Month: November 2019

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തീയതി: 21-11-2019

 ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക് നിരോധനം

ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.


ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക- ആരോഗ്യപ്രശ്നമായി വളര്‍ന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.


പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ); ടേബിളില്‍ വിരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്സ്; കൂളിംഗ് ഫിലിം; പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മോക്കോള്‍, സ്റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കള്‍; ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍; പ്ലേറ്റുകള്‍; സ്പൂണുകള്‍; ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍; പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ കപ്പുകള്‍; പ്ലേറ്റുകള്‍; ബൗള്‍; നോണ്‍ വൂവണ്‍ ബാഗുകള്‍; പ്ലാസ്റ്റിക് ഫ്ളാഗുകള്‍; പ്ലാസ്റ്റിക് ബണ്ടിംഗ്; പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്; പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍; കുടിക്കാനുള്ള പെറ്റ് ബോട്ടിലുകള്‍  (300 മില്ലിക്ക് താഴെ); പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്; പി.വി.സി ഫ്ളക്സ് മെറ്റീരിയല്‍സ്; പ്ലാസ്റ്റിക് പാക്കറ്റ്സ് എന്നിവയാണ് നിരോധിച്ചത്.


നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കര്‍ശനമായി നടപടികള്‍ സ്വീകരിക്കും. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്ര ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്. നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ മൊത്തവിതരണക്കാര്‍ ചെറുകിടവില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. രണ്ടാമതും നിയമം ലംഘിക്കുകയാണെങ്കില്‍ 25,000 രൂപയാണ് പിഴ. തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴയീടാക്കുന്നതും സ്ഥാപനത്തന്‍റെ പ്രവര്‍ത്താനുമതി റദ്ദാക്കുന്നതുമാണ്. തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ഇതിന് അധികാരം നല്‍കിയിട്ടുണ്ട്.


എക്സറ്റന്‍റഡ് പ്രൊഡ്യൂസേര്‍സ് റെസ്പോണ്‍സിബിലിറ്റി പ്ലാന്‍ പ്രകാരം വില്‍പ്പന നടത്തുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചുവാങ്ങി പണം നല്‍കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍, കേരഫെഡ്, മില്‍മ, കേരള വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.


കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഖരമാലിന്യ മാനേജ്മെന്‍റ് ചട്ട പ്രകാരം വ്യവസായ പാര്‍ക്കുകളിലെ 5 ശതമാനം ഭൂമി മാലിന്യ സംസ്കരണത്തിനും പുനഃചംക്രമണത്തിനുമായി മാറ്റിവെക്കണം. ഇത് കര്‍ശനമായി നടപ്പാക്കാനും തീരുമാനിച്ചു.


പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദ ബാഗുകള്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകളെ വ്യവസായ വകുപ്പ് പ്രോത്സാഹിപ്പിക്കും.


കയറ്റുമതിക്കായി നിര്‍മിച്ചിട്ടുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യപരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിന്നും നിര്‍മ്മിച്ച വസ്തുക്കള്‍ (ഐ.എസ് അല്ലെങ്കില്‍ ഐ.എസ്.ഒ 17088: 2008 ലേബല്‍ പതിച്ചത്). എന്നിവ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സാങ്കേതിക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഫ്ളക്സ് ബോര്‍ഡുകളുടെ ഉപയോഗം സംസ്ഥാനത്ത് നരത്തെ തന്നെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും നിരോധനം മൂലം പ്ലാസ്റ്റിക് ഉപയോഗത്തില്‍ ഏകദേശം 70 ശതമാനം കുറവുണ്ടായി എന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.


കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം

സംസ്ഥാനത്ത് നൂതന മെഡിക്കല്‍ സാങ്കേതികവിദ്യയും ആരോഗ്യ പരിപാലന പ്രതിവിധികളും വികസിപ്പിക്കുന്നതിനും ഈ രംഗത്ത് ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.  വൈദ്യശാസ്ത്ര സംബന്ധമായ സാങ്കേതിക വിദ്യയുടെയും ആധുനിക ഉപകരണങ്ങളുടെയും കേന്ദ്രമായി കേരളത്തെ മാറ്റുന്നതിന് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് കെ.എം.ടി.സി. രൂപീകരണത്തിന്‍റെ ലക്ഷ്യം.


കെ.എം.ടി.സിയുടെ ഉപദേശകനും സ്പെഷ്യല്‍ ഓഫീസറുമായി കുസാറ്റ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്തിനെ നിയമിക്കാന്‍ തീരുമാനിച്ചു.


കേരള ഡവലപ്മെന്‍റ് ആന്‍റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) മുന്നോട്ടുവെച്ച പരിപാടിയാണ് മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം.


അന്താരാഷ്ട്ര വിപണിയില്‍ മത്സരക്ഷമതയുള്ള മുന്‍നിര മെഡിക്കല്‍ സാങ്കേതിക വിദ്യകളും ആരോഗ്യപരിപാലന പ്രതിവിധികളും വികസിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്നതിനുമുള്ള സൗകര്യം സംരംഭകര്‍ക്കും കമ്പനികള്‍ക്കും കണ്‍സോര്‍ഷ്യം ഒരുക്കികൊടുക്കും. വ്യാപാര സാധ്യത കുറഞ്ഞതും എന്നാല്‍ സാമൂഹിക പ്രസക്തിയുള്ളതുമായ ക്ലിനിക്കല്‍ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഗവേഷണങ്ങള്‍ക്ക് കണ്‍സോര്‍ഷ്യം പിന്തുണ നല്‍കും. മെഡിക്കല്‍ സാങ്കേതിക രംഗത്തെ വ്യവസായ പ്രമുഖരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഉതകുന്ന വിദഗ്ധ തൊഴില്‍സേനയെ വളര്‍ത്തിയെടുക്കുക എന്നതും കണ്‍സോര്‍ഷ്യത്തിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.


വൈദ്യശാസ്ത്ര ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി, കുസാറ്റ്, കേരള ആരോഗ്യ സര്‍വകലാശാല മുതലായ സ്ഥാപനങ്ങളുടെ സഹകരണവും പ്രാദേശിക വ്യവസായ സ്ഥാപനങ്ങളുടെ പിന്തുണയും ഉപയോഗിച്ച് കേരളത്തില്‍ ലോകനിലവാരത്തിലുള്ള മെഡിക്കല്‍ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള സൗകര്യം കെ.എം.ടി.സി ഒരുക്കുന്നതാണ്. ഇന്നവേഷന്‍ പാര്‍ക്ക്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ എഞ്ചിനിയറിംഗ് ആന്‍റ് ടെക്നോളജി, സെന്‍റേഴ്സ് ഫോര്‍ ഇന്‍റര്‍ ഡിസ്പ്ലിനറി റിസര്‍ച്ച് ആന്‍റ് ഇന്നവേഷന്‍, മെഡിക്കല്‍ ടെക്നോളജി മാര്‍ക്കറ്റ് പ്ലെയ്സ് എന്നിവ സ്ഥാപിക്കാനും കെ.എം.ടി.സി ഉദ്ദേശിക്കുന്നു.


വാളയാര്‍: ജുഡീഷ്യല്‍ അന്വേഷണം

വാളയാര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ 13 വയസ്സും 9 വയസ്സുമുള്ള പെണ്‍കുട്ടികളുടെ അസ്വാഭാവിക മരണം സംബന്ധിച്ച കേസിന്‍റെ അന്വേഷണത്തിലോ പ്രോസിക്യൂഷന്‍ ഘട്ടത്തിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജൂഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. റിട്ട ജില്ലാ ജഡ്ജിയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനുമായ പി.കെ. ഹനീഫയെ അന്വേഷണ കമ്മീഷനായി നിയമിക്കും.


അന്വേഷണത്തിലോ പ്രോസിക്യൂഷനിലോ ഇവ രണ്ടിലുമോ ഏതെങ്കിലും  വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ക്കെതിരെ എടുക്കേണ്ട നടപടികളെ കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയെന്നത്  കമ്മീഷന്‍റെ പരിഗണനാ വിഷയമാണ്. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചുള്ള ശുപാര്‍ശകളും കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടും.


നിയമനങ്ങള്‍ / മാറ്റങ്ങൾ

കേരള വാട്ടര്‍ അതോറിറ്റി എം.ഡി. എം. കൗശിഗനെ ലാന്‍റ് ബോര്‍ഡ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അധിക ചുതമല കൂടി ഇദ്ദേഹം വഹിക്കും.


ജലവിഭവ സെക്രട്ടറി ഡോ. ബി. അശോകിന് കേരള വാട്ടര്‍ അതോറിറ്റി എം.ഡി.യുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.


കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടര്‍ രാജമാണിക്യത്തിന് കെ.എസ്.ഐ.ഡി.സി  എം.ഡി.യുടെ അധിക ചുമതല നല്‍കും.


യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജരായ പി.എസ്. രാജനെ കേരള ബാങ്ക് സി.ഇ.ഒ ആയി നിയമിക്കാന്‍ തീരുമാനിച്ചു.


ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ട്രഡീഷണല്‍ നോളജ് ഇന്നവേഷന്‍ കേരളയില്‍ 8 താല്‍ക്കാലിക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കാന്‍ തീരുമാനിച്ചു.


ഹൈക്കോടതി സ്പെഷ്യല്‍ ഗവ. പ്ലീഡര്‍  സി.എം. നാസറിന്‍റെ നിയമന കാലാവധി 14-11-2019 മുതല്‍ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചു.


സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച് ധനകാര്യ വകുപ്പ് 2016-ല്‍ പുറപ്പെടുവിച്ച ഉത്തരവിന്‍റെ ആനുകൂല്യം കെ.ടി.ഡി.സിയിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് ബാധകമാക്കാന്‍ തീരുമാനിച്ചു.


കേരള കെട്ടിട നിര്‍മാണ തൊഴിലാളി ബോര്‍ഡിന്‍റെ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഒരു അഡീഷണല്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.


തലായില്‍ ഫിംഗര്‍ ജെട്ടിക്ക് ഭരണാനുമതി

തലശ്ശേരി തലായ് മത്സ്യബന്ധന തുറമുഖത്തിന്‍റെ സമീപത്തുള്ള ചാലില്‍ ഗോപാലപ്പേട്ട ഭാഗത്ത് ഫിംഗര്‍ ജെട്ടി നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.  ഗോപാലപ്പേട്ട പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ സുരക്ഷിതമായി അടുപ്പിക്കുന്നതിനാണ് ജെട്ടി നിര്‍മിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറിന്‍റെ ഭാഗമാണ് ഈ ഘടകം. ഫിംഗര്‍ ജെട്ടിക്ക് 5.23 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.


താഴെ പറയുന്നവരെ വിവിധ ജില്ലകളില്‍ ഗവ. പ്ലീഡര്‍ ആന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചു

കാസര്‍കോട് – കെ. ദിനേശ്കുമാര്‍ (കാഞ്ഞങ്ങാട്)
വയനാട് – ജോസഫ് മാത്യൂ (കാലാവധി നീട്ടി നല്‍കി)
പാലക്കാട് – പി. അനില്‍ (കല്‍പ്പാത്തി)
തിരുവനന്തപുരം – എ. അബ്ദുള്‍ ഹക്കീം (വെമ്പായം)


അബ്കാരി ക്ഷേമനിധി പരിധിയില്‍ ലേബലിങ് തൊഴിലാളികളും

അബ്കാരി തൊഴിലാളി ക്ഷേമനിധി നിയമത്തില്‍  അബ്കാരി തൊഴിലാളികളുടെ നിര്‍വചനത്തില്‍ ലേബലിങ് തൊഴിലാളികളെയും ഉള്‍പ്പെടുത്തുന്നതിനുള്ള ഭേദഗതിബില്ലിന് അംഗീകാരം നല്‍കി.  ബില്‍ നിയമമാകുന്നതോടെ  ലേബലിങ് തൊഴിലാളികള്‍ക്കും ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കും.


അംശദായത്തിനു പുറമെ തൊഴിലുടമകള അടയ്ക്കേണ്ട ഗ്രാറ്റുവിറ്റി വിഹിതം തൊഴിലാളികളുടെ വേതനത്തിന്‍റെ അഞ്ചു ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി ഉയര്‍ത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

 

/ In Cabinet Decisions / By CM WEB / Comments Off on മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തീയതി: 21-11-2019

അസാധ്യമായത് സാധ്യമാക്കി സര്‍ക്കാര്‍, പവര്‍ ഹൈവേ നാടിന് സമര്‍പ്പിച്ചു

സാധ്യമാകില്ലെന്ന് കരുതിയ ഒരു പദ്ധതി കൂടി സംസ്ഥാനത്ത് യാഥാർഥ്യമായിരിക്കുകയാണ്. ഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ പദ്ധതിയാണ് യാഥാർഥ്യമായത് . അടൂരിൽ നടന്ന ചടങ്ങിൽ ഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈനിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.


കേരളത്തിന്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാര്‍ഷിക വ്യാവസായിക രംഗത്തും വന്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുന്ന ചരിത്ര മുഹൂര്‍ത്തം കൂടിയാണ് ഈ പദ്ധതിയുടെ പൂര്‍ത്തീകരണം. സ്ഥലമുടമകളുടെ ശക്തമായ പ്രതിഷേധങ്ങൾ മൂലം ദീര്‍ഘകാലം മുടങ്ങിക്കിടന്ന പദ്ധതി, ഉപേക്ഷിക്കാ൯ തന്നെ ഒരു ഘട്ടത്തിൽ പവര്‍ഗ്രിഡ്‌ കോര്‍പറേഷന്‍ തീരുമാനിച്ചതാണ്. ആകര്‍ഷകമായ നഷ്ട പരിഹാര പാക്കേജ് അനുവദിക്കുകയും പദ്ധതിപ്രവർത്തനങ്ങളിൽ സർക്കാർ നിരന്തരം ശക്തമായി ഇടപെടുകയും ചെയ്തതാണ് ഈ സര്‍ക്കാര്‍ ഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ പദ്ധതിയെ വിജയപഥത്തിൽ എത്തിച്ചത്.


പദ്ധതി യാഥാർഥ്യമാകാൻ സർക്കാർ സ്വീകരിച്ച നടപടികൾ

ഒരു ഘട്ടത്തിൽ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഉപേക്ഷിക്കാൻ പോലും ആലോചിച്ച പദ്ധതിയ്ക്ക് കൃത്യമായ ഇടപെടലിലൂടെയാണ് സർക്കാർ ജീവൻ നൽകിയത്.


മുഖ്യമന്ത്രിയുടേയും വകുപ്പ് മന്ത്രിയുടേയും നേത‍ൃത്വത്തില്‍ അവലോക യോഗങ്ങളും മേല്‍നോട്ടവും


ജനപ്രതിനിധികളെ കൂടി ഇടപെടുത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടു


പദ്ധതി പൂർത്തീകരിക്കും വരെ ചീഫ് സെക്രട്ടറിയുടെ നേത്രത്വത്തിൽ ഉന്നതതല ഉദ്യോഗസ്ഥ സംഘത്തിന്റെ നിരീക്ഷണം .


സ്ഥലമേറ്റടുക്കലുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന കേസുകൾ കോടതിക്ക് പുറത്ത് പോലും തീർപ്പാക്കി കോടതിയുടെ അംഗീകാരം നേടി.


നഷ്ട പരിഹാരം നിര്‍ണ്ണയിക്കുന്നതിനുള്ള സ്ഥലവില ഫെയ൪ വാല്യുവിന്‍റെ അഞ്ചിരട്ടിയായി നിശ്ചയിച്ചു.


46 മീ. വീതിയിലുള്ള സ്ഥലത്തെ വെട്ടിമാറ്റേണ്ടി വന്ന മുഴുവ൯ വൃക്ഷങ്ങള്‍ക്കുംവിളകള്‍ക്കും നഷ്ട പരിഹാരം നല്‍കുകയും 16 മീ. വീതിയിലുള്ള ലൈന്‍ ഇടനാഴിക്ക് പ്രത്യേക നഷ്ട പരിഹാരം അനുവദിക്കുകയും ചെയ്തു.
സ്ഥലമേറ്റെടുക്കാതെ ഉടമസ്ഥാവകാശം കക്ഷികള്‍ക്ക് തന്നെ നിലനിര്‍ത്തിയാണ് നഷ്ടപരിഹാരം നല്‍കിയത്.


ലൈനിനടിയില്‍ വരുന്ന 340 ല്‍പ്പരം വീടുകള്‍ക്ക് ഒരു ലക്ഷം രൂപാ വീതം അധികമായി അനുവദിച്ചു.


ലൈന്‍ റൂട്ടിലെ റബ്ബർ മരങ്ങൾ വെട്ടുന്നത് പരമാവധി കുറയ്ക്കുന്നതിന് ഉയരം കൂടിയടവറുകളാണ് ഉപയോഗിച്ചത്.


വൈദ്യുതി തടസ്സം പരമാവധി കുറച്ചാണ് 15 എക്സ്ട്രാ ഹൈടെന്‍ഷ൯ ലൈനുകള്‍ക്ക് മുകളിലൂടെ ഈ ലൈന്‍ വലിച്ചിട്ടുള്ളത്.


പദ്ധതിയെക്കുറിച്ച് ജനങ്ങളിലുണ്ടായിരുന്ന ആശങ്കകൾ അകറ്റുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കെ.എസ്.ഇ.ബി.യില്‍ ഒരു സ്പെഷ്യല്‍ടാസ്ക്ഫോര്‍സ് രൂപീകരിച്ചു.


നഷ്ടപരിഹാര നിര്‍ണ്ണയവും വിതരണവും വേഗത്തിലാക്കുന്നതിനായി നാല് ജില്ലകളിലും പ്രത്യേക തഹസില്‍ദാർ ഓഫീസുകള്‍ സ്ഥാപിക്കുകയും ചെയ്തു.


ഉന്നതതലത്തില്‍ മാസംതോറും നടത്തിയ അവലോകന യോഗങ്ങളും പ്രതിസന്ധി ഘട്ടങ്ങളിലെ അവസരോചിത ഇടപെടലുകളും പദ്ധതിയെ സമയബന്ധിതമായി പൂര്‍ത്തിയാക്കാ൯ സഹായിച്ചു.


പദ്ധതി പൂര്‍ത്തീകരണത്തിനായി കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലായി 256 കോടി രൂപയുടെ പുനരധിവാസപാക്കേജിന് രൂപം നല്‍കി.


എന്താണ് ഇടമണ്‍-കൊച്ചി 400 കെ.വി. ട്രാന്‍സ്മിഷ൯ ലൈ൯
ഇടമൺ – കൊച്ചി 400കെ.വി. ലൈന്‍ ( 148.3കി.മീ.) പൂര്‍ത്തിയായതോടെ കേരളത്തിന്‍റെ വൈദ്യുതി മേഖലയിൽ വലിയ മാറ്റമുണ്ടാക്കുന്ന തിരുനെല്‍വേലി-കൊച്ചി- ഉദുമല്‍പ്പെട്ട് 400 കെ.വി. പവര്‍ ഹൈവേ (437കി.മീ.) യാഥാ൪ത്ഥ്യമായിരിക്കുന്നു. 2000 മെഗാവാട്ട് പ്രസരണ ശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോള്‍ പ്രസരണമേഖലകളില്‍ ശരാശരി രണ്ട് കെ വി വോള്‍ട്ടേജ് വര്‍ധനവ് സാധ്യമായി. പരമാവധി ശേഷിയില്‍ വൈദ്യുതി എത്തിച്ചിരുന്ന ഉദുമല്‍പെട്ട്-പാലക്കാട്, മൈസൂര്‍-അരീക്കോട് എന്നീ അന്തര്‍സംസ്ഥാന ലൈനുകളിൽ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു. 2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തിൽ നിന്നും കേരളത്തിന്‍റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണ നഷ്ടം കുറച്ചു സംസ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ഈ ലൈനിലൂടെ 2019 സെപ്തംബര്‍ 25 നാണ് വൈദ്യുതി പ്രവഹിപ്പിച്ചു തുടങ്ങിയത്. ഈ ലൈൻ പൂര്‍ത്തിയായതോടെ 400കെ.വി.യുടെ പ്രസരണ ശൃംഖല വഴി ഇന്ത്യയിൽ എവിടെ നിന്നും വൈദ്യുതി എത്തിക്കാം എന്നതാണ് പ്രധാന നേട്ടം.


കേരളത്തിന്റെ സ്ഥാപിത വൈദ്യുതോല്‍പാദന ശേഷി 2980 മെഗാവാട്ടാണ്. എന്നാല്‍ കേരളത്തിന്‍റെ വൈദ്യുതി ഉപഭോഗം 4350മെഗാവാട്ട് വരെ ഉയര്‍ന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന വില കുറഞ്ഞ വൈദ്യുതി കേരളത്തിലേക്ക് എത്തിച്ചാണ് ഈ കുറവ് പരിഹരിക്കുന്നത്. കേരളത്തിലേക്കുള്ള ഹൈ-വോള്‍ട്ടേജ് വൈദ്യുതി ലൈനുകളുടെ കുറവ് മൂലം ഇതര സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി കൊണ്ടുവരുന്നതിന് കേന്ദ്ര വൈദ്യുതി നിയന്ത്രണ ഓഫീസുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുവരെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി 2920 മെഗാവാട്ട് മാത്രമായിരുന്നു. തിരുനെല്‍വേലി – കൊച്ചി ലൈൻ പൂര്‍ത്തിയായതോടെ ലൈനുകളുടെ ശേഷി വര്‍ദ്ധിച്ചതോടൊപ്പം അന്യസംസ്ഥാനങ്ങളിൽ നിന്നും വിലകുറച്ച് ലഭിക്കുന്ന വൈദ്യുതി, പ്രസരണ നഷ്ടം കുറച്ചു കേരളത്തിൽ എത്തിക്കാൻ സാധിക്കുന്നതുമാണ്. ഈ ലൈൻ പൂര്‍ത്തിയാകുന്നതിന് മുന്‍പ് കൂടംകുളത്ത് നിന്നും ലഭിച്ചിരുന്ന 266 മെഗാവാട്ട് വൈദ്യുതി ഉദുമല്‍പേട്ട് വഴി കേരളത്തിലേയ്ക്ക് എത്തുമ്പോൾ ഏകദേശം 20 മെഗാവാട്ട് (വര്‍ഷം 102 ദശലക്ഷം യുണിറ്റ്) പ്രസരണ നഷ്ടം ഉണ്ടായിരുന്നതായി കണക്കാക്കിയിട്ടുണ്ട്. ഈ നഷ്ടം ഇനി ഒഴിവാകും. പല സമയങ്ങളിലും സംസ്ഥാനത്തിനു 400മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായിരുന്നു. കൂടാതെ പുറമേ നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകൾ പരമാവധി ശേഷിക്കടുത്തുമെത്തിയിരുന്നു. ഇതിനെല്ലാം ശാശ്വതപരിഹാരമാണ് ഇപ്പോൾ പൂര്‍ത്തിയായ 400കെ.വി. ഇടമൺ – കൊച്ചി ലൈന്‍. തിരുനെല്‍വേലി മുതല്‍ ഇടമണ്‍വരെയുള്ള 400/220കെ.വി. മള്‍ട്ടി സര്‍ക്യുട്ട് ലൈൻ 2010ല്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.


148.3 കി.മീ. നീളവും 447 ടവറുകളും ഉള്ള 400 കെ.വി. ഇടമണ്‍ – കൊച്ചി ലൈൻ കൊല്ലം(22കി.മീ.), പത്തനംതിട്ട(47കി.മീ.), കോട്ടയം(51കി.മീ.), എറണാകുളം (28കി.മീ.) എന്നീ നാലു ജില്ലകളില്‍ കൂടിയാണ് കടന്നുപോകുന്നത്. 16മീ. ഇടനാഴിയുള്ള ലൈനിന്റെ റൈറ്റ് ഓഫ് വേ 46 മീറ്ററാണ്. 29-08-2005ല്‍ പദ്ധതിക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുകയും 2008 മാര്‍ച്ച് മാസത്തിൽ ടെണ്ടർ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി പവര്‍ഗ്രിഡ്‌ ലൈൻ നിര്‍മ്മാണം ആരംഭിച്ചു. 2008ല്‍ തുടങ്ങി 2010ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങൾ പൂര്‍ണ്ണതോതിൽ നടന്നുവരവെ, സ്ഥലമുടമകളുടെ ശക്തമായ പ്രതിഷേധങ്ങൾ മൂലം നിര്‍മ്മാണം പൂര്‍ണ്ണമായി തടസ്സപെട്ടു. ഈ സര്‍ക്കാർ അധികാരത്തിൽ വന്ന ശേഷം 09.03.2017-ൽ നിര്‍മ്മാണജോലികൾ പൂര്‍ണതോതിൽ പുനരാരംഭിക്കുകയും 14.09.2019ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.


പദ്ധതിയുടെ നേട്ടങ്ങള്‍

സംസ്ഥാനത്തെ ആദ്യത്തെ 400 കെ.വി. പവർ ഹൈവേയായ തിരുനെല്‍വേലി- കൊച്ചി- തൃശ്ശൂര്‍- ഉദുമല്‍പ്പെട്ട് ലൈൻ യാഥാ൪ത്ഥ്യമായതോടെ വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിനുള്ള ശേഷി വര്‍ദ്ധിച്ചു.അതോടൊപ്പം കേന്ദ്ര വിഹിതം മുഴുവനായും കൃത്യതയോടെ ഉപയോഗപ്പെടുത്താൻ സാധ്യമാകും. ഇതുമൂലം ലൈന്‍ ലഭ്യത ഉറപ്പാവുകയും അറ്റകുറ്റപ്പണി വേണ്ടിവരുമ്പോള്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ സാധിക്കും. കേരള-തമിഴ്നാട് മേഖലയിലെ ലൈനുകളിലുള്ള തിരക്ക് കുറയ്ക്കുവാൻ കഴിയും. പ്രസരണ നഷ്ടം വന്‍തോതിൽ കുറഞ്ഞു, മെച്ചപ്പെട്ട വോള്‍ട്ടേജിൽ പ്രസരണ-വിതരണം സാധ്യമാവുന്നു.കുറഞ്ഞ ചിലവില്‍ ദീര്‍ഘകാലാടിസ്ഥാനത്തിൽ വൈദ്യുതി എത്തിക്കാൻ സാധിക്കും.സംസ്ഥാനത്തിന്‍റെ പ്രസരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നിര്‍ദ്ദിഷ്ട 400 കെ.വി. സബ്സ്റ്റേഷനുകള്‍ (കോട്ടയം, ഇടമണ്‍) നിര്‍മ്മിക്കുവാനും സാധിക്കും. കൂടാതെ മാടക്കത്തറ-കോഴിക്കോട് 400 കെ.വി. ലൈന്‍കൂടി പൂര്‍ത്തിയാകുന്നതോടെ മലബാർ മേഖലയിലെ വൈദ്യുതിലഭ്യത കൂടുകയും ചെയ്യും.

/ In നേട്ടങ്ങൾ / By CM WEB / Comments Off on അസാധ്യമായത് സാധ്യമാക്കി സര്‍ക്കാര്‍, പവര്‍ ഹൈവേ നാടിന് സമര്‍പ്പിച്ചു

വാര്‍ത്താകുറിപ്പ് തീയതി: 11-11-2019

കോടതി ഭാഷ മലയാളത്തിൽ : നടപടികള്‍ വേഗത്തിലാക്കും
കീഴ്കോടതി നടപടികളുടെ ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി 222 പരിഭാഷകരുടെ തസ്തിക സൃഷ്ടിക്കും. ജുഡീഷ്യൽ അക്കാദമിയിൽ ജുഡീഷ്യൽ ഓഫീസര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കും.


കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ‘നിയമധ്വനി’ എന്ന പേരിൽ നിയമപ്രസിദ്ധീകരണം നിയമവകുപ്പ് ആരംഭിച്ചിട്ടുണ്ട്. നിയമപദങ്ങളുടെ പദകോശവും നിയമവകുപ്പ് തയ്യാറാക്കി. നിയമങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് ആരംഭിക്കുവാന്‍ യോഗം തീരുമാനിച്ചു.


യോഗത്തിൽ നിയമമന്ത്രി എ.കെ. ബാലന്‍, ധനമന്ത്രി തോമസ് ഐസക്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീ , നിയമ സെക്രട്ടറി അരവിന്ദ ബാബു, ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.


ടി.എന്‍. ശേഷന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിപൂര്‍വകവുമാക്കുന്നതിൽ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി.എന്‍ ശേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവും ആകണമെന്നും അതിൽ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകാന്‍ പാടില്ല എന്നുമുള്ള നിലപാട് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍റെ സ്വതന്ത്രമായ ഭരണഘടനാ പദവിയും അധികാരങ്ങളും പ്രയോഗത്തിലൂടെ അദ്ദേഹം സ്ഥാപിച്ചെടുത്തു. കമ്മീഷന്‍റെ അധികാരത്തിൽ കടന്നു കയറാനും പ്രവര്‍ത്തനത്തെ സ്വാധീനിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം നിര്‍ഭയമായി ചെറുത്തുനിന്നു. കമ്മീഷന്‍റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നവര്‍ക്ക് ടി.എന്‍ ശേഷന്‍ മാതൃകയാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയിൽ ഇനി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി അംഗമാകാം

കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയിൽ ഇനി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി അംഗമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂരിൽ കെ.എസ്.എഫ്.ഇയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


പ്രവാസിച്ചിട്ടിക്ക് പ്രവാസികളിൽനിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. പ്രവാസിച്ചിട്ടി വിദേശരാജ്യങ്ങളിൽ ഉള്ളവർക്ക് മാത്രം പോര, രാജ്യത്തിലെ മറ്റ് സംസ്ഥാനത്തുള്ളവർക്കും കൂടി വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് വ്യാപിപ്പിക്കുന്നത്. .നവകേരളത്തിന്റെ ഭാഗമായ പുനർനിർമ്മാണ പ്രവർത്തനത്തിൽ വലിയ പങ്കാണ് കെ.എസ്.എഫ്.ഇക്ക് വഹിക്കാനാവുക.


കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിക്ഷേപിക്കുന്ന പണം നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സംഭാവനയായാണ് മാറുന്നത്. കേരളത്തിന് ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാവുന്ന ഒരു സാമ്പത്തിക മാതൃകയായിത്തന്നെയാണ് കെ.എസ്.എഫ്.ഇ .നിൽi ‘ക്കുന്നത്. സാമ്പത്തിക സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിൽ മാത്രമേ നന്നാവൂ എന്ന് പറയുന്നവർ സഹകരണ സ്ഥാപനങ്ങളെയും കെ.എസ്.എഫ്.ഇയേയും പഠിച്ച് എന്താണ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്ന് മനസ്സിലാക്കണം.


മൂന്നര വർഷം മുമ്പ് കെ.എസ്.എഫ്.ഇയുടെ ലാഭം 236 കോടി രൂപയായിരുന്നു. അത് ഇന്ന് 445 കോടിയായി വർധിച്ചു. മൊത്തം ആസ്തിയിൽ 240 കോടിയുടെ വർധനവുണ്ടായി. കേരളത്തിലെ മിക്ക പ്രധാന കേന്ദ്രങ്ങളിലും കെ.എസ്.എഫ്.ഇയുടെ ശാഖകളുണ്ട്. ഗ്രാമങ്ങളിൽ ശാഖ ആരംഭിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടായി.


കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ചിട്ടിയിൽ പകുതിയിലധികം കെ.എസ്.എഫ്.ഇയുടേതാണ്. അതിനാലാണ് കെ.എസ്.എഫ്.ഇ നവീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇന്ന് ആധുനിക സൗകര്യങ്ങളുള്ള കോൾ സെൻററുകൾ കെ.എസ്.എഫ്.ഇക്കുണ്ട്. ഗുണഭോക്താക്കൾക്ക് ഇൻഷൂറൻസ് പരിരക്ഷയുണ്ട്. ഇതോടൊപ്പം മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും യാഥാർഥ്യമാവുന്നതോടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കെ.എസ്.എഫ്.ഇയുടെ സേവനങ്ങൾ എളുപ്പമുള്ളതാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

/ In Public Speeches, Speeches / By CM WEB / Comments Off on കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയിൽ ഇനി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി അംഗമാകാം

ശബരിമല: ഒരുക്കങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു

മണ്ഡല-മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നതിന്‍റെ മുന്നോടിയായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു.


ഇടത്താവളങ്ങളിലെ സൗകര്യങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗത്തി പറഞ്ഞു. ശുദ്ധജല വിതരണം, ചികിത്സാ സൗകര്യം, മലിനീകരണ നിയന്ത്രണം, ശുചിമുറി സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, റോഡുകളുടെ അറ്റകുറ്റപ്പണി, ശബരിമലയി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യം തുടങ്ങിയ കാര്യങ്ങളെല്ലാം യോഗം അവലോകനം ചെയ്തു.


ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധികമായി 300 ജീവനക്കാരെ ശബരിമലയിലേക്ക് നിയോഗിച്ചു. നിലയ്ക്ക – പമ്പ റൂട്ടിൽ കെ.എസ്.ആര്‍.ടി.സി.യുടെ 210 സര്‍വ്വീസുണ്ടാകും. ശബരിമലയിലേക്കുള്ള റൂട്ടുകളിൽ നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമേ 379 സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


യോഗത്തിൽ എം.എ .എ മാരായ രാജു അബ്രഹാം, ഇ.എസ്. ബിജിമോള്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം. പത്മകുമാര്‍, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപി മാരായ അനന്തകൃഷ്ണന്‍, ആര്‍. ശ്രീലേഖ ദേവസ്വം വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിഹ്ന തുടങ്ങിയവരും വിവിധ വകുപ്പുമേധാവികളും പങ്കെടുത്തു.

/ In Press Release / By CM WEB / Comments Off on ശബരിമല: ഒരുക്കങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു

വാർത്താക്കുറിപ്പ് : 07-11-2019

കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളില്‍ അറ്റകുറ്റ പണികളും പുനര്‍നിര്‍മ്മാണവും നടത്തേണ്ടവ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ പരിശോധിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ കീഴില്‍ 295 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 31 റോഡുകള്‍ക്കായി മുന്നൂറ് കോടി രൂപ ലോകബാങ്കിന്‍റെ വികസനനയ വായ്പയില്‍ നിന്നു അനുവദിക്കാന്‍ കഴിഞ്ഞ ആഗസ്റ്റ് മാസം തീരുമാനിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ 602 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 322 റോഡുകള്‍ക്കായി 488 കോടി രൂപയും ഇതുപ്രകാരം അനുവദിച്ചിരുന്നു. ഇതിന്‍റെ തുടര്‍ നടപടികള്‍ യോഗം വിലയിരുത്തി. നിലവില്‍ സുഗമമായ യാത്രാ
സൗകര്യം ഒരുക്കാനാവാത്ത റോഡുകളുടെ ജില്ല തിരിച്ചുള്ള കണക്കും പ്രവര്‍ത്തന പദ്ധതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.


മെച്ചപ്പെട്ട ദുരന്ത പ്രതിരോധ ശേഷിയോടെ നിര്‍മ്മിക്കുന്ന റോഡുകളുടെ പ്രവൃത്തി 2020 ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അറ്റകുറ്റപണികള്‍ മാത്രമുള്ളവ 2020 മെയ് മാസത്തോടെയും പൂര്‍ത്തിയാക്കണം. മഴക്കാലം മുന്‍കൂട്ടികണ്ട് പ്രവൃത്തികള്‍ ആസൂത്രണം ചെയ്യണം. മഴമാറിയാല്‍ ഉടന്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ഊര്‍ജിതമായും സുതാര്യമായും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെയും വകുപ്പുതല സമിതിയുടെയും സംയുക്തയോഗത്തില്‍ ചര്‍ച്ചചെയ്യണം.


2018ലെ  മഹാപ്രളയത്തിന് ശേഷം പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടി ആകെ 613.71 കോടി രൂപ ചെലവില്‍ 9064.49 കിലോമീറ്റര്‍ റോഡിന്‍റെ അറ്റകുറ്റപണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ഇതില്‍ കുറച്ചു ഭാഗത്ത് 2019 ലെ പ്രളയത്തില്‍ നാശനഷ്ടം വീണ്ടും ഉണ്ടായി. ബാക്കിയുള്ള അറ്റകുറ്റ പണികള്‍ പൊതുമരാമത്ത് വകുപ്പു റോഡുകളില്‍ ഡിസംബര്‍ 31നു മുമ്പും തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള റോഡുകളില്‍ ജനുവരി 31നു മുമ്പും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തദ്ദേശ സ്വയംഭരണ വകുപ്പിന് ലഭ്യമാക്കിയിട്ടുള്ള മെയിന്‍റനന്‍സ് ഗ്രാന്‍റും ഇക്കാര്യത്തില്‍ ഉപയോഗിക്കും. ഈ സമയക്രമം ഉറപ്പാക്കി റോഡുകള്‍ സഞ്ചായരയോഗ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.


നിര്‍മ്മിക്കപ്പെടേണ്ട റോഡുകളെ മൂന്നു മാസത്തിനുള്ളില്‍ പണിതീര്‍ക്കാവുന്ന പാക്കേജുകളായി തിരിച്ച് നിര്‍വ്വഹണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. ഫീല്‍ഡ് സര്‍വ്വേ നടത്തി വിശദാംശരേഖ തയ്യാറാക്കാന്‍ മുന്‍പരിചയവും തെളിയിക്കപ്പെട്ട ശേഷിയുമുള്ള ഏജന്‍സികളെയും റോഡുനിര്‍മ്മാണത്തിന് ആധുനിക സന്നാഹങ്ങളുള്ള നിര്‍മ്മാണ കമ്പനികളെയും മുന്‍കൂട്ടി എംപാനല്‍ ചെയ്യണം. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ – തീയതി: 06-11-2019

കെ-ഫോണ്‍ പദ്ധതിയ്ക്ക് ഭരണാനുമതി
പാവപ്പെട്ടവര്‍ക്ക് സൗജന്യമായി അതിവേഗ ഇന്‍റര്‍നെറ്റ്
1548 കോടിരൂപയുടെ പദ്ധതി

സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കാനും ലക്ഷ്യമിടുന്ന കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സൗജന്യം ലഭിക്കാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഇന്‍റര്‍നെറ്റ്
കണക്ഷന്‍ ഇതുവഴി ലഭിക്കും. പൗരന്മാരുടെ അവകാശമായി ഇന്‍റര്‍നെറ്റ് പ്രഖ്യാപിച്ച കേരളം, എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന ലക്ഷ്യം നേടുന്നതിനാണ് ഈ പദ്ധതി  നടപ്പാക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 1548 കോടി രൂപയാണ്. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.


സംസ്ഥാനത്ത് ശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ച് അത് വഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി.  കെ എസ് ഇ ബി യും കേരളാ സ്റ്റേറ്റ്  ഐ ടി   ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ്  ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ ടെണ്ടര്‍ നല്‍കിയത്. 2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങള്‍ നല്ല നിലയില്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിന് കെ-ഫോണുമായി സഹകരിക്കാന്‍ അവസരമുണ്ടാകും.


പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് നിലവില്‍ വരും. വിദ്യാഭ്യാസ രംഗത്ത് ഈ പദ്ധതി ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.


സംസ്ഥാനത്തെ ഐ ടി മേഖലയില്‍ വന്‍ കുതിപ്പിന് ഇതു വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍  വലിയ വികസന സാധ്യത തെളിയും. മുപ്പതിനായിരത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ ഡിജിറ്റലാക്കാന്‍ കഴിയും. ഇ-ഹെല്‍ത്ത് പോലുള്ള പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാനാകും.  ഐ.ടി. പാര്‍ക്കുകള്‍, എയര്‍ പോര്‍ട്ട്, തുറമുഖം തുടങ്ങിയ കേന്ദ്രങ്ങളിലേയ്ക്ക് ഹൈസ്പീഡ് കണക്റ്റിവിറ്റി ലഭ്യമാക്കും.


ഗ്രാമങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഇ-കൊമേഴ്സ് വഴി വില്‍പ്പന നടത്താം. ഉയര്‍ന്ന നിലവാരമുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം, ഗതാഗതമേഖലയില്‍ മാനേജ്മെന്‍റ് കാര്യക്ഷമമാക്കല്‍ തുടങ്ങിയവയും ഈ പദ്ധതിയിലൂടെ സാധ്യമാകും.


നിലവില്‍ മൊബൈല്‍ ടവറുകളില്‍ ഏതാണ്ട് 20 ശതമാനം മാത്രമേ ഫൈബര്‍ നെറ്റ് വര്‍ക്കുവഴി ബന്ധിപ്പിച്ചിട്ടുള്ളൂ. കെ-ഫോണ്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ മൊബൈല്‍ ടവറുകളും ഫൈബര്‍ ശൃംഖലവഴി ബന്ധിപ്പിക്കാനാകും. ഇതുവഴി ഇന്‍റര്‍നെറ്റ്, മൊബൈല്‍ സേവന ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കഴിയും.


വിമുക്തിമിഷന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘നാളത്തെ കേരളം, ലഹരി മുക്ത കേരളം’ എന്ന 90 ദിവസത്തെ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ടി.വി. അനുപമയെ അധിക ചുമതല നല്‍കി സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു.


കണ്ണൂര്‍ ജില്ലാ ഗവണ്‍മെന്‍റ് പ്ലീഡര്‍ ആന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ മൂന്നുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന ബി.പി. ശശീന്ദ്രനെ 14.11.2019 മുതല്‍ മൂന്നുവര്‍ഷത്തേയ്ക്കു കൂടി പുനര്‍നിയമിക്കാന്‍ തീരുമാനിച്ചു.


എസ്.എല്‍. ഷൈലജയെ ഹൈക്കോടതിയിലെ ഗവണ്‍മെന്‍റ് പ്ലീഡറായി നിലവിലെ ഒഴിവിലേയ്ക്ക് നിയമിക്കാന്‍ തീരുമാനിച്ചു.


സംസ്ഥാന ജലഗതാഗത വകുപ്പില്‍ നിലവിലുള്ള കാര്‍പെന്‍റര്‍ തസ്തിക റദ്ദ് ചെയ്ത് ഷീറ്റ്മെറ്റല്‍ വര്‍ക്കര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.


ഏറ്റുമാനൂര്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്കൂളില്‍ രണ്ട് ബാച്ചുകളും ഇടുക്കി ഏകലവ്യ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്കൂളില്‍ ഒരു ബാച്ചും ഹയര്‍ സെക്കന്‍ററി കോഴ്സ് അനുവദിക്കാന്‍ തീരുമാനിച്ചു.


കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ വില്ലേജ് വിഭജിച്ച് തുരുത്തി എന്ന പുതിയ വില്ലേജ് രൂപീകരിക്കാന്‍ തീരുമാനിച്ചു.


ഔഷധിയുടെ തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന 100 കിടക്കകളുള്ള പഞ്ചകര്‍മ്മ ആശുപത്രിയില്‍ 23 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.  സാമ്പത്തിക ബാധ്യത കമ്പനിയുടെ സ്വന്തം വരുമാനത്തില്‍ നിന്ന് കണ്ടെത്തണമെന്ന വ്യവസ്ഥയോടെയാണ് തസ്തിക അനുവദിച്ചത്.

/ In Cabinet Decisions / By CM WEB / Comments Off on മന്ത്രിസഭായോഗ തീരുമാനങ്ങള്‍ – തീയതി: 06-11-2019

വാർത്താക്കുറിപ്പ് : 05-11-2019

പോക്സോ കേസുകളുടെ നടത്തിപ്പ് : ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിക്കും

കുട്ടികള്‍ ഇരകളാകുന്ന പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോള്‍ ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാന്‍ സംവിധാനമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വീടുകളിലടക്കം ഉണ്ടാവുന്ന പീഢനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികള്‍ക്ക് ലഭിക്കണം. ഇതിനായി കൗണ്‍സലര്‍മാര്‍ക്ക് പരിശീലനവും നിയമബോധവത്ക്കരണവും നല്‍കാനും യോഗം തീരുമാനിച്ചു. ലൈംഗികതയെപ്പറ്റി സമൂഹത്തില്‍ തെറ്റായ പല ധാരണകളും നിലനില്‍ക്കുന്നുണ്ട്. കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് പാഠ്യപദ്ധതിയില്‍ ഇടമുണ്ടാകണം.


സ്കൂള്‍ പരിസരത്ത് ലഹരി വസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി തടയണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പോലീസ്, എക്സൈസ് വകുപ്പുകള്‍ ഇക്കാര്യത്തില്‍ കര്‍ക്കശമായ ഇടപെടല്‍ നടത്തണം. കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനും സൈബര്‍ ഫോറന്‍സിക് ലബോറട്ടറി സംവിധാനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.


അമ്മയും പെണ്‍മക്കളും മാത്രം താമസിക്കുന്ന ധാരാളം വീടുകള്‍ ഉണ്ട്. ഇങ്ങനെയുള്ള കുടുംബങ്ങളെ കണ്ടെത്തുകയും സംരക്ഷണം നല്‍കുകയും വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പോലീസും സാമൂഹ്യനീതി വകുപ്പും യോജിച്ച് ഈ പ്രശ്നം കൈകാര്യം ചെയ്യണം.


കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്കും ബോധവത്ക്കരണം നല്‍കണം. അധ്യാപക രക്ഷാകര്‍തൃസമിതി യോഗങ്ങള്‍ ഇതിന് പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം. ബാലനീതി നിയമപ്രകാരം എല്ലാ പോലീസ് സ്റ്റേഷനിലും ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍മാര്‍ ഉണ്ട്. അവര്‍ സ്കൂളുകളുമായി നിരന്തര ബന്ധം പുലര്‍ത്തുന്നത് കുറ്റകൃത്യം തടയാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


പോക്സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ പോക്സോ കോടതികള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കും. പരാതിയുമായി കുട്ടികള്‍ വരുമ്പോള്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരോട് മന:ശാസ്ത്രപരമായ സമീപനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

നിർമിതബുദ്ധി അടിസ്ഥാനമായ സേവനങ്ങൾ പോലീസിൽ വിപുലപ്പെടുത്തും

നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള വിവിധ സേവനങ്ങൾ പോലീസിന്റെ വിവിധ വിഭാഗങ്ങളിൽ ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എസ്.എ.പി ഗ്രൗണ്ടിൽ റൈസിംഗ് ഡേ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി.


സാങ്കേതികവിദ്യ പരമാവധി വിനിയോഗിച്ചെങ്കിൽ മാത്രമേ മാറുന്ന ലോകക്രമത്തിൽ പിടിച്ചുനിൽക്കാനാവൂ എന്നു മനസിലാക്കിയാണ് കേരള പോലീസ് പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുള്ളത്. നിർമിതബുദ്ധി അടിസ്ഥാനമാക്കി പോലീസിന്റെ സഹായവും സാന്നിധ്യവുമില്ലാതെ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിൽവരെ എത്തിനിലക്കുകയാണ്.


63 വർഷം കൊണ്ട് കേരള പോലീസിൽ സമാനതകളില്ലാത്ത മാറ്റവും വികാസവുമാണുണ്ടായത്. തിരുക്കൊച്ചി-മലബാർ പോലീസുകൾ ലയിച്ച് കേരളാപോലീസ് രൂപീകൃതമായത് കേരളപ്പിറവി ദിനത്തിലാണ്. കുറ്റാന്വേഷണത്തിനും വിവരശേഖരണത്തിനും ട്രാഫിക്കിനും സുരക്ഷയ്ക്കുമൊക്കെയായി പ്രത്യേക വിഭാഗങ്ങൾ വന്നു. ഒപ്പം സാങ്കേതികവിദ്യയുടെ കടന്നുവരവും പോലീസ് സേന വളരെ ഭംഗിയായി ഉപയോഗപ്പെടുത്തുന്നുണ്ട്. സേനയുടെ അംഗത്വം വർധിച്ചു. സമൂഹനൻമയ്ക്കും നാട്ടുകാരുടെ സുരക്ഷയ്ക്കുമായി മാറിയ പോലീസ് സേനയാണ് നമുക്കുള്ളത്. പോലീസിന്റെ പ്രവർത്തനശൈലി അടിമുറി മാറിയിട്ടുണ്ട്.


കുറ്റാന്വേഷണം മാത്രമല്ല, സാമൂഹികസേവനവും പോലീസിന്റെ പരിധിയിൽ വരും. പോലീസിന്റെ പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വന്നിട്ടുണ്ട്. 1957 ലെ ഇ.എം.എസ് സർക്കാരിന്റെ കാലം മുതലുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് മാറ്റങ്ങൾ വന്നത്. പോലീസിന്റെ പുനഃസംഘടന ലക്ഷ്യമിട്ട് നിയമിക്കപ്പെട്ട എം.സി ചാറ്റർജി കമ്മീഷന്റെ ക്രിയാത്മകമായ നിർദേശങ്ങൾ പോലീസിന്റെ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്ന തരത്തിലായിരുന്നു. പിന്നീടുവന്ന സർക്കാരുകൾ ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിഷ്‌കരണത്തിന് പങ്ക് വഹിച്ചു. സേവനവ്യവസ്ഥകൾ, ഡ്യൂട്ടി സമയം പരിഷ്‌കരിക്കൽ ഒക്കെ ഇതിന്റെ തുടർച്ചയാണ്.
കുറ്റാന്വേഷണമികവിൽ രാജ്യത്തെ ഏതൊരു പോലീസ് സേനയെക്കാളും മുന്നിലാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസിന്റെ അന്വേഷണമികവ് രാജ്യത്തിനകത്തും പുറത്തും അംഗീകരിക്കപ്പെട്ടതാണ്. നാടിനെ നടുക്കിയ കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിക്കാൻ കഴിഞ്ഞത് പോലീസിന്റെ കഴിവുറ്റ പ്രവർത്തനം മൂലമാണ്.


പോലീസിന്റെ സാങ്കേതികസംവിധാനങ്ങളും സേവനങ്ങളും ഒരു കുടക്കീഴിലാക്കാൻ ലക്ഷ്യമിട്ടാണ് പോലീസ് ടെക്നോളജി സെൻറർ ആരംഭിക്കുന്നത്. എട്ടുകോടി രൂപ മുടക്കി എസ്.എ.പി ക്യാമ്പസിൽ നിർമിക്കുന്ന സ്ഥാപനം പൂർത്തിയാകുമ്പോൾ ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും മികവേറിയ സ്ഥാപനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.


ചടങ്ങിൽ മുഖ്യമന്ത്രി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ പോലീസ്, ഫയർ ആൻറ് റസ്‌ക്യൂ, പ്രിസൺസ്, ഫോറസ്റ്റ്, മോട്ടോർ വെഹിക്കിൾ മെഡൽ, പോലീസ് നായ്ക്കൾക്കായി ഏർപ്പെടുത്തിയ കനൈൻ മെഡലുകൾ എന്നിവ അദ്ദേഹം വിതരണം ചെയ്തു. 131 അംഗ കെ-9 സ്‌ക്വാഡിലെ 10 പോലീസ് നായകൾക്കാണ് ആദ്യമായി ഏർപ്പെടുത്തിയ കനൈൻ മെഡൽ ലഭിച്ചത്.


എസ്.എ.പി വളപ്പിൽ സ്ഥാപിക്കുന്ന കേരള പോലീസ് ടെക്നോളജി സെൻററിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

/ In Public Speeches, Speeches / By CM WEB / Comments Off on നിർമിതബുദ്ധി അടിസ്ഥാനമായ സേവനങ്ങൾ പോലീസിൽ വിപുലപ്പെടുത്തും