കമനീയമായ കേരളീയകലകളുടെ ചാരുത ആസ്വദിച്ച് ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്നേഹവിരുന്ന്.
കേരളത്തിന്റെ സാംസ്കാരികത്തനിമയും പാരമ്പര്യവും വിളിച്ചോതുന്ന കമനീയമായ നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കിയുള്ള ദൃശ്യവിരുന്നാണ് കോവളത്ത് ലീല റാവിസ് ഹോട്ടലില്‍ സുല്‍ത്താനായി ഒരുക്കിയത്.
കേരള കലാമണ്ഡലം ബിജുവും ബിജുലാലും ചേര്‍ന്ന് വേദിയിലെത്തിച്ച കഥകളിയോടെയാണ് രംഗവേദി മിഴിതുറന്നത്. തുടര്‍ന്ന് ഏഴുനര്ത്തകിമാരുടെ ഒരുമിച്ചൊരുക്കിയ മിഴിവില്‍ മോഹിനിയാട്ടച്ചുവടുകളും ദൃശ്യാനുഭവമായി. തുടര്‍ന്ന് ചിറകുവിരിച്ചാടുന്ന മയില്‍ രൂപവുമായി മയൂരനൃത്തമാണ് വേദിയിലെത്തിയത്. ടി.എം. പ്രേംനാഥായിരുന്നു കലാകാരന്.
കേരളനടനത്തിന്റെ സൗന്ദര്യമായിരുന്നു അടുത്തതായി വേദിക്ക് അലങ്കാരമായത്. കളരിപ്പയറ്റിന്റെ ചുവടുകളും അടവുകളും ആണ്, പെണ് കലാകാരന്മാര് മെയ്വഴക്കത്തോടെ അവതരിപ്പിച്ചത് സുല്‍ത്താന്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്ക് പുത്തന്‍ അനുഭവമായി.
പിന്നീട്, തിരുവാതിരക്കളി, ഒപ്പന, മാര്‍ഗംകളി എന്നിവയുടെ താളമായിരുന്നു. കേരളത്തിലെ മൈത്രീസന്ദേശം വിളിച്ചോതി തിരുവാതിരക്കളി, ഒപ്പന, മാര്‍ഗംകളി കലാകാരികള്‍ ഒരേസമയം ഒരേതാളത്തില്‍ ചുവടുവെച്ചത് വ്യത്യസ്തതയായി.
ഒടുവില്‍ എല്ലാ നൃത്തശില്‍പ്പങ്ങളും ഒരുമിച്ച് വേദിയിലെത്തിയാണ് കലാപരിപാടിക്ക് തിരശ്ശീല വീണത്. സുല്‍ത്താന്‍ ഉള്‍പ്പെടെയുള്ള ഷാര്‍ജാ സംഘം കരഘോഷത്തോടെയാണ് കലാപരിപാടികള്‍ സ്വീകരിച്ചത്.
റിഗാറ്റ കള്‍ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മോഹിനിയാട്ടവും, മാര്‍ഗംകളിയും, ഒപ്പനയും, തിരുവാതിരക്കളിയും, കേരളനടനവും അവതരിപ്പിച്ചത്. വി.കെ.എം കളരിയാണ് കളരിപ്പയറ്റ് അവതരിപ്പിച്ചത്.
ഗിരിജാ ചന്ദ്രനാണ് നൃത്തശില്‍പ്പത്തിന്റെ നൃത്തസംവിധാനം നിര്‍വഹിച്ചത്. സംഗീതവും ആശയവും സംവിധാനവും മാത്യു ടി. ഇട്ടിയാണ്. പ്രഭാ വര്‍മ, ശ്രീരാജ് മേനോന്, രാജ്മോഹന്‍ കൂവളശ്ശേരി എന്നിവരാണ് ഗാനരചന.
കലാപരിപാടികള്‍ ആസ്വദിച്ചശേഷം തുടര്‍ന്ന് ഡോ. ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും സംഘവും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമൊപ്പം വിരുന്നില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയനുപുറമേ, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്, ജി.സുധാകരന്, എ.സി മൊയ്തീന്, രാമചന്ദ്രന് കടന്നപ്പള്ളി, കെ.കെ.ശൈലജ ടീച്ചര്‍, ജെ. മെഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്, പ്രൊഫ: സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, ഡോ. കെ.ടി. ജലീല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രിയുടെ പത്നി കമല, യു.എ.ഇയിലെ ഇന്ത്യന്‍ അമ്പാസഡര്‍ നവ്ദീപ് സിംഗ് സൂരി, ഇന്ത്യയിലെ യു.എ.ഇ അമ്പാസഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന, തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ സാബി, ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്മാന് ഷേക് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി, ഷാര്‍ജ ഭരണാധികാരി ഓഫീസ് ചെയര്മാന് ഷേക് സലീം ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ ഖാസിമി, ഗവ. റിലേഷന്‍സ് വകുപ്പ് ചെയര്മാന് ഷേക് ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, കള്‍ചറല്‍ വകുപ്പ് ചെയര്മാന് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്, പ്രോട്ടോക്കോള്‍-ഹോസ്പിറ്റാലിറ്റി വകുപ്പ് ചെയര്മാന് ഒബൈദ് സലീം അല്‍ സാബി, ഷാര്‍ജ മീഡിയ കോര്പറേഷന് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹുസൈന് ഖലാഫ്, മീഡിയ കണ്ടിജന്റ് മാനേജ്മെന്റ് ഡയറക്ടര്‍ അഹമ്മദ് സലീം അല്‍ ബൈറാഖ്, ചീഫ് സെക്രട്ടറി ഡോ. കെ.എം.എബ്രഹാം, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി.എസ്. സെന്തില്‍, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി എം.ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, ഡോ: എ. സമ്പത്ത് എം.പി, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഡി.ജി.പി ലോക് നാഥ് ബെഹ്റ, പൊതുഭരണ വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ: വി.കെ. രാമചന്ദ്രന്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി. ദത്തന്, കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, കര്‍ദിനാല്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് ബാവ, ടി.കെ.എ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്, പി.ടി. കുഞ്ഞുമുഹമ്മദ്, ഗോകുലം ഗോപാലന്, ഗുരുരത്നം ജ്ഞാനതപസ്വി, ഷുഹൈബ് മൗലവി, എം.എ. യൂസഫലി, രവി പിള്ള, നിരവധി സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക പ്രമുഖര്‍ സംബന്ധിച്ചു.