മിശ്രഭോജനം – ശതാബ്ദി ആഘോഷം

ശ്രീനാരായണ സഹോദര സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിശ്രഭോജന ശതാബ്ദി ആഘോഷ പരിപാടികള്‍ സന്തോഷപൂര്‍വം ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു.ജാതിയുടെ ഭീകരത സാമൂഹ്യ ജീവിതത്തിന്‍റെ സമസ്ത രംഗങ്ങളെയും ഗ്രസിച്ചുനിന്ന ഘട്ടത്തില്‍ അതിനെ നേരിട്ടു വെല്ലുവിളിച്ചുകൊണ്ട് സഹോദരനയ്യപ്പന്‍ 1917ല്‍ നടത്തിയ സാഹസികമായ ഒരു നീക്കത്തിന്‍റെ വാര്‍ഷികമാണിത്.

ജാതീയമായ ദുരാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഇതര ജീര്‍ണതകള്‍ക്കുമെതിരെ നൂറുവര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ശാസ്ത്രചിന്തയുടെ പിന്‍ബലത്തോടെ സഹോദരനയ്യപ്പനെ പോലുള്ളവര്‍ പൊരുതാനുണ്ടായി എന്നത് നമുക്ക് അഭിമാനകരമാണ്. എന്നാല്‍, മിശ്രഭോജനത്തിന്‍റെ നൂറാം വാര്‍ഷികഘട്ടത്തില്‍പ്പോലും ജാതിചിന്തയില്‍നിന്നും അനാചാരങ്ങളില്‍നിന്നും സമൂഹത്തെ നമുക്ക് പൂര്‍ണമായി വിടുവിച്ചെടുക്കാനാവുന്നില്ല എന്നത് നമുക്ക് അപമാനകരവുമാണ്. അതുകൊണ്ടുതന്നെ അഭിമാനത്തിന്‍റെയും അപമാനത്തിന്‍റെയും സമ്മിശ്ര വികാരങ്ങളോടെയേ നമുക്ക് ഇന്ന് നിലകൊള്ളാനാവൂ.മിശ്രഭോജനത്തിന്‍റെ ഘട്ടത്തില്‍നിന്നും നൂറുവര്‍ഷം കൂടി കടന്ന ഈ വേളയില്‍ കേരളത്തിന്‍റെ അവസ്ഥ ഏതു തരത്തിലുള്ളതാണ്? ചിലതരം സ്വാമിമാരില്‍നിന്നു സ്ത്രീക്ക് രക്ഷനേടാന്‍ കടുംകൈ പ്രയോഗങ്ങള്‍ കൂടിയേ തീരൂ എന്ന നിലവരുന്നു. ദുര്‍മന്ത്രവാദത്തിലൂടെ സ്ത്രീകളെ ചില പ്രാകൃതന്മാര്‍ കൊന്നുതള്ളുന്നു. ധനാകര്‍ഷണയന്ത്രവും ധനലക്ഷ്മി പീഠവും മറ്റും പരസ്യങ്ങള്‍ കണ്ടു വാങ്ങി സൂക്ഷിച്ച് സമ്പന്നരാകാമെന്നും പലരും കരുതുന്നു. ദാരിദ്ര്യത്തില്‍നിന്നു മോചനം കിട്ടാനുള്ള വഴി വലംപിരി ശംഖുവാങ്ങി വീട്ടില്‍വെക്കുക എന്നതാണെന്നു ചിലരെങ്കിലും ചിന്തിക്കുന്നു. ചൊവ്വാദോഷത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളുടെ വിവാഹം മുടക്കുന്നു.

അക്ഷയതൃത്രീയ നോക്കി ജുവലറികളിലേക്ക് ആളുകള്‍ ഇടിച്ചുകയറുന്നു. മതപഠനത്തിന്‍റെ മറവില്‍ പോലും പീഡനങ്ങള്‍ നടക്കുന്നു. വ്യാജ സ്വാമിമാര്‍ക്ക് ഭക്തകളുടെ കിടപ്പറകളിലേക്കു വരെ കടന്നുചെല്ലാമെന്ന അവസ്ഥയുണ്ടാവുന്നു. ഇങ്ങനെ പ്രാകൃതമായ ഒരു സാമൂഹ്യാവസ്ഥയിലേക്കു കൂപ്പുകുത്തുകയാണോ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ശാസ്ത്രകാലത്തും നമ്മുടെ നാട്? ഈ ചോദ്യം മുന്‍നിര്‍ത്തിയാണ്, അഭിമാനകരമായ ഈ മുഹൂര്‍ത്തത്തില്‍ പോലും അപമാനഭാരത്താല്‍ നമ്മുടെ ശിരസ്സ് താഴേണ്ടതുണ്ട് എന്നു ഞാന്‍ പറയുന്നത്.

ചങ്ങമ്പുഴ പണ്ട് ഒരു കവിത എഴുതിയിരുന്നു; ഒരു സ്വാമിയെക്കുറിച്ച്. ഒരു അച്ഛന്‍ മകനെ സന്യാസിയാക്കാന്‍ വേണ്ടി സ്വാമിയുടെ ആശ്രമത്തിലാക്കുന്നു. മകന്‍ ആകട്ടെ, പിറ്റേന്നു രാവിലെ വീട്ടിലെത്തുന്നു. സ്വാമിയെ ധിക്കരിച്ച് നീ ഇങ്ങോട്ടു പോന്നതെന്താണെന്നു ചോദിക്കുന്ന അച്ഛനോട് മകന്‍ പറയുന്നത് ഇങ്ങനെയാണ്:
“സ്വാമി പോലും; മൃഗം! പേ മൃഗം; വേണെങ്കില്‍
സ്വാമിക്കൊരുത്തിയെ കെട്ടരുതോ?”
ചങ്ങമ്പുഴ കവിതയില്‍ പറയുന്നതുപോലുള്ള മൃഗങ്ങള്‍ സ്വാമി വേഷമിട്ടു നടക്കുന്ന ഒരു കാലമാണിത്. അതിന്‍റെ ഒരു ദൃഷ്ടാന്തം നാം ഈയിടെ തിരുവനന്തപുരത്തു കണ്ടു. ഏതെങ്കിലും ഒരു സമുദായവുമായി ബന്ധപ്പെട്ടു മാത്രമല്ല, പല സമുദായങ്ങളുമായി ബന്ധപ്പെട്ടും ഇത്തരം വ്യാജ ആത്മീയവേഷങ്ങള്‍ അലറിവിളിച്ചു നടക്കുന്നുണ്ട്. യഥാര്‍ത്ഥ സന്യാസിമാരില്‍നിന്ന് ഇത്തരം വേഷങ്ങളെ വേര്‍തിരിച്ചു സമൂഹം കാണേണ്ടതും ഒറ്റപ്പെടുത്തേണ്ടതുമുണ്ട്.

ഏതായാലും, ഇത്തരം ഒരു അവസ്ഥ നിലനില്‍ക്കുമ്പോള്‍, നൂറു കൊല്ലങ്ങള്‍ക്കുമുമ്പ് സഹോദരനയ്യപ്പന്‍ കൈക്കൊണ്ട പുരോഗമനപരമായ നിലപാടുകളെ എത്ര ആദരിച്ചാലാണു മതിവരിക. അന്ന് ദൈവവിശ്വാസത്തെ തള്ളിപ്പറഞ്ഞ, ശാസ്ത്രചിന്ത ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണു ശ്രീനാരായണ ഗുരുവിന്‍റെ ശിഷ്യനായ സഹോദരനയ്യപ്പന്‍ എന്നോര്‍മിക്കണം. ആ സഹോദരനയ്യപ്പന്‍റെ നേതൃത്വത്തില്‍ നടന്ന മിശ്രഭോജനത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളാണല്ലൊ ഇവിടെ നടക്കുന്നത്.

എന്തുകൊണ്ടാണ് ആ സംഭവം കേരളം ഇന്നും ഓര്‍മിക്കുന്നത്? കേരളത്തെ ഇന്നുകാണുന്ന കേരളമാക്കിത്തീര്‍ക്കുന്നതില്‍ അതു വഹിച്ച പങ്ക് അത്രമേല്‍ പ്രധാനമായതുകൊണ്ട് എന്നതാണ് ഒരു ഉത്തരം. മിശ്രഭോജനം ഒരു പ്രതിഷേധ സമരരൂപത്തില്‍ നടത്തേണ്ടിവന്ന പഴയ ആ കാലത്തേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകാന്‍ വലിയ ശ്രമങ്ങള്‍ ചിലര്‍ നടത്തിവരുന്ന കാലമാണിത് എന്നതാണ് മറ്റൊരു ഉത്തരം. കേരളത്തിലെന്നല്ല, ഇന്ത്യയില്‍ത്തന്നെ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ജാതിവിവേചനത്തിന്‍റെയും അന്ധകാരം പുതിയ കാലത്ത് അതിശക്തമായി തിരികെവരികയാണ്.

ഐടിയുടെ സുവര്‍ണകാലം എന്നൊക്കെ നാം പറയുമ്പോഴും ഈ കാലം ശ്രദ്ധേയമാവുന്നത് പാവപ്പെട്ട ദളിതരെ കൊല്ലുന്ന ക്രൂരത കൊണ്ടാണ് എന്നതു മനുഷ്യത്വത്തെ സംബന്ധിച്ചിടത്തോളം ലജ്ജാകരമാണ്. ഇങ്ങനെയുള്ള ഒരു കാലമാണിത് എന്നതിന്‍റെ പശ്ചാത്തലത്തിലാണ് മിശ്രഭോജനത്തിന്‍റെ നൂറാം വാര്‍ഷികത്തിന് സാമൂഹികവും ചരിത്രപരവുമായ പ്രാധാന്യമേറുന്നത്. മിശ്രഭോജനത്തിന്‍റെ പ്രാധാന്യത്തിനൊപ്പം തന്നെ ഉയര്‍ന്നുനില്‍ക്കുകയാണ് അതിനു നേതൃത്വം നല്‍കിയ സഹോദരനയ്യപ്പന്‍റെ സ്മരണയ്ക്കുള്ള പ്രാധാന്യവും.

1917ല്‍ സഹോദരനയ്യപ്പന്‍ ചെറായിയില്‍ മിശ്രഭോജനം നടത്തുന്നതിനുമുമ്പും കേരളത്തില്‍ മിശ്രഭോജനങ്ങളുണ്ടായിട്ടുണ്ട്. അറുപത്തഞ്ചോളം മിശ്രഭോജനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ മുതല്‍ മഞ്ചേരി രാമയ്യര്‍വരെ എത്രയോ പേര്‍ മിശ്രഭോജനം നടത്തിയിട്ടുണ്ട്. എന്നാല്‍, സഹോദരനയ്യപ്പന്‍ ചെറായിയില്‍ സംഘടിപ്പിച്ച മിശ്രഭോജനം ഉണര്‍ത്തിവിട്ടത് അതിരൂക്ഷമായ സാമൂഹികചലനങ്ങളായിരുന്നു; രൂക്ഷമായ പ്രതികരണങ്ങളായിരുന്നു. അതുകൊണ്ടുതന്നെയാണ് മറ്റൊരു മിശ്രഭോജനത്തിനുമില്ലാത്ത സ്ഥാനം ചരിത്രത്തില്‍ ചെറായിയിലേതിനുണ്ടായത്.

മിശ്രഭോജനം ചെറായിയില്‍ അവസാനിച്ചില്ല. തുടര്‍ന്ന് പലയിടങ്ങളില്‍ മിശ്രഭോജനമുണ്ടായി. ഒരു സമരപരമ്പരയായി അതു മാറി.കൊടുങ്ങല്ലൂരിലെ ശൃംഗപുരത്തും മൂത്തകുന്നത്തും ചേന്നമംഗലത്തുമൊക്കെയായി അതു പടര്‍ന്നു. എന്നാല്‍, മൂത്തകുന്നത്തെ മിശ്രഭോജനം ഇവയില്‍നിന്നു വേറിട്ടുനിന്നു. മിശ്രഭോജനത്തിനു നേതൃത്വം നല്‍കിയ സഹോദരനയ്യപ്പന്‍ അവിടെ ആക്രമിക്കപ്പെട്ടില്ല എന്നതു കൊണ്ടാണ് അത് വേറിട്ടുനിന്നു എന്നു പറയുന്നത്. ശൃംഗപുരത്ത് മിശ്രഭോജനം നടത്തിയപ്പോള്‍ സഹോദരനയ്യപ്പന്‍റെ തലയില്‍ കശുവണ്ടി എണ്ണയൊഴിച്ചു. ചേന്നമംഗലത്ത് തലയില്‍ ഉറുമ്പിന്‍കൂട് കുടഞ്ഞിട്ടു. ഇങ്ങനെ പലവിധ ആക്രമണങ്ങളുണ്ടായി.മൂത്തകുന്നത്തു മാത്രം ഒരു കുഴപ്പവുമുണ്ടായില്ല. ശൃംഗപുരത്തും ചേന്നമംഗലത്തും ഒക്കെ ആക്രമണം നടത്തിയത് ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ തന്നെയാണെന്നത് ഓര്‍മിക്കണം. പുലയ സമുദായമടക്കം തങ്ങളില്‍ താഴ്ന്നവര്‍ എന്ന് ഈഴവപ്രമാണിമാര്‍ കരുതിയവര്‍ക്കൊപ്പമിരുന്ന് ഊണുകഴിക്കാന്‍ സഹോദരനയ്യപ്പന്‍ നേതൃത്വം നല്‍കിയതില്‍ ഈഴവര്‍ തന്നെയാണ് ക്ഷുഭിതരായത്. സഹോദരനയ്യപ്പന്‍ തന്‍റെ ഒരു കവിതയില്‍ അതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:
“ഇളകിമറിഞ്ഞിതു പിറ്റേ ദിവസം
ജനതയശേഷം ബഹളം, ബഹളം!
പുലയരൊടീഴവരൊരുമിച്ചുണ്ടതു
ശരിയല്ലെന്നു ശഠിച്ചു ജനങ്ങള്‍”
മൂത്തകുന്നത്തു വേറിട്ട മനോഭാവമുണ്ടായത് ഒരുപക്ഷെ, എസ്എന്‍ഡിപിയുടെ ഭാഗമാവാതെ ‘മൂത്തകുന്നം സഭ’ എന്ന പേരില്‍ വേര്‍തിരിഞ്ഞു നിന്നവരാണവിടെയുണ്ടായിരുന്നത് എന്നതുകൊണ്ടാവാം.

പ്രസംഗിക്കാനായി ക്ഷണിച്ചുവരുത്തപ്പെട്ട ഡോ. പല്‍പുവിനെ, അദ്ദേഹം സഹോദരനയ്യപ്പന്‍റെ സുഹൃത്താണെന്നറിഞ്ഞ് തിരിച്ചയച്ചത് ചെറായിയിലെ എസ്എന്‍ഡിപിക്കാരാണ്. മറ്റിടങ്ങളില്‍ ഞാന്‍ നേരത്തെ പറഞ്ഞ രൂപത്തിലൊക്കെ ആക്രമിച്ചു. എന്നാല്‍, മൂത്തകുന്നത്തോ? ഒരാക്രമണവുമുണ്ടായില്ല എന്നു മാത്രമല്ല, ആ സംഭവത്തിനുശേഷം പതിനാറുവര്‍ഷം കഴിഞ്ഞപ്പോള്‍ സഹോദരനയ്യപ്പന്‍റെ ചിത്രം മൂത്തകുന്നം സഭക്കാര്‍ അനാഛാദനം ചെയ്തുവെക്കുക പോലും ചെയ്തു. അതിനുമപ്പുറം, ചെറായിയില്‍ പിന്നീട് 96ലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അയ്യപ്പന് സ്മാരകമുണ്ടാക്കാന്‍ നിശ്ചയിച്ചപ്പോള്‍ മൂത്തകുന്നക്കാര്‍ തങ്ങളുടെ ഓഹരി എന്ന നിലയില്‍ മോശമല്ലാത്ത ഒരു തുക സംഭാവനയായി നല്‍കുകകൂടി ചെയ്തു.അക്കാലത്തു നടന്ന മിശ്രഭോജനങ്ങളുടെയാകെ വാര്‍ഷികമാണ് ഇപ്പോള്‍ നടക്കുന്നത്.

ഒക്ടോബര്‍ വിപ്ലവ വിജയത്തിനുശേഷവും തൊട്ടുമുമ്പുമായിട്ടായിരുന്നു ആ മിശ്രഭോജന പരമ്പരകള്‍. വിപ്ലവം വിജയിക്കുന്നത് നവംബര്‍ ആദ്യവാരം. ചെറായിയിലടക്കം മിശ്രഭോജനം നടക്കുന്നത് അതേ വര്‍ഷം മെയ് അവസാനവാരം. ചരിത്രത്തില്‍ വിപ്ലവകരമായി മനുഷ്യര്‍ ഇടപെടുന്ന കാലമായിരുന്നു അത് എന്നു വേണമെങ്കില്‍ പറയാം.ചരിത്രത്തില്‍ നിര്‍ണായകമായി ഇടപെട്ടുകൊണ്ട് നാടിനെയും സമൂഹത്തെയും പുരോഗമനത്തിന്‍റെ കാലത്തിലേക്ക് വഴിതിരിച്ചുവിട്ട മഹത്വപൂര്‍ണമായ വ്യക്തിത്വമാണ് സഹോദരനയ്യപ്പന്‍റേത്. ആ സ്മരണയ്ക്കുള്ള ആദരാഞ്ജലി കൂടിയാണ് ഈ ശതാബ്ദിയാഘോഷച്ചടങ്ങ്.

മനുഷ്യരെല്ലാം സമന്മാരാണെന്നും ഒരുവിധ ഭേദചിന്തയും പാടില്ലെന്നുമുള്ള സന്ദേശം പ്രായോഗികതലത്തില്‍ നടപ്പാക്കിക്കാട്ടുകയായിരുന്നു സഹോദരനയ്യപ്പന്‍ മിശ്രഭോജനത്തിലൂടെ ചെയ്തത്. ശ്രീനാരായണഗുരുവിന്‍റെ നേര്‍ശിഷ്യനായ മഹാകവി കുമാരനാശാനുപോലും ജാതീയമായ അസ്പൃശ്യത നേരിടേണ്ടിവന്ന കാലമാണത്. അസ്പൃശ്യത ആശാന്‍ അനുഭവിച്ചതാകട്ടെ, സ്വന്തം സമുദായത്തില്‍നിന്നു തന്നെയായിരുന്നു. ഒരു ഈഴവ പ്രമാണിയുടെ മകളുടെ കല്യാണസദ്യ നടക്കുമ്പോള്‍ ആശാനെ പന്തിയില്‍നിന്നും ഇറക്കിവിട്ടു. ഈഴവനാണെങ്കിലും ആജാതിയില്‍പ്പെട്ട താഴ്ന്ന ഉപജാതിയിലാണ് ആശാനു സ്ഥാനം എന്നു പറഞ്ഞാണ് ഈഴവ പ്രമാണിമാര്‍ ഇറക്കിവിട്ടത്. കുമാരനാശാനു വല്ലാതെ വേദനിച്ച സംഭവമായി അത്. അങ്ങനെ ഈഴവ പ്രമാണിയുടെ പന്തിയില്‍നിന്ന് ജാതിയുടെ പേരില്‍ അപമാനിതനായി ഇറങ്ങിപ്പോകേണ്ടിവന്ന കുമാരനാശാനെ കേരളപാണിനി എ ആര്‍ രാജരാജവര്‍മ സ്വന്തം വസതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വീടിനുള്ളില്‍ ഒപ്പം ഇരുത്തി ആഹാരം കഴിപ്പിച്ചു എന്നത് മറ്റൊരു ചരിത്രം.

എന്തായാലും ഈഴവ പ്രമാണിമാരുടെ പന്തിയില്‍നിന്ന് ഈഴവന്‍ തന്നെയായ മഹാകവി കുമാരനാശാനുപോലും ജാതിയുടെ പേരില്‍ പുറത്തുപോകേണ്ടിവന്ന മനുഷ്യത്വരഹിതമായ കാലമായിരുന്നു അത്. ജാതിവിവേചനമെന്ന് ഇന്നു കേള്‍ക്കുമ്പോള്‍ പലരും കരുതുക സവര്‍ണര്‍ അവര്‍ണര്‍ക്കെതിരെ ആചരിച്ചിരുന്ന ഒന്നായിരുന്നു അത് എന്നാണ്. അവര്‍ണ സമുദായത്തിലും തരംതിരിവുകളുണ്ടായിരുന്നു. താഴേതട്ടിലുള്ളവരെ അകറ്റിനിര്‍ത്തുമായിരുന്നു. ഈഴവര്‍ അവര്‍ക്കു താഴെയുള്ള ജാതിയില്‍പ്പെട്ടവര്‍ക്കൊപ്പമിരുന്ന് ആഹാരം കഴിക്കുമായിരുന്നില്ല.അത്തരമൊരു കാലത്താണ് ഏറ്റവും താഴത്തെ തട്ടില്‍ എന്നു മുദ്രയടിക്കപ്പെട്ടു നീക്കിനിര്‍ത്തിയിരുന്നവരെ വരെ ഒപ്പമിരുത്തി സഹോദരനയ്യപ്പന്‍ മിശ്രഭോജനം നടത്തിയത്.നൂറ്റാണ്ടുകളായി അടിമത്തം പേറി നടന്നിരുന്നവരുടെ വിമോചനത്തിനായുള്ള കാഹളം മുഴക്കലായി അത്. സമൂഹത്തിലെ വലിയ ഒരു വിഭാഗത്തിന് വിദ്യാസ്വാതന്ത്ര്യമോ സാമൂഹിക സ്വാതന്ത്ര്യമോ സഞ്ചാരസ്വാതന്ത്ര്യമോ മറ്റുള്ളവര്‍ക്ക് ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനുള്ള സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല.

ജാതികള്‍ തമ്മിലും ജാതിക്കുള്ളിലുള്ള സമാന്തര ജാതികള്‍ തമ്മിലും അകലം ആചരിച്ചിരുന്ന കാലം. അങ്ങനെ സമൂഹത്തിന്‍റെ അടിത്തട്ടില്‍ ആണ്ടുപോയവര്‍ക്ക് ആത്മാഭിമാനവും സമത്വബോധവും പകര്‍ന്നുകൊടുക്കലായിരുന്നു ‘മിശ്രഭോജന’ത്തിന്‍റെ ചരിത്രപരമായ ഉദ്ദേശം.
‘അന്നവിചാരം മുന്നവിചാരം’ എന്ന് ഒരു ചൊല്ലുണ്ട്. അത് നമ്മുടെ സംസ്കാരത്തില്‍ കലര്‍ന്നതാണ്. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക എന്നത് ശ്രീനാരായണഗുരുവിനു പ്രിയപ്പെട്ട ആശയമായിരുന്നുതാനും. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുകയും ഒരുമിച്ച് സന്തോഷം പങ്കിടുകയും ചെയ്യുമ്പോഴാണ് മനുഷ്യത്വം സഫലമാവുന്നത് എന്നു ഗുരു കരുതി. ഒരിക്കല്‍ ഗുരുവിനെ സന്ദര്‍ശിച്ച മഹാകവി ഉള്ളൂരിന് ജാതിത്തട്ടിലെ ഏറ്റവും താഴ്ന്ന വിഭാഗങ്ങള്‍ക്കൊപ്പം ആഹാരം നല്‍കി.ഉള്ളൂരിന് അല്‍പമൊരു വിഷമമുണ്ടായി. എന്നാല്‍, തൊട്ടടുത്തിരുന്ന് ഊണുകഴിക്കുകയായിരുന്ന ശ്രീനാരായണഗുരു ഒന്ന് ഊറിച്ചിരിച്ചുകൊണ്ട് ഒരു പപ്പടം എടുത്തു പൊടിച്ചു. ജാതിയും പൊടിച്ചാല്‍ പൊടിയുന്നതേയുള്ളു എന്ന അര്‍ത്ഥം ദ്യോതിപ്പിക്കുന്നതായിരുന്നു ആ ചിരി. അത് ഉള്ളൂര്‍ മനസ്സിലാക്കി. തുടര്‍ന്ന് അദ്ദേഹം ഒരു വിഷമവുമില്ലാതെ എല്ലാവര്‍ക്കും ഒപ്പം ഊണുകഴിച്ചു.

ഗുരുവിന്‍റെ ആശയം ആഹാരകാര്യത്തിലടക്കം ജാതിവിവേചനം അവസാനിപ്പിക്കുക എന്നതായിരുന്നു എന്നു വ്യക്തം. ഗുരുദേവന്‍ ആശ്രമത്തോടനുബന്ധിച്ചുള്ള അടുക്കളയില്‍ “അധഃകൃതര്‍” എന്നു മുദ്രയടിക്കപ്പെട്ടു മാറ്റിനിര്‍ത്തപ്പെട്ടിരുന്ന രണ്ടുപേരെ നിര്‍ബന്ധപൂര്‍വം പാചകക്കാരാക്കിയിരുന്നു എന്നതും ഓര്‍ക്കണം.ഗുരുദേവന്‍റെ ഈ സംസ്കാരത്തില്‍നിന്നു ലഭിച്ച പ്രചോദനം തന്നെയാണ് സഹോദരനയ്യപ്പനെ മിശ്രഭോജനം നടത്തുന്നതിലേക്കു നയിച്ചത് എന്നു കാണാന്‍ വിഷമമില്ല. അതിന്‍റെ പേരില്‍ സവര്‍ണമനസ്സുള്ള ഈഴവപ്രമാണിമാരില്‍ നിന്നുവരെ അദ്ദേഹത്തിന് ആക്രമണം നേരിടേണ്ടിവന്നു.

ഗുരുവിന്‍റെ നിര്‍ദേശപ്രകാരം ജാതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ സഹോദരനയ്യപ്പന്‍റെ തലയില്‍ ഉറുമ്പിന്‍കൂട് നേരത്തേ പറഞ്ഞപോലെ കുടഞ്ഞവരുണ്ട്. ചാണകവെള്ളംതളിച്ചവരുണ്ട്. സഹോദരനയ്യപ്പന്‍ ഭയന്നു പിന്മാറിയില്ല. ആ ധൈര്യമാണ് പുതിയകാലത്ത് പുതിയ തലമുറകള്‍ പിന്തുടരേണ്ടത്. അങ്ങനെ മാത്രമേ മനുഷ്യത്വത്തിന്‍റെ വെളിച്ചത്തിലേക്ക് സമൂഹത്തിനു സഞ്ചരിക്കാനാവൂ. സ്വന്തം സമുദായത്തില്‍നിന്നുതന്നെ കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്ന സമുദായ നവോത്ഥാനകാരനാണ് സഹോദരനയ്യപ്പന്‍. സ്വന്തം സമുദായക്കാര്‍തന്നെ അദ്ദേഹത്തെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ടു. സ്വന്തം സമുദായക്കാരെ വിളിച്ചുകൂട്ടി സദ്യ നടത്തി. സദ്യ തുടങ്ങുമ്പോഴാണ് സഹോദരനയ്യപ്പന്‍ പറയുന്നത്, ഇന്ന് ചില പുലയര്‍കൂടി നമുക്കൊപ്പം ഇരുന്ന് ഊണ് കഴിക്കുന്നുണ്ടെന്ന്. ആഢ്യരായ ചില ഈഴവസമുദായപ്രമാണിമാര്‍ പുലയരുടെ സാന്നിധ്യത്തില്‍ പ്രതിഷേധിച്ച്ഇ റങ്ങിപ്പോവുകയായിരുന്നു. പുലയസമുദായത്തില്‍പെട്ടവരാകട്ടെ, ഭയന്നുവിറച്ചാണ് പന്തിയിലിരുന്നത്. അതേത്തുടര്‍ന്നാണ് സമുദായപ്രമാണിമാര്‍ സഹോദരനയ്യപ്പനെ ‘പുലയനയപ്പന്‍’ എന്നു വിളിച്ചതും രാജാവിനോട് നാടുകടത്താനാവശ്യപ്പെട്ടതും. സഹോദരനയ്യപ്പനെതിരെ പരാതി പറയാന്‍ ചെന്നവരോട് കൊച്ചിരാജാവ് പറഞ്ഞതാകട്ടെ, ‘നിങ്ങളുടെ പ്രശ്നങ്ങള്‍ പറയാന്‍ അയ്യപ്പനുണ്ടല്ലോ’ എന്നാണ് എന്നതും ചരിത്രം.

പല തലങ്ങളുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അത്തരം വ്യക്തിത്വങ്ങളെ വിലയിരുത്തുമ്പോള്‍ ഏറ്റവും പ്രമുഖമായ ഒരു തലത്തിനുമാത്രം പ്രാമുഖ്യം വരികയും മറ്റുതലങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യാറുണ്ട്. അത് സഹോദരനയ്യപ്പന്‍റെ വ്യക്തിത്വത്തെ വിലയിരുത്തുന്ന കാര്യത്തിലും ഉണ്ടാകുന്നുണ്ടോ എന്ന സംശയം എനിക്കുണ്ട്. സഹോദരനയ്യപ്പന്‍ ആരായിരുന്നു എന്നു ചോദിച്ചാല്‍ സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു എന്നേ പലരും ഉത്തരം പറയൂ. സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു എന്നത് വലിയ സത്യംതന്നെ. എന്നാല്‍, അതില്‍മാത്രമായി ഒതുങ്ങുന്നതാണോ അദ്ദേഹത്തിന്‍റെ വ്യക്തിത്വം?

കേരളത്തില്‍ ആദ്യമായി പുരോഗമന രാഷ്ട്രീയത്തിന്‍റെ വിത്തുവിതച്ചത് സഹോദരനയ്യപ്പനാണ്. യുക്തിചിന്ത പടര്‍ത്തിയത് സഹോദരനയ്യപ്പനാണ്. ദീര്‍ഘവീക്ഷണത്തോടെ വികസനപദ്ധതികള്‍ ആസൂത്രണംചെയ്ത ഭരണാധികാരി സഹോദരനയ്യപ്പനാണ്. പത്രപ്രവര്‍ത്തനത്തെ സമൂഹത്തെ മാറ്റിമറിക്കാനുള്ള ആയുധമാക്കിയതും സഹോദരനയ്യപ്പനാണ്. സാമൂഹ്യപരിഷ്കര്‍ത്താവ് എന്ന വിശേഷണംകൊണ്ട് ആ വ്യക്തിത്വത്തിന്‍റെ ഈ തലങ്ങള്‍ മറഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ചിട്ട മണ്ണിലാണ് കമ്യൂണിസം വേരോടിയത് എന്ന് കേരളചരിത്രത്തെക്കുറിച്ച് പരാമര്‍ശിക്കേണ്ടിവരുമ്പോഴൊക്കെ നമ്മള്‍ പറയാറുണ്ടല്ലോ. സത്യത്തില്‍, കമ്യൂണിസത്തെക്കുറിച്ചും കമ്യൂണിസ്റ്റ് ആചാര്യന്മാരെക്കുറിച്ചും സോഷ്യലിസ്റ്റ് വിപ്ലവത്തെക്കുറിച്ചും ഒക്കെയുള്ള വെളിച്ചം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ആദ്യകാല നേതാക്കളിലേക്കുപോലും ആദ്യമായി പ്രസരിപ്പിച്ചത് സഹോദരനയ്യപ്പനാണ് എന്നതാണ് സത്യം.
കാള്‍ മാര്‍ക്സിനെക്കുറിച്ചും എംഗല്‍സിനെക്കുറിച്ചും ലെനിനെക്കുറിച്ചും ഒക്കെ ആദ്യമായി താന്‍ അറിഞ്ഞത് അയ്യപ്പന്‍റെ ‘സഹോദരന്‍’ പത്രത്തില്‍നിന്നാണെന്ന് ഇ എം എസുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. യുക്തിവാദത്തെക്കുറിച്ച് ഇ എം എസ് ആദ്യമായി അറിയുന്നതും ‘സഹോദരനി’ലൂടെയായിരുന്നത്രേ.

‘സഖാക്കളേ’ എന്ന പ്രയോഗം സ. പി കൃഷ്ണപിള്ളയുടെ ജീവിതവുമായി ചേര്‍ത്തുവച്ചാണല്ലോ നമ്മള്‍ മനസ്സിലാക്കാറുള്ളത്. സഖാവിന് ആ വാക്ക് കിട്ടിയതുപോലും അയ്യപ്പന്‍റെ ‘സഹോദരന്‍’ മാസികയില്‍നിന്നാണ്. ആ മാസികയില്‍ വന്ന ഒരു കവിതാഭാഗമുണ്ട്.
‘രചിക്കിന്‍ വേഗം നിങ്ങള്‍
ഇവിടെ സഖാക്കളേ
ശ്രവിക്കിന്‍ രോമം ചീര്‍ക്കും
താദൃശ ചരിത്രങ്ങള്‍’ എന്നതാണ് ആ കവിതാഭാഗം.
സോഷ്യലിസ്റ്റ് വിപ്ലവത്തെക്കുറിച്ചാണ് അതില്‍ പറയുന്നത് എന്നോര്‍ക്കണം. രോമം ചീര്‍ക്കുക എന്നുപറഞ്ഞാല്‍ രോമാഞ്ചമുണ്ടാവുക എന്നാണര്‍ഥം. രോമാഞ്ചമുണ്ടാക്കുന്ന സോഷ്യലിസ്റ്റ് മുന്നേറ്റചരിത്രങ്ങള്‍ കേള്‍ക്കാനും അതുകേട്ട് ഇവിടെ അത്തരം ചരിത്രങ്ങള്‍ സൃഷ്ടിക്കാനുമാണ് അതില്‍ പറയുന്നത്. സോഷ്യലിസ്റ്റ് വിപ്ലവമുന്നേറ്റത്തെ അക്കാലത്തുതന്നെ ഇത്രമേല്‍ ആവേശകരമായി സ്വാഗതംചെയ്ത മറ്റൊരു നവോത്ഥാനകാരനില്ല.

1926ല്‍ത്തന്നെ സഹോദരനയ്യപ്പന്‍ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ യൂണിയനുണ്ടാക്കിയിരുന്നു. ആദി വൈപ്പിന്‍ തൊഴിലാളി യൂണിയന്‍ എന്നായിരുന്നു അതിന്‍റെ പേര്. അതിന്‍റെ ആഭിമുഖ്യത്തില്‍ ഒരു പത്രവും ഇറക്കി. വേലക്കാരന്‍ എന്നായിരുന്നു അതിന്‍റെ പേര്. വേലക്കാരന്‍ എന്നു പറഞ്ഞാല്‍ തൊഴിലാളി എന്നുതന്നെ അര്‍ഥം. ചെറായിയിലായിരുന്നു അതിന്‍റെ ഓഫീസ്. ഓഫീസിന്‍റെ ചുവരില്‍ ഉണ്ടായിരുന്നത് മാര്‍ക്സിന്‍റെയും ലെനിന്‍റെയും ചിത്രങ്ങളായിരുന്നുവെന്ന് സഹോദരനയ്യപ്പന്‍റെ ജീവചരിത്രകാരന്മാര്‍തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണത്തിന് എത്രയോ മുമ്പായിരുന്നു ഇത് എന്ന് ആലോചിക്കണം. അങ്ങനെ ആലോചിക്കുമ്പോള്‍ കിട്ടുന്ന ഒരു ഉത്തരമുണ്ട്. നവോത്ഥാനപ്രസ്ഥാനം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഘട്ടത്തിലേക്ക് ഒഴുകിവന്ന് ലയിച്ചത് സഹോദരനയ്യപ്പനിലൂടെതന്നെയാണ് എന്നതാണ് ആ ഉത്തരം. ഉല്‍പ്പതിഷ്ണുത്വത്തിന്‍റേതായ ഒരു രാഷ്ട്രീയകാലം വരാന്‍ വഴിതെളിച്ച വ്യക്തിയാണ് സഹോദരനയ്യപ്പന്‍.

കൃത്യമായ വികസനകാഴ്ചപ്പാടും ദീര്‍ഘദര്‍ശിത്വവുമുള്ള നേതാവായിരുന്നു സഹോദരനയ്യപ്പന്‍. കൊച്ചി സ്റ്റേറ്റില്‍ കുറെമാസക്കാലം മന്ത്രിയായിരുന്നല്ലോ സഹോദരനയ്യപ്പന്‍. എറണാകുളത്തെയും വൈപ്പിനെയും ബന്ധിപ്പിക്കുന്ന പാലമുണ്ടാക്കിക്കാന്‍ ജര്‍മന്‍ കമ്പനിയെക്കൊണ്ട് എസ്റ്റിമേറ്റ് എടുപ്പിച്ച ഭരണാധികാരിയായിരുന്നുഅയ്യപ്പന്‍. അന്ന് പലരും നെറ്റി ചുളിച്ചുകൊണ്ട്, ‘കൊച്ചുകൊച്ചിക്ക് എന്തിനിത്ര വലിയ പാലം’ എന്നു ചോദിച്ചു. നൂറടി വീതിയുള്ള റോഡ് നിര്‍മിക്കാനും സഹോദരനയ്യപ്പന്‍ പദ്ധതി തയ്യാറാക്കി. അപ്പോഴും വിമര്‍ശകര്‍ ചോദിച്ചു ‘കൊച്ചുകൊച്ചിക്ക് എന്തിനിത്ര വലിയ റോഡ്’? അന്ന് സഹോദരനയ്യപ്പന്‍ പറഞ്ഞ ഒരു മറുപടിയുണ്ട്. ‘ഇന്ന് നിങ്ങള്‍ കൊച്ചുകൊച്ചി എന്നു പറയുന്ന ഈ കൊച്ചി നാളെ എത്രയോ വലിയ കൊച്ചിയാവേണ്ടതാണ് എന്നു നിങ്ങള്‍ അറിയുന്നില്ല’ എന്നതായിരുന്നു ആ മറുപടി. പില്‍ക്കാലത്ത് ‘വിശാല കൊച്ചി’ എന്ന സങ്കല്‍പ്പമുണ്ടായപ്പോള്‍ സത്യത്തില്‍ തെളിഞ്ഞത് സഹോദരനയ്യപ്പന്‍റെ വാക്കുകള്‍ സത്യമായി എന്നതാണ്. എന്തൊരു ദീര്‍ഘദര്‍ശിത്വമാണത്.

ഇത്തരം വികസനകാഴ്ചപ്പാടുകളും ദീര്‍ഘദര്‍ശിത്വവുമുള്ള ഭരണാധികാരികള്‍ പില്‍ക്കാലത്ത് അധികമുണ്ടായില്ല എന്നതാണു നമ്മുടെ ദുരന്തം. ഞങ്ങള്‍ സഹോദരനയ്യപ്പന്‍റെ ആ കാഴ്ചപ്പാടാണ് മാതൃകയാക്കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ ഇന്നിന്‍റെ ആവശ്യംമാത്രം പരിഗണിച്ച് രൂപപ്പെടുത്തേണ്ടവയല്ല, മറിച്ച് വരുംകാലത്തിന്‍റെ ആവശ്യങ്ങള്‍കൂടി പരിഗണിച്ച് ആസൂത്രണംചെയ്യേണ്ടവയാണ്. വലിയ ആ പാഠമാണ് സഹോദരനയ്യപ്പന്‍ നമുക്കുമുമ്പില്‍ തുറന്നുവച്ചത്. സര്‍ക്കാര്‍ ചെലവുചുരുക്കല്‍ നടപടി ആരംഭിച്ചപ്പോള്‍, മന്ത്രിമാരുടെ എണ്ണം കുറഞ്ഞാല്‍ അതുകൊണ്ടുതന്നെ ചെലവുചുരുക്കല്‍ ഒരളവില്‍ സാധ്യമാവുമല്ലോ എന്നു പറഞ്ഞ് മന്ത്രിസ്ഥാനമുപേക്ഷിച്ചയാള്‍കൂടിയാണ് സഹോദരനയ്യപ്പന്‍.

സ്വതന്ത്രചിന്തയുടെ പതാക എന്നും ഉയര്‍ത്തിപ്പിടിച്ചു സഹോദരനയ്യപ്പന്‍. ഏറെ സ്നേഹിക്കുകയും ആദരിക്കുകയുംചെയ്ത ശ്രീനാരായണ ഗുരുവിനെപ്പോലും അദ്ദേഹം അന്ധമായി പിന്തുടര്‍ന്നില്ല. അതുകൊണ്ടാണല്ലോ, ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവാക്യത്തെ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന വാക്യംകൊണ്ട് സഹോദരനയ്യപ്പന്‍ തിരുത്തിയത്. അതായിരുന്നു സഹോദരനയ്യപ്പന്‍റെ സ്വതന്ത്രചിന്ത. ഗുരുവാകട്ടെ, അതിനെ എതിര്‍ത്തുമില്ല. ‘അയ്യപ്പന് അങ്ങനെയുമാവാം’ എന്ന് പ്രതികരിക്കുകയാണ് ചെയ്തത്. മാതൃകാപരമായ ആ ഗുരുശിഷ്യബന്ധം ഇന്ന് എവിടെയുണ്ട്? സഹോദരനയ്യപ്പന്‍ എടുത്ത സ്വാതന്ത്ര്യവും അത് വകവച്ചുകൊടുത്ത ഗുരുവിന്‍റെ സഹിഷ്ണുതയും മാതൃകയാകേണ്ടതുണ്ട്.

ഗുരുചിന്തയെ കാലാനുസൃതമായി പുതുക്കിയെടുക്കുകയാണ് സഹോദരനയ്യപ്പന്‍ ചെയ്തത്. യുക്തിചിന്തപോലും ഗുരുചിന്തയില്‍നിന്നുള്ള വികാസമായിരുന്നു. ‘മനുഷ്യന്‍ യുക്തിയിലൂടെ കണ്ടെത്തിയതല്ലാതെ ലോകത്തിന്‍റെ വിജ്ഞാനശാഖയില്‍ മറ്റൊന്നുമില്ല’ എന്മ്പ്രഖ്യാപിക്കുന്നതായിരുന്നു സഹോദരന്‍ മാസിക മുമ്പോട്ടുവച്ച മുദ്രാവാക്യംതന്നെ. യുക്തിയും ബുദ്ധിയും എല്ലാ മനുഷ്യരിലും വിളഞ്ഞുനില്‍ക്കണമെന്ന് അദ്ദേഹം ആശിച്ചു. ‘സഹോദരന്‍’ എന്ന്മാസികയ്ക്ക് പേരിട്ടതുതന്നെ ജാതിമത ചിന്തകള്‍ക്കതീതമായ സാഹോദര്യം എന്ന ആശയം മുന്‍നിര്‍ത്തിയായിരുന്നുവെന്നു കാണാന്‍ വിഷമമില്ല. അതിന്‍റെ ഊര്‍ജം ഉള്‍ക്കൊണ്ട് പില്‍ക്കാലത്തു വന്നവരാണ് എം സി ജോസഫും വി ടിയും ഒക്കെ. യുക്തിചിന്ത മനുഷ്യജീവിതപുരോഗതിക്ക് അനിവാര്യമാണെന്ന് എല്ലാ അര്‍ഥത്തിലും സമൂഹത്തെ ബോധ്യപ്പെടുത്തിയ യുക്തിവാദിയായി സഹോദരനയ്യപ്പന്‍.

സഹോദരനയ്യപ്പനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട പി കേശവദേവ്, തന്നെ ഒരാള്‍ കേശവദേവന്‍ എന്ന് സംബോധന ചെയ്തപ്പോള്‍ ‘എനിക്ക് ആരുടെയും ദേവനാവണ്ട’ എന്ന് മറുപടി പറഞ്ഞു. ആ കേരളത്തില്‍ ഇന്ന് എത്ര ആള്‍ദൈവങ്ങളാണുള്ളത്?നമ്മള്‍ മൂന്നാം സഹസ്രാബ്ദഘട്ടത്തിലേക്ക് പുരോഗമിച്ചെത്തി എന്നു പറയുന്നു. പക്ഷേ, ചൊവ്വയിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുമ്പോഴും മന്ത്രം ജപിക്കുകയാണ് മനസ്സില്‍ നമ്മുടെ പല ശാസ്ത്രജ്ഞരും എന്നതാണ് സ്ഥിതി. യുക്തിചിന്തയ്ക്കുവേണ്ടി സഹോദരനയ്യപ്പനെപ്പോലുള്ളവര്‍ നൂറ്റാണ്ടിനുമുമ്പ് പൊരുതിയ കേരളത്തില്‍ യുക്തിരഹിതമായ അന്ധവിശ്വാസങ്ങള്‍ പടരുകയാണ് ഒരു നൂറ്റാണ്ടായപ്പോള്‍. ഏതെല്ലാം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതാക്കാന്‍ അവരൊക്കെ പൊരുതിയോ, അതൊക്കെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഇരുട്ടിന്‍റെ ശക്തികള്‍.

‘ഇന്ത്യന്‍ സംസ്കാരം’ എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞുകൊണ്ടാണ് എല്ലാവിധ സംസ്കാരവിരുദ്ധകാര്യങ്ങളും ചെയ്യുന്നത്. ഇന്ത്യന്‍ സംസ്കാരം എന്നത് ഇവര്‍ പറയുന്നതല്ല, ശ്രീനാരായണ ഗുരുവും സഹോദരനയ്യപ്പനും അയ്യന്‍കാളിയും വി ടിയും ഇ എം എസും ഒക്കെ കാണിച്ചുതന്നതാണ് എന്നത് പുതിയകാലത്ത് ആവര്‍ത്തിച്ച് ഉറപ്പിക്കേണ്ടിയിരിക്കുന്നു. അതിന് തീര്‍ച്ചയായും ശക്തിപകരും സഹോദരനയ്യപ്പന്‍റെയും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാംപാദത്തില്‍ നടന്ന മിശ്രഭോജനത്തിന്‍റെയും സ്മരണ.