img
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ മതനിരപേക്ഷത, സമത്വം എന്നിവ ലംഘിക്കുന്നതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തെ (സി‌എ‌എ) എതിര്‍ക്കുന്നതിന്‍റെ അടിസ്ഥാന കാരണം. സി‌എ‌എ തീര്‍ത്തും ഭരണഘടനാവിരുദ്ധമാണെന്നും സി‌എ‌എയും-എൻ‌ആർ‌സിയും ചേരുമ്പോള്‍ അടിസ്ഥാനപരമായി വിവേചനപരമാണെന്നും പല സംസ്ഥാന സർക്കാരുകളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണഘടനാവിരുദ്ധമായ ഈ നിയമത്തിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തിൽ ഒരുമിച്ച് നിൽക്കുകയും സത്യാഗ്രഹം നടത്തുകയും ചെയ്തു. വിവേചനപരമായ ഈ നടപടിക്കെതിരെ നിരവധി സംഘടനകൾ പ്രതിഷേധ ശബ്ദങ്ങൾ ഉയർത്തുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഓരോ ദിവസം കഴിയുന്തോറും അടിസ്ഥാന മനുഷ്യാവകാശത്തിന്‍റെ ലംഘനമയ ഈ നിയമത്തിനെതിരെ കേരള സമൂഹത്തിന്‍റെ ഐക്യം ശക്തിപ്പെടുകയാണ്.
സി‌എ‌എ പാസാക്കിയതുമുതൽ, ഈ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഈ പ്രതിഷേധങ്ങളിൽ മുന്നില്‍ നില്‍ക്കുന്നത് ഈ രാജ്യത്തെ വിദ്യാർത്ഥികളും യുവാക്കളുമാണ്.


ദേശീയ പൗരന്മാരുടെ രജിസ്റ്റർ നടപ്പാക്കുന്നതിന്‍റെ ആദ്യപടിയാണ് സി‌എ‌എ എന്നതിനാൽ എൻ‌ആർ‌സിക്കെതിരെയും കേരളം ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ട്. സി‌എ‌എയൊ-എൻ‌ആർ‌സിയൊ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഒരു ഡീറ്റെന്‍ഷന്‍ കേന്ദ്രവും നിർമ്മിക്കില്ലെന്നും ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 2021 ലെ സെൻസസ് കണക്കെടുപ്പിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍പിആര്‍) തയ്യാറാക്കാൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളില്‍ എൻ‌ആർ‌സി തയ്യാറാക്കുന്നതിന്‍റെ അടിസ്ഥാനമായി എൻ‌പി‌ആറിനെ പരിഗണിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അതിനാൽ, എൻ‌പി‌ആറുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും കേരള സർക്കാർ നിർത്തിവച്ചിരിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് (31 December 2019) കേരള നിയമസഭ 2019 ലെ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി.


കേരള സർക്കാരിന്‍റെ ശ്രമങ്ങളുടെ വിശ്വാസ്യതയെ തകര്‍ക്കുവാന്‍ ദേശീയ തലത്തിൽ ആസൂത്രിതമായ പ്രചാരണ പരിപാടികൾ നടക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്‍റെ വിവേചനപരവും അന്യായവുമായ നീക്കത്തിനെതിരെ കേരളം മുൻകൈയെടുക്കുന്നതുകൊണ്ടാണ് ഇത്. കേരള സർക്കാരിന്റെ ഇടപെടലുകളുടെ ഭരണഘടനാ സാധുത, പ്രത്യേകിച്ചും കേരള നിയമസഭ അംഗീകരിച്ച പ്രമേയം തുടങ്ങിയവ ചോദ്യം ചെയ്യപ്പെടുന്നു. അതിനാൽതന്നെ തെറ്റിദ്ധാരണ ജനകമായ പ്രചാരണങ്ങൾ രാജ്യത്തുടനീളം നേരിടുന്ന ഘട്ടത്തിൽ കേരള സർക്കാരിന്റെ നടപടികളുടെ ഭരണഘടനാപരമായ സാധുത അവതരിപ്പിക്കേണ്ടത് അനിവാര്യമാണ്.