CIAL

പ്രിയ അംഗങ്ങളെ,

നമ്മുടെ കമ്പനിയുടെ 22-ാമത് വാര്‍ഷിക പൊതുയോഗത്തിലേക്ക് നിങ്ങളെ ഏവരെയും ഹാര്‍ദമായി സ്വാഗതം ചെയ്യുന്നു. 2015-16 വര്‍ഷത്തേയ്ക്കുള്ള വാര്‍ഷിക റിപ്പോര്‍ട്ട് ഇപ്പോൾ നിങ്ങളുടെ പക്കലുണ്ട്. അതു നിങ്ങൾ വായിച്ചിട്ടുണ്ടാവുമെന്നു കരുതട്ടെ.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി അഭിമാനാര്‍ഹമായ നേട്ടങ്ങൾ കൈവരിച്ച വര്‍ഷമാണ് കടന്നുപോയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ നമ്മുടെ കമ്പനി എല്ലാ സുപ്രധാന മേഖലകളിലും സ്തുത്യര്‍ഹമായ വളര്‍ച്ച കൈവരിച്ചു എന്ന വിവരം നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മൊത്ത വരുമാനവും അറ്റാദായവും കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നും ഗണ്യമായ തോതിൽ വര്‍ധിച്ച് യഥാക്രമം 524.53 കോടി രൂപയും 175.22 കോടി രൂപയുമായി. മുൻ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോൾ മൊത്ത വരുമാനത്തിലും അറ്റാദായത്തിലും രേഖപ്പെടുത്തിയ വര്‍ധനവ് യഥാക്രമം 26.71 ശതമാനവും 21.19 ശതമാനവുമാണ്. ഡ്യൂട്ടീ ഫ്രീ വഴിയുള്ള വിറ്റുവരവ് 28.50 ശതമാനം വര്‍ധിച്ച് 212.49 കോടി രൂപയായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഴിഞ്ഞ സാമ്പത്തികവര്‍ഷം കടന്നുപോയ യാത്രക്കാരുടെ എണ്ണം 7.77 ദശലക്ഷമായി വര്‍ധിച്ചു. മുൻ വര്‍ഷത്തേതില്‍നിന്നും 21.20 ശതമാനം വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. വിമാനത്താവളത്തിലൂടെയുള്ള ചരക്കുനീക്കവും വര്‍ധിച്ചു. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണ് നമ്മുടെ വിമാനത്താവളത്തിലുള്ളത് എന്ന വസ്തുത മേല്‍പറഞ്ഞ പ്രവര്‍ത്തനഫലങ്ങളുടെ മാറ്റുകൂട്ടുന്നു.

കമ്പനിയുടെ അഭിമാനകരമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഓഹരിയുടമകള്‍ക്ക് 25 ശതമാനം ലാഭവിഹിതം ഡയറക്ടർ ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നു. 25 ശതമാനം ലാഭവിഹിതം ശുപാര്‍ശ ചെയ്യുന്ന പ്രമേയം ഈ വാര്‍ഷിക പൊതുയോഗത്തിൽ അംഗീകരിച്ചാൽ 2003-2004 സാമ്പത്തികവര്‍ഷം മുതൽ ഇതുവരെ 178 ശതമാനം ലാഭവിഹിതമായി ഓഹരി ഉടമകള്‍ക്ക് ലഭിക്കും.

സൗരോര്‍ജത്തിൽ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ വിമാനത്താവളം എന്ന അഭിമാനാര്‍ഹമായ നേട്ടമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. 2015-16 സാമ്പത്തികവര്‍ഷത്തിൽ കമ്പനിക്ക് ദേശീയ, അന്തര്‍ദേശീയ തലത്തിൽ ധാരാളം അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ബിസിനസ് ടുഡേ ഗ്രൂപ്പിന്റെ മികച്ച എസ്എംഇ അവാര്‍ഡ്, പൂര്‍ണമായും സൗരോര്‍ജത്തിൽ പ്രവര്‍ത്തിക്കുന്ന ലോകത്തിലെതന്നെ ആദ്യത്തെ വിമാനത്താവളത്തിനുള്ള അംഗീകാരമായ പ്രോജക്ട് മാനേജ്മെന്‍റ് എക്സലന്‍സ് അവാര്‍ഡ് എന്നീ മികച്ച അംഗീകാരങ്ങളും ഇവയിൽ ഉള്‍പ്പെടുന്നു.

കമ്പനിയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ മുൻ വര്‍ഷങ്ങളിൽ കമ്പനിക്ക് കഴിഞ്ഞിരുന്നു. അപ്രകാരം ഈ വര്‍ഷം കമ്പനി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും ഭാവിയിലേക്ക് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ ഏതാനും വികസനപദ്ധതികളെ ഞാൻ സന്തോഷപൂര്‍വം നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നു.

1. 28.80 മെഗാവാട്ട് ശേഷിയുള്ള പി വി സൗരോര്‍ജ പ്ലാന്‍റ്
കമ്പനിയുടെ 21-ാം വാര്‍ഷിക പൊതുയോഗ ദിനമായ 2015 ആഗസ്ത് 18ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള സമുച്ചയത്തിൽ ഉപകമ്പനി വഴി നടപ്പാക്കിയ 12 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്‍റ് വിജയകരമായി പ്രവര്‍ത്തിക്കുന്നു. മൊത്തം 15.4 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്‍റുകളില്‍നിന്നായി 2016 ആഗസ്ത് 31 വരെ ഏകദേശം 2.35 കോടി യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാൻ സാധിച്ചു. ഇത് നമ്മുടെ കമ്പനിയെ അഭിമാനകരമായ പദവിയിലേക്ക് ഉയര്‍ത്തി. പുതുതായി 13.4 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്‍റുകളുടെ നിര്‍മാണപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് 2017 ഫെബ്രുവരിയിൽ പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ പ്രതിദിനം ശരാശരി 1,15,000 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ച് നിലവിലുള്ള സൗരോര്‍ജോല്‍പാദനം 2016-17 സാമ്പത്തികവര്‍ഷത്തിൽ തന്നെ 28.8 മെഗാവാട്ട് പവർ ആയി ഉയരും.

2. പുതിയ അന്താരാഷ്ട്ര ടെര്‍മിനൽ
നിര്‍മാണപ്രവര്‍ത്തനങ്ങൾ അന്തിമഘട്ടത്തിൽ എത്തിനില്‍ക്കുന്ന അത്യാധുനിക രീതിയിലുള്ള അന്താരാഷ്ട്ര ടെര്‍മിനൽ രണ്ടുമാസത്തിനകം പ്രവര്‍ത്തനസജ്ജമാകും. ഇത് പ്രവര്‍ത്തനസജ്ജമാകുമ്പോൾ മണിക്കൂറിൽ ഏകദേശം 4000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയും 112 ചെക്ക് ഇൻ കൗണ്ടറുകളും 19 ഗേറ്റുകളും 15 ഏറോ ബ്രിഡ്ജുകളും ഉണ്ടാവുന്നതാണ്.

അത്യാധുനിക നിയന്ത്രണ സംവിധാനങ്ങളോടും ഇലക്ട്രിക് കാർ ബാറ്ററി ചാര്‍ജിങ് സൗകര്യങ്ങളോടും കൂടി നിര്‍മിക്കുന്ന പുതിയ കാർ പാര്‍ക്കിങ് മേഖലയിൽ 1500 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്കിങ് സൗകര്യം ലഭ്യമാണ്.

3. റെയില്‍വെ മേല്‍പ്പാല നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും
1931 മീറ്റർ നീളത്തിൽ സിയാൽ ഗോള്‍ഫ് ക്ലബ് മുതൽ പുതുതായി നിര്‍മിക്കുന്ന അന്താരാഷ്ട്ര ടെര്‍മിനൽ വരെയുള്ള നാലുവരി പാതയുടെയും റെയില്‍വെ മേല്‍പാലത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. ഈ നിര്‍മാണപ്രവര്‍ത്തനത്തിൽ 315 മീറ്റർ പുതിയ റോഡു നിര്‍മാണവും ഉള്‍പ്പെടുന്നു. റെയില്‍പാതയ്ക്കു മുകളിലുള്ള കോണ്‍ക്രീറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങൾ ദക്ഷിണ റെയില്‍വെ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണെങ്കിൽ അടുത്തമാസം അവസാനത്തോടുകൂടി പൊതുജനങ്ങള്‍ക്കായി ഇത് തുറന്നുകൊടുക്കാൻ സാധിക്കും.

4. പുനരധിവാസവും തൊഴിലവസരങ്ങളും
വിമാനത്താവള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 822 കുടുംബങ്ങളെ അവരുടെ വീടുകളില്‍നിന്ന് ഒഴിപ്പിക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഭവനം നഷ്ടപ്പെട്ട ഈ 822 കുടുംബങ്ങള്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങൾ നല്‍കാൻ സിയാലിന് സാധിച്ചിട്ടുണ്ട്. കസ്റ്റംസ്, ഇമിഗ്രേഷൻ, സിഐഎസ്എഫ്, ഗ്രൗണ്ട് ഹാന്‍റിലിങ്, എയര്‍ലൈൻ സര്‍വീസസ് തുടങ്ങിയ മേഖലകളിലായി അയ്യായിരത്തോളം ജീവനക്കാർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി ചെയ്യുന്നു. കൂടാതെ പതിനയ്യായിരം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നമ്മുടെ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

5. ഭൂവിനിയോഗ മാര്‍ഗനിര്‍ദേശങ്ങൾ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ അധീനത കണ്‍സള്‍ട്ടന്‍സി കമ്പനിയായ ഏണസ്റ്റ് ആന്‍റ് യംങ് എന്ന സ്ഥാപനത്തെ നിയോഗിച്ചിരിക്കുന്നു. ആ പഠന റിപ്പോര്‍ട്ട് ആധാരമാക്കി സിയാൽ കൂടുതൽ വരുമാനമാര്‍ഗങ്ങൾ ലഭിക്കാവുന്ന പദ്ധതികൾ എത്രയുംപെട്ടെന്ന് ആരംഭിക്കാൻ ഉദ്ദേശിക്കുന്നു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ 2016ലെ മികച്ച നോണ്‍ മെട്രോ എയര്‍പോര്‍ട്ടിനുള്ള പുരസ്കാരം ലഭിച്ച വിവരം മാന്യ ഓഹരി ഉടമകളെ സസന്തോഷം അറിയിക്കുന്നു. ദേശീയതലത്തിൽ 2016 ജൂലൈ-ആഗസ്ത് മാസത്തിൽ വിമാനയാത്രക്കാരുടെ ഓണ്‍ലൈൻ സര്‍വെ മുഖാന്തരമാണ് സിയാലിനെ ഈ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സില്‍വർ ജൂബിലി ആഘോഷവേളയിൽ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി സിയാലിനെ ഈ പുരസ്കാരം നല്‍കി ആദരിച്ചു.

സിയാലിൽ പ്രതിദിനം 7.5 ലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ കഴിവുള്ള ഒരു സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിച്ചതിനാലും സൗരോര്‍ജ യൂണിറ്റുകൾ വഴി അന്തരീക്ഷത്തിലെ കാര്‍ബണിന്റെ പുറംതള്ളൽ കുറച്ചതിനാലും കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യൽ റസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി സമീപപ്രദേശങ്ങളിലെ പഞ്ചായത്തുകള്‍ക്ക് എല്‍ഇഡി തെരുവുവിളക്കുകൾ സംഭാവന നല്‍കിയതിനാലും കേരള സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ പുരസ്കാരമായ ശിലാഫലകവും സമ്മാനതുകയായ ഒരുലക്ഷം രൂപയും ലഭിച്ചു. ഈ പുരസ്കാരം സിയാലിന് മൂന്നാംതവണയാണ് ലഭിക്കുന്നത്.

എയര്‍പോര്‍ട്ട് എക്കണോമിക് റഗുലേറ്ററി അതോറിറ്റി പുതിയ അന്താരാഷ്ട്ര ടെര്‍മിനൽ ടി-3യുടെ ചെലവുചുരുക്കിയുള്ള നിര്‍മാണനയത്തെ അത്യന്തം പ്രശംസിക്കുകയും ഈ മാതൃക മറ്റു വിമാനത്താവളങ്ങൾ പിന്തുടരാൻ നിര്‍ദേശിക്കുകയും ചെയ്ത വിവരം മാന്യ ഓഹരി ഉടമകളെ സസന്തോഷം അറിയിക്കുന്നു.

പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിളലേക്കുള്ള ഫണ്ട് സമാഹരിക്കുന്നതിനും വിമാനത്താവളത്തിന്റെ ഭാവി വികസനത്തിനും വൈവിധ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കമ്പനിയുടെ നിലവിലുള്ള സാധാരണ ഓഹരിയുടമകള്‍ക്ക് 1:4 എന്ന അനുപാതത്തിൽ പത്തുരൂപ മുഖവിലയുള്ള 7,65,14,950 ഓഹരികൾ 40 രൂപ അധികമൂല്യത്തിൽ നല്‍കി. സിയാലിന്റെ അവകാശ ഓഹരി വിതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അവകാശ ഓഹരി വിതരണം വഴിയായി സിയാൽ 382.57 കോടി രൂപ സമാഹരിച്ചു. അകമഴിഞ്ഞ പിന്തുണയും പരിപൂര്‍ണ സഹകരണവും നല്‍കിയ മാന്യ ഓഹരിയുടമകളോട് നന്ദി രേഖപ്പെടുത്താൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു.

ഒന്നര പതിറ്റാണ്ടിനുള്ളിൽ തന്നെ വ്യോമയാന രംഗത്ത് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമാവുകയും രാജ്യത്തെ പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് അനുകരണീയമായ മാതൃകയായി വളരുകയും ചെയ്ത സിയാലിന്റെ മുന്നേറ്റത്തിന് നിങ്ങൾ ഓരോരുത്തരും നല്‍കിയ അകമഴിഞ്ഞ പിന്തുണയും സഹകരണവും വിലമതിക്കാനാകാത്തതാണ്. പ്രവര്‍ത്തനം ആരംഭിച്ചതുമുതൽ ഇന്നോളം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്കാരിക മേഖലകളിൽ തനത് സ്വാധീനം ചെലുത്താൻ സിയാലിന് കഴിഞ്ഞിട്ടുണ്ട്. പുതിയ സേവനമേഖലകൾ തുറന്നുകൊണ്ട് വളര്‍ച്ചയുടെ പാതയിൽ സിയാലിനെ ഉറപ്പിച്ചുനിര്‍ത്തുവാൻ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. സിയാലിനെ മികച്ച നേട്ടങ്ങളിലേക്കും ഉജ്വലമായ ഭാവിയിലേക്കും നയിക്കാൻ എല്ലാ ഓഹരി ഉടമകളുടെയും പിന്തുണയും സഹകരണവും ഡയറക്ടര്‍ബോര്‍ഡിന്റെ പേരിൽ ഒരിക്കൽ കൂടി അഭ്യര്‍ഥിച്ചുകൊണ്ട് എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു.

27/09/2016