Tag: women help desk

ക്രമസമാധാനം ശക്തിപ്പെടുത്തൽ

പോലീസിന്റെ മുഖച്ഛായ മാറുന്നു, ആധുനികവൽക്കരണവും ജനമൈത്രി പോലീസ് സംവിധാനങ്ങളും:

അധികാരമേറ്റെടുത്ത ആദ്യദിവസം മുതൽ ഇടതുപക്ഷ സർക്കാർ സംസ്ഥാനത്തിന്റെ സുസ്ഥിര ക്രമാസമാധാനപാലനത്തിനു വേണ്ടിയുള്ള നയങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. മൂന്നാം മുറ ഉപേക്ഷിച്ചു ശാസ്ത്രീയമായ രീതിയിൽ അന്വേഷങ്ങൾ നടത്തി കുറ്റവാളികളെ കണ്ടെത്തുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്. സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരെയുള്ള ആക്രമണത്തെ ഇല്ലാതാക്കുക എന്നതായിരുന്നു പ്രഥമപരിഗണന. ഏതൊരു സമൂഹത്തിന്റെയും സുഗമമായ നടത്തിപ്പിന് ജനങ്ങളെ ഉൾകൊള്ളിച്ചുകൊണ്ടുള്ള ക്രമസമാധാനപാലനം അത്യന്താപേക്ഷികമാണ്. ഇതിന്റെ ഭാഗമായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ജനമൈത്രി പോലീസ് ആരംഭിക്കാനും തീരുമാനിച്ചു .

സ്ത്രീകള്ക്കും കുട്ടികൾക്കുമെതിരായ അക്രമസംഭവങ്ങളെ അഭിസംബോധന ചെയ്യൽ:

സ്ത്രീസുരക്ഷ ഈ സർക്കാരിന്റെ പ്രഥമ പരിഗണനയിൽ വരുന്നകാര്യമാണ്. ഇതിന്റെ ഭാഗമായി പിങ്ക് പട്രോൾ സ്കീം പ്രധാനപ്പെട്ട അഞ്ചു സിറ്റികളിലും “പിങ്ക് ബീറ്റ് ” എന്ന സേനയെ പ്രധാന കവലകളിലും സിറ്റികളിലും നിയോഗിച്ചു. (more…)

മിത്ര 181 വനിതാ ഹെല്‍പ്പ്ലൈന്‍

ലോകത്തിന്‍റെ തന്നെ ശ്രദ്ധയാര്‍ജിച്ച കേരള വികസന മാതൃകയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളിലൊന്ന് ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലുള്ള സ്ത്രീകളുടെ ഉന്നത നിലവാരമാണ്. സാക്ഷരത, സ്ത്രീ പുരുഷ അനുപാതം, ആയുര്‍ ദൈര്‍ഘ്യം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ കേരളത്തിന് വികസിത രാജ്യങ്ങളോടൊപ്പമെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് അഭിമാനകരമായ കാര്യമാണ്. സ്ത്രീകളെ പിന്നിലേക്ക് തള്ളിയിട്ട് പുരുഷസമൂഹത്തിനു മാത്രമായി പുരോഗതി ഉണ്ടാക്കിയെടുക്കുകയായിരുന്നില്ല കേരളം എന്നത് അതിനേക്കാള്‍ അഭിമാനകരമായ കാര്യമാണ്. 2011ലെ ജനസംഖ്യാ കണക്കനുസരിച്ച് ഇന്ത്യയില്‍ സ്ത്രീകളുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം 67 വയസ്സാണെങ്കില്‍ കേരളത്തിലെ സ്ത്രീകളുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം 77 വയസ്സാണ്. ശിശുമരണനിരക്കും മാതൃ മരണനിരക്കും ഏറ്റവും കുറവുള്ള ഇന്ത്യന്‍ സംസ്ഥാനവുമാണ് കേരളം.

എന്നാല്‍, കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി സ്തീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറഞ്ഞുവരുന്നതായിക്കാണുന്നുണ്ട്. സ്വയം തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണമെടുത്താല്‍ കേരളത്തിന്‍റെ ശരാശരി ദേശീയ ശരാശരിയെ അപേക്ഷിച്ച് വളരെ താഴ്ന്നതാണ്. അഭ്യസ്തവിദ്യരായ സ്ത്രീകളുടെ തൊഴിലില്ലായ്മ കേരളത്തിന്‍റെ പ്രത്യേകതയാണ്. (more…)

സ്ത്രീസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ഭാഗം

സ്ത്രീസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ഭാഗമാണെന്ന് തിരിച്ചറിവോടെയായിരിക്കണം സ്ത്രീ വിമോചനപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് അന്താരാഷ്ട്ര വനിതാ ദിനാചരണവും വനിതാരത്‌ന പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വോട്ടവകാശത്തിനുള്ള തുല്യത മറ്റ് കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശം സംരക്ഷിക്കാനാവാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സ്ത്രീയുടെ പൗരാവകാശം സ്ഥാപിച്ചെടുക്കേണ്ട കടമ ഓരോ വ്യക്തിക്കുമുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന വര്‍ഗീയത തങ്ങളുടെ ശത്രുവാണെന്ന് സ്ത്രീകള്‍ തിരിച്ചറിയണം. സമൂഹത്തിന് സ്ത്രീകളോടുള്ള സമീപനത്തില്‍ ഇനിയും മാറ്റമുണ്ടാവേണ്ടതുണ്ട്. സുരക്ഷിതവും സമാധാനപരവുമായ ജീവിതം സ്ത്രീയുടെ അവകാശമാണെന്ന ബോധം സമൂഹത്തിനുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

സാര്‍വ്വദേശീയ വനിതാദിനം

‘മാറ്റത്തിനുവേണ്ടി ധീരതയോടെ’ എന്നതാണ് ഇത്തവണ സാര്‍വ്വദേശീയ വനിതാദിനത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യം. 1975ലാണല്ലോ മാര്‍ച്ച് 8 സാര്‍വ്വദേശീയ വനിതാദിനമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചത്. സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി സ്ത്രീകള്‍ നടത്തിയ പോരാട്ടത്തെയാണ് മാര്‍ച്ച് 8 ഓര്‍മിപ്പിക്കുന്നത്. 1908ല്‍ തുണിവ്യവസായ
മേഖലയിലെ തൊഴിലാളികളായ സ്ത്രീകള്‍ മെച്ചപ്പെട്ട കൂലിക്കും വോട്ടവകാശത്തിനുംവേണ്ടി സമരം ചെയ്തു. അതിന്‍റെ സ്മരണാര്‍ത്ഥം അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി 1909 ഫെബ്രുവരി 28 വനിതാദിനമായി തീരുമാനിക്കുകയുണ്ടായി.

1910ല്‍ ലോകത്ത് ആദ്യമായി സാര്‍വ്വദേശീയ വനിതാസമ്മേളനം ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ ചേര്‍ന്നു. അക്കാലത്ത് സോഷ്യലിസ്റ്റും പില്‍ക്കാലത്ത് കമ്യൂണിസ്റ്റുനേതാവുമായി മാറിയ ക്ലാരാസെത്കിന്‍ ആ സമ്മേളനത്തില്‍ സാര്‍വ്വദേശീയ വനിതാദിനമെന്ന ആശയം മുന്നോട്ടുവച്ചു. സ്ത്രീകള്‍ക്ക് തുല്യതയും വോട്ടവകാശവും എന്ന മുദ്രാവാക്യം ലോകവ്യാപകമായി ഏറ്റെടുക്കപ്പെട്ടു. ആസ്ട്രിയ, ഡെډാര്‍ക്ക്, ജര്‍മനി, സ്വിറ്റസര്‍ലന്‍റ് എന്നീ രാജ്യങ്ങള്‍ ഈ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് 1911ല്‍
വനിതാദിനം ആചരിക്കുകയും ചെയ്തു. 1913ല്‍ റഷ്യയില്‍ വനിതാദിനം ആചരിച്ചു. 1914 മുതല്‍ മാര്‍ച്ച് 8 വനിതാദിനമായി കൂടുതല്‍ രാജ്യങ്ങള്‍ ആചരിക്കാന്‍ തുടങ്ങി. 1917ലെ ഒക്ടോബര്‍ വിപ്ലവത്തെത്തുടര്‍ന്ന് സോവിയറ്റ് യൂണിയനില്‍ വനിതാദിനം ദേശീയ അവധിദിനമായി പ്രഖ്യാപിച്ചു. കഴിഞ്ഞ നാലുപതിറ്റാണ്ടായി ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ വിവിധ മുദ്രാവാക്യങ്ങളുമായി സാര്‍വ്വദേശീയദിനം ആചരിച്ചുവരുന്നു. ഓരോന്നും സ്ത്രീകളുടെ അവകാശവും വിമോചനവും ശാക്തീകരണവും ആയി ബന്ധപ്പെട്ടവയാണ്. (more…)

റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീസഹായകേന്ദ്രം ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളുടെ ഉദ്ഘാടനം കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍വഹിച്ചു. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വൈ-ഫൈ സൗകര്യം, ട്രെയിന്‍ വിവരങ്ങള്‍ നല്‍കാന്‍ ലെഡ് ഡിസ്പ്‌ളേ ബോര്‍ഡുകള്‍, സ്ത്രീകളുടെ നവീകരിച്ച കാത്തിരിപ്പുകേന്ദ്രം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍, എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ പണമടച്ച് ഉപയോഗിക്കാവുന്ന എയര്‍കണ്ടീഷന്‍ഡ് വെയിറ്റിംഗ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും നിര്‍വഹിച്ചു. (more…)