Month: March 2017

മുഖ്യമന്ത്രി അനുശോചിച്ചു

ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എന്‍.എം. നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാമൂതിരി രാജവംശത്തെക്കുറിച്ചും മലബാറിനെക്കുറിച്ചും അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ ചരിത്രപഠനത്തിന് മുതല്‍ക്കൂട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ധനസഹായ വിതരണം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ കരുതല്‍ കഴിഞ്ഞ പത്തുമാസത്തിനകം പ്രകടമായിട്ടുള്ളതാണ്. കഴിഞ്ഞ ജനുവരിയില്‍ നവകേരളയാത്രയുടെ മുന്നോടിയായി ഒരുദിവസം ദുരിതബാധിതരോടോപ്പം ചെലവഴിക്കുകയും ഈമേഖലയിലെ പൊതുപ്രവര്‍ത്തകരുമായി സംവദിക്കുകയും ചെയ്തിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പ്രതിജ്ഞാബദ്ധമാണെന്ന് അന്ന് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടാത്ത 127 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ സര്‍ക്കാര്‍ ഒരു ലക്ഷം രൂപാ വീതം അനുവദിച്ചു. ദുരിതബാധിതര്‍ക്ക് 1000 രൂപ വീതം ഓണത്തിന് സഹായവും നല്‍കി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുളള സര്‍ക്കാറിന്‍റെ സമീപനം വ്യക്തമാക്കിയതാണ്. ദുരിതബാധിതര്‍ക്ക് 10 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക അനുവദിച്ചു.

ആശ്വാസകിരണം പദ്ധതിയും ചികിത്സാ സഹായവും തുടരുകയാണ്. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ചെയര്‍മാനായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുളള സെല്‍ പുനഃസംഘടിപ്പിച്ചിട്ടുണ്ട്. (more…)

സംസ്ഥാനത്ത് സമ്പൂര്‍ണ കായിക നയം നടപ്പിലാക്കും

ലോക നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ സമ്പൂര്‍ണവും പ്രസക്തവുമായ ഒരു കായികനയം സര്‍ക്കാര്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഴുവന്‍ ജനങ്ങളെയും ഭാഗഭാക്കാക്കുന്ന മികച്ച കായിക സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാനുള്ള കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ കായികമേഖലയുടെ ഐകരൂപ്യമായ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട മഹാനാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റ്‌കേണല്‍ ഗോദവര്‍മരാജയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായികരംഗത്തിന്റെ വളര്‍ച്ചയില്‍ കായിക സംഘാടനം ഒഴിച്ചുകൂടാനവാത്തതാണെന്ന് വിശ്വസിച്ച ക്രാന്തദര്‍ശിയാണ് അദ്ദേഹം. ശെശവദശയില്‍ത്തന്നെ കേരളം ഇന്ത്യയിലെ കായികരംഗത്ത് നിര്‍ണായക ശക്തിയായതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹത്തിന്റെ ധിഷണയാണ്. സ്‌പോര്‍ട്‌സിനെ സാധാരണ ജനങ്ങളിലെത്തിക്കാന്‍ വിവിധ പരിപാടികള്‍ക്ക് അദ്ദേഹമാണ് തുടക്കമിട്ടത്. (more…)

സര്‍വീസ് കാലം ജനസേവനത്തിനു വിനിയോഗിക്കണം

ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസിനും യാത്രയയപ്പ് നല്‍കി സിവില്‍ സര്‍വീസ് ദന്തഗോപുര സംവിധാനമാണെന്നു കരുതി ഒറ്റപ്പെട്ടു കഴിയുന്ന നിലയല്ല, സര്‍വീസ് കാലം ജനസേവനത്തിനു വിനിയോഗിക്കണം എന്നു കരുതി പ്രവര്‍ത്തിക്കുകയാണ് ആവശ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിരമിക്കുന്ന ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദും പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെകട്ടറി ഷീല തോമസും അത്തരത്തില്‍ സമര്‍പ്പിത സേവനത്തിലൂടെ എല്ലാവരുടേയും സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങിയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ജനതയുടെ സ്‌നേഹാദരവുകളുടെ മാധുര്യമാണ് ഈ യാത്രയപ്പിനുള്ളത്. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പൊതുധാരണയ്ക്ക് വിരുദ്ധമായി ജനകീയ പ്രശ്‌നങ്ങളില്‍ ഏതൊരു പൊതുപ്രവര്‍ത്തകനുമൊപ്പം, ചിലപ്പോള്‍ അതിലും മേലെയും കരുതല്‍ പുലര്‍ത്താനും ഇടപെടല്‍ നടത്താനും ഇരുവര്‍ക്കും കഴിഞ്ഞു. ശുദ്ധവും പ്രവര്‍ത്തനമികവാര്‍ന്നതുമായ ഒരു സേവനഘട്ടമാണ് ഇരുവര്‍ക്കുമുള്ളത്. (more…)

ഡോ. രാംദാസ് പിഷാരടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലും പ്രമുഖ വൃക്ക രോഗ വിദഗ്ധനുമായ ഡോ. രാംദാസ് പിഷാരടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി രൂപീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച അദ്ദേഹം നല്ലൊരു ഭരണകര്‍ത്താവ് കൂടിയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വികസനത്തില്‍ സുപ്രധാന പങ്ക് വഹിച്ച ഡോ. രാംദാസ് പിഷാരടിയുടെ നിര്യാണം ആരോഗ്യമേഖലയ്ക്ക് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ബധിര-മൂക വിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും

ജഗതി സര്‍ക്കാര്‍ ബധിര വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി ബധിര-മൂക വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്ത കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ സ്ഥാപിച്ച ആദ്യ വിദ്യാലയമായ ജഗതി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ബധിര വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേള്‍വിയും സംസാര ശേഷിയുമില്ലാത്ത ഏകദേശം നാലായിരം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്ക് സാധാരണ കുട്ടികളെപ്പോലെ വിദ്യാഭ്യാസം ചെയ്യാനും വളരാനും ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കും. അന്ധ വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പരിഗണന അനുവദിക്കുന്ന പദ്ധതി ബധിര മൂക വിദ്യാലയങ്ങള്‍ക്കും അനുവദിക്കാനാവുമോയെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 29/03/2017

1. മംഗളം വാര്‍ത്ത: പിഎസ്. ആന്റണി ജുഡീഷ്യല്‍ കമ്മീഷന്‍. റിപ്പോര്‍ട് മൂന്നു മാസത്തിനകം
മംഗളം റ്റീവി ചാനലില്‍ മന്ത്രി എ.കെ. ശശീന്ദ്രന്റേതെന്ന് പറഞ്ഞ് സംപ്രേഷണം ചെയ്ത വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് മുന്‍ ജില്ലാ ജഡ്ജ് പി എസ് ആന്റണിയെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചു. സംപ്രേഷണം ചെയ്ത സംഭാഷണം ഏത് സാഹചര്യത്തില്‍ ഉണ്ടായതാണ്, റെക്കോഡ് ചെയ്ത പ്രസ്തുത സംഭാഷണം പിന്നീട് ദുരുദ്ദേശപരമായി എഡിറ്റ് ചെയ്യുകയോ അതില്‍ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോ, അതിനു പിന്നില്‍ ആരെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്, സംഭാഷണം സംപ്രേഷണം ചെയ്തതില്‍ നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നിവയാണ് അന്വേഷണത്തിന്റെ പരാമര്‍ശ വിഷയങ്ങള്‍. ഇതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അതും കമ്മീഷന് അന്വേഷിക്കാവുന്നതാണ്. കമ്മീഷന്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട് സമര്‍പ്പിക്കണം.

2. നളിനി നെറ്റോ ചീഫ് സെക്രട്ടറി
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എസ്.എം. വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ പി.ഡബ്ല്യൂ.ഡി. അഡിഷണല്‍ ചീഫ് സെക്രട്ടറിയായ സുബ്രതോ ബിശ്വാസിനെ ആഭ്യന്തര – വിജിലന്‍സ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. (more…)

ചിതറിക്കിടക്കുന്ന ആയുര്‍വേദ അറിവുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വേണം

പലയിടത്തായി ചിതറിക്കിടക്കുന്ന ആയുര്‍വേദത്തിന്റെ അറിവുകള്‍ കണ്ടെത്താനും ഉള്‍ക്കൊള്ളാനും ഗൗരവമായ ശ്രമങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ സമാഹരിക്കാനായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരരുന്നു മുഖ്യമന്ത്രി.

പ്രത്യക്ഷത്തില്‍ കാണുന്ന വിദഗ്ധരെക്കാളേറെ സമൂഹത്തിലുണ്ട്. അവരില്‍നിന്ന് അറിയാനും മനസിലാക്കാനും പൂര്‍ണമായി ഉള്‍ക്കൊള്ളാനും അത് ഭാവിയിലേക്ക് ഉപയോഗിക്കാനും തുറന്ന മനസ്സുണ്ടാകണം. വൈദഗ്ധ്യം തേടി നാം പോകണം. രേഖപ്പെടുത്താത്ത പല പരമ്പരാഗത അറിവുകളും നശിച്ചുപോയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയുര്‍വേദത്തിന്റെ പലരേഖകളും സംസ്‌കൃതത്തിലും പഴയ തമിഴിലുമായി കിടക്കുന്നത് ജനങ്ങള്‍ക്ക് മനസിലാകുന്നരീതിയിലുള്ള ഭാഷയിലേക്ക് മാറ്റണം. ഔഷധച്ചെടികളും മരുന്നുകളും മറ്റും ജനങ്ങള്‍ക്ക് അറിയാനും സൗകര്യമുണ്ടാകണം. കളരി, യോഗ എന്നിവ ചേര്‍ത്ത് ‘കളരിയോഗ’ എന്ന പുതിയ സമ്പ്രദായം ആവിഷ്‌കരിച്ചെടുക്കാനും പേറ്റന്റ് എടുക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. (more…)

മുഖ്യമന്ത്രിയുടെ ജനസാന്ത്വന നിധി

മുഖ്യമന്ത്രിയുടെ ജനസാന്ത്വന നിധിയില്‍ നിന്നും സഹായം നല്‍കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള സമയ പരിധി മാര്‍ച്ച് 31 ന് അവസാനിക്കും എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാര്‍ ഇതുവരെയും കാലപരിധി നിശ്ചയിച്ചിട്ടില്ലെന്നും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

ജനസാന്ത്വന നിധിയിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതു ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വ്യക്തമാക്കി ഏപ്രില്‍ നാലിന് സ.ഉ (സാധാ) നം.1/2017/ധന ഉത്തരവ് പ്രകാരം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ പദ്ധതി മെയ് മാസത്തോടുകൂടി മാത്രമേ സംസ്ഥാനത്ത് പൂര്‍ണതോതില്‍ നടപ്പിലാക്കുവാന്‍ കഴിയുകയുളളു. ഇതുമായി ബന്ധപ്പെട്ടിട്ടുളള ധനസഹായത്തിന്റെ തോത്, പദ്ധതിയുടെ വ്യാപ്തി ഉള്‍പ്പെടെയുളള ചട്ടങ്ങള്‍ പുന:ക്രമീകരിക്കുന്നതിനും ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ സംവിധാനം തയ്യാറാക്കുന്നതിനുമുളള നടപടികള്‍ ധനകാര്യ വകുപ്പ് പൂര്‍ത്തീകരിച്ചു വരുന്നതേ ഉള്ളു. (more…)