വിദ്യാഭ്യാസ വായ്പ ആശ്വാസ പദ്ധതി

വിദ്യാഭ്യാസ വായ്പ്പാ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി നേരിടുന്ന വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കുമായി സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പദ്ധതി വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്‌തു. പദ്ധതിക്ക് ആവശ്യമെങ്കിൽ കൂടുതൽ തുക വക കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രകാരം കടാശ്വാസം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കൈമാറി.

ഒൻപത് ലക്ഷം രൂപക്ക് താഴെ വിദ്യാഭ്യാസ വായ്പ് എടുത്തു പ്രതിവർഷം ആറു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ വായ്‌പ്പാ സഹായ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ബാങ്കുകൾ നോൺ പെർഫോമിംഗ് അസറ്റ് പട്ടികയിൽപെടുത്തിയ നാലുലക്ഷം രൂപ വരെയുള്ള വായ്പ്പകളിൽ 60 ശതമാനം വരെയുള്ള വായ്പ്പാത്തുക സർക്കാർ അടയ്ക്കും. ഇതിനായി ബാങ്കുകൾ വായ്പ്പകളിന്മേലുള്ള പലിശയും പിഴപലിശയും ഒഴിവാക്കികൊടുക്കണമെന്നാണ് നിബന്ധന. നാലു ലക്ഷത്തിന് മുകളിലുള്ള നോൺ പെർഫോമിംഗ് പട്ടികയിൽ ഉൾപ്പെടാത്ത വായ്പ്പകളുടെ കാര്യത്തിൽ ആദ്യവർഷം അടക്കേണ്ട തുകയുടെ 90%, രണ്ടാം വർഷം അടക്കേണ്ട തുകയുടെ 75%, മൂന്നാം വർഷത്തെ 50%, നാലാം വർഷത്തെ 25% എന്ന കണക്കിൽ സർക്കാർ അടയ്ക്കും. നാലുലക്ഷത്തിനു മുകളിലുള്ള നോൺ പെർഫോമിംഗ് അസറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട വായ്പകളുടെ തിരിച്ചടവിനായി പ്രത്യേക പാക്കേജും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് വിദ്യാഭ്യാസ വായ്പ്പ എടുത്തശേഷം മരണമടഞ്ഞ വിദ്യാർത്ഥികളുടെയും വായ്പ്പ എടുത്തിട്ടുള്ള ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെയും കാര്യത്തിൽ ബാങ്കുകൾ പലിശ എഴുതിത്തള്ളുന്ന പക്ഷം വായ്പ്പാതുക പൂർണമായും തിരിച്ചടയ്ക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു.