ലഘു വിവരണം

പതിനാലാം കേരളാ നിയമസഭയിലേക്ക് 2016 മേയ് 16ന് നടന്ന തെരെഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തില്‍ നിന്നും 36905 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ശ്രീ. പിണറായി വിജയന്‍ തെരെഞ്ഞെടുക്കപ്പെട്ടത്.

കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)-ന്റെ പൊളിറ്റ്ബ്യൂറോ അംഗമാണ് അദ്ദേഹം. 1998 മുതല്‍ 2015 വരെ സിപിഐ(എം)-ന്റെ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1996 മുതല്‍ 1998 വരെ ഈ.കെ. നായനാര്‍ നേതൃത്വം നല്‍കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരില്‍ ഊര്‍ജസഹകരണ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. അദ്ദേഹം വൈദ്യുതി വകുപ്പ് മന്ത്രി ആയിരുന്ന കാലയളവില്‍ സംസ്ഥാനത്തെ വൈദ്യുതോല്പാദനശേഷിയില്‍ റെക്കോഡ് വളര്‍ച്ചയാണുണ്ടായത്.

കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ 1944 മാര്‍ച്ച് 21നാണ് കോരന്റെയും കല്യാണിയുടെയും മകനായി വിജയന്‍ ജനിച്ചത്. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ പ്രീയൂണിവേഴ്സിറ്റി പഠനത്തിനായി ചേര്‍ന്നു. അതേ കോളേജില്‍ നിന്ന് തന്നെ അദ്ദേഹം ബിരുദപഠനം പൂര്‍ത്തീകരിക്കുകയും ചെയ്തു.

തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലെ പഠനകാലത്തിനിടയ്ക്കാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ പിണറായി വിജയന്‍ രാഷ്ട്രീയപ്രവേശം നടത്തിയത്. 1964ല്‍ അദ്ദേഹം സിപിഐ(എം)-ല്‍ ചേര്‍ന്നു. അടിയന്തരാവസ്ഥക്കാലത്ത് (1975-77) അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും നിഷ്ഠൂരമായ മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തു.

കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ നിന്നും 1970, 1977, 1991 വര്‍ഷങ്ങളിലും പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും 1996ലും അദ്ദേഹം കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കമലയാണ് അദ്ദേഹത്തിന്റെ ഭാര്യ. രണ്ട് കുട്ടികളുണ്ട്, വീണയും വിമലും.