Tag: chief minister of kerala

മന്ത്രിസഭായോഗ തീരുമാനങ്ങൾ തിയതി – 29.08.2019

വിജെടി ഹാള്‍ ഇനി ‘അയ്യങ്കാളി ഹാള്‍’
അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി  പോരാടിയ നവോത്ഥാന നായകനായ അയ്യന്‍കാളിക്കു ഉചിതമായ സ്മാരകം എന്ന നിലയില്‍ തിരുവന്തപുരത്തെ വിജെടി ഹാളിനു ‘അയ്യങ്കാളി ഹാള്‍’ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചു.
വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക്, 1896ല്‍ ശ്രീമൂലം തിരുനാളിന്‍റെ കാലത്താണ് ഈ ഹാള്‍ നിര്‍മിച്ചത്. ഇപ്പോള്‍  സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഈ ഹാളിന്‍റെ അറ്റകുറ്റപ്പണിയും മോടിപിടിപ്പിക്കലും 1999 ല്‍ പൂര്‍ത്തിയാക്കിയിരുന്നു.എണ്ണമറ്റ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഈ മന്ദിരത്തെ കേരളത്തിന്‍റെ സാംസ്കാരിക-സാമൂഹിക മുന്നേറ്റങ്ങളുടെ ചരിത്ര സ്മാരകമായി അടയാളപ്പെടുത്തണം എന്നാണു സര്‍ക്കാര്‍ കണ്ടത്.
ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ തുടങ്ങിയത് 1888ല്‍ തിരുവിതാംകൂറിലാണ്. 1912ലാണ് അയ്യങ്കാളി പുലയ സമുദായത്തെ പ്രതിനിധാനം ചെയ്ത് സഭയിലെത്തിയത്. ആദ്യകാലത്ത് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലായിരുന്നു യോഗം ചേര്‍ന്നിരുന്നത്. പിന്നോക്ക ജാതിക്കാര്‍ അംഗങ്ങളായതോടുകൂടി യോഗം വിജെടി ഹാളിലേക്കു മാറ്റി.അവശജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അയ്യങ്കാളിയുടെ ശബ്ദം മുഴങ്ങിയത് ഈ ഹാളിലായിരുന്നു. സൗജന്യ വിദ്യാഭ്യാസത്തിനുവേണ്ടിയും പരീക്ഷാഫീസ് ഒഴിവാക്കുന്നതിനു വേണ്ടിയും സ്കൂളിലെ ഉച്ചക്കഞ്ഞിക്കുവേണ്ടിയും ഭൂരഹിതര്‍ക്ക് ഭൂമിവിതരണത്തിനുവേണ്ടിയും അദ്ദേഹം ഇവിടെ ശക്തിയുക്തം സംസാരിച്ചു. അയ്യങ്കാളിയെ പോലെ ശക്തമായും ധൈര്യമായും മറ്റാരും വിജെടി ഹാളില്‍ സംസാരിച്ചിട്ടുണ്ടാവില്ല. ഈ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ്, അയ്യങ്കാളിയുടെ സ്മരണ നിറഞ്ഞുനില്‍ക്കുന്ന വിജെ ടി ഹാളിനു ‘അയ്യങ്കാളി ഹാള്‍’ എന്ന് പുനര്‍മാമകരണം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
പ്രീ ഫാബ്രിക്കേറ്റഡ്  സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകള്‍
കേരളത്തെ രൂക്ഷമായി ബാധിച്ച കാലവര്‍ഷം അല്‍പം ശമിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നില്‍ പതറാതെ നേരിട്ട പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്. 2018ലെ മഹാപ്രളയത്തിലും അതിനുശേഷം ഈ വര്‍ഷമുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടപ്പോഴും ഒരുമയോടുകൂടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു.
ഈ ദുരന്തങ്ങളുടെ കാരണങ്ങളെക്കുറിച്ചും അവ എങ്ങനെ ഭാവിയില്‍ ഇല്ലാതാക്കാമെന്നതിനെക്കുറിച്ചും ആഴത്തിലുള്ള ചിന്ത സമൂഹത്തില്‍ രൂപപ്പെടുന്നുണ്ട്.
പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ രണ്ടു പ്രധാന പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നിലവിലുള്ള രീതിയില്‍ ഭവനനിര്‍മാണവും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുമ്പോള്‍ അസംസ്കൃത വസ്തുക്കള്‍ എങ്ങനെ കിട്ടും എന്നതാണ് അതിലൊന്ന്. നിലവിലുള്ള രീതി മാറ്റേണ്ടതല്ലേ,  നാടിന്‍റെ സവിശേഷമായ പ്രകൃതിക്കനു സരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തേണ്ടതല്ലേ എന്നതാണ് രണ്ടാമത്തേത്. ഈ ചോദ്യങ്ങള്‍ക്കുത്തരം, കണ്ടെത്തി,  പ്രായോഗിക ബദലുകള്‍ രൂപപ്പെടുത്തുന്നതിന് ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ സ്വാംശീകരിച്ചു മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഇതിന്‍റെ ഭാഗമായി ലൈഫ് മിഷനില്‍ ഉള്‍പ്പെടെ തയ്യാറാക്കുന്ന ഭവന സമുച്ചയങ്ങളെ പുതിയ രീതിയിലേക്ക്  പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക്  നീങ്ങുകയാണ്. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‍റെ ഭാഗമായി പ്രകൃതിദുരന്താഘാതം മറികടക്കാന്‍
ശേഷിയുള്ള ഭവനസമുച്ചയങ്ങള്‍ കെട്ടിപ്പടുക്കാന്‍ പ്രീ ഫാബ്രിക്കേറ്റഡ്  സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റി തീരുമാനം എടുത്തിട്ടുണ്ട്.
ഇത്തരം രീതികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്നുണ്ട്. ആവശ്യാനുസരണം ഓര്‍ഡര്‍ നല്‍കിയാല്‍ വീടുകള്‍ ഫാക്ടറിയില്‍ നിര്‍മിച്ച് നമ്മുടെ സ്ഥലത്തു ദിവസങ്ങള്‍ കൊണ്ട് ഫിറ്റ് ചെയ്യുന്ന ഏജന്‍സികള്‍ പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് പ്രധാനപ്പെട്ട സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന നിര്‍മാണ രീതിയാണ് അവലംബിക്കാന്‍ നോക്കുന്നത്.
1. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതും    പ്രകൃതിയെ ചൂഷണം ചെയ്യേണ്ടിവരുന്നതുമായ  അസംസ്കൃത വസ്തുക്കള്‍ പരമാവധി കുറയ്ക്കുകയാണ് പ്രധാനം. കല്ലും മണലും അടക്കമുള്ള നിര്‍മാണവസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തും. കരങ്കല്ലിന്‍റെയും മറ്റും അമിതമായ ഉപയോഗത്തെ നിയന്ത്രിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള വഴികളാണ് ഇങ്ങനെ തുറക്കാനാവുക.
2. ദുരന്താഘാതങ്ങളെ മറികടക്കാന്‍ ശേഷിയുള്ള കെട്ടിടങ്ങളാണ് പുതിയ സാങ്കേതികവിദ്യയിലൂടെ നിര്‍മിക്കപ്പെടുക.
3. ഭാരം കുറഞ്ഞതും ഈടുള്ളതും വളരെ വേഗം (ദിവസങ്ങള്‍ കൊണ്ടുതന്നെ) പൂര്‍ത്തിയാക്കാവുന്നതുമായ നിര്‍മാണ സങ്കേതമാണ് ഇത്. ഉള്‍പ്രദേശങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ എത്തിക്കാം. ഭവന നിര്‍മാണം നീണ്ടുപോകുന്നുവെന്ന വിമര്‍ശനം പരിഹരിക്കാന്‍ പറ്റുന്ന വിധം നിര്‍മാണ സമയം ഗണ്യമായി കുറയും എന്ന സവിശേഷതയും ഇതിനുണ്ട്.
ആഗോളതലത്തില്‍ തെളിയിക്കപ്പെട്ട സങ്കേതമാണെങ്കിലും കേരളീയര്‍ക്ക് ഏറെ പരിചിതമല്ലാത്ത ഒന്നാണിത്. സമ്പാദ്യമാകെയും കിട്ടാവുന്ന വായ്പകളും കൂട്ടി വീടുവെക്കുക എന്നതാണ് കേരളീയരുടെ പൊതു രീതി. ഈ വീടുകള്‍ പലപ്പോഴും പൂട്ടിയിടേണ്ടിവരികയും ചെയ്യും. ആ മനോഭാവമാണ് നാം ബോധപൂര്‍വ്വം മാറ്റേണ്ടത്.പുതിയ സാങ്കേതികവിദ്യയ്ക്ക് തുടക്കത്തില്‍ സ്വീകാര്യതക്കുറവ് ഉണ്ടായേക്കാം.
എങ്കിലും അവയുടെ ഈടുനില്‍പ്പും വേനല്‍ക്കാലത്തെ സുഖകരമായ അന്തരീക്ഷവും ജനങ്ങളെ ഇതിലേക്ക് നയിക്കുന്നതിന് സഹായിക്കും. സാങ്കേതികവിദ്യ പരിചിതമാക്കല്‍ ക്യാമ്പയിന്‍  ആസൂത്രണം ചെയ്യും. ചെന്നൈ ഐഐടി ഇത്തരം നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആവാസ വ്യവസ്ഥയെക്കുറിച്ച് പഠിക്കാന്‍ പുതിയ കമ്മറ്റി
പ്രകൃതിലോല പ്രദേശങ്ങളിലും മറ്റു പ്രദേശങ്ങളിലും ആവാസ വ്യവസ്ഥ എങ്ങനെയാകണം, പ്രാദേശിക മേഖലകളിലെ തീവ്രമായ സംഭവങ്ങളുടെ ശാസ്ത്രീയമായ അപഗ്രഥനം, ഭൂവിനിയോഗം, ഭൂപ്രദേശത്തിന്‍റെ ദൃഢത എന്നിവയെക്കുറിച്ച് ഗൗരവമുള്ള ഒരു പഠനം നടത്താന്‍ ഇതിനൊപ്പം തന്നെ തീരുമാനമെടുത്തിട്ടുണ്ട്. ജലവിഭവ എഞ്ചീനീയറിങ് വിദഗ്ധന്‍ കൂടിയായ കേരള സ്റ്റേറ്റ് സയന്‍സ് ആന്‍റ് ടെക്നോളജി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും സംസ്ഥാന സര്‍ക്കാരിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ പി സുധീര്‍ ആണ് സമിതിയുടെ കണ്‍വീനര്‍. ഇതിനുപുറമെ ഈ സമിതിയില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, ഐഐടി ചെന്നൈ, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പില്‍ സീനിയര്‍ തസ്തികയില്‍ ഉണ്ടായിരുന്നവര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി തുടങ്ങിയവര്‍ ഈ സമിതിയില്‍ അംഗമായിരിക്കും. ഈ സമിതി മൂന്ന് മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.കമ്മറ്റി പരിഗണിക്കുന്ന വിഷയങ്ങള്‍
1. അതിതീവ്രമഴയും അനുബന്ധ ദുരന്തങ്ങളും സംഭവിക്കാനുള്ള കാരണങ്ങളും അവയുടെ പ്രേരണാ ഘടകങ്ങളും.
2. തീവ്രമായ മണ്ണിടിച്ചല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ സൂചിപ്പിക്കുന്നതിനുള്ള രീതികളും സൂചകങ്ങളും പരിശോധിക്കുകയും അത്തരം ദുരന്തങ്ങളും അതിന്‍റെ അനന്തരഫലങ്ങളും കുറയ്ക്കുന്നതിനുള്ള പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.
3. പ്രളയദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഇപ്പോഴത്തെ ഭൂപടം പരിശോധിക്കുകയും, അത്തരം ദുരന്തങ്ങള്‍ കുറയ്ക്കാനുള്ള പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.
4. ഭൂവിനിയോഗം ദുരന്താഘാത ശേഷി താങ്ങാനുള്ളതാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി കമ്മറ്റിക്ക് ആവശ്യമെങ്കില്‍ ദേശീയ, അന്തര്‍ദേശീയ വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തി തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്.കഴിഞ്ഞ പ്രളയത്തിനുശേഷം ‘ബില്‍ഡ് ബാക്ക് ബെറ്റര്‍’ എന്ന ലക്ഷ്യത്തോടെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് നടപ്പാക്കിവരുന്നത്. ഇതിനായി ഡെച്ച് സാങ്കേതിക വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തി ‘റൂം ഫോര്‍ റിവര്‍’ പ്രോജക്ട് തുടങ്ങിയ പരിപാടികള്‍ നടപ്പാക്കിവരികയാണ്. ഇതിന്‍റെ പുരോഗതി സര്‍ക്കാര്‍ തലത്തില്‍ വിലയിരുത്തുന്നുമുണ്ട്.
ലൈഫ് ഗാര്‍ഡ് ജോണ്‍സന്‍റെ കുടുംബത്തിന് സഹായം
ശംഖുമുഖത്ത് തിരയില്‍പ്പെട്ട യുവതിയെ സാഹസികമായി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണമടഞ്ഞ ലൈഫ് ഗാര്‍ഡ് ജോണ്‍സന്‍റെ കുടുംബത്തിന് പത്തുലക്ഷം രൂപയും ഭാര്യയ്ക്ക് ടൂറിസം വകുപ്പില്‍ യോഗ്യതയ്ക്കനുസരിച്ച് ജോലിയും നല്‍കാന്‍ തീരുമാനിച്ചു.
ജനകീയ ദുരന്തപ്രതിരോധ സേന രൂപീകരിക്കും
അഗ്നിരക്ഷാ സേവന വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉള്‍പ്പെടുത്തി ജനകീയ ദുരന്തപ്രതിരോധ സേന (സിവില്‍ ഡിഫന്‍സ്) രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജനകീയ സേന രൂപീകരിക്കാന്‍ തീരുമാനിച്ചത്. പ്രകൃതിദുരന്ത വേളയിലെ അടിയന്തര സേവനങ്ങള്‍ക്കു പുറമെ വാഹനാപകടങ്ങള്‍ പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് സഹായം എത്തിക്കാനും സിവില്‍ ഡിഫന്‍സ് പ്രയോജനപ്പെടുത്തും. കുട്ടികളുടെയും വയോജനങ്ങളുടെയും സുരക്ഷയ്ക്കും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സേനയായി ഇതിനെ മാറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആധുനിക കമ്പ്യൂട്ടര്‍-മൊബൈല്‍ നെറ്റുവര്‍ക്കുകളുടെ സഹായത്തോടെ സിവില്‍ ഡിഫന്‍സിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും.
കേരളത്തിലെ 124 ഫയര്‍ ആന്‍റ് റെസ്ക്യു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ രൂപീകരിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് തൃശ്ശൂര്‍ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും വിയ്യൂര്‍ ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വ്വീസസ് അക്കാദമിയിലും പരിശീലനം നല്‍കും.
പ്രകൃതിദുരന്ത മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തിക്കുക, ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുക, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസിനും മറ്റു ബന്ധപ്പെട്ട അധികാരികള്‍ക്കും വേഗത്തില്‍ അറിയിപ്പ് നല്‍കുക, രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെയുള്ള ഇടവേളയില്‍ പ്രാദേശികമായി ചെയ്യാവുന്ന ഒരുക്കങ്ങള്‍ നടത്തുക, ദുരന്തവേളയില്‍ നാട്ടുകാരെ ഒഴിപ്പിക്കാനും ക്യാമ്പുകളില്‍ എത്തിക്കാനും അധികാരികളെ സഹായിക്കുക തുടങ്ങിയവയാണ് സിവില്‍ ഡിഫന്‍സ് സേനയുടെ ചുമതലകള്‍.
പരിശീലനം പൂര്‍ത്തിയാക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. ജില്ലയിലെ ജില്ലാ ഫയര്‍ഫോഴ്സ് ഓഫീസര്‍മാരായിരിക്കും വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്ന നോഡല്‍ ഓഫീസര്‍. ഓണ്‍ലൈന്‍ വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മികച്ച സേവനം നടത്തുന്ന വോളണ്ടിയര്‍മാരെ സര്‍ക്കാര്‍ ആദരിക്കും.
ഡിഫന്‍സ് സേന രൂപീകരിക്കുന്നതിന്‍റെ ഭാഗമായി ഏഴു തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
ആദിവാസി ജനവിഭാഗങ്ങളില്‍ നിന്നും പുതുതായി 125 പോലീസ് കോണ്‍സ്റ്റബിള്‍പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലെ ആദിവാസി ജനവിഭാഗങ്ങളില്‍  നിന്നും 125 പേരെ പോലീസ് കോണ്‍സ്റ്റബിളായി നിയമിക്കുന്നതിന് പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പി.എസ്.സി. മുഖേനയായിരിക്കും നിയമനം.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (അണ്‍എയ്ഡഡ്) അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനിഫിറ്റ് നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരം തേടാന്‍ തീരുമാനിച്ചു.
കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്‍റെ പ്രവാസി ഡിവിഡന്‍റ് പദ്ധതിയുടെ കരട് സ്കീം മന്ത്രിസഭായോഗം അംഗീകരിച്ചു.
കേരള ആധാമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ക്ഷേമനിധിയിലേക്കുള്ള അംശദായം അടക്കാതെ അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അത് പുനരുജീവിപ്പിക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കാന്‍ ആക്ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.
എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയില്‍ 17 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഡ്രാഫ്റ്റ്സ്മാന്‍/ഓവര്‍സിയര്‍ (സിവില്‍), ഡ്രാഫ്റ്റ്സ്മാന്‍/ ഓവര്‍സിയര്‍ (ഇലക്ട്രിക്കല്‍), അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (സിവില്‍), അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍), സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ഹെല്‍ത്ത് ആന്‍റ് ന്യൂറോസയന്‍സസിലെ (ഇംഹാന്‍സ്) അധ്യാപക തസ്തികകളുടെ ശമ്പള സ്കെയില്‍ നിര്‍ണ്ണയിച്ചതിലെ അപാകത പരിഹരിക്കാന്‍ തീരുമാനിച്ചു. ഇവരുടെ ശമ്പള സ്കെയില്‍ ആരോഗ്യവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക തസ്തികകളുടെ ശമ്പളസ്കെയിലിനു സമാനമായി ഉയര്‍ത്താനും തീരുമാനിച്ചു.
2005 കേരള ഭൂപരിഷ്കരണ (ഭേദഗതി) നിയമത്തിലെ 7-ഇ പ്രകാരം ‘Certificate of Title’ നല്‍കുന്ന കേസുകളിലെ അപാകതക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് 102-ാം വകുപ്പിന്‍റെ പരിധിയില്‍ 106 ബി വകുപ്പ് കൂടി ചേര്‍ത്ത് കേരള ഭൂപരിഷ്കരണ ആക്ട് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു.
സ്പെഷ്യല്‍ ബ്രാഞ്ച് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ (എസ്.ബി.സി.ഐ.ഡി) പേര് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് (എസ്.എസ്.ബി) എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ – തീയതി: 21-08-2019

കുട്ടനാട്ടില്‍ 12 പഞ്ചായത്തില്‍ പ്രളയപ്രതിരോധത്തിന് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍
മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുക. 2018 ആഗസ്റ്റില്‍ സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കെ.എസ്.എഫ്.ഇ 35.99 കോടി രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ച് കുട്ടനാട്ടില്‍ കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കണമെന്ന താല്പര്യം കെ.എസ്.എഫ്.ഇ മാനേജ്മെന്‍റും ജീവനക്കാരും പ്രകടിപ്പിച്ചിരുന്നു. അതനുസരിച്ച് പദ്ധതി നടപ്പാക്കുന്നതിന് 35.99 കോടി രൂപ കെ.എസ്.എഫ്.ഇക്ക് തിരികെ നല്‍കാന്‍ മന്ത്രിസഭ അനുമതി നല്‍കി. സഹകരണ വകുപ്പിന്‍റെ കെയര്‍ഹോം പദ്ധതി മാതൃകയിലാണ് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ കെ.എസ്.എഫ്.ഇ നിര്‍മ്മിക്കുക. ഇതിനുവേണ്ടി റോഡ് സൗകര്യമുള്ള ഒരേക്കര്‍ വീതം സ്ഥലം ഉപയോഗിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് പ്രത്യേക അനുമതി നല്‍കാനും തീരുമാനിച്ചു.
വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കും
സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.  ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നത്.
പൊതുമേഖലാ ബോണസ്: മാര്‍ഗ്ഗരേഖ അംഗീകരിച്ചു
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം നല്‍കിയ തുകയില്‍ കുറയാത്ത തുക ബോണസായി നല്‍കേണ്ടതാണ്. മിനിമം ബോണസ് 8.33 ശതമാനമായിരിക്കണമെന്നും നിശ്ചയിച്ചു.
വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സ്ഥലം ഏറ്റെടുക്കുന്നു
വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. വയനാട് ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ഇല്ല.
പവര്‍ലൂം തൊഴിലാളികള്‍ കൂടി ക്ഷേമനിധി ആക്ടിന്‍റെ പരിധിയിലേക്ക്
പവര്‍ലൂം തൊഴിലാളികളെ കൂടി കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ആക്ടിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നതിന് ഈ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിയമഭേദഗതി വരുമ്പോള്‍ പവര്‍ലൂം തൊഴിലാളികള്‍ക്കു കൂടി ക്ഷേമനിധിബോര്‍ഡിന്‍റെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.
ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കലം നേടിയവര്‍ക്കും സര്‍ക്കാര്‍ ജോലി
35-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനു വേണ്ടി വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 കായികതാരങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ സൂപ്പര്‍ന്യൂമററി തസ്തികള്‍ സൃഷ്ടിച്ച് പൊതുഭരണവകുപ്പ് വഴി നിയമനം നല്‍കാന്‍ തീരുമാനിച്ചു. ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്നവര്‍ക്കു മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നത്.
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കുന്നതിന് 8 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാന തൊഴിലുറപ്പ് മിഷന്‍റെയും ജില്ലാതല ഓഫീസുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഒരു ടെക്നിക്കല്‍ എക്സ്പെര്‍ട്ടിന്‍റെയും (കൃഷി), രണ്ട് അസിസ്റ്റന്‍റിന്‍റെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ടെക്നിക്കല്‍ എക്സ്പെര്‍ട്ടിനെ ഡെപ്യൂട്ടേഷന്‍ വഴിയും അസിസ്റ്റന്‍റിനെ കരാര്‍ അടിസ്ഥാനത്തിലും നിയമിക്കും.കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പത്താം ശമ്പളകമ്മീഷന്‍റെ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍റ് എംപ്ലോയ്മെന്‍റ് (കിലെ) ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു.
മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട വേതനം തൊഴിലുടമ നല്‍കാതിരുന്നാല്‍ അതിനെതിരെ ഹരജി ബോധിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്നതിന് 1971-ലെ കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് പെയ്മെന്‍റ് ഓഫ് ഫെയര്‍ വേജസ് ആക്ട് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു.  
മോട്ടോര്‍ തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കുന്നതിന് ഉദ്ദേശിച്ചാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.
തസ്തിക മാറ്റം:
മുന്‍നില തുടരുംവിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 2014 ജനുവരി 3-ന് മുമ്പ് വിശേഷാല്‍ ചട്ടപ്രകാരം താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് പത്തു ശതമാനത്തിനുമേല്‍ തസ്തികമാറ്റനിയമനം അനുവദിച്ചിരുന്നത് തുടരാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ 2014 ജനുവരി 3-ന്‍റെ ഉത്തരവ് ഭേദഗതി ചെയ്യും.
മലപ്പുറം സര്‍ക്കാര്‍ വനിതാ കോളേജില്‍ ഒരു സീനിയര്‍ സൂപ്രണ്ടിന്‍റെയും ഒരു എല്‍.ഡി. ക്ലാര്‍ക്കിന്‍റെയും തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്സ്) 15 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ 17500-39500 എന്ന ശമ്പള സ്കെയിലില്‍ 3 മെക്കാനിക്കല്‍ അസിസ്റ്റന്‍റ് തസ്തിക പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചു.
കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയായി മാറ്റുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.
കല്‍പ്പറ്റ മുന്‍സിഫ് കോടതിയെ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയായി മാറ്റുന്നതിനും തീരുമാനിച്ചു.
ഉപഭാഷ തസ്തികകള്‍
പാലക്കാട് ശബരി ഹയര്‍സെക്കന്‍ററി സ്കൂള്‍ (ഹിന്ദി),  അരീക്കോട് സുല്ലമുസ്സലം ഓറിയന്‍റല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ (മലയാളം), കാസര്‍കോട് കൊടലമൊഗ്രു എസ്.വി.വി. ഹയര്‍സെക്കന്‍ററി സ്കൂള്‍ (കന്നട), കാസര്‍കോട് നീര്‍ച്ചാല്‍ എം.എസ്. കോളേജ് ഹയര്‍സെക്കന്‍ററി സ്കൂള്‍ (കന്നട), കാസര്‍കോട് ഷേനി ശ്രീ ശാരദാംബ ഹയര്‍സെക്കന്‍റി സ്കൂള്‍ (കന്നട), കാസര്‍കോട് പടന്ന വി.കെ.പി.എച്ച്. എം.എം.ആര്‍ വി.എച്ച്.എസ്.എസ് (മലയാളം), കാസര്‍കോട് ധര്‍മ്മത്തടുക്ക ശ്രീദുര്‍ഗ്ഗാ പരമേശ്വരി എ.എച്ച്.എസ്.എസ് (കന്നട) എന്നീ വിദ്യാലയങ്ങളില്‍ ഓരോ ഉപഭാഷ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ഔഷധിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുമ്പോള്‍ അപകടം സംഭവിച്ച് വലതു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ട പി.എസ്. മനേഷിന് ഇതേ സ്ഥാപനത്തില്‍ ജനറല്‍ വര്‍ക്കര്‍ വിഭാഗത്തില്‍ മാനുഷിക പരിഗണനയില്‍ സ്ഥിരം നിയമനം നല്‍കാന്‍ തീരുമാനിച്ചു.
ടൂറിസം വാരാഘോഷം
ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ട് സപ്തംബര്‍ 10 മുതല്‍ 16 വരെ തിരുവനന്തപുരം കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ദീപാലങ്കാരം നടത്താനും തീരുമാനിച്ചു.

തിരിച്ചുപിടിക്കും കേരളത്തെ..

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർക്ക് ഒരു കൈ സഹായമാകാം…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക….

ACCOUNT DETAILS
A/c Number : 67319948232
A/c Name: Chief Minister’s Distress Relief Fund
Branch: SBI City Branch, Thiruvananthapuram
IFSC : SBIN0070028 | SWIFT CODE : SBININBBT08
Account Type: Savings | PAN: AAAGD0584M

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തിയതി : 07-08-2019

സെമി ഹൈസ്പീഡ് റെയില്‍ സര്‍വ്വീസിനു അംഗീകാരം

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സെമി ഹൈസ്പീഡ് റെയില്‍ സര്‍വ്വീസിനു വേണ്ടിയുള്ള നിര്‍ദ്ദിഷ്ട മൂന്നും നാലും റെയില്‍ പാതയ്ക്കായി സിസ്ട്ര സമര്‍പ്പിച്ച സാധ്യതാ പഠന റിപ്പോര്‍ട്ടിനും അലൈന്‍മെന്‍റിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 530 കി.മീ ദൂരത്തില്‍ സെമീ ഹൈസ്പീഡ് ട്രെയിനുകള്‍ക്കായി നിലവിലുള്ള ഇരട്ട പാതയ്ക്കു പുറമെ മൂന്നും നാലും പാത എന്നത് സംസ്ഥാനത്തിന്‍റെ മുന്‍ഗണനാ പട്ടികയിലുള്ള പദ്ധതിയാണ്. മണിക്കൂറില്‍ ശരാശി 180 മുതല്‍ 200 കി.മീ വരെ വേഗത്തില്‍ ട്രെയിനുകള്‍ നഞ്ചരിക്കുന്നതിനായി പുതിയ രണ്ട് പാതകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നും ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും, നാലുമണിക്കൂറിനുള്ളില്‍ കാസര്‍ഗോഡും എത്താന്‍ കഴിയും. പദ്ധതിക്ക് റെയില്‍വെ ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ 5 വര്‍ഷത്തിനകം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.കാസര്‍ഗോഡിനും തിരൂരിനുമിടയില്‍ (220 കി.മീ) നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് പുതിയ പാതകള്‍ നിര്‍മിക്കുക. തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെ (310 കി.മീ) നിലവിലുള്ള പാതയില്‍ നിന്ന് മാറിയാണ് പുതിയ പാതകള്‍ വരുന്നത്. ജനവാസം കുറഞ്ഞ മേഖലകളില്‍ കൂടിയാണ് ഈ ഭാഗത്ത് പാതകള്‍ നിര്‍മിക്കുക.

 

കേരള പുനര്‍നിര്‍മാണം: വിവിധ പദ്ധതികള്‍ക്ക് അംഗീകാരം

കേരള പുനര്‍നിര്‍മാണ വികസന പരിപാടിയുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പട്ടികയിലുള്ള റോഡുകളുടെ പുനര്‍നിര്‍മാണത്തിന് നടപ്പു സാമ്പത്തിക വര്‍ഷം 300 കോടി രൂപ വികസനനയ വായ്പയില്‍ നിന്നും അനുവദിക്കും.

തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കീഴിലുള്ള റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 488 കോടി രൂപ 2019-20 വര്‍ഷം അനുവദിക്കും.

കുടുംബശ്രീ വഴിയുള്ള ജീവനോപാധികള്‍, ജലവിതരണം ഉള്‍പ്പെടെയുള്ള ജലവിഭവം, ജൈവവൈവിധ്യം, ഖര-ദ്രവ മാലിന്യ സംസ്കരണം എന്നിവയ്ക്ക് ഉന്നതാധികാര സമിതി മുമ്പാകെ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ പരിഗണിച്ച് ആവശ്യമായ തുക വികസനനയ വായ്പയില്‍ നിന്നും അനുവദിക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതിക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.

കാസര്‍ഗോഡ് മുതല്‍ തിരവനന്തപുരം വരെ ദേശീയ പാത 45 മീറ്ററില്‍ വികസിപ്പിക്കുന്നത് ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സര്‍ക്കാര്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നു.

നിയമനങ്ങള്‍, മാറ്റങ്ങള്‍

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച രാജേഷ് കുമാര്‍ സിംഗിനെ നികുതി (എക്സൈസ് ഒഴികെ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. ഇദ്ദേഹം കൃഷി (മൃഗസംരക്ഷണം) വകുപ്പിന്‍റെ അധിക ചുമതല വഹിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച ശാരദ മുരളീധരനെ തദ്ദേശസ്വയംഭരണ (റൂറല്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പിന്‍റെയും കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുടെയും അധിക ചുമതലകള്‍ കൂടി ഇവര്‍ക്കുണ്ടാകും.

ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലകിനെ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം കായിക യുവജനകാര്യ വകുപ്പിന്‍റെ അധിക ചുമതല തുടര്‍ന്നും വഹിക്കും.

പരിശീലനത്തിന് ശേഷം തിരികെ പ്രവേശിച്ച ടി.വി. അനുപമയെ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമിക്കും. സി.പി.എം.യു. ഡയറക്ടറുടെ അധിക ചുമതല കൂടി ഇവര്‍ വഹിക്കും.

ഇന്‍റര്‍ കേഡര്‍ ഡെപ്യൂട്ടേഷന്‍ ലഭിച്ച പി.ഐ. ശ്രീവിദ്യയെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായി നിയമിക്കും.

വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്ജിനെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.ആര്‍. പ്രേംകുമാറിനെ സര്‍വെ ആന്‍റ് ലാന്‍റ് റിക്കോര്‍ഡ്സ് ഡയറക്ടറായി മാറ്റി നിയമിക്കും.

പ്രൊജക്ട് ഡയറക്ടര്‍ കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍, ഹൗസിംഗ് കമ്മീഷണര്‍, സെക്രട്ടറി-കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് എന്നീ ചുമതലകള്‍ കൂടി ഇദ്ദേഹം വഹിക്കും.

2010-ലെ മൂന്നാര്‍ പ്രത്യേക ട്രിബ്യൂണല്‍ ആക്ട് റദ്ദാക്കുന്നതിനുള്ള കരട് ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

ബീറ്റാ-തലാസീമിയ രോഗം ബാധിച്ച് മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ കാസര്‍ഗോഡ് ആനിക്കാടി ചക്ലിയ കോളനിയിലെ സ്വരാഗിന്‍റെ (പി.എന്‍. സാവിത്രിയുടെ മകന്‍) തുടര്‍ ചികിത്സയ്ക്ക് മൂന്നുലക്ഷം രൂപ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു.

പാങ്ങപ്പാറയിലെ മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് യൂണിറ്റില്‍ ഇന്‍ പേഷ്യന്‍റ് കെയര്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 10 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

സ്ഥലപരിമിതിയുള്ളതും അടിസ്ഥാന സൗകര്യവികസനം ആവശ്യമായതുമായ സ്കൂളുകളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെയോ മറ്റ് ഏജന്‍സികള്‍ മുഖേനയോ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കേണ്ടി വരുമ്പോള്‍ കെട്ടിടത്തിന്‍റെ കാലപ്പഴക്കം പരിഗണിക്കാതെ കെട്ടിടങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പൊളിച്ച് മാറ്റുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

വനത്തിനുള്ളില്‍ മാലിന്യം നിക്ഷേപിക്കുന്നതും വെള്ളം മലിനമാക്കുന്നതും വന്യജീവികളെ പീഡിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിന് കേരള ഫോറസ്റ്റ് ആക്ടിലെ വിവിധ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

വാര്‍ത്താകുറിപ്പ് തീയതി: 01-08-2019

ആര്‍ദ്രം മിഷന്‍
ആരോഗ്യമേഖലയില്‍ രോഗീസൗഹൃദ മാറ്റം
സംസ്ഥാനത്തെ ആരോഗ്യപരിപാലന മേഖലയെ ഉന്നതനിലവാരത്തിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച ആര്‍ദ്രം മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു.
പ്രഥാമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് യോഗത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊഗ്രഡെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. അതില്‍ 158 എണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ള സ്ഥലങ്ങളില്‍ നിര്‍മാണം നടക്കുന്നു. കുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്ക് വേണ്ടി 2017-18ല്‍ 830 തസ്തികകളും 2019-20ല്‍ ആയിരം തസ്തികകളും സൃഷ്ടിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി. സമയം രാവിലെ 9 മുതല്‍ 6 മണിവരെയാക്കിയത് ജനങ്ങള്‍ക്ക് വലിയ പ്രയോജനമായി. എല്ലായിടത്തും നിലവാരമുള്ള ലാബും മെച്ചപ്പെട്ട ഫാര്‍മസി സംവിധാനവുമുണ്ട്. എട്ട് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ജനസൗഹൃദ ഒ.പി. സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതില്‍ ഏഴും പൂര്‍ത്തിയായി. ബാക്കിയുള്ള കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവൃത്തി 98 ശതമാനവും തീര്‍ന്നു.
ജില്ലാ ആശുപത്രികളുടെയും ജനറല്‍ ആശുപത്രികളുടെയും നവീകരണത്തിലും വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. എല്ലായിടത്തും ജനസൗഹൃദ ഒ.പി. സംവിധാനം വരുന്നു. താലൂക്ക് ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികളും വേഗത്തില്‍ നീങ്ങുന്നു. ജില്ലാ-താലൂക്ക് ആശുപത്രികള്‍ക്ക് വേണ്ടി 891 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
154 കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഇപ്പോള്‍ പ്രീ-ചെക്കപ്പ് നടക്കുന്നുണ്ട്. ചികിത്സയുടെ ഗുണനിലവാരം ഉയരാന്‍ ഇത് സഹായിച്ചു. 11 ജില്ലകളില്‍ മുഴുവന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രീ-ചെക്കപ്പ് നടക്കുന്നു. 119 കേന്ദ്രങ്ങളില്‍ ആസ്തമ ചികിത്സക്കുള്ള څശ്വാസ്چ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നു. څആശ്വാസംچ ക്ലിനിക് 145 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനക്ഷമമാണ്.
വലിയ ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമായി ആര്‍ദ്രം മിഷന്‍ മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗപരിശോധന എല്ലാ വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും എത്തണം. രോഗപരിശോധന അത്യാവശ്യമാണെന്ന ബോധം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, ഡോ. ബി. ഇക്ബാല്‍, നവകേരളം കര്‍മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് എന്നിവരും ആരോഗ്യവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി വിപുലമാക്കും
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനും വിപുലമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പദ്ധതിക്കാവശ്യമായ വിഹിതം ബജറ്റില്‍ വകയിരുത്തും. 2010-ല്‍ 100 സ്കൂളുകളില്‍ 4400 കേഡറ്റുകളുമായി തുടങ്ങിയ പദ്ധതിയിലൂടെ 1,25,000 കുട്ടികള്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ 701 സ്കൂളുകളിലായി 60,000 ലേറെ കുട്ടികള്‍ പരിശീലനത്തിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന സി.എസ്.ആര്‍ ഫണ്ട് പദ്ധതിക്ക് ലഭ്യമാക്കുന്ന കാര്യം ആലോചിക്കും. യൂണിഫോംഡ് ഫോഴ്സ് റിക്രൂട്ട്മെന്‍റിന് വെയിറ്റേജ് നല്‍കുന്ന കാര്യവും പരിഗണിക്കും. വിപുലമായ പ്രവര്‍ത്തനങ്ങളുമായി സ്റ്റുഡന്‍റ് പോലീസ് സംവിധാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ യോഗത്തില്‍ ധാരണയായി.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ആ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് നോഡല്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ഡി.ജി.പി. ആര്‍ ശ്രീലേഖ, കണ്‍വീനര്‍ ഐ.ജി പി. വിജയന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷന്‍ കെ. ജീവന്‍ ാബു തുടങ്ങിയവര്‍ സംന്ധിച്ചു.

നവകേരള നിർമ്മാണത്തിന് കരുത്ത് പകർന്ന് റീബിൽഡ്‌ കോൺക്ലേവ്

  പ്രളയത്തെ അതിജീവിച്ച നമ്മുടെ നാട്  നവകേരള നിർമ്മാണത്തിലൂടെ ലോകത്തിന്  മുന്നിൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണ്. കൃത്യമായ രൂപഘടന അടിസ്ഥാനമാക്കിയാണ്   കേരളത്തിന്റെ പുനർനിർമ്മാണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ മുന്നേറുന്നത്. പുനർനിർമ്മാണം ലക്ഷ്യമിട്ടു നടത്തുന്ന പ്രവർത്തനങ്ങളിൽ സുപ്രധാനചുവടുവെപ്പാണ്  കോവളത്ത് നടന്ന രാജ്യാന്തര വികസന പങ്കാളിസംഗമം.പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നു ആ സംഗമം. ലോകബാങ്ക് വികസന പങ്കാളിത്തം നല്കുന്ന ഇന്ത്യൻ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം ഉയരുമെന്ന് കോൺക്ലേവിൽ ലോകബാങ്ക് പ്രതിനിധി ജുനൈദ് അഹമ്മദ് നടത്തിയ പ്രഖ്യാപനം ഏറെ പ്രതീക്ഷ പകരുന്നതാണ്. സാധാരണനിലയിലുള്ള  പ്രോജക്ട് പങ്കാളി  എന്നതിലുപരിയായി വികസന പങ്കാളി ആയിട്ടാണ് ലോകബാങ്ക് കേരളത്തിൻറെ പുനർ നിർമാണ പ്രവർത്തനങ്ങളിൽ സഹകരിക്കുക എന്നാണ് വ്യക്തമാക്കപ്പെട്ടത്. ഏറെ വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ലോകബാങ്ക് ഇങ്ങനെ ഒരു സംസ്ഥാനത്തെ വികസന പങ്കാളിയാക്കുന്നത്.
വളരുന്ന കേരളത്തിൽ നിക്ഷേപം നടത്താൻ ഉള്ള ഉള്ള ബാങ്കിൻറെ താല്പര്യം ലോകബാങ്ക് പ്രതിനിധി ആവർത്തിച്ച് വ്യക്തമാക്കിയത് ആശാവഹമാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ  പ്രതീക്ഷ പ്രകടിപ്പിച്ചു.
         രാജ്യാന്തര വികസന പങ്കാളിസംഗമത്തിൽ  ലോകബാങ്ക് , എ ഡി ബി,  ജെ ഐ സി എ,  കേ എഫ് ഡബ്ല്യു, ന്യൂ ഡവലപ്പ്മെന്റ് ബാങ്ക്   എന്നിവ കേരളത്തിൻറെ പുനർനിർമാണത്തിനുള്ള   സഹായവും പങ്കാളിത്തവും വാഗ്ദാനം ചെയ്തു.നഗരങ്ങളിലെ ജലവിതരണത്തിനും  റോഡുകൾക്കും അടക്കം സഹായം നൽകാമെന്ന് നബാർഡ്, ഹഡ്കോ എന്നീ ഏജൻസികൾ അറിയിച്ചു. ടാറ്റ ട്രസ്റ്റ് , ബില് ആൻഡ്മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ,  ഐ എഫ് ഡി സി ഫൗണ്ടേഷൻ എന്നിവയും പ്രത്യേകം തീരുമാനിക്കുന്ന  പദ്ധതികൾക്ക് സഹായം നൽകാമെന്നും വിവിധ വകുപ്പുകളുടെ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിന് പിന്തുണ നൽകാമെന്നും അറിയിച്ചിട്ടുണ്ട് .
റീബിൽഡ് കേരള വികസനരൂപരേഖയെ മുൻനിർത്തി  സംസ്ഥാനത്തിന്റെ പുനർനിർമാണ പ്രക്രിയയിൽ വിവിധ പങ്കാളികളെ ഉൾപ്പെടുത്തുന്നതിനാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. ആ ലക്ഷ്യത്തിലേക്കു ഉറച്ച കാൽവെപ്പോടെ നീങ്ങാൻ കഴിയും എന്ന് തെളിയിക്കുന്നതാണ് കോൺക്ലേവിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോണ്ക്ലേവുമായി ബന്ധപെട്ടു നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചത് ചുവടെ 
പരിസ്ഥിതി സൗഹാർദ്ദപരവും അതീജീവനക്ഷമതയുള്ളതുമായ പുതിയ കേരളം കെട്ടിപ്പടുക്കുകയാണ് ‘റീബിൽഡ് കേരള ഡെവലപ്‌മെൻറ് പ്രോഗ്രാമിന്റെ ലക്‌ഷ്യം. അതിൽ  ഊന്നിയുള്ള ചർച്ചകളാണ് നടന്നത്.
ദേശീയ, രാജ്യാന്തര തലത്തിലുള്ള വിവിധ ഏജൻസികളുടെ പ്രതിനിധികൾ കേരളത്തോട് വലിയ താല്പര്യത്തോടെയാണ് കോൺക്ലേവിൽ പങ്കെടുത്തത്.   ഏജൻസികളുടെ വായ്പകളും, സാമ്പത്തിക, സാങ്കേതിക സഹായങ്ങളും ആണ് നമുക്ക് ലഭിക്കുക.  മന്ത്രിമാർ, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവരുമായി  കോൺക്ലേവിൽപങ്കെടുത്തവർ ആശയവിനിമയം നടത്തി. സർക്കാർതലത്തിൽ നേതൃപരമായി കൈക്കൊള്ളുന്ന നടപടികളും റീബിൽഡ് കേരള പദ്ധതി വഴി നടത്താനുദ്ദേശിക്കുന്ന വികസന ഇടപെടലുകളും സംബന്ധിചാണ് മുഖ്യമന്ത്രി  എന്ന നിലയിൽ സംസാരിച്ചത്.
ദീർഘകാല വികസന പദ്ധതിയായ ‘റീബിൽഡ് കേരള’ വഴി അടിസ്ഥാനപരമായ പരിഷ്‌കാരങ്ങളും നൂതനമായ സമീപനവും ഉൾച്ചേർന്ന വികസന കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്.
പൂർണതോതിലുള്ള ഡിസാസ്റ്റർ റിസ്‌ക് മാനേജ്‌മെൻറ് സംവിധാനം സ്ഥാപിക്കലാണ് ഈ പദ്ധതിയുടെ അടിസ്ഥാന ശിലകളിൽ ഒന്ന്.  കാലാവസ്ഥ-പരിസ്ഥിതി  വ്യതിയാനം മൂലമുള്ള ആഘാത്യം കുറച്ചു കൊണ്ടുവരാൻ  മറ്റൊരു അടിസ്ഥാന ലക്ഷ്യമാണ്.   ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ കഴിവും പ്രതിരോധവും ഉയർത്തൽ,  ഓപ്പൺ ഡാറ്റാ സംവിധാനം  എന്നിവയാണ് മറ്റു രണ്ടെണ്ണം.

ദുരിതബാധിതർക്ക് സർക്കാർ നൽകിയ സഹായങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംഗമത്തിൽ വിശദീകരിച്ചു. ഉപജീവനമാർഗങ്ങൾ  പൂർവസ്ഥിതിയിലാക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ അക്കമിട്ടു പറഞ്ഞു. എന്നാൽ ഇതുവരെ എന്ത് ചെയ്തു എന്നല്ല, ഇനി എന്ത് ചെയ്യാനുണ്ട് എന്നതിന്റെ അന്വേഷണമാണ് പ്രധാനമായും നടന്നത്.   ദുരന്ത സാധ്യതകൾ കണ്ടെത്താനും അവ  നേരിടാൻ തക്കവിധം കേരളത്തെ പുനർനിർമിക്കാനുള്ള അവസരമാക്കി ഈ പ്രതിസന്ധിഘട്ടത്തെ മാറ്റിയെടുക്കുക്കുക എന്ന ആശയമാണ് നാം മുന്നോട്ടു വെക്കുന്നത്. അതിന്റെ അടിത്തറയിലാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് വഴി പുനർനിർമാണത്തിന് സ്വീകരിക്കുന്ന അടിസ്ഥാന പ്രമാണങ്ങളും ശൈലികളും പദ്ധതികളും തയാറാക്കിയത്.
സംയോജിത ജലവിഭവ മാനേജ്‌മെൻറ്, ജലവിതരണം , സാനിറ്റേഷൻ, ഗ്രാമ- നഗര  റോഡുകളും പാലങ്ങളും, വനം, കൃഷി, മൃഗസംരക്ഷണവും ക്ഷീരവികസനവും, മത്സ്യബന്ധനം എന്നിങ്ങനെയുള്ള  മേഖലകളിൽ അതിജീവനക്ഷമതയുള്ള ഉപജീവന മാർഗങ്ങൾ കണ്ടെത്തും.


കോൺക്ലേവിൽ ചർച്ച ചെയ്ത മേഖലകളും പദ്ധതികളും


ജലവിതരണം

10 മുനിസിപ്പാലിറ്റികളിൽ പ്രവർത്തനമേഖലയുള്ള 10 വാട്ടർ ട്രീറ്റ്‌മെൻറ് പ്ലാൻറുകൾ വാട്ടർ അതോറിറ്റി മുഖേന സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഗ്രാമീണമേഖലകളിൽ ജലവിതരണത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉത്പാദനം, വിതരണം ഉൾപ്പെടെയുള്ളവ ശക്തിപ്പെടുത്താനാവുന്ന 12 പദ്ധതികൾ പരിഗണനയിലുണ്ട്.

ജല അതോറിറ്റിയുടെ പൂർണമാകാത്ത പദ്ധതികളുടെ പൂർത്തീകരണം, സോളാർ ഉൾപ്പെടെയുള്ള പാരമ്പര്യേതര ഊർജ സ്രോതസ്സുകളുടെ ഉപയോഗം, കാര്യക്ഷമതയില്ലാത്ത പമ്പുകൾ, ഇലക്ട്രിക്കൽ സംവിധാനം തുടങ്ങിയവ മാറ്റി സ്ഥാപിക്കൽ, തിരുവനന്തപുരം, കൊച്ചി നഗരങ്ങൾക്കായി സ്വീവറേജ്, സെപ്‌റ്റേജ് സംവിധാനം ഒരുക്കാൻ വിശദമായ പദ്ധതി രേഖ തയാറാക്കും.

സംയോജിത ജലവിഭവ മാനേജ്‌മെൻറ്

ഡാമുകളുടെയും റെഗുലേറ്ററുകളുടെയും കനാലുകളുടെയും പ്രളയാനന്തര അറ്റകുറ്റപ്പണി,  ഡാമുകളിലെയും റിസർവോയറുകളുടെയും മണൽനീക്കാൻ ആധുനിക സാങ്കേതിക സംവിധാനം തുടങ്ങിയവ  സംയോജിത ജലവിഭവ മാനേജ്‌മെൻറ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും.

ശുചിത്വം

സെപ്‌റ്റേജ് ട്രീറ്റ്‌മെൻറ് പ്ലാൻറുകൾ, ഇ-വേസ്റ്റ്, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെൻറ് സംവിധാനം, ഗ്‌ളാസ് വേസ്റ്റ് പുനഃചംക്രമണത്തിനും തരംതിരിക്കലിനും സൗകര്യം, സർക്കാർ ഓഫീസുകളിൽ കളക്ഷൻ സെൻററുകൾ, അജൈവ മാലിന്യ ശേഖരിക്കാനും തരംതിരിക്കാനും ജില്ലാതല സൗകര്യങ്ങൾ തുടങ്ങിയവ ശുചിത്വത്തിന്റെ ഭാഗമായി ഒരുക്കും.

 നഗരവികസനം

ജല വിതരണ പദ്ധതികൾ, സീവറേജ്, സെപ്‌റ്റേജ് മാനേജ്‌മെൻറ് സൗകര്യം, സ്‌റ്റേം വാട്ടർ ഡ്രെയിനേജ്, നഗര ഗതാഗത പദ്ധതികൾ, നഗര തദ്ദേശസ്ഥാപനങ്ങളിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയവ നഗര വികസന പദ്ധതികളിൽ പ്രാമുഖ്യം നേടിയിട്ടുണ്ട്.

ഉപജീവനം

ഉപജീവന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് നയപരമായ ഇടപെടലുണ്ടാകും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് അധിക തൊഴിൽ ദിനങ്ങൾ. യുവാക്കൾക്ക് വിവിധ തൊഴിലുകൾക്ക് ഉതകുംവിധമുള്ള നൈപുണ്യപരിശീലനം, കുടുംബശ്രീകൾക്ക് കമ്യൂണിറ്റി എൻറർപ്രൈസ് ഫണ്ട്, എല്ലാ വാർഡുകളിലും കമ്യൂണിറ്റി ഡിസാസ്റ്റർ മാനേജ്‌മെൻറ് ഫോഴ്‌സ് എന്നിവ പദ്ധതിയിലുണ്ട്.

വനം 

സ്വാഭാവിക വനങ്ങളെ സംരക്ഷിക്കുന്നതിനും നാട്ടിലെ ചെറിയ വനങ്ങളും കാവുകളും സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾക്ക് പിന്തുണ നൽകും. തദ്ദേശീയമായ സസ്യജാലങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള സംവിധാനത്തിന് മുൻഗണന നൽകും. തണ്ണീർത്തടങ്ങളും നദികളും സംരക്ഷിക്കുന്നതിനും അവയുടെ പരിസരത്തുള്ള കാടുകളെ സംരക്ഷിക്കുന്നതിനും വനവകുപ്പ് ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പിലാക്കുകയും അതിനെ ഉപജീവനവുമായി ബന്ധപ്പെടുത്തുകയും ചെയ്യും.

മത്സ്യമേഖല 

ജലസംഭരണികളിൽ മത്സ്യകൃഷി നടത്തുന്നതിനും മുത്ത് പോലെയുള്ളവ കൃഷി ചെയ്യുന്നതിനുമുള്ള പ്രത്യേക സംവിധാനം ഉണ്ടാക്കും. ഗ്രാമീണ മേഖലയിൽ തൊഴിൽ ഉണ്ടാക്കുന്നതിനാണ് മുൻഗണന നൽകുന്നത്. തദ്ദേശീയമായുള്ള മത്സ്യങ്ങളെ പരിരക്ഷിക്കുന്നതിന് ഊന്നൽ നൽകും

കൃഷി 

ഗ്രാമീണ മാർക്കറ്റുകളുടെ ശാക്തീകരണം, അട്ടപ്പാടിക്ക് സമഗ്രവും സുസ്ഥരവുമായ കാർഷിക വികസന പദ്ധതി, അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതി, കുട്ടനാട്ടിലും കോൾ നിലങ്ങളിലും വെള്ളപ്പൊക്കനിയന്ത്രണത്തിന് പദ്ധതി തുടങ്ങിയവ കൃഷി വിഭാഗത്തിൽ മുൻഗണനയിലുണ്ട്.

മണ്ണ്, ജല സംരക്ഷണം

കുളങ്ങളുടെ സംരക്ഷണം, വാർഡ്തല സോയിൽ ഹെൽത്ത് മാപ്പിംഗ്, വാട്ടർഷെഡ് മാനേജ്‌മെൻറ്, മേഖലാടിസ്ഥാനത്തിലുള്ള സൂക്ഷ്മ ജലസേചനം എന്നിവ മണ്ണ് ജല സംരക്ഷണ പദ്ധതികളുടെ ഭാഗമായി  നടപ്പാക്കും.

മൃഗസംരക്ഷണം

പേവിഷ പ്രതിരോധ വാക്‌സിൻ നിർമാണം, കന്നുകാലികൾക്ക് സമഗ്ര ഇൻഷുറൻസ് പാക്കേജ്, മാർജിൻ ഫ്രീ വെറ്ററിനറി മെഡിക്കൽ ഷോപ്പുകൾ കൂടാതെ കാലിതീറ്റ ഉത്പാദനത്തിന് വിപുലമായ പദ്ധതി, ഡയറി സോണുകളുടെ രൂപീകരണം തുടങ്ങിയവ യാണ് ഈ വിഭാഗത്തിൽ ഉള്ളത്.

റോഡുകളും പാലങ്ങളും

റോഡുകളുടെ മാനേജ്‌മെൻറിന് പൊതുമരാമത്ത് വകുപ്പിന് ഇൻസ്റ്റിറ്റിയൂഷണൽ റോഡ് മാപ്പ് രൂപീകരിക്കും. ജിയോ-സ്‌പേഷ്യൽ മാപ്പുകൾ ഉൾപ്പെടെതുള്ള റോഡ് മെയിൻറനൻസ് മാനേജ്‌മെൻറ് സിസ്റ്റവും സൃഷ്ടിക്കും. റോഡുകൾക്ക് മൈക്രോ സർഫസിംഗ്, കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗം എന്നിവ പരിഗണിക്കും

ഗതാഗതം

ഗതാഗതമേഖലയുടെ നവീകരണത്തിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും മാനേജ്‌മെൻറിനുമായി ‘ടെക്‌നിക്കൽ ഡയറക്ടറേറ്റ് ഓഫ് ട്രാൻസ്‌പോർട്ട്’ സ്ഥാപിക്കും. കേരളമാകെ ഗ്രീൻ ബസ് കോറിഡോറുകളും സ്ഥാപിക്കും.

നിരത്തുകളിൽ ഇനി ഇ- ഓട്ടോ

സംസ്ഥാനത്തിന്റെ നിരത്തുകളിൽ സാധാരണക്കാരുടെ യാത്രാവശ്യങ്ങൾ സാധ്യമാക്കുന്നതിൽ ഓട്ടോറിക്ഷകളുടെ പങ്ക് വളരെ വലുതാണ്.നഗരങ്ങളിലും ഗ്രാമങ്ങളിലും അടക്കം നാടിന്റെ മുക്കും മൂലയിലും ഓട്ടോറിക്ഷകൾ സാധാരണക്കാരന്റെ സവാരികൾക്ക് സാരഥിയാകുന്നു. പെട്രോളിലും ഡീസലിലും പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകളാണ് നിരത്തുകളിൽ ഓടുന്നതിൽ ഏറെയും , അതുകൊണ്ടു തന്നെ വായുമലിനീകരണം അടക്കമുള്ളവ ഉണ്ടാക്കുന്ന പരിസ്‌ഥിതി പ്രശ്നങ്ങൾക്ക്  പരിഹാരം കണ്ടുകൊണ്ടു മാത്രമേ പുതിയ കാലത്തിൽ നമുക്ക് മുന്നോട്ട് പോകുവാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പരിസ്ഥിതിക്ക് ഇണങ്ങുന്ന ഇലക്ട്രിക് ഓട്ടോ എന്ന ആശയത്തിന് രൂപം നൽകുന്നത് . ആ ആശയം ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ് .പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സാണ് ഇലക്ട്രിക് ഓട്ടോ നിര്‍മ്മിച്ച്  നിരത്തിലിറക്കുന്നത്.രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം ഇലക്ട്രിക് ഓട്ടോ നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നത്. വാണിജ്യ അടിസ്ഥാനത്തില്‍ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നീംജി  നിര്‍മ്മിക്കുന്നതിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു.
                   കേരളം ഇ-വാഹനങ്ങളുടെ നാടായി മാറാന്‍ പോകുകയാണെന്ന് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങള്‍ നല്ലരീതിയില്‍ സംസ്ഥാനത്ത് അഭിവൃദ്ധിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാറ്റങ്ങള്‍ സ്വീകരിക്കുന്ന ജനങ്ങളാണ് നമ്മുടെ പ്രത്യേകത. വിപുലമായ രീതിയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും ഉണ്ടാക്കാനാണ് ആലോചിക്കുന്നത്. ഇതിന്‍െറ തുടക്കമായി സെക്രട്ടേറിയറ്റില്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഓട്ടോകള്‍ മാത്രമല്ല, ഇ-കാറുകളും നമ്മുടെ നിരത്തുകളില്‍ വന്നുതുടങ്ങിയിട്ടുണ്ട്.
നാം മനസുവെച്ചാല്‍ നമ്മുടെ തെരുവുകളിലാകെ ഇ-ഓട്ടോകള്‍ ഓടുന്ന സ്ഥിതിയുണ്ടാക്കാനാകും.  പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാവുമെന്നതാണ് പ്രത്യേകത. ഇന്ധനവില വര്‍ധനയുടെ കാലത്ത് ഇ-വാഹനങ്ങള്‍ ആശ്വാസമാണ്.
  വിപ്ലവകരമായ മുന്നേറ്റത്തിനാണ് കേരള ഓട്ടോമൊബൈല്‍സ് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു പൊതുമേഖലാ സ്ഥാപനം ആദ്യമായി ഇ-വാഹനരംഗത്തേക്ക് കടന്നുവന്ന് ദേശീയതലത്തില്‍തന്നെ യശസ്സ് ഉയര്‍ത്തിയിരിക്കുകയാണ്. ഐ.എസ്.ആര്‍.ഒ അടക്കമുള്ള സ്ഥാപനങ്ങള്‍ കേരള ഓട്ടോമൊബൈല്‍സിന് ഓര്‍ഡറുകള്‍ നല്‍കാന്‍ സന്നദ്ധമാകുന്നത് സ്ഥാപനത്തിന്‍െറ അഭിവൃദ്ധിക്ക് വഴിവെക്കും. അതിദയനീയ സാഹചര്യത്തിലായിരുന്ന സ്ഥാപനം, മൂന്നുവര്‍ഷം കൊണ്ട് അഭിമാനകരമായാണ് ഉയര്‍ത്തെഴുന്നേറ്റതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുത ഓട്ടോറിക്ഷയ്ക്ക് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. മൂന്ന് മണിക്കൂറും 50 മിനുട്ടും ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനാകും . കിലോമീറ്ററിന് 50 പൈസയാണ് ചെലവ്. ഓണത്തിന് ഇ- ഓട്ടോ വിപണിയിലിറക്കും. വര്‍ഷം എണ്ണായിരം ഓട്ടോകള്‍ നിര്‍മിക്കാനാണ് പദ്ധതി. രണ്ടരലക്ഷത്തോളമാകും ഇ-ഓട്ടോയുടെ വില.  സബ്സിഡി ലഭ്യമാക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ.

കേരളത്തിന്റെ സൈന്യം കേരളസേനയില്‍

അപ്രതീക്ഷിത പേമാരിയിലും പ്രളയത്തിലും  നമ്മുടെ സംസ്ഥാനം കഴിഞ്ഞ വർഷം വലിയ ദുരിതമാണ് അഭിമുഖീകരിച്ചത്.  പ്രളയദുരന്തത്തിൽ അകപെട്ടവരെ രക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ എല്ലാം ഉണർന്നു പ്രവർത്തിച്ചപ്പോഴും അപ്രതീക്ഷിത ദുരന്തത്തിൽ ഒരു വേള കേരളം വിറങ്ങലിച്ചു നിന്നു. അത്തരം ഒരു ഘട്ടത്തിൽ നാടിനു വേണ്ടി മുന്നിട്ടിറങ്ങിയ ഒരു കൂട്ടം നല്ല മനുഷ്യർ ഉണ്ടായിരുന്നു.അവരിൽ ഏറ്റവും മുൻപന്തിയിൽ ഉണ്ടായിരുന്നത് നാം കടലിന്റെ മക്കൾ എന്ന് വിളിക്കുന്ന നമ്മുടെ മൽസ്യത്തൊഴിലാളികൾ ആയിരുന്നു.ദുരിതമേഖലയിൽ ഓടിയെത്തി നിരവധി മനുഷ്യ ജീവനുകളാണ് ഇവർ രക്ഷിച്ചത്.ഒട്ടനവധിപേർക്ക് ജീവിതത്തിലേക്ക് തിരിച്ചെത്തുവാൻ കഴിഞ്ഞത് ഇവർ സമയോചിതമായി നീട്ടിയ സഹായ ഹസ്തങ്ങൾ കാരണമാണ്. അക്ഷരാർത്ഥത്തിൽ കേരളത്തിന്റെ സൈന്യമായി മാറി സഹജീവികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ഇവരെ എത്ര ആദരിച്ചാലും മതിയാകില്ല. പ്രളയത്തിൽ നിന്ന് കരകയറിയ ഉടനെ സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ മൽസ്യത്തൊഴിലാളികളെയും ആദരിച്ചിരുന്നു.അതോടൊപ്പം അവർക്ക് അർഹമായ സഹായങ്ങൾ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്.

രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മത്സ്യത്തൊഴിലാളികളിൽ നിന്നും , മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും  തെരഞ്ഞെടുത്തവർക്ക് കോസ്റ്റൽ പോലീസ് വാർഡൻമാരായി പ്രത്യേക നിയമനം നൽകിയിരിക്കുന്നു.

ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽനിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതിയായി കൂടിയാണ് മത്സ്യത്തൊഴിലാളികളായ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട തെരഞ്ഞെടുത്തവർക്ക് കോസ്റ്റൽ പോലീസ് വാർഡൻമാരായി പ്രത്യേക നിയമനം നൽകിയത്. തൃശൂർ രാമവർമ്മപുരത്തെ കേരള പോലീസ് അക്കാദമിയിൽ കേരള കോസ്റ്റൽ പോലീസ് വാർഡൻമാരുടെ പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. അഞ്ച് വനിതകളടക്കം 177 പേരടങ്ങിയ ബാച്ചിന്റെ പരേഡും വീക്ഷിച്ചു. പരിശീലന കാലത്തെ മികവിന് ബെസ്റ്റ് ഔട്ട്‌ഡോറും ഓൾറൗണ്ടറുമായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ജില്ലയിലെ എടക്കാട് സ്വദേശി സുകേന്ദ് കെ, ബെസ്റ്റ് ഇൻഡോർ കണ്ണൂർ ജില്ലയിലെ രാമന്തളി സ്വദേശി വില്ല്യം ചാൾസൺ, തിരുവനന്തപുരം പൊഴിയുർ സ്വദേശിനി ജി. ഷീബ എന്നിവർക്ക് പ്രത്യേക അവാർഡുകൾ നൽകി. നീല യൂനിഫോമണിഞ്ഞ് അടുക്കും ചിട്ടയുമായി നടത്തിയ പരേഡ് കോസ്റ്റൽ പോലീസ് വാർഡൻമാരുടെ കഴിവും അർപ്പണ ബോധവും പരിശീലന മികവും വിളിച്ചറിയിക്കുന്നതായിരുന്നു.

നിയമനത്തിന് ഒരു വർഷം എന്ന കാലപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതേപ്പറ്റി ആശങ്കപ്പെടേണ്ടതില്ല എന്ന് പാസിംഗ് ഔട്ട് ചടങ്ങിൽ വ്യക്തമാക്കുകയുണ്ടായി. അർപ്പണ ബോധത്തോടെ ഡ്യൂട്ടി നിർവഹിച്ചാൽ, സംസ്ഥാനവും സർക്കാറും കൈയൊഴിയില്ലെന്ന് കോസ്റ്റൽ പോലീസ് വാർഡൻമാരായി നിയമനം ലഭിച്ചവരെ അറിയിച്ചു . 200 പേരെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചതിൽ 23 പേരുടെ കുറവുള്ളത് പെട്ടന്നുതന്നെ നികത്താൻ നടപടി സ്വീകരിക്കും. കടലിലെ രക്ഷാപ്രവർത്തനത്തിന് പുറമെ അതിർത്തി രക്ഷ കൂടി കോസ്റ്റൽ പോലീസിന്റെ ചുമതലയാണ്. സംശയാസ്പദമായ ബോട്ടുകളുടെ പരിശോധന, കടൽ പട്രോളിംഗ് എന്നിവയിൽ വിദഗ്ധ പരിശീലനം സേനക്ക് നൽകിയതായും ചടങ്ങിൽ സംസാരിക്കവെ ചൂണ്ടിക്കാട്ടി.നാലുമാസത്തെ തീവ്ര പരിശീലന കാലയളവിൽ കോസ്റ്റ് ഗാർഡിന്റെ കീഴിലെ കടലിലെ ബോൾ ബാലൻസിംഗ്, ചെസ്റ്റ് ക്യാരിയിംഗ്, കടലിലെ അതിജീവന സങ്കേതങ്ങൾ എന്നിവ കൂടാതെ നാവികസേനയുടെയും ഫയർഫോഴ്‌സിന്റെയും പരിശീലനവും പോലീസ് സ്‌റ്റേഷനുകളിലെ പരിശീലനവും ഇവർക്ക് ലഭിച്ചു. ഇത്തരത്തിൽ മികച്ച പരിശീലനം ലഭിച്ച് നമ്മുടെ പോലീസ് സേനയുടെ ഭാഗമായി മാറിയ ഇവർക്ക് ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു.

ക്രിസ്തുമസ് മെട്രോ ഫെയര്‍ 2017 മുഖ്യമന്ത്രി സംസാരിക്കുന്നു


ക്രിസ്തുമസ് മെട്രോ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

മുഖ്യമന്ത്രി വിഴിഞ്ഞത്തെത്തി: ദുരിതാശ്വാസം പ്രവർത്തനങ്ങൾ വിലയിരുത്തി


മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം തുറമുഖത്തെത്തി ദുരിതാശ്വാസം പ്രവർത്തനങ്ങൾ വിലയിരുത്തി