Tag: cabinet decision

Cabinet Decision – Date : 21-08-2019

കുട്ടനാട്ടില്‍ 12 പഞ്ചായത്തില്‍ പ്രളയപ്രതിരോധത്തിന് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍
മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുക. 2018 ആഗസ്റ്റില്‍ സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കെ.എസ്.എഫ്.ഇ 35.99 കോടി രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ച് കുട്ടനാട്ടില്‍ കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കണമെന്ന താല്പര്യം കെ.എസ്.എഫ്.ഇ മാനേജ്മെന്‍റും ജീവനക്കാരും പ്രകടിപ്പിച്ചിരുന്നു. അതനുസരിച്ച് പദ്ധതി നടപ്പാക്കുന്നതിന് 35.99 കോടി രൂപ കെ.എസ്.എഫ്.ഇക്ക് തിരികെ നല്‍കാന്‍ മന്ത്രിസഭ അനുമതി നല്‍കി. സഹകരണ വകുപ്പിന്‍റെ കെയര്‍ഹോം പദ്ധതി മാതൃകയിലാണ് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ കെ.എസ്.എഫ്.ഇ നിര്‍മ്മിക്കുക. ഇതിനുവേണ്ടി റോഡ് സൗകര്യമുള്ള ഒരേക്കര്‍ വീതം സ്ഥലം ഉപയോഗിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് പ്രത്യേക അനുമതി നല്‍കാനും തീരുമാനിച്ചു.
വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കും
സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.  ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നത്.
പൊതുമേഖലാ ബോണസ്: മാര്‍ഗ്ഗരേഖ അംഗീകരിച്ചു
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം നല്‍കിയ തുകയില്‍ കുറയാത്ത തുക ബോണസായി നല്‍കേണ്ടതാണ്. മിനിമം ബോണസ് 8.33 ശതമാനമായിരിക്കണമെന്നും നിശ്ചയിച്ചു.
വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സ്ഥലം ഏറ്റെടുക്കുന്നു
വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. വയനാട് ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ഇല്ല.
പവര്‍ലൂം തൊഴിലാളികള്‍ കൂടി ക്ഷേമനിധി ആക്ടിന്‍റെ പരിധിയിലേക്ക്
പവര്‍ലൂം തൊഴിലാളികളെ കൂടി കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ആക്ടിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നതിന് ഈ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിയമഭേദഗതി വരുമ്പോള്‍ പവര്‍ലൂം തൊഴിലാളികള്‍ക്കു കൂടി ക്ഷേമനിധിബോര്‍ഡിന്‍റെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.
ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കലം നേടിയവര്‍ക്കും സര്‍ക്കാര്‍ ജോലി
35-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനു വേണ്ടി വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 കായികതാരങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ സൂപ്പര്‍ന്യൂമററി തസ്തികള്‍ സൃഷ്ടിച്ച് പൊതുഭരണവകുപ്പ് വഴി നിയമനം നല്‍കാന്‍ തീരുമാനിച്ചു. ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്നവര്‍ക്കു മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നത്.
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കുന്നതിന് 8 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാന തൊഴിലുറപ്പ് മിഷന്‍റെയും ജില്ലാതല ഓഫീസുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഒരു ടെക്നിക്കല്‍ എക്സ്പെര്‍ട്ടിന്‍റെയും (കൃഷി), രണ്ട് അസിസ്റ്റന്‍റിന്‍റെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ടെക്നിക്കല്‍ എക്സ്പെര്‍ട്ടിനെ ഡെപ്യൂട്ടേഷന്‍ വഴിയും അസിസ്റ്റന്‍റിനെ കരാര്‍ അടിസ്ഥാനത്തിലും നിയമിക്കും.കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പത്താം ശമ്പളകമ്മീഷന്‍റെ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍റ് എംപ്ലോയ്മെന്‍റ് (കിലെ) ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു.
മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട വേതനം തൊഴിലുടമ നല്‍കാതിരുന്നാല്‍ അതിനെതിരെ ഹരജി ബോധിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്നതിന് 1971-ലെ കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് പെയ്മെന്‍റ് ഓഫ് ഫെയര്‍ വേജസ് ആക്ട് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു.  
മോട്ടോര്‍ തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കുന്നതിന് ഉദ്ദേശിച്ചാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.
തസ്തിക മാറ്റം:
മുന്‍നില തുടരുംവിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 2014 ജനുവരി 3-ന് മുമ്പ് വിശേഷാല്‍ ചട്ടപ്രകാരം താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് പത്തു ശതമാനത്തിനുമേല്‍ തസ്തികമാറ്റനിയമനം അനുവദിച്ചിരുന്നത് തുടരാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ 2014 ജനുവരി 3-ന്‍റെ ഉത്തരവ് ഭേദഗതി ചെയ്യും.
മലപ്പുറം സര്‍ക്കാര്‍ വനിതാ കോളേജില്‍ ഒരു സീനിയര്‍ സൂപ്രണ്ടിന്‍റെയും ഒരു എല്‍.ഡി. ക്ലാര്‍ക്കിന്‍റെയും തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്സ്) 15 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ 17500-39500 എന്ന ശമ്പള സ്കെയിലില്‍ 3 മെക്കാനിക്കല്‍ അസിസ്റ്റന്‍റ് തസ്തിക പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചു.
കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയായി മാറ്റുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.
കല്‍പ്പറ്റ മുന്‍സിഫ് കോടതിയെ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയായി മാറ്റുന്നതിനും തീരുമാനിച്ചു.
ഉപഭാഷ തസ്തികകള്‍
പാലക്കാട് ശബരി ഹയര്‍സെക്കന്‍ററി സ്കൂള്‍ (ഹിന്ദി),  അരീക്കോട് സുല്ലമുസ്സലം ഓറിയന്‍റല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ (മലയാളം), കാസര്‍കോട് കൊടലമൊഗ്രു എസ്.വി.വി. ഹയര്‍സെക്കന്‍ററി സ്കൂള്‍ (കന്നട), കാസര്‍കോട് നീര്‍ച്ചാല്‍ എം.എസ്. കോളേജ് ഹയര്‍സെക്കന്‍ററി സ്കൂള്‍ (കന്നട), കാസര്‍കോട് ഷേനി ശ്രീ ശാരദാംബ ഹയര്‍സെക്കന്‍റി സ്കൂള്‍ (കന്നട), കാസര്‍കോട് പടന്ന വി.കെ.പി.എച്ച്. എം.എം.ആര്‍ വി.എച്ച്.എസ്.എസ് (മലയാളം), കാസര്‍കോട് ധര്‍മ്മത്തടുക്ക ശ്രീദുര്‍ഗ്ഗാ പരമേശ്വരി എ.എച്ച്.എസ്.എസ് (കന്നട) എന്നീ വിദ്യാലയങ്ങളില്‍ ഓരോ ഉപഭാഷ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ഔഷധിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുമ്പോള്‍ അപകടം സംഭവിച്ച് വലതു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ട പി.എസ്. മനേഷിന് ഇതേ സ്ഥാപനത്തില്‍ ജനറല്‍ വര്‍ക്കര്‍ വിഭാഗത്തില്‍ മാനുഷിക പരിഗണനയില്‍ സ്ഥിരം നിയമനം നല്‍കാന്‍ തീരുമാനിച്ചു.
ടൂറിസം വാരാഘോഷം
ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ട് സപ്തംബര്‍ 10 മുതല്‍ 16 വരെ തിരുവനന്തപുരം കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ദീപാലങ്കാരം നടത്താനും തീരുമാനിച്ചു.

Cabinet Decisions 01-08-2019

കാര്‍ഷിക-കാര്‍ഷികേതര വായ്പകളുടെ മൊറട്ടോറിയം – മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
കാര്‍ഷിക-കാര്‍ഷികേതര വായ്പകളുടെ മൊറട്ടോറിയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. മഹാപ്രളയത്തിനു ശേഷം കൃഷിനാശമുണ്ടായ മലയോര മേഖലയിലുള്ള കര്‍ഷകര്‍ വിലത്തകര്‍ച്ചയെ തുടര്‍ന്ന് കൃഷി പുനരാരംഭിക്കാന്‍ കഴിയാതെയും എടുത്ത കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ തിരിച്ചടക്കാനാവാതെയും കടുത്ത ബുദ്ധിമുട്ടിലാണ്. ഇടുക്കി വയനാട് ജില്ലകളിലാണ് രൂക്ഷമായ പ്രശ്നം നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ഉണ്ടായിട്ടും ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസുകള്‍ നല്‍കുന്ന സാഹചര്യം കൂടി വരികയാണ്. നിരവധി തവണ മൊറട്ടോറിയം സംബന്ധിച്ചും സര്‍ഫാസി നിയമപ്രകാരമുള്ള ബാങ്ക് നടപടികള്‍ ഒഴിവാക്കുന്നത് സംബന്ധിച്ചും മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ എസ്.എല്‍.ബി.സി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കും 2019 ജൂലൈ 31 വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം 2019 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം എസ്.എല്‍.ബി.സി തത്വത്തില്‍ അംഗീകരിച്ചെങ്കിലും റിസര്‍വ് ബാങ്കിന്‍റെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പ്രായോഗികതലത്തില്‍ നടപ്പായില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് പ്രത്യേക അനുമതിക്കായി എസ്.എല്‍.ബി.സി റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കത്ത് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നേരിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനും മൊറട്ടോറിയം കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി ഗവര്‍ണര്‍ നരേന്ദ്ര ജെയ്നും നല്‍കിയിരുന്നുവെങ്കിലും ഈ കത്തിനും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നത്.
ഓഖി – മത്സ്യബന്ധനോപാധികള്‍ക്ക് നാശനഷ്ടം സംഭവിച്ചര്‍ക്ക് നഷ്ടപരിഹാരം
ഓഖിയില്‍ മത്സ്യബന്ധനോപാധികള്‍ക്ക് നാശനഷ്ടം സംഭവിച്ച തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 112 പേര്‍ക്ക് 58,82,126 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു. രജിസ്ട്രേഷനുള്ളതും മത്സ്യബന്ധനോപാധികള്‍ പൂര്‍ണമായും നഷ്ടപ്പെട്ട 6 പേര്‍ക്ക് 17,11,306 രൂപയും രജിസ്ട്രേഷനുള്ളതും മത്സ്യബന്ധനോപാധികള്‍ ഭാഗികമായും നഷ്ടപ്പെട്ട 20 പേര്‍ക്ക് 16,22,120 രൂപയും രജിസ്ട്രേഷനില്ലാത്ത മത്സ്യബന്ധ യൂണിറ്റുകള്‍ പൂര്‍ണമായും ഭാഗികമായും നഷ്ടപ്പെട്ട 86 പേര്‍ക്ക് 25,48,700 രൂപയും അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിനാവശ്യമായ തുക ഓഖി ഫണ്ടില്‍ പ്രതീക്ഷിത നീക്കിയിരിപ്പില്‍ നിന്നും അനുവദിക്കും.
നിയമനം
കേരള സര്‍ക്കാരിന്‍റെ ന്യൂഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മുന്‍ പാര്‍ലമെന്‍റംഗമായ ഡോ. എ സമ്പത്തിനെ നിയമിക്കാന്‍ തീരുമാനിച്ചു.  സംസ്ഥാന മന്ത്രിക്ക് അര്‍ഹമായ ആനുകൂല്യങ്ങളോടും സൗകര്യങ്ങളോടും കൂടി ഈ മന്ത്രിസഭയുടെ കാലാവധിയിലേക്കു മാത്രമായിരിക്കും നിയമനം. ഇദ്ദേഹത്തിന്‍റെ ഓഫീസ് നിര്‍വഹണത്തിനായി ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്‍റ്, ഒരു ഓഫീസ് അറ്റന്‍ഡന്‍റ്, ഒരു ഡ്രൈവര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന രാജേഷ് കുമാര്‍ സിംഗിനെ വിനോദ സഞ്ചാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷി-മൃഗസംരക്ഷണം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും  ഇദ്ദേഹം വഹിക്കും.
പഠനാവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍വെ ആന്‍റ് ലാന്‍ഡ് റിക്കോര്‍ഡ്സ് ഡയറക്ടറായി നിയമിക്കും. പ്രൊജക്ട് ഡയറക്ടര്‍-കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍, ഹൗസിംഗ് കമ്മീഷണര്‍, സെക്രട്ടറി-കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് എന്നീ അധിക ചുമതലകളും ഇദ്ദേഹം വഹിക്കും.
തലസ്ഥാന നഗര വികസന പദ്ധതി-2ല്‍ ഒരു സ്പെഷ്യല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച്  എംപവേര്‍ഡ് കമ്മിറ്റി കണ്‍വീനറായ റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ റ്റി. ബാലകൃഷ്ണനെ നിയമിക്കാന്‍ തീരുമാനിച്ചു.
2019-ലെ കേരള ആഭരണ തൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ് കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനു കീഴില്‍ രണ്ടു ഡെന്‍റല്‍ എക്യുപ്മെന്‍റ് മെയിന്‍റനന്‍സ് ടെക്നീഷ്യര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
പ്രിസണ്‍സ് ആന്‍റ് കറക്ഷണല്‍ സര്‍വീസസ് വകുപ്പില്‍ 20 അസിസ്റ്റന്‍റ് പിസണ്‍ ഓഫീസര്‍-കം-ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍  തീരുമാനിച്ചു. ഇതില്‍ 8 തസ്തികകള്‍ മധ്യമേഖലയിലും 12 തസ്തികകള്‍ ദക്ഷിണ മേഖലയിലുമായിരിക്കും.
വനിത ശിശു വികസന വകുപ്പില്‍ നിര്‍ഭയ സെല്ലില്‍ ഒരു ക്ലാര്‍ക്ക് തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

Cabinet Decisions 17-07-2019

രാജ്കുമാറിന്‍റെ ഭാര്യയ്ക്ക് ജോലി; കുടുംബത്തിന് 16 ലക്ഷം രൂപ

ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ പീരുമേട് ആശുപത്രിയില്‍ മരിച്ച രാജ്കുമാറിന്‍റെ ഭാര്യയ്ക്ക് സർക്കാർ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്കുമാറിന്‍റെ നഴ്സിംഗിനു പഠിക്കുന്ന മകള്‍ ജെസ്സി, ബികോമിനു പഠിക്കുന്ന മകന്‍ ജോഷി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി ജോബി, മാതാവ് കസ്തൂരി എന്നിവര്‍ക്ക് നാലു ലക്ഷം രൂപ വീതം ആകെ 16 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സാമ്പത്തിക സഹായം അനുവദിക്കും. തുക കുട്ടികളുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തും. പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവുകള്‍ക്കുമായി രക്ഷാകര്‍ത്താവിന് പിന്‍വലിക്കാനാവും. കുട്ടികള്‍ക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുക ലഭിക്കുന്ന വിധത്തിലാണിത്. മാതാവ് കസ്തൂരിയുടെ പേരില്‍ അനുവദിക്കുന്ന തുക ദേശസാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തി അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ലഭിക്കത്തക്കവിധം അനുവദിക്കാന്‍ ജില്ലാകലക്ടറെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.

ഹയര്‍ ഗ്രേഡ് അനുവദിക്കും

എയ്ഡഡ് സ്കൂള്‍ ലോവര്‍ പ്രൈമറി / അപ്പര്‍ പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് സമയബന്ധിത ഹയര്‍ ഗ്രേഡ് നല്‍കാന്‍ തീരുമാനിച്ചു. 15 വര്‍ഷത്തെ തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാക്കി ഹെഡ്മാസ്റ്റര്‍ സ്കെയില്‍ ലഭിച്ചതിനു ശേഷം 10/8 വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഹെഡ്മാസ്റ്റര്‍ തസ്തികയില്‍ ആദ്യ സമയബന്ധിത ഹയര്‍ഗ്രേഡ് അനുവദിക്കും.

കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഓഫീസര്‍ കാറ്റഗറിയിലെ 121 തസ്തികകള്‍ ഉള്‍പ്പെടുന്ന സ്റ്റാഫ് പാറ്റേണ്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.

ലാന്‍ഡ് ബോര്‍ഡിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 768 താല്‍ക്കാലിക തസ്തികകള്‍ക്ക് 01-01-2019 മുതല്‍ രണ്ടുവര്‍ഷത്തേക്ക് കൂടി തുടര്‍ച്ചാനുമതി നല്‍കും. പ്രവര്‍ത്തനം അവസാനിപ്പിച്ച ലാന്‍ഡ് ട്രൈബ്യൂണലുകളിലെ താല്‍ക്കാലിക തസ്തികകളെ പുതുതായി രൂപീകരിച്ച ലാന്‍ഡ് ട്രൈബ്യൂണുകളിലേക്ക് പുനര്‍വിന്യസിക്കാനും തീരുമാനിച്ചു.

കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡിന്‍റെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലെയും ടൈറ്റാനിയം ഡയോക്സൈഡ് പിഗ് മെന്‍റ് യൂണിറ്റിലെയും തൊഴിലാളികളുടെ ദീര്‍ഘകാല കരാറിന് ആവശ്യമായ തുക കമ്പനിയുടെ തനത് ഫണ്ടില്‍ നിന്ന് നല്‍കും.

ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്‍റിലെ ലൈബ്രറി അസിസ്റ്റന്‍റ് തസ്തികയില്‍ 01-04-2016 പ്രാബല്യത്തോടെ സെലക്ഷന്‍ ഗ്രേഡ് ലൈബ്രറി അസിസ്റ്റന്‍റ് എന്ന പുതിയ ഗ്രേഡ് അനുവദിക്കാന്‍ തീരുമാനിച്ചു.

കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന അഡ്വ. എ. വേലപ്പന്‍ നായരെ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി നിയമിക്കാന്‍ തീരുമാനിച്ചു. ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം എറണാകുളം അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടായിരിക്കും. പ്രധാനപ്പെട്ട കേസുകളുടെ നടത്തിപ്പിന്‍റെ മേല്‍നോട്ടം വഹിക്കുകയാണ് ചുമതല.

14-07-2019 ന് കാലാവധി അവസാനിച്ച ഹൈക്കോടതി സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാരുടെ നിയമന കാലാവധി 15-07-2019 മുതല്‍ ഒരു ഉത്തരവുണ്ടാകുന്നതുവരെ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചു.

മന്ത്രിസഭാ തീരുമാനങ്ങള്‍ 19-06-2019

പ്രശസ്ത സാഹിത്യകാരന്‍ യു.എ. ഖാദറിന്‍റെ ചികിത്സയ്ക്ക്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു ലക്ഷം രൂപ അനുവദിച്ചു.


ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. സി. ശ്രീധരന്‍നായരുടെ നിയമന കാലാവധി 13-06-2019 മുതല്‍ മൂന്നു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 12-06-2019

അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി രൂപ
ഒമ്പത് തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 22.5 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
വിവിധ വകപ്പുകളുടെ ജില്ലാ തലവന്‍മാരെ ഉള്‍പ്പെടുത്തി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. അതാതിടത്തെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ടത്തിന് ജനകീയ കമ്മിറ്റിയും രൂപീകരിക്കും.

(more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 29-05-2019

ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി ഏകീകരണം നടപ്പാക്കും

സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം മികവുറ്റതാക്കുന്നതിന് പ്രൊഫ. ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത പ്രകാരം ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കഷണല്‍ ഹയര്‍ സെക്കന്‍ററി ഏകീകരണം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 05-03-2019

കാലവര്‍ഷക്കെടുതിയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും നോട്ട് നിരോധനം പോലുള്ള നടപടികള്‍ കമ്പോളത്തിലുണ്ടാക്കിയ പ്രതിസന്ധിയും ജി.എസ്.ടി നടപ്പാക്കിയതുമെല്ലാം കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.  ഇത് ഉള്‍ക്കൊണ്ട് ഇടപെടുന്ന സമീപനം ദേശീയാടിസ്ഥാനത്തില്‍ സ്വീകരിക്കാത്തതുകൊണ്ട് രാജ്യവ്യാപകമായിത്തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയാണ്.
ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നേരത്തെ തന്നെ കര്‍ഷകരുടെ കടങ്ങള്‍ക്ക് പലിശ ഇളവ് ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍, കൃഷിക്കാരെ സഹായിക്കാന്‍ ഫലപ്രദമായ നടപടികളാണ് വേണ്ടത്. കര്‍ഷകരുടെ പ്രയാസം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇടുക്കി, വയനാട് ജില്ലകള്‍ക്കും കുട്ടനാടിനും വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഇടപെടലും ഇതിന്‍റെ ഭാഗമാണ്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് അടിയന്തരമായ ചില തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗം എടുത്തിട്ടുണ്ട്.

(more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 27-02-2019

ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി ശബരിമല, പമ്പ, നിലയ്ക്കല്‍, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

(more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 19-02-2019

വസന്തകുമാറിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ജോലിയും

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കു നേരെയുണ്ടായ അത്യന്തം ഹീനമായ ഭീകരാക്രമണത്തെ മന്ത്രിസഭായോഗം അപലപിച്ചു. വീരമൃത്യുവരിച്ച ജവാന്‍മാരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ യോഗം പങ്കുചേര്‍ന്നു.
(more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 12-02-2019

തെരുവോര കച്ചവടക്കാരുടെ സംരക്ഷണത്തിന് പദ്ധതി
സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലെ തെരുവോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുന്നതിനും തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിനും തയ്യാറാക്കിയ പദ്ധതി വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചു. തെരുവോര കച്ചവടക്കാരുടെ (ജീവനോപാധി സംരക്ഷണവും കച്ചവട നിയന്ത്രണവും) നിയമം 2014-ലെ 38-ാം വകുപ്പ് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

(more…)