Month: May 2017

എല്‍പിജി ടെര്‍മിനല്‍: നാട്ടുകാര്‍ സഹകരിക്കണം

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എറണാകുളം പുതുവൈപ്പിനില്‍ സ്ഥാപിക്കുന്ന പാചകവാതക സംഭരണ ടെര്‍മിനലിനെതിരായ സമരത്തില്‍ നിന്ന് പൊതുതാത്പര്യം മുന്‍നിര്‍ത്തി ദേശവാസികള്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. അതേസമയം, സുരക്ഷിതത്വം സംബന്ധിച്ച് നാട്ടുകാര്‍ക്കുള്ള ആശങ്ക പൂര്‍ണ്ണമായും പരിഹരിക്കാനുളള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഐഒസിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഐഒസിയുടെ സജ്ജീകരണങ്ങള്‍ സുരക്ഷ ഉറപ്പാക്കാന്‍ പര്യാപ്തമാണോയെന്ന് വിലയിരുത്താന്‍ ജില്ലാ കളക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

സ്‌റ്റോറേജ് ടെര്‍മിനല്‍ കേരളത്തിന് അത്യാവശ്യമായ പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുമായി ഐഒസി ഒരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞു. പദ്ധതി നടപ്പാക്കാമെന്ന് ഗ്രീന്‍ ട്രിബ്യൂണലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാവിധത്തിലുള്ള സുരക്ഷാനടപടികളും ഐഒസി സ്വീകരിക്കണം. ഐഒസി പൊതുസ്ഥാപനമാണെന്നും സ്വകാര്യ സംരംഭങ്ങളെപ്പോലെ അതിനെ കണക്കാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

കാനാമ്പുഴ അതിജീവനം ഹരിതകേരള സപ്ലിമെന്റ് പ്രകാശനം ചെയ്തു

കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലെ നശിച്ചുകൊണ്ടിരിക്കുന്ന കാനാമ്പുഴ വീണ്ടെടുക്കല്‍ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കാനാമ്പുഴ അതിജീവനം ഹരിതകേരള സപ്ലിമെന്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സും കാര്‍ഷിക മേഖലയുടെ ജീവനാഡിയുമായിരുന്നു കാനാമ്പുഴ. കാനാമ്പുഴയുടെ തീരം എന്നര്‍ത്ഥം വരുന്ന കാനനൂര് ലോപിച്ചാണ് കണ്ണൂര്‍ എന്ന പേരുണ്ടായത്. കണ്ണൂരിന്റെ സ്ഥലനാമവുമായി ബന്ധമുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ കാനാമ്പുഴ മാച്ചേരി മുതല്‍ ചേലോറ എളയാവൂര്‍ വയല്‍ വരെ പത്തുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കാടുപടര്‍ന്നും മാലിന്യ നിക്ഷേപം മൂലവും നാശത്തിന്റെ വക്കിലാണ്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 10/05/2017

ആര്‍ദ്രം മിഷന്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 680 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതില്‍ 340 തസ്തികകള്‍ രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്സിന്‍റേതാണ്. കൂടാതെ അസിസ്റ്റന്‍റ് സര്‍ജന്‍, രണ്ടാം ഗ്രേഡ് ലാബ് ടെക്നീഷ്യന്‍ എന്നീ വിഭാഗങ്ങളില്‍ 170 വീതം തസ്തികകള്‍ വരും.

ആലപ്പുഴ ഡ്രഗ്സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിലെ വര്‍ക്കര്‍ തസ്തികയിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

കോട്ടയത്തെ കാലാവസ്ഥാവ്യതിയാന കേന്ദ്രത്തില്‍ 12 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

തൃശ്ശൂര്‍ നഗരസഭയുടെ വൈദ്യുതി വിഭാഗത്തിലെ വര്‍ക്ക്മെന്‍, ഓഫീസര്‍ വിഭാഗങ്ങളില്‍ ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. (more…)

സാമൂതിരിയും കുടുംബാംഗങ്ങളും നിയമസഭയിലെത്തി സന്ദര്‍ശിച്ചു

കോഴിക്കോട് സാമൂതിരി കെ.സി.യു. രാജ കുടുംബാംഗങ്ങളോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയിലെ ഓഫീസില്‍ സന്ദര്‍ശിച്ചു. സാമൂതിരി കുടുംബത്തിലെ പിന്‍മുറക്കാരെ മുഖ്യമന്ത്രി നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു. ജനങ്ങളുടെ ഭരണാധികാരിയെ സന്ദര്‍ശിച്ച് അഭിവാദ്യമര്‍പ്പിക്കുക മാത്രമാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമെന്ന് സാമൂതിരി പറഞ്ഞു.

ഏതു സന്ദിഗ്ധ ഘട്ടത്തിലും അചഞ്ചലമായി നില്‍ക്കുകയും നിലപാടുകള്‍ കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യുന്നതില്‍ മുഖ്യമന്ത്രിയെ സാമൂതിരി അഭിനന്ദിച്ചു. സര്‍ക്കാരിന്റെ പരിസ്ഥിതി സൗഹൃദ നിലപാടിനു ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മഷിപ്പേനയും കോഴിക്കോടിന്റെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകങ്ങളും അദ്ദേഹം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

മലബാറിലെ 45ഓളം ക്ഷേത്രങ്ങളുടെ ട്രസ്റ്റി ഇപ്പോഴും സാമൂതിരി രാജയാണ്. ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമ്പോഴും ഈ ട്രസ്റ്റിഷിപ്പ് നിലനിര്‍ത്തണമെന്ന് കെ.സി.യു രാജ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ട്രസ്റ്റിഷിപ്പില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അദ്ദേഹത്തിന് ഉറപ്പു നല്‍കി. (more…)

പൊതുവിദ്യാഭ്യാസം പുത്തനുണര്‍വിലേക്ക്

സമൂഹത്തിന്‍റെ വിമോചനശക്തിയത്രേ വിദ്യാഭ്യാസം. ഉള്‍ക്കാമ്പുള്ള ഒരു സമൂഹനിര്‍മിതിക്കായി വിദ്യാഭ്യാസമേഖലയില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ സംസ്ഥാനത്ത് നിലവില്‍ ലഭ്യമായ പ്രതിഭയും ശേഷിയും പരമാവധി പ്രയോജനപ്പെടുത്തണമെങ്കില്‍ പൊതുവിദ്യഭ്യാസത്തിന്‍റെ പുനരുജ്ജീവനം സാധ്യമാവണമെന്ന് ഗവണ്മെന്റ് വിശ്വസിക്കുന്നു. ഈ മേഖലയില്‍ സമൂലമായ പരിഷ്കരണത്തിന് LDF സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു.

പൊതുവിദ്യാഭ്യാസസംരക്ഷണം

നിലവാരമുള്ള വിദ്യാഭ്യാസം ഏവര്‍ക്കും പ്രാപ്യവും താങ്ങാവുന്നതുമാക്കാന്‍ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിച്ച് ശക്തിപ്പെടുത്തണം. ഇതിനായി ഒരു പ്രസ്ഥാനത്തിനുതന്നെ ഗവണ്മെന്റ് രൂപം നല്‍കുകയും പൊതുവിദ്യാഭ്യാസത്തിന്റെ പുനരുജ്ജീവനത്തിനായി പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന്‍റെ ഉദാഹരണമാണ് കോഴിക്കോട് മലാപറമ്പ് യു പി സ്കൂള്‍ ഏറ്റെടുത്തത്. അനുകൂലമായ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാനേജ്‌മന്റ്‌, സ്കൂള്‍ അടച്ചുപൂട്ടാനുള്ള നടപടികളുമായി മുന്നോട്ടുനീങ്ങി. ഭാവി അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികള്‍ക്ക് താത്കാലിക സംവിധാനത്തിലേക്ക് മാറേണ്ടതായും വന്നു. (more…)

പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പരിസ്ഥിതിസാക്ഷരതാ പദ്ധതിയുടെ ഭാഗമായ പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ സര്‍വേ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജോ. സി. കത്തിലാങ്കല്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ എസ്. പി ഹരിഹരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുത്തു.

കേരളത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കും സഹായകമാകുന്ന തരത്തിലാണ് പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. നിത്യജീവിതവുമായി ബന്ധപ്പെട്ട പരിസ്ഥിതി വിഷയങ്ങളില്‍ ജനങ്ങളുടെ പ്രാഥമികമായ അറിവും അവബോധവും നേരില്‍ കണ്ടറിഞ്ഞ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. കൃഷി, മാലിന്യം, മലിനീകരണം, ആരോഗ്യം, കുടിവെള്ളം, ജലസംരക്ഷണം, ഔഷധ സസ്യങ്ങള്‍, ജൈവകൃഷി, പ്രകൃതി സംരക്ഷണം തുടങ്ങി 24 വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച കണ്ടെത്തലുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. (more…)

ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം ജില്ലയിലെ പേപ്പാറ ഡാമിനടുത്ത് വനം വകുപ്പിന്റെ അധീനതയിലുളള ഭൂമിയില്‍ അക്കേഷ്യ ഉള്‍പ്പെടെയുളള ജലം ഊറ്റുന്ന മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നുണ്ടെന്ന പരാതി സംബന്ധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പരാതി ശരിയാണെങ്കില്‍ ഇത്തരം മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത് ഉടന്‍ നിര്‍ത്തിവെക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മന്ത്രിസഭാ തീരുമാനങ്ങള്‍ 03/05/2017

തോട്ടണ്ടി ഇറക്കുമതിക്ക് പ്രത്യേക കമ്പനി

വിദേശത്തുനിന്ന് തോട്ടണ്ടി നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനും സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്നതിനും പ്രത്യേക കമ്പനി (സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. ആവശ്യമെങ്കില്‍ കശുവണ്ടി പരിപ്പ് വിപണനത്തിലും കമ്പനിക്ക് ഏര്‍പ്പെടാം.

മൂന്നുലക്ഷം സ്ത്രീകള്‍ പണിയെടുക്കുന്ന കശുവണ്ടി മേഖല തോട്ടണ്ടിയുടെ ദൗര്‍ലഭ്യം മൂലം പ്രതിസന്ധി നേരിടുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. കേരളത്തിലെ ഫാക്റ്ററികള്‍ പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കാന്‍ ആറ് ലക്ഷം ടണ്‍ തോട്ടണ്ടി വേണം. എന്നാല്‍ കേരളത്തിലെ ഉല്പാദനം 80000 ടണ്‍ മാത്രമാണ്. ഇപ്പോള്‍ കശുവണ്ടി വികസന കോര്‍പറേഷനും കാപ്പെക്സും റ്റെണ്ടര്‍ വിളിച്ച് ഇടനിലക്കാര്‍ വഴിയാണ് കശുവണ്ടി വാങ്ങുന്നത്. (more…)