ചെറുകിട കൃഷിക്കാരുടെ കൃഷിഭൂമിയെ റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴുവാക്കും

ചെറുകിട കൃഷിക്കാരുടെ കൃഷിഭൂമിയെ റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പാ തുകയുടെ തിരിച്ചടവുമായി ബന്ധപ്പെട്ടാണിത്. ഗ്രാമപ്രദേശങ്ങളില്‍ ഒരേക്കറും നഗരപരിധിയില്‍ അമ്പത് സെന്റും വരെയുള്ള കൃഷിഭൂമികള്‍ ആയിരിക്കും ഇത്തരത്തില്‍ പരിഗണിക്കപ്പെടുക. ആയിരം ചതുരശ്രയടിയില്‍ താഴെ ഏക കിടപ്പാടമുള്ള കുടിശ്ശികക്കാരെയും ജപ്തിനടപടികളില്‍ നിന്നുമൊഴിവാക്കണം. ഇതിനു വേണ്ടി കേരളത്തിലെ റവന്യൂ റിക്കവറി ആക്റ്റില്‍ ഉചിതമായ ഭേദഗതി വരുത്തുവാനും, സര്‍ഫാസി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചുകൊണ്ടുമുള്ള പ്രമേയം നിയമസഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു.

സ്വന്തം കൃഷിഭൂമി പണയപ്പെടുത്തി കാര്‍ഷികവായ്പ എടുക്കുന്ന ചെറുകിടകൃഷിക്കാര്‍ക്ക് പല കാരണങ്ങളാല്‍ യഥാസമയം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ റവന്യൂ റിക്കവറി നടപടികള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ട്. പലപ്പോഴും അവരുടെ കൃഷിഭൂമി പണയവസ്തു എന്ന നിലയില്‍ സര്‍ക്കാര്‍ റവന്യൂ റിക്കവറി നിയമപ്രകാരം ഏറ്റെടുക്കുന്നതായി കാണുന്നു. സ്വന്തമായ കൃഷിഭൂമി നഷ്ടപ്പെടുന്ന കര്‍ഷകന്‍ ഇതോടെ നിത്യ ദുരിതത്തിലേയ്ക്കാണ് തള്ളിവിടപ്പെടുന്നത്. ഏറ്റവും താഴെക്കിടയിലുള്ള കര്‍ഷകരെയെങ്കിലും ഇത്തരമൊരവസ്ഥയില്‍ നിന്നും മോചിപ്പിക്കേണ്ടത് ആവശ്യമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.