മലയാളം സര്‍വകലാശാല

ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്‍റെ പേരില്‍ സ്ഥാപിതമായ മലയാള സര്‍വകലാശാലയില്‍ വരാന്‍ സാധിച്ചതില്‍ വലിയ ആനന്ദവും അഭിമാനവും തോന്നുന്നു. ഭാഷയെ സ്നേഹിക്കുകയും മലയാളത്തിന്‍റെ മഹത്വം തിരിച്ചറിയുകയും ചെയ്ത അനേകം ഭാഷാസ്നേഹികളുടെ അഭിലാഷമായിരുന്നു മലയാളത്തിന് വേണ്ടി ഒരു സര്‍വകലാശാല. ആ ആശയം യാഥാര്‍ത്ഥ്യമായി. അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സര്‍വകലാശാല അതിന്‍റെ ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയുകയും അവ നിറവേറ്റുന്നതിനുവേണ്ട അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു എന്നത് അഭിനന്ദനാര്‍ഹമാണ്.

ഇവിടെ എല്ലാ വിഷയങ്ങളും ബിരുദാനന്തരതലത്തില്‍ മലയാളത്തില്‍ പഠിക്കുന്നുവെന്നതും, ഗവേഷണ പ്രബന്ധരചന മലയാളത്തില്‍ നടത്തുന്നുവെന്നതും കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ തന്നെയാണ്. അര്‍ത്ഥപൂര്‍ണവും ധീരവുമാണ് മലയാള സര്‍വകലാശാലയുടെ ഈ കാല്‍വയ്പ്. സര്‍വകലാശാലാ വിദ്യാഭ്യാസവും ഭരണവും ഇംഗ്ലീഷിലായിരിക്കണമെന്ന വിചാരം, കൊളോണിയല്‍ കാലഘട്ടം തന്നുപോയ ദാസ്യമനോഭാവത്തിന്‍റെ നീക്കിയിരിപ്പാണ്. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടുകളാവുമ്പോഴും, ഈ മനോഭാവം നിലനില്‍ക്കുന്നുവെന്ന് മാത്രമല്ല, ഇംഗ്ലീഷിനോടുള്ള വിധേയത്വം ചിലര്‍ക്കിടയിലെങ്കിലും വര്‍ധിക്കുന്നുമുണ്ട്. മലയാളഭാഷയ്ക്ക് വൈജ്ഞാനികവിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമോ എന്ന വിചിത്രമായ സംശയം അക്കാദമിക മേഖലകളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് മലയാളത്തെ മാറ്റി നിറുത്താനുള്ള പ്രവണതയും വളര്‍ന്നുവരുന്നുണ്ട്.

ഗവണ്‍മെന്‍റ് ഈ പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. മലയാളം പഠിക്കുകയെന്നത് മലയാളിയുടെ മൗലികാവകാശമാണ്. ആ അവകാശം നിഷേധിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെയും വ്യക്തമായ ലക്ഷ്യബോധത്തോടെയും സര്‍ക്കാര്‍ അവതരിപ്പിച്ച മലയാളഭാഷാ ബില്‍ നിയമസഭ അംഗീകരിച്ചു. വളരെക്കാലമായി നിലനില്‍ക്കുന്ന നയപരമായ വൈകല്യങ്ങളെയും കുറ്റകരമായ ഉദാസീനതകളെയും ഇല്ലായ്മ ചെയ്യാന്‍ പര്യാപ്തമാണ് ഈ നിയമം. വിദ്യാഭ്യാസം നേടുന്ന ചെറുപ്പക്കാരെ സ്വന്തം ഭാഷയില്‍നിന്ന് അകറ്റി നിറുത്താന്‍ പ്രേരിപ്പിക്കുന്ന മനോഭാവവും സാഹചര്യവും ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ല.

വ്യത്യസ്ത ചരിത്രസന്ദര്‍ഭങ്ങളിലൂടെ വളര്‍ന്നു പുഷ്ടിപ്പെട്ട മലയാളഭാഷയ്ക്ക് ഏത് സങ്കീര്‍ണാശയങ്ങള്‍ അവതരിപ്പിക്കാനുമുള്ള പ്രാപ്തിയുണ്ട്. വിദേശീയരായ കച്ചവടക്കാരുമായി നൂറ്റാണ്ടുകള്‍ക്കു മുമ്പേ ആരംഭിച്ച സമ്പര്‍ക്കം; ബന്ധപ്പെടുന്ന ഭാഷകളില്‍ നിന്ന് വേണ്ടതെല്ലാം കടം വാങ്ങാനും സ്വാംശീകരിക്കാനുള്ള കഴിവ്; നവോത്ഥാനത്തെ തുടര്‍ന്നുള്ള കാലഘട്ടത്തില്‍ പരിചയിച്ച പുരോഗമനാശയങ്ങളോടുള്ള ആഭിമുഖ്യം; ലോകത്തെവിടെയുമുണ്ടാവുന്ന ബൗദ്ധികാശയങ്ങള്‍ ആവിഷ്കരിക്കാനുള്ള വൈഭവം; ഇവയെല്ലാം മലയാളഭാഷയ്ക്ക്
അനന്യമായ മെയ്വഴക്കവും ചലനാത്മകതയും നേടിത്തന്നു. മലയാളത്തിന്‍റെ ഈ മഹത്വം വിസ്മരിച്ചുകൊണ്ടാണ് ഭാഷാപഠനത്തിന്‍റെ പ്രാധാന്യത്തെയും ഭാഷയുടെ പ്രാപ്തിയേയും ചിലര്‍ തമസ്കരിക്കുന്നത്. ഇതിന് നേരെ കണ്ണടയ്ക്കാന്‍ ചരിത്രബോധവും സ്വാഭിമാനവുമുള്ള ഒരു ജനതയ്ക്ക് കഴിയില്ല. ഇപ്പോള്‍ സര്‍ക്കാര്‍ പിന്തുടരുന്ന ഭാഷാനയം മലയാളത്തിന്‍റെ കരുത്തിലുള്ള വിശ്വാസത്തില്‍നിന്നാണ് ഊര്‍ജം നേടുന്നത്. നമ്മുടെ സ്വത്വബോധത്തിന്‍റെയും ആത്മാഭിമാനത്തിന്‍റെയും പ്രഖ്യാപനമാണത്.

സ്വന്തം ഭാഷയിലുള്ള അഭിമാനം കൈമോശം വരുന്ന ഒരു ജനതയുടെ വളര്‍ച്ചതന്നെ പരിമിതപ്പെടും. ഭാഷാഭിമാനമുള്ള ഒരു ജനതയ്ക്കുണ്ടാവുന്ന സാമൂഹ്യവും സാമ്പത്തികവുമായ മുന്നേറ്റത്തിനാകട്ടെ, കൂടുതല്‍ സുസ്ഥിരതയും അന്തഃസത്തയുമുണ്ടാകും. മലയാളിയായിരിക്കുന്നതില്‍ അഭിമാനമുണ്ടാവുക; ആ അഭിമാനം മലയാളത്തെയും മലയാളക്കരയേയും വളര്‍ത്തുന്നതിനുള്ള ഇന്ധനമാക്കുക; അതാണ് കേരളം ആഗ്രഹിക്കുന്ന സാമൂഹ്യവികസനത്തിന്‍റെ ഭാഷാപരമായ അടിത്തറ. വിദ്യാഭ്യാസമേഖലയിലും ഭരണരംഗത്തും മലയാളത്തിന്‍റെ ഉപയോഗം സാര്‍വത്രികമാക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മലയാളമറിഞ്ഞുകൂടാത്ത വിദ്യാസമ്പന്നരെക്കൊണ്ട് നാടിനും നാട്ടുകാര്‍ക്കും പരിമിതമായ പ്രയോജനമേ ഉള്ളൂ.

അതേപോലെ, തെരഞ്ഞെടുത്ത ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയില്‍ ഭരണകൂടം സംസാരിക്കുന്നില്ലെങ്കില്‍ – അവരുമായി ആശയവിനിമയം നടത്തുന്നില്ലെങ്കില്‍ – അത് ജനാധിപത്യപ്രക്രിയയെ അവഹേളിക്കുന്നതിന് തുല്യമാണ്. ഭരണഭാഷ മാതൃഭാഷ തന്നെയാകണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു വിട്ടുവീഴ്ചയുമില്ല. കൊളോണിയല്‍ ഭരണകര്‍ത്താക്കള്‍ ജനങ്ങളെ അകറ്റിനിറുത്താന്‍ ഭാഷയെ ആയുധമാക്കി. കൊളോണിയലിസത്തിന്‍റെ ഉപകരണങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ല. രാഷ്ട്രീയ നേതൃത്വം മലയാളത്തില്‍ സംസാരിക്കുമ്പോഴും ഔദ്യോഗിക സംവിധാനം ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ താല്‍പര്യപ്പെടുന്നു. അധികാരം ഗ്രാമപഞ്ചായത്തുകളിലേയ്ക്കും ഗ്രാമസഭകളിലേക്കും കൈമാറിയ ജനാധിപത്യ ഭരണസംവിധാനത്തില്‍, ഇത്തരം പൊരുത്തക്കേടുകള്‍ ഇനിയെങ്കിലും അവസാനിക്കണം.

ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും ധാരാളമായി എഴുതുകയും ചെയ്ത ഇം എം എസ് നമ്പൂതിരിപ്പാട് ഈ അവസ്ഥയെക്കുറിച്ച് ഇരുപതുവര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ഒരു വാക്യം ഇപ്പോഴും പ്രസക്തമാണ്. “മലയാളം മരിക്കുന്നു എന്ന് ആവലാതിപ്പെടുന്നതിനു പകരം മലയാളത്തെ മരിപ്പിക്കുന്ന വിദേശീയ സാംസ്കാരികാധിപത്യത്തിനും അതിന്‍റെ ശിങ്കിടികളായി പ്രവര്‍ത്തിക്കുന്ന നാടന്‍ ബുദ്ധിജീവികള്‍ക്കുമെതിരായ രൂക്ഷസമരത്തിലേര്‍പ്പെടുകയാണ് വേണ്ടത്” എന്നദ്ദേഹം ഓര്‍മിപ്പിച്ചു. ഭാഷയുടെ രാഷ്ട്രീയമാനങ്ങള്‍ തിരിച്ചറിഞ്ഞ ഇ എം എസിന്‍റെ സങ്കല്‍പങ്ങള്‍ നവകേരളസൃഷ്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ സര്‍ക്കാര്‍
സാക്ഷാല്‍ക്കരിക്കുകയാണ്.

സംസ്ഥാനം അതിന്‍റെ വജ്രജൂബിലി ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ നയപരവും നിയമപരവുമായ നടപടികളിലൂടെ മലയാളഭാഷയ്ക്ക് പണ്ടേ അവകാശപ്പെട്ട സ്ഥാനം വിണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ തികഞ്ഞ ഇച്ഛാശക്തിയോടെ ഏറ്റെടുക്കുന്നു. ഈ പരിശ്രമങ്ങള്‍ക്ക് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല അക്കാദമികമായ സഹകരണവുമായി കൂടെയുണ്ടെന്നറിയുന്നതില്‍ വലിയ സന്തോഷമുണ്ട്. ‘മലയാളപാഠം’ എന്ന സമയോചിതമായ ഈ കര്‍മപദ്ധതി രൂപകല്‍പന ചെയ്ത സര്‍വകലാശാലയെ ഞാന്‍ അഭിനന്ദിക്കുന്നു.

ഈ ചരിത്രസന്ധിയില്‍, സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമികമായ ഊര്‍ജം പകരേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് സര്‍വകലാശാല തിരിച്ചറിഞ്ഞിരിക്കുന്നു. സ്കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭാഷാപഠനത്തില്‍ ഉചിതവും ആധുനികവുമായ പരിശീലനവും മാര്‍ഗനിര്‍ദ്ദേശവും നല്‍കാനുള്ള ഈ കര്‍മപദ്ധതി സര്‍ക്കാരിന്‍റെ പരിപാടികള്‍ക്ക് സര്‍ഗാത്മകമായ കൈത്താങ്ങാണെന്ന
കാര്യത്തില്‍ സംശയമില്ല. ആധുനിക സാങ്കേതികവിദ്യകളെ ഭാഷാപഠനത്തിന് ഉപയോഗപ്പെടുത്താനുള്ള സമീപനവും കാലോചിതമാണ്. മലയാളത്തിന്‍റെ മഹത്വംപൂര്‍ണമായ അര്‍ത്ഥത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള ചരിത്രദൗത്യത്തിന് മലയാളസര്‍വകലാശാലയുടെ ഇടപെടല്‍കൊണ്ട് വലിയ പ്രയോജനമുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

‘മലയാളപാഠം’ വലിയ വിജയമാകട്ടെ എന്ന ആശംസയോടെ ഈ കര്‍മപദ്ധതി ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു.