്കുക, വകുപ്പിന്‍റെ കീഴിലുള്ള ഓഫീസ് ഫയലുകള്‍ ഇ- ഓഫീസ് സംവിധാനത്തിലാക്കുക എന്നിവ പദ്ധതിയില്‍ ലക്ഷ്യമിടുന്നു.

ഗുണമേന്‍മയുള്ള വിത്തുകള്‍ ഉറപ്പാക്കുന്നതിന് സീഡ് സര്‍ട്ടിഫിക്കേഷന്‍, റഗുലേഷന്‍ സംവിധാനം,  കീടനാശിനി നിര്‍മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും ലൈസന്‍സ് നല്‍കല്‍, എന്നിവക്കായുള്ള കേന്ദ്രീകൃത സംവിധാനവും പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തും. കീടനാശിനി, വളം എന്നിവയുടെ സാംപിളുകള്‍ ശേഖരിക്കുന്നതിനും ഗുണമേന്‍മ പരിശോധിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തും.

കാര്‍ഷിക ഉത്പന്നങ്ങളുടെ വാല്യു അഡിഷനും വിപണനവും ഓണ്‍ലൈന്‍ വിപണനവും സംബന്ധിച്ച മൊഡ്യൂളും പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തും.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ശമ്പള പരിഷ്കരണം

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ മെഡിക്കല്‍, ദന്തല്‍, നഴ്സിഗ്, ഫാര്‍മസി, നോണ്‍ മെഡിക്കല്‍ എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ ശമ്പള പരിഷ്കരണം മന്ത്രിസഭായോഗം അംഗീകരിച്ചു. 01.01.2016 മുതല്‍ പ്രാബല്യത്തിലാണ് ശമ്പളം പരിഷ്ക്കരിച്ചിട്ടുള്ളത്. മെഡിക്കല്‍, ദന്തല്‍ വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് ലഭിച്ചു വന്നിരുന്ന നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് (എന്‍.പി.എ), പേഷ്യന്‍റ് കെയര്‍ അലവന്‍സ് (പി.സി.എ) എന്നിവ തുടര്‍ന്നും നല്‍കാന്‍ തീരുമാനിച്ചു. 01.01.2006 നാണ് കഴിഞ്ഞ തവണ ശമ്പളം പരിഷ്ക്കരിച്ചത്. 10 വര്‍ഷം കഴിയുമ്പോള്‍ ശമ്പള പരിഷ്ക്കരണം അനുവദിക്കണമെന്നതിനാലാണ് 01.01.2016 തീയതി പ്രാബല്യത്തില്‍ ശമ്പളം പരിഷ്കരിച്ച് അംഗീകാരം നല്‍കിയത്.

സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം- സുരക്ഷ ശക്തിപ്പെടുത്താന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ചുമതല

സെക്രട്ടറിയേറ്റില്‍ സുരക്ഷാ സംവിധാനത്തിന്‍റെ പോരായ്മകള്‍ പരിഹരിച്ച് ശക്തിപ്പെടുത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സെക്രട്ടറിയേറ്റില്‍ നോര്‍ത്ത് സാന്‍റ് വിച്ച്  ബ്ലോക്കില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ മന്ത്രിസഭായോഗം വിലയിരുത്തി. വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിന് പരിഹാരം
2018 മണ്‍സൂണിനുശേഷം  സംസ്ഥാനത്ത് തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ രൂക്ഷമായ കടലാക്രണത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുണ്ടായ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. യാനങ്ങല്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ പൂര്‍ണ്ണമായ നാശനഷ്ടത്തിന് ആകെ 51.49 ലക്ഷം രൂപയും ഭാഗികമായ നാശനഷ്ടത്തിന് ആകെ 2.4 കോടി രൂപയും  ഉള്‍പ്പെടെ 2.92 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും  ഇതിന് അനുവദിച്ചു.

2003 ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ആര്‍. സേതുനാഥന്‍ പിള്ളയെ കൊല്ലം ജില്ലാ ഗവ. പ്ലീഡര്‍ ആന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി പുനര്‍നിയമിക്കാന്‍ തീരുമാനിച്ചു.

വിദഗ്ധ ചികിത്സ  ലഭിക്കാത്തതിനാല്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിഖില്‍ എന്ന  7 വയസ്സുകാരന്‍ മരണപ്പെട്ടതില്‍ കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു.

കോട്ടയം ജില്ലാ കളക്ടര്‍ ആയി വിരമിച്ച പി.കെ. സുധീര്‍ബാബുവിനെ  കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍റ് വെല്‍ഫെയര്‍ സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ ആയി നിയമിക്കാന്‍ തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ ഭൂരഹിതരായ ഭവനരഹിതര്‍ ലൈഫ് പദ്ധതിക്ക് വാങ്ങുന്ന ഭൂമിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ ലൈഫ് പദ്ധതിക്ക് വാങ്ങുന്ന ഭൂമിയുടെയും രജിസ്ട്രേഷന് ആവശ്യമായി വരുന്ന സ്റ്റാമ്പ് ഡ്യൂട്ടി,  രജിസ്ട്രേഷന്‍ ഫീസ് എന്നിവ ഒഴിവാക്കാന്‍ തീരുമാനിച്ചു.

കേരള സര്‍ക്കാരിന്‍റെ കാര്യനിര്‍വ്വഹണ ചട്ടങ്ങളില്‍ സമഗ്രമായ മാറ്റം വരുത്തുന്നതിന് സെക്രട്ടറി തല സമിതി സമര്‍പ്പിച്ച കരട് ചട്ടങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് എ.കെ. ബാലന്‍ ചെയര്‍മാനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ അംഗങ്ങളാണ്.

വാഹനനികുതി ഒഴിവാക്കും

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ  സ്റ്റേജ് കാര്യേജുകളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും 2020 ജൂലൈ 1 ന് ആരംഭിച്ച ക്വാര്‍ട്ടറിലെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍ ബസുകളുടെ 2020 ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ വരെയുള്ള ആറുമാസത്തെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍റലൂം ടെക്നോളജിയിലെ ജീവനക്കാരുടെ നിലവിലുള്ള അലവന്‍സുകള്‍ അനുവദിച്ചും പരിഷ്ക്കരിച്ചും നല്‍കാന്‍ തീരുമാനിച്ചു.

നിമയനങ്ങള്‍
അവധികഴിഞ്ഞ്  തിരികെ പ്രവേശിച്ച ജാഫര്‍ മാലികിനെ റോഡ്സ് ആന്‍റ് ബ്രിഡ്ജസ്  ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് കേരളാ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം സ്മാര്‍ട്ട് സിറ്റി കൊച്ചി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധികചുമതല കൂടി വഹിക്കും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പര്‍ സെക്രട്ടറിയുമായ വി. രതീശന് നിലവിലുള്ള ചുമതലകള്‍ക്കു പുറമേ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്‍റ് റൂറല്‍ ഡെവലപ്മെന്‍റ് ബാങ്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൂടി  നല്‍കി.

കോവിഡ്കാല ധനസഹായമായി സ്കൂള്‍ ഉച്ചഭക്ഷ പാചക തൊഴിലാളികള്‍ക്ക് 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്നും അനുവദിക്കുവാന്‍ തീരുമാനിച്ചു.

വാര്‍ത്താകുറിപ്പ്: 20-08-2020

കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

വാര്‍ത്താകുറിപ്പ്
തീയതി: 20-08-2020
——————————

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം –
കേന്ദ്ര മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വ്വകക്ഷിയോഗം
 
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്‍റര്‍പ്രൈസസിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു. നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു.  

എയര്‍പോര്‍ട്ടിന്‍റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രിക്ക് രണ്ടു തവണയും  പ്രധാനമന്ത്രിക്ക് മൂന്നുവട്ടവും  ഈ ആവശ്യമുന്നയിച്ച് കത്ത് എഴുതിയിട്ടുണ്ട്.  സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര വ്യോമയാന സെക്രട്ടറിക്ക്   കാര്യങ്ങള്‍ വിശദീകരിച്ച് എഴുതിയ  കത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ബിഡില്‍ പങ്കെടുത്തുവെന്നും ഈ  ഓഫര്‍ ന്യായമായത് ആയിരുന്നുവെന്നും പറഞ്ഞിരുന്നു.  അദാനി എന്‍റര്‍പ്രൈസസ് കൂടുതല്‍ തുക ക്വാട്ട് ചെയ്തതിനാല്‍ അതേ തുക ഓഫര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ് എന്നും അറിയിച്ചു.  

2003ല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഉറപ്പില്‍, സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള വികസനത്തിനായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് വിമാനത്താവളത്തിന്‍റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന്‍റെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് നല്‍കാമെന്ന് പറഞ്ഞിരുന്നു.  

സംസ്ഥാന സര്‍ക്കാരിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൊതുപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിയ അനുഭവപരിജ്ഞാനമുണ്ട്.  ഇതേ മാതൃകയില്‍ തന്നെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും നടത്തുന്നുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മേല്‍നോട്ടവും നടത്തിപ്പും ഏറ്റെടുക്കാന്‍ ബിഡ് ചെയ്ത സ്വകാര്യ സംരംഭകന് ഇത്തരത്തിലുള്ള മുന്‍പരിചയമില്ല.  

2005-ല്‍ സംസ്ഥാന സര്‍ക്കാര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്‍ഡ്യക്ക് 23.57 ഏക്കര്‍ ഏറ്റെടുത്ത് സൗജന്യമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വികസനത്തിനായി നല്‍കിയിട്ടുണ്ട്.  ഇതിനുപുറമേ, 18 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്തു നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  ഏറ്റെടുത്ത് സൗജന്യമായി നല്‍കിയ ഭൂമിയുടെ വില എസ്പിവിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഓഹരിയായി കണക്കാക്കണമെന്ന നിബന്ധനയിലാണ് ഇത് ഏറ്റെടുത്ത് നല്‍കിയത്.
 
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനം നല്‍കിയ റോയല്‍ ഫ്ളയിങ്ങ് ക്ലബ്ബ്  വക 258.06 ഏക്കര്‍ ഭൂമിയും വിമാനത്താവളത്തിന്‍റെ 636.57 ഏക്കര്‍ വിസ്തൃതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവയടക്കം കേന്ദ്ര തീരുമാനം തിരുത്തേണ്ടതിന്‍റെ അനിവാര്യത വ്യക്തമാക്കുന്ന വിഷയങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ അക്കമിട്ട് നിരത്തി.
 
പൊതുമേഖലയില്‍ നിലനിന്നപ്പോള്‍ വിമാനത്താവളത്തിന് നല്‍കിയ സഹായസഹകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ശക്തമായ അഭിപ്രായത്തെ മറികടന്നുകൊണ്ട് സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന വിമാനത്താവളത്തിന് നല്‍കാന്‍ കഴിയില്ല.  സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഉള്ള കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.  നിയമനടപടികള്‍ സാധ്യമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള നിയമോപദേശം തേടുന്നുണ്ട്.   രാഷ്ട്രീയ പാര്‍ട്ടികള്‍ ഏകാഭിപ്രായത്തോടെയുള്ള സമീപനം സ്വീകരിച്ച് സംസ്ഥാനത്തിന്‍റെ ഉത്തമ താല്‍പര്യം സംരക്ഷിക്കാനുള്ള സംയുക്ത തീരുമാനം കൈക്കൊള്ളണം. ഇതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള സംവിധാനമായി മാറണമെന്നാണ് പൊതുവികാരം. നമ്മുടേത് ന്യായമായ ആവശ്യമാണ്. അത് ലഭിക്കണമെന്നുള്ളതാണ് നാടിന്‍റെ ആവശ്യം. ഒരു ഘട്ടം വരെ കേന്ദ്രം അത് അംഗീകരിച്ചതാണ്.

ആരു വിമാനത്താവളം എടുത്താലും സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണമില്ലാതെ നടത്തികൊണ്ടുപോകാനാകില്ല. വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ സഹായം അത്യാവശ്യമാണ്. സംസ്ഥാനത്തോട് വെല്ലുവിളി നടത്തി വ്യവസായമറിയാവുന്നവര്‍ വരുമെന്ന് തോന്നുന്നില്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നില്‍ കത്തുമുഖേനയും നേരിട്ടും പറഞ്ഞതാണ്. സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കാമെന്ന് ഉന്നതതലത്തില്‍ സംസാരിച്ചപ്പോള്‍ വാക്കു തന്നതാണ്. അത് മറികടന്നുപോയിരിക്കുന്നു.

വിമാനത്താവളം വിട്ടുകൊടുക്കാനാകില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. ബിജെപിയുടേത് സാങ്കേതിക പ്രതിഷേധം മാത്രമാണ്. കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ അവരും പിന്‍മാറും. ഒന്നിച്ചു നിന്നാല്‍ നമുക്ക് ഈ തീരുമാനത്തെ മാറ്റിയെടുക്കാം. നിയമസഭയില്‍ ഒന്നിച്ച് നിലപാടെടുക്കാം. തലസ്ഥാന നഗരിയുടെ പ്രൗഡിക്കനുസരിച്ചുള്ള വിമാനത്താവളമാക്കി മാറ്റാം. നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഒട്ടക്കെട്ടായി നിന്ന് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിലും അദ്ദേഹം പിന്തുണ നല്‍കി.  

അതീവ പ്രാധാന്യമുള്ള വിഷയത്തില്‍ ഉടന്‍ യോഗം വിളിച്ചതിന് കക്ഷിനേതാക്കള്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ (സി.പി.ഐ.എം), തമ്പാനൂര്‍ രവി (കോണ്‍ഗ്രസ് ഐ), മന്ത്രി ഇ. ചന്ദ്രശേഖരന്‍, സി. ദിവാകരന്‍ (സി.പി.ഐ), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്), സി.കെ. നാണു (ജനതാദള്‍ എസ്), പി.ജെ. ജോസഫ് (കേരള കോണ്‍ഗ്രസ്), ടി.പി. പീതാംബരന്‍ മാസ്റ്റര്‍ (എന്‍.സി.പി), ഷെയ്ക് പി ഹാരിസ് (ലോക് താന്ത്രിക് ജനതാദള്‍), എ.എ. അസീസ് (ആര്‍.എസ്.പി), ജോര്‍ജ് കുര്യന്‍ (ബിജെപി), മനോജ്കുമാര്‍ (കേരള കോണ്‍ഗ്രസ് ജെ), പി.സി. ജോര്‍ജ് എം.എല്‍.എ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വാര്‍ത്താകുറിപ്പ്: 19-08-2020

കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

വാര്‍ത്താകുറിപ്പ്
തീയതി: 19-08-2020
——————————-

കോവിഡ്: ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

കോവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. കലക്ടര്‍മാര്‍, പോലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്.

രോഗവ്യാപനം തടയാന്‍ നാം കഠിന ശ്രമം നടത്തുകയാണ്. ഈ ഘട്ടത്തില്‍ രോഗത്തെ നിസ്സാരവല്‍ക്കരിക്കുന്ന ചിലരുമുണ്ട്. രോഗത്തെ അതിന്‍റെ വഴിക്കുവിടാമെന്ന സമീപനം ഒരിക്കലും പാടില്ല. സ്ഥിതി വഷളാക്കുവാന്‍ നോക്കുന്നവരുമുണ്ട്. അത്തരക്കാരുടെ മുന്നില്‍ നിസ്സഹായരായിരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടഞ്ഞ് ജീവൻ രക്ഷിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് എന്തുകൊണ്ട് എന്നത് ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകത എടുത്ത് പരിശോധിക്കണം. അതിന്‍റെ ഭാഗമായി ചെയ്യേണ്ടതൊക്കെ ചെയ്യണം. ഇപ്പോള്‍ മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ നമുക്കാവുന്നുണ്ട്. എന്നാല്‍ രോഗവ്യാപനം വലിയതോതില്‍ വര്‍ധിക്കുകയാണെങ്കില്‍ മരണനിരക്കും കൂടും. ഇതൊഴിവാക്കാന്‍ ആരോഗ്യവകുപ്പ് അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. വാര്‍ഡുതല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണം. പ്രവര്‍ത്തനം പിറകോട്ടുള്ള വാര്‍ഡുകളുടെ കാര്യം പ്രത്യേകമായി പരിശോധിച്ച് പ്രവര്‍ത്തനസജ്ജമാക്കണം.

ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. പൂക്കളമൊരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ ഉപയോഗിക്കുന്ന നിലയുണ്ടാകണം. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നതിനാലാണിത്. സംസ്ഥാന അതിര്‍ത്തിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കി ജാഗ്രത പാലിക്കണം. നല്ല നിലയിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. മറ്റ് വകുപ്പുകളിലെ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് കലക്ടർമാർ ഉറപ്പു വരുത്തണം.

കോണ്‍ടാക്ട് ട്രെയിസിങ്, ക്വാറന്‍റൈന്‍ എന്നീ കാര്യങ്ങളില്‍ ഊര്‍ജിതമായി ഇടപെടാന്‍ പോലീസ് അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്കിനിടയിലും കടകളില്‍ വരുന്നവരും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കരുത്. വാര്‍ഡുതല സമിതിയെ സജീവമാക്കാന്‍ ജനമൈത്രി പോലീസിന്‍റെ ഇടപടലുണ്ടാകണം. കൂടുതല്‍ വളണ്ടിയര്‍മാരെ ഉപയോഗിക്കാനാകണം. ചില പ്രത്യേക സ്ഥലങ്ങളെ ക്ലസ്റ്റര്‍ ആയി കണ്ട് നിലപാടെടുക്കണം. കടകളുടെ പ്രവര്‍ത്തി സമയം രാവിലെ ഏഴു മണി മുതല്‍ രാത്രി ഏഴു മണിവരെയായിരിക്കും. രോഗവ്യാപന സാധ്യത കൂടുന്ന ഒരു കാര്യവും അനുവദിക്കരുത്. ഇക്കാര്യം പോലീസ് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, ഇ. ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.