വാര്‍ത്താകുറിപ്പ് തീയതി: 11-11-2019

കോടതി ഭാഷ മലയാളത്തിൽ : നടപടികള്‍ വേഗത്തിലാക്കും
കീഴ്കോടതി നടപടികളുടെ ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി 222 പരിഭാഷകരുടെ തസ്തിക സൃഷ്ടിക്കും. ജുഡീഷ്യൽ അക്കാദമിയിൽ ജുഡീഷ്യൽ ഓഫീസര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കും.


കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ‘നിയമധ്വനി’ എന്ന പേരിൽ നിയമപ്രസിദ്ധീകരണം നിയമവകുപ്പ് ആരംഭിച്ചിട്ടുണ്ട്. നിയമപദങ്ങളുടെ പദകോശവും നിയമവകുപ്പ് തയ്യാറാക്കി. നിയമങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് ആരംഭിക്കുവാന്‍ യോഗം തീരുമാനിച്ചു.


യോഗത്തിൽ നിയമമന്ത്രി എ.കെ. ബാലന്‍, ധനമന്ത്രി തോമസ് ഐസക്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീ , നിയമ സെക്രട്ടറി അരവിന്ദ ബാബു, ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.


ടി.എന്‍. ശേഷന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിപൂര്‍വകവുമാക്കുന്നതിൽ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി.എന്‍ ശേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവും ആകണമെന്നും അതിൽ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകാന്‍ പാടില്ല എന്നുമുള്ള നിലപാട് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍റെ സ്വതന്ത്രമായ ഭരണഘടനാ പദവിയും അധികാരങ്ങളും പ്രയോഗത്തിലൂടെ അദ്ദേഹം സ്ഥാപിച്ചെടുത്തു. കമ്മീഷന്‍റെ അധികാരത്തിൽ കടന്നു കയറാനും പ്രവര്‍ത്തനത്തെ സ്വാധീനിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം നിര്‍ഭയമായി ചെറുത്തുനിന്നു. കമ്മീഷന്‍റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നവര്‍ക്ക് ടി.എന്‍ ശേഷന്‍ മാതൃകയാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.