Assembly Workshop

പതിനാലാം കേരള നിയമസഭയിലേക്ക് പുതിയ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരെയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടവരെയും ഹാര്‍ദമായി അഭിനന്ദിക്കുന്നു. ചിലര്‍, നിയമസഭയിലെ കന്നിക്കാരാണെങ്കിലും സ്വന്തം പ്രവര്‍ത്തനമേഖലയില്‍ മികവ് പുലര്‍ത്തുകയും പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്തവരാണ്. നേരത്തെ സഭയിലുണ്ടായിരുന്നവര്‍ക്ക് സഭാ നടപടിക്രമങ്ങള്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏറിയും കുറഞ്ഞുമുള്ള തോതില്‍ അറിയാം. എന്നാല്‍,  നവാഗതര്‍ എന്ന നിലയില്‍ നിയമസഭയിലേക്ക് കടന്നുവരുന്ന അംഗങ്ങളുടെ സ്ഥിതി അതല്ല. നിയമസഭാ പ്രവര്‍ത്തനങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് സാമാന്യമായ അറിവെങ്കിലും അവര്‍ നേടിയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അത് ഒന്നോ രണ്ടോ ദിവസംകൊണ്ട് നേടിയെടുക്കാന്‍ ആവുന്നതല്ല. നവാഗതര്‍ക്ക് മാത്രമല്ല, പരിചയസമ്പന്നരായ സാമാജികര്‍ക്കുപോലും പലതരത്തിലുള്ള തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ ആവശ്യമാണ്. അത്തരം പരിപാടികളുടെ ഒരു തുടക്കമായി ഇന്നും നാളെയും നടക്കുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമിനെ കാണാന്‍ കഴിയും.

വളരെ പഴയ ഒരു ഉപദേശശകലം ഞാന്‍ ഇവിടെ  ആവര്‍ത്തിക്കുകയാണ്. നിയമസഭാപ്രവര്‍ത്തനങ്ങളെ നിങ്ങള്‍ ഓരോരുത്തരും വളരെ ഗൗരവമായി കാണേണ്ടതുണ്ട് എന്നതാണത്. പഴയ ഉപദേശമാണെങ്കിലും അതിന്റെ ഗൗരവം ഒട്ടും കുറയുന്നില്ല. നിയമനിര്‍മ്മാണസഭയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം തീര്‍ച്ചയായും നിയമനിര്‍
മ്മാണം തന്നെയാണ്. നിയമനിര്‍മ്മാണത്തിനുവേണ്ടി ഒരു ബില്ലിന്റെ രൂപത്തില്‍ സഭയില്‍ അവതരിപ്പിക്കപ്പെടുന്ന നിര്‍ദ്ദേശം നിയമസഭാകമ്മിറ്റിയുടെ വിശദമായ പരിശോധനയ്ക്കും സഭാതലത്തില്‍ നടക്കുന്ന കൂലംകഷമായ ചര്‍ച്ചകള്‍ക്കും ശേഷമാണ് നിയമമായി മാറുന്നത്. പക്ഷെ, പലപ്പോഴും ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ പ്രധാനപ്പെട്ട നിയമനിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ പോലും നിയമനിര്‍മ്മാണസഭകള്‍ പാസ്സാക്കുന്നതായാണ് നാം കാണുന്നത്. ഇതിന് പല കാരണങ്ങള്‍ ഉണ്ടാകാം. കാരണം, എന്തു തന്നെയായാലും വേണ്ടത്ര ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസ്സാക്കുന്നത് ജനാധിപത്യ സങ്കല്‍പ്പത്തിന്റെ നിഷേധമാണ്. തന്നെയുമല്ല, വേണ്ടത്ര ചര്‍ച്ചകള്‍ കൂടാതെ പാസ്സാക്കപ്പെടുന്ന നിയമങ്ങള്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യും. ഇതിനുള്ള ഏക പരിഹാരം നിയമസഭാ അംഗങ്ങള്‍ നിയമനിര്‍മ്മാണം ഏറ്റവും ഗൗരവമുള്ള ഒരു വിഷയമായി കാണുകയും അതില്‍ പൂര്‍ണ്ണമനസ്സോടെ വ്യാപൃതരാകുകയും ചെയ്യുക എന്നത് മാത്രമാണ്.

നിയമസഭാ സാമാജികരുടെ സജീവമായ ഇടപെടല്‍ കൊണ്ടുമാത്രം നിയമനിര്‍മ്മാണപ്രക്രിയയുടെ ജനാധിപത്യവല്‍ക്കരണം പൂര്‍ണ്ണമാകുന്നില്ല. നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം എങ്ങനെ സാധ്യമാക്കാം എന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നിയമനിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ സെലക്ട് കമ്മിറ്റിക്ക് വിടാനും പൊതുജന അഭിപ്രായത്തിനുവേണ്ടി സര്‍ക്കുലേറ്റ് ചെയ്യാനും ഉള്ള വ്യവസ്ഥകള്‍ നിയമസഭാ ചട്ടങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഈ വ്യവസ്ഥകള്‍ ഏട്ടിലെ പശുവായി അവശേഷിക്കുന്നതായാണ് കണ്ടുവരുന്നത്. ഇത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇതോടൊപ്പംതന്നെ, പുതിയ സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നിയമനിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും സ്വീകരിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ടതുണ്ട്. പതിനാലാം നിയമസഭ നിയമനിര്‍മ്മാണത്തെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാനുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ച് മുന്നോട്ടുപോകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

നിയമനിര്‍മ്മാണം സാധാരണനിലയില്‍ ഔദ്യോഗികപക്ഷത്തു നിന്നും മുന്‍കൈയെടുത്ത് ചെയ്യേണ്ട ഒന്നാണ്. എന്നാല്‍, ഭരണ-പ്രതിപക്ഷ ഭേദമന്യേ ഏതൊരു നിയമസഭാ സാമാജികനും നിയമനിര്‍മ്മാണത്തിനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ സഭയുടെ മുന്നില്‍ വയ്ക്കാന്‍ കഴിയും. സ്വകാര്യ ബില്ലിന്റെ രൂപത്തിലാണ് ഇത് സാധ്യമാകുക. പലപ്പോഴും നിയമനിര്‍മ്മാണത്തിനുള്ള മൗലികമായ ആശയങ്ങള്‍ സ്വകാര്യ ബില്ലുകളുടെ രൂപത്തില്‍ വരികയും അവ പില്‍ക്കാലത്ത് ഔദ്യോഗിക ബില്ലായി പരിണമിക്കുകയും ചെയ്യുന്നത് നിയമസഭാ ചരിത്രത്തില്‍ കണ്ടെത്താന്‍ കഴിയും. ഇത്തരം സാധ്യതകളെ അംഗങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഒന്നിടവിട്ടുള്ള വെള്ളിയാഴ്ചകളില്‍ ശുഷ്കമായ നിയമസഭാതലത്തില്‍ നടക്കുന്ന പ്രഹസ
നങ്ങളായി സ്വകാര്യ ബില്ലുകള്‍ മാറാന്‍ പാടില്ല. ഇക്കാര്യം പ്രത്യേകമായി ഞാന്‍ നവാഗതരായ സഭാംഗങ്ങളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു.

നിയമസഭാ സമ്മേളനങ്ങളുടെ ഏറ്റവും സജീവമായ മുഹൂര്‍ത്തങ്ങള്‍ പരമാവധി അംഗങ്ങളുടെ പങ്കാളിത്തത്തോടുകൂടി നടക്കുന്നത് ചോദ്യോത്തര വേളകളിലാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കാനും പൊതു പ്രാധാന്യമുള്ള വിവരങ്ങള്‍ സമൂഹത്തിന്റെ ആകെ ശ്രദ്ധയില്‍ കൊണ്ടുവരാനും ചോദ്യോത്തരവേള ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍, വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതോടെ ഏതൊരു പൗരനും അവകാശമെന്ന നിലയില്‍ തന്നെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച മിക്കവാറും വിവരങ്ങള്‍ ലഭിക്കാന്‍ കഴിയുന്ന അവസ്ഥ ഇപ്പോഴുണ്ട്. നിയമസഭയില്‍ ഒരംഗം ചോദിച്ച ചോദ്യത്തിന് ‘വിവരം ശേഖരിച്ചുവരുന്നു’ എന്ന് ബന്ധപ്പെട്ട മന്ത്രി ഉത്തരം നല്‍കി. ആ ഉത്തരവുമായി നിയമസഭയില്‍ വന്ന അംഗം വിവരാവകാശനിയമം അനുസരിച്ച് പ്രസക്തമായ എല്ലാ വിവരങ്ങളും തനിക്ക് ഇതിനകം തന്നെ ലഭ്യമായി എന്ന് സഭാതലത്തില്‍ പ്രസ്താവിച്ചു. ഈ അവസ്ഥപോലും ഉണ്ടായിട്ടുണ്ട് എന്ന് ഓര്‍മ്മിക്കണം. ഈ സാഹചര്യത്തില്‍ നിയമസഭയിലെ ചോദ്യോത്തരവേള ഇന്നത്തെ രൂപത്തിലാണോ നിലനിര്‍ത്തേണ്ടത് എന്ന കാര്യവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

ഭരണനിര്‍വ്വഹണ വിഭാഗം, ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരാകുന്നത് നിയമസഭയുടെ സജീവമായ ഇടപെടലിലൂടെയാണ്. നിയമസഭകള്‍ ജാഗ്രതയോടെ സ്വന്തം കടമ നിര്‍വ്വഹിച്ചില്ലെങ്കില്‍ ജനാധിപത്യ
ത്തിന്റെ അന്തഃസത്ത തന്നെ ഇല്ലാതെയാകും. ഇത് സഭാംഗങ്ങളുടെ നിരന്തരമായ ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയമാണ്.

നിയമസഭയ്ക്കും സാമാജികര്‍ക്കും ഭരണഘടനാദത്തമായ ഒട്ടേറെ പ്രത്യേക അവകാശങ്ങളും അധികാരങ്ങളും ഉണ്ട്. പലപ്പോഴും ഉയര്‍ന്നുവരുന്ന ഒരു വിമര്‍ശനം സാമാജികര്‍ പൊതുവെ സ്വന്തം അവകാശങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തുകയും കടമകള്‍ വിസ്മരിക്കുകയും ചെയ്യുന്നു എന്നതാണ്. പൗരന്മാരുടെ മൗലികാവകാശങ്ങളും സാമാജികരുടെ പ്രത്യേക അവകാശങ്ങളും തമ്മില്‍ പലപ്പോഴും സംഘര്‍ഷം ഉണ്ടാകുന്നതായും കാണാം. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ‘ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും ഉള്ള അവകാശം’ ഒഴികെയുള്ള മറ്റു മൗലികാവകാശങ്ങള്‍ സഭയുടെ അഥവാ സാമാജികരുടെ പ്രത്യേക അധികാരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വിധേയമാണ് എന്നതാണ് ഇക്കാര്യത്തില്‍ കോടതികള്‍ അവലംബിച്ചിട്ടുള്ള നിലപാട്. ഈ വിഷയത്തില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വിവാദങ്ങള്‍ സഭയുടെ പ്രത്യേക അവകാശങ്ങള്‍ ക്രോഡീകരിക്കപ്പെടാത്തതുകൊണ്ടാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അവകാശങ്ങള്‍ ക്രോഡീകരിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ക്രോഡീകരിക്കപ്പെട്ടാല്‍ത്തന്നെയും തുടര്‍ന്ന് ഉണ്ടാകാന്‍ ഇടയുള്ള കോടതി ഇടപെടലുകളുമാണ് പ്രത്യേക അവകാശങ്ങളുടെ ക്രോഡീകരണം പ്രാവര്‍ത്തികമാകാതിരിക്കാനുള്ള കാരണം. എന്തായാലും നിയമസഭാ സാമാജികര്‍ എപ്പോഴും ഓര്‍മ്മിക്കേണ്ട ഒരു കാര്യമുണ്ട്. തങ്ങള്‍ക്ക് ഭരണഘടന പ്രദാനം ചെയ്തിട്ടുള്ള പ്രത്യേക അവകാശങ്ങള്‍ സാമാജികര്‍ എന്ന നിലയില്‍ തങ്ങളുടെ കടമ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ നിര്‍വ്വഹിക്കുന്നതിനുവേണ്ടി – അതിനുവേണ്ടി മാത്രം – ഉപയോഗിക്കപ്പെടേണ്ടതാണ് എന്നുള്ളതാണത്. അത് വിസ്മരിക്കുമ്പോഴാണ് സമൂഹത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നതും, സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതും.

നിയമസഭാ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ ഒരു നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. സഭയ്ക്കും സമൂഹത്തിനുമിടയ്ക്കുള്ള ഒരു പാലമെന്ന നിലയിലാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിയമസഭാ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെക്കുറിച്ച് പലപ്പോഴും ഉയര്‍ന്നുവരാറുള്ള ഒരു വിമര്‍ശനം സഭാതലത്തില്‍ നടക്കുന്ന ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും വേണ്ടത്ര മാധ്യമ ശ്രദ്ധ ലഭിക്കുന്നില്ല എന്നുള്ളതാണ്. അതേസമയം, സഭയില്‍ നടക്കുന്ന തികച്ചും അപ്രസക്തങ്ങളായ കാര്യങ്ങള്‍ അമിതമായ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതായി കാണാം. ഇത് ശരിയല്ല എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ഇതിനുള്ള പരിഹാരം മാധ്യമങ്ങളെ വിമര്‍ശിക്കുകയല്ല, മറിച്ച് നിയമസഭാ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെ
ടുത്തുകയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. അങ്ങനെ വന്നാല്‍, നിയമസഭയെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അവസാനിപ്പിക്കാന്‍ കഴിയും.

കുറഞ്ഞ കാലത്തിനുള്ളില്‍തന്നെ ഏറ്റവും മികച്ച നിയമസഭാ സാമാജികര്‍ എന്ന അംഗീകാരം നേടാന്‍ നിങ്ങള്‍ക്കോരോരുത്തര്‍ക്കും കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.