Category: Media Update

വാര്‍ത്താകുറിപ്പ്: 05-08-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
ഇന്ന് 1195 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്ത് 1234 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 971 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 79. വിദേശത്തുനിന്ന് 66 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 125 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 13.

ഇന്ന് ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. പുരുഷോത്തമന്‍ (66, ചോമ്പാല, കോഴിക്കോട്), പ്രഭാകരന്‍ (73, ഫറോക്ക് കോഴിക്കോട്), മരക്കാര്‍കുട്ടി (70, കക്കട്ട്, കോഴിക്കോട്), അബ്ദുള്‍സലാം (58, വെളിനെല്ലൂര്‍, കൊല്ലം), യശോദ (59, ഇരിക്കൂര്‍, കണ്ണൂര്‍), അസൈനാര്‍ഹാജി (76, ഉടുമ്പുത്തല, കാസര്‍കോട്), ജോര്‍ജ് ദേവസി (83, തൃക്കാക്കര, എറണാകുളം) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 274, മലപ്പുറം 167, കാസര്‍കോട് 128, എറണാകുളം 120, ആലപ്പുഴ 108, തൃശൂര്‍ 86, കണ്ണൂര്‍ 61, കോട്ടയം 51, കോഴിക്കോട് 39, പാലക്കാട് 41, ഇടുക്കി 39, പത്തനംതിട്ട 37, കൊല്ലം 30, വയനാട് 14.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 528, കൊല്ലം 49, പത്തനംതിട്ട 46, ആലപ്പുഴ 60, കോട്ടയം 47, ഇടുക്കി 58, എറണാകുളം 35, തൃശൂര്‍ 51, പാലക്കാട് 13, മലപ്പുറം 77, കോഴിക്കോട് 72, വയനാട് 40, കണ്ണൂര്‍ 53, കാസര്‍കോട് 105.

കഴിഞ്ഞ 24 മണിക്കൂറിനകം 25,096 സാമ്പിളുകള്‍ പരിശോധിച്ചു. 1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,167 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1444 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ ആകെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,30,614 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1950 സാമ്പിളുകള്‍ റിസള്‍ട്ട് വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 515 ആയി.

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ച 274ല്‍ 248ഉം സമ്പര്‍ക്ക രോഗബാധിതരാണ്. പൂന്തുറ, വിഴിഞ്ഞം എന്നീ സ്ഥലങ്ങളില്‍ രോഗവ്യാപന സാധ്യത കുറയുന്നുണ്ട്. എന്നാല്‍, അപകടാവസ്ഥ അയഞ്ഞിട്ടില്ല. ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ ഇന്നലെ 2011 കോവിഡ് പരിശോധനകള്‍ നടത്തിയതില്‍ 203 എണ്ണം പോസിറ്റീവായി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം നിലനില്‍ക്കുന്നു. മൂന്നിടങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് 5, 6 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയില്‍ മത്സ്യബന്ധനാനുമതി ആഗസ്ത് അഞ്ച് എന്നത് ഏഴിലേക്കു മാറ്റി.

പത്തനംതിട്ട ജില്ലയില്‍ തെരുവില്‍ അലഞ്ഞുനടക്കുന്ന സ്ത്രീക്കും ദന്തല്‍ ക്ലിനിക്കിലെ ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചതിന്‍റെ ഉറവിടം വ്യക്തമാകാത്തതിനെ തുടര്‍ന്ന് പുറമറ്റത്ത് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപപ്പെട്ടു.

ആലപ്പുഴ ക്ളോസ്ഡ് ക്ളസ്റ്ററുകളിലൊന്നായ ഐടിബിപി മേഖലയില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലായി വരികയായിരുന്നു. ഇന്നലെ അവിടെ പുതിയ 35 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതരസംസ്ഥാനത്തു നിന്നും പുതുതായി വന്ന ഉദ്യോഗസ്ഥര്‍ക്കാണ് രോഗബാധ. റൊട്ടേഷണല്‍ ചേഞ്ച് ഓവറിന്‍റെ ഭാഗമായി ജൂലൈ ഏഴിന് ജലന്ധറില്‍നിന്ന് എത്തിയ അമ്പത് പുതിയ ഉദ്യോഗസ്ഥരില്‍ 35 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ അമ്പതുപേരടങ്ങിയ ടീമിനെ ജില്ലയിലെത്തിയ ഉടന്‍ ക്വാറന്‍റയിന്‍ ചെയ്തിരുന്നു. ഇവര്‍ക്ക് പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ല. നൂറനാട് ഐടിബിപി ക്യാമ്പിലേക്ക് പുതുതായി ഉദ്യോഗസ്ഥരെ അയയ്ക്കരുതെന്ന് ഐടിബിപി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എറണാകുളത്ത് ആലുവ ക്ലസ്റ്ററിലും ഫോര്‍ട്ട് കൊച്ചി മേഖലയിലും രോഗ വ്യാപനം തുടരുകയാണ്. അങ്കമാലി, തൃക്കാക്കര, ഇടപ്പള്ളി മേഖലകളിലും കഴിഞ്ഞ ദിവസം കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫോര്‍ട്ട് കൊച്ചി മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ 82 സ്വകാര്യ ആശുപത്രികള്‍ ആണ് കോവിഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആയിട്ടുള്ളത്. മെഡിക്കല്‍ കോളേജില്‍ 9 പേരാണ് ഗുരുതര ലക്ഷണങ്ങളുമായി ചികിത്സയില്‍ ഉള്ളത്. ഐസിയുവില്‍ ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

തൃശൂര്‍ ജില്ലക്ക് പുറത്തുള്ള പട്ടാമ്പി ക്ലസ്റ്ററില്‍ നിന്ന് സമ്പര്‍ക്ക രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

പാലക്കാട് ജില്ലയിലെ ആദിവാസി കോളനികളില്‍  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ട്. പുറത്തുനിന്ന് ആളുകള്‍ വരുന്നത് തടയുന്നതിനായി ആരോഗ്യം, ട്രൈബല്‍, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ പറമ്പിക്കുളം ഉള്‍പ്പടെയുള്ള മേഖലകളില്‍ പരിശോധനയും ബോധവല്‍ക്കരണവും  നടത്തുന്നുണ്ട്. അട്ടപ്പാടി മേഖലയിലെ കോവിഡ് ബാധിതര്‍ക്കായി 420 കിടക്കകളോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

കോഴിക്കോട്ട് കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ മരണ വീട്ടില്‍ കൊണ്ടുപോയ  8 മാസം പ്രായമുളള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചിരുന്നു. അഞ്ചു വയസിനു താഴെയുള്ള അഞ്ച് കുട്ടികള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായതായി കണ്ടെത്തി. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഒരു ജാഗ്രതക്കുറവും അരുത്.

വയനാട്ടിലെ പേരിയ പുലച്ചിക്കുനി പട്ടികവര്‍ഗ കോളനിയിലെ രണ്ടു വീടുകളിലായി 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പരിസരത്തെ മുഴുവന്‍ കോളനികളിലും പരിശോധന ഊര്‍ജിതമാക്കുകയും ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. 93 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 125  പേര്‍ക്കാണ്  രോഗ ബാധ ഉണ്ടായിരുന്നത്.  നിലവില്‍ 60 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 93 കേസ് ഉണ്ട്.  ഇവിടെ 1292 ടെസ്റ്റുകള്‍ നടത്തി. കോവിഡ് ഇതര രോഗ ചികിത്സക്കുള്ള ഒപി നിയന്ത്രണം ഒരാഴ്ച കൂടി തുടരും.

ഇന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് ‘കോവിഡ് ബാധിതരുടെ സമ്പര്‍ക്കം ഉള്‍പ്പെടെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ടതോടെ പോലീസിന് പിടിപ്പത് പണിയായി’ എന്നാണ്. അവര്‍ തന്നെ വീണ്ടും ‘നിലവിലെ കോവിഡ് പ്രതിരോധത്തിന് പോലും പോലീസ് ഇല്ലാതിരിക്കെയാണ് പുതിയ നിര്‍ദേശം’ എന്നും പറയുന്നു. അതേ മാധ്യമസ്ഥാപനം തന്നെ ‘കൊവിഡ് പ്രതിരോധത്തിന്‍റെ അധികചുമതല ഏല്‍പിച്ചതില്‍ പോലീസിലും പ്രതിഷേധം പുകയുന്നു. ജോലിഭാരം ഇരട്ടിയാകുന്നതും രോഗവ്യാപന സാധ്യത വര്‍ധിക്കുന്നതുമാണ് പോലീസുകാരുടെ ആശങ്ക’ എന്ന നിരീക്ഷണവും നടത്തിയിട്ടുണ്ട്.

ഇതില്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. കോവിഡ് പ്രതിരോധത്തില്‍ എല്ലാ ഘട്ടത്തിലും ആരോഗ്യപ്രവര്‍ത്തകരും പൊലീസും ഉണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും അവരുടെ ഇടപെടലും തുടക്കം മുതലേ ഉണ്ട്. എന്നാല്‍ തുടര്‍ച്ചയായ അധ്വാനവും വിശ്രമരാഹിത്യവും സ്വാഭാവികമായും ആരിലും ക്ഷീണമുണ്ടാക്കും. അത് ആരോഗ്യപ്രവര്‍ത്തകരിലും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ രോഗവ്യാപനഘട്ടമാണ്. ആദ്യഘട്ടത്തിലുള്ള ദൗത്യമല്ല ഇപ്പോള്‍ നിര്‍വഹിക്കാനുള്ളത്.

രോഗികളുടെ എണ്ണം കൂടി, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ കൂടി, പ്രൈമറി കോണ്ടാക്റ്റുകളുടെ എണ്ണം കൂടി, കോണ്ടാക്റ്റ് ട്രെയ്സിങ് കൂടുതല്‍ വിപുലമായി മാറി, സിഎഫ്എല്‍ടിസികള്‍ സ്ഥാപിച്ചതോടെ ആ രംഗത്ത് പുതുതായി ശ്രദ്ധിക്കേണ്ടി വന്നു, മൊബൈല്‍ യൂണിറ്റുകള്‍ കൂടുതലായി, ടെസ്റ്റിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. അങ്ങനെ ആരോഗ്യപ്രവര്‍ത്തകരുടെ ജോലിഭാരം ഗണ്യമായി വര്‍ധിച്ചു. വീടുകളില്‍ ചികിത്സക്കുള്ള സംവിധാനം ഒരുക്കുമ്പോള്‍ വീണ്ടും ജോലിഭാരം കൂടും.

ഈ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ കൂടുതല്‍ സഹായിക്കാനും സമ്പര്‍ക്കം കണ്ടെത്തുന്നതിന് സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാനുമാണ് പൊലീസിനെ ചുമതലപ്പെടുത്തുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യേണ്ട ഒരു ജോലിയും പൊലീസിന് കൈമാറുകയല്ല. മറിച്ച്, പൊലീസിന് അധികജോലി ഏല്‍പിക്കുകയാണ്. അത് ആരോഗ്യസംവിധാനത്തെയും പ്രവര്‍ത്തകരെയും സഹായിക്കുക എന്ന ജോലിയാണ്. അങ്ങനെയൊരു തീരുമാനത്തെ തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം പ്രചരിപ്പിച്ചാലോ?

ഇവിടെ അപൂര്‍വം ചിലര്‍ക്ക് ഒരു മാനസികാവസ്ഥയുണ്ട്. എങ്ങിനെയെങ്കിലും ഏതു വിധേനെയും രോഗവ്യാപനം വലിയ തോതിലാവണം. അത്തരം മാനസികാവസ്ഥയുള്ളവര്‍ക്കു മാത്രമേ ഈ നിലപാടിനെ  ആക്ഷേപിക്കാന്‍ കഴിയൂ. ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടലുകളെക്കുറിച്ചും അവര്‍ അനുഷ്ഠിക്കുന്ന ത്യാഗനിര്‍ഭരമായ സേവനത്തെക്കുറിച്ചും അറിയാത്തവര്‍ ആരാണുള്ളത്? എല്ലാ ഘട്ടത്തിലും അവരെ അഭിനന്ദിക്കുക മാത്രമല്ല, വേണ്ട സഹായങ്ങള്‍ നല്‍കണമെന്ന നിലപാട് സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍. ഈ വാര്‍ത്താസമ്മേളനങ്ങളില്‍ തന്നെ എത്ര തവണ അക്കാര്യം പറഞ്ഞു എന്ന് ഓര്‍ത്തുനോക്കൂ.

റിവേഴ്സ് ക്വാറന്‍റൈനില്‍ ആളുകള്‍ കൂടുതലുള്ള സ്ഥലം കൂടിയാണ് നമ്മുടേത്. അതുകൊണ്ട്, ചികിത്സയിലും പരിചരണത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നതിനോടൊപ്പം കോണ്ടാക്ട് ട്രെയ്സിങ് പോലുള്ള പ്രവര്‍ത്തനങ്ങളും ഒക്കെ ഒരു കൂട്ടര്‍ തന്നെ തുടര്‍ച്ചയായി ചെയ്യുമ്പോള്‍ മനുഷ്യസഹജമായ ക്ഷീണമുണ്ടാകില്ലേ? തളര്‍ച്ച അവരെ ബാധിക്കില്ലേ? ഈ ഒരു സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി പൊലീസിനെ നിയോഗിക്കുന്നത്.

ഒരുപാട് യാത്രചെയ്തവരുണ്ടാകാം, വിപുലമായ സമ്പര്‍ക്കപ്പട്ടികയുള്ളവരുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ സൈബര്‍ സഹായം ഉള്‍പ്പെടെ ആവശ്യമായി വരും. മൊബൈല്‍ സേവനദാതാക്കളെ ബന്ധപ്പെടേണ്ടി വരും. ഈ കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ പോലീസിന് മികച്ച രീതിയില്‍ സാധിക്കും. അതിനുള്ള സംവിധാനങ്ങളും അന്വേഷണമികവും പോലീസിനുണ്ട്.

ഇപ്പോള്‍ നമുക്കുമുന്നിലുള്ളത് ഗൗരവമേറിയ ഒരു ദൗത്യമാണ്. ഇതുവരെ സമ്പര്‍ക്കവ്യാപനത്തെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തുകയും സമ്പര്‍ക്കംമൂലം രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്ത ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പൊലീസ് സഹായം നല്‍കിയിരുന്നു. രോഗവ്യാപനം വര്‍ധിച്ച ഈ ഘട്ടത്തില്‍ ആ ഉത്തരവാദിത്തം കൂടുതലായി പൊലീസിനെ ഏല്‍പിക്കുകയാണ്. അതില്‍ ഒരു തെറ്റിദ്ധാരണയും വേണ്ടതില്ല.

കോണ്‍ടാക്ട് ട്രെയിസിങ്ങിന് പൊലീസിന്‍റെ അന്വേഷണമികവ് ഉപയോഗിക്കും എന്നു പറയുന്നത് ആ മേഖലയില്‍ പഴുതുകളടച്ചുള്ള സമീപനമുണ്ടാകണം എന്നതുകൊണ്ടാണ്. ഇതു പറഞ്ഞപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കുകയാണോ എന്ന് ചിലര്‍ക്ക് തോന്നി. അത്തരം തോന്നലുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. ഈ തീരുമാനം സംസ്ഥാനത്തെ പൊലീസ്രാജിലേക്ക് നയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത്.

യഥാര്‍ത്ഥത്തില്‍ എന്തു കണ്ടിട്ടാണ് ഈ ആക്ഷേപം? ഒരുഭാഗത്ത് ആരോഗ്യപ്രവര്‍ത്തകരോട് അവഗണന എന്ന് ആക്ഷേപം ഉന്നയിക്കുക. മറുഭാഗത്ത് പൊലീസ് സംവിധാനത്തിന്‍റെ ഇടപെടല്‍ മരവിപ്പിക്കുക. രണ്ടും നടന്നാല്‍ കോവിഡ് അതിന്‍റെ വഴിക്ക് പടര്‍ന്നുപിടിക്കുമെന്ന് അറിയാത്തയാളാണോ പ്രതിപക്ഷ നേതാവ്? ഇതേ സമീപനമല്ലേ കഴിഞ്ഞദിവസം നാം കണ്ടത്? എന്തിനാണ് ഇത്തരമൊരു ഇരട്ടമുഖം സ്വീകരിക്കുന്നത്. ഇവിടെ പലതരത്തിലുള്ള പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയവരുണ്ടല്ലോ? പ്രളയത്തെക്കുറിച്ചും വരള്‍ച്ചയെക്കുറിച്ചും സാമ്പത്തിക പ്രശ്നത്തെക്കുറിച്ചുമൊക്കെ വലിയ പ്രതീക്ഷയോടെ കണ്ടയാളുകളില്‍ നിന്ന് ഇതിലപ്പുറം എന്താണ് പ്രതീക്ഷിക്കാനാവുക?

ഇപ്പോള്‍ നമ്മുടെ കോവിഡ് പ്രതിരോധം ശക്തമായി മുന്നോട്ടുപോകുകയാണ്. കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും മറ്റു പ്രദേശങ്ങളുടെയും അനുഭവം താരതമ്യം ചെയ്താല്‍ നാം എത്രമാത്രം മുന്നേറി എന്ന് വ്യക്തമാകും. എന്നിട്ടും പറയുകയാണ് ഇവിടെ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന്. ആരോടാണ് ഇത് പറയുന്നത്? സര്‍ക്കാരിനൊപ്പം കോവിഡ് പ്രതിരോധയജ്ഞത്തില്‍ പങ്കാളികളാകുന്ന ഇന്നാട്ടിലെ ജനങ്ങളോടോ? ആ ജനങ്ങളില്‍ എല്ലാവരുമില്ലേ?  ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ ഉള്ളവര്‍ മാത്രമാണോ കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായിട്ടുള്ളത്. കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി നില്‍ക്കുന്ന തങ്ങള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നയാളുകളെ അടര്‍ത്തിമാറ്റുക, അവരില്‍ വല്ലാത്തൊരു സംശയമുണ്ടാക്കുക, ആ പ്രവര്‍ത്തനത്തില്‍ സജീവമാകാതിരിക്കാന്‍ പ്രേരിപ്പിക്കുക. അതാണോ ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്? നാം നമ്മുടെ നാടിന്‍റെ അനുഭവം കാണുന്നുണ്ടല്ലോ. ജനങ്ങളാകെ ഒരുമയോടെ തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്ന നിലയല്ലേ കാണുന്നത്. ഇത്തരം ആക്ഷേപം ഉന്നയിക്കുന്നവരുടെ ആക്ഷേപങ്ങള്‍ക്ക് വിലകല്‍പ്പിച്ചിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന അതേ കാഴ്ചയുണ്ടാകുമോ?  ജനങ്ങള്‍ കാര്യങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നു എന്നാണ് കാണേണ്ടത്.

ഒരു കാര്യമേ ഈ ഘട്ടത്തില്‍  ഓര്‍മിപ്പിക്കാനുള്ളൂ. പ്രതിപക്ഷം ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും. പ്രതിപക്ഷ നേതാവ് പറഞ്ഞത് വിമര്‍ശനങ്ങളെ പോസിറ്റീവായി എടുക്കണമെന്നാണ്. നല്ല കാര്യമാണത്. വിമര്‍ശനങ്ങള്‍ തള്ളിക്കളയുന്ന സര്‍ക്കാരല്ല ഇത്. പക്ഷെ, വിമര്‍ശനങ്ങള്‍ക്കു പകരം തെറ്റായ പ്രചാരണങ്ങളും കോവിഡ് പ്രതിരോധം തകര്‍ക്കാനുള്ള കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്. കെട്ടുകഥകള്‍ ചുമന്നുകൊണ്ടുവരുമ്പോള്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല. അതിന്‍റെ ഭാരം അത് ചുമക്കുന്നവര്‍ തന്നെ പേറേണ്ടിവരും.

കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും മറ്റു രോഗങ്ങള്‍ ഇല്ലാത്തവര്‍ക്കും വീട്ടില്‍ ചികിത്സ നല്‍കാം എന്ന നിര്‍ദ്ദേശം കഴിഞ്ഞയാഴ്ച തത്വത്തില്‍ അംഗീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും ആരോഗ്യവിദഗ്ധരും നമ്മുടെ വിദഗ്ധസമിതിയും നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ആ തീരുമാനം എടുത്തത്. അന്ന്  ഇതിനെ ചിലര്‍ വളച്ചൊടിച്ച് സംസ്ഥാനം ചികിത്സയില്‍ നിന്നും പിന്മാറുന്നു എന്നാണ് പറഞ്ഞത്. അതുപോലൊരു പ്രചരണമാണ് ഇവിടേയും നടക്കുന്നത്.

അതുകൊണ്ടാണ് കൂടുതല്‍ സഹായം നല്‍കാനുള്ള ചുമതല പൊലീസിനു നല്‍കിയത്. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താന്‍ നോക്കുന്നവര്‍ തളര്‍ത്തുന്നത് നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെയാണ്. അപകടത്തിലാക്കുന്നത് സമൂഹത്തെ ഒന്നാകെയാണ്. ഇത്തരം പ്രചരണങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീണുപോവാതെ നോക്കേണ്ടത് നമ്മുടെ എല്ലാവരുടേയും ഉത്തരവാദിത്വമാണ്.

കോണ്‍ടാക്ട് ട്രേസിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സബ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയ സംവിധാനം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കണ്ടെയിന്‍മെന്‍റ് മേഖലകളില്‍ പൊലീസിന്‍റെ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിന്‍റെ സേവനം ശക്തിപ്പെടുത്തി. ജനങ്ങള്‍ കൂട്ടം കൂടുന്ന ആശുപത്രികള്‍, ബസ് സ്റ്റാന്‍റുകള്‍, കല്യാണവീടുകള്‍, മരണവീടുകള്‍, മാര്‍ക്കറ്റ്, തുറമുഖം എന്നിവിടങ്ങളില്‍ പൊലീസ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.

കണ്ടെയിന്‍മെന്‍റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളില്‍ മാസ്ക്ക് ധരിക്കലും വാഹനങ്ങളിലെ അധിക യാത്രക്കാരുടെ എണ്ണവും പരിശോധിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കും. പൊതുസ്ഥലങ്ങളില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

മാസ്ക് ധരിക്കാത്ത 7300 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റെന്‍ ലംഘിച്ച നാലു പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

കടലാക്രമണം
കടലാക്രമണം തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ പ്രവൃത്തികള്‍ അടിയന്തര പ്രാധാന്യം നല്‍കി ആരംഭിക്കും. ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ധനകാര്യം, ഫിഷറീസ്, ജലവിഭവം എന്നീ വകുപ്പുകള്‍ കൂട്ടായി ചര്‍ച്ച ചെയ്യും.

നേരത്തെ തീരുമാനിച്ച കാര്യങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും.  നിലവില്‍ അനുമതി നല്‍കിയ പ്രവൃത്തികളില്‍ തുടര്‍ നടപടി ഉടന്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. കടലാക്രമണം തടയാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കും. തീരദേശ ജില്ലകള്‍ക്ക് അടിയന്തര പ്രവൃത്തികള്‍ക്ക് രണ്ടു കോടി രൂപ വീതം അനുവദിച്ചിരുന്നു. പൊന്നാനിയില്‍ സമ്പൂര്‍ണ കടല്‍ ഭിത്തി നിര്‍മാണമെന്ന ആവശ്യം പരിഗണനയിലാണ്. ശംഖുമുഖം റോഡ് സംരക്ഷിക്കും.

കാലാവസ്ഥ
മഴ കനക്കുകയാണ്. കേന്ദ്ര കലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാമെന്ന് പ്രവചിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് വരുന്ന നാലു ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. അതിതീവ്ര മഴയോടൊപ്പം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവയുടെ സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാഭരണ സംവിധാനങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകളിലുള്ളവരെ മുന്‍കരുതലിന്‍റെ ഭാഗമായി മാറ്റി താമസിപ്പിക്കും. നീലഗിരി കുന്നുകളില്‍ അതിതീവ്ര മഴയുണ്ടാകുന്നത് വയനാട്, മലപ്പുറംജില്ലയുടെ കിഴക്കന്‍ മേഖല, പാലക്കാട് ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ അപകടസാധ്യത വര്‍ധിപ്പിക്കും. ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നത് എറണാകുളം ജില്ലയെയും ബാധിക്കാനിടയുണ്ട്.

പ്രവചനാതീതമായ ഈ സാഹചര്യത്തില്‍ കാലാവസ്ഥ മുന്നറിയിപ്പുകളെ ഗൗരവത്തില്‍ കാണേണ്ടതാണ്. ജില്ലാതല പ്രവചനമായതിനാല്‍ തങ്ങളുടെ പ്രദേശത്ത് നിലവില്‍ മഴയില്ലെങ്കില്‍ മുന്നറിയിപ്പിനെ അവഗണിക്കുന്ന രീതി നാട്ടിലുണ്ട്. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ്  ഗണ്യമായി ഉയര്‍ന്നിട്ടില്ല. വൈദ്യുതി വകുപ്പിന്‍റെ പെരിങ്ങല്‍ക്കുത്ത്, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് വിടുന്നുണ്ട്. മുന്‍കരുതലിന്‍റെ ഭാഗമായി ജലസേചന വകുപ്പിന്‍റെ ചില അണക്കെട്ടുകളിലും ജലം പുറത്തേക്കൊഴുക്കുന്നുണ്ട്.

മണിമലയാറില്‍ മാത്രമാണ് വാണിങ് ലെവലിനോട് അടുത്തുള്ള ജലനിരപ്പ് ഉള്ളത്. എങ്കിലും നദികളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കേണ്ടതാണ്. കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ വീണും പോസ്റ്റുകള്‍ വീണും അപകടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇത് ശ്രദ്ധിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തും.

ക്വാറന്‍റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഇറങ്ങാനോ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് സമീപം കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാനും പാടില്ല. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പാലിക്കണം.

സിവില്‍ സര്‍വീസ് ഫലം

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സിവില്‍ സര്‍വീസ് പരീക്ഷാ ഫലത്തില്‍ കേരളത്തില്‍ നിന്നും 50ല്‍ അധികം ഉദ്യോഗാര്‍ത്ഥികളാണ്  റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്.  അതില്‍ തന്നെ ആദ്യ 100 റാങ്കുകളില്‍ 10 മലയാളികളും ഉള്‍പ്പെടുന്നു എന്നത് അഭിമാനകരമായ നേട്ടമാണ്. വിജയികളായ എല്ലാവര്‍ക്കും സ്ത്യുതര്‍ഹമായ രീതിയില്‍ ജനസേവനം ചെയ്യാന്‍ കഴിയട്ടെ എന്നും നാടിന്‍റെ വികസനത്തിന് മുതല്‍ക്കൂട്ടാകാന്‍ സാധിക്കട്ടെ എന്നും ആശംസിക്കുന്നു.

മന്ത്രിസഭായോഗം
…………………….

പ്രവാസികള്‍ക്ക് ധനസഹായം
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്ന് 50 കോടി രൂപ നോര്‍ക്ക റൂട്ട്സിന് അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ നല്‍കിയ 8.5 കോടി രൂപയ്ക്കു പുറമെയാണിത്.

എന്‍എച്ച്എം ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന എന്‍എച്ച്എം ജീവനക്കാരുടെ പ്രതിഫലം പരിമിതമായതിനാല്‍ എന്‍എച്ച്എമ്മിന്‍റെ കീഴില്‍ കരാര്‍, ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. ഇന്‍സെന്‍റീവും റിസ്ക് അലവന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രതിമാസം 22.68 കോടി രൂപ അധിക ബാധ്യതയായി അനുവദിക്കും.

മെഡിക്കല്‍ ഓഫീസര്‍, സ്പെഷ്യലിസ്റ്റ് എന്നിവരടക്കമുള്ളവര്‍ ഗ്രേഡ് ഒന്നിലായിരിക്കും. ഇവരുടെ വേതനം കുറഞ്ഞത് 40,000 എന്നത് 50,000മാക്കി ഉയര്‍ത്തും. 20 ശതമാനം റിസ്ക് അലവന്‍സും അനുവദിക്കും.

സീനിയര്‍ കണ്‍സള്‍ട്ടന്‍റ്, ഡെന്‍റല്‍ സര്‍ജന്‍, ആയുഷ് ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന രണ്ടാം കാറ്റഗറിക്ക് 20 ശതമാനം റിസ്ക് അലവന്‍സ് അനുവദിക്കും.

മൂന്നാമത്തെ വിഭാഗത്തില്‍ സ്റ്റാഫ് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഫാര്‍മസിസ്റ്റ്, ടെക്നീഷ്യന്‍ തുടങ്ങിയവരാണുള്ളത്. ഇവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപ ആയിരുന്നത് 20,000 രൂപയായി ഉയര്‍ത്തും. 25 ശതമാനം റിസ്ക് അലവന്‍സും അനുവദിക്കും.
ലാസ്റ്റ്ഗ്രേഡ് ജീവനക്കാര്‍ക്ക് ദിവസവേതനത്തിനു പുറമെ 30 ശതമാനം റിസ്ക് അലവന്‍സ് അനുവദിക്കും.

കോവിഡ് പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന് അധിക ജീവനക്കാര്‍ ഉണ്ടെങ്കില്‍, ഇന്‍സെന്‍റീവും റിസ്ക് അലവന്‍സും പുതുതായി നിയമിക്കപ്പെടുന്ന എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കും.

വിവിധ രോഗങ്ങള്‍ക്കുള്ള കോവിഡ് ഹെല്‍ത്ത് പോളിസി പാക്കേജുകള്‍ കെഎഎസ്പി സ്കീമിന്‍റെ പരിധിയില്‍ വരാത്ത ജീവനക്കാര്‍ക്കും നല്‍കും. കോവിഡ് ബ്രിഗേഡിലെ എല്ലാ അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചു.

ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധന
2020-21 അധ്യയനവര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്ലസ് വണ്‍ കോഴ്സുകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധന വരുത്തും. കാസര്‍കോട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 20 ശതമാനവും മറ്റ് ജില്ലകളില്‍ 10 ശതമാനവുമാണ് വര്‍ധന വരുത്തുക. വര്‍ധിപ്പിക്കുന്ന സീറ്റുകളില്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകാത്ത രീതിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്കു വിധേയമായി ഏകജാലക പ്രക്രിയ മുഖേനയായിരിക്കും പ്രവേശനം. അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളുകളിലെ ബാച്ചുകള്‍ക്ക് മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ബാധകമല്ല.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) സമര്‍പ്പിച്ച ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റികള്‍ക്ക് കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലുണ്ടായ വരുമാനനഷ്ടം കണക്കിലെടുത്ത് 36.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

ക്ഷേമബോര്‍ഡ് അംഗങ്ങളല്ലാത്ത വ്യാപാരികള്‍ക്ക് ധനസഹായം
2018 മഹാപ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരി ക്ഷേമബോര്‍ഡ് അംഗങ്ങളല്ലാത്ത 10800 വ്യാപാരികള്‍ക്ക് 5000 രൂപ വീതം ധനസഹായം അനുവദിക്കാന്‍ 5.4 കോടി രൂപ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. റവന്യൂ അതോറിറ്റി / ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി / സെക്രട്ടറി എന്നിവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ / സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ധനസഹായം.  

ഓര്‍ഡിനന്‍സ്
രാത്രി ഏഴു മണി മുതല്‍ രാവിലെ 6 മണി വരെ രാത്രി ഷിഫ്റ്റുകളില്‍ സ്ത്രീകള്‍ക്ക് ഫാക്ടറികളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നതിന് 1948ലെ ഫാക്ടറീസ് ആക്ട് സെക്ഷന്‍ 66 ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

സഹകരണ വകുപ്പില്‍ 1986 മുതല്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ തുടര്‍ന്നു വരുന്ന കുടിശ്ശിക നിവാരണ ഓഡിറ്റര്‍മാരുടെ 75 തസ്തികകള്‍ ധനകാര്യ വകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി 01-01-2020 മുതല്‍ പ്രാബല്യത്തില്‍ സ്ഥിരം തസ്തികകളായി മാറ്റുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് എം.എം. പുഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിക്കുന്ന ഇന്‍റര്‍ സ്റ്റേറ്റ് കൗണ്‍സിലിന്‍റെ അജണ്ട ഇനങ്ങളില്‍ സംസ്ഥാനത്തിന്‍റെ അഭിപ്രായം രൂപീകരിക്കുന്നതിന് മന്ത്രിസഭാ ഉപ സമിതി രൂപീകരിച്ചു. നിയമ വകുപ്പ് മന്ത്രി ചെയര്‍മാനും ധനകാര്യം, റവന്യൂ, ജലവിഭവം, ഗതാഗതം, തുറമുഖ വകുപ്പ് മന്ത്രിമാര്‍ മെമ്പര്‍മാരുമായാണ് സമിതി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കും. സെന്‍റര്‍ ഫോര്‍ ഡി.എന്‍.എ ഫിംഗര്‍ പ്രിന്‍റിംഗ് ആന്‍ഡ് ഡയഗണോസ്റ്റിക്സ് മുന്‍ ഡയറക്ടര്‍ (ഹൈദരാബാദ്) ഡോ. ദേബാഷിശ്  മിത്രയെ പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിക്കും.

സ്വാതന്ത്ര്യദിനാഘോഷം
2020-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിലെ പരിപാടികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. മറ്റ് ജില്ലകളില്‍ അഭിവാദ്യം സ്വീകരിക്കുന്നവര്‍.

കോല്ലം – അഡ്വ. കെ. രാജു
പത്തനംതിട്ട – ജെ. മേഴ്സിക്കുട്ടിയമ്മ
ആലപ്പുഴ – ഡോ. ടി.എം. തോമസ് ഐസക്
കോട്ടയം – പി. തിലോത്തമന്‍
ഇടുക്കി – എം.എം. മണി
എറണാകുളം – അഡ്വ. വി.എസ്. സുനില്‍കുമാര്‍
തൃശ്ശൂര്‍ – എ.സി. മൊയ്തീന്‍
പാലക്കാട് – കെ. കൃഷ്ണന്‍കുട്ടി
മലപ്പുറം – ഡോ. കെ.ടി. ജലീല്‍
കോഴിക്കോട് – എ.കെ. ശശീന്ദ്രന്‍
വയനാട് – രാമചന്ദ്രന്‍ കടന്നപ്പള്ളി
കണ്ണൂര്‍ – ഇ.പി. ജയരാജന്‍
കാസര്‍കോട് – ഇ. ചന്ദ്രശേഖരന്‍

സഹായം
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 5000 പിപിഇ കിറ്റ്, 5000 ആന്‍റിജന്‍ ടസ്റ്റ് കിറ്റ്, മാധ്യമ പ്രവര്‍ത്തകര്‍ക്കായി 1000 ഫെയ്സ് ഷീല്‍ഡ് എന്നിവ കൈമാറി.

ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി  750 ടിവി വിതരണം ചെയ്തു.

കൊല്ലം ജില്ലയിലെ പവിത്രേശ്വരം കെഎന്‍എന്‍ എംഎച്ച്എസ്എസ്, വിഎച്ച്എസ്, ശ്രീ ചിത്തിര വിലാസം എല്‍പി സ്കൂള്‍ എന്നിവരുടെ നേതൃത്വത്തില്‍ 42 വിദ്യാര്‍ത്ഥികള്‍ക്ക് ടിവി.

കെ എം മാണി യൂത്ത് ബ്രിഗേഡ്, കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 46 വിദ്യാര്‍ത്ഥികള്‍ക്ക് ടിവി, ടാബ്ലറ്റ് കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ.

കെഎസ്ടിഎ തോടന്നൂര്‍ സബ് ജില്ലാ കമ്മിറ്റി, കെഎസ്ടിഎ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ യൂണിറ്റ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ 116 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി.

വെട്ടിക്കവല ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ജി എംഎച്ച്എസ് ജെംസ് ഓഫ് 85, ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്തു.

ഹയര്‍ സെക്കന്‍ററി നാഷണല്‍ സര്‍വ്വീസ് സ്കീം കരുനാഗപ്പള്ളി ക്ലസ്റ്റര്‍ സിഎഫ്എല്‍ടിസിയിലേക്ക് 3 ലക്ഷം രൂപയുടെ സാധനങ്ങള്‍ കൈമാറി.

സിപിഐ എം കോവളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം അലിയാര്‍ ചാരിറ്റബിള്‍ സൊസൈറ്റി സിഎഫ്എല്‍ടി സിയിലേക്ക്
75,000 രൂപയുടെ സാധനങ്ങള്‍ കൈമാറി.

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ സിഎഫ്എല്‍ടിസികളിലേയും റിവേഴ്സ് ക്വറന്‍റൈന്‍ കേന്ദ്രങ്ങളിലേയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 1 ലക്ഷം രൂപയുടെ പിപിഇ കിറ്റ് കൈമാറി.

ദുരിതാശ്വാസം
ജനാധിപത്യ മഹിളാ അസോസിയേഷന്‍ എടക്കാട് ഏരിയ കമ്മറ്റി 3,05,000 രൂപ.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മലപ്പട്ടം, വളക്കൈ, പയ്യാവൂര്‍, ഏരുവേശി, ചൂളിയാട്, പടിയൂര്‍, ശ്രീകണ്ഠാപുരം, കാഞ്ഞിലേരി, ചെങ്ങളായി വില്ലേജുകളില്‍ വിവിധ ചലഞ്ച് നടത്തി സ്വരൂപിച്ച 1,10,400 രൂപ.

കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ പിലിക്കോട്, മാണിയാട്ട് യൂണിറ്റ് 1,00,500 രൂപ.

പത്മഭൂഷണ്‍ കുഴൂര്‍ നാരായണ മാരാര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി എം എന്‍ എസ് നായര്‍ തന്‍റെ എണ്‍പതാം പിറന്നാള്‍ ആഘോഷത്തിന് കരുതിയ 1 ലക്ഷം രൂപ.

കൂത്തുപറമ്പ് പഴയനിരത്ത് പി.പി. നാണു മാസ്റ്റര്‍ സാംസ്ക്കാരിക കേന്ദ്രം 52,040 രൂപ.

കെഎസ്ആര്‍ടിഇഎ (സിഐടിയു) ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് നീക്കിവച്ച തുകയില്‍ നിന്ന് 50,000 രൂപ.

ചെറുവത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി 41,800 രൂപ.

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ പടന്ന പഞ്ചായത്ത് കമ്മിറ്റി 34,350 രൂപ.

വാര്‍ത്താകുറിപ്പ്: 04-08-2020

അയ്യായിരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അയ്യായിരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സു വഴി ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകള്‍ക്കായി ആവിഷ്കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്. 2018-ലെയും 2019-ലെയും പ്രളയത്തില്‍ തകര്‍ന്നതും തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. അയ്യായിരം പ്രവൃത്തിയിലൂടെ 11,000 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡുകളാണ് പുനരുദ്ധരിക്കുക.

1000 കോടി രൂപ മുതല്‍മുടക്കുള്ള റോഡു നവീകരണ പ്രവൃത്തി സുതാര്യമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണ പുരോഗതിയും ഗുണനിലവാരവും പരിശോധിക്കാന്‍ ജില്ലാതലത്തില്‍ നിരീക്ഷണ സമിതികള്‍ക്കു രൂപം നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും മേല്‍നോട്ടത്തിലാവും നിര്‍മാണം.
പദ്ധതിയിലൂടെ പ്രാദേശികതലത്തില്‍ ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ ലഭിക്കും.പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേതൃപരമായ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിസന്ധികള്‍ക്കിടയിലും വികസന പദ്ധതികളും സാമൂഹ്യസുരക്ഷാ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഈ കാഴ്ചപ്പാടോടുകൂടിയാണ് 20,000 കോടിയുടെ സാമ്പത്തിക പാക്കേജും കാര്‍ഷിക വികസനത്തിനുള്ള 3860 കോടിയുടെ സുഭിക്ഷകേരളം പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ പദ്ധതികളെല്ലാം സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
പ്ലാന്‍ വിഹിതം വര്‍ഷാവര്‍ഷം വര്‍ധിപ്പിച്ചും ജനപങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിച്ചും സേവനമേഖലയിലേക്ക് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പ്രോത്സാഹനം നല്‍കിയും കഴിഞ്ഞ നാലു വര്‍ഷം ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാര്‍ കാര്യക്ഷമതയുടെ പുതിയ മാതൃക സൃഷ്ടിച്ചു. നാലുവര്‍ഷത്തിനിടയില്‍ നേരിടേണ്ടിവന്ന ദുരന്തങ്ങള്‍ക്കിടയിലും പദ്ധതികള്‍ സ്തംഭിക്കാതെ മുന്നോട്ടുകൊണ്ടുപോകാനായി. നിരവധി തദ്ദേശസ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം 100 ശതമാനം തുക വിനിയോഗിച്ചു. അതിന്‍റെ ഭാഗമായി വികസനത്തിന്‍റെ പുതിയ മാതൃകകള്‍ ഉയര്‍ന്നുവന്നു.

അപവാദങ്ങളെ അവഗണിച്ച് മുന്നേറിയ ചരിത്രമാണ് നമ്മുടെ നാടിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികേന്ദ്രീകൃതാസൂത്രണം വഴി കേരളം കൈവരിച്ച നേട്ടങ്ങള്‍ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനവുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വികസനപദ്ധതികള്‍ കൃത്യമായി, സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. വികസനവും ഉത്പാദനവും ദുരന്തപ്രതിരോധവും ക്ഷേമപ്രവര്‍ത്തനവും എല്ലാം ഒരുമിച്ചുകൊണ്ടുപോകുന്ന നിലയാണ് നാടിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.
നടക്കില്ല എന്നു കരുതിയ ഒട്ടേറെ പദ്ധതികള്‍ നമുക്ക് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പോലും കേരളത്തില്‍ നടക്കില്ല എന്നു കരുതിയ ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതി പൂര്‍ത്തിയായി. ആര് തകിടംമറിക്കാന്‍ ശ്രമിച്ചാലും നാടിന്‍റെ വികസനകാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ടുപോകാനായി. ഇത് ചിലര്‍ക്ക് മാനസിക പ്രയാസമുണ്ടാക്കുന്നത് സ്വാഭാവികമാണ്. അതിന്‍റെ ഭാഗമായി ഇല്ലാക്കഥകള്‍ മെനയാനും ഭാവനയില്‍ ഒരുപാട് കഥകള്‍ സൃഷ്ടിക്കാനും ചിലര്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഇത്തരം മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിനെയെല്ലാം ഇകഴ്ത്തിക്കാണിക്കാന്‍ ഗവേഷണം നടത്തുകയാണ് ഇക്കൂട്ടര്‍. ജനങ്ങള്‍ക്കിതെല്ലാം നേരിട്ട് ബോധ്യമുള്ള കാര്യമാണ്. ഏതെങ്കിലും ചില കുബുദ്ധികള്‍ തയ്യാറാക്കുന്ന ഗൂഢപദ്ധതികളുടെ ഭാഗമായി നേരിട്ട് ബോധ്യമുള്ള കാര്യങ്ങളെ അട്ടിമറിക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്താകുറിപ്പ്: 03-08-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

സംസ്ഥാനത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ആയിരത്തിനടുത്തു തന്നെ തുടരുകയാണ്. ഇന്ന് അത് 962 ആണ്. വെള്ളിയാഴ്ച 1310 ആയിരുന്നു. ശനിയാഴ്ച 1129. ഇന്നലെ 1169. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയാണ് കൂടുതല്‍ ഉണ്ടാകുന്നത്.

ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പെരുമ്പഴുതൂര്‍ സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴയിലെ നൂറനാട് സ്വദേശി ശശിധരന്‍ (52) എന്നിവരാണ് ഇന്ന് കോവിഡ്മൂലം മരണമടഞ്ഞത്. അവരുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു.

ഇന്ന് സംസ്ഥാനത്ത് 815 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇന്ന് 801 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 40. വിദേശത്തുനിന്ന് 55 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 85 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 15. കെഎസ്ഇ 6.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം ജില്ലയിലാണ് ഇന്നും കൂടുതല്‍ ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്- 205 പേര്‍ക്ക്. എറണാകുളം 106, ആലപ്പുഴ 101, തൃശൂര്‍ 85, മലപ്പുറം 85, കാസര്‍കോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂര്‍ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശൂര്‍ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണൂര്‍ 25, കാസര്‍കോട് 50.
കഴിഞ്ഞ 24 മണിക്കൂറിനകം 19,343 സാമ്പിളുകള്‍ പരിശോധിച്ചു. 1,45,234 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,779 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1115 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 11,484.

ഇതുവരെ ആകെ 4,00,029 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3926 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,27,233 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1254 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 506 ആയി.

സമ്പര്‍ക്കവ്യാപനംമൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്‍റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ കളക്ടറെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെയും സഹായിക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തി. ജില്ലാ പൊലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ കളക്ടര്‍മാര്‍ക്ക് ആവശ്യമായ സഹായം നല്‍കും. കണ്ടെയിന്‍മെന്‍റ് സോണിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ പൊലീസ് നടപടി കര്‍ശനമാക്കും.

ക്വാറന്‍റൈന്‍ ലംഘിച്ച് ചിലരെങ്കിലും പുറത്തിറങ്ങുന്ന സ്ഥിതിയുണ്ട്. ശാരീരിക അകലം പാലിക്കാതിരിക്കുക, സമ്പര്‍ക്കവിലക്ക് ലംഘിക്കുക തുടങ്ങിയ സംഭവങ്ങളും ആവര്‍ത്തിക്കപ്പെടുന്നു. ഇത് രോഗവ്യാപനത്തോത് വര്‍ധിപ്പിക്കുന്നു എന്നതില്‍ സംശയമില്ല. ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണത്തിനുള്ള പൂര്‍ണ ഉത്തരവാദിത്വം പൊലീസിനു നല്‍കുകയാണ്. ക്വാറന്‍റൈനില്‍ കഴിയേണ്ടവര്‍ അവിടെത്തന്നെ കഴിയുമെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് ഇടപെടലാണ് ഉണ്ടാവുക. പുറത്തിറങ്ങിയാല്‍ കടുത്ത നടപടിയുണ്ടാകും.

സമ്പര്‍ക്കവിലക്ക് ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ പൊലീസിനെ അറിയിക്കണം. മാര്‍ക്കറ്റുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ആളുകള്‍ നിശ്ചിത ശാരീരിക അകലം പാലിക്കുന്നു എന്നത് പൊലീസ് ഉറപ്പുവരുത്തും. ക്വാറന്‍റൈനില്‍ കഴിയുന്നവരും ആശുപത്രിയില്‍

കഴിയുന്നവരും കടന്നുകളയുന്ന ചില സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. അത്തരം ഘട്ടങ്ങളില്‍ പൊലീസ് അന്വേഷണമികവ് ഉപയോഗിച്ച് അവരെ കണ്ടെത്തും.

ആളുകളുടെ പ്രൈമറി, സെക്കന്‍ററി കോണ്‍ടാക്ടുകള്‍ കണ്ടെത്തുന്നതിനും അങ്ങനെ കണ്ടെത്തുന്നവരെ ആശുപത്രിയിലേക്കോ ക്വാറന്‍റൈന്‍ സെന്‍ററിലേക്കോ മാറ്റുന്നതിനും പൊലീസ് നേരിട്ട് ഇടപെടും. കോണ്‍ടാക്ട് ട്രേസിങ് നടത്തുന്നതിനും പൊലീസിന്‍റെ സേവനം പൂര്‍ണതോതില്‍ വിനിയോഗിക്കാനാണ് തീരുമാനം. ഇതിനായി ഓരോ പൊലീസ് സ്റ്റേഷനിലും എസ്ഐയുടെ നേതൃത്വത്തില്‍ ഒരു ടീമിനെ നിയോഗിക്കും. പോസിറ്റീവായ ആളുകളുടെ സമ്പര്‍ക്കപ്പട്ടിക നിലവില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ് തയ്യാറാക്കുന്നത്. ഇപ്പോഴത്തെ വ്യാപന സാഹചര്യം പരിഗണിച്ച് ആ ചുമതല പൊലീസിന് നല്‍കുകയാണ്. 24 മണിക്കൂറിനകം പ്രൈമറി, സെക്കന്‍ററി കോണ്‍ടാക്ടുകള്‍ കണ്ടെത്തുകയാണ് വേണ്ടത്.

കണ്ടെയിന്‍മെന്‍റ് സോണിലും പുറത്തും അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത് കര്‍ശനമാക്കാന്‍ 24 മണിക്കൂറും പൊലീസ് ശ്രദ്ധ ഉണ്ടാകും. ആശുപത്രികള്‍, പച്ചക്കറി മത്സ്യ മാര്‍ക്കറ്റ്, വിവാഹ വീടുകള്‍, മരണവീടുകള്‍, വന്‍കിട കച്ചവട സ്ഥാപനങ്ങള്‍ എന്നിവയില്‍ പൊലീസ് പ്രത്യേക ശ്രദ്ധ പുലര്‍ത്തും.

ഇക്കാര്യത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നതിനുള്ള സംസ്ഥാനതല പൊലീസ് നോഡല്‍ ഓഫീസറായി എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെയെ നിശ്ചയിച്ചു.

കണ്ടെയിന്‍മെന്‍റ് സോണുകള്‍ നിശ്ചയിക്കുന്നത് ഏതെങ്കിലുമൊരു പ്രദേശങ്ങളെ അപ്പാടെയായിരിക്കില്ല. പ്രൈമറി, സെക്കന്‍ററി കോണ്‍ടാക്ടിലുള്ളവരുടെ വാസസ്ഥലങ്ങള്‍ കണ്ടെത്തി മാപ്പ് തയ്യാറാക്കും.

ഇങ്ങനെയുള്ളവര്‍ എവിടെയൊക്കെയാണോ ഉള്ളത് ആ പ്രദേശങ്ങളെ പ്രത്യേകം വേര്‍തിരിച്ച് കണ്ടെയ്മെന്‍റ് സോണാക്കും. ഇപ്പോഴുള്ളതു പോലെ അത് വാര്‍ഡ് തലത്തിലാവില്ല. കണ്ടെയിന്‍മെന്‍റ് സോണുകളിലുള്ളവര്‍ക്ക് പുറത്തേക്കോ മറ്റുള്ളവര്‍ക്ക് അകത്തേക്കോ പോകാന്‍ അനുവാദമുണ്ടാകില്ല. അവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ സംവിധാനമുണ്ടാക്കും. കടകളിലൂടെ ഇങ്ങനെ വിതരണം ചെയ്യുന്ന രീതിയാണ് നടപ്പാക്കുക. അതിന് സാധ്യമാകുന്നില്ലെങ്കില്‍ പൊലീസോ വളണ്ടിയര്‍മാരോ സാധനങ്ങള്‍ വീട്ടിലെത്തിക്കും. കണ്ടെയിന്‍മെന്‍റ് സോണ്‍ പ്രഖ്യാപനം ഇത്ര ദിവസത്തേക്ക് എന്ന നിലയിലല്ല ഇനിയുണ്ടാവുക. ആ പ്രദേശത്തെ പ്രൈമറി, സെക്കന്‍ററി കോണ്‍ടാക്ടുകള്‍ക്ക് രോഗബാധ ഉണ്ടാവുന്നില്ല എന്ന് ഉറപ്പാക്കുന്നതു വരെയാണ് കണ്ടെയിന്‍മെന്‍റ് തുടരുക.  

ഈ കാര്യങ്ങളാകെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലകളിലെ ഇന്‍സിഡെന്‍റ് കമാന്‍റര്‍മാരില്‍ ഒരാളായി ജില്ലാ പൊലീസ് മേധാവിയെക്കൂടി ചുമതലപ്പെടുത്തും. നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ഫലപ്രദമായി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ എല്ലാ ദിവസവും ജില്ലാ കളക്ടര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും ഡി.എം.ഒമാരും യോഗം ചേരും. രോഗവ്യാപനമുണ്ടായി ജീവഹാനി ഒഴിവാക്കാന്‍ തല്‍ക്കാലം ഈ പ്രയാസം അനുഭവിക്കുന്നതാണ് നന്നാവുക.

രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് പൊലീസ് ആസ്ഥാനം ഏതാനും ദിവസത്തേയ്ക്ക് ഭാഗികമായി അടച്ചിട്ടുണ്ട്. ഇത് പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. കണ്‍ട്രോള്‍ റൂം, വയര്‍ലെസ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ഉദ്യോഗസ്ഥരും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നുണ്ട്. അണുനശീകരണ പ്രക്രിയ പൂര്‍ത്തിയായശേഷം പൊലീസ് ആസ്ഥാനം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം തുടരും.

ഇന്ന് ഇവിടെ വിശദീകരിച്ച കണക്കുകള്‍ നമ്മളോട് പറയുന്നത് ഈ മഹാമാരിയെ എല്ലാ അര്‍ത്ഥത്തിലും പിടിച്ചുകെട്ടാന്‍ സര്‍വശക്തിയും ഉപയോഗിക്കേണ്ട ഘട്ടമാണ് ഇത് എന്നുതന്നെയാണ്. ഒരു തരത്തിലുള്ള അലംഭാവവും ഉണ്ടാകാന്‍ പാടില്ല. ഗൗരവബോധം ഒട്ടും കൈവിട്ടുകൂട.

ലാര്‍ജ് ക്ലസ്റ്ററുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്ന സാഹചര്യമാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി, വിഴിഞ്ഞം, അടിമലത്തുറ, പൊഴിയൂര്‍, പാറശ്ശാല, പെരുമാതുറ, പൂവാര്‍, കുളത്തൂര്‍, കാരോട് എന്നിങ്ങനെ 13 ലാര്‍ജ് ക്ലസ്റ്ററുകള്‍ നിലവിലുണ്ട്. ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മാത്രമാണ് പുറത്തുനിന്നു വന്നത്. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അഞ്ചുപേരുടെ ഉറവിടം അറിയില്ല. തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുന്നുവെന്നതിന്‍റെ സൂചനയാണിത്.

കൊല്ലം ജില്ലാ ജയിലില്‍ അന്തേവാസികള്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടതിനാല്‍ പരിശോധന നടത്തിയതില്‍ 57പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഗുരുതര രോഗലക്ഷണമുള്ള അഞ്ച് പേരെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ചന്ദനത്തോപ്പ് ഗവ. ഐടിഐയിലെ പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും മാറ്റി. ജയില്‍ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശിയില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നു. ഒരു അസി. പ്രിസണ്‍ ഓഫീസര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്ക സംശയമുള്ള ഉദ്യോഗസ്ഥരെ ജയിലില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ഓരോ ഡിവിഷനിലും കോവിഡ് സ്രവപരിശോധനയ്ക്കായി കിയോസ്ക് തുടങ്ങും. ജില്ലയില്‍ ആകെ 23 കിയോസ്കീസ്കുകളാണ് ആരംഭിക്കുക. കിയോസ്കുകള്‍ക്കും ആന്‍റിജന്‍ കിറ്റിനുമായി ആകെ മൂന്നു കോടി 40 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് മാറ്റിവെച്ചിട്ടുള്ളത്.

എറണാകുളം ജില്ലയില്‍ ആലുവ, പശ്ചിമ കൊച്ചി മേഖലകളില്‍ രോഗം കൂടുതലായി വ്യാപിക്കുന്നു. ആലുവ ക്ലസ്റ്ററില്‍ ചൂര്‍ണിക്കര, എടത്തല, പ്രദേശങ്ങളില്‍ ആണ് ഇപ്പോള്‍ രോഗ വ്യാപനം ശക്തമായി തുടരുന്നത്. നെല്ലിക്കുഴി, കോട്ടപ്പടി പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് സമ്പര്‍ക്കവ്യാപനം ഉണ്ടായത് 78 പേര്‍ക്കാണ്.

പശ്ചിമ കൊച്ചി മേഖലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകളും ട്രക്കുകളും മാത്രമേ അനുവദിക്കു. തൃക്കാക്കര കരുണാലയം ആക്റ്റീവ് ക്ലസ്റ്റര്‍ ആയി തുടരുകയാണ്. ഗുരുതരമായ രോഗലക്ഷണം ഇല്ലാത്തവരെ കരുണാലയത്തില്‍ തയ്യാറാക്കിയ എഫ്എല്‍ടിസിയിലും രോഗലക്ഷണമുള്ളവരെ കളമശേരി മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിലെ മഠങ്ങളിലും വൃദ്ധ സദനങ്ങളിലും ഉള്ള രോഗവ്യാപനത്തെ ഗുരുതരമായാണ് കാണുന്നത്.
 
ക്ലസ്റ്റര്‍ സ്ട്രാറ്റജി
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ക്ലസ്റ്റര്‍ കെയര്‍ ആവിഷ്കരിച്ചത്. ഇതുവരെ 174 ക്ലസ്റ്ററുകളാണ് കണ്ടെത്തി നിയന്ത്രണ നടപടികള്‍ സ്വീകരിച്ചത്. ഇതില്‍ 32 ക്ലസ്റ്ററുകളില്‍ രോഗവ്യാപനം തടഞ്ഞ് പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. 34 ക്ലസ്റ്ററുകളില്‍ ഇപ്പോഴും രോഗവ്യാപനം വര്‍ധിക്കുകയാണ്. 57 ഇടത്ത് വ്യാപനതോത് കുറയുന്നുണ്ട്. 51 ഇടത്ത് തല്‍സ്ഥിതി തന്നെ കുറേ ദിവസമായി തുടരുകയാണ്. കോവിഡ് ബാധ പുറത്തേക്ക് വ്യാപിച്ച് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാതെ ആ ക്ലസ്റ്ററിനുള്ളില്‍ തന്നെ പരിശോധനയും ചികിത്സയും ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് അപ്രതീക്ഷിതമായി വന്‍തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് അതിനെ ക്ലസ്റ്റര്‍ ആയി തിരിക്കുന്നത്. ഉറവിടമറിയാത്ത ഒരു കേസെങ്കിലും ഉണ്ടാവുകയോ ആ പ്രദേശത്ത് രണ്ടില്‍ കൂടുതല്‍ കേസുകള്‍ പരസ്പര ബന്ധമില്ലാതാവുകയോ ചെയ്താല്‍ അതിനെ അടിസ്ഥാനമാക്കിയാണ് ക്ലസ്റ്ററിന്‍റെ കോണ്ടാക്ട് ട്രെയിസിങ് തുടങ്ങുന്നത്.

കോവിഡ് രോഗബാധിതരെ നേരത്തെ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയില്ലെങ്കില്‍ സമൂഹവ്യാപനത്തിലേക്ക് പോകാം. ഒരു പ്രദേശത്തെ ക്ലസ്റ്റര്‍ ആക്കിയാല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) സജ്ജമാക്കുക എന്നതാണ് ആദ്യ നടപടി. കണ്‍ട്രോള്‍ റൂമിന്‍റെ നേതൃത്വത്തിലായിരിക്കും ക്ലസ്റ്ററിന്‍റെ പ്രവര്‍ത്തനങ്ങള്‍. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ആ പ്രദേശത്തെ കണ്ടൈന്‍മെന്‍റ് സോണായി തിരിക്കുന്നു. അവിടെ ലോക്ക്ഡൗണ്‍ ആക്കി ജനങ്ങളുടെ ഇടപെടലുകള്‍ പരമാവധി കുറച്ച് ക്വാറന്‍റൈനിലാക്കുന്നു.

ക്ലസ്റ്ററില്‍ ഏറ്റവും പ്രധാനമാണ് കോണ്ടാക്ട് ട്രെയിസിങ്, ടെസ്റ്റിങ്, ഐസൊലേഷന്‍ എന്നിവയടങ്ങിയ ക്ലസ്റ്റര്‍ രൂപരേഖ. ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് പ്രൈമറി, സെക്കന്‍ററി കോണ്ടാക്ടുള്ളവരെ കണ്ടെത്തി ആ പ്രദേശത്ത് പരിശോധനകള്‍ നടത്തുന്നു. പോസിറ്റീവായവരെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവായവരെ ക്വാറന്‍റൈനിലാക്കും. തീരദേശ മേഖലകളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിനാല്‍ ഈ മേഖലയ്ക്ക് പ്രത്യേക ക്ലസ്റ്റര്‍ നിയന്ത്രണ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ക്ലസ്റ്ററുകളടങ്ങിയ പ്രദേശത്തെ പ്രത്യേക സോണായി തിരിച്ചാണ് നിയന്ത്രണം നടപ്പാക്കുന്നത്.

മലയോര മേഖലയില്‍, പ്രത്യേകിച്ച് ആദിവാസി ജനസമൂഹത്തിനിടയില്‍ കോവിഡ് എത്തിച്ചേരാതെ നോക്കേണ്ടതുണ്ട്. ട്രൈബല്‍ മേഖലയ്ക്കു വേണ്ടി പ്രത്യേക കോവിഡ് നിയന്ത്രണ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതേപോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളിലെ കോളനികളിലും ഫ്ളാറ്റുകളിലും കോവിഡ് പടരാതിരിക്കാന്‍ പുറത്തുനിന്ന് ആളുകള്‍ കടന്നു ചെല്ലാതിരിക്കണം.

ക്ലസ്റ്റര്‍ പ്രദേശത്തുള്ളവര്‍ എല്ലാവരും എപ്പോഴും മാസ്ക് ധരിക്കണം. ശാരീരിക അകലം പാലിക്കണം. കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകണം. മാസ്കില്ലാതെ സംസാരിക്കാനോ, ചുമയ്ക്കാനോ, തുമ്മാനോ പാടില്ല. ഈ മേഖലയിലുള്ള ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം.

നമ്മുടെ നാടിന്‍റെ ഒരു പ്രത്യേകത ലക്ഷകണക്കായ സഹോദരങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ജീവിക്കുന്നു എന്നതാണ്. വളരെയധികം രോഗബാധയുള്ള സ്ഥലങ്ങളിലാണ് അവരുടെ ജീവിതം. അതില്‍ ലക്ഷകണക്കിനാളുകള്‍ ഇപ്പോള്‍ ഇങ്ങോട്ടുവന്നിട്ടുണ്ട്. കൃത്യമായ കണക്കു പറഞ്ഞാല്‍ ഇതുവരെ 7,03,977 പേരാണ് ലോക്ക്ഡൗണ്‍ ഇളവിനുശേഷം കേരളത്തിലേക്കു വന്നത്.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 4,34,491 പേര്‍ വന്നു. വിദേശ രാജ്യങ്ങളില്‍നിന്ന് 2,69,486 പേര്‍ വന്നു. എല്ലാവരും ഇങ്ങോട്ടുവരട്ടെ എന്ന നിലപാടാണ് നാം സ്വീകരിച്ചത്. വന്നവരില്‍ 3672 ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കാനുള്ള ഏര്‍പ്പാട് ഇവിടെയുണ്ടാക്കി. അതോടൊപ്പം രോഗം പകരാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ സ്വീകരിച്ചു. ഇത് നല്ല ഫലമാണുണ്ടാക്കിയത്. എന്നാല്‍, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഒരുതരം അലംഭാവം പ്രകടമായി.

രോഗം വന്നാല്‍ ചികിത്സിക്കല്‍ മാത്രമല്ല നമ്മുടെ കടമ. രോഗം വരാതിരിക്കാനും പടരാതിരിക്കാനുമുള്ള മുന്‍കരുതല്‍ പ്രധാനമാണ്. അതിന് ഇപ്പോള്‍ പല കാരണങ്ങളാല്‍ ചില വീഴ്ചകള്‍ വന്നിരിക്കുന്നു. അതുകൊണ്ടാണ് കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടിവരുന്നത്. കടുത്ത നടപടികള്‍ നമ്മുടെ നാടിന്‍റെ ഭാവിക്കുവേണ്ടിയാണ്. അതിന് എല്ലാവരുടെയും സഹായവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാനത്തേക്ക് ഹ്രസ്വകാല സന്ദര്‍ശനത്തിന് വരുന്നവര്‍ക്ക് കുറച്ചുകൂടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും.  

ലൈഫ് മിഷനില്‍ വിട്ടുപോയവര്‍ക്ക് അപേക്ഷ നല്‍കാനുള്ള ഘട്ടമാണിത്. കണ്ടെയ്ന്‍മെന്‍റ് സോണിലള്ളവര്‍ക്ക് ഈ ഘട്ടത്തില്‍ അപേക്ഷ നല്‍കാന്‍ ചില പ്രയാസങ്ങള്‍ വന്നിട്ടുണ്ട്. അവര്‍ക്ക് ആ പ്രത്യേക സഹാചര്യം പരിഗണിച്ച് അപേക്ഷ നല്‍കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചു നല്‍കും.

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചത് നമ്മുടെ കോവിഡ് പ്രതിരോധത്തിന്‍റെ സുപ്രധാന മുന്നേറ്റമാണ്.

ആര്‍ദ്രം മിഷന്‍റെ ഒന്നാംഘട്ടത്തില്‍ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളായിരുന്നു ലക്ഷ്യംവെച്ചത്. രണ്ടാംഘട്ടത്തില്‍ 504 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും അതില്‍ 407 സ്ഥാപനങ്ങളുടെ നിര്‍മാണത്തിന് ഭരണാനുമതി ലഭ്യമാവുകയും ചെയ്തു. നിലവില്‍ 284 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെയാണ് 102 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് ഉദ്ഘാടനം നടത്തിയത്. ഇതോടെ ആകെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതിന്‍റെ ഗുണഫലം കോവിഡ് കാലത്ത് സംസ്ഥാനം അനുഭവിക്കുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിരിക്കുന്ന ഭൗതിക സാഹചര്യങ്ങള്‍ പരിശോധനയ്ക്കും പ്രഥമനിര ചികിത്സാ കേന്ദ്രങ്ങളിലേക്കുള്ള സ്റ്റാഫുകളെ വിതരണം ചെയ്യുന്നതിനും സഹായകമായി.

ഹോം ക്വാറന്‍റൈനിലുള്ളവരെ നിരീക്ഷിക്കുന്നതും അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കൂടിയാണ്. ജെഎച്ച്ഐ, ജെപിഎച്ച്എന്‍, ആശാവര്‍ക്കര്‍, എന്നിവരെ ഏകോപിപ്പിക്കുന്നതും കുടുംബാരോഗ്യ കേന്ദ്രങ്ങളാണ്. ഹോം ക്വാറന്‍റൈനിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കുന്നതും ഇത്തരം കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരാണ്.

പ്രധാന ആശുപത്രികള്‍ കോവിഡ് ആശുപത്രികളായപ്പോള്‍ കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നത് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെയാണ്.

കാലവര്‍ഷം
വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഏത് സാഹചര്യവും നേരിടാന്‍ നാം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടിയെടുക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലവെള്ളപ്പാച്ചിലില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമ്പോള്‍ തന്നെ സുരക്ഷിതമായി ജനങ്ങളെ മാറ്റിപാര്‍പ്പിക്കും. നേരത്തെ മാറാന്‍ തയ്യാറാകുന്ന ഇത്തരം പ്രദേശങ്ങളിലുള്ളവര്‍ക്കും സുരക്ഷിത സൗകര്യമൊരുക്കും. നഗരങ്ങളില്‍ വെള്ളക്കെട്ടുകള്‍ ഉള്ളിടത്തുനിന്ന് ആളുകളെ മാറ്റും.

ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലുള്ള ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും. എല്ലാ മലയോര പ്രദേശങ്ങളിലും സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ചെറിയ അണക്കെട്ടുകള്‍ തുറക്കുന്നുവെങ്കില്‍ മുന്‍കൂട്ടി അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളത്തെ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കലക്ടറുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കും. ചീഫ് സെക്രട്ടറി ജില്ലാ കലക്ടറുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കും.

കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ പേരെ ഒരുമിച്ച് താമസിപ്പിക്കാനാവില്ല. അകലം പാലിച്ച് താമസിപ്പിക്കാനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാനും നിര്‍ദേശം നല്‍കി. അതിനുള്ള തയ്യാറെടുപ്പുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൈക്കൊള്ളണം. അവശ്യ മരുന്നുകള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ഫയര്‍ ആന്‍റ് റസ്ക്യൂ ടീം രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായിക്കഴിഞ്ഞു. നെയ്യാര്‍, പെരിങ്ങള്‍ക്കുത്ത് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ നടപടിയായി. എല്ലാ ഡാമുകളുടെയും പ്രീ-മണ്‍സൂണ്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ജലവിഭവ വകുപ്പ് ചീഫ് എഞ്ചനിയീറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.  

ദേശീയ ദുരന്തപ്രതികരണ സേനയുടെ 6 ടീമിനെ കൂടി സംസ്ഥാനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് ടീമിനെ ആവശ്യപ്പെട്ടതില്‍ നാല് ടീമിനെയാണ് അനുവദിച്ചത്.

സഹായം
എന്‍ജിഒ യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് 1000 കിടക്കയും തലയണയും കൈമാറി.

വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റെയ്ഞ്ചില്‍ ആരംഭിച്ച സിഎഫ്എല്‍ടിസിയിലേക്ക് എല്‍ഐസി എംപ്ലോയീസ് യൂണിയന്‍ 75,000 രൂപയുടെ സാധങ്ങള്‍ കൈമാറി.

തോന്നയ്ക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ 1999 എസ്എസ്എല്‍സി ബാച്ച് 12 വിദ്യാര്‍ത്ഥികള്‍ക്ക് ടിവിയും 6 മാസത്തേക്കുള്ള ഡി റ്റിഎച്ച് സൗജന്യ കണക്ഷനും നല്‍കി.

മുളക്കുളം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് ഡിവൈഎഫ് ഐ പെരുവ, കാരിക്കോട് മേഖലാ കമ്മിറ്റികള്‍  ആവശ്യമായ മുഴുവന്‍ കിടക്കയും തലയിണയും ബെഡ് ഷീറ്റും തോര്‍ത്തും കൈമാറി.

കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മ (ജിടെക്) തിരുവനന്തപുരം കലക്ടറേറ്റില്‍ സ്ഥാപിക്കുന്ന ജില്ലാ കൊറോണ വാര്‍ റൂമിലേക്ക് 15 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കൈമാറി.

എസ്എഫ്ഐ വടകര ഏരിയാ കമ്മിറ്റിയും കോളേജ് ഓഫ് എന്‍ജിനിയറിങ് വടകര അലുംനിയും ചേര്‍ന്ന് ഓണ്‍ലൈന്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് 154 ടിവി വിതരണം ചെയ്തു.

നെയ്യാറ്റികര മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ പി മുരുകന്‍റെ നേതൃത്വത്തില്‍ പ്രദേശത്തെ 31 വിദ്യാര്‍ത്ഥികള്‍ക്ക് ടിവിയും 3 പേര്‍ക്ക് സ്മാര്‍ട്ട്ഫോണും 4 പേര്‍ക്ക് കേബിള്‍ കണക്ഷനും നല്‍കി.

ദുരിതാശ്വാസം
ആള്‍ ഇന്ത്യാ ബിഎസ്എന്‍എല്‍ ഡിഒടി പെന്‍ഷനേഴ്സ് അസോസിയേഷന്‍, രണ്ടാം ഗഡു 19,16,699 രൂപ. ആകെ കൈമാറിയത് 42,19,928 രൂപ.

ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി 15,62,937 രൂപ.

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി 4,75,650 രൂപ.

മണക്കാട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ വിഹിതവും ചേര്‍ത്ത് 2,33,696 രൂപ.

ജനാധിപത്യ മഹിള അസോസിയേഷന്‍ മാടായി ഏരിയ കമ്മറ്റി സാരി ചാലഞ്ചിലൂടെ സ്വരൂപിച്ച 2,36,000 രൂപ.

കൂത്തുപറമ്പ് സ്വദേശി ഷാഹൂല്‍ വി പനോളി 1 ലക്ഷം രൂപ.

എസ്എഫ്ഐ ആലപ്പുഴ ഏരിയ കമ്മിറ്റി 1 ലക്ഷം രൂപ.

കണ്ണപുരം, കീഴറയിലെ സി പവിത്രന്‍, പ്രേമജ  ദമ്പതികളുടെ പേരക്കുട്ടികളായ രാംദേവ്, രാംനാഥ് എന്നിവരുടെ പിറന്നാള്‍ ആഘോഷത്തിന് കരുതിയ 1 ലക്ഷം രൂപ.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ ഫിസിക്സ് അധ്യാപകനായിരുന്ന തോമസ് ജോണിന്‍റെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച്  മകന്‍ അഭിലാഷ് ടി ജോണ്‍ 60,000 രൂപ.

ചാത്തോത്ത് എല്‍പി സ്ക്കൂളില്‍ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച കെ ജയപ്രകാശന്‍ മാസ്റ്റര്‍ പെന്‍ഷന്‍ തുക 24,180 രൂപ.

പ്രതിഭ ആര്‍ട്ട് ആന്‍റ് സ്പോര്‍ട്ട് ക്ലബ് വരിക്കോളി 23,000 രൂപ.

പത്തനാപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ പരിധിയിലുള്ള ഗ്രന്ഥശാലകളില്‍ നിന്ന് ന്യൂസ് പേപ്പര്‍ വിറ്റ് കിട്ടിയ 20,000 രൂപ.

മുന്‍ പെരളശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പരേതനായ വി കെ രാഘവന്‍റെ സ്മരണയ്ക്ക് മക്കള്‍ 10,000 രൂപ.

തിരുവനന്തപുരം എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ സച്ചിന്‍ 10,000 രൂപ.

ബിരിയാണി ചലഞ്ച്

സുഗുണന്‍ മാസ്റ്റര്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബും ഡിവൈഎഫ്ഐ ഗുംട്ടിമുക്ക് യൂണിറ്റും ചേര്‍ന്ന് 1,00,001 രൂപ

ദേശാഭിമാനി ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബും ബ്രദേഴ്സ് കൊപ്പരക്കളവും 70,000 രൂപ.

കാങ്കോല്‍ ഈസ്റ്റ് മഹിളാ അസോസിയേഷന്‍ 50,000 രൂപ.

ധര്‍മ്മടം മേലൂര്‍ സ. കൃഷ്ണപ്പിള്ള ക്ലബ്ബ് 45,000 രൂപ.

ബൊളീവിയ ആര്‍ട്സ്  ആന്‍റ് സ്പോര്‍ട്സ് ക്ലബ് അണ്ടലൂര്‍ 40,000 രൂപ.

യുവജന വായനശാല മയ്യില്‍ 31,350 രൂപ.

കൈരളി പുരുഷ സ്വശ്രയ സംഘം പാട്യം, ഡി വൈഎഫ്ഐ മഹിളാ യൂണിറ്റ് എന്നിവ ചേര്‍ന്ന്28,120 രൂപ.

കോടിയേരി കോപ്പാലം റെഡ്സ്റ്റാര്‍ 28,102 രൂപ.

ചെഗുവേര കലാകായിക വേദി പെരുമാച്ചേരി, 25000 രൂപ.

ഒഞ്ചിയം രക്തസാക്ഷി കലാവേദി 50,000 രൂപ.

റെഡ് വിങ് ആര്‍ട്ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ് ഇടക്കേപ്പുറം, കണ്ണപുരം 30,000 രൂപ.

സിപിഐ എം മേച്ചേരി ബ്രാഞ്ച്, കയരളം ലോക്കല്‍ കമ്മിറ്റി 32,190 രൂപ.

വാര്‍ത്താകുറിപ്പ്: 03-08-2020

102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 102 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപകരിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

ആര്‍ദ്രം മിഷന്‍റെ ഒന്നാം ഘട്ടത്തില്‍ 170 കുടുംബാരോഗ്യകേന്ദ്രങ്ങളായിരുന്നു ലക്ഷ്യം വച്ചത്. രണ്ടാം ഘട്ടത്തില്‍ 504 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും അതില്‍ 407 സ്ഥാപനങ്ങളുടെ നിര്‍മാണത്തിന് ഭരണാനുമതി ലഭ്യമാകുകയും ചെയ്തു. നിലവില്‍ 284 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കൂടാതെയാണ് 102 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതോടെ  ആകെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങളായി.

സംസ്ഥാനം ആരോഗ്യമേഖലയില്‍ നേരത്തെ പ്രസംശ പിടിച്ചുപറ്റിയതാണെന്നും അത് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് ആര്‍ദ്രം മിഷന്‍ ആരംഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏതൊരു പരിപാടിയും അതിന്‍റെ പൂര്‍ണ മികവോടെ പൂര്‍ത്തിയാകുന്നതിന് ജനപങ്കാളിത്തം വളരെ പ്രധാനമാണ്. പങ്കാളിത്തം പൂര്‍ണതോതില്‍ ഉണ്ടായ സ്ഥലങ്ങളില്‍ മികവുറ്റ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കാണുന്നുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ രാജ്യവും ലോകവും കേരളത്തിന്‍റെ പേര് നല്ല മാതൃകയുടെ ഭാഗമായി പല ഘട്ടങ്ങളിലായി എടുത്ത് പറഞ്ഞു. നമ്മുടെ വികേന്ദ്രീകരണാസൂത്രണത്തിന്‍റെ ഭാഗമായി നല്ല തോതില്‍ വ്യാപിച്ചു കിടക്കുന്ന ആരോഗ്യകേന്ദ്രങ്ങളുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളും പ്രാദേശികമായി ആരോഗ്യസംവിധാനത്തില്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. കേരളത്തില്‍ ഏതു ഗ്രാമീണ മേഖലയെടുത്താലും എത്ര പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളായാലും ചികിത്സ ലഭ്യമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുന്‍കരുതലുകളില്‍ അയവ് പാടില്ല

കോവിഡ് പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ ജനങ്ങള്‍ ഒരു തരത്തിലുമുള്ള അയവും വരുത്താന്‍ പാടില്ലെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗം വന്നിട്ട് ചികിത്സിക്കുക മാത്രമല്ല, രോഗം വരാതിരിക്കാനും പകരാതിരിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ വളരെ പ്രധാനമാണ്. നേരത്തെ നാം ആവശ്യമായ മുന്‍കരുതലുകള്‍ വലിയ തോതില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ഇക്കാര്യത്തില്‍ നാം അലംഭാവം കാണിച്ചു. അതാണ് ഇന്നത്തെ അവസ്ഥയില്‍ നാം എത്തിച്ചേര്‍ന്നതിന് കാരണമെന്ന് കുറ്റബോധത്തോടെ ഓര്‍ക്കണം. ഇനിയെങ്കിലും ഗൗരവത്തോടെ ഒരേമനസ്സോടെ നീങ്ങാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

ക്വാറന്‍റൈന്‍ കൃത്യമായി പാലിക്കണം. ശാരീരിക അകലം നിര്‍ബന്ധമാക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. അലംഭാവം കാട്ടുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കും.

കോവിഡ് പ്രതിരോധത്തിന് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യവകുപ്പുമായി ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലേക്ക് ആവശ്യമായ കട്ടിലും കിടക്കയുമൊക്കെ സ്വമനസ്സാലെ നല്‍കാന്‍ നാട്ടുകാര്‍ ഒത്തുകൂടി. അത്തരം ആളുകളെ ഓരോ സ്ഥലത്തും സൃഷ്ടിക്കാനാകണം. മഹാദുരിതത്തെ ഒത്തുചേര്‍ന്ന് ഒരുമയോടെ നേരിടേണ്ട ഘട്ടമാണിത്. പങ്ക് വഹിക്കാന്‍ കഴിയുന്നവരെല്ലാം ഇതിന്‍റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താകുറിപ്പ്: 30-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
ഇന്ന് ലഭിച്ച ലബോറട്ടറി റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് 794 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. (ഐസിഎംആര്‍ വെബ്പോര്‍ട്ടിലുമായി ബന്ധപ്പെട്ട് ചില സാങ്കേതിക ജോലികള്‍ നടക്കുന്നതിനാല്‍ ഉച്ചവരെയുള്ള ഫലമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പിന്നീടുള്ളത് ജില്ലകള്‍ക്ക് ലഭ്യമാക്കും).

കോവിഡ്മൂലമുള്ള രണ്ട് മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

ഇന്ന് 375 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 29.വിദേശത്തുനിന്ന് 31 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 40 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 37.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തൃശൂര്‍ 83, തിരുവനന്തപുരം 70, പത്തനംതിട്ട 59, ആലപ്പുഴ 55, കോഴിക്കോട് 42, കണ്ണൂര്‍ 39, എറണാകുളം 34, മലപ്പുറം 32, കോട്ടയം 29, കാസര്‍കോട് 28, കൊല്ലം 22, ഇടുക്കി 6, പാലക്കാട് 4, വയനാട് 3.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 220, കൊല്ലം 83, പത്തനംതിട്ട 81, ആലപ്പുഴ 20, കോട്ടയം 49 ഇടുക്കി 31, എറണാകുളം 69, തൃശൂര്‍ 68, പാലക്കാട് 36, മലപ്പുറം 12, കോഴിക്കോട് 57, വയനാട് 17, കണ്ണൂര്‍ 47, കാസര്‍കോട് 4. കഴിഞ്ഞ 24 മണിക്കൂറിനകം 21,533 സാമ്പിളുകള്‍ പരിശോധിച്ചു.

ബലിപെരുന്നാള്‍
നാളെ ബലിപെരുന്നാളാണ് – ഈദുല്‍ അസ്ഹ. ത്യാഗത്തിന്‍റെ, സമര്‍പ്പണത്തിന്‍റെ, മനുഷ്യസ്നേഹത്തിന്‍റെ മഹത്തായ സന്ദേശമാണ് ഈദുല്‍ അസ്ഹ നമുക്കു നല്‍കുന്നത്. ഈ മഹത്തായ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിന് പ്രതിജ്ഞ പുതുക്കാനുള്ള അവസരമാകട്ടെ ഈ വര്‍ഷത്തെ ഈദ് ആഘോഷം. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഈദ് ആശംസ നേരുന്നു.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലാണ് ഇത്തവണ ജനങ്ങള്‍ ഈദ് ആഘോഷിക്കുന്നത്. പതിവ് ആഘോഷങ്ങള്‍ക്കുള്ള സാഹചര്യം ഇന്ന് ലോകത്തെവിടെയുമില്ല. വളരെ കുറച്ച് തീര്‍ത്ഥാടകരാണ് ഇത്തവണ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നത്. ഒഴിച്ചുകൂടാന്‍ പറ്റാത്ത കര്‍മങ്ങള്‍ മാത്രമാക്കി ഹജ്ജ് പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ഇവിടെ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം അനുവദിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ എണ്ണം പരമാവധി കുറച്ചും മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും നമസ്കാരം നിര്‍വഹിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാവരും അതു പാലിക്കണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു. ഇന്നത്തെ സാഹചര്യത്തിന്‍റെ ഗുരുതരസ്വഭാവം കണക്കിലെടുത്ത് പള്ളികളില്‍ ഇത്തവണയും നമസ്കാരം വേണ്ടെന്നുവെച്ച കമ്മിറ്റികളുമുണ്ട്. അവരുടെ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.

അതിജീവനത്തിന്‍റെ 6 മാസങ്ങള്‍
കോവിഡിനൊപ്പം നമ്മള്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ആറു മാസമാവുകയാണ്. സര്‍ക്കാര്‍ അതിന്‍റെ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ് അപരിചിതമായ സാഹചര്യത്തെ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ ഇക്കാര്യത്തില്‍ കാട്ടുന്ന ജാഗ്രതയും പിന്തുണയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകിയിട്ടുണ്ട്.  കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് എന്ത് പങ്കാണ് ഉള്ളത് എന്ന ഒരു ചോദ്യം ഇന്നു കേട്ടു. കോവിഡ് പ്രതിരോധത്തിന്‍റെ നാള്‍വഴികള്‍ പരിശാധിച്ചാല്‍ അതിനുള്ള ഉത്തരം ഉണ്ടാകും.

ജനുവരി 30നാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതെങ്കിലും നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അതിലേറെ പഴക്കമുണ്ട്. ജനുവരി രണ്ടാമത്തെ ആഴ്ച മുതല്‍ ചൈനയില്‍ ഒരു പ്രത്യേകതരം സാര്‍സ് വൈറസ് പടരുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങിരുന്നു. അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോള്‍ ഇല്ലാതിരുന്ന ഘട്ടത്തിലും പ്രോട്ടോക്കോളും പ്രവര്‍ത്തന രൂപരേഖയും നിര്‍ദേശങ്ങളും തയ്യാറാക്കി.

ജനുവരി 30, ഫെബ്രുവരി 2, 4 തീയതികളിലായി ആദ്യ ഘട്ടത്തില്‍ 3 കേസുകളാണ് ഉണ്ടായത്. ആ 3 കേസുകളില്‍ ആദ്യ ഘട്ടം ഒതുങ്ങുകയും ചെയ്തു. ആദ്യം സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുമ്പോഴാണ് നാം വ്യാപനമില്ലാതെ ആദ്യഘട്ടം അതിജീവിച്ചത്. മാര്‍ച്ച് 8ന് വിദേശത്തുനിന്നും എത്തിയവരില്‍ നിന്ന് രോഗമുണ്ടായതോടെ കേരളത്തില്‍ രണ്ടാം ഘട്ടം ആരംഭിച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെടുന്ന ഘട്ടത്തില്‍ മാര്‍ച്ച് 24ന് കേരളത്തില്‍ 105 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. മേയ് 3ന് ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയി കുറയുകയാണ് ചെയ്തത്. രണ്ടാം ഘട്ടം പിന്നിടുമ്പോള്‍ 496 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. അതില്‍ 165 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചതോടെ കോവിഡിന്‍റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. സംസ്ഥാന അതിര്‍ത്തി വഴിയും എയര്‍പോര്‍ട്ട്, സീപോര്‍ട്ട് വഴിയും ആളുകള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങിയ ഘട്ടമാണിത്. ഇതുവരെ പുറത്തുനിന്ന് 6,82,699 പേര്‍ വന്നിട്ടുണ്ട്. അതില്‍ 4,19,943 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും 2,62,756 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നുമാണ്.

മൂന്നാംഘട്ടത്തില്‍ ഇന്നലെ (ജൂലൈ 29) വരെ 21,298 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതിലാകട്ടെ 9099 പേര്‍ കേരളത്തിന് പുറത്തുനിന്നും വന്നവരാണ്. 12,199 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായി. മൂന്നാംഘട്ടത്തില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് നേരത്തെ പ്രതീക്ഷിച്ചതാണ്. എന്നാല്‍ രോഗവ്യാപന തോത് പ്രവചിക്കപ്പെട്ട രീതിയില്‍ കൂടാതെയാണ് ഇപ്പോഴും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം പിടിച്ചുനില്‍ക്കുന്നത്.

ഈ ആറു മാസത്തിനിടയില്‍ സര്‍ക്കാര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനഫലമാണ് പലരും പ്രവചിച്ചതുപോലുള്ള അപകടത്തിലേക്ക് കേരളം പോവാതിരുന്നത്. ആരോഗ്യമേഖലയെ മാത്രം പരിശോധിച്ചാല്‍ സര്‍ക്കാര്‍ നടത്തിയ ഇടപടലുകള്‍ എത്രത്തോളമാണ് എന്ന് മനസ്സിലാകും. കോവിഡ് പ്രതിരോധത്തിനായി ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടര്‍മാരെയാണ് നിയമിച്ചത്.

കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനസജ്ജമാക്കി. 273 തസ്തികകള്‍ സൃഷ്ടിച്ചു. 980 ഡോക്ടര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചു. ഇതിനുപുറമെ 6700 താല്‍ക്കാലിക തസ്തികകളിലേക്ക് എന്‍എച്ച്എം വഴി നിയമനം നടത്തി. ഏറ്റവും താഴെത്തട്ടില്‍വരെ നമ്മുടെ ആരോഗ്യസംവിധാനത്തെ ശക്തിപ്പെടുത്തുകയായിരുന്നുലക്ഷ്യം.

കോവിഡ് പ്രതിരോധത്തിനു മാത്രമായി ആയിരത്തോളം ആംബുലന്‍സുകള്‍ സജ്ജമാക്കി. 50 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനം നടത്തുന്നു. ആശുപത്രികളെ കോവിഡ് ആശുപത്രികളാക്കി മാറ്റുകയും സൗകര്യങ്ങള്‍ സജ്ജമാക്കുകയും ചെയ്തു. 105ഉം 93ഉം വയസ്സുള്ള പ്രായമേറിയ രോഗികളെ വരെ ചികിത്സിച്ച് ഭേദമാക്കാന്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.  വാര്‍ഡുതല സമിതികള്‍ തുടങ്ങി മുകളറ്റം വരെ നീളുന്ന നിരീക്ഷണ സംവിധാനങ്ങളാണ് സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ കരുത്താകുന്നത്.

ഇടപെടലുകള്‍
ഒരാള്‍ പോലും പട്ടിണി കിടക്കരുത്. ഒരു ജീവിപോലും നമ്മുടെ കരുതലിന് പുറത്തായികൂടാ. ലോക്ഡൗണ്‍ ഘട്ടമായാലും അണ്‍ലോക്ക് ഘട്ടമായാലും സര്‍ക്കാരിന്‍റെ നിലപാട് ഇതായിരുന്നു. ലോക്ഡൗണ്‍ ഉണ്ടാക്കുന്ന അതിഗുരുതരമായ സാമ്പത്തിക സാഹചര്യമുണ്ട്. ആസാഹചര്യത്തെ മറികടക്കാനാണ് 20,000 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാനം നടപ്പാക്കിയത്. 60 ലക്ഷം പേര്‍ക്ക് സാമൂഹ്യസുരക്ഷാ ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്തു.

ക്ഷേമപെന്‍ഷന്‍ കിട്ടാത്ത പതിനഞ്ചു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം ധനസഹായം വിതരണം ചെയ്തു. വിവിധ ക്ഷേമനിധികളിലെ അംഗങ്ങള്‍ക്ക് ധനസഹായം വേറെയും നല്‍കി. കുടുംബശ്രീ വഴി മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയില്‍ 2000 കോടി രൂപ വിതരണം ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയത്. അതില്‍ 1,84,474, പേര്‍ക്കായി  1742.32 കോടി രൂപ ഇതിനകം വിതരണം ചെയ്തു.

പൊതുവിതരണ സംവിധാനം വഴി 85 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. ഇതോടൊപ്പം പലവ്യജ്ഞന കിറ്റുകളും സൗജന്യമായി നല്‍കി. അങ്കന്‍വാടികളില്‍ നിന്നും നല്‍കുന്ന പോഷകാഹാരം കുട്ടികള്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കി. 26 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു. സമൂഹ അടുക്കള വഴി ലോക്ഡൗണ്‍ ഘട്ടത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് സൗജന്യമായും അല്ലാതെയും ഭക്ഷണവിതരണം നടത്തി. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്ന ജനകീയ ഭക്ഷണശാലകള്‍ ആരംഭിച്ചു.

ജനങ്ങള്‍ക്ക് അധികഭാരമില്ലാതെ ഈ കാലഘട്ടത്തെ മറികടക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിരുന്നു. ഐടി, വ്യവസായം, ചെറികിട വ്യവസായം, സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ വാടകയ്ക്കുള്ള വ്യാപാരികള്‍ ഇങ്ങനെയുള്ളവര്‍ക്കെല്ലാം ആവശ്യമായ ഇളവകുള്‍ ഈ ഘട്ടങ്ങളില്‍ നല്‍കി. ഇത്തരം ഇടപെടലുകള്‍ അണ്‍ലോക്ക് ഘട്ടത്തിലും തുടരുകയാണ്. കാര്‍ഷിക മേഖലയില്‍ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചത് തൊഴില്‍ മേഖലയിലും ഉല്‍പാദനമേഖലയിലുമുള്ള മാന്ദ്യത്തെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കാര്‍ഷിക മേഖലയില്‍ വലിയ ഉണര്‍വ് സുഭിക്ഷ കേരളം പദ്ധതി സാധ്യമാക്കിയിട്ടുണ്ട്.

രണ്ടുമാസത്തെ ക്ഷേമപെന്‍ഷനും സാമൂഹ്യസുരക്ഷാ പെന്‍ഷനും ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഓണത്തിനു മുന്നോടിയായി സൗജന്യ ഭക്ഷണകിറ്റ് നല്‍കുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാം സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയ ആറു മാസങ്ങളാണ് നാം പിന്നിടുന്നത്. കോവിഡിനോടൊപ്പം തന്നെ ഇനിയും നാം സഞ്ചരിക്കേണ്ടിവരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിന് സജ്ജമാകുക എന്നതാണ് പ്രധാനം.

പൊതുസ്ഥിതി
തിരുവനന്തപുരത്ത് കോവിഡ് 19 പ്രതിരോധത്തിനായി ശക്തമായ നടപടികളാണ് ഒരുക്കിയിരിക്കുന്നത്. 23 സിഎഫ്എല്‍ടിസികളില്‍ 2500 കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്. 1612 പേര്‍ ഇപ്പോള്‍ വിവിധ സിഎഫ്എല്‍ടിസികളിലായി കഴിയുന്നു. 888 കിടക്കകളോളം ഒഴിവുണ്ട്. ഇനിയും കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കാനുള്ള ശ്രമത്തിലാണ്.

അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ പൂര്‍ണമായും കോവിഡ് ചികിത്സയ്ക്കായുള്ള കോവിഡ് ഹോസ്പിറ്റലാക്കും. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് നഗരത്തില്‍ തന്നെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലെ രോഗികളെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അവിടെത്തന്നെ ചികിത്സിക്കും. 769 ബെഡുകളാണ് ജനറല്‍ ആശുപത്രിയിലുള്ളത്. 25 ഐസിയു കിടക്കകളുമുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കണ്ടെയിന്‍മെന്‍റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൊഴിയൂര്‍ എന്നീ ലാര്‍ജ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്നുണ്ട്.

കൊല്ലം ജില്ലയില്‍ കണ്ടയിന്‍മെന്‍റ് സോണുകളില്‍ ഇളവ് അനുവദിച്ച ഇടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ തീരുമാനമായി. കുറഞ്ഞ എണ്ണം ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ.

മഴ ശക്തി പ്രാപിച്ചതോടെ എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം.  നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളെ പ്രത്യേക സ്ഥലങ്ങളിലാണ് താമസിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ 622 പേര്‍ക്ക് നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ 137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയില്‍ രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികളുടെ കീഴിലുള്ളത് ഉള്‍പ്പെടെ  അഞ്ച് കേന്ദ്രങ്ങളില്‍ കൂടി കോവിഡ് ചികിത്സാ സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റും.

മുതിര്‍ന്ന പൗരډാരെയും മാരക രോഗങ്ങളുള്ളവരേയും സംരക്ഷിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കരുതല്‍ കെയര്‍ സെന്‍ററുകള്‍ എന്ന പേരില്‍ പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്കരിച്ചു. ഓരോ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലും ഒരു കരുതല്‍ കെയര്‍ സെന്‍റര്‍ ഒരുക്കും.

വയനാട് ജില്ലയിലെ പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ചരക്കു വാഹനങ്ങള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കു മാത്രമായി ഗതാഗതം പരമിതപ്പെടുത്തി. എവിടെയും 20ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകള്‍ പാടില്ല എന്ന നിര്‍ദ്ദേശം നല്‍കി. വിവാഹ ചടങ്ങുകള്‍ മൂന്ന് മണിക്കൂറില്‍ കൂടാന്‍ പാടില്ല.

വീട്ടില്‍ നിരീക്ഷണം
ചെറിയ രോഗലക്ഷണങ്ങളുള്ളവരെ ഹോം കെയര്‍ ഐസൊലേഷനിലാക്കാമെന്ന് ഐസിഎംആര്‍ ജൂലൈ രണ്ടിന് ഗൈഡ്ലൈന്‍ പുറത്തിറക്കിയിരുന്നു. ഇത് മറ്റ് പല സംസ്ഥാനങ്ങളും നടപ്പിലാക്കി. ആ ഗൈഡ്ലൈന്‍ അടിസ്ഥാനമാക്കി ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തിലും നടപ്പിലാക്കാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കോവിഡ് ബാധിച്ച ബഹുഭൂരിപക്ഷം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. ഇവര്‍ക്ക് വലിയ ചികിത്സയും ആവശ്യമില്ല. ഇവര്‍ മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താതിരിക്കാനാണ് സിഎഫ്എല്‍ടിസികളില്‍ കിടത്തുന്നത്. വീട്ടില്‍ കഴിഞ്ഞെന്നു കരുതി പ്രത്യേക പ്രശ്നമൊന്നുമില്ല. ഒരു കാരണവശാലും മുറിവിട്ട് പുറത്തിറങ്ങരുത്; ഐസൊലേഷന്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കാനാവണം.

രോഗലക്ഷണമില്ലാത്തവര്‍ക്കാണ് ഹോം കെയര്‍ ഐസൊലേഷന്‍ അനുവദിക്കുക. ടെലിഫോണിക് മോണിറ്ററിങ്, സ്വയം നിരീക്ഷിച്ച് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, ഫിങ്കര്‍ പള്‍സ് ഓക്സിമെട്രി റെക്കോര്‍ഡ് എന്നിവയാണ് ഹോം ഐസൊലേഷനില്‍ പ്രധാനം. ത്രിതല മോണിറ്ററിങ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജെപിഎച്ച്എന്‍, ആശ വര്‍ക്കര്‍, വളണ്ടിയര്‍ എന്നിവരാരെങ്കിലും നിശ്ചിത ദിവസങ്ങളില്‍ അവരെ സന്ദര്‍ശിച്ച് വിലയിരുത്തും. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടവുമുണ്ടാകും. ആരോഗ്യ നിലയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നെങ്കില്‍ ആശുപത്രിയിലാക്കും.

സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലുള്ള പലരും പറയുന്നത് ‘ഞങ്ങള്‍ വീട്ടില്‍ പൊയ്ക്കോളാം എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അറിയിച്ചാല്‍ പോരേ’ എന്നാണ്.

പരീക്ഷണാടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഹോം കെയര്‍ ഐസൊലേഷന്‍ നടപ്പിലാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ അവബോധം ഗുണം ചെയ്യുമെന്നതിനാലാണ് ആദ്യം അവരെ തെരഞ്ഞെടുത്തത്. എന്നാല്‍ ആരെയും നിര്‍ബന്ധിച്ച് ഹോം ഐസൊലേഷനില്‍ വിടില്ല. താല്‍പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം നല്‍കണം.

കോവിഡ് പ്രതിരോധത്തിനായി പരീക്ഷിച്ച് വിജയിച്ചതാണ് ഹോം ക്വാറന്‍റൈന്‍. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ വീട്ടില്‍ ടോയിലറ്റ് ഉള്ള ഒരു മുറിയില്‍ ഒറ്റയ്ക്ക് കഴിയുന്ന രീതിയാണ് ഹോം ക്വാറന്‍റൈന്‍. ഇതിന് കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്‍റൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ബഹുഭൂരിപക്ഷത്തിനും പുറത്തിറങ്ങിയാല്‍ വീട്ടിലെ മറ്റുള്ളവര്‍ക്ക് രോഗം പകരുമെന്ന അവബോധം ഉണ്ട്. പ്രിയപ്പെട്ടവരെ രോഗത്തിലേക്ക് തള്ളി വിടാന്‍ ആരും തയ്യാറല്ലല്ലോ. വളരെ കുറച്ച് പേരാണ് ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുള്ളത്. അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  

ഹോം ക്വാറന്‍റൈന്‍ നടപ്പിലാക്കിയപ്പോഴും അന്നും പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചതാണ്. മിറ്റിഗേഷന്‍ മെത്തേഡ് നടപ്പിലാക്കണമെന്നാണ് അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അവസാനം കേരളം നടപ്പിലാക്കിയ ഹോം ക്വാറന്‍റൈന്‍ ലോകം തന്നെ അംഗീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. മറ്റ് സംസ്ഥാനങ്ങളും ഹോം ക്വാറന്‍റൈനില്‍ കേരളത്തെ മാതൃകയാക്കുന്നുണ്ട്. ഇതിനിടയില്‍, ‘സ്വയം ചികിത്സിക്കുന്ന അവസ്ഥയിലേക്ക്’ രോഗികളെ തള്ളിവിടുന്നു എന്ന പരിഹാസം എങ്ങനെ വിശേഷിക്കപ്പെടേണ്ടതാണ് എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.

ഒരു കാര്യം കൂടി. സംസ്ഥാനത്ത് 29 കോവിഡ് ആശുപത്രികളിലായി 8715 ബെഡുകളും 25 മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലായി 984 ബെഡുകളും, 103 സിഎഫ്എല്‍ടിസികളിലായി 14,894 ബെഡുകളും 19 സ്വകാര്യ ആശുപത്രികളിലായി 943 ബെഡുകളും ഉള്‍പ്പെടെ മൊത്തം 176 സ്ഥാപനങ്ങളിലായി 25,536 ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അതുകൊണ്ട് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ചികിത്സാസൗകര്യം ഉണ്ടാകില്ല എന്ന ആശങ്കയ്ക്ക് ഒരടിസ്ഥാനവുമില്ല.

പൊലീസ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിജിലന്‍സ് ഉള്‍പ്പെടെയുള്ള പൊലീസിന്‍റെ എല്ലാ സ്പെഷ്യല്‍ യൂണിറ്റുകളിലേയും ഉദ്യോഗസ്ഥരെ നിയോഗിക്കും. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരെ കൂടാതെ എസ്പി, ഡിഐജി, ഐജി, എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥന്‍മാര്‍ നേരിട്ടോ അല്ലാതെയോ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തീരുന്നതുവരെ ജാഥകളും യോഗങ്ങളും സംഘടിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരും.  

സംസ്ഥാനത്തിനകത്ത് കെഎസ്ആര്‍ടിസി ദീര്‍ഘദൂര യാത്രാ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ്

മാസ്ക് ധരിക്കാത്ത 5821 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച ആറു പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

കാലവര്‍ഷം
രണ്ടു ദിവസമായി വ്യാപകമായ മഴ ലഭിക്കുന്നു. കാലവര്‍ഷം ശക്തിപ്പെട്ടിട്ടുണ്ട്. മഴ പെയ്യുന്ന സ്ഥിതി ഉണ്ടായതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയുണ്ടായി.

കോട്ടയം, വൈക്കം, കുമരകം, ചേര്‍ത്തല, എറണാകുളം സൗത്ത്, കണ്ണൂര്‍, വെള്ളാനിക്കര, കൊച്ചി, കക്കയം എന്നീ മേഖലകളില്‍ 24 മണിക്കൂറില്‍ 150 മില്ലിമീറ്ററില്‍ അധികം മഴയാണ് രേഖപ്പെടുത്തിയത്.  ഇതാണ് വെള്ളക്കെട്ട് സൃഷ്ടിച്ചത്. ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായെങ്കിലും ആളുകളെ മാറ്റി താമസിപ്പിച്ചതുകൊണ്ട് അപകടങ്ങള്‍ കുറക്കാന്‍ സാധിച്ചു. ഇന്നും നാളെയും കൂടി കാലാവസ്ഥ വകുപ്പ് ചില ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗസ്റ്റ് നാലോടു കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള നേരിയ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപം കൊണ്ടപ്പോഴാണ് കേരളത്തില്‍ അതിതീവ്രമഴ ഉണ്ടായത്.

അതിതീവ്രമഴ സാധ്യത നിലവില്‍ പ്രവചിക്കപ്പെട്ടിട്ടില്ലെങ്കിലും മുന്നറിയിപ്പിനെ ഗൗരവത്തില്‍ കണ്ട് തയ്യാറെടുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണ്. ക്യാമ്പുകള്‍ക്ക് കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ന്യൂനമര്‍ദത്തിന്‍റെ രുപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷമമായി നിരീക്ഷിച്ചു വരികയാണ്.

ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി
കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി ദേശീയ തലത്തില്‍ ശ്രദ്ധേയമായിരിക്കുന്നു. തീര്‍ച്ചയായും നമുക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണിത്. ഇന്ത്യയിലെ വിദൂര വിദ്യാഭ്യാസ മുന്നേറ്റങ്ങളെ (2020) സംബന്ധിച്ച് എംഎച്ച്ആര്‍ഡി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തെ രാജ്യത്തിനേറ്റവും നല്ല മാതൃകയായി അവതരിപ്പിച്ചിരിക്കുന്നത്.

ഡിജിറ്റല്‍ ക്ലാസ് റൂം, ഐസിടി ലാബ്, ഓണ്‍ലൈന്‍ പ്രവേശനം, കമ്പ്യൂട്ടര്‍ അധിഷ്ഠിത പഠനം, സമൂഹ പങ്കാളിത്തം തുടങ്ങി എംഎച്ച്ആര്‍ഡി നിര്‍ദ്ദേശിച്ച 16 മാനദണ്ഡങ്ങളില്‍ 15ഉം കേരളം നേടിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ട്രോളിങ്
കേരള തീരത്ത് ട്രോളിങ് നിരോധനം അവസാനിക്കുകയാണ്. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ആഗസ്ത് അഞ്ചുമുതല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കും. എല്ലാ ബോട്ടുകളും രജിസ്ട്രേഷന്‍ നമ്പരിന്‍റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാവുന്നതാണ്. കണ്ടെയിന്‍മെന്‍റ് സോണിലും മത്സ്യബന്ധനം നടത്താവുന്നതാണ്. എന്നാല്‍, അങ്ങനെ ലഭ്യമാകുന്ന മത്സ്യം അതാത് സോണില്‍ വിറ്റുതീര്‍ക്കണം. കണ്ടെയിന്‍മെന്‍റ് സോണില്‍നിന്ന് മത്സ്യവില്‍പനയ്ക്കായി പുറത്തേക്ക് പോകാന്‍ പാടില്ല. അധികമുള്ള മത്സ്യം സഹകരണ സംഘങ്ങള്‍ മുഖേന മാര്‍ക്കറ്റില്‍ എത്തിക്കും.

മത്സ്യബന്ധനത്തിനു പുറപ്പെടുന്ന സ്ഥലത്തുതന്നെ നിര്‍ബന്ധമായും തിരിച്ചെത്തണം. മത്സ്യലേലം പൂര്‍ണമായും ഒഴിവാക്കണം. ഹാര്‍ബറുകളില്‍ ഹാര്‍ബര്‍ മാനേജ്മെന്‍റ് സൊസൈറ്റികളും ലാന്‍ഡിങ് സെന്‍ററുകളില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പ്രാദേശികമായി രൂപീകരിക്കുന്ന ജനകീയ കമ്മിറ്റികളായിരിക്കും മത്സ്യത്തിന്‍റെ വില നിശ്ചയിക്കുന്നതും മത്സ്യബന്ധന പ്രവര്‍ത്തനങ്ങളും വിപണനവും നിയന്ത്രിക്കുന്നതും.

ഫയാസിന് അഭിനന്ദനം
എത്ര വലിയ പ്രശ്നങ്ങള്‍ക്കു നടുവിലും തളരാതെ മുന്നോട്ടുപോകാന്‍ ഒരു സമൂഹത്തിന്‍റെ ഇന്ധനമായി മാറേണ്ടത് ശുഭാപ്തിവിശ്വാസമാണ്. പ്രതീക്ഷകള്‍ ഉയര്‍ത്തിപ്പിടിക്കുകയും നിശ്ചയദാര്‍ഢ്യത്തോടെ വെല്ലുവിളികളെ മറികടക്കുകയും ചെയ്യേണ്ട ഈ ഘട്ടത്തില്‍ നമ്മളെല്ലാവരും പരസ്പരം പ്രചോദിപ്പിച്ചേ തീരൂ.

ആ ഉത്തരവാദിത്വം നമ്മുടെ കുഞ്ഞുങ്ങളേറ്റെടുത്ത് കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം അനിര്‍വചനീയമാണ്. നാലാം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ഫയാസ് എന്ന കൊച്ചുമിടുക്കന്‍റെ വാക്കുകള്‍ നമ്മളൊന്നാകെ സ്വീകരിച്ച് ഹൃദയത്തോടു ചേര്‍ത്തതും മറ്റൊന്നും കൊണ്ടുമല്ല. പരാജയങ്ങള്‍ക്ക് മുന്നില്‍ കാലിടറാതെ, പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകാന്‍ ഓര്‍മിപ്പിക്കുന്ന ആ കുഞ്ഞിന്‍റെ നിഷ്ക്ളങ്കമായ വാക്കുകള്‍ ഒരു സമൂഹത്തിന്‍റെ തന്നെ മുദ്രാവാക്യമായി മാറി.

ഫയാസ് തന്‍റെ ചിന്തകളെ വാക്കുകളില്‍ ഒതുക്കാതെ പ്രവൃത്തികളിലൂടെ മാതൃക തീര്‍ക്കുക കൂടി ചെയ്തിരിക്കുന്നു. തനിക്ക് ലഭിച്ച സമ്മാനത്തുകയില്‍ നിന്നൊരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നു. ഇന്ന് മലപ്പുറം കലക്ടര്‍ അത് ഏറ്റുവാങ്ങിയിട്ടുമുണ്ട്. ബാക്കി തുക ഒരു നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിനായി നീക്കിവെയ്ക്കുകയും ചെയ്തു.

ഏവരും പിന്തുടരേണ്ട ഉദാത്തമായ സാമൂഹികബോധമാണ് ഒരു കൊച്ചുകുട്ടി നമുക്ക് പകര്‍ന്നു തന്നത്. ആ പ്രതീക്ഷയും ദയാവായ്പുമാണ് നമ്മെ നയിക്കേണ്ടത്. ഫയാസിനേയും അവനു പിന്തുണ നല്‍കിയ രക്ഷിതാക്കളേയും ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു.

സഹായം
കാസര്‍കോട് ജില്ലയിലെ ഇളംമ്പച്ചി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂള്‍ പിടിഎയും പൂര്‍വ്വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് 33 കുട്ടികള്‍ക്ക് ടി.വി വിതരണം ചെയ്തു.

കുലശേഖരപുരം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ്, കോവിഡ് ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ക്ക് ജീവന്‍ രക്ഷാമരുന്നുകള്‍ സൂക്ഷിക്കുന്നതിനായി അഞ്ചു റഫ്രിഡ്ജറേറ്ററുകള്‍ കൈമാറി.

ദുരിതാശ്വാസം
കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 14,93,919 രൂപ.

മഹിളാ അസോസിയേഷന്‍ മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി രൂചിക്കൂട്ട് ചലഞ്ചിലൂടെ സ്വരൂപിച്ച 1,20,000 രൂപ.

ചെറുവത്തൂര്‍ തുരുത്തിയിലെ സിപിഐഎം കാവുംചിറ, ഓര്‍ക്കുളം ബ്രാഞ്ചുകളും എകെജി ക്ലബ്ബും ചേര്‍ന്ന് 61,400 രൂപ.

ആലത്തൂരിലെ അത്തിപ്പൊറ്റ വായനശാലയുടെ നേതൃത്വത്തില്‍ പാലട പ്രഥമന്‍ ചലഞ്ചിലൂടെ ശേഖരിച്ച 55,555 രൂപ.

മഹിളാ അസോസിയേഷന്‍ കല്യാട് വില്ലേജ് കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 40,000 രൂപ.

തൃക്കരിപ്പൂര്‍ ഉദിനൂരിലെ നടക്കാവ് വി.വി. ബാബുരാജ് 50,000 രൂപ.

കര്‍ഷക തൊഴിലാളി യൂണിയന്‍ പെരളം നോര്‍ത്ത് വില്ലേജ് കമ്മറ്റി 30,000 രൂപ

ചെന്താര തുരുത്തിമുക്ക് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 33,670 രൂപ.

നീലേശ്വരം പള്ളിക്കരയിലെ കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച കെ. ലക്ഷ്മണന്‍ പെന്‍ഷന്‍ തുക 25,800 രൂപ.

വെസ്റ്റ് എളേരി വരക്കാട് സ്ട്രൈക്കേഴ്സ് ക്ലബ്ബ് 25,450 രൂപ.

കയ്യൂര്‍ ആലന്തട്ട പുതിയടത്തറ ദേവസ്ഥാനം 25,000 രൂപ.

പിലിക്കോട് ചന്തേര ചെമ്പിലോട്ട് ക്ഷേത്രം, മാണിയാട്ട് ഊരു കമ്മറ്റി 25000 രൂപ.

കരിവെള്ളൂര്‍, കുണിയന്‍ സൂര്യോദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് 15,000

വാര്‍ത്താകുറിപ്പ്: 28-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

1167 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇന്ന് 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 55. വിദേശത്തുനിന്ന് 122 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 96 പേര്‍. ആരോഗ്യപ്രവര്‍ത്തകര്‍ 33.

ഇന്ന് നാലു മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കര്‍ (72), കാസര്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (70), ആലപ്പുഴയിലെ സൈനുദ്ദീന്‍ 65, തിരുവനന്തപുരത്തെ സെല്‍വമണി (65) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് നൂറിനു മുകളിലാണ്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 222, കോട്ടയം 118, മലപ്പുറം 112, തൃശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36.
കഴിഞ്ഞ 24 മണിക്കൂറിനകം 19,140 സാമ്പിളുകള്‍ പരിശോധിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 10,093. ഇന്ന് 1167 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.              

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,896 ആണ്. ഇതുവരെ ആകെ 3,62,210 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 1,50,716 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,16,418 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,13,073 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 486.

തിരുവനന്തപുരത്തിന്‍റെ കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. കോവിഡ് 19 വലിയ രീതിയില്‍ തന്നെ തലസ്ഥാനത്ത് പടര്‍ന്നിട്ടുണ്ട്. ഇന്ന് മേനംകുളം കിന്‍ഫ്ര പാര്‍ക്കില്‍ 300 പേര്‍ക്ക് പരിശോധന നടത്തിയതില്‍ 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് ഒടുവില്‍ ലഭിച്ച ഒരു വിവരം. രാജ്യത്തിന്‍റെ പൊതുസ്ഥിതി എടുത്താല്‍ 12 പേരെ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഒരാള്‍ പോസിറ്റീവായി മാറുന്നത്. കേരളത്തിലിത് 36ല്‍ ഒന്ന് എന്ന കണക്കിലാണ്. തിരുവനന്തപുരം ജില്ലയില്‍ 18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ പോസിറ്റീവാണെന്നു കാണുന്നു.

രോഗബാധിതരെയാകെ കണ്ടെത്താനുള്ള സര്‍വൈലന്‍സ് മെക്കാനിസമാണ് നടത്തുന്നത്. ക്ലസ്റ്റര്‍ രൂപപ്പെട്ടത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത് ഈ മാസം അഞ്ചിന് പൂന്തുറയിലാണ്. ബീമാപള്ളി, പുല്ലുവിള മേഖലകളില്‍ 15-ാം തീയതിയോടു കൂടിയാണ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടത്. ലോകാരോഗ്യ സംഘടന വിവക്ഷിച്ചിരിക്കുന്ന മാര്‍ഗരേഖകള്‍ക്കനുസൃതമായാണ് രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.

വലിയതുറ, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, കുളത്തൂര്‍ (നെയ്യാറ്റിന്‍കര), പനവൂര്‍, കടയ്ക്കാവൂര്‍, കുന്നത്തുകാല്‍, പെരുമാതുറ, പുതുക്കുറിച്ചി തുടങ്ങിയ തീരദേശ മേഖലകളില്‍ തുടര്‍ന്ന് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. പൂന്തുറയിലും പുല്ലുവിളയിലും അനുവര്‍ത്തിച്ച പ്രവര്‍ത്തന പദ്ധതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്രദേശത്തിന് അനുയോജ്യമായ രീതിയില്‍ രോഗനിയന്ത്രണ നിര്‍വ്യാപന പ്രവര്‍ത്തികള്‍ ഈ മേഖലകളില്‍ നടപ്പാക്കുകയാണ്.

തീരദേശത്തിനു പുറമേ പാറശ്ശാല, കുന്നത്തുകാല്‍, പട്ടം, പെരുങ്കിടവിള, ബാലരാമപുരം, കാട്ടാക്കട പ്രദേശങ്ങളിലും രോഗബാധ അധികരിച്ച് കാണുന്നുണ്ട്. ഈ പ്രദേശങ്ങള്‍ക്ക് ഓരോന്നിനും അനുയോജ്യമായ രോഗനിര്‍ണ്ണയ നിര്‍വ്യാപന ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്.

ഇതുവരെ 39,809 റുട്ടീന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണ് തിരുവനന്തപുരം ജില്ലയില്‍ ചെയ്തിട്ടുള്ളത്. ഇതിനുപുറമേ സാമൂഹികവ്യാപനം ഉണ്ടോ എന്നറിയുവാനായി 6983 പൂള്‍ഡ് സെന്‍റിനല്‍ സാമ്പിളുകളും ചെയ്തിട്ടുണ്ട്.  ഇന്നലെ 789 റുട്ടീന്‍ സാമ്പിളുകളും നൂറോളം പൂള്‍ഡ് സെന്‍റിനല്‍ നാമ്പിളുകളുമാണ് ചെയ്തത്.  ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുള്ള റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് ഈ മാസം നാലു മുതലാണ് ജില്ലയില്‍ ആരംഭിച്ചത്. ഇതുവരെ 24,823 ടെസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. 1882 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. പുല്ലുവിള ഉള്‍പ്പെടുന്ന കടലോര മേഖലയില്‍ ഇന്ന് 1150 ആന്‍റിജന്‍ ടെസ്റ്റാണ് നടത്തിയത്.

കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ മേഖലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരായ 67 പേരില്‍ 45 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടുത്തെ രോഗബാധിതരില്‍ ഭൂരിഭാഗം പേര്‍ക്കും ലക്ഷണങ്ങളില്ലാത്തതും സാഹചര്യത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നിലവില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായ 4, 27 വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും കാണക്കാരി, മാഞ്ഞൂര്‍, അയര്‍ക്കുന്നം, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ഉള്‍പ്പെടുത്തി പ്രത്യേക ക്ലസ്റ്റര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ ആലുവ, കീഴ്മാട് പ്രദേശത്തു രോഗ വ്യാപനം തുടരുകയാണ്. ചെല്ലാനം ക്ലസ്റ്ററിലെ കേസുകള്‍ കുറഞ്ഞിട്ടുണ്ട്.

പട്ടാമ്പി ക്ലസ്റ്ററില്‍ നിന്ന് തൃശൂരില്‍ സമ്പര്‍ക്ക രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ധിച്ചു. പാലക്കാട് ജില്ലയില്‍ പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലും ഇതുവരെ ആകെ 3703 പേരിലാണ് പരിശോധന നടത്തിയത്. ഇന്നലെ വരെ 271 പേര്‍ക്ക് രോഗം കണ്ടെത്തി. പട്ടാമ്പിയില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം ഇതുവരെ 7000 വീടുകളിലാണ് സര്‍വേ നടത്തിയത്. 122 പേര്‍ക്ക് ലക്ഷണം കണ്ടെത്തുകയും ആന്‍റിജന്‍ പരിശോധന നടത്തുകയും ചെയ്തു. ഇതില്‍ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിക്കുന്നത് കൊണ്ടോട്ടിയിലാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസം 12 അതിഥി തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തിരികെ വരുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസില്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം കര്‍ശനമായി കുറയ്ക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തി. ഇരുപതിലധികം പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല. വാര്‍ഡ് ആര്‍ആര്‍ടികളുടെ സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ വിവാഹം, മരണം എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുകയുള്ളൂ. ചെക്യാട് പഞ്ചായത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത മുപ്പതിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണം കര്‍ക്കശമാക്കിയത്.

വയനാട് ജില്ലയില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് ആശങ്കാജനകമായ സാഹചര്യമാണുള്ളത്. ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ടു പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് 98 പേരുടെ സാമ്പിളെടുത്ത് പരിശോധിച്ചതില്‍ 43 പേര്‍ കൂടി പോസിറ്റീവായി. പഞ്ചായത്ത് ഇന്നലെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച വാളാട് സ്വദേശിയുടെ മരണാനന്തര ചടങ്ങിനു ശേഷം അടുത്ത ദിവസങ്ങളില്‍ നാട്ടില്‍ രണ്ട് വിവാഹ ചടങ്ങുകള്‍ കൂടി നടക്കുകയും നിരവധി പേര്‍ പങ്കെടുക്കുകയും ചെയ്തതാണ് വ്യാപനം കൂടാന്‍ ഇടയാക്കിയത്. ഈ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവരോടും ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.

ലാര്‍ജ് ക്ലസ്റ്ററിലേക്കു നീങ്ങുന്ന ബത്തേരിയിലും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമ്പര്‍ക്ക വ്യാപനത്തിന് കാരണമായ മൊത്ത വ്യാപാര സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുടര്‍ച്ചയായി ചരക്കു ലോറികള്‍ വരുന്ന സ്ഥാപനമാണിത്.

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, വായനശാലകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, മറ്റ് കൂട്ടായ്മകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കണ്ണൂരില്‍ ആശുപത്രികളില്‍ കോവിഡ് ഇതര ചികിത്സക്കു എത്തുന്നവരില്‍ നിന്ന് കോവിഡ് പകരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതിനാല്‍ കോവിഡ് ഇതര ചികിത്സ നടത്തുന്ന എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസങ്ങളിലായി 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധയുണ്ടായി. അവിടെ ആവശ്യമായ സുരക്ഷ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

ലാബ് ടെക്നിഷ്യന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് രാമന്തളി പിഎച്ച്സി അടച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തിലായി. ഇവര്‍ പിഎച്ച്സിയില്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ക്രമീകരണവുമായി ബന്ധപ്പെട്ടു നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.

ശ്രീകണ്ഠപുരം നഗരസഭയിലെ ഒരു ജീവനക്കാരന് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നഗരസഭ ഓഫീസ് അടച്ചു. ചെയര്‍മാനും സെക്രട്ടറിയും മുഴുവന്‍ കൗണ്‍സിലര്‍മാരും ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. ഇത് ഇവിടെ പറയുന്നത് ജനപ്രതിനിധികള്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരശ്രദ്ധയും കാണിക്കരുത് എന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നതിനാണ്.

കാസര്‍കോട് ജില്ലയില്‍ പുതുതായി രൂപംകൊണ്ട ചെമ്മനാട് മാരേജ് ക്ലസ്റ്റര്‍ അടക്കം ജില്ലയില്‍ 10 ക്ലസ്റ്റ്റുകളാണ് ഇപ്പോള്‍ ഉള്ളത്. ഈ ക്ലസ്റ്ററുകളില്‍ ഇതുവരെ നടത്തിയ 2408 പരിശോധനകളില്‍ 350 പേരുടെ പരിശോധനഫലം പോസറ്റീവാണ്. ഈ 10 ക്ലസ്റ്ററുകളില്‍ ചെങ്കള മാരേജ് ക്ലസ്റ്റര്‍, ചെമ്മനാട് മാരേജ് ക്ലസ്റ്റര്‍ എന്നിവയും ഉള്‍പ്പെടുന്നു. ഈ രണ്ട് മാരേജ് ക്ലസ്റ്ററുകളില്‍ മാത്രം 51 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവാഹച്ചടങ്ങുകളാണ് രോഗവിതരണ കേന്ദ്രങ്ങളാകുന്നത്.

പരിശോധനകള്‍

പരിശോധനകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. പരിശോധനകളുടെ എണ്ണം കുറയുന്നു, പരിശോധനാ ഫലം വരാന്‍ വൈകുന്നു എന്ന് ചില ആക്ഷേപങ്ങള്‍ നിങ്ങള്‍ തന്നെ നേരത്തെ ഉന്നയിച്ചിരുന്നല്ലൊ. ഇത് വിശദമായി പരിശോധിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ രാപ്പകലില്ലാതെ സേവനമനുഷ്ഠിച്ച് പരിശോധനകള്‍ ഊര്‍ജിതാമാക്കുകയാണ്. മുമ്പ് 2000 പരിശോധകള്‍ നടന്നപ്പോഴും ഇപ്പോള്‍ 20,000 ആയി ഉയര്‍ത്തിയപ്പോഴും പരിശോധന കുറവാണ് എന്നു പറയുന്നതില്‍ അസാംഗത്യമുണ്ട്.

തിരുവനന്തപുരത്തെ ക്ലസ്റ്റര്‍ മേഖലയില്‍ ഇന്നലെ (27-06-2020) മാത്രം നടത്തിയ ടെസ്റ്റുകളുടെ എണ്ണം നേരത്തേ സൂചിപ്പിച്ചിരുന്നല്ലൊ. കേസിന്‍റെ തീവ്രതയനുസരിച്ച് ഓരോ സ്ഥലത്തിന്‍റേയും പരിശോധനകളുടെ എണ്ണം നിശ്ചയിക്കുക. 35 ടീമുകളാണ് തിരുവനന്തപുരത്തെ ക്ലസ്റ്റര്‍ പ്രദേശങ്ങളില്‍ സേവനമനുഷ്ഠിക്കുന്നത്.

ഓരോ ടീമിനും പ്രതിദിനം 50 ആന്‍റിജന്‍ കിറ്റുകളും സെന്‍റിനല്‍ സര്‍വയലന്‍സ് നടത്തുന്ന ടീമിന് 300 ആന്‍റിജന്‍ കിറ്റുകളാണ് നല്‍കിയിരിക്കുന്നത്. ഓരോ ആളേയും സാമ്പിള്‍ പരിശോധിച്ച് രേഖപ്പെടുത്താന്‍ അര മണിക്കൂറോളം എടുക്കും. അതനുസരിച്ച് അവസാനമെടുക്കുന്നയാളുടെ പരിശോധനഫലം വരാന്‍ കുറച്ച് വൈകും.

പരിശോധനാഫലം വൈകുന്നുണ്ടോ?

ആര്‍ടിപിസിആര്‍ പരിശോധകള്‍ക്ക് സ്ഥലങ്ങളിലെ സാമ്പിളുകള്‍ ഒരു ലാബില്‍ വരുമ്പോള്‍ തരംതിരിച്ച് ലേബല്‍ ഒട്ടിച്ച് രജിസ്റ്റര്‍ ചെയ്ത് കമ്പ്യൂട്ടറില്‍ എന്‍റര്‍ ചെയ്താണ് പരിശോധനാ പ്രക്രിയയിലേക്ക് കടക്കുന്നത്. ഒരു ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് കുറഞ്ഞത് 6 മണിക്കൂര്‍ വേണം. പരിശോധന ഐസിഎംആറിന്‍റെ ഗൈഡ്ലൈന്‍ അനുസരിച്ച് മാത്രമേ നടത്താന്‍ കഴിയൂ.

ഏതെങ്കിലും ഫലത്തില്‍ സംശയം തോന്നിയാല്‍ വീണ്ടും ആ സാമ്പിള്‍ പരിശോധിക്കും. അതിന് വീണ്ടും അത്രയും സമയം എടുക്കും. റിപ്പീറ്റ് പരിശോധന ചിലപ്പോള്‍ അന്നുതന്നെ ചെയ്യാന്‍ കഴിയില്ല. വീണ്ടും സംശയം വന്നാല്‍ ആലപ്പുഴ എന്‍ഐവിയിലയച്ച് വ്യക്തത വരുത്തും.

ഫലം ആരോഗ്യ വകുപ്പിന്‍റെ മോണിറ്ററിങ് പോര്‍ട്ടലിലാണ് അപ് ലോഡ് ചെയ്യുന്നത്. പോസിറ്റീവായാല്‍ അതത് ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ക്കും ഈ ഫലം നേരിട്ട് കാണാം. ഇതനുസരിച്ച് അവര്‍ തുടര്‍നടപടി സ്വീകരിക്കുന്നു. 14 ജില്ലകളിലേയും ഫലം സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമില്‍ എത്തും. അതാണ് സംസ്ഥാനത്തെ ആകെ കണക്കായി വരുന്നത്. നെഗറ്റീവായാല്‍ ജില്ലാ കണ്‍ട്രേള്‍ റൂമിലേക്കും സംസ്ഥാന കണ്‍ട്രോള്‍ റൂമിലേക്കുമാണ് അയയ്ക്കുക.

ശ്വാസതടസമുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍  എന്നീ വിഭാഗക്കാര്‍ക്ക് മുന്‍ഗണ നല്‍കി എമര്‍ജന്‍സിയായി പരിശോധനാ ഫലം നല്‍കാറുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് മിക്ക ലാബുകളും. ഇന്നലെ മാത്രം 7012 ആര്‍ടിപിസിആര്‍ റുട്ടീന്‍ സാമ്പിളുകളാണ് പരിശോധിച്ചത്. പിപിഇ കിറ്റ് ധരിച്ച് ഏറെ പ്രയാസമനുഭവിച്ചാണ് ജീവനക്കാര്‍ ഇത്രയും പരിശോധന നടത്തുന്നത്. തെറ്റായ പ്രചാരണം അവരുടെ മനോവീര്യം തകര്‍ക്കാനിടയാക്കും. പരിശോധനാ ലാബുകളുടെ എണ്ണവും പരിശോധനകളും പരമാവധി കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മൃതദേഹങ്ങള്‍

ഒരു മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് കഴിഞ്ഞദിവസം പറഞ്ഞു. ഇന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരനുഭവമാണ് പറയാനുള്ളത്. ആലപ്പുഴ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരെ അവരുടെ തന്നെ ഇടവക സെമിത്തേരികളില്‍ ദഹിപ്പിച്ച് സംസ്കരിക്കാന്‍ കത്തോലിക്കാ സഭ ആലപ്പുഴ രൂപത തീരുമാനിച്ചതാണത്. നിലവിലെ സാഹചര്യത്തില്‍, ദഹിപ്പിക്കല്‍ വഴി സംസ്കരിക്കാനും ചിതാഭസ്മം സെമിത്തേരിയില്‍ അടക്കം ചെയ്യാനും തീരുമാനിച്ചതായാണ് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ ജില്ലാ കലക്ടറെ അറിയിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിന് ജില്ലാ ഭരണസംവിധാനവും ആരോഗ്യപ്രവര്‍ത്തകരും അതത് ഇടവകകള്‍ക്ക്  എല്ലാ സഹായങ്ങളും നല്‍കും. ആലപ്പുഴ രൂപതയുടെത് മാതൃകാപരമായ പ്രവൃത്തിയാണ്. ഇത്തരത്തിലുള്ള ആദ്യ സംസ്കാരം കാട്ടൂര്‍ സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍ നടക്കുന്നുണ്ട്.

വയനാട് ജില്ലയില്‍ വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ മഹല്ല് കമ്മിറ്റി കാണിച്ച മാതൃകയും ശ്രദ്ധേയമാണ്. ബാംഗ്ലൂരില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രാമദ്ധ്യേ ബത്തേരിയില്‍ മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം കൊണ്ടുപോകാന്‍ തടസ്സമുള്ളതിനാല്‍ വാരാമ്പറ്റ പള്ളി ഖബര്‍സ്ഥാനത്ത് മറവു ചെയ്യാന്‍ മഹല്ല് കമ്മിറ്റി സമ്മതിക്കുകയായിരുന്നു. കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഒത്തൊരുമയോടെയാണ് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ മൃതദേഹം മറവു ചെയ്യാന്‍ മുന്നില്‍ നിന്നത്.

കോവിഡ് മരണങ്ങള്‍

മാധ്യമങ്ങള്‍ കുറേയേറെ ‘കോവിഡ് മരണം’ റിപ്പോര്‍ട്ട് ചെയ്യുന്നു. അത് കണക്കില്‍ വരുന്നില്ല എന്നൊരു പ്രചാരണം നടക്കുന്നുണ്ട്. ഇതില്‍ വ്യക്ത വരേണ്ടേത് എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല എന്നതാണ് വസ്തുത.

കോവിഡ് 19 പോസിറ്റീവായ ആള്‍ മരണമടഞ്ഞാലും എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ല. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള ഇന്‍റര്‍നാഷണല്‍ ഗൈഡ്ലൈന്‍സ് ഫോര്‍ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് ക്ലാസിഫിക്കേഷന്‍ (കോഡിങ്) ഓഫ് കോവിഡ്-19 ആസ് കോസ് ഓഫ് ഡെത്ത് എന്ന ഇന്‍റര്‍നാഷണല്‍ ഗൈഡ് ലൈന്‍ അനുസരിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്.

ഇതനുസരിച്ച് കോവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ അത്തരം കേസുകള്‍ മാത്രമേ കോവിഡ് മരണത്തിന്‍റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഉദാഹരണത്തിന് കോവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരിക്കുകയോ ആത്മഹത്യ ചെയ്യുകയോ ആക്സിഡന്‍റിലൂടെ മരണമടയുകയോ ചെയ്താല്‍ അത് കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല.

മാത്രമല്ല ഗുരുതരമായ അസുഖങ്ങളുള്ള ഒരാള്‍ ആ അസുഖം മൂര്‍ച്ഛിച്ച് മരണമടയുന്നുവെങ്കില്‍ പോസിറ്റീവാണെങ്കില്‍ പോലും കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്‍റെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നത്.

പൊലീസ്

സമ്പര്‍ക്കവ്യാപനം ഒഴിവാക്കുന്നതിന് ശരീരിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍, അനാവശ്യമായി പുറത്തിറങ്ങാതിരിക്കല്‍ മുതലായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇത്  നടപ്പാക്കുന്നതിന് പോലീസിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി തന്നെ നടപ്പാക്കും.  

ബക്രീദ് ദിനത്തില്‍ പരമാവധി 100 പേര്‍ക്കാണ് മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതിയുള്ളത്. നൂറു പേരെ ഉള്‍ക്കൊള്ളാന്‍ പള്ളികളില്‍ സ്ഥലം ഉണ്ടെങ്കില്‍ മാത്രമേ അതിന് അനുമതി നല്‍കൂ. ചെറിയ പള്ളികളില്‍ സ്ഥലസൗകര്യമനുസരിച്ച് കുറച്ചുപേര്‍ക്കു മാത്രമേ ആരാധന നടത്താന്‍ അനുവാദം നല്‍കുകയുള്ളൂ.

കോവിഡ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം പകരുന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാത്തരം സാമൂഹിക മാധ്യമ അക്കൗണ്ടുകളും 24 മണിക്കൂറും കേരള പൊലീസിന്‍റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന്‍റെയും സൈബര്‍ഡോമിന്‍റെയും നിരീക്ഷണത്തിലായിരിക്കും. വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം, ഐടി ആക്ട്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവയനുസരിച്ച് നടപടി സ്വീകരിക്കും.

മാസ്ക് ധരിക്കാത്ത 5026 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച ഏഴു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

സംരംഭകത്വ വികസന പദ്ധതി

കോവിഡ് മാഹാമാരി സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതുമൂലം ചെറുകിട സംരംഭകരിലും സ്റ്റാര്‍ട്ടപ്പുകളിലും കനത്ത പ്രതിസന്ധി രൂപപ്പെട്ടു.

വ്യാപാര മേഖലയിലെ അടച്ചുപൂട്ടല്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഇതെല്ലാം കാരണം തദ്ദേശീയ ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകത ഉയര്‍ന്നു വന്നിട്ടുണ്ട്. പല മേഖലകളില്‍ ജോലി നഷ്ടമായവര്‍ക്കും, വിവിധ രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചുവരുന്നവര്‍ക്കു വേണ്ടി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുമുണ്ട്.

മൂലധനത്തിന്‍റെ അഭാവവും വായ്പാ ലഭ്യതയുമാണ് സ്റ്റാര്‍ട്ടപ്പുകളും ചെറുകിട സംരംഭകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. അതിന് പരിഹാരം എന്നനിലയില്‍  സര്‍ക്കാര്‍ ഒരു പുതിയ പദ്ധതി ആവിഷ്കരിക്കുന്നു.

‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’ എന്ന പേരിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പ്രതിവര്‍ഷം 2000 സംരംഭകരെ കണ്ടെത്തി, 1000 പുതിയ സംരംഭങ്ങള്‍ എന്ന കണക്കില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 5000 പുതിയ ചെറുകിട ഇടത്തരം യൂണിറ്റുകള്‍ തുടങ്ങുവാനാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.

കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 5 ദിവസത്തെ സംരംഭകത്വ പരിശീലനവും മാര്‍ഗനിര്‍ദ്ദേശങ്ങളും അതോടൊപ്പം ലഭ്യമാക്കും. പ്രോജക്ട് കോസ്റ്റിന്‍റെ 90 ശതമാനം വരെ, പരമാവധി 50 ലക്ഷം രൂപയാണ് വായ്പയായി നല്‍കുക. 10 ശതമാനം പലിശ നിരക്കിലാണ് കെഎഫ്സി വായ്പ അനുവദിക്കുക. 3 ശതമാനം പലിശ സര്‍ക്കാര്‍ വഹിക്കും. ഫലത്തില്‍ 7 ശതമാനം ആയിരിക്കും പലിശ.

ഇതിനുപുറമേ നിലവിലെ സ്റ്റാര്‍ട്ടപ്പുകളെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ കെഎഫ്സി വഴി മൂന്ന് പുതിയ പദ്ധതികള്‍ കൂടി തുടങ്ങുകയാണ്.

1. പ്രവര്‍ത്തന മൂലധന വായ്പ: സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ലഭിച്ചിട്ടുള്ള പര്‍ച്ചേയ്സ് ഓര്‍ഡര്‍ അനുസരിച്ച് 10 കോടി രൂപ വരെ പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും.

2. സീഡ് വായ്പ: സാമൂഹിക പ്രസക്തിയുള്ള ഉല്‍പന്നമോ, സേവനമോ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കോടി വരെ വായ്പ നല്‍കും.

3. ഐടി രംഗത്തിനുള്ള മൂലധനം: സെബി അക്രെഡിറ്റേഷനുളള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിന്‍റെ പരിശോധന കഴിഞ്ഞുള്ള ഐടി കമ്പനികള്‍ക്ക് 10 കോടി രൂപ വരെ ലഭിക്കും.

ഈ മൂന്ന് പദ്ധതികള്‍ക്കും 2 ശതമാനം സര്‍ക്കാര്‍ സബ്സിഡി ലഭ്യമാക്കും. അതിലും ഫലത്തില്‍ 7 ശതമാനം ആയിരിക്കും പലിശ.

ലൈഫില്‍ അപേക്ഷിക്കാന്‍ അവസരം

ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും അപേക്ഷിക്കാന്‍ അവസരം ഒന്നു കൂടി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അവര്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ പതിനാലുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിക്കും.

ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിനായി മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സജ്ജീകരിക്കുന്ന ഹെല്‍പ്പ്ഡെസ്ക്കുകള്‍ വഴിയോ സ്വന്തമായോ അപേക്ഷ സമര്‍പ്പിക്കാം.

ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടാണ് പരിഗണിക്കുക. 2020 ജൂലൈ ഒന്നിനു മുന്‍പ് റേഷന്‍ കാര്‍ഡ് ഉള്ളതും കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയാകണം. പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് നിബന്ധനകളില്‍ ഇളവുകള്‍ ഉണ്ട്. അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി കരട് പട്ടിക പ്രസിദ്ധീകരിക്കും. ഗ്രാമപഞ്ചായത്തുതലത്തിലുള്ള പരാതികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികള്‍ അതത് നഗരസഭാ സെക്രട്ടറിമാര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകള്‍ അതത് ജില്ലാ കളക്ടര്‍മാര്‍ പരിശോധിക്കും.

സെപ്തംബര്‍ ഇരുപത്തിയാറിനകം തദ്ദേശസ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടുലക്ഷത്തി ഇരുപതിനായിരത്തില്‍പ്പരം വീടുകള്‍ പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. മൂന്നാം ഘട്ടത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഭവനമൊരുങ്ങുന്നത്. അതു കൂടാതെയാണ് വിട്ടുപോയ അര്‍ഹരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചത്.

കേരളത്തിന് രണ്ടാംസ്ഥാനം

അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്പ്യൂട്ടേഷണല്‍ ആന്‍റ് മാത്തമാറ്റിക്കല്‍ എഞ്ചിനീയറിങ് നടത്തിയ പഠനത്തില്‍ കോവിഡ്-19 റിപ്പോര്‍ട്ടിങ് ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ കേരളത്തിന് രണ്ടാം സ്ഥാനം നല്‍കിയിട്ടുണ്ട്. ഡാറ്റയുടെ ലഭ്യത, അതിന്‍റെ പ്രാപ്യത, ഉപയോഗക്ഷമത, സ്വകാര്യത എന്നീ നാലു പ്രധാന സവിശേഷതകള്‍ ആണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പഠനവിധേയമാക്കിയത്.

അതിന്‍റെ ഭാഗമായി കോവിഡ്-19 ഡാറ്റ റിപ്പോര്‍ട്ടിങ് സ്കോര്‍ തയ്യാറാക്കുകയും ചെയ്തു. ആദ്യത്തെ മൂന്നു റാങ്കുകളില്‍ വന്ന സംസ്ഥാനങ്ങളില്‍ ഡാറ്റയുടെ ടെക്സ്ച്വല്‍ സമ്മറിയും ട്രെന്‍ഡ് ഗ്രാഫിക്സും ഒരേ സമയം നല്‍കിയ സംസ്ഥാനമാണ് കേരളം എന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

സഹായം

കാര്യവട്ടം ഗ്രീന്‍ ഫീള്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിച്ച കൊവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് ജിടെക് 200 കിടക്കകള്‍ സഹായിച്ചു.

പിണറായിയിലെ എകെജി സ്മാരക ഹയര്‍ സെക്കന്‍ററി സ്കൂള്‍ 1987-88 എസ്എസ്എല്‍സി ബാച്ച് ഓണ്‍ലൈന്‍ പഠന ആവശ്യങ്ങള്‍ക്കായി സ്കൂളിലേക്ക് 5 ടിവി. സ്കൂളില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസിയിലേക്ക് 5 കട്ടില്‍.

റഹ്മ എഡ്യൂക്കേഷന്‍ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റ്, വളപട്ടണം സിഎഫ്എല്‍ടിസികളിലേക്ക് 1 ലക്ഷം രൂപയുടെ സാധനങ്ങള്‍ കൈമാറി.

ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ക്കായി എംഎല്‍എ സുരേഷ് കുറുപ്പിന്‍റെ നേതൃത്വത്തില്‍ 209 ടിവി വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ 31 ടിവി കൂടി വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

പയ്യോളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ പിടിഎ കമ്മിറ്റി 50 വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്തു.

എല്‍ഐസി എംപ്ലോയീസ് കോട്ടയം ഡിവിഷന്‍ വനിത സബ് കമ്മിറ്റി ഓണ്‍ലൈന്‍ പഠന ആവശ്യങ്ങള്‍ക്കായി 37 ടിവികള്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി.

ദുരിതാശ്വാസം

അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് 10 ലക്ഷം രൂപ.

കേരളത്തിലെ കേന്ദ്ര ഗവണ്‍മെന്‍റ് പെന്‍ഷന്‍കാരുടെ സംഘടനയായ സിജിപിഎ കേരള 7,20,000 രൂപ.

തൃശൂര്‍ ചേരുരിലെ ആര്‍സനല്‍ കേരള സപ്പോര്‍ട്ടേര്‍സ് ക്ലബ്ബ് 1 ലക്ഷം രൂപ.

ഇരവിപേരൂര്‍ ശങ്കരമംഗലം കുടുംബയോഗം 1 ലക്ഷം രൂപ.

എസ്എഫ്ഐ അമ്പലപ്പുഴ ഏരിയ കമ്മിറ്റി 1 ലക്ഷം രൂപ.

മലപ്പുറം, പടപ്പറമ്പിലുള്ള കാജ മുഈനുദ്ദീന്‍ സംഗീത അക്കാദമി വലിയ പെരുന്നാളിനോടനുബന്ധിച്ചുള്ള ഉള്ഹിയത്തിന് വേണ്ടി മാറ്റിവെച്ച 1 ലക്ഷം രൂപ.

ചായ്യോത്ത് ദാമോദരന്‍ മാസ്റ്ററും ഭാര്യ വസന്ത ടീച്ചറും, പെന്‍ഷന്‍ തുക 50,000 രൂപ.

ചെറുവത്തൂര്‍ പുതിയകണ്ടം, എ.വി. കുഞ്ഞമ്പു സ്മാരക ആര്‍ട്ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ് 30,005 രൂപ.

ആധാരം എഴുത്ത് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി 25,000 രൂപ.

എഴുത്തുകാരന്‍ പി.പി.കെ പൊതുവാള്‍ അദ്ദേഹത്തിന് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുക 25,000 രൂപ

കേരള പ്രവാസിസംഘം കയ്യൂര്‍ കുക്കോട് യൂണിറ്റ് 25,000 രൂപ.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാങ്കോല്‍ വെസ്റ്റ് വില്ലേജ് കമ്മിറ്റി, ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച 50,000 രൂപ.

പരിയാരം കള്‍ച്ചറല്‍ സെന്‍റര്‍, ബിരിയാണി ഫെസ്റ്റിലുടെ സമാഹരിച്ച 30,000 രൂപ.

തൃശൂര്‍, മുരിപ്പാട് പി.പി. പോള്‍ 28,562 രൂപ.

തൃശൂര്‍, മുപ്ലിയം സലീഷ് 25,000 രൂപ.

പാതിരിയാട് ഹൈസ്കൂളിലെ മുന്‍ അധ്യാപകന്‍ ശ്രീധരന്‍, ഭാര്യ ശ്യാമള ടീച്ചര്‍, മകന്‍ ജോഷിത്ത് എന്നിവര്‍ 25,000 രൂപ

അണ്ടല്ലൂര്‍ പീപ്പ്ള്‍സ് സ്പോര്‍ട്സ് ആന്‍റ് ആര്‍ട്സ് ക്ലബ് ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച 25,000 രൂപ.

സിപിഐ തൃക്കരിപ്പൂര്‍ ലോക്കല്‍ കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 25,000 രൂപ.

കൊക്കാട് നാരായണന്‍ സ്മാരക ഗ്രന്ഥാലയം ആന്‍റ് സ്പോര്‍ട്സ് ക്ലബ് 25,000 രൂപ

പടന്ന വടക്കേപ്പുറം സഞ്ചയ് ഗാന്ധി സ്മാരക ആര്‍ട്ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ് 10,000 രൂപ.

നവകേരള ഗ്രന്ഥാലയം ചെറുപഴശ്ശി ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച 20,000 രൂപ.

കീഴല്ലൂര്‍ ശ്രീ വാണിയന്‍കണ്ടി മന്ദപ്പന്‍ ക്ഷേത്രം ട്രസ്റ്റി അജയകുമാര്‍ 15,000 രൂപ.

വാര്‍ത്താകുറിപ്പ്: 27-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
702 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് 745 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10,049. ഇന്ന് 483 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 35. വിദേശത്തുനിന്ന് 75 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 43.

ഇന്ന് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശൂര്‍ 40, കണ്ണൂര്‍ 38, കാസര്‍കോട് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടയം 13, ഇടുക്കി 25, എറണാകുളം 69, തൃശൂര്‍ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂര്‍ 32, കാസര്‍കോട് 53.

കഴിഞ്ഞ 24 മണിക്കൂറിനകം 18,417 സാമ്പിളുകള്‍ പരിശോധിച്ചു. 1,55,148 പേരാണ് നിരീക്ഷണത്തിലുള്ളത്. 9397 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1237 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9609 പേരാണ്.

ഇതുവരെ ആകെ 3,54,480 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3842 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,14,832 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,11,105 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 495 ആണ്.

സംസ്ഥാനത്ത് ഇപ്പോള്‍ 101 സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ 12,801 കിടക്കകളാണുള്ളത്. 45 ശതമാനം കിടക്കകളില്‍ ഇപ്പോള്‍ ആളുണ്ട്. രണ്ടാം ഘട്ടത്തില്‍ 229 സിഎഫ്എല്‍ടിസികളാണ് കൂട്ടിച്ചേര്‍ക്കുന്നത്. 30,598 കിടക്കകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. മൂന്നാംഘട്ടത്തിലേക്ക് 36,400 കിടക്കകളുള്ള 480 സിഎഫ്എല്‍ടിസികള്‍ കണ്ടെത്തിയിട്ടുണ്ട്.

മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സഹ ടീം ലീഡറും ഒരു സ്റ്റാഫ് നഴ്സും രണ്ട് ലാബ് ടെസ്നീഷ്യډാരും രണ്ട് ഫാര്‍മസിസ്റ്റുകളും അടങ്ങുന്നതാണ് പ്രാഥമികതലത്തിലുള്ള സിഎഫ്എല്‍ടിസി സംവിധാനം. ആളുകളുടെ എണ്ണം ആവശ്യാനുസരണം വര്‍ധിപ്പിക്കും. കോവിഡ് ബ്രിഗേഡിലേക്ക് 1679 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പരിശീലനം ഉടനെ ആരംഭിക്കും.

ഭീഷണി ഉയര്‍ത്തിയിരുന്ന പല ക്ലസ്റ്ററുകളിലും രോഗവ്യാപന തോത് കൂടിവരികയാണ്. ക്ലസ്റ്ററുകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. പുതിയ സാഹചര്യത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സര്‍വകക്ഷിയോഗം വിളിച്ച് രാഷ്ട്രീയ പാര്‍ടി നേതൃത്വങ്ങളുമായി സംസാരിച്ചു. ആരോഗ്യവിദഗ്ധരുമായി പ്രത്യേക ചര്‍ച്ച നടത്തി. പത്രാധിപډാരുടെ യോഗം വിളിച്ചു. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന പൊതു അഭിപ്രായമാണ് എല്ലാവര്‍ക്കുമുള്ളത്. നിയന്ത്രണ ലംഘനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പൊലീസിന്‍റെ ഇടപെടല്‍ ഇനിയും ശക്തിപ്പെടുത്തണമെന്നാണ് കാണുന്നത്.

സമൂഹത്തില്‍ മാതൃക കാണിക്കേണ്ടവര്‍ തന്നെ രോഗവ്യാപനത്തിന് കാരണക്കാരാകുന്നത് ഒട്ടും ആശാസ്യമായ പ്രവണതയല്ല. നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രോഗവ്യാപനത്തിന് കാരണക്കാരാകുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതുവരെയുള്ള അനുഭവത്തിന്‍റെ വെളിച്ചത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വെവ്വേറെയും കൂട്ടായും ഇടപെടേണ്ട കാര്യങ്ങളില്‍ വ്യക്തത വരുത്തും. അതിനനുസരിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കും.

ഇനിയുള്ള നാളുകളില്‍ രോഗവ്യാപനം ഇനിയും വര്‍ധിക്കുമെന്നു തന്നെയാണ് കാണുന്നത്. അതിനെ നേരിടാനുള്ള നടപടികളാണ് സിഎഫ്എല്‍ടിസികള്‍ ഒരുക്കുന്നതിലൂടെയും കൂടുതല്‍ മനുഷ്യവിഭവശേഷി കണ്ടെത്തുന്നതിലൂടെയും ചെയ്യുന്നത്. ആരോഗ്യ സര്‍വകലാശാലയുടെ കോഴ്സുകളില്‍നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ സിഎഫ്എല്‍ടിസികളില്‍ നിയോഗിക്കാം. ഇങ്ങനെ നിയോഗിക്കപ്പെടുന്നവര്‍ക്ക് താമസസൗകര്യവും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കും. ആരോഗ്യവകുപ്പ് സര്‍വകലാശാലയുമായി ചേര്‍ന്ന് പഠനം കഴിഞ്ഞവരെ വിന്യസിക്കുന്നതിന്‍റെ വിശദാംശങ്ങള്‍ തയ്യാറാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

പരിശോധനാ ഫലങ്ങള്‍ ചിലയിടങ്ങളില്‍ വൈകുന്നു എന്ന പരാതിയുണ്ട്. അത്തരം പരാതികളില്‍ ഉടന്‍ പരിഹാരം കാണണമെന്നും ടെസ്റ്റ് റിസള്‍ട്ട് 24 മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശം നല്‍കി. മരണമടഞ്ഞവരുടെ പരിശോധനാഫലം എത്രയുംവേഗം നല്‍കണമെന്നും ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ക്ലസ്റ്ററുകള്‍, ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള മേഖലകള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ പഠനം നടത്തും. അതിന് എപ്പിഡമിയോളജിസ്റ്റുകളെ നിയോഗിക്കും.

കോവിഡ് പ്രതിരോധം വരുന്ന ഏതാനും നാളുകളോ ആഴ്ചകളോ മാസങ്ങളോ കൊണ്ട് അവസാനിക്കുന്നതല്ല. അതുകൊണ്ടു തന്നെ അതിനായി ദീര്‍ഘകാല പദ്ധതി രൂപപ്പെടുത്തും.

തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ട് ലോക്ക്ഡൗണ്‍ തുടരുകയാണ്. അതില്‍ ഇളവു വേണ്ടതുണ്ടോ എന്നും മറ്റും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക.

തിരുവനന്തപുരം ജില്ലയില്‍ 2723 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 11 പേര്‍ ഐസിയുവിലും ഒരാള്‍ വെന്‍റിലേറ്ററിലുമാണ്. ജില്ലയിലെ ഏഴ് ലാര്‍ജ് ക്ലസ്റ്ററുകളില്‍ പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് എന്നിവയുടെ സമീപ മേഖലകളിലേക്ക് രോഗം പകരുന്ന സാഹചര്യം നിലവിലുണ്ട്. പാറശാല, പൊഴിയൂര്‍ എന്നീ ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ വികേന്ദ്രീകൃത രീതിയില്‍ നാല് കൊറോണ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മേഖലാടിസ്ഥാനത്തില്‍ ആരംഭിച്ചു. മദ്യപാന ആസക്തിയുള്ളതും മാനസിക അസ്വാസ്ഥ്യമുള്ളതുമായ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സജ്ജീകരണം ഏര്‍പ്പെടുത്തി.

പത്തനംതിട്ട ജില്ലയില്‍ അടൂര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററില്‍ നിന്നും പുറത്തേക്ക് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലയില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും, അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഫാര്‍മസിസ്റ്റിനും പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്കും ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു.

ആലപ്പുഴ ജില്ലയില്‍ ചെട്ടികാട്, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്‍ എന്നീ ക്ളസ്റ്ററുകളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ ആലുവ ക്ലസ്റ്ററിന് സമീപമുള്ള മഞ്ഞപ്ര, നെടുമ്പാശേരി, ശ്രീമൂലനഗരം, പള്ളിപ്പുറം പ്രദേശങ്ങളിലും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഫോര്‍ട്ട് കൊച്ചിയിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്കായുള്ള പ്രത്യേക ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു. യന്ത്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വെന്‍റിലേറ്റര്‍ പിന്തുണയുള്ള 40 ബെഡുകളാണ് ഐസിയുവില്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ മെഡിക്കല്‍ കോളേജിലെ ആകെ വെന്‍റിലേറ്ററുകളുടെ എണ്ണം 75 ആയി.

പാലക്കാട് ജില്ലയില്‍ പട്ടാമ്പി നഗരസഭയിലും താലൂക്കില്‍ ഉള്‍പ്പെടുന്ന 15 ഗ്രാമപഞ്ചായത്തുകളിലും ഒറ്റപ്പാലം ബ്ലോക്കിലെ നെല്ലായ ഗ്രാമ പഞ്ചായത്തിലും മൊത്തത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 19 പഞ്ചായത്തുകളിലായി 40 വാര്‍ഡുകളും നിയന്ത്രണ മേഖല പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി മാറിക്കൊണ്ടിരിക്കുകയാണ്. കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റുമായി ബന്ധം പുലര്‍ത്തിയവരും അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. സമീപ പഞ്ചായത്തുകളായ കുഴിമണ്ണ, പുളിക്കല്‍, ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍ ഇവിടങ്ങളിലേക്കും രോഗം വ്യാപിക്കുന്നത് കൂടുതല്‍ ആശങ്കയുണര്‍ത്തുന്നു.

കോഴിക്കോട് ജില്ലയില്‍ 11 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. വീടുകളില്‍ റൂം ക്വാറന്‍റീനില്‍ കഴിയുന്നവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്ന സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരേ വീട്ടിലെ തന്നെ നാലും അഞ്ചും പേരിലേക്ക് രോഗം പടരുന്നു. ഇതിന്‍റെ ഫലമായി കുടുംബത്തെ എഫ്എല്‍ടിസികളിലേക്കോ ആശുപത്രികളിലേക്കോ മറ്റേണ്ടിവരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടിലുള്ള പ്രായമായവരാണ് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കേണ്ടിവരുന്നത്. അങ്ങനെയുളളവര്‍ക്ക് വേണ്ടി ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കോവിഡ് കെയര്‍ സെന്‍ററുകള്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബീച്ച് ആശുപത്രി കോവിഡ് സ്പെഷ്യല്‍ ഹോസ്പിറ്റലാക്കി മാറ്റാനുളള പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാകും. മറ്റു ഗുരുതരരോഗങ്ങളുടെ ചികിത്സക്കും കോവിഡ് കേസുകള്‍ക്കും മാത്രമായി മെഡിക്കല്‍ കോളേജ് ആശുപത്രി പ്രയോജനപ്പെടുത്തും.

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ലാര്‍ജ് കമ്യൂണിറ്റി ക്ലസറ്ററാവാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. ഇവിടെ ഒരു വലിയ വ്യാപാര സ്ഥാപനത്തിലെ 15 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സ്ഥാപന ജീവനക്കാരുമായുള്ള സമ്പര്‍ക്കത്തില്‍ 300ലധികം പേര്‍ വരുമെന്നാണ് കണക്കു കൂട്ടുന്നത്. ഇവരെയെല്ലാം കണ്ടെത്തി അടിയന്തരമായി പരിശോധന നടത്തി വരികയാണിപ്പോള്‍. വാളാട് ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ സമ്പര്‍ക്കത്തിലുള്ള 110 പേരുടെ സാമ്പിള്‍ പരിശോധന നടത്തുന്നുണ്ട്.

കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചു. അതിനെ തുടര്‍ന്ന് കോവിഡ് ഇതര രോഗങ്ങളുടെ ചികിത്സക്ക് ക്രമീകരണം ഏര്‍പ്പെടുത്തി. ഒപി പരമാവധി നിയന്ത്രിക്കും. എല്ലാ ഒപിയിലും ടെലിമെഡിസിന്‍ സംവിധാനത്തിനുള്ള ക്രമീകരണം ഉണ്ടാക്കും. 44 പേര്‍ക്ക് പരിശോധനയില്‍ പോസിറ്റീവ് ആയി. 200 പേരെ ഇവിടെ പരിശോധിച്ചു. ഹൈ റിസ്ക് പ്രൈമറി കോണ്‍ടാക്ടില്‍ പെട്ട 180 പേര്‍ ക്വാറന്‍റൈനില്‍ പോയി. ആശുപത്രിയിലെ അണുനശീകരണം ബുധനാഴ്ചയോടെ പൂര്‍ത്തിയാകും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കര്‍ശന സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തലശേരിയില്‍ കണ്‍ട്രോള്‍ റൂം എസ്ഐക്ക് കൊവിഡ് പോസിറ്റീവ് ആയി. സര്‍വൈലന്‍സ് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലായ 30 പേര്‍ നിരീക്ഷണത്തില്‍ പോയി.

കാസര്‍കോട് ജില്ലയുടെ മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും സ്ഥിതി രൂക്ഷമാവുകയാണ്. ഉറവിടമറിയാത്ത കേസുകളും വര്‍ധിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംഘടിപ്പിച്ച ചടങ്ങുകളില്‍ കൂട്ടംകൂടി പങ്കെടുത്തവരില്‍നിന്നും നിരവധിപേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിക്കുന്ന അവസ്ഥയുണ്ട്. ചെങ്കള പഞ്ചായത്തില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തവരില്‍ 43 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. പലരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതുകൊണ്ട്, ഇവരില്‍ നിന്നും നിരവധി പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിക്കുന്നത്.

കോവിഡ് വ്യാപനം നിയന്ത്രണത്തിന്‍റെ കാര്യത്തില്‍ സംസ്ഥാനം നിരവധി മാതൃകകള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കോണ്ടാക്ട് ട്രെയിസിങ്, ഗാര്‍ഹിക സമ്പര്‍ക്ക വിലക്ക്. സംരക്ഷണ സമ്പര്‍ക്ക് വിലക്ക് തുടങ്ങിയ നടപടികള്‍ ഏറ്റവും വിജയിച്ച സംസ്ഥാനമാണ് നമ്മുടേത്. ഇക്കാര്യത്തിലുള്ള നമ്മുടെ രീതികള്‍ മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്നു. കോവിഡ് ആശുപത്രികളില്‍ ഐസിയു, വെന്‍റിലേറ്റര്‍ സംവിധാനം ഇങ്ങനെ ആധുനിക ചികിത്സയാണ് നല്‍കുന്നത്. അതുകൊണ്ടാണ് സംസ്ഥാനത്ത് മരണനിരക്ക് കുറഞ്ഞിരിക്കുന്നത്.

ജൂലൈ 26 (ഇന്നലെ) വരെയുള്ള കണക്കു പ്രകാരം കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരണമടഞ്ഞത് 61 പേരാണ്. 21 പേര്‍ സ്ത്രീകള്‍. 40 പേര്‍ പുരുഷന്മാരും. ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത് തിരുവനന്തപുരം ജില്ലയിലാണ് 11. കൊല്ലത്ത് 4, പത്തനംതിട്ടയില്‍ 1, ആലപ്പുഴയില്‍ 4, ഇടുക്കിയില്‍ 2, എറണാകുളത്ത് 7, തൃശൂര്‍ 7, പാലക്കാട് 1, മലപ്പുറം 6, കോഴിക്കോട് 6, വയനാട് 1, കണ്ണൂര്‍ 7, കാസര്‍കോട് 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള മരണപ്പെട്ടവരുടെ കണക്ക്.

മരിച്ചവരില്‍ 20 പേര്‍ 60നും 70നും ഇടയില്‍ പ്രായമുള്ളവര്‍. 18 പേര്‍ 70നും 80നും ഇടയില്‍ പ്രായമുള്ളവരും. 80 വയസ്സിനു മുകളില്‍ ഉണ്ടായിരുന്നവര്‍ 3 പേരാണ്. 9 പേര്‍ 50നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. പത്തു വയസ്സിനു താഴെ പ്രായമുള്ളവരില്‍ 1 മരണം. മരണമടഞ്ഞ 39 പേര്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരാണ്. 22 പേര്‍ പുറമേനിന്നു വന്നത്.

കോവിഡ് ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല സാമൂഹ്യ സാമ്പത്തിക പ്രശ്നം കൂടിയാണ്. പല രാജ്യങ്ങളിലും നമ്മുടെ രാജ്യത്തിനകത്തും പൊതുജനാരോഗ്യ സംവിധാനം ദുര്‍ബലമായത് കൊണ്ട് ചികിത്സക്കായി ജനങ്ങള്‍ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടിവരുന്നു.

സ്വകാര്യ മേഖല ഈടാക്കുന്ന അമിത ചികിത്സാ ഫീസിനെ സംബന്ധിച്ചുള്ള പരാതികള്‍ വന്നു കൊണ്ടിരിക്കയാണ്. രോഗികളും ബന്ധുക്കളും വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടുന്നത്. നമ്മുടെ സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ പൂര്‍ണ്ണമായും സൗജന്യ ചികിത്സയാണ് നല്‍കി വരുന്നത്. കോവീഡ് ആശൂപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്‍റ് സെന്‍ററുകളിലും രോഗികള്‍ക്ക് സൗജന്യ ഭക്ഷണവും നല്‍കുന്നു.

സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സക്ക് സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്. ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത 44 ആശുപത്രികളും ഭാഗികമായി പ്രവര്‍ത്തിക്കുന്ന 42 ആശുപത്രികളും സ്വകാര്യമേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആശുപത്രികള്‍ ഏറ്റെടുത്ത് കോവിഡ് പ്രതിരോധ സംവിധാനത്തിന്‍റെ ഭാഗമായി മാറ്റുന്നതാണ്. കാരുണ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി കോവിഡ് കാലത്ത് കൂടുതല്‍ ആശുപത്രികള്‍ സര്‍ക്കാരുമായി കൈ കോര്‍ത്തുവരികയാണ്. കാസ്പ് ഗുണഭോക്താക്കള്‍ക്കും സര്‍ക്കാര്‍ റഫര്‍ ചെയ്യുന്ന കോവിഡ് രോഗികള്‍ക്കും എം-പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭിക്കും. കോവിഡ് ചികിത്സക്ക് മാത്രമായി താല്‍ക്കാലിക എം-പാനല്‍മെന്‍റ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ച് പ്രഖ്യാപിച്ചു.

ജനറല്‍ വാര്‍ഡില്‍ 2300 രൂപ, ഐസിയുവില്‍ 6500 രൂപ, വെന്‍റിലേറ്റര്‍ ഐസിയുവില്‍ 11,500 രൂപ. ഇതാണ് നിശ്ചയിച്ചിട്ടുള്ളത്. ശ്രദ്ധിക്കേണ്ടത് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മറ്റ് സംസ്ഥാനങ്ങളില്‍ പലതിലും സര്‍ക്കാര്‍ നിശ്ചയിച്ച് നിരക്കിലും വളരെ കൂടുതല്‍ പല സ്വകാര്യ ആശുപത്രികളും ഈടാക്കി രോഗികളെ കഷ്ടപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ സര്‍ക്കാരുമായി പൂര്‍ണ്ണമായി സ്വകാര്യ മേഖല സഹകരിക്കുകയാണ്.

കോവിഡ് രോഗം ഒരു മരണകാരണമാകുമ്പോള്‍ അകാരണമായ ഭയം ജനങ്ങള്‍ കാണിക്കുന്നുണ്ട്. രോഗകാരണങ്ങള്‍ക്കെതിരായ പ്രവര്‍ത്തനത്തിനാണ് നാം ഊന്നല്‍ നല്‍കേണ്ടത്. മരണപ്പെട്ട വ്യക്തിയോട് അനാദരവ് കാണിക്കുന്നത് സംസ്കാരമുള്ള സമൂഹത്തിനു ചേര്‍ന്ന നടപടിയല്ല.

കോവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട് മാനസിക-സാമൂഹിക പിന്തുണ നല്‍കുന്നതിനായി ഫെബ്രുവരി ആദ്യം തന്നെ സര്‍ക്കാര്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിരുന്നു. ഓഖി സമയത്തും പ്രളയത്തിലും നടത്തിയിട്ടുള്ള മാനസികാരോഗ്യ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ളുടെ തുടര്‍ച്ചായി ആരോഗ്യ വകുപ്പിന്‍റെ മാനസികാരോഗ്യ പരിപാടിയുടെ കീഴിലാണ് എല്ലാ ജില്ലകളിലും ഇത് രൂപീകരിച്ചിട്ടുള്ളത്.

സൈക്യാട്രിസ്റ്റ്കള്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട 1145 മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ജില്ലാ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നു. ഇവര്‍ ക്വാറന്‍റൈന്‍/ ഐസോലെഷനില്‍ കഴിയുന്ന എല്ലാ വ്യക്തികള്‍ക്കും സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് കോളുകള്‍ നല്‍കുന്നു. മാനസിക സമ്മര്‍ദം, ഉല്‍കണ്ഠ, വിഷാദം, ഉറക്കക്കുറവ്, എന്നിവയ്ക്ക് വിദഗ്ധ സേവനം ലഭ്യമാക്കുന്നു. സ്ടിഗ്മ, സാമൂഹിക ആവശ്യങ്ങള്‍ എന്നിവയ്ക്ക് അതാത് പഞ്ചായത്ത്/ഐസിഡിഎസ് മുഖാന്തരം സഹായം നല്‍കുന്നു. ഇതുവരെ ക്വാറന്‍റൈന്‍/ഐസോലെഷനില്‍ കഴിഞ്ഞ 7,66,766 പേര്‍ക്ക് ഈ രീതിയില്‍ സേവനം നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ സമയത്ത് മനോരോഗ ചികിത്സയില്‍ ഇരിക്കുന്നവര്‍, ഭിന്നശേഷി കുട്ടികള്‍, അതിഥി തൊഴിലാളികള്‍, ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങള്‍ എന്നിങ്ങനെ 3,48,860 പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് കോളുകള്‍ നല്‍കിയിട്ടുണ്ട്.

കൊറോണ രോഗനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും ടെലി കൗണ്‍സിലിങ് നല്‍കുന്നു. ഇതുവരെ 36,011 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ രീതിയില്‍ സേവനം നല്‍കിയിട്ടുണ്ട്.

സ്കൂള്‍ കുട്ടികളുടെ മാനസിക സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുവാനും സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്/കൗണ്‍സിലിങ് കോളുകള്‍ നല്‍കുന്നു. 1,28,186 കുട്ടികളോട് സംസാരിക്കുകയും 16,869 കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുകയും ചെയ്തു. ഇതുവരെ എല്ലാ വിഭാഗത്തിനുമായി 17,13,795 സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്/കൌണ്‍സിലിംഗ് കോളുകള്‍ സംസ്ഥാനമൊട്ടാകെ നല്‍കി കഴിഞ്ഞിട്ടുണ്ട്.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല ജില്ലകളിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ സംസ്ഥാനമൊട്ടാകെ ആത്മഹത്യ പ്രതിരോധ ക്യാമ്പയിന്‍ ‘ജീവരക്ഷ’ എന്ന പേരില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒരു ദുരിതകാലത്താണ് കൂടെ ആരൊക്കെ ഉണ്ട് എന്ന് നാം മനസിലാക്കുന്നത്. സ്നേഹത്തിന്‍റെയും കരുതലിന്‍റേയും എത്രയെത്ര അനുഭവങ്ങള്‍ നാം ഈ കാലയളവില്‍ കണ്ടു. ജാതിയും മതവും ഭാഷയും ദേശവും ഒന്നും നമുക്ക് ഇതിന് തടസമായില്ല. കഴിഞ്ഞ ദിവസവും അത്തരം ഒരു സംഭവം ശ്രദ്ധയില്‍പ്പെട്ടു. കാസര്‍കോട് ജില്ലയിലെ പാണത്തൂരിലെ വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയവെ പാമ്പു കടിയേറ്റ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവം പലരുടേയും മനസിലുണ്ടാകും.

പൊതുപ്രവര്‍ത്തകനായ ജിനില്‍ മറ്റൊന്നും നോക്കാതെ ആ കുട്ടിയുടെ ജീവനാണ് വലുതെന്ന് ഉറപ്പിച്ച് നടത്തിയ ഇടപെടല്‍ മാതൃകാപരമായിരുന്നു.

അച്ഛനും അമ്മയും ചികിത്സയില്‍ ആയപ്പോള്‍ വിഷമിച്ചു പോയ പിഞ്ചു കുഞ്ഞിനെ സംരക്ഷിക്കാന്‍ തയ്യാറായ കൊച്ചിയിലെ ഡോ. മേരി അനിതയെ പോലുള്ളവരുടെ ഇടപെടലും നമുക്ക് മുന്നിലുണ്ട്.

ദുരിതം അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് പിപിഇ കിറ്റും ധരിച്ച് പ്രവര്‍ത്തനം നടത്തുന്ന ജനപ്രതിനിധികളും യുവജന സംഘടനാ പ്രവര്‍ത്തകരുമൊക്കെ ഉള്ള നാടാണ് നമ്മുടേത്. ഇന്നലെയുണ്ടായ ഒരു സംഭവം അതിന്‍റെ എല്ലാം ശോഭ കെടുത്തുന്ന തരത്തിലായി.

കോവിഡ് കാരണം മരിച്ച ആളുടെ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ രോഗം പകരുമോ?

കോവിഡ് വൈറസുകള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്നത് രോഗബാധയുള്ളയാള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തേയ്ക്ക് തെറിക്കുന്ന ശരീരസ്രവത്തിന്‍റെ കണങ്ങളിലൂടെയാണ്. മൃതദേഹത്തില്‍ നിന്നും രോഗം പകരാനുള്ള സാധ്യത വളരെ കുറവാണ്. ഏതാണ്ടില്ല എന്നു തന്നെ പറയാം.

മൃതദേഹത്തെ തൊടുമ്പോഴോ ചുംബിക്കുമ്പോഴോ മറ്റോ സംഭവിക്കാവുന്ന രോഗബാധയുടെ വളരെ നേരിയ സാധ്യത മാത്രമാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് 19 പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടുണ്ട്. അതില്‍ മൃതദേഹത്തെ കൈകാര്യം ചെയ്യുന്നതിലും സംസ്കരിക്കുന്നതിലും പാലിക്കേണ്ട ശാസ്ത്രീയമായ രീതികള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. അതുപ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. ശവമടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യേണ്ട സന്ദര്‍ഭത്തില്‍ ഈ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നു.

വൈദ്യുത ശ്മശാനങ്ങളില്‍ ദഹിപ്പിക്കുന്നത് 800 ഡിഗ്രി സെല്‍ഷ്യസ് വരെ വരുന്ന വളരെ ഉയര്‍ന്ന താപനിലയില്‍ ആയതിനാല്‍ വൈറസുകള്‍ വായു വഴി പകരുന്നതിന് യാതൊരു സാധ്യതയുമില്ല. യുക്തിയ്ക്ക് ഒരു തരത്തിലും നിരക്കാത്തതാണ് ഇത്തരം ആശങ്കകള്‍. യഥാര്‍ഥത്തിലുള്ള പ്രശ്നം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന ആള്‍ക്കൂട്ടമാണ്. അവിടെ കൂടുന്നവരില്‍ രോഗവ്യാപനം ഉണ്ടാകാം.

ഇതു സാധൂകരിക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിനോടകം ഉണ്ടായിക്കഴിഞ്ഞു. അക്കാര്യമാണ് നാം ശ്രദ്ധിക്കേണ്ടത്. അവിടെയാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരേണ്ടത്. അല്ലാതെ, ആരെങ്കിലും ഉണ്ടാക്കുന്ന തെറ്റിദ്ധാരണയുടെ പുറത്ത് മൃതദേഹങ്ങളുടെ സംസ്കാരം തടയാന്‍ വേണ്ടി കൂട്ടം കൂടുകയല്ല വേണ്ടത്. അങ്ങനെ കൂട്ടം കൂടുന്നതാണ് അപകടം. അതിനു നേതൃത്വം കൊടുക്കാന്‍ ജനപ്രതിനിധി പോലും ഉണ്ടായി എന്നത് അപമാനകരമാണ്. ആ കേസില്‍ ശക്തമായ ഇടപെടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ആന്‍റിബോഡി ടെസ്റ്റ് നടത്തും. എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ സാങ്കേതിക സഹായത്തോടെ കേരള പൊലീസ് ഹൗസിങ് സഹകരണ സംഘത്തിന്‍റെ നേതൃത്വത്തിലാണ് ടെസ്റ്റ് നടത്തുക. ഇതിനായി 14 ജില്ലകളിലും ലാബ് സൗകര്യം ഏര്‍പ്പെടുത്തും.

ടെസ്റ്റിനുവേണ്ട ചെലവ് കേരള പൊലീസ് സഹകരണ സംഘവും കേരള പൊലീസ് വെല്‍ഫെയര്‍ ബ്യൂറോയും തുല്യമായി വീതിക്കും. ടെസ്റ്റിന് മേല്‍നോട്ടം വഹിക്കുന്നതിന് എല്ലാ ജില്ലകളിലും സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

മാസ്ക് ധരിക്കാത്ത 4975 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച അഞ്ചു പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍
താല്‍കാലിക റവന്യൂ പിരിച്ചെടുക്കല്‍ നിയമ ഭേദഗതി

താല്‍ക്കാലിക റവന്യൂ പിരിച്ചെടുക്കുന്നതിനുള്ള നിയമ ഭേദഗതി മന്ത്രി സഭ തീരുമാനിച്ചിട്ടുണ്ട്. കാലാവധി 2020 ഏപ്രില്‍ ഒന്നു മുതല്‍ 180 ദിവസമായി ദീര്‍ഘിപ്പിക്കുന്നതിന് താല്‍ക്കാലിക റവന്യൂ പിരിച്ചെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്.

1985ലെ താല്‍ക്കാലിക റവന്യൂ പിരിച്ചെടുക്കല്‍ നിയമപ്രകാരം 120 ദിവസമാണ് റവന്യൂ പിരിക്കാന്‍ സര്‍ക്കാരിന് അധികാരമുള്ളത്. ഈ കാലാവധിയ്ക്കകം ബില്ലുകള്‍ നിയമസഭ പാസാക്കിയില്ലെങ്കില്‍ അവ കാലഹരണപ്പെട്ടുപോകും. കേരള ധനകാര്യ ബില്‍ പാസാക്കുന്നതിന് ജൂലൈ 27ന് നിയമസഭ ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാലാവധി 120 ദിവസത്തില്‍ നിന്ന് 180 ദിവസമാക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

കേരള ധനഉത്തരവാദിത്വ നിയമത്തില്‍ ഭേദഗതി
രാജ്യത്തെ പ്രതികൂല സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് 2019-20 വര്‍ഷം 1471 കോടി രൂപ അധിക വായ്പ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരള ധനഉത്തരവാദിത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഈ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന വ്യവസ്ഥയോടെയാണ് ഒറ്റത്തവണയായി അധിക വായ്പ എടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നിയമസഭ ചേരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. ധനഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനത്തിന്‍റെ ധന കമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 3 ശതമാനമായി നിലനിര്‍ത്തണം. അതുകൊണ്ടാണ് ഒറ്റത്തവണയായി അധികവായ്പ എടുക്കുന്നതിന് നിയമഭേദഗതി വേണ്ടിവന്നത്.

അസമിന് രണ്ട് കോടി രൂപ
വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന അസമിലെ ജനങ്ങളോട് മന്ത്രിസഭായോഗം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ജനങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ടു കോടി രൂപ അസം സര്‍ക്കാരിന് നല്‍കാനും തീരുമാനിച്ചു.

തോട്ടം തൊഴിലാളി ക്ഷേമനിധിയിലേക്ക് തൊഴിലാളികളും തൊഴില്‍ ഉടമകളും അടയ്ക്കേണ്ട അംശദായം 20 രൂപയില്‍ നിന്ന് 30 രൂപയായും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ അടയ്ക്കേണ്ട അംശദായം 40 രൂപയില്‍ നിന്ന് 60 രൂപയായും വര്‍ധിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച നിയമഭേദഗതിയുടെ കരട് മന്ത്രിസഭ അംഗീകരിച്ചു.

സഹായം
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ടിവി ചലഞ്ചിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം 11,500 ടെലിവിഷനുകള്‍, 110 ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍, 194 മൊബൈലുകള്‍ എന്നിവ കൈമാറി.

സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓണ്‍ലൈന്‍ പഠന ആവശ്യങ്ങള്‍ക്കായി 125 വീടുകളില്‍ ടിവി സെറ്റ് വിതരണം ചെയ്തു.

തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ 1988 എസ്എസ്എല്‍സി ബാച്ച് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കായി 800 ഫെയ്സ് ഷീള്‍ഡ്, 2000 മാസ്ക്ക് എന്നിവ കൈമാറി.

ദുരിതാശ്വാസം
തലശ്ശേരി ക്രൈസ്റ്റ് കോളേജ് 4,10,338 രൂപ

കൊടക്കാട് ആശ്വാസ് പാലിയോറ്റിവ് സൊസൈറ്റിയും ഡിവൈഎഫ്ഐ മേഖലാ കമ്മറ്റികളും ചേര്‍ന്ന് 1,50,790 രൂപ.

കള്ളുഷാപ്പ് ലൈസന്‍സ് അസോസിയേഷന്‍, കാസര്‍കോട് ജില്ല ഒരു ലക്ഷം.

തലശേരിയില്‍ പഴക്കച്ചവടം നടത്തുന്ന വി.പി. ഷംസു 1 ലക്ഷം രൂപ.

മത്സ്യഫെഡ് തശൂര്‍ ജില്ലാ മനേജരായി ജൂലൈ 31ന് വിരമിക്കുന്ന പി. ഗീത ഉണ്ണികൃഷ്ണന്‍ 1 ലക്ഷം രൂപ.

പയ്യന്നൂര്‍ വെള്ളൂരിലെ ഹോമിയോ ഡോക്ടര്‍ ദമ്പതികള്‍, ഡോക്ടര്‍ രാജേഷ്കുമാര്‍ ഡോക്ടര്‍ സ്മിത രാജേഷ് 1 ലക്ഷം രൂപ.

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ മടിക്കെ പഞ്ചായത്ത് 86,800 രൂപ.

ചെഗുവേര സംസ്കാര വേദി തേഞ്ഞിപാലം 61,300 രൂപ.

ചിത്രകാരനും ഷാര്‍ജയിലെ ജ്വല്ലറി ഡിസൈനറുമായ എം.ആര്‍. സന്തോഷ് 51,000 രൂപ.

കണ്ണൂര്‍ ജില്ലാ ഖാദി വര്‍ക്കേര്‍സ് യൂണിയന്‍ ഖാദി തൊഴിലാളികളില്‍ നിന്നും സമാഹരിച്ച 50,000 രൂപ.

ഹരിപ്പാട് ജയഭാരത് ലൈബ്രററി പ്രവര്‍ത്തകര്‍ ബിരിയാണി ചലഞ്ച് വഴി സമാഹരിച്ച 51,000 രൂപ.

പെരളശ്ശേരിയിലെ ചെറുമാവിലായി സഖാക്കള്‍ ബരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച 50,000 രൂപ.

ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍റ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ ഓഫ് കേരള (സിഐടിയു) തൃശൂര്‍ ജില്ലാ കമ്മിറ്റി 50,000 രൂപ.

പെരളശ്ശേരി എകെജി സ്മാരക സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ കെ പ്രദീപ്കുമാര്‍ 50,000 രൂപ നല്‍കി.

മാങ്ങാട്ടിടം മൂന്നാം പീടിക സ്വദേശി ദിനേശന്‍ പത്തലായി 50,000 രൂപ.

തൃശൂര്‍ അന്നമനട പഞ്ചായത്തിലെ കേരള പ്രവാസി സംഘം 50,001 രൂപ.

കണ്ണൂര്‍ കോളയാട് ഗ്രാമപഞ്ചായത്ത് ജീവനക്കാരന്‍ പ്രദീശന്‍ 41,110 രൂപ.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കരിവെള്ളൂര്‍ നോര്‍ത്ത് വില്ലേജ് കമ്മിറ്റി 35,500 രൂപ.

പടന്ന ഓരി എകെജി ക്ലബ്ബ്, യങ് മെന്‍സ് ക്ലബ്ബ്, വള്ളത്തോള്‍ സ്മാരക വായനശാല എന്നിവര്‍ ചേര്‍ന്ന് 60,130 രൂപ.

പിലിക്കോട് ചന്തേര ഗവ. എയുപി സ്കൂള്‍ പിടിഎ കമ്മറ്റി 50,580 രൂപ.

കെഎസ്കെടിയു ചെറുവത്തൂര്‍ ഏരിയാ കമ്മറ്റി 35,000 രൂപ

ഡിവൈഎഫ്ഐ പള്ളിക്കുനി, മത്തിപ്പറമ്പ് യൂണിറ്റുകള്‍ ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച 35,000 രൂപ

വലിയപറമ്പ് ഇടയിലക്കാട് കൂട്ടുകൃഷി പുരുഷ സ്വയംസഹായ സംഘം 32,790 രൂപ.

കയ്യൂര്‍ രക്തസാക്ഷി സ്മാരക ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബ് 25,540 രൂപ.

ചീമേനി കരക്കാട് റെഡ്സ്റ്റാര്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബ് 23,640 രൂപ.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 27-07-2020

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

താല്‍കാലിക റവന്യൂ പിരിച്ചെടുക്കല്‍ നിയമ ഭേദഗതി

താല്‍ക്കാലിക റവന്യൂ പിരിച്ചെടുക്കുന്നതിനുള്ള നിയമ ഭേദഗതി മന്ത്രി സഭ തീരുമാനിച്ചിട്ടുണ്ട്. കാലാവധി 2020 ഏപ്രില്‍ ഒന്നു മുതല്‍ 180 ദിവസമായി ദീര്‍ഘിപ്പിക്കുന്നതിന് താല്‍ക്കാലിക റവന്യൂ പിരിച്ചെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്.

1985ലെ താല്‍ക്കാലിക റവന്യൂ പിരിച്ചെടുക്കല്‍ നിയമപ്രകാരം 120 ദിവസമാണ് റവന്യൂ പിരിക്കാന്‍ സര്‍ക്കാരിന് അധികാരമുള്ളത്. ഈ കാലാവധിയ്ക്കകം ബില്ലുകള്‍ നിയമസഭ പാസാക്കിയില്ലെങ്കില്‍ അവ കാലഹരണപ്പെട്ടുപോകും. കേരള ധനകാര്യ ബില്‍ പാസാക്കുന്നതിന് ജൂലൈ 27ന് നിയമസഭ ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാലാവധി 120 ദിവസത്തില്‍ നിന്ന് 180 ദിവസമാക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

വാര്‍ത്താകുറിപ്പ്: 24-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
ഇന്ന് സംസ്ഥാനത്ത് 968 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. 885 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 56. വിദേശത്തുനിന്ന് 64 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 68 പേര്‍. ആരോഗ്യപ്രവര്‍ത്തകര്‍ 24.

ഇന്ന് നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി മുരുകന്‍ (46), കാസര്‍കോട് അനങ്കൂര്‍ സ്വദേശി ഖയറുന്നീസ (48), കാസര്‍കോട് ചിറ്റാരി സ്വദേശി മാധവന്‍ (68), ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ (85) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 167, കൊല്ലം 133, കാസര്‍കോട് 106, കോഴിക്കോട് 82, എറണാകുളം 69, മലപ്പുറം 58, പാലക്കാട് 58, കോട്ടയം 50, ആലപ്പുഴ 44, തൃശൂര്‍ 33, ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂര്‍ 18, വയനാട് 15.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 101, കൊല്ലം 54, പത്തനംതിട 81, ആലപ്പുഴ 49, കോട്ടയം 74, ഇടുക്കി 96, എറണാകുളം 151, തൃശൂര്‍ 12, പാലക്കാട് 63, മലപ്പുറം 24, കോഴിക്കോട് 66, വയനാട് 21, കണ്ണൂര്‍ 108, കാസര്‍കോട് 68.

കഴിഞ്ഞ 24 മണിക്കൂറിനകം 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9,297 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1,346 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9,371.

ഇതുവരെ ആകെ 3,38,038 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9,185 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,09,635 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,05,433 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 453 ആയി.

ഇന്ന് പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം ആയിരത്തില്‍ താണിട്ടുണ്ട്. പക്ഷേ, സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സാഹചര്യം കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്നതാണ്.

തിരുവനന്തപുരം ജില്ലയില്‍ പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി എന്നിവിങ്ങനെ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ഇവിടങ്ങളില്‍ രോഗം കുറയുന്ന പ്രവണത കാണുന്നില്ല. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യം നിലവിലുണ്ട്.

ജില്ലയില്‍ 17 എഫ്എല്‍ടിസികളിലായി 2,103 കിടക്കകള്‍ സജ്ജമായിട്ടുണ്ട്. 18 എഫ്എല്‍ടിസികള്‍ ഉടന്‍ സജ്ജമാകും. ഇവിടെ 1,817 കിടക്കകള്‍ ഉണ്ടാകും. പുല്ലുവിളയില്‍ കഴിഞ്ഞ പത്തുദിവസത്തിനിടെ 671 കോവിഡ് പരിശോധനകള്‍ നടത്തിയതില്‍ 288 എണ്ണം പോസിറ്റീവായി.

42.92 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്.

പുല്ലുവിളയിലും പൂന്തുറയിലും കഴിഞ്ഞ നാലുദിവസം നടത്തിയ കോവിഡ് പരിശോധന വിവരങ്ങള്‍ ഇങ്ങനെയാണ്.

പൂന്തുറ
ജൂലൈ 20 – 54 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 18 പോസിറ്റീവായി.
ജൂലൈ 21 – 64 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 15 പോസിറ്റീവായി.
ജൂലൈ 22 – 55 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 22 പോസിറ്റീവായി.
ജൂലൈ 23 – 49 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 14 പോസിറ്റീവായി.

പുല്ലുവിള
ജൂലൈ 20 – 50 സാമ്പിളില്‍ 11 പോസിറ്റീവായി.
ജൂലൈ 21 – 46 സാമ്പിളില്‍ 22 പോസിറ്റീവായി.
ജൂലൈ 22 – 48 സാമ്പിളില്‍ 22 പോസിറ്റീവായി.
ജൂലൈ 23 – 36 സാമ്പിളില്‍  8 പോസിറ്റീവായി.

രോഗവ്യാപനത്തോത് കുറയുന്നുണ്ട്. എങ്കിലും നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നില്ല.

കൊല്ലം ജില്ലയിലെ 33 കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലായി 4,850 കിടക്കകള്‍ സജ്ജീകരിച്ചു. 3,624 കിടക്കകള്‍ ഉള്ള 31 കേന്ദ്രങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാവും. അതോടെ 64 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി ആകെ കിടക്കകളുടെ എണ്ണം 8,474 ആവും.

പത്തനംതിട്ട ജില്ലയിലെ കുമ്പഴ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററില്‍ സമ്പര്‍ക്കംമൂലം ഇതുവരെ 205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ ക്ലസ്റ്ററില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി വലിയ രീതിയിലുള്ള രോഗവ്യാപനം ദൃശ്യമല്ല.

തിരുവല്ല തുകലശേരിയിലെ ഹോളി സ്പിരിറ്റ് കോണ്‍വെന്‍റില്‍ സമ്പര്‍ക്കം മൂലം ഇതുവരെ 44 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ 75 സിഎഫ്എല്‍ടിസികളിലായി 7,364 ബെഡുകളാണ് സജ്ജമാക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സിഎഫ്എല്‍ടിസികളിലായി 624 ബെഡുകളാണ് ഉള്ളത്.

ആലപ്പുഴ ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതലായി കണ്ടിരുന്ന കുറത്തികാട്, കായംകുളം, ചേര്‍ത്തല താലൂക്ക് ആശുപത്രി, ഐടിബിപി എന്നിവിടങ്ങളില്‍ കേസുകള്‍ കുറഞ്ഞുവരുന്നുണ്ട്. തീരപ്രദേശത്തെ ക്ളസ്റ്ററുകള്‍ സജീവമായി നിലനില്‍ക്കുന്നു. സമ്പര്‍ക്ക പട്ടികയിലെ 105 പേര്‍ക്ക് ടെസ്റ്റ് നടത്തിയപ്പോള്‍ കടക്കരപ്പളളിയില്‍ 18 പേര്‍ക്കും ചെട്ടികാട് സമ്പര്‍ക്കപട്ടികയിലെ 465 പേരില്‍ 29 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ക്കായി 29 കെട്ടിടങ്ങളിലായി 3,140 ബെഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

കോട്ടയത്ത് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്വാറന്‍റയിനില്‍ പ്രവേശിച്ച കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ ചുമതലകള്‍ നിര്‍വഹിക്കുകയാണ്. ചങ്ങനാശേരിക്കും പായിപ്പാടിനും പുറമെ പാറത്തോട്, പള്ളിക്കത്തോട് എന്നിവയാണ് നിലവിലുള്ള കോവിഡ് ക്ലസ്റ്ററുകള്‍. സിഎഫ്എല്‍ടിസികള്‍ക്കായി ഇതുവരെ 55 സ്ഥാപനങ്ങള്‍ ഏറ്റെടുത്തു. ഇതില്‍ വിപുല സൗകര്യങ്ങളുള്ള 33 കേന്ദ്രങ്ങളില്‍ മാത്രം 4,255 പേരെ താമസിപ്പിക്കാനാകും.

ഇടുക്കി ജില്ലയില്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ഇല്ല. സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടിയ സ്ഥലങ്ങള്‍ കൊന്നത്തടി, രാജാക്കാട് എന്നിവയാണ്. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ക്കായി അഞ്ചു താലൂക്കുകളിലായി 5,606 പേര്‍ക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. 3,114 പേര്‍ക്കുള്ള സൗകര്യം പൂര്‍ത്തിയായി.

എറണാകുളം ജില്ലയില്‍ വൃദ്ധജനരോഗീപരിപാലന കേന്ദ്രങ്ങള്‍, കോണ്‍വെന്‍റുകള്‍ എന്നിവിടങ്ങളില്‍ രോഗവ്യാപനമുണ്ടായത് ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണുള്ളത്. തൃക്കാക്കരയിലെ ഒരു കെയര്‍ ഹോമിലെ 135 അന്തേവാസികളുടെ ആന്‍റിജന്‍ പരിശോധന നടത്തിയതില്‍ 40 പേരുടെ റിസല്‍ട്ടും പോസീറ്റീവാണ്. കെയര്‍ഹോമുകളിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല. പുറമേക്കുള്ള കെയര്‍ ഹോം അധികൃതരുടെ സഞ്ചാരവും പരിമിതപ്പെടുത്തും.

പോസീറ്റീവായവരുടെ എണ്ണം കൂടുതലുള്ള കെയര്‍ഹോമുകളില്‍ തന്നെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സജ്ജമാക്കും. 24 മണിക്കൂറും ഡോക്ടറുടെ സേവനവും ആംബുലന്‍സ് സൗകര്യവും ഉണ്ടാകും. രോഗനിലയില്‍ വ്യത്യാസം കണ്ടാല്‍ കോവിഡ് ആശുപത്രിയിലേക്ക് മാറ്റും. ലഭ്യമായ മൊത്തം ചികിത്സാ സൗകര്യത്തില്‍ 39 ശതമാനം കിടക്കകളാണ് ഇപ്പോള്‍ വിനിയോഗിച്ചിട്ടുള്ളത്. 47 ശതമാനം ഐസിയു സൗകര്യവും  26 ശതമാനം വെന്‍റിലേറ്ററുകളും ഉപയോഗിക്കുന്നുണ്ട്.

പ്രധാന ക്ലസ്റ്റര്‍ ആയ ആലുവയില്‍ രോഗവ്യാപനം ശക്തമായി തുടരുകയാണ്.  സമീപ പഞ്ചായത്തുകളിലും കൂടുതല്‍ കേസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചി കോര്‍പറേഷനിലെ ചില പ്രദേശങ്ങളിലും സമ്പര്‍ക്കം മൂലം രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആകെ 109 എഫ്എല്‍ടിസികളിലായി 5,897 പൊസിറ്റീവ് കേസുകള്‍ അഡ്മിറ്റ് ചെയ്യാന്‍ സൗകര്യമുണ്ട്. 24 കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ നിയമിച്ചു. 21 സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സക്കുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോവിഡ് ആശുപത്രികളിലെ ഐസിയുകളില്‍ ഇന്‍റന്‍സിവിസ്റ്റുകളുടെ സേവനം കൂടുതലായി ആവശ്യമായി വരുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍ കൂടി സഹകരിച്ചാലേ ഇതിന് പരിഹാരമുണ്ടാകൂ.

തൃശൂരില്‍ സമ്പര്‍ക്ക വ്യാപനം കൂടുകയാണ്. ആദ്യം രോഗം സ്ഥിരീകരിച്ച ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം 1000 കടന്നു. 40 തദ്ദേശ സ്ഥാപന പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആണ്. ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്ന് മുരിയാട് പഞ്ചായത്തിലേക്ക് വ്യാപിക്കുന്നുണ്ട്. നാളെ വൈകിട്ട് മുതല്‍ ഇവിടെ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 30 സിഎഫ്എല്‍ടിസികള്‍ തയ്യാറായി. ഇതില്‍ 6,033 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്.

പാലക്കാട് പട്ടാമ്പിയിലെ രോഗബാധ കൂടുതലായി കണ്ടെത്തിയ സാഹചര്യത്തില്‍  നടത്തിയ പരിശോധനയില്‍ 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മലപ്പുറം ജില്ലയില്‍ മൂന്ന് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. കൊണ്ടോട്ടി, നിലമ്പൂര്‍, പൊന്നാനി നഗരസഭയിലെ എല്ലാ വാര്‍ഡുകളുമാണ് കമ്യൂണിറ്റി ക്ലസ്റ്ററായി തുടരുന്നത്. ലാര്‍ജ് ക്ലസ്റ്ററായിരുന്ന പൊന്നാനി താലൂക്കിലെ പൊന്നാനി നഗരസഭ ഒഴികെയുള്ള പ്രദേശങ്ങളില്‍ രോഗവ്യാപനം കുറഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. മറ്റൊരു ക്ലസ്റ്ററായിരുന്ന താനൂര്‍ നഗരസഭാ പരിധിയിലെ നിയന്ത്രണങ്ങളും ഒഴിവാക്കി. ജില്ലയില്‍ 59 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളാണ് ഒരുങ്ങുന്നത്. 5,793 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉണ്ടാകും.

വയനാട് ജില്ലയില്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ഉണ്ടായിട്ടില്ല. ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായി തൊണ്ടര്‍നാട് പ്രദേശം തുടരുന്നു. കണ്ടെയ്ന്‍മെന്‍റ് സോണുകളായി തുടരുന്നത് 12 തദ്ദേശ സ്ഥാപനങ്ങളിലെ 87 വാര്‍ഡുകളാണ്.

ജില്ലയില്‍ 20 എഫ്എല്‍ടിസികളിലായി 2,630 കിടക്കകള്‍ സജ്ജീകരിച്ച് കഴിഞ്ഞു. 5,660 ബെഡുകളുടെ സൗകര്യത്തില്‍ 52 കേന്ദ്രങ്ങള്‍ എഫ്എല്‍ടിസികളാക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ രോഗവ്യാപന ഭീതി നിലനില്‍ക്കുന്നുണ്ട്. 50 ഇടങ്ങളിലായി ഒരുക്കിയ എഫ്എല്‍ടിസികളില്‍ 4,870 ബെഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയില്‍ തൂണേരിയാണ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍. ചെക്യാട് ഗ്രാമപഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തവരും ഈ വ്യക്തിയുമായി ഇടപഴകിയവരും ക്വാറന്‍റൈനില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ചോറോട് ഗ്രാമപഞ്ചായത്തിലെ 8ാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടില്‍ ജډദിനാഘോഷം നടന്നത് ജൂലൈ 15നാണ്. കൊവിഡ് സമ്പര്‍ക്ക ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചടങ്ങ് നടന്നത്. ഇതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

കണ്ണൂരില്‍ ഫസ്റ്റ്ലൈന്‍ ചികിത്സ കേന്ദ്രങ്ങളില്‍ ആകെ 7,178 കിടക്കകള്‍ സജ്ജമാക്കി. ഇതില്‍ 2,500 കിടക്കകള്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങളോട് അനുബന്ധിച്ചാണ്. ബാക്കി 4,678ല്‍ പഞ്ചായത്തുകളില്‍ 2,632, മുന്‍സിപ്പാലിറ്റി 1,296, കോര്‍പറേഷന്‍ 750. എന്നിങ്ങനെ യാണ് കിടക്കകള്‍ ഒരുക്കിയിട്ടുള്ളത്.

കാസര്‍കോട് ജില്ലയില്‍ ആറ് കമ്യൂണിറ്റി ക്ലസറുകളാണ്. കാസര്‍കോട് മാര്‍ക്കറ്റ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ആയി മാറിയിട്ടുണ്ട്. ഹൊസങ്കടിയിലെ പ്രിയദര്‍ശിനി ലാബിനെ കമ്യൂണിറ്റി ക്ലസ്റ്ററില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയിലാദ്യമായി കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും കൃത്യനിഷ്ഠയോടെ നടത്തിയ ഇടപെടലുകള്‍ വൈറസിന്‍റെ വ്യാപനം കുറയ്ക്കുവാനും മരണനിരക്ക് കുറക്കുവാനും സഹായിച്ചു. ആദ്യ രണ്ട് ഘട്ടത്തിലും രോഗപ്പകര്‍ച്ച ഫലപ്രദമായി തടയാന്‍ കഴിഞ്ഞു. മൂന്നാംഘട്ടത്തിലെ രോഗപ്പകര്‍ച്ച എല്ലാവരും പ്രതീക്ഷിച്ചതാണ്.

ഫ്ളാറ്റനിങ് ദ കര്‍വ്
ലോകത്തിന് മുന്നില്‍ രോഗ പകര്‍ച്ചയുടെ ഉയര്‍ച്ചയും മരണനിരക്കും കുറയ്ക്കാന്‍ കഴിഞ്ഞതാണ് കേരളത്തിന്‍റെ നേട്ടം. മരണനിരക്ക് മറ്റുപല രാജ്യങ്ങളിലും 4 ശതമാനം മുതല്‍ 10 ശതമാനം വരെ ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ 0.31 ശതമാനമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് യാദൃച്ഛികമായ അനുഭവമല്ല. കഠിന പ്രയത്നത്തിന്‍റെ ഗുണഫലമാണ് അത്. ഇന്നലെ വരെ 16,110 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ മരണ സംഖ്യ 50 മാത്രമാണ്.

ലാബുകള്‍
വേണ്ടത്ര പരിശോധനകള്‍ നടത്തുന്നില്ല എന്നാണ് ചിലരുടെ ആക്ഷേപം. കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനായി വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. തുടക്കത്തില്‍ എന്‍ഐവി ആലപ്പുഴയില്‍ മാത്രമുണ്ടായിരുന്ന പരിശോധനാ സംവിധാനം വിപുലീകരിച്ചു. 15 സര്‍ക്കാര്‍ ലാബുകളിലും 8 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്.

ട്രൂ നാറ്റ് പരിശോധന 19 സര്‍ക്കാര്‍ ലാബിലും 15 സ്വകാര്യ ലാബിലും സിബി നാറ്റ് പരിശോധന 6 സര്‍ക്കാര്‍ ലാബിലും 9 സ്വകാര്യ ലാബിലും നടക്കുന്നു. എയര്‍പോര്‍ട്ടിലേയും ക്ലസ്റ്ററുകളിലേയും ആന്‍റിജന്‍ പരിശോധനയ്ക്കായി 10 ലാബുകളുമുണ്ട്. നിലവില്‍ 84 ലാബുകളില്‍ കോവിഡിന്‍റെ വിവിധ പരിശോധനകള്‍ നടത്താനാകും. 8 സര്‍ക്കാര്‍ ലാബുകളില്‍ കൂടി പരിശോധിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ലാബുകള്‍ക്ക് പരിശോധനയ്ക്കുള്ള അനുമതി നല്‍കുന്നുമുണ്ട്.

തുടക്കത്തില്‍ 100നു താഴെ മാത്രമായിരുന്നു പ്രതിദിന പരിശോധന. അത് രോഗവ്യാപന തോതനുസരിച്ച് 25,000ല്‍ കൂടുതലെത്തിക്കാന്‍ കഴിഞ്ഞു. പരിശോധനയുടെ കാര്യത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകളാണ് പരിശോധിച്ചത്.

റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്‍റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,35,272 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.  ടെസ്റ്റ് പരിശോധയുടെ കാര്യത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യന്‍ എന്ന ശാസ്ത്രീയ മാര്‍ഗം നോക്കുമ്പോള്‍ കേരളം മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് പോസിറ്റീവിറ്റി 2.6 ശതമാനം മാത്രമാണ് സംസ്ഥാനത്തുള്ളത്. പരിശോധനകള്‍ വെച്ച് 5 ശതമാനത്തിന് താഴെ കേസുകളാണെങ്കില്‍ നിയന്ത്രണ വിധേയമാണെന്നാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്.

30 ദിവസത്തേയ്ക്ക് ആവശ്യമായ കിറ്റുകള്‍ കെഎംഎസ്സിഎല്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. കുറവ് വരുന്ന മുറയ്ക്ക് അവ ശേഖരിക്കാനുമുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതിനാല്‍ പരിശോധന കുറയുന്നു എന്ന ആശങ്കയ്ക്ക് ഒരടിസ്ഥാനവുമില്ല.

സിഎഫ്എല്‍ടിസി
രോഗികള്‍ കൂടുന്ന അവസ്ഥയിലാണ് എല്ലാ ജില്ലകളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കുന്നത്. കോവിഡ് വ്യാപനത്തെ നേരിടുന്നതിന് പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍.

ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആയ കേസുകളില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായി ഇല്ലാത്തവരേയും നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ കിടത്തി ചികിത്സിക്കുന്നത്. ഇതിലൂടെ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും മികച്ച ചികിത്സ ലഭ്യമാക്കാനും സാധിക്കുന്നു.

മൂന്ന് സ്റ്റേജുകളായാണ് സിഎഫ്എല്‍ടിസികള്‍ തയ്യാറാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 86 സിഎഫ്എല്‍ടിസികളും 11,284 കിടക്കകളും രണ്ടാം ഘട്ടത്തില്‍ 253 സിഎഫ്എല്‍ടിസികളും 30,598 കിടക്കകളും മൂന്നാംഘട്ടത്തില്‍ 480 സിഎഫ്എല്‍ടിസികളിലായി 36,400 കിടക്കകളും സജ്ജമാണ്. ദിവസം തോറും പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നുണ്ട്.

പൂള്‍ ഒന്ന്, പൂള്‍ രണ്ട്, പൂള്‍ മൂന്ന് എന്നിവ അടിസ്ഥാനമാക്കിയാണ് ജീവനക്കാരെ സജ്ജമാക്കിയത്. പൂള്‍ ഒന്നില്‍ 30,000ത്തോളം ജീവനക്കാരെ തെരഞ്ഞെടുത്ത് അതാത് ജില്ലകള്‍ക്ക് നല്‍കിയിട്ടുണ്ട്. ജില്ല കളക്ടറും ജില്ല മെഡിക്കല്‍ ഓഫീസറും ചേര്‍ന്ന് അവരെ ആവശ്യമായ സിഎഫ്എല്‍ടിസികളില്‍ നിയമിക്കും. പൂള്‍ രണ്ടിലും മൂന്നിലും കൂടി ആവശ്യമാണെങ്കില്‍ 50,000ത്തോളം ജീവനക്കാരെ കണ്ടെത്തിയിട്ടുണ്ട്. അതനുസരിച്ചുള്ള ആസൂത്രണം ആരോഗ്യ വകുപ്പില്‍ നടക്കുന്നുണ്ട്.

സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം
കേസുകള്‍ വര്‍ധിച്ച് സന്നിഗ്ധ ഘട്ടം വന്നാല്‍ ഒപ്പം നിര്‍ത്താനായി സ്വകാര്യ ആശുപത്രികളുമായും ആശുപത്രി സംഘടനകളുമായും ചര്‍ച്ച നടത്തി. ഇതുകൂടാതെ ചികിത്സാ ചെലവ് സംബന്ധിച്ചും ധാരണയായിട്ടുണ്ട്. 1129 സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തില്‍ 200ഓളം ആശുപത്രികള്‍ സഹകരിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ സിഎഫ്എല്‍ടിസികളിലും ഇവരുടെ സേവനം ഉപയോഗിക്കും. ജില്ലാതലത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ ഉള്‍പ്പെട്ട ഇംപ്ലിമെന്‍റേഷന്‍ കമ്മിറ്റി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി തീരുമാനം എടുത്തിട്ടുണ്ട്.

ശക്തമായ പ്രതിരോധം
ദീര്‍ഘവീക്ഷത്തോടെയുമുള്ള ഇടപെടലുകളും ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും അര്‍പ്പണ മനോഭാവവും ജനങ്ങളുടെ ഉത്തരവാദിത്തത്തോടുകൂടിയുള്ള പെരുമാറ്റവും കൂടിയാണ് ഈ പ്രതിസന്ധി മറികടക്കാന്‍ നമ്മെ പ്രാപ്തമാക്കുന്നത്. തിരുവനന്തപുരത്ത് രണ്ട് പ്രദേശങ്ങളില്‍ സമൂഹ വ്യാപനമുണ്ടായെങ്കിലും പിടച്ചുനിര്‍ത്താന്‍ കഴിഞ്ഞു.

ക്ലസ്റ്റര്‍ കെയറിലൂടെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഫീല്‍ഡ് നിരീക്ഷണം, ചെക്ക് പോസ്റ്റ് നിരീക്ഷണം, റോഡ്, റെയില്‍ നിരീക്ഷണം, വിമാനത്താവള നിരീക്ഷണം എന്നിവ ശക്തിപ്പെടുത്തി. സെന്‍റിനല്‍ സര്‍വയലന്‍സ് ഊര്‍ജിതപ്പെടുത്തുകയും ആന്‍റിജന്‍ പരിശോധന വ്യാപകമാക്കുകയും ചെയ്തു. കേസ് വ്യാപനത്തിന്‍റെ ഭൂമിശാസ്ത്രപരമായ മാപ്പിങ്ങും അതനുസരിച്ച് പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് ആവശ്യമായ ഇടപെടലും നടത്തുന്നുണ്ട്.

പ്രൈമറി കോണ്‍ടാക്ട്, സെക്കന്‍ററി കോണ്‍ടാക്ട് എന്നിവ തരംതിരിച്ച് കോണ്‍ടാക്റ്റ് ട്രെയ്സിങ് വിപുലമാക്കി. കണ്ടെയ്ന്‍മെന്‍റ് സോണ്‍ പ്രവര്‍ത്തനങ്ങള്‍ നിരന്തരം വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. കണ്ടൈന്‍മെന്‍റ് സോണ്‍ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്‍റൈന്‍ ചെയ്യുന്നു.

സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍പ്ലാന്‍
സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുകയാണ്. സൂപ്പര്‍ സ്പ്രെഡിലേക്ക് പോയ പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്‍റൈനിലാക്കുകയാണ്. അതിര്‍ത്തികടന്ന് വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒപി തുടങ്ങുകയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ക്കശമായ നടപടികളിലേക്ക് നീങ്ങും.

ഒരു കാര്യം കൂടി ഇവിടെ സ്ഥാപിക്കേണ്ടതുണ്ട്. ഇന്ന് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ടാണ് ‘കുട്ടികളെ ആരു നോക്കും?’ എന്നാണ്. പരിശോധനയ്ക്ക് പോകാന്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മടിക്കുന്നതിന്‍റെ കാരണമായി ആ മാധ്യമം പറയുന്നത് അവര്‍ക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ വീട്ടില്‍ കുട്ടികളും വയോജനങ്ങളും തനിച്ചാകുമെന്നാണ്. രോഗബാധ ഉണ്ടാകാതിരിക്കാനായി നമ്മള്‍ റിവേഴ്സ് ക്വാറന്‍റൈനില്‍  പാര്‍പ്പിക്കാന്‍ തീരുമാനിച്ച വിഭാഗമാണ് കുട്ടികളും വയോജനങ്ങളും. വയോജനങ്ങളില്‍ രോഗം മാരകമായിത്തീരും എന്നു നമുക്കൊക്കെ അറിയാം. അതുകൊണ്ടുതന്നെ വീടുകളിലുള്ള പ്രായമായവരെ കരുതി അതീവ ജാഗ്രത എല്ലാവരും പുലര്‍ത്തിയേ തീരൂ. എന്നാല്‍ ഈ വാര്‍ത്ത വായിച്ചാല്‍ തോന്നുക, ആളുകള്‍ക്ക് ടെസ്റ്റ് നടത്തി, അവരെ നിര്‍ബന്ധിച്ച് ട്രീറ്റ്മെന്‍റ് സെന്‍ററുകളിലോട്ട് മാറ്റി, വീട്ടിലെ കുട്ടികളേയും മുതിര്‍ന്നവരേയും സര്‍ക്കാര്‍ മനപ്പൂര്‍വ്വം ബുദ്ധിമുട്ടിക്കുന്നു എന്നാണ്.  

ഈ വാര്‍ത്ത വായിക്കുന്ന സാധാരണക്കാരായ ആളുകള്‍ക്ക് ടെസ്റ്റിനോട് സഹകരിക്കാന്‍ വിമുഖതയല്ലേ ഉണ്ടാവുക? അങ്ങനെ ആളുകള്‍ ടെസ്റ്റ് നടത്തുന്നതിനോട് നിസ്സഹകരിക്കുകയും രോഗവ്യാപനം കൂടുകയും ചെയ്യുന്ന സാഹചര്യമാണോ നമുക്ക് വേണ്ടത്. തെറ്റായ രീതി ആരെങ്കിലും സ്വീകരിച്ചാല്‍ തെറ്റാണ് എന്ന് പറഞ്ഞ് ബോധവല്‍ക്കരിക്കുകയല്ലേ ശരിയായ മാധ്യമധര്‍മം.

കേരളത്തില്‍ ഇതിനോടകം എത്രായിരം ആളുകള്‍ ക്വാറന്‍റൈനില്‍ പോയി. എത്ര പേരുടെ ചികിത്സ നടന്നു. വീട്ടില്‍ കുഞ്ഞുങ്ങളെ നോക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്കാക്കി രക്ഷിതാക്കള്‍ക്ക് പോകേണ്ടി വന്ന എത്ര സംഭവമുണ്ടായി എന്നു നിങ്ങള്‍ തന്നെ പറയൂ.

നമുക്ക് കുടുംബങ്ങളും സാമൂഹ്യജീവിതവും ഉള്ളത് അത്തരം സാഹചര്യത്തില്‍ താങ്ങാകാനാണ്. ഇനി ഏതെങ്കിലും കേസില്‍ അങ്ങനെ ഒരു സഹായം ആര്‍ക്കെങ്കിലും ലഭിച്ചില്ലെങ്കില്‍, അതു സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിച്ചാല്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ച് വേണ്ട പിന്തുണ ഉറപ്പു വരുത്തുന്നതായിരിക്കും. അല്ലാതെ, വീട്ടിലെ രണ്ടു പേര്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ പോയാല്‍, ബാക്കിയുള്ളവര്‍ പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായിട്ടില്ലല്ലോ. എല്ലാ പിന്തുണയും നല്‍കുകയല്ലേ ചെയ്തിട്ടുള്ളത്.  

അതുകൊണ്ട്, ഈ രീതിയില്‍ ഭീതി വളരുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങളോട് വിമുഖത കാണിക്കുന്നതിനും ഇടയാകുന്ന വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറാകരുത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ യാതൊരു തകരാറുമില്ല. പക്ഷേ, അതു വസ്തുനിഷ്ഠവും നിര്‍മാണാത്മകവും ആയിരിക്കണം. കോവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ആകരുതെന്ന അഭ്യര്‍ത്ഥന നിങ്ങള്‍ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കര്‍ഷകര്‍ക്ക് സഹായപദ്ധതി

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഭക്ഷ്യസുഭിക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. 77 കോടി രൂപയാണ് പദ്ധതി ചിലവ്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളിലെ 5000 കര്‍ഷകര്‍ക്ക് രണ്ടു പശുക്കളെ വാങ്ങുന്നതിനായി 60,000 രൂപ വീതം സബ്സിഡി നല്‍കും.

സംസ്ഥാനത്തെ 3500 കര്‍ഷകര്‍ക്ക് കിടാരി വളര്‍ത്തലിനായി 15000 രൂപ വീതം സബ്സിഡിയും, കാറ്റില്‍ ഷെഡ് നിര്‍മാണത്തിനായി 5000 കര്‍ഷകര്‍ക്ക് 25000 രൂപ വീതം സബ്സിഡിയും വിതരണം ചെയ്യും. 6000 കര്‍ഷകര്‍ക്ക് 6650 രൂപ വീതം കാലിത്തീറ്റ സബ്സിഡിയും ആടു വളര്‍ത്തലിനായി 1800 പേര്‍ക്ക് 25000 രൂപ വീതവും സബ്സിഡി നല്‍കും.

സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം കോണ്‍ടാക്റ്റ് ട്രെയിസിങ്ങിനായി പൊലീസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മാസ്ക് ധരിക്കാത്ത 5500 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച എട്ടു പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ബലിപെരുന്നാളിനോടനുബന്ധിച്ച് ബലികര്‍മം അനുഷ്ഠിക്കുന്നവര്‍ കോവിഡ് ഹെല്‍ത്ത് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ഒരുവട്ടം കൂടി ഓര്‍മിപ്പിക്കുന്നു.

സഹായം
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ തങ്ങളുടെ ഉടമസ്ഥതയിലുള്ള സെമിനാരികള്‍, എഞ്ചിനിയറിങ്ങ് കോളേജുകള്‍, ധ്യാനകേന്ദ്രങ്ങള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍, ഹാളുകള്‍ എന്നിവ ഉള്‍പ്പെടെ 12 സ്ഥാപനങ്ങള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കിയിട്ടുണ്ട്.

രാജീവ് ഗാന്ധി ഗുഡ്വില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓണ്‍ലൈന്‍ പഠന സൗകര്യത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന 76 വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി. വിതരണം ചെയ്തതായി അറിയിച്ചു.

ടി.ബി.എസ് ചാരിറ്റബിള്‍ ട്രസ്റ്റ് കോഴിക്കോട് ജില്ലയിലെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലേക്ക് 1,05,814 രൂപയുടെ സാധനങ്ങള്‍ കൈമാറി. കിടക്ക, തലയിണ, കിടക്ക വിരി മുതലായ സാധനങ്ങളാണ് കൈമാറിയത്.

ദുരിതാശ്വാസം
സി.പി.ഐ.എം തലശ്ശേരി ന്യൂബസ് സ്റ്റാന്‍റ് ബ്രാഞ്ച് 50,000 രൂപ

യുവശക്തി ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബ് അമ്പലമെട്ട, മക്രേരി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 43,242 രൂപ

സി.പി.ഐ.എം എ.കെ.ജി നഗര്‍ ബ്രാഞ്ച്, പാനൂര്‍ ഏരിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 29,500 രൂപ

വാര്‍ത്താകുറിപ്പ്: 23-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

രോഗബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ചിരിക്കുന്നു. 1078 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മരണങ്ങളുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആണ്. ഇന്ന് 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 65. വിദേശത്തുനിന്ന് 104 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 115 പേര്‍.

കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57), മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞന്‍പിള്ള (79), പാറശാല നഞ്ചംകുഴിയിലെ രവീന്ദ്രന്‍ (73), കൊല്ലം കെ.എസ് പുരത്തെ റഹിയാനത്ത് (58), കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍ (60) എന്നിവരാണ് മരണമടഞ്ഞത്. ഇതില്‍ റഹിയാനത്ത് ഒഴികെ മറ്റുള്ളവര്‍ കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

ഇന്ന് 432 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശൂര്‍ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂര്‍ 51, പാലക്കാട് 51, കാസര്‍കോട് 47, പത്തനംതിട്ട 27, വയനാട് 10.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 60, കൊല്ലം 31, ആലപ്പുഴ 39, കോട്ടയം 25, ഇടുക്കി 22, എറണാകുളം 95, തൃശൂര്‍ 21, പാലക്കാട് 45, മലപ്പുറം 30, കോഴിക്കോട് 16, വയനാട് 5, കണ്ണൂര്‍ 7, കാസര്‍കോട് 36.
കഴിഞ്ഞ 24 മണിക്കൂറിനകം 22,433 സാമ്പിളുകള്‍ പരിശോധിച്ചു. 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9354 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1070 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9458.

ഇതുവരെ ആകെ 3,28,940 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9159 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,07,066 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,02,687 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 428 ആയി.

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇന്ന് സ്ഥിരീകരിച്ച 222 പേരില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 16 പേരുമുണ്ട്. ജില്ലയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെയും ആയുഷ് വകുപ്പില്‍ നിന്നുള്‍പ്പടെയുള്ള ജീവനക്കാരെയും നിയോഗിക്കും.

നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എംഎല്‍എ ഉള്‍പ്പടെ ചില ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍ പോകേണ്ടിവന്നിട്ടുമുണ്ട്. പൊതുവില്‍ വേണ്ട കരുതലിനെ സൂചിപ്പിക്കുന്ന അനുഭവമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ചാല മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും ഗൗരവമായി കണ്ട് മാര്‍ക്കറ്റുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.

കൊല്ലം ജില്ലയിലെ 106 പേര്‍ക്ക് സ്ഥിരീകരിച്ചതില്‍ പുറത്തുനിന്നു വന്നത് രണ്ടുപേര്‍ മാത്രമാണ്. 94 പേര്‍ക്ക് സമ്പര്‍ക്കംമൂലം. ഉറവിടമറിയാത്തത് 9. രോഗവ്യാപന സാധ്യതയുള്ള കിഴക്കന്‍ മേഖല, തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലും ക്ലസ്റ്ററുകള്‍ രൂപീകരിച്ച് പ്രതിരോധം ശക്തമാക്കും.

ചങ്ങനാശേരി മാര്‍ക്കറ്റില്‍ വ്യാപാരികളായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിവാസികളായ നാലുപേര്‍ക്ക് കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റില്‍ പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിരുവല്ല നഗരസഭാപരിധി കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.

ആലപ്പുഴയില്‍ 82 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 40 സമ്പര്‍ക്കംമൂലമാണ്. വണ്ടാനം ഗവണ്‍മെന്‍റ് ടിഡി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഒമ്പത് ഡോക്ടര്‍മാറും 15 മറ്റു ജീവനക്കാരും ക്വാറന്‍റീനില്‍ പോകേണ്ടി വന്നു. ചേര്‍ത്തല താലൂക്കിലെ തീരപ്രദേശത്ത് വ്യാപകമായി ആന്‍റിജന്‍ ടെസ്റ്റ് നടത്തിവരുന്നു. ഇതില്‍ നെഗറ്റിവ് ആയ 65 വയസ്സിനു മുകളിലുള്ളവരെ പ്രത്യേകമായി മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇവര്‍ക്ക് റിവേഴ്സ് ക്വാറന്‍റീന്‍ സൗകര്യം ഒരുക്കാനായി ചേര്‍ത്തല എസ്എന്‍ കോളേജും സെന്‍റ് മൈക്കിള്‍സ് കോളേജും സജ്ജീകരിക്കുന്നുണ്ട്.

ആലപ്പുഴ ജില്ലയില്‍ മൈക്രോ ഫിനാന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍, ചിട്ടികമ്പനികള്‍ തുടങ്ങിയവയുടെ പണപ്പിരിവ് വിലക്കി. കടല്‍തീരപ്രദേശത്തെ മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള നിരോധനം ജൂലൈ 29 രാത്രി 12 മണി വരെ നീട്ടി.

കോട്ടയം ജില്ലയില്‍ പാറത്തോട് ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി, തിരുവാര്‍പ്പ്, കുമരകം മാര്‍ക്കറ്റുകളിലും ആന്‍റിജന്‍ പരിശോധന നടന്നുവരുന്നു. ഇതുവരെ അഞ്ചു സിഎഫ്എല്‍ടിസികളിലായി 267 പേരെ പ്രവേശിപ്പിച്ചു.

എറണാകുളം ജില്ലയില്‍ 100 പേരുടെ റിസള്‍ട്ട് ഇന്ന് പോസിറ്റീവായതില്‍ 94 പേര്‍ക്കും രോഗബാധയുണ്ടായത് സമ്പര്‍ക്കംമൂലമാണ്. രോഗവ്യാപനം രൂക്ഷമായ ആലുവ കീഴ്മാട് ക്ലസ്റ്ററില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. മൂന്ന് കോണ്‍വെന്‍റുകളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശ്രമങ്ങള്‍, മഠങ്ങള്‍, പ്രായമായ ആളുകള്‍ താമസിക്കുന്ന ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം വേണം. കീഴ്മാട്, അയ്യമ്പിള്ളി, തൃക്കാക്കര കോണ്‍വെന്‍റുകളില്‍ രോഗ വ്യാപനം കണ്ടെത്തുന്നതിനായി പരിശോധന നടത്തി. ഇത്തരം കേന്ദ്രങ്ങള്‍ ക്ലോസ്ഡ് ക്ലസ്റ്ററാക്കിയാണ് പ്രതിരോധ നടപടികള്‍ ആവിഷ്കരിക്കുന്നത്.

തീരമേഖലയായ ചെല്ലാനം ക്ലസ്റ്ററിനോട് ചേര്‍ന്ന് കിടക്കുന്ന മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി പ്രദേശത്തെ കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ രോഗവ്യാപനത്തിന്‍റെ സൂചനകളുണ്ട്. ഈ ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

തൃശൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ 1118 ആന്‍റിജന്‍ പരിശോധനകളില്‍ 20 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5 തദ്ദേശസ്ഥാപന പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആയി. 33 തദ്ദേശസ്ഥാപനങ്ങളില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ നിലവിലുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും മത്സ്യ വിപണനത്തിനായി ആളുകള്‍ തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് നിരോധിച്ചു.

പാലക്കാട് ജില്ലയില്‍ പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലുമുള്ള 23 പേര്‍ക്കും ഒറ്റപ്പാലത്തും പെരുമാട്ടിയിലും രണ്ടു പേര്‍ക്കു വീതവും ആന്‍റിജന്‍ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചു.

മലപ്പുറത്ത് കൊണ്ടോട്ടി, നിലമ്പൂര്‍ എന്നിവിടങ്ങളിലെ മത്സ്യ മാര്‍ക്കറ്റിലുടെ കൂടുതല്‍ പേര്‍ക്ക് ഇന്നലെയും രോഗവ്യാപനമുണ്ടായിട്ടുണ്ട്. കോവിഡ് സംബന്ധമായ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ക്കെതിരെ ഇന്നലെ കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷനിലെ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്. വടകര മുന്‍സിപ്പാലിറ്റിയും പുറമേരി, ഏറാമല, എടച്ചേരി, നാദാപുരം, തൂണേരി, മണിയൂര്‍, വില്യാപ്പള്ളി, ചെക്യാട്, ആയഞ്ചേരി, വാണിമേല്‍, അഴിയൂര്‍, പെരുമണ്ണ പഞ്ചായത്തുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരികയാണ്.  

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചിട്ടു. സമ്പര്‍ക്ക വ്യാപനം തടയുന്നതിനായി ബേപ്പൂര്‍ ഹാര്‍ബര്‍ മൂന്നു ദിവസത്തേക്ക് അടച്ചു. പാളയം പച്ചക്കറി മാര്‍ക്കറ്റിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.  

കണ്ണൂര്‍ ജില്ലയില്‍ ആറ് ക്ലസ്റ്ററുകള്‍ നിലവിലുണ്ട്. നേരത്തേയുണ്ടായിരുന്ന സിഐഎസ്എഫ് ക്യാമ്പ്, ഡിഎസ്സി സെന്‍റര്‍, കൂത്തുപറമ്പ് ഫയര്‍ ആന്‍റ് റെസ്ക്യൂ സ്റ്റേഷന്‍ എന്നിവയ്ക്കു പുറമെ ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, കടവത്തൂര്‍ യുപി സ്കൂളിലെ അഞ്ച് അധ്യാപകര്‍ക്ക് രോഗബാധയുണ്ടായ തൃപ്പങ്ങോട്ടൂര്‍, ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ കുന്നോത്തുപറമ്പ് എന്നിവയും ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

കാസര്‍കോട് ജില്ലയുടെ വടക്കന്‍ മേഖലകളില്‍ സമ്പര്‍ക്ക കേസുകള്‍ വര്‍ധിച്ചുവരികയുമാണ്. കാസര്‍കോട് മാര്‍ക്കറ്റ് ,ചെര്‍ക്കള  ഫ്യൂണറല്‍, മംഗല്‍പാടി വാര്‍ഡ് മൂന്ന്, കുമ്പള മാര്‍ക്കറ്റ്, ഹൊസങ്കടി ലാബ് എന്നിവയാണ് ജില്ലയില്‍ രുപം കൊണ്ട ക്ലസ്റ്ററുകള്‍.

പൊതു ചടങ്ങുകള്‍, വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ നിഷ്കര്‍ഷിച്ച ആളുകളുടെ എണ്ണം സംബന്ധിച്ച മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടത് സമ്പര്‍ക്ക കേസുകളുടെ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്. മരണവീട്ടില്‍ ഒത്തുകൂടിയവര്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടായി.
അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ ഇപ്പോഴും ആള്‍ക്കാര്‍ കര്‍ണ്ണാടകയിലേക്കും തിരിച്ചും യാത്ര നടത്തുന്നു എന്നത് ജില്ലയുടെ ആരോഗ്യ സുസ്ഥിതിക്കുയര്‍ത്തുന്ന ഭീഷണി വലുതാണ്. ഇത്തരത്തില്‍ യാത്ര ചെയ്തെത്തിയവരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അവരില്‍ നിന്ന് കുടുംബങ്ങളിലേക്കും നാട്ടുകാരിലേക്കും രോഗം പടരുകയും ചെയ്തിട്ടുണ്ട്.

ജില്ലയില്‍ 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 127 കണ്ടെയ്ന്‍റ്മെന്‍റ് സോണുകളാണുള്ളത്. രോഗം കാര്യമായി ബാധിക്കാത്ത പഞ്ചായത്തുകളില്‍ (ഉദുമ, കിനാനൂര്‍ കരിന്തളം) പോലും ഉറവിടം അറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രോഗവ്യാപന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 65 ശതമാനം കേസുകളും തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളിലാണ്. കോവിഡ് വ്യാപനത്തിന്‍റെ തുടക്കഘട്ടത്തില്‍ കാസര്‍കോട് ജില്ലയിലുണ്ടായ സ്ഥിതി മറ്റു പല ജില്ലകളിലേക്കും വ്യാപിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. നിലവില്‍ ആക്ടീവായ പകുതി കേസുകളും തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തുടക്കത്തില്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ നമുക്കു കഴിഞ്ഞു. എന്നാല്‍, പുറത്തുനിന്ന് ധാരാളം ആളുകള്‍ വന്നുതുടങ്ങിയതോടെ സ്ഥിതിയില്‍ മാറ്റം വന്നു. ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിലൂടെ ശാരീരിക അകലം പാലിക്കലും മറ്റു സുരക്ഷാമാര്‍ഗങ്ങളും നല്ല രീതിയിലാണ് നടപ്പാക്കിയത്. അതിനും ഇപ്പോള്‍ കുറവു വന്നിരിക്കുന്നു.

ജനപ്രതിനിധികള്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. അവര്‍ കര്‍മനിരതരായി രംഗത്തുണ്ടാകേണ്ട ഘട്ടമാണിത്. എന്നാല്‍, സുരക്ഷാ മുന്‍കരുതലില്‍ വീഴ്ചയുണ്ടാകാന്‍ പാടില്ല. ചില ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ പൊതു ചടങ്ങുകളിലും മറ്റും വേണ്ട അകലം പാലിക്കാതെ പങ്കെടുക്കുന്നുണ്ട്. ഒരാള്‍ ഒരു കുട്ടിയുടെ മുഖത്ത് തൊട്ടുനില്‍ക്കുന്ന ഒരു ചിത്രം കഴിഞ്ഞദിവസം കണ്ടു. റിവേഴ്സ് ക്വാറന്‍റൈനില്‍ കഴിയേണ്ട വയോജനങ്ങളുടെ തൊട്ടടുത്തിരുന്ന് കുശലം പറയുന്ന മറ്റൊരു ദൃശ്യവും കണ്ടു. ഇതൊക്കെ പിന്നീടാകാം എന്നു വെക്കണം. നേരിട്ടു വീടുകളില്‍ ചെന്ന് ചടങ്ങുകളില്‍ പങ്കെടുത്തും മറ്റും സൗഹൃദം പുതുക്കേണ്ട ഘട്ടമല്ല ഇത്. ഇതെല്ലാം ഏറ്റവും ഗൗരവമായി ചിന്തിക്കേണ്ടതും ഇടപെടേണ്ടതും പൊതുപ്രവര്‍ത്തകരാണ്. അവരാണ് മാതൃക കാണിക്കേണ്ടത്.
രോഗവ്യാപനത്തിന്‍റെ സവിശേഷമായ ഘട്ടത്തിലാണ് നാമിപ്പോളുള്ളത്. ആദ്യ ഘട്ടത്തില്‍ രോഗം മറ്റാരിലേക്കും പടരാതെ രോഗികളെ ചികിത്സിച്ചു സുഖപ്പെടുത്താന്‍ നമുക്കു സാധിച്ചു. അത് ജനുവരി അവസാനത്തിലും ഫെബ്രുവരി ആരംഭത്തിലുമായി ഏതാനും ദിവസങ്ങള്‍ മാത്രമേ നീണ്ടിരുന്നുള്ളു. രണ്ടാം ഘട്ടത്തില്‍ രോഗം പടിപടിയായി ഉയര്‍ന്നെങ്കിലും അത് ക്രമാനുഗതമായി കുറച്ചുകൊണ്ടുവരാനും പൂര്‍ണ്ണമായി ഇല്ലാതായി എന്നു പറയാവുന്ന വിധത്തില്‍ തന്നെ രോഗത്തെ അതിജീവിക്കാനും സാധിച്ചു. അത് മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള രണ്ടുമാസക്കാലം നീണ്ടുനിന്നു.

അതിനുശേഷമുള്ള ഈ മൂന്നാം ഘട്ടത്തില്‍  രോഗവ്യാപനത്തിന്‍റെ തോതുതന്നെ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടര മാസത്തോളമായുള്ള കണക്കുകള്‍ വിലയിരുത്തിയാല്‍ ഇതു വ്യക്തമാകും. എന്നാല്‍, ഈ ഘട്ടത്തെയും അതിജീവിക്കാന്‍ നമുക്കു കഴിയും.

ഈയൊരു ഘട്ടത്തില്‍ സര്‍ക്കാരെന്നോ പൊതുസമൂഹമെന്നോ, ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉദ്യോഗസ്ഥരെന്നോ പൊതുജനങ്ങളെന്നോ ഉള്ള വ്യത്യാസമില്ലാതെ നാമെല്ലാവരും ഒന്നിച്ചു നിന്ന്, ഒറ്റക്കെട്ടായി രോഗപ്രതിരോധ നടപടികളുമായി മുന്നോട്ടു പോവുകയാണു വേണ്ടത്. ഇതില്‍ പരമപ്രധാനമായിട്ടുള്ളത് കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുക എന്നതാണ്. അതിലൊരു വിട്ടുവീഴ്ചയുമുണ്ടായിക്കൂടാ. മാസ്ക്ക് ധരിക്കുമെന്നും ശാരീരിക അകലം പാലിക്കുമെന്നും കൈ കഴുകല്‍ ശീലമാക്കുമെന്നും നാമോരോരുത്തരും ദൃഢപ്രതിജ്ഞയെടുക്കണം. കൊവിഡ് പ്രോട്ടോക്കോള്‍ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത് ജീവനും ജീവനോപാധികളും സംരക്ഷിക്കാനാണ്.

അടുത്ത ചിലയാഴ്ചകള്‍ അതീവ പ്രധാനമാണ്. ഇപ്പോള്‍ നാം കാണിക്കുന്ന ജാഗ്രതയുടെ തോതനുസരിച്ചിരിക്കും ഇനിയുള്ള സ്ഥിതിഗതികള്‍ ഉരുത്തിരിയുക. അതായത് നാം തന്നെയാണ് നമ്മുടെ ഭാവി ഏതു തരത്തിലായിരിക്കുമെന്ന് നിശ്ചയിക്കുക. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക എന്നത് ഒരു നിഷ്ഠയാക്കണം. സന്നദ്ധ സേവനം ചെയ്യാന്‍ കഴിയുന്നവരെല്ലാം സമൂഹത്തിന്‍റെയാകെ ആരോഗ്യം ഉറപ്പുവരുത്താനായി മുന്നിട്ടിറങ്ങണം.

അതിജീവനത്തിന്‍റെ ജനകീയ മാതൃക തന്നെ നാം ലോകത്തിനു മുമ്പായവതരിപ്പിച്ചിട്ടുണ്ട്. കൊവിഡിനെതിരായ അതിജീവനം നാം രചിക്കേണ്ടതും ആ ജനകീയ മാതൃകയിലൂന്നിയാണ്. അതില്‍ പങ്കാളികളാകണമെന്നും ക്രിയാത്മകമായ ഇടപെടല്‍ നടത്തണമെന്നും നിങ്ങളോരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു.

മറ്റൊരു പ്രധാന കാര്യം കോവിഡുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നമാണ്. മാധ്യമങ്ങളിലാകട്ടെ സോഷ്യല്‍ മീഡിയയാകട്ടെ, നിരീക്ഷകരെന്ന ലേബലില്‍ വരുന്ന പലരും കോവിഡ് 19മായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നുണ്ട്.

കോവിഡ് 19 ശാസ്ത്രീയമായി പഠിക്കേണ്ട ഒരു വിഷയമാണ്. ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെ നമ്മള്‍ മറി കടക്കേണ്ട ഒരു പ്രതിസന്ധി കൂടിയാണ്. ആ മേഖലയില്‍ വിദഗ്ധ വിദ്യാഭ്യാസവും അനുഭവ സമ്പത്തുമുള്ള വ്യക്തികളാണ് ഇപ്പോള്‍ ഈ പോരാട്ടത്തെ നയിക്കുന്നത്. എന്നാല്‍, ചാനല്‍ ചര്‍ച്ചകളിലും മറ്റും നിരീക്ഷകരായി വരുന്ന, ഈ മേഖലയില്‍ ഒരു വൈദഗ്ധ്യവും ഇല്ലാത്ത പലരും അശാസ്ത്രീയവും അബദ്ധജടിലവുമായ നിരീക്ഷണങ്ങള്‍ ആധികാരികമായി പ്രസ്താവിക്കുമ്പോള്‍ അതു ബാധിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെയാണ്.

ഒന്നുകില്‍ അവര്‍ അതിശയോക്തി കലര്‍ത്തി ഈ അവസ്ഥയെ പെരുപ്പിച്ചു കാണിക്കുന്നു. അല്ലെങ്കില്‍, പ്രശ്നത്തെ ന്യൂനീകരിക്കുന്നു. ഇതു രണ്ടായാലും അപകടമാണ്. അതുകൊണ്ട്, അത്തരം ആളുകള്‍ ധാര്‍മികത മുന്‍നിര്‍ത്തി അവരവര്‍ക്ക് ഗ്രാഹ്യമില്ലാത്ത കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. അതുപോലെ അത്തരം വാദങ്ങള്‍ക്ക് ഇടം നല്‍കുന്ന മാധ്യമങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അഭ്യര്‍ഥിക്കുന്നു.

ഈ വാദങ്ങളുടെ ശാസ്ത്രീയത പരിശോധിക്കാന്‍ പര്യാപ്തരായ ആളുകളെക്കൂടെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാകണം ചര്‍ച്ചകള്‍ നടത്തേണ്ടത്. പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്ന ഇടപെടലുകള്‍ സൃഷ്ടിക്കുന്ന ആഘാതം വലുതായിരിക്കും. അതു താങ്ങാനാവുന്ന ഒരു സാമൂഹ്യ സാഹചര്യമല്ല ഇതെന്ന് എല്ലാരുമോര്‍ക്കണം.

മുസ്ലിം മതനേതാക്കളുടെ യോഗം

ബലിപെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ മുസ്ലിം മതനേതാക്കളുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സു വഴി ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ ഭീഷണി ഗുരുതരമായി വരുന്ന സാഹചര്യം കണക്കിലെടുത്താണ് അവരുമായി ചര്‍ച്ച നടത്തിയത്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. എല്ലാവരും അനുകൂലമായാണ് പ്രതികരിച്ചത്. ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താമെന്ന നിര്‍ദേശം യോഗത്തില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവെച്ചു. ബലിപെരുന്നാളിന്‍റെ ഭാഗമായ ചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ നടത്തകയുള്ളുവെന്ന് അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. നമ്മുടെ ആരോഗ്യത്തിനും ആരോഗ്യസംവിധാനങ്ങള്‍ക്കും മുന്‍ഗണന നല്‍കി ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാമെന്ന ഉറപ്പും യോഗത്തില്‍ പങ്കെടുത്തവര്‍ നല്‍കുകയുണ്ടായി.

പരമാവധി ആഘോഷങ്ങള്‍ ചുരുക്കി നിര്‍ബന്ധിതമായ ചടങ്ങുകള്‍ മാത്രം നിര്‍വഹിക്കുക എന്ന ധാരണയാണ് പൊതുവെ ഉണ്ടായിരിക്കുന്നത്. പെരുന്നാള്‍ നമസ്കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യമേര്‍പ്പെടുത്താമെന്നാണ് ഉയര്‍ന്നുവന്ന അഭിപ്രായം. പൊതുസ്ഥലങ്ങളില്‍ ഈദ്ഗാഹ് ഉണ്ടായിരിക്കുന്നതല്ല. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. പരമാവധി 100 പേര്‍. അതിലധികമാളുകള്‍ പാടില്ലെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. ബലികര്‍മ്മവുമായി ബന്ധപ്പെട്ട് ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനും ധാരണയായിട്ടുണ്ട്.

ടൗണിലെ പള്ളികളില്‍ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനുള്ള ശ്രദ്ധയും ഉണ്ടാകും. നേരത്തെ തുറക്കാതിരുന്ന പള്ളികളില്‍ അതേ നില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശ്രേഷ്ഠപരമെന്നു കരുതുന്ന മതപരമായ ചടങ്ങുകള്‍ സമൂഹത്തിന്‍റെ നډയെ കരുതി ക്രമീകരിക്കാന്‍ ഉയര്‍ന്ന മനസ്സ് കാട്ടിയ എല്ലാവരോടും നന്ദി അറിയിക്കട്ടെ. കോവിഡിന്‍റെ പശ്ചാലത്തില്‍ റമദാന്‍ കാലത്തും ഉയര്‍ത്തിപിടിച്ച നډയുടെ സന്ദേശം ബലിപെരുന്നാള്‍ ഘട്ടത്തിലും പ്രാവര്‍ത്തികമാക്കാന്‍ തയ്യാറാകുന്നത് മാതൃകാപരമാണ്.

കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, സെയ്ദ് ഖലീലുള്‍ ബുഹാരി, പ്രൊഫ. ആലിക്കുട്ടി മുസലിയാര്‍, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മുസലിയാര്‍, ടി.പി. അബ്ദുള്ള കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, എം.ഐ. അബ്ദുള്‍ അസീസ്, ടി.കെ. അഷറഫ്, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, ആരിഫ് ഹാജി, പ്രൊഫ. പി.ഒ.ജെ. ലബ്ബ, സി.പി. കുഞ്ഞുമുഹമ്മദ്, ഇ.പി. അഷ്റഫ് ബാഖവി, മരുത അബ്ദുള്‍ അസീസ് മൗലവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

എല്ലാ ഗ്രാമീണ വീടുകളിലും ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍
സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകളിലും പൈപ്പിലൂടെ ഗുണനിലവാരമുള്ള കുടിവെള്ളം എത്തിക്കുന്നതിനായുള്ള ജലജീവന്‍ മിഷന്‍ വഴി ഈ വര്‍ഷം 21 ലക്ഷം കണക്ഷന്‍ നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് 67.40 ലക്ഷം ഗ്രാമീണ വീടുകളുണ്ട്. ഇതില്‍ 18.30 ലക്ഷം വീടുകള്‍ക്ക് നിലവില്‍ ശുദ്ധജല കണക്ഷന്‍ ഉണ്ട്. ബാക്കിയുള്ള 49.11 ലക്ഷം വീടുകളില്‍ 2024ഓടു കൂടി  കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് ജലജീവന്‍ മിഷന്‍ ലക്ഷ്യമിടുന്നത്.

ജലജീവന്‍ മിഷന്‍ പദ്ധതി വഴി ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകള്‍ക്കുമായി സുസ്ഥിര ജലലഭ്യതയുള്ള ദീര്‍ഘകാല കുടിവെള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി നടപ്പിലാക്കുകയാണ്.

പഞ്ചായത്തുതലത്തിലാണ് പദ്ധതി നിര്‍വഹണം. ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട സ്റ്റാന്‍റിങ് കമ്മിറ്റിയുമായിരിക്കും പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്. ലൈഫ് മിഷന്‍ മാതൃകയില്‍ എംഎല്‍എ ഫണ്ട് ഈ പദ്ധതിക്കായി ചെലവഴിക്കാന്‍ കഴിയും.

പദ്ധതി നടപ്പിലാക്കാനും എല്ലാ ഗ്രാമീണ വീടുകള്‍ക്കും കുടിവെള്ള കണക്ഷന്‍ എന്ന വികസനലക്ഷ്യം സാധ്യമാക്കാനുമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും മുന്നോട്ടുവരേണ്ടതാണ്. ഇന്നു വരെ 332 പഞ്ചായത്ത് ഭരണ സമിതികള്‍ തീരുമാനം എടുത്തിട്ടുണ്ട്. ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

പ്രവേശനം
2020-21 അധ്യയനവര്‍ഷത്തെ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ 2020 ജൂലൈ 29 മുതല്‍ ആരംഭിക്കും. ഇത് ജൂലൈ 24 എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാണ് പ്രവേശന നടപടികള്‍. അപേക്ഷകര്‍ക്ക് സ്വന്തമായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ ആഗസ്ത് 14 വരെ സ്വീകരിക്കും.

സ്കൂളുകളില്‍ അധ്യാപകരെയും അനധ്യാപകരെയും ഉള്‍പ്പെടുത്തി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണത്തോടെയുള്ള ഹെല്‍പ്പ്ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കും. ജൂലൈ 29 മുതല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നതുവരെ ഇതു തുടരും. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്ക് താമസസ്ഥലത്തിനു സമീപത്തുള്ള സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സഹായകേന്ദ്രങ്ങളിലൂടെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

സംശയങ്ങള്‍ ദൂരീകരിക്കാന്‍ ജില്ലാ തലത്തിലും മേഖലാ തലത്തിലും സംസ്ഥാന തലത്തിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ഉണ്ടായിരിക്കും.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍
ജൂലൈ 27ന് ചേരാന്‍ നിശ്ചയിച്ച നിയമസഭയുടെ പ്രത്യേക സമ്മേളനം കോവിഡ് മഹാമാരിയുടെ സ്ഥിതി കൂടുതല്‍ രൂക്ഷമായിവരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

2020-21ലെ ധനകാര്യ ബില്‍ പാസാക്കുന്നതിനാണ് പ്രത്യേക സമ്മേളനം വിളിക്കാന്‍ നേരത്തെ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിയമസഭ ചേരുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പല നിയമസഭാംഗങ്ങളും പ്രായം കൂടിയവരാണ് എന്നതു കൂടി കണക്കിലെടുത്താണ് സമ്മേളനം മാറ്റിവെക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.

ഷീ ലോഡ്ജുകള്‍
വിവിധ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വിശ്രമത്തിനും രാത്രിയില്‍ സുരക്ഷിത താമസത്തിനും സംസ്ഥാനത്ത് ഷീ ലോഡ്ജുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലായിരിക്കും ഷീ ലോഡ്ജുകള്‍ സ്ഥാപിക്കുക. അതിന്‍റെ നടത്തിപ്പ് കുടുംബശ്രീയെയോ മറ്റ് ഏജന്‍സികളെയോ ഏല്‍പ്പിക്കും. ഷീ ലോഡ്ജുകള്‍ക്ക് ആവശ്യമായ കെട്ടിടം നിര്‍മിക്കുന്നതിനും നിലവിലുള്ള കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്നതിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് തുക വകയിരുത്താവുന്നതാണ്. ഷീ ലോഡ്ജുകളുടെ നടത്തിപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ബന്ധപ്പെട്ട ഏജന്‍സിയും തമ്മില്‍ ഉണ്ടാക്കുന്ന കരാറിന്‍റെ അടിസ്ഥാനത്തിലായിരിക്കും.

ഷീ ലോഡ്ജുകളില്‍ കുറഞ്ഞത് എട്ട് കിടക്കയെങ്കിലും ഉണ്ടാകണം. ഡോര്‍മിറ്ററികളോ പ്രത്യേക മുറികളോ ആകാം. ശുചിമുറികള്‍ വൃത്തിയുള്ളതായിരിക്കണം. വൃത്തിയുള്ള അടുക്കള, ശുദ്ധജലം, ടിവി, ഫ്രിഡ്ജ്, വൈഫൈ മുതലായ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. എല്ലാ സ്ഥലവും കവര്‍ ചെയ്യുന്ന സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം.

ജില്ലാതലത്തില്‍ ഷീ ലോഡ്ജിന്‍റെ നടത്തിപ്പിന് ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, തദ്ദേശസ്ഥാപന സെക്രട്ടറി, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കും.

നിലമ്പൂര്‍ താലൂക്കിലെ കവളപ്പാറയില്‍ 2019ലെ ഉരുള്‍പൊട്ടലില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട 67 പേര്‍ക്ക് ഭൂമി വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 4.02 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ഗുണഭോക്താവിന് ആറുലക്ഷം രൂപ ലഭിക്കും.

ആകെയുള്ള 94 ഗുണഭോക്താക്കള്‍ക്കും വീടു നിര്‍മാണത്തിന് 3.76 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചു. ഓരോ ഗുണഭോക്താവിനും നാലുലക്ഷം രൂപയാണ് വീടു നിര്‍മാണത്തിന് അനുവദിക്കുക. ഇതില്‍ 3,04,900 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും  95,100 രൂപ സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നുമാണ് ലഭ്യമാക്കുക.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ 2015-ല്‍ മണല്‍ മാഫിയയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് 2018-ല്‍ സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടിവന്ന സബ് ഇന്‍സ്പെക്ടര്‍ കെ.എം. രാജന്‍റെ മകന്‍ കെ.എം. സന്ദീപിന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ വിഷയം അസാധാരണ കേസായി പരിഗണിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. കണ്ണൂര്‍ പരിയാരം പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്യുമ്പോഴാണ് രാജന് നേരെ ആക്രമണമുണ്ടായത്. അദ്ദേഹം ഇപ്പോഴും കിടപ്പിലാണ്.

ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ എസ്. സുബ്രഹ്മണ്യനെ (2001 ബാച്ച്) സോയില്‍ സര്‍വെ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് ഡയറക്ടറായി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനിച്ചു.

കോവിഡ് ബ്രിഗേഡ്
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതല്‍ ആളുകളുടെ സേവനം ആവശ്യമുണ്ട്. സംയോജിതമായ പ്രവര്‍ത്തനത്തിനുള്ള കര്‍മപദ്ധതിയാണ് തയ്യാറാക്കുന്നത്. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ നാഷണല്‍ ഹെല്‍ത്ത് മിഷനിലുള്‍പ്പെടെ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഇതിനായി നിയോഗിക്കും. അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. അതിനുപുറമെ അവര്‍ക്ക് ലഭിക്കുന്ന വേതനം കാലാനുസൃതമായി നിശ്ചയിക്കും. ആനുപതികമായ വര്‍ധനവ് ഉണ്ടാകും.

കോവിഡ് ബ്രിഗേഡില്‍ ഉള്‍പ്പെടുന്ന എല്ലാ കരാര്‍ ജീവനക്കാര്‍ക്കും പ്രത്യേക ആരോഗ്യ പരിരക്ഷ നല്‍കുന്നുണ്ട്. ഡോക്ടര്‍മാര്‍ മുതല്‍ വളണ്ടിയര്‍മാര്‍ വരെ ഉള്‍പ്പെടുന്ന സേന എന്ന നിലയിലാണ് കോവിഡ് ബ്രിഗേഡിനെ കാണേണ്ടത്. അവര്‍ക്ക് പ്രവര്‍ത്തനത്തിനിടെ രോഗം ബാധിച്ചാല്‍ സൗജന്യ ചികിത്സ നല്‍കും.

പഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പഞ്ചായത്തുകള്‍ തന്നെ താമസസൗകര്യം നല്‍കും. സിഎഫ്എല്‍ടിസികളില്‍ സ്രവം പരിശോധിക്കാനുള്ള ഉപകരണം സ്ഥാപിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കും.

നിലവില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു നല്‍കുന്ന പ്രതിഫലം വര്‍ധിപ്പിക്കും.  ഗ്രേഡ് 4 കാറ്റഗറിയിലുള്ളവര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന 450 രൂപ പ്രതിദിന പ്രതിഫലം 1000 രൂപയാക്കി വര്‍ധിപ്പിക്കും.

കോവിഡ് ബ്രിഗേഡ് എന്ന നിലയിലുള്ള സംവിധാനമാണ് സിഎഫ്എല്‍ടിസി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഈ കോവിഡ് ബ്രിഗേഡില്‍ കൂടുതല്‍ ആളുകളുടെ സഹായവും പങ്കാളിത്തവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ദുരിതാശ്വാസനിധി
സിപിഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ 4,10,000  രൂപ.

കെഎസ്കെടിയു കണ്ണൂര്‍ ജില്ലാ കമ്മിറ്റി 3 ലക്ഷം രൂപ.

അങ്കണവാടി വര്‍ക്കേഴ്സ് ആന്‍റ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ (സിഐടിയു) നീലേശ്വരം, പരപ്പ ബ്ലോക്കുകളിലെ അംഗങ്ങളില്‍ നിന്ന് സമാഹരിച്ച 1,73,350 രൂപ.

സിപിഐ എം പോളയത്തോട് ലോക്കല്‍ കമ്മിറ്റി 1,01,111 രൂപ.

കമലേശ്വരം വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരുവനന്തപുരം 1 ലക്ഷം രൂപ.

നെല്ലൂരിലെ ബ്രദേഴ്സ് കോണ്‍ക്രീറ്റ് പ്രോഡക്റ്റ്സ് ഉടമ പി രാമദാസന്‍ 1 ലക്ഷം രൂപ.

മൊറാഴ കൂവ്വപ്രത്ത് ശ്രീ പൂതിയ ഭഗവതി ക്ഷേത്രം 1,01050 രൂപ

ഉദിനൂര്‍ എയുപി സ്കൂള്‍ അധ്യാപകന്‍ പി.പി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ 76,380 രൂപ.

ചായോത്ത് ശ്രീധരന്‍ മാസ്റ്റര്‍, ഭാര്യ സുമതി ടീച്ചര്‍ എന്നിവര്‍ പെന്‍ഷന്‍ തുകയായ 60,000 രൂപ

സിപിഐ എം പയ്യാക്കോട് ബ്രാഞ്ച് 51,292 രൂപ

കോഴിക്കോട് ജില്ലയിലെ വിലാതപുരത്തെ യുവാക്കളുടെ കൂട്ടായ്മയായ ‘ചെന്താര വിലാതപുരം’ ബിരിയാണി ചലഞ്ചിലൂടെ  സ്വരൂപിച്ച 50,000 രൂപ.

ചെറുവത്തൂര്‍ ശ്രീ മട്ലായി ശിവക്ഷേത്രം 50,000 രൂപ.

ഉദിനൂരിലെ നവദമ്പതികളായ പി അനുപ്, രേഷ്മ എന്നിവര്‍വിവാഹചെലവിനായി കരുതിവച്ച തുകയില്‍ നിന്ന് 50,000 രൂപ.

കയ്യൂര്‍ ശ്രീ ആലിന്‍ കീഴില്‍ ഭഗവതി ക്ഷേത്രവും മുണ്ട്യ വിഷ്ണുമൂര്‍ത്തി ക്ഷേത്രവും ചേര്‍ന്ന് 41,111 രൂപ.

മലബാര്‍ ദേവസ്വം എപ്ലോയീസ് യൂണിയന്‍ (സിഐടിയു) മയ്യില്‍ ഏരിയയിലെ 22ഓളം ക്ഷേത്രങ്ങളിലെ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 33,600 രൂപ.

യങ് ബ്രദേഴ്സ് ക്ലബ്ബ് ചുഴലി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 32,640 രൂപ.

സിപിഐ എം നോര്‍ത്ത് കോട്ടച്ചേരി ബ്രാഞ്ച് ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച 26,870 രൂപ.

കൊടക്കാട് വെള്ളച്ചാല്‍ മുസ്ലീം ജമാ അത്ത് കമ്മിറ്റി 25,000 രൂപ.

കാടങ്കോട് ജിഎഫ്എച്ച്എസ് സ്കൂളില്‍ വിഎച്ച്എസ്ഇ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച അവാര്‍ഡ് തുക 25,000 രൂപ.

പിഎസ്സി എല്‍ഡേഴ്സ് ഫോറം  തിരുവനന്തപുരം 25,000 രൂപ.

ശ്രീ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം 25,000 രൂപ.

എഐവൈഎഫ് ബ്ലാത്തൂര്‍ യുണിറ്റ് 14,256 രൂപ.