സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കും

സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് പദ്ധതിയുടെ പൈലറ്റ് പൂര്‍ത്തീകരണവും 45,000 ക്‌ളാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന്റേയും ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്‌ളബുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സംരംഭമായി ഐ.ടി@സ്‌കൂള്‍ മാറിയിരിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ യു.പി., എല്‍.പി സ്‌കൂളുകളിലും സാങ്കേതിക വിദ്യാഭ്യാസാധിഷ്ഠിത പഠനത്തിന് തുടക്കം കുറിയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നേതൃത്വപരമായ പങ്ക് വഹിക്കാന്‍ കുട്ടികളെ പ്രാപ്തമാക്കും. ഭാവിതലമുറയുടെ സാങ്കേതിക മികവ് വര്‍ദ്ധിപ്പിക്കാനും ഉപകരിക്കും. സാങ്കേതികമായി മുന്നിട്ട് നില്‍ക്കുന്ന യുവതലമുറയുള്‍ക്കൊള്ളുന്ന ഒരു സമൂഹം ആഗ്രഹിക്കുന്ന എല്ലാവരും ലിറ്റില്‍ കൈറ്റ്‌സ് ക്ലബുകളെ സഹായിക്കാന്‍ സന്നദ്ധമാകണം. സാങ്കേതികാധിഷ്ഠിത വിദ്യാഭ്യാസം വ്യാപകമാക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കേണ്ടതുണ്ട്.

കാലത്തിനനുസരിച്ച് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കുന്നത്. ഓരോ കുട്ടിയും മികച്ച നിലവാരം നേടുമെന്ന് ഉറപ്പു വരുത്തുംവിധമാണ് ഇതിന് രൂപം നല്‍കിയിരിക്കുന്നത്. സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കാനാവുമെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രത്യേകത. വിപുലമായ ജനപങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ലോകത്തെവിടെയുമുള്ള മികച്ച വിദ്യാഭ്യാസം കേരളത്തിലെ പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടിക്ക് ലഭിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ വിതരണവും ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

2019 മാര്‍ച്ച് 31 ഓടെ കേരളത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്കായി മാറുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കേരളത്തിലെ കുട്ടികളെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ പഠന രീതി മനസിലാക്കുന്നതിന് രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. അറിവിന്റെ സമ്പത്ത് സൃഷ്ടിക്കുന്നതിലാണ് നാളത്തെ കേരളത്തിന്റെ സാധ്യതയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. ഈ സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഏറ്റവുമധികം മാറ്റം വരാന്‍ പോകുന്നത് വിദ്യാഭ്യാസ മേഖലയിലാവും. പുതിയ പഠന രീതി കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് മനസിലാക്കുന്നത്. ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബുകളുടെ മാതൃകയില്‍ അധ്യാപക ക്ലബുകളും ഉണ്ടാവണം. സംസ്ഥാനവ്യാപകമായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കുമ്പോള്‍ പ്രാദേശിക ആശയങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കൈറ്റ് തയ്യാറാക്കിയ സി.ഡി മന്ത്രി പ്രകാശനം ചെയ്തു. മന്ത്രി ടി.പി. രാമകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍, ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സി. ഇ.ഒ ഡോ. പി.കെ. ജയശ്രീ, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ പ്രൊഫ. എ. ഫാറൂക്ക്, കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.