സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി കൈത്തറി യൂണിഫോം

സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി കൈത്തറി യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതി പരമ്പരാഗത കൈത്തറിത്തൊഴിലാളികളുടെ കണ്ണീരൊപ്പാൻ സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് സൗജന്യമായി കൈത്തറി യൂണിഫോം വിതരണം ചെയ്യുന്ന  പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിച്ചു. സർക്കാരിന്റെ ഒന്നാം വാർഷിക നേട്ടങ്ങളിൽ പ്രധാനപ്പെട്ടതാണിത്. കുട്ടികൾക്ക് യൂണിഫോം കൊടുക്കുന്നു എന്നതു മാത്രമല്ല ഇതിന്റെ പ്രത്യേകത. പല കാരണങ്ങളാൽ ക്ഷയിച്ചു പോയ പരമ്പരാഗത കൈത്തറി മേഖലയിലെ തൊഴിലാളികൾക്ക് ഇതു വലിയതോതിൽ സഹായകരമാകും. എട്ടാംതരം വരെയുള്ള കുട്ടികൾക്ക് രണ്ടു ജോഡി യൂണിഫോം വാങ്ങുന്നതിന് സർക്കാർ പണം അനുവദിക്കുന്നുണ്ടെങ്കിലും അത്രയും കുട്ടികൾക്ക് നല്കാനാവശ്യമായ തുണി ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു എൽപി വിദ്യാർത്ഥികൾക്ക് മാത്രമേ ഇപ്പോൾ യൂണിഫോം വിതരണം ചെയ്യാൻ സാധിക്കുകയുള്ളു. ബാക്കി വിദ്യാർത്ഥികൾക്ക് യൂണിഫോമിനുള്ള തുക വിതരണം ചെയ്യും. അടുത്ത വർഷം മുതൽ മുഴുവൻ വിദ്യാർത്ഥികൾക്കും യൂണിഫോം നൽകാനാവും വിധം കൈത്തറി ഉത്പാദനം വർദ്ധിപ്പിക്കും. വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനു കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതി ഉദ്‌ഘാടനം ചെയ്തത്. യൂണിഫോം ലഭിക്കാത്ത മറ്റ് സ്കൂളുകളിലെ കുട്ടികൾക്ക് യൂണിഫോമിനുള്ള തുക ലഭ്യമാക്കാൻ നടപടിയായിട്ടുണ്ട്.

ഈ പദ്ധതി നടപ്പിലാക്കിയതോടെ കൈത്തറിമേഖലയിൽ ഏകദേശം എണ്ണയിരും തൊഴിലാളികൾക്കായി രണ്ടുലക്ഷത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനായി. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലെ 233 കൈത്തറി സഹകരണ സംഘങ്ങളിൽ നിന്നാണ് ആവശ്യത്തിന് തുണി ശേഖരിക്കുന്നത്. നൂലിന്റെയും തുണിയുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 43 ഗുണമേന്മാ ഇൻസ്പെക്ടർമാരെ നിയമിച്ചു. തറികളുടെ അറ്റകുറ്റപ്പണികൾക്കായി നാലായിരം രൂപവരെ ധനസഹായം നൽകി. കേവലം നൂറ്റി അമ്പതു രൂപയിൽ താഴെ പ്രതിദിന വരുമാനം ലഭിച്ചിരുന്ന തൊഴിലാളികളുടെ വരുമാനം 450 രൂപക്കും 600 രൂപക്കുമിടയിൽ വർദ്ധിച്ചു.