സര്‍ഗാത്മകതയ്‌ക്കെതിരായ ഭീഷണികള്‍ ചെറുത്തു തോല്‍പിക്കണം

സര്‍ഗാത്മകതയ്‌ക്കെതിരായ ഭീഷണികള്‍ ചെറുത്തു തോല്‍പിക്കാനുള്ള കരുത്ത് കലാകാരന്‍മാര്‍ക്കുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ സംഘടിപ്പിച്ച അഖി ദേശീയ കലാക്യാമ്പിന്റെ സമാപന സമ്മേളനവും കലാപ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യമെന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യം കൂടിയാണ്. കപടമായ കണ്ണുകള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയുന്നില്ല. അടുത്തിടെ പദ്മാവത് എന്ന ചിത്രം നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. സിനിമ നിര്‍മാതാവിനായി കോടതിയിലെത്തിയ സീനിയര്‍ അഭിഭാഷകനുപോലും ഭീഷണി നേരിടേണ്ടി വന്നു. എഴുത്തുകാരും കലാകാരന്‍മാരും ഇത്രയധികം വെല്ലുവിളി നേരിട്ട കാലമുണ്ടായിട്ടില്ല. പലരും ഭീഷണിക്കിരയാകുന്നു. ചിലര്‍ കൊല്ലപ്പെടുന്നു. സമസ്ത കലാരൂപങ്ങള്‍ക്കും നേരേ ഭരണകൂടം തന്നെ വാളോങ്ങുന്ന അവസ്ഥ കാണേണ്ട സ്ഥിതിയാണ്. അനീതിക്കെതിരായ ശബ്ദം നിശ്ചലമാക്കാനുള്ള ശ്രമങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ല. ആധുനിക സമൂഹം അകപ്പെട്ടിട്ടുള്ള അസഹിഷ്ണുതയെയും ജാതീയമായ ജീര്‍ണതയെയും പ്രതിരോധിക്കാനുള്ള ചുമതല കലാകാരനുണ്ട്. സമകാലിക സാമൂഹ്യ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കലാകാരന്‍മാരാണ് കാലഘട്ടത്തിന്റെ ആവശ്യം. കലാരംഗത്തെ ക്രിയാത്മകവും ഗൗരവവുമായ ഇടപെടല്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. ചുവരുണ്ടെങ്കിലേ ചിത്രം എഴുതാനാവൂ എന്ന് മനസിലാക്കണം. കലാകാരന്‍മാര്‍ സമൂഹത്തെ പരിഗണിക്കാത്തിടത്തോളം കല പൂര്‍ണമാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലബാര്‍ മേഖലയില്‍ ഫൈന്‍ ആര്‍ട്‌സ് കോളേജ് ഇല്ലെന്ന പ്രശ്‌നം ഗൗരവമായി പരിഗണിക്കും. ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ആര്‍ട് ഗാലറി ഒരുക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ലളിതകലാ അക്കാഡമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ടെന്‍സിംഗ് ജോസഫ്, പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി. എന്‍. മുരളി, ലളിതകലാ അക്കാഡമി നിര്‍വാഹക സമിതിയംഗം കാരയ്ക്കാമണ്ഡപം വിജയകുമാര്‍, ബൈജു ദേവ് എന്നിവര്‍ സംബന്ധിച്ചു.