ഹരിതകേരളം

ശുചിത്വം-മാലിന്യ സംസ്കരണം, കൃഷി വികസനം, ജലസംരക്ഷണം എന്നീ മൂന്ന് മേഖലകളില്‍ ഊന്നല്‍ നല്‍കുന്ന ബൃഹത്തായ ഇടപെടലാണ് ഹരിത കേരളം കണ്‍സോര്‍ഷ്യം മിഷന്‍വഴി ഉദ്ദേശിക്കുന്നത്. ഇതിനായി മൂന്ന് ഉപമിഷനുകൾ ഉണ്ടാകും.

നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതു വഴി പ്രാദേശിക തലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജല ഉപയോഗ സംസ്കാരം രൂപപ്പെടുത്തുന്നതിലാണ് ജലസംരക്ഷണ ഉപമിഷന്റെ ഊന്നല്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ഒട്ടാകെയുള്ള കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. രണ്ടാംഘട്ടത്തില്‍ നദികള്‍, കായലുകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവയുടെ സംരക്ഷണവും ശുചീകരണവും നടപ്പാക്കും. യുവജനസംഘടനകള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും. ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി തടയുന്നതോടൊപ്പം, ഉറവിട മാലിന്യസംസ്കാര സങ്കേതങ്ങള്‍ ഉപയോഗിച്ച് ജൈവകൃഷിക്ക് അനുയോജ്യമായ പശ്ചാത്തലമൊരുക്കുകയും വീടുകളില്‍ കൃഷി വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് മാലിന്യസംസ്കരണ-കൃഷി വികസന കർമ്മസേനകൾ അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത്. അതോടൊപ്പം ബയോഗ്യാസ് സംവിധാനങ്ങള്‍, തുമ്പൂര്‍മൂഴി മാതൃകയിലുള്ള വികേന്ദ്രീകൃത മാലിന്യസംസ്കാര സംവിധാനങ്ങള്‍, ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, ആശുപത്രി മാലിന്യങ്ങള്‍ തുടങ്ങിയവ സംസ്കരിക്കാനുള്ള സങ്കേതങ്ങള്‍ ലഭ്യമാക്കുക എന്നിവയും ശുചിത്വ-മാലിന്യ സംസ്കരണ ഉപമിഷന്റെ ലക്ഷ്യങ്ങളാണ്. ഉറവിട മാലിന്യ സംസ്കരണത്തോടൊപ്പം തന്നെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരപ്രദേശങ്ങള്‍ക്കായി നൂതന രീതിയിലുള്ള കേന്ദ്രീകൃത സംസ്കരണ സംവിധാനങ്ങളും നടപ്പാക്കും. വീടുകള്‍ തോറുമുള്ള കൃഷി സാധ്യതയ്ക്കു പുറമെ പച്ചക്കറിയിലും മറ്റ് അടിസ്ഥാന കൃഷി ഉല്‍പന്നങ്ങളിലും സ്വയംപര്യാപ്തത നേടാനുതകുന്ന വിധത്തില്‍ പൊതുവായ ഇടപെടലുകളും കൃഷി വികസന ഉപമിഷൻ ലക്ഷ്യമിടുന്നതാണ്.ഇക്കാര്യത്തില്‍ മൂന്ന് ടാസ്ക്ഫോഴ്സുകളും സംസ്ഥാന, ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.

സംസ്ഥാന ഹരിത കേരളം കണ്‍സോര്‍ഷ്യത്തിന്റെ ഘടന:

അധ്യക്ഷന്‍ : മുഖ്യമന്ത്രി

സഹ അധ്യക്ഷര്‍ : തദ്ദേശസ്വയംഭരണം, കൃഷി, ജലവിഭവം മന്ത്രിമാര്‍

ഉപ അധ്യക്ഷന്‍ : എംഎല്‍എമാര്‍/ മുന്‍ മന്ത്രി/ മുന്‍ എംഎല്‍എ/ മുന്‍ എം പി,
സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി

ഉപദേഷ്ടാവ് : സീനിയര്‍ നിലവാരത്തിലുള്ള ഒരു ശാസ്ത്രജ്ഞന്

പ്രത്യേക ക്ഷണിതാവ് : പ്രതിപക്ഷ നേതാവ്

അംഗങ്ങള്‍ : എംഎല്‍എമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യുന്ന
ആസൂത്രണ ബോര്‍ഡിലെ ഒരംഗം, പ്രിന്‍സിപ്പല്‍ സെക്രട്ടറി
(തദ്ദേശസ്വയംഭരണം, ആരോഗ്യം, കൃഷി, ജലവിഭവം, ടൂറിസം, വിദ്യാഭ്യാസം),
സംസ്ഥാനത്തെ മൂന്ന് ടാസ്ക്ഫോഴ്സുകളുടെ ചീഫ് എക്സിക്യുട്ടീവ്

മിഷന്‍ സെക്രട്ടറി : ആസൂത്രണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി