ക്രമസമാധാനം ശക്തിപ്പെടുത്തൽ

പോലീസിന്റെ മുഖച്ഛായ മാറുന്നു, ആധുനികവൽക്കരണവും ജനമൈത്രി പോലീസ് സംവിധാനങ്ങളും:

അധികാരമേറ്റെടുത്ത ആദ്യദിവസം മുതൽ ഇടതുപക്ഷ സർക്കാർ സംസ്ഥാനത്തിന്റെ സുസ്ഥിര ക്രമാസമാധാനപാലനത്തിനു വേണ്ടിയുള്ള നയങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. മൂന്നാം മുറ ഉപേക്ഷിച്ചു ശാസ്ത്രീയമായ രീതിയിൽ അന്വേഷങ്ങൾ നടത്തി കുറ്റവാളികളെ കണ്ടെത്തുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്. സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരെയുള്ള ആക്രമണത്തെ ഇല്ലാതാക്കുക എന്നതായിരുന്നു പ്രഥമപരിഗണന. ഏതൊരു സമൂഹത്തിന്റെയും സുഗമമായ നടത്തിപ്പിന് ജനങ്ങളെ ഉൾകൊള്ളിച്ചുകൊണ്ടുള്ള ക്രമസമാധാനപാലനം അത്യന്താപേക്ഷികമാണ്. ഇതിന്റെ ഭാഗമായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ജനമൈത്രി പോലീസ് ആരംഭിക്കാനും തീരുമാനിച്ചു .

സ്ത്രീകള്ക്കും കുട്ടികൾക്കുമെതിരായ അക്രമസംഭവങ്ങളെ അഭിസംബോധന ചെയ്യൽ:

സ്ത്രീസുരക്ഷ ഈ സർക്കാരിന്റെ പ്രഥമ പരിഗണനയിൽ വരുന്നകാര്യമാണ്. ഇതിന്റെ ഭാഗമായി പിങ്ക് പട്രോൾ സ്കീം പ്രധാനപ്പെട്ട അഞ്ചു സിറ്റികളിലും “പിങ്ക് ബീറ്റ് ” എന്ന സേനയെ പ്രധാന കവലകളിലും സിറ്റികളിലും നിയോഗിച്ചു. ഇപ്പോൾ നിലവിലുള്ള സംവിധാനങ്ങളായ പോലീസ് പട്രോൾ, ഹൈവേ പട്രോൾ, ഷാഡോ പോലീസ് എന്നിവയ്ക്ക് പുറമെയാണിത്. കൂടാതെ സ്വയം പ്രതിരോധപരിശീനത്തിനും ബോധവൽക്കരണത്തിനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടായ്മകൾ രൂപീകരിച്ചു. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ സ്ത്രീകള്ക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കാൻ വേണ്ടി നീക്കിവച്ചിട്ടുണ്ട്.

സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ ജില്ലാതല വനിതാ സെൽ വഴിയും പരാതിപ്പെടാനുള്ള നടപടികൾ സ്വീകരിച്ചു. നിലവിലുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ കുറഞ്ഞത്‌ ഒരു വനിതാപൊലീസിന്റെ സേവനവും ഉറപ്പുവരുത്തി. കൂടാതെ കേരളാ പോലീസിൽ ഇപ്പോഴുള്ള വനിത സാന്നിധ്യം ആറു ശതമാനത്തിൽ നിന്നും പതിനഞ്ചിലേക്കു എത്തിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ക്രമേണ അത് 25 ശതമാനത്തിൽ എത്തിക്കാൻ ഉള്ള ശ്രമങ്ങളും ആരംഭിച്ചു. സംസ്ഥാന ചരിത്രത്തിലാദ്യമായി വനിതാ പോലീസ് ബറ്റാലിയൻ രൂപീകരിക്കാൻ തീരുമാനിക്കുകയും അതിനായി 451 പുതിയതസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു.

ദേശീയ ക്രൈം റെക്കോർഡ്‌ ബ്യുറോയുടെ കണക്കുപ്രകാരം കേരളത്തിൽ കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കാൻ പറ്റി. അതായത് സാധാരണക്കാർക്ക് പോലീസ് സ്റ്റേഷനുകൾ ഭയമില്ലാതെ പ്രാപ്യമായപ്പോൾ കൂടുതൽ പരാതികൾ റിപ്പോർട് ചെയ്യപ്പെടാൻ തുടങ്ങി . അതുകൊണ്ടുതന്നെ കൂടുതൽ കുറ്റം ചുമത്തപ്പെടുന്ന അവസ്ഥയും സംജാതമായി.

ആധുനികവൽക്കരണം:

പൊലീസിലെ ആധുനികവൽക്കരണത്തിനു വേണ്ടി 50 കോടിയും, സാങ്കേതിക അടിസ്ഥാനവികസനത്തിനു 12 കോടിയും വകയിരുത്തി. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും മൊബൈൽ സിം കാർഡുകൾ അനുവദിച്ചു. പുതുതായി 1598 ഓഫിസർമാർ സേനയിൽ ചേർന്നു. സർക്കിൾ ഇൻസ്പെക്ടർമാർക്ക് അതാത് സ്റ്റേഷന്റെ ചുമതലകൊടുത്തു. പുതിയ ബജറ്റിൽ പുതുതായി എട്ട് തീരദേശ പോലീസ് സ്റ്റേഷനുകൾ ആരംഭിക്കാനുള്ള തുക വകയിരുത്തി.

ഗുണ്ടകളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി മാർച്ച്‌ മാസങ്ങളിൽ പ്രത്യേക പദ്ധതികൾ നടപ്പിലാക്കിയതിന്റെ ഭാഗമായി 6500 ഓളം ലേറെ പേരെ section 151-CRPC പ്രകാരം അറസ്റ്റ് ചെയ്തു. 831 ഗുണ്ടകൾക്കെതിരെ Section Section107 CRPC പ്രകാരവും, 59; പേരെ Section 110 CRPC പ്രകാരവും അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒരുവർഷമായി ക്രമാസമാധാനപാലനത്തിനു സേന നടത്തുന്ന നീക്കങ്ങൾ പ്രശംസനീയമാണ്. ദ്രുതഗതിയിൽ അന്വേഷിച്ചു പെട്ടെന്ന് പ്രതികളെ പിടിക്കുന്നത്‌ സേനയുടെ ഖ്യാതി വർദ്ധിപ്പിച്ചു. പുതിയ കാലത്തിനനുസരണമായി പോലീസ് സേനയെ ആധുനികവൽക്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.അതിനുള്ള എല്ലാ സഹായവും സർക്കാർ ചെയ്യുന്നതുമാണ്.