കിഫ്ബി

നാടിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവർക്കുള്ള അടിയന്തര ആശ്വാസവും ഒരുമിച്ചു മുമ്പോട്ട് കൊണ്ടുപോവുക എന്നതാണ് സർക്കാരിന്റെ വികസന നയം. പരിമിതമാണ് നമ്മുടെ ധനശേഷിയെങ്കിലും ആ പരിമിതി ഇതിനു രണ്ടിനും തടസ്സമായിക്കൂടാ എന്ന കാര്യത്തിൽ നിർബന്ധമുണ്ട്. ധനശേഷി ആർജ്ജിച്ചതിനു ശേഷം വികസനം എന്ന് കരുതിയിരുന്നാൽ കേരളം എല്ലാ രംഗങ്ങളിലും പിന്നോട്ടടിക്കപ്പെട്ടുപോകും. ഇതുകൊണ്ടാണ് അടിസ്ഥാനസൗകര്യവികസനത്തിനും മൂലധനനിക്ഷേപത്തിനുമുള്ള കേരള ഇൻഫ്രാസ്റ്റ്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) രൂപീകരിച്ചത്. കിഫ്ബിയുടെ ആദ്യ യോഗം ഇന്നു ചേർന്നു. ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈകൊണ്ടിട്ടുണ്ട്.

കിഫ്ബിയുടെ ഫണ്ട് ശരിയായി വിനിയോഗിക്കുന്നെന്ന് ഉറപ്പുവരുത്തുവാനും നിക്ഷേപക താല്പര്യം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള സ്വതന്ത്ര ഫണ്ട് ട്രസ്റ്റി അഡ്വൈസറി കമ്മീഷന്‍ (FTAC) അദ്ധ്യക്ഷനായി ഇന്ത്യയുടെ മുന്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (CAG) ആയിരുന്ന ശ്രീ. വിനോദ് റായിയെ നിയമിക്കുവാൻ തീരുമാനിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണറായ ശ്രീമതി. ഉഷാ തൊറാട്ട്, നബാര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ശ്രീ. പ്രകാശ് ബക്ഷി എന്നിവരാണ് FTAC അംഗങ്ങള്‍. 2 വര്‍ഷമാണ് കമ്മീഷന്റെ കാലാവധി. അഴിമതിയോ മറ്റു ഗുരുതര ക്രമക്കേടുകളോ കാരണം ശിക്ഷിക്കപ്പെട്ടാല്‍ അല്ലാതെ ബോര്‍ഡിനോ സര്‍ക്കാരിനോ ഇവരെ നീക്കം ചെയ്യുവാന്‍ കഴിയില്ല.

4004.86 കോടി രൂപ അടങ്കലുള്ള 48 പദ്ധതികള്‍ക്ക് ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. 1740.63 കോടി രൂപയാണ് ഈ പദ്ധതികള്‍ക്കായി ആദ്യഗഡു നല്‍കുക. ആദ്യഘട്ട പദ്ധതികള്‍ക്കായി ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട് വഴി 2000 കോടിരൂപ സമാഹരിക്കും. ഇതിനായി SBICAPSനെ ചുമതലപ്പെടുത്തും. തുടര്‍ന്നുള്ള പദ്ധതികള്‍ക്ക് നബാര്‍ഡ് വഴി 4000 കോടിരൂപ സമാഹരിക്കും.

സെബി, റിസർവ് ബാങ്ക് എന്നിവയുടെ അംഗീകാരമുള്ള നൂതന ധനസമാഹരണ സംവിധാനങ്ങളായ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഡെറ്റ് ഫണ്ട്, ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് എന്നിവ രൂപീകരിക്കും. ഇതിലേക്കായി കിഫ്ബിയുടെ കീഴില്‍ ഒരു ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഫണ്ട് മാനേജ്മെന്റ് കോര്‍പ്പററേഷൻ രൂപീകരിക്കും.

KSFEയുമായി സഹകരിച്ച് ധനസമാഹരണത്തിന് NRI ചിട്ടി ആരംഭിക്കുക, ഭൂമി ഏറ്റെടുക്കലിനായി ലാൻഡ് ബോണ്ടുകള്‍ പുറപ്പെടുവിക്കുക എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത ബോര്‍ഡ് യോഗത്തില്‍ ചർച്ച ചെയ്യും.

ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാരുകൾക്ക് വലിയ സാമ്പത്തിക പരിമിതിയാണുള്ളത്, പ്രത്യേകിച്ച് ഫിസ്കൽ റെസ്പോണ്‍സിബിലിറ്റി ആന്റ് ബജറ്റ് മാനേജ് മെന്റ് ആക്ട് നിലവിലുള്ള സാഹചര്യത്തിൽ. ഈ പരിമിതി മറികടക്കാനാണ് കിഫ്ബിയിലൂടെ സർക്കാർ ശ്രമിക്കുന്നത്.